ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2017

ബഹുദൈവ വിശ്വാസം നല്ലതിനോ ?

ബഹുദൈവ വിശ്വാസം നല്ലതിനോ ?

രാമകൃഷ്ണദേവന്‍ പറഞ്ഞ ഒരു കഥ പറയാം. ഒരു ദേശത്ത് തൊപ്പികള്‍ വില്‍ക്കുന്ന രണ്ട് കടകളുണ്ട്. ഒരു കടയിലുള്ള എല്ലാ തൊപ്പികളും ഒരേ അളവിലാണ്. വാങ്ങാന്‍ വരുന്നവന്‍റെ തലയുടെ അളവ് ചെറുതോ, വലോതോ ഏതായാലും ഈ തൊപ്പി തന്നെ ധരിക്കാന്‍ നിര്‍ബന്ധിതനാകും. എന്നാല്‍ രണ്ടാമത്തെ കടയില്‍ അവരവരുടെ തലയുടെ അളവിനനുസരിച്ചുള്ള തൊപ്പി ലഭിക്കുന്നു. ഏത് കടയില്‍ നിന്നാണ് നിങ്ങള്‍ തൊപ്പി വാങ്ങിക്കുക?

നോക്കൂ. ഇതാണ് ബഹുദൈവതത്ത്വം. ഓരോ മനുഷ്യന്‍റേയും, മനസ്സും, ബുദ്ധിയും, ചിന്തകളും , ജീവിതരീതിയും വ്യത്യസ്ഥമാണ്. ഒരുവന്‍റെ ദൈവം അവന്‍റെ ചിന്തക്കും സങ്കല്പ്പത്തിനുമനുസരിച്ചിട്ടുള്ളതാവണം എന്ന് മനസ്സിലാക്കിയ ഭാരതീയ ഋഷികള്‍ മനുഷ്യന്‍റെ മാറുന്ന മാനുഷിക വികാരങ്ങള്‍ക്കനുസരിച്ച് ദൈവങ്ങളെ രൂപകല്പന ചെയ്ത് തന്നു. 

ഓരോ ദൈവീക സങ്കല്പങ്ങള്‍ക്കും ഓരോ ഭാവങ്ങള്‍ കൊടുത്തിരിക്കുന്നത് കാണാം. ആനത്തലയും മൂഷികവാഹനവുമൊക്കെയായി ഗണപതിരൂപം കുട്ടികള്‍ക്ക് വേണ്ടിയാവാം. കൃഷ്ണന് പരമ പ്രേമരൂപമാണ് പൊതുവേ സങ്കല്പിച്ചിരിക്കുന്നത്. ഇനി മാതൃവാത്സല്യം അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ദേവീ സങ്കല്പങ്ങളുണ്ട്. ദുഷ്ടന്മാരെപ്പോലും നേര്‍വഴി നടത്താനായി ഉഗ്രരൂപിണിയായ കാളീ സങ്കല്പം. ഇതൊന്നുമല്ലാത്ത നിര്‍ഗുണ ബ്രഹ്മതത്ത്വത്തേയും നമ്മുടെ മഹര്‍ഷിമാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെ ചിന്താമണ്ഡലങ്ങളിലൊതുങ്ങുന്ന ദൈവീകസങ്കല്പങ്ങള്‍. എത്ര മഹത്തരമാണിത്. 

ഇവയെല്ലാം തന്നെ പലവഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരെ കാലം പോക്കില്‍ ഒരേ പരമാനന്ദതത്ത്വത്തിലേക്ക് നയിക്കാനുള്ള പ്രഥമ പരിശ്രമം മാത്രമാണ്. ഇങ്ങനെയല്ലാതെ, ആരെങ്കിലുമൊരാള്‍, അയാള്‍ സന്യാസിയോ പ്രവാചകനോ ആരുമാവട്ടെ, അയാളുടെ മനസ്സിനു യോഗ്യമെന്ന് തോന്നിയ ഒരു ദൈവീകസങ്കല്പം ഉണ്ടാക്കുകയും, അത് തന്നെ എല്ലാവരും ആരാധിക്കുകയും വേണം എന്ന് പറയുന്നത് ജനങ്ങള്‍ക്കിടയില്  വിയോജിപ്പും, തുടര്‍ന്ന് മടുപ്പും ഉണ്ടാക്കും.

