ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2020

മുചുകുന്ദൻ

മുചുകുന്ദൻ

മുചുകുന്ദൻ  ഇക്ഷ്വാകു വംശത്തിലെ രാജാവാണ്.
സുബ്രഹ്മണ്യൻ്റ ജന്മത്തിന് മുമ്പ് ദേവന്മാരെ സംരക്ഷിച്ചു പോരുന്നത് മുചുകുന്ദൻ ആയിരുന്നു. പിന്നീട്‌ സുബ്രഹ്മണ്യന്‍ ദേവസൈന്യാധിപന്‍ ആയപ്പോള്‍ ദേവനന്മാര്‍ മുചുകുന്ദനെ ജോലി ഒന്നും ഇല്ലാതായി. ദേവന്മാർ അവനോട്‌ എന്ത്‌ വരമാണ്‌ വേണ്ടതെന്നാരാഞ്ഞു. മുചുകുന്ദന്‌ ആരുടെയും ശല്യം കൂടാതെ ഉറങ്ങണമെന്നായിരുന്നു ആഗ്രഹം. ദേവന്‍മാര്‍ ആ വരം നല്‍കി. മുചുകുന്ദന്റെ നിദ്രക്ക്‌ ഭംഗം വരുത്തുന്നവനാരായാലും അവന്‍ ചാരമായി പോകുമെന്നും ദേവന്മാർ അനുഗ്രഹിച്ചു. അങ്ങനെ മുചുകുന്ദൻ വനത്തിൽ ഒരു ഗുഹയിൽ യുഗങ്ങൾ നീണ്ട ഉറക്കം ആരംഭിച്ചു.

ഉറക്കം വരം വാങ്ങനുള്ള കാരണം

ദേവന്മാർ മുചുകുന്ദന്‌ വരം നൽകാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ആത്മസാക്ഷാത്ക്കാരത്തിനായിരുന്നു.

ദേവതകൾ പറഞ്ഞു അത് ഞങ്ങളെക്കൊണ്ടാവില്ല.
ഞങ്ങൾക്ക് ആത്മസാക്ഷാത്ക്കാരമുണ്ടെങ്കിൽ ഞങ്ങളീദേവലോകത്ത് ഇരിക്കില്ലാല്ലോ. അതിന് ഭഗവാൻ തന്നെ ഒരു സദ്ഗുരു ആയി വന്ന് നിങ്ങൾക്ക് ഉപദേശിക്കണം. അതല്ലാതെ എന്ത് വരം ആണ് വേണ്ടത്.

മുചുകുന്ദൻ പറഞ്ഞു ഞാൻ ഇത്രയും സാധന ഒക്കെ ചെയ്തിരിക്കണു ജപം ചെയ്തു, പ്രാണായാമം ചെയ്തു. ശാസ്ത്രാധ്യയനം ചെയ്തു. ഇതുകൊണ്ടൊന്നും പൂർണമായ അനുഭൂതി ഉണ്ടാവുന്നില്ല.

പൂർണമായ അനുഭൂതി എന്ന് വെച്ചാലെന്താ. അഹങ്കാരം ശമ്മിക്കുന്നില്ല. എന്തുചെയ്താലും അതിലൊക്കെ ഈ അഹങ്കാരം ഒളിഞ്ഞു നിൽക്കുന്നു.

ജപം ചെയ്താൽ എന്നേപ്പോലെ ജപിക്കുന്ന ആളില്ല എന്ന് തോന്നും.
പ്രാണായാമം ചെയ്താൽ ഞാൻ വലിയ യോഗി ആണെന്ന് തോന്നും.
എല്ലാത്തിലും ഈ അഹങ്കാരം ഉള്ളിൽ കടന്നിരിക്കുന്നതുകൊണ്ട് പൂർണത ഉണ്ടാവുന്നില്ല.

ചക്രവർത്തി ആയിരുന്ന് സകലസുഖങ്ങളും കണ്ടു കഴിഞ്ഞു. അതിലൊന്നും കഴമ്പില്ലെന്നും മനസ്സിലായി. ഭഗവദ്പ്രാപ്തിക്കുവേണ്ടി ഇത്രയധികം പരിശ്രമിച്ചിട്ട് നിൽക്കുകയാണ്.

ഇപ്പോൾ ദേവന്മാരും കൈ മലർത്തുന്നു.
ഞങ്ങൾക്ക് വയ്യ....

എന്നാ പിന്നെ ഞാനെവിടെയെങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം. ഉറക്കത്തിൽ അഹങ്കാരം ഒന്നും ഇല്യാല്ലോ. എവിടെ എങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം. ഭഗവാൻ കൃപ ചെയ്യുമ്പോ ചെയ്യട്ടെ. ആ ആഗ്രഹം ദേവന്മാർ മുചുകുന്ദനെ വരം ആയി നല്‍കി.

