ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

തന്ത്രി

തന്ത്രി

തന്ത്രി എന്ന് കേൾക്കുന്ന മാത്രയിൽ സ്ഥിര ബുദ്ധി നഷ്ടപ്പെടുന്ന മന്ത്രിമാർ മുതൽ വിപ്ലവ പുൽനാമ്പുകൾ വരെ ആണ് ചുറ്റും. തന്ത്രി എന്ന സ്ഥാനം വിശ്വാസികൾക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി എന്നത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ ആണ് ഈ ആക്രമണവും.  ശുഷ്ക ബുദ്ധികൾക്ക് ബ്രാഹ്മണ വിരോധത്തിന്റെയും, പൂണൂലിന്റെയും,  വിഭൂതിയുടെയും, തന്ത്ര മന്ത്രങ്ങളുടെയും വെറുപ്പിനും ഭയത്തിനുമപ്പുറം തന്ത്രിയെ ദർശിക്കാനാവില്ല . വിശ്വാസികൾ പക്ഷെ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തിൽ ആദ്യ ആറു പടലങ്ങൾ  ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീർണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി.

ക്ഷേത്രമെന്ന ചിന്ത പ്രാവർത്തികമാവുമ്പോൾ  മുതൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ ആരംഭിക്കുന്നു. പല ഘട്ടങ്ങൾ പരിശോധിക്കാം

ആചാര്യവരണം

ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . ക്ഷേത്രം നിർമിക്കാൻ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികർമികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമർപ്പിച്ചു നമസ്കരിക്കുന്നു . ക്രിയകൾക്കായി വേണ്ട പവിത്ര മോതിരവും , തറ്റുടുക്കാനുള്ള വസ്ത്രവും,  യജനോപവീതവും നൽകുന്നു.

ഭൂപരിഗ്രഹം

അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ  ഭൂമി തിരഞ്ഞെടുത്ത ശേഷം, കർഷണം ചെയ്യത്‌, സ്ഥല ശുദ്ധി ചെയ്യത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂർത്തത്തിൽ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കൽപ്പമാണല്ലോ. വാസ്തുബലി, വാസ്തുപൂജ,  ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളിൽ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേൽ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേൽ അനാഹത ചക്രപ്രതീകമായ പത്മവും, പദ്മത്തിൽ ഹൃദയസ്ഥാനമായ പ്രാണശക്തിയും  അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു .

ഇഷ്ടകാന്യാസം, ഗര്ഭപാത്ര സ്ഥാപനം

ശ്രീകോവിൽ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ്. ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗർഭ പാത്ര സ്ഥാപനം ഭൂമിയിൽ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി  ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗർഭപാത്രത്തിൽ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു .

ശിലാ പരിഗ്രഹം

ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങൾ വിധിപ്രകാരം പൂജിക്കുന്നു. വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങൾ തികഞ്ഞ ശിലയെ കണ്ടെത്തിയാൽ ദേഹശുദ്ധ്യാതികൾ ചെയ്തു പുറപ്പെടുന്നു. ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കുമുകളിൽ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്ന ദർശനത്തെ പ്രാർത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശിൽപികൾ  വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

മുളയിടൽ

ബിംബ നിർമാണം പൂർത്തിയായാൽ തന്ത്രി  വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിർമ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത്. മുളയിടൽ എന്ന് വിളിക്കുന്ന ചടങ്ങിൽ മുളപ്പാളുകളിൽ ശ്രീ മഹാവിഷ്ണുവിനേയും ബീജത്തിൽ ശ്രീ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നിൽക്കുന്നുവോ അത്രയും നാൾ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു .

ബിംബ പരിഗ്രഹം

ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതിൽ കിടത്തുന്നു. പൂജിച്ച സ്വർണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട്  നേത്ര ഉന്മീലനം നടത്തുന്നു. ശില്പിയിൽ നിന്നും ശില്പത്തെ ക്ഷേത്ര യജമാനൻ ഏറ്റു വാങ്ങി തന്ത്രിക്കു സമർപ്പിക്കുന്നു .

ബിംബശോധന

നെയ്യ്, തേൻ, മരത്തൊലികൾ, പുറ്റു മണ്ണ് , ചെറുപയർ, മഞ്ഞൾ മുതലായവ ബിംബത്തിൽ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതൽ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളിൽ സ്പർശിക്കുന്നു .

കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തിൽ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വർണവും ചരടിൽ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യിൽ കെട്ടുന്നു . സ്വർണം സൂര്യമണ്ഡലവും, കടുക് അഗ്നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആവുന്നു . ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കൽപ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീർത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാൽ പലകമേൽ കിഴക്കു ശിരസായി കിടത്തി വെള്ളത്തിൽ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു.