ഒന്നില്‍ കൂടുതല്‍ ദൈവങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് ഇന്ന് സമൂഹത്തില്‍ അസമത്വവും അനാചാരവും നിലനില്‍ക്കുന്നത്, അതുകൊണ്ട് എല്ലാവരും ഒരേ ദൈവത്തെത്തന്നെ വിശ്വസിക്കണം എന്ന് പറയുന്നവരുണ്ട്. എന്നാലൊന്ന് ചോദിക്കട്ടെ, എല്ലാവരും അവരവര്‍ക്കിഷ്ടപ്പെട്ട ദൈവത്തെ സങ്കല്പിച്ച് ഒരേ പരമാനന്ദതത്ത്വത്തിലെത്തുന്നതാണോ , അതോ ആരോ എഴുവച്ചിരിക്കുന്ന ഒരു ഡിഫൈന്‍ഡ് ദൈവത്തെ ജീവിതകാലം മുഴുവനും ചുമക്കേണ്ടി വരുന്നതാണോ മനുഷ്യനില്‍ മടുപ്പും വെറുപ്പുമുളവാക്കുക?

ഹിന്ദുമതത്തില്‍ അതുകൊണ്ടു തന്നെ എല്ലാത്തിനേയും ദൈവമായി കണ്ടുകൊള്ളുവാന്‍ ഋഷിമാര്‍ ആഹ്വാനം ചെയ്തു. നാളെ ഞാനോരു പുതിയ ദൈവത്തെ ഉണ്ടാക്കിയാലും ഭാരതീയര് ആ ദൈവത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. ഇവിടെ ആള്‍രൂപങ്ങളോ, വിഗ്രഹങ്ങളോ മാത്രമല്ല, മലയും, മരവും, പുഴയും, സൂര്യനും , ചന്ദ്രനുമെല്ലാം ദൈവങ്ങളാണ്. എലിയും , പാമ്പും , പട്ടിയും വരെ ദൈവത്തിന്‍റെ വാഹകരാണെന്ന് ഈ മതം പഠിപ്പിക്കുന്നു. അതേ നാമെല്ലാവരും ദൈവത്തെ ശരീരത്തിനുള്ളില്‍ സദാ വഹിച്ചുകൊണ്ടിരിക്കുകയാണ്. 

ഈ സത്യമറിഞ്ഞവന് ഒരു ദൈവവും പ്രശ്നമല്ല, ഒരു മതവും പ്രശ്നമല്ല. ആരുവേണമെങ്കിലും ഏതു ദൈവത്തെ വേണമെങ്കിലും പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അത് അവന്‍റെ അവകാശമാണ്. അതില്‍ കൈകടത്താനുള്ള അധികാരം എനിക്കില്ല എന്ന് സനാതനധര്‍മ്മി തിരിച്ചറിയുന്നു. 

എന്നാല്‍ എന്‍റെ ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രമേ ലോകസമാധാനം കൈവരുകയുള്ളൂവെന്നും, അതില്‍ വിശ്വസിക്കാത്ത രാജ്യത്തേയും , ജനങ്ങളേയും ഞാന്‍ ബോംബുവച്ച് തകര്‍ക്കുമെന്ന് തീരുമാനിച്ച് ഒരുമ്പിട്ടിറങ്ങുന്നവരോട് ഒരു സനാതനധര്‍മ്മിക്ക് പരിതാപമല്ലാതെ എന്തു തോന്നാന്‍? 

മനുഷ്യമനസ്സിലെ ദൈവീകചിന്തകളുടെ വൈരുദ്ധ്യം ആര്‍ക്കും മാറ്റാനാകില്ല. ഒരു ഉദാഹരണം പറയാം. ഇറാക്കും ഇറാനും. രണ്ടും ഒരേ പ്രവാചകനെ ആദരിക്കുന്ന, ഒരേ മതഗ്രന്ഥത്തെ ആശ്രയിക്കുന്ന, ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന രണ്ട് രാജ്യങ്ങളാണ്. എന്നാല്‍ ഈ മതം ആരംഭിച്ച കാലം മുതല്‍ തന്നെ ഇവരുടെ വഴക്കും ആരംഭിച്ചതാണ്. ഇപ്പോഴും തുടരുന്നു. എന്തിനെന്നാല്‍ ഇവരിലൊരു കൂട്ടര്‍ ഷിയ വിഭാഗവും , മറ്റോന്ന് സുന്നി വിഭാഗവുമാണത്രേ. ഒരേ വിശ്വാസപ്രാമാണങ്ങളിലൂന്നിയ ഇവര്‍ക്ക് തന്നെ ഒത്തൊരുമയില്ലെങ്കില്‍ അന്യമതസ്ഥര്‍ കൂടി ഈ മതം സ്വീകരിച്ചാല്‍ ലോകസമാധാനം കൈവരുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. 