അങ്ങനെയിരിക്കെ ദ്വാപര യുഗത്തില്‍ 
ജരാസന്ധന്‍ വീണ്ടും വീണ്ടും പടയൊരുക്കി വലിയ സൈന്യവുമായി പതിനേഴു തവണ മഥുരയെ ആക്രമിച്ചു. എല്ലാത്തവണയും രാമകൃഷ്ണന്മാര്‍ സൈന്യത്തെ കൊന്നൊടുക്കിയെങ്കിലും ജരാസന്ധനെ വെറുതെ വിട്ടു. അതായിരുന്നു കൃഷ്ണന്റെ തീരുമാനം. ജരാസന്ധന്‍ പതിനെട്ടാമത്തെ ആക്രമണത്തിന്‌ ഒരുങ്ങുന്ന സമയം. യവനകുലത്തെ സൈന്യാധിപനായ കാലയവനന്‍ യാദവരെപ്പറ്റി കേട്ടിരുന്നു. തങ്ങള്‍ക്ക്‌ തുല്യം നില്‍ക്കാനായി യാദവരേയുളളൂ എന്ന്‌ മുനിയില്‍നിന്നു്‌ അയാള്‍ അറിഞ്ഞിരുന്നു. ഇതറിഞ്ഞ് കൃഷ്ണന്‍ മഥുരാപുരിവാസികളെ മുഴുവന്‍ ഒരു അപ്രതിരോധ്യമായ കോട്ടയുണ്ടാക്കി അതിനുള്ളില്‍ സംരക്ഷിച്ചു. ദേവശില്‍പിയാണ്‌ ഒറ്റ രാത്രികൊണ്ട്‌ ആ കോട്ട നിര്‍മ്മിച്ചത്. 

കൃഷ്ണന്‍ കോട്ടയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നപ്പോള്‍ കാലയവനന്‍ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിന്‌ വെല്ലുവിളിച്ചു. കൃഷ്ണന്‍ നിരായുധനായതിനാല്‍ യവനനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞു. എന്നിട്ട്‌ കൃഷ്ണനെ പിടിക്കാന്‍ ചെന്നു. കൃഷ്ണന്‍ ഓടാനും തുടങ്ങി. എപ്പോഴും യവനന്‌ പിടികൊടുക്കും എന്ന മട്ടില്‍ ഓടിയോടി കൃഷ്ണന്‍ ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. കാലയവനന്‍ കൃഷ്ണനു പിറകേ പരിഹാസം ചൊരിഞ്ഞുകൊണ്ട്‌ നിന്ദിച്ചു: ‘ശത്രുവില്‍ നിന്നും നീ ഓടിമാറുന്നതെന്താണ്‌?’ ഗുഹയില്‍ ആരോ കിടന്നുറങ്ങുന്നതു കണ്ട കാലയവനന്‍ അതു കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച്‌ അയാളെ തൊഴിച്ചു. ഉറങ്ങിക്കിടന്നയാള്‍ ഉണര്‍ന്ന് ഒരൊറ്റ നോട്ടം കൊണ്ട്‌ യവനനെ ഭസ്മമാക്കി. അത്‌ മുചുകുന്ദനായിരുന്നു, മാന്ധാതാവിന്റെ മകന്‍.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ മുചുകുന്ദനു മുന്നില്‍ പ്രത്യക്ഷനായി. ഭഗവാനെ മുന്നില്‍ക്കണ്ട്‌ മുചുകുന്ദന്‍ ഹര്‍ഷപുളകിതനായി. ഭഗവാന്‍ ദിവ്യതയുടെ അവതാരം തന്നെയെന്നു മുചുകുന്നുന്‍ അന്തര്‍ജ്ഞാനം കൊണ്ട്‌ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാനോട്‌ ചോദിച്ചു: ‘സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും പ്രഭയെ വെല്ലുന്നതത്രെ അവിടുത്തെ പ്രഭ. അങ്ങ്‌ വിഷ്ണുവിന്റെ അവതാരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദയവുചെയ്ത്‌ ഇപ്പോള്‍ അവിടുന്ന് ഏതു കുലത്തില്‍ പിറന്നിരിക്കുന്നുവെന്നും അവിടുത്തെ മഹനീയ കൃത്യങ്ങള്‍ എന്തൊക്കെയെന്നും പറഞ്ഞുതന്നാലും.’ അദ്ദേഹം കൃഷ്ണനോട്‌ തന്റെ കഥ മുഴുവന്‍ പറഞ്ഞു. എങ്ങനെയാണ്‌ ഗുഹയില്‍ കിടന്നുറങ്ങാനിടയായതെന്നും കാലയവനന്‍ എരിഞ്ഞുപോയതെങ്ങനെന്നും മുചുകുന്ദന്‍ വിശദീകരിച്ചു.

