ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2016

ഈഢ, പിംഗള, സുഷ്‌മന…. മൂലനാഡികള്‍

ഈഢ, പിംഗള, സുഷ്‌മന…. മൂലനാഡികള്‍

നമ്മുടെ ശരീരത്തിലെ ഊര്‍ജവാഹിനികളാണ്‌ നാഡികള്‍. ഈഢയും പിംഗളയും സുഷ്‌മനയുമാണ്‌ മൂലനാഡികള്‍. നട്ടെല്ലിന്റെ രണ്ടറ്റങ്ങളിലായി രണ്ടുദ്വാരങ്ങളുണ്ട്. എല്ലാ നാഡികളും കടന്നുപോകുന്നത്‌ ഈ നാളങ്ങളില്‍കൂടിയാണ്‌. ഇടത്തും വലത്തുമായിട്ടുളള നാഡികളാണ്‌ ഈഡയും, പിംഗളയും.

പ്രാണമയകോശത്തില്‍ 72,000 നാഡികളുണ്ട്‌. ഈ നാഡികളെല്ലാം ഉത്ഭവിക്കുന്നത്‌ മേല്‍പ്പറഞ്ഞ മൂന്ന്‍ നാഡികളില്‍ നിന്നാണ്‌. അവയാണ്‌ മൂലനാഡികള്‍. ഇടതു വശത്ത്‌ ഈഡ, വലതുവശത്തായി പിംഗള, നടുവിലുളളത്‌ സുഷ്‌മന. നാഡി എന്നുപറയുമ്പോള്‍, കേവലം ഞരമ്പ്‌ എന്ന്‍ അര്‍ത്ഥമാക്കരുത്‌, ശരീരത്തില്‍ പ്രാണനു സഞ്ചരിക്കാനുളള വഴികളാണ്‌ നാഡികള്‍. ഈ 72000 നാഡികളും നമ്മുടെ ദൃഷ്‌ടിക്കു ഗോചരമല്ല, അതായത്‌ നമ്മുടെ ശരീരം കീറിമുറിച്ചു നോക്കിയാല്‍ കാണാവുന്നതല്ല ഈ നാഡികള്‍, എന്നാല്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, ബോധപൂര്‍വ്വം ശ്രദ്ധിച്ചാല്‍, പ്രാണസഞ്ചാരം എന്നത്‌ ഒരു ഭ്രമണവുമില്ലാതെ എങ്ങനെയോ നടക്കുന്ന ഒന്നല്ല എന്നത് നമുക്ക് മനസ്സിലാക്കാനാവും. അത്‌ സഞ്ചരിക്കുന്നത്‌ കൃത്യമായ വഴികളിലൂടെ, കൃത്യമായ ഭ്രമണത്തിലാണ്‌. പ്രാണന്‌ സഞ്ചരിക്കാന്‍ നമ്മുടെ ശരീരത്തില്‍ 72000 വ്യത്യസ്‌തമായ വഴികളുണ്ട്‌. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ്‌ ജീവന്‍ യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത്‌,  ജീവിതം ആരംഭിക്കുന്നത്‌.

പ്രകൃതിയിലെ ദ്വന്ദഭാവങ്ങളെയാണ്‌ ഈഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്‌. ശിവനും ശക്തിയുമെന്ന്‍ നമ്മള്‍ പരമ്പരയായി പറഞ്ഞു വരുന്നു. വേണമെങ്കില്‍ സ്‌ത്രീശക്തിയെന്നും, പുരുഷശക്തിയെന്നും പറയാം. ഒന്ന്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുളള യുക്തിബോധമാണ്‌, മറ്റേത്‌ സ്വാഭാവികമായിട്ടുളള ഉള്‍ക്കാഴ്‌ചയും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രണ്ടു ദ്വന്ദഭാവങ്ങളും കൂടാതെ പ്രകൃതിക്കു നിലനില്‍പില്ല. ആരംഭത്തില്‍ എല്ലാം ഒന്നുമാത്രമായിരുന്നു, രണ്ടുണ്ടായിരുന്നില്ല. എന്നാല്‍ സൃഷ്‌ടി അതിന്‍റേതായ കര്‍മ്മം ആരംഭിച്ചതോടെ ദ്വന്ദഭാവവുമുണ്ടായി.

ഇവിടെ ‘പുരുഷന്‍, സ്‌ത്രീ’ എന്നുപറയുന്നത്‌ സാമാന്യരീതിയിലുളള ലിംഗഭേദം പരിഗണിച്ചുകൊണ്ടല്ല, പ്രകൃതിയുടെ ചില സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ അവയില്‍ ചിലത്‌ വ്യക്തമായും സ്‌ത്രൈണമാണ്‌, ചിലത്‌ തീര്‍ത്തും പൌരുഷമാര്‍ന്നതും. നിങ്ങള്‍ പുരുഷനായി ജനിച്ചാലും, ഈഡാ നാഡിയാണ്‌ പ്രബലമെങ്കില്‍ നിങ്ങളില്‍ സ്‌ത്രൈണഗുണമാണ്‌ മുന്നിട്ടുനില്‍ക്കുക. അതുപോലെ ജനിച്ചത്‌ സ്‌ത്രീയായിട്ടാണെങ്കിലും പ്രാമുഖ്യം പിംഗളയ്ക്കാണെങ്കില്‍ പ്രകടമായിരിക്കുക പുരുഷഗുണങ്ങളായിരിക്കും.
ഉള്ളിലുളള ഈഡ – പിംഗള ശക്തികളെ ശരിയായി സമുന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സാധിച്ചാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെ കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യംചെയ്യാനും സാധിക്കും. മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന സുഷ്‌മന എപ്പോഴും നിദ്രാവസ്ഥയിലാണ്‌. എന്നാല്‍ ഒരു ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാഡി സുഷ്‌മന തന്നെയാണ്‌. പ്രാണന്‍ സുഷ്‌മനയിലേക്കെത്തുമ്പോള്‍ മാത്രമാണ്‌ ശരിയായ അര്‍ത്ഥത്തില്‍ ജീവന്‍ പ്രകടമാവുന്നത്‌.

No comments:

Post a Comment