ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 11

നമ:ശിവായ മന്ത്രരഹസ്യം - 11

നമേരചിനമ: പ്രോക് തോ ജന്താ സ്യാത് ജഗദീശ്വരേ, തസ്മാദ് ദാസോ ഹമിത്യേ വം മത്വാ മാം പ്രാപയാത്മനി. 11.

അർഥം :-

നമ്ധാതുവിന് അച് പ്രത്യയ യോഗത്തിൽ നമ: ശബ്ദം പറയപ്പെടുന്നു. ഇതിന്റെയർഥം സംഹർത്താവ് എന്നാണ്. ശിവൻ സംഹാരകനാണ്. ഞാൻ ആ സംഹർത്താവിന്റെ ദാസനാണ്. എനിക്ക് ആത്മാവിൽ പരമാത്മാ ദർശനമുണ്ടാവട്ടെ.' പ്രേത്യഅസ്മാത് ലോകാത് അമൃതാ: ഭവന്തി (കേനം.2.5) ഈ ലോകത്തിൽ മരിച്ചിട്ട് അമൃതനാവുന്നു. ഈ ലോകമെന്നത് വിഷയ ലോകം. വിഷയ ലോകം ബോധതലമാണ്. ബോധതലത്തിലുറങ്ങി പ്രതിബോധതലത്തിലുണർന്നാലേ അമൃതപ്രാപ്തിയുണ്ടാവൂ. പരമാത്മാവ് ബോധവിദിതമല്ല, പ്രത്യുത പ്രതിബോധവിദിതമാണ്. 'പ്രതിബോധവിദിതം മതം അമൃതത്വം ഹി വിന്ദതേ ' (കേനം 2.4) ആത്മജ്ഞാനം ബോധവൃത്തിയുടെ ഫലമല്ല. പ്രതിബോധം ആത്മജ്ഞാനം നല്കുന്നു.

എന്താണ് പ്രതിബോധം ?

ഇന്ദ്രിയങ്ങൾ വിഷയങ്ങളെ ഗ്രഹിക്കുന്നതാണ് ആഹാരം. നിരാഹാരം വിഷയങ്ങളെ ഗ്രഹിക്കാതിരിക്കലാണ്. സംഹാരം വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളുടെ ഉൾവലിയലാണ്. വിഷയങ്ങൾക്കെതിരെയുള്ളതിനെ ആഹരിക്കലാണ് പ്രത്യാഹാരം. പ്രത്യാഹാരത്തിന്റെ ഫലമായി ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികളുടെ നിരുദ്ധാവസ്ഥയിലുണ്ടാവുന്ന ജ്ഞാനം പ്രതി ബോധമാവുന്നു. ഇത് നിർവികല്പ സമാധിയിൽ യോഗികൾക്കുണ്ടാവുന്ന അബാഹ്യ പ്രത്യക്ഷമാണ്. അതായത് നിർവികല്പ സമാധിയിൽ ആത്മാവിൽ പരമാത്മ ദർശനമുണ്ടാവുന്നു. മനസ്സിലോ ബുദ്ധിയിലോ പരമാത്മ ദർശനമുണ്ടാവുകയില്ല. കാരണം പരമാത്മാവ് ബുദ്ധിഗ്രാഹ്യമല്ലെന്നതു തന്നെ. ആത്മനി പ്രാപയ- പരമാത്മാവിനെ ഓരോരുത്തർക്കും അവരവരുടെ ആത്മാവിൽ മാത്രമേ പ്രാപിക്കാനാവൂ. പ്രാപിക്കുന്നവൻ ജീവാത്മാവും പ്രാപ്യവസ്തുപരമാത്മാവുമാണ്.

Swami Darshananda saraswathi 

No comments:

Post a Comment