ഭഗവാന്‍ പറഞ്ഞു:‘മകനേ, എന്റെ അവതാരങ്ങളും ചെയ്തികളും എണ്ണിയാലൊടുങ്ങാത്തവയത്രേ. എനിക്കു പോലും അവ എണ്ണാനാവില്ല. ഒരാള്‍ക്ക്‌ ലോകത്തിലെ മണ്‍പൊടികളുടെ എണ്ണമെടുക്കാന്‍ കഴിഞ്ഞുവെന്നിരിക്കും. എന്നാല്‍ എന്റെ അവതാരങ്ങളെ എണ്ണുക അസാദ്ധ്യം. എന്റെ ഗുണഗണങ്ങളും ചെയ്തികളും അപ്രകാരം തന്നെ. എന്നാല്‍ എന്റെ ഇപ്പോഴത്തെ അവതാരമെന്തെന്നു പറയാം. ബ്രഹ്മാവിനെ പൂജിച്ചതിന്റെ ഫലമായി ഞാന്‍ വസുദേവപുത്രനായി ജനിച്ചു. കംസനടക്കം പല ദുഷ്ടരെയും ഞാന്‍ വധിച്ചു. വാസ്തവത്തില്‍ കാലയവനനെയും നിന്റെ കണ്ണിലെ തീവ്രതയിലൂടെ വധിച്ചതു ഞാന്‍ തന്നെയാണ്‌. ഞാന്‍ അങ്ങനെ തീരുമാനിച്ചതാണ്‌. നീ പണ്ടുകാലത്ത്‌ ഭക്തിപുരസ്സരം എന്നെ തേടിയിരുന്നു. അതിനാലാണ്‌ ഇപ്പോള്‍ നിന്റെ മുന്നില്‍ നില്‍ക്കുന്നത്‌. നിനക്കെന്തു വരമാണു വേണ്ടത്‌?’

‘ഭഗവാനേ, അവിടുത്തെ തന്നെ മായാശക്തിക്കടിമപ്പെട്ട്‌ ആളുകള്‍ അവിടുത്തെ പൂജിക്കുന്നതിനു പകരം ഗൃഹത്തോടും മറ്റും മമതാസക്തരായി നിലകൊളളുന്നു. സുഖം തേടുന്നുവെങ്കിലും അന്തമില്ലാത്ത വേദനമാത്രമാണ്‌ അവര്‍ക്കു ലഭിക്കുന്നത്‌. തുലോം ദുര്‍ല്ലഭമായ മനുഷ്യജന്മം ലഭിച്ചതിനു ശേഷവും ദുഷ്ടവിചാരമുളളവര്‍ അങ്ങയെ പൂജിക്കുന്നുതിനു പകരം ലൗകികതയുടെ ആഴമേറിയ കയത്തില്‍ വീണുപോകുന്നു. എന്റെ കാര്യം തന്നെ എടുത്താലും. ഞാന്‍ ധിക്കാരിയായ ഒരു ഭരണാധികാരിയായിരുന്നു. ചുറ്റും ബലവാന്മാരായ പരിവാരങ്ങള്‍ . ഈ ശരീരത്തെ ആത്മാവെന്നു കരുതി, സമ്പത്തിലും ലൗകികബന്ധങ്ങളിലും മുഴുകിയാണ്‌ ഞാന്‍ കഴിഞ്ഞു വന്നത്‌. എന്നാല്‍ അവിടുന്ന് കാലമായി മനുഷ്യജീവിതത്തില്‍ നുഴഞ്ഞു കയറി അവനെ നിശ്ശേഷം ഇല്ലായ്മ ചെയ്യുന്നു. രാജാവേ, വാഴ്ത്തപ്പെട്ട ഈ ശരീരം തന്നെ, പടകളും മൃഗങ്ങളും അകമ്പടി സേവിച്ച ഈ ദേഹം, കാലക്രമത്തില്‍ അമേദ്ധ്യമെന്നും ചാരമെന്നും കൃമിയെന്നും പിന്നീടറിയപ്പെടുന്നു.’