സമാധാനത്തിന്‍റെ മാലാഖമാരെന്ന് സ്വയം വിശേഷിപ്പിച്ച് ലോകജനതയെ മുഴുവനും തങ്ങളുടെ മതത്തിലേക്ക് ആനയിക്കാന്‍ പെടാപ്പാടുപെടുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവരും ഏകദൈവവിശ്വാസികളെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ നടക്കുന്ന അടി നാം നിത്യവും ചാനലുകളില്‍ കാണുന്നതാണ്. കത്തോലിക്കകാരന് യാക്കോബൈറ്റിനെക്കണ്ടല്‍ കലിപ്പ്, യാക്കോബൈറ്റ്കാരന് പെന്തക്കോസ്ഥുകാരനെ കണാന്മേലാ. 

ഇങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ ചോദിക്കും ഹിന്ദുമത്തിലും വൈഷ്ണവ-ശൈവ-ശാക്തേയ വാദങ്ങളുണ്ടായിരുന്നില്ലേ എന്ന്. ഉണ്ടായിരുന്നു എന്ന "Past tense" ഉത്തരമാണ് എനിക്ക് പറയാനുള്ളത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ തങ്ങളുടെ ചിന്താശേഷിക്കനുസരിച്ച ദൈവങ്ങളെ പ്രാര്‍ത്ഥിച്ചു വന്ന ഇവര്‍ കാലം പോക്കില്‍ മനസ്സിലാക്കി തങ്ങളെല്ലാവരും ഒരേ പരമാനന്ദത്തിലേക്കു തന്നെയാണ് പോകുന്നത് എന്ന്. എന്നാല്‍ ഒരു ഡിഫൈന്‍ഡ് ദൈവത്തില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായര്‍ തമ്മില്‍ തല്ലാനും തുടങ്ങി. എല്ലാവരേയും തങ്ങളുടെ മതത്തിലേക്ക് എങ്ങനെയെങ്കിലുമെത്തിച്ചാല്‍ ലൊകസമാധാനം കൈവരുമെന്ന തെറ്റായ ധാരണയുമവരില്‍ പടര്‍ന്നു. അതിനു വേണ്ടി എന്തു ഹീനപ്രവര്‍ത്തിയും ചെയ്യാന്‍ അവര്‍ മുതിര്‍ന്നു. 

മനുഷ്യന്‍റെ വ്യത്യസ്ഥമായ ചിന്താശക്തികളെ ഒറ്റ ദൈവത്തില്‍ കൂട്ടിക്കെട്ടാന്‍ ആര്‍ക്കുമാവില്ല. ഈ ഭാരതീയ തത്വം  മനസ്സിലാക്കിയതുകൊണ്ടാണ് ഭാരതത്തിലെത്തിയപ്പോഴേക്കും യേശുദേവന്‍റെ അമ്മയും ,അച്ഛനും, കുടുംബക്കാരും, കൂട്ടുകാരും, ഭക്തന്മാരുമെല്ലാം ദൈവങ്ങളാവാന്‍ തുടങ്ങിയത്. 

ഹേ മനുഷ്യാ... നീ ഏതു ദൈവത്തെ വിശ്വസിക്കുന്നുവോ ആ ദൈവത്തില്‍ മാത്രം ആഴത്തില്‍ ശ്രദ്ധിക്കുക. നീ ഹിന്ദുവിനെ ക്രിസ്ത്യാനിയാക്കാനോ, ക്രിസ്ത്യാനിയെ മുസല്‍മാനാക്കാനോ , ഒന്നും പരിശ്രമിച്ച് തളരേണ്ട. ഇതാണ് ലോകസമാധാനത്തിനായി ഭാരതം മുന്നോട്ട് വച്ചിട്ടുള്ള ബഹുദൈവതത്ത്വം. ഇതുമാത്രമാണ് ആരാലും തര്‍ക്കാനാകാത്ത സനാതനതത്ത്വം.

No comments:

Post a Comment