ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2020

ഗാലവമഹർഷി

ഗാലവമഹർഷി

മാന്ധാതാവിൻറെ കുലത്തിൽ പിറന്ന അരുണൻ എന്ന രാജാവിൻറെ പുത്രനായ സത്യവ്രതൻ (ത്രിശങ്കു ആയ വ്യക്തി) ഒരിക്കൽ, ബ്രഹ്മ പുത്രിയായ ഒരു വധു, വിവാഹമണ്ഡപത്തിൽ  പദമൂന്നാനൊരുങ്ങി നില്ക്കേ തട്ടിയെടുത്തു കളഞ്ഞു. പിതാവായ അരുണൻ, സത്യവ്രതനെ കൊട്ടാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. പക്ഷേ, വധുവിനെ അപഹരിച്ച പുത്രൻറെ പാപത്തിനല്ല, പുത്രനെ ഉപേക്ഷിച്ച രാജാവിന്റെ പാപത്തിനായിരുന്നു മുൻതൂക്കം. അതിനാൽ ഒരു വ്യാഴവട്ടക്കാലം രാജ്യത്തു മഴകനിഞ്ഞതേയില്ല. 

ഈ കൊടിയ ക്ഷാമകാലത്ത് മാമുനി വിശ്വാമിത്രൻ കുടുംബത്തെ വിട്ടകന്ന് കൊടിയ തപസ്സനുഷ്ഠിച്ചു വന്നു. ഒരു ഭക്ഷണത്തിന് നിവൃത്തിയില്ലാതെ ഭാര്യ ഒരു മകനെ ചന്തയിൽ വിറ്റ് കാശുവാങ്ങാനായി കൊണ്ട് പോകവേ, ആ അമ്മയുടെയും മകൻറെയും കരച്ചിൽ കേട്ട് മനസ്സലിഞ്ഞ സത്യവ്രതൻ വിശ്വാമിത്രൻ തപസ്സു കഴിഞ്ഞു വരും വരെ ആ കുടുംബത്തിൻറെ വിശപ്പിനുളള പരിഹാരം ഏറ്റെടുത്തു. ഗലത്തിൽ നിന്ന് കുരുക്കകന്നവൻ ഗാലവനുമായി.

ഗാലവന് ഗുരുവായത് പിതാവായ വിശ്വാമിത്രൻ തന്നെയായിരുന്നു. ഇക്കാലത്ത് വസിഷ്ഠൻറെ രൂപം ധരിച്ചെത്തിയ ധർമ്മദേവനെ അന്നം നല്കി സ്വീകരിക്കാനൊരുങ്ങവെ അതിഥി അപ്രത്യക്ഷനായി. കുളിക്കാനോ മറ്റോ പുറത്തിറങ്ങിയതാവാം എന്നു കരുതി കാത്തുനിന്ന വിശ്വാമിത്രന് ആ നില്പിൽ നൂറു വർഷം പൂർത്തിയാക്കേണ്ടിവന്നു. പുത്രനും ശിഷ്യനുമായ ഗാലവന് പരീക്ഷണ കാലഘട്ടമായ ആ സമയത്ത് വിശ്വാമിത്രനെ യഥാവിധി പരിചരിച്ച് തൻറെ പഠനകാലവും പൂർത്തിയാക്കി. ഗുരുദക്ഷിണ പറയണം എന്ന് നിർബന്ധിച്ച ഗാലവനോട് ഒരു കാതുമാത്രം കറുത്ത വെളുപ്പ് നിറമുള്ള എണ്ണൂറ് കുതിരകളെ നല്കാൻ ആവശ്യപ്പെട്ടു. 

കുതിരകളെ അന്വേഷിച്ച് ഇറങ്ങിയ ഗാലവനെ ഗരുഡൻ യയാതിയുടെ രാജധാനിയിലെത്തിച്ചു. യയാതി തൻറെ പുത്രി മാധവിയെ ഗാലവന് ദാനമായി നല്കി. അവളെ ഏതെങ്കിലും രാജാവിനു പാണിഗ്