പ്രാസാദ ശുദ്ധി

പ്രാസാദം എന്നാൽ ശ്രീകോവിൽ ആകുന്നു. തന്ത്രി ബിംബത്തെ ദർഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികൾ കാണിച്ചു പ്രാസാദ  ശുദ്ധി പൂർത്തിയാക്കുന്നു

അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു. ഗര്ഭഗൃഹത്തിൽ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

വാസ്തുദേവപൂജ

അഗ്നികോണിൽ നടത്തുന്ന  രക്ഷോഘ്‌ന ഹോമം, ഈശ കോണിൽ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗർഭ ഗൃഹത്തിന്റെ മധ്യത്തിൽ പ്രാസാദ മൂർത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങൾ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു .

ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശാന കോണിൽ പത്മങ്ങൾ വരച്ച് ബിംബ ശുദ്ധി കലശങ്ങൾ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങൾ നിറയ്ക്കുന്നു . ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തിൽ ആടുന്നു  .

മണ്ഡപ സംസ്കാരം

ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂർവാദി ദ്വാരത്തിൽ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

അഗ്നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തിൽ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു. കുണ്ഡത്തിൽ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗർഭപാത്രത്തിൽ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗർഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങൾ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു.

ശയ്യാപൂജ

മണ്ഡപത്തിൽ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കൽ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാൽ ഉപഹാര ദ്രവ്യങ്ങൾ വച്ച് പൂജിച്ചു  അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങൾ വെയ്ക്കുന്നു .

ജലോദ്ധാരം

ശയ്യയിൽ കടത്തിയിരിക്കുന്ന ബിംബത്തിൽ അനന്തരം ധ്യാനാധിവാസം നടത്തുന്നു. പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി, ഭൂതസംഹാര കൃയകൾ നടത്തുന്നു. തന്ത്രി സ്വശരീരത്തിൽ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദർഭ പുല്ലു കൊണ്ട് സ്പർശിക്കുമ്പോൾ മേല്പറഞ്ഞ ക്രിയകൾ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം. അതിനായുള്ള ബിംബവുമായി തന്റെ നാഡികൾ ബന്ധിപ്പിക്കുന്ന  നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു. ശേഷം ആചാര്യ കുണ്ഡത്തിൽ ഹോമം ചെയ്തു സാമ്പാതം  ബിംബത്തിൽ ചേർത്ത് ശിരസ്തത്വ ഹോമം പൂർത്തിയാക്കുന്നു.

അധിവാസഹോമം

ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങൾ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു. തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച  സമ്പാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്പാതം നപുംസക ശിലയിലും സ്പർശിക്കുന്നു . മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാൽ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തിൽ പാല്പായസം ഉണ്ടാക്കി നിവേദ്യവും, ബ്രാഹ്‌മണ ഭോജനവും, ബലിക്രിയയും ചെയ്യുന്നു.

പ്രതിഷ്ഠ

ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. സങ്കീർണമായ വിഗ്രഹ, നപുംസക ശിലാപ്രതിഷ്ഠയും, പീഠപ്രതിഷ്ഠയും, നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു. ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയിൽ എത്തിച്ച്, ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു. നപുംസക ശിലയും പീഠവും കര്മങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത്. മുഹൂർത്തത്തിൽ ബിംബത്തെ പീഠത്തിനു മുകളിൽ വച്ച് പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തിൽ സംക്രമിപ്പിക്കുന്നു .

ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം . പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യൻ ദീക്ഷ കൊടുക്കുന്നതായി. ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങൾ നിശ്‌ചയിക്കുന്നു . ക്ഷേത്ര മര്യാദകൾ ക്ഷേത്ര പുരുഷൻ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ്. അവ പാലിക്കേണ്ടത് കർത്തവ്യവും. ഇല്ലെങ്കിൽ ചൈതന്യ ലോപം സുനിശ്ചിതവും.

ഇത്രയേറെ സങ്കീർണമായ അനുഷ്ഠാനങ്ങളും യാതനകളും, ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത്‌ ക്ഷേത്രത്തിലെ തന്ത്രിമാർക്കല്ലാതെ വേറെ ആർക്കാണ് ദേവന്റെ, ക്ഷേത്രത്തിന്റെ കാര്യത്തിൽ പരമാധികാരം...?

No comments:

Post a Comment