ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 August 2021

വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം

വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം
      
കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹില്ലിലുള്ള പ്രശസ്തമായ ദുർഗ്ഗാക്ഷേത്രം. ഭാർഗ്ഗവരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാലയങ്ങളിൽ അവസാനത്തേത് എന്ന പ്രത്യേകതയുണ്ട് ഈ ക്ഷേത്രത്തിന്. വരക്കൽ കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിലേക്ക് 28 പടികളുണ്ട്. ഓരോ പടിയും ഓരോ ദേവതകളുടെ അധിവാസസ്ഥാനം എന്ന പ്രത്യേകതയുള്ളതിനാൽ ഈ ക്ഷേത്രത്തിലെ തൃപ്പടിവിളക്ക് എന്ന വഴിപാടിന്  പ്രധാന്യമേറെയാണ്. ഇരുപത്തെട്ടു പടികളിലും നിരനിരയായി വിളക്കുകൾ തെളിഞ്ഞു കത്തുന്നത് നയനാനന്ദകരമായ കാഴ്ച തന്നെ !!!

വരയ്ക്കൽ കുന്നിനു മുകളിൽ ധ്യാനനിമഗ്നനായിരിക്കുമ്പോൾ പരശുരാമന് ദേവീ സാമീപ്യം അനുഭവപ്പെട്ടു. തുടർന്ന് രാമൻ ആ പ്രദേശം ഉഴുതുമറിച്ചപ്പോൾ ഒരു അപൂർവ ശില ലഭിച്ചു. തൻ്റെ പരശു (മഴു) കൊണ്ട് അദ്ദേഹം ആ ശിലയിൽ ദേവീവിഗ്രഹം കൊത്തിയെടുത്തു.
താൻ നിഗ്രഹിച്ച പിതൃക്കൾക്കുമോക്ഷം നൽകുവാനായി രാമൻ ഈ ക്ഷേത്രത്തിനടുത്തു തന്നെയുള്ള കടലിൽ ബലിതർപ്പണം നടത്തി എന്നാണ് ഐതിഹ്യം. സാധാരണയായി വിഷ്ണു ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലുമാണ് വാവുബലിക്ക് പ്രാധാന്യമെങ്കിലും മേൽ പറഞ്ഞ ഐതിഹ്യത്താൽ ഇവിടെ പിതൃബലിക്ക് പ്രാധാന്യം വന്നു. നിത്യവും പിതൃബലി നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടത്തെ കർക്കിടകം തുലാം വാവുബലികൾ വിശേഷമത്രേ. തുലാമാസത്തിലെ വാവുബലിക്കാണ് കൂടുതൽ പ്രാമുഖ്യം. പതിനായിരക്കണക്കിനു ഭക്തരാണ് ഇവിടെ ബലിതർപ്പണം അനുഷ്ഠിക്കാനെത്തുന്നത്.

ശ്രീ കോവിലിൽ ദുർഗ്ഗാദേവിയുടെ പ്രധാന പ്രതിഷ്ഠ കൂടാതെ തൊട്ടടുത്തു തന്നെ മറ്റൊരു ശ്രീകോവിലിൽ ഗണപതിയും ദക്ഷിണാ മൂർത്തിയും ഉപദേവതമാരായിട്ടുണ്ട്. ഒറ്റ ശ്രീകോവിലിൽ ഗണപതിയും ദക്ഷിണാ മൂർത്തിയും പ്രതിഷ്ഠയായുള്ളത് മറ്റൊരു അപൂർവതയാണ്. ക്ഷേത്രത്തോടു ചേർന്നു തന്നെ ഒരു ഗുഹയിൽ കെടാവിളക്കും കാണാം.
ഭാർഗ്ഗവരാമൻ വിഗ്രഹം കൊത്തിയെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന പാറ തീർത്ഥപ്പാറ എന്നറിയപ്പെടുന്നു. ഇവിടെയുള്ള ചെറിയ കിണറിൽ നിന്നും തുലാമാസത്തിലെ വാവു ദിവസം ബഹിർഗമിക്കുന്ന തീർത്ഥജലത്തിന് സർവ്വ പാപപരിഹാരശക്തിയുണ്ടെന്നാണ് വിശ്വാസം.
മഹാനിവേദ്യം, നെയ് വിളക്ക് എന്നിവ ദേവിയുടെ ഇഷ്ട വഴിപാടുകളാണ്. ഇവിടത്തെ നാഗ പ്രതിഷ്ഠയും വിശേഷപ്പെട്ടതത്രേ. എല്ലാ മലയാളമാസവും ആയില്യം നാളിൽ സർപ്പപൂജ നടത്തുന്നു.

No comments:

Post a Comment