‘ഭഗവാനേ, ലോകചക്രവര്‍ത്തിപോലും കാമത്തിനടിമപ്പെട്ട്‌ ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയായിത്തീരുന്നു. അല്ലെങ്കില്‍ കുറെ പുണ്യപ്രവൃത്തികള്‍ ചെയ്ത്‌ സ്വര്‍ഗ്ഗത്തില്‍ ഒരു ഒഴിവുകാലം ആസ്വദിക്കുന്നു. ചിലപ്പോള്‍ അവിടുത്തെ ഭരണാധികാരിയുമാവുന്നു. എന്നാല്‍ ഒരുവന്റെ ജനനമരണചക്രത്തിന്റെ അവസാനഘട്ടത്തിലാണ്‌ അവന്‍ ഒരു പുണ്യപുരുഷനെ കാണുന്നത്‌. ആ കൂടിക്കാഴ്ച അവിടുത്തോടുളള ഭക്തിയെ ഉദ്ദീപിപ്പിക്കുന്നു. ആ ഭക്തിയാകട്ടെ, ഈ ജീവാത്മാവിന്റെ പരകായ പ്രവേശങ്ങള്‍ അവസാനിപ്പിക്കുന്നു. അവിടുന്ന് എന്നോട്‌ വരമെന്താണു വേണ്ടതെന്നു ചോദിച്ചുവല്ലോ. എന്നാല്‍ എനിക്കുളള വരം ലഭിച്ചു കഴിഞ്ഞു. അവിടുന്ന് എന്നെ സ്വതന്ത്രത എന്ന മിഥ്യാഭിമാനത്തില്‍ നിന്നും രക്ഷിച്ചുവല്ലോ. അങ്ങയുടെ പാദങ്ങളില്‍ നിരന്തരം പൂജ ചെയ്യുവാന്‍ കഴിയുക എന്ന വരം മാത്രമെ എനിക്കു വേണ്ടു. മറ്റേതുവരവും ആത്മാവിനെ ബന്ധനത്തിലാക്കാന്‍ പോന്നതാണെന്നറിയുന്നതുകൊണ്ട്‌ അവിടുത്തെ പാദദര്‍ശനം കിട്ടിയതിനു ശേഷം ആരാണ്‌ മറ്റൊരു വരം ആവശ്യപ്പെടുക? അതുകൊണ്ട്‌ ത്രിഗുണാനുസാരിയായ ഈ ലോകത്തിലെ അനുഗ്രഹങ്ങളെയെല്ലാം ഞാന്‍ തിരസ്കരിക്കുന്നു. അവിടുത്തെ പാദങ്ങളില്‍ അഭയം തേടാനാഗ്രഹിക്കുന്നു. അവിടുന്നാണ്‌ പരംപൊരുള്, ശുദ്ധബോധസ്വരൂപന്‍. കര്‍മ്മപാശത്താലും അദിവ്യമായ സ്വഭാവത്താലും പീഡിപ്പിക്കപ്പെട്ടിരുന്ന എനിക്ക്‌ അവിടുത്തെ കൃപയാല്‍ ആ ദര്‍ശനഭാഗ്യം ലഭിച്ചു. എന്നെ രക്ഷിച്ചാലും, പ്രഭോ.’

ഭഗവാന്‍ അരുള്‍ ചെയ്തു. ‘ഭക്തിയുടെ ശരിയായ സ്വഭാവം വെളിപ്പെടുത്താനാണ്‌ ഞാന്‍ നിന്നോട്‌ വരമെന്തു വേണമെന്നാരാഞ്ഞത്‌. വ്രതാനുഷ്ഠാനങ്ങളുടെ സഹായത്താല്‍ പഴയ പാപകര്‍മ്മങ്ങളെ കഴുകി കളയുക. രാജാവായിരിക്കുമ്പോള്‍ നായാട്ട്‌ മുതലായവ ചെയ്യേണ്ടതായിവരുമെങ്കിലും ആ പാപങ്ങള്‍ തപസ്സു കൊണ്ട്‌ ഇല്ലായ്മ ചെയ്യാം. നിന്റെ അടുത്ത ജന്മം ഒരു ദിവ്യബ്രാഹ്മണന്‍ ആയിട്ടായിരിക്കും. അങ്ങനെ നീ സംശയംവിനാ എന്നില്‍ വന്നു ചേരുന്നതാണ്‌.’ ഭഗവാൻ അനുഗ്രഹിച്ചു.

മുചുകുന്ദന്‍ ഭഗവാനെ വീണ്ടും നമസ്കരിച്ചു. അദ്ദേഹം ഗുഹയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം വളരെ ചെറുതായി കാണപ്പെട്ടു. അദ്ദേഹം കുറെയേറെക്കാലം ഗുഹയില്‍ ഉറക്കമായിരുന്നുവല്ലോ. മുചുകുന്ദന്‍ ഹിമാലയത്തില്‍ പോയി ഭഗവാന്‍ നാരായണനെ ആരാധിക്കാന്‍ തീര്‍ച്ചയാക്കി. 

അവിടെനിന്ന് ശിവ അനുഗ്രഹത്താൽ ലഭിച്ച വിഗ്രഹം അദ്ദേഹവും തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു.

No comments:

Post a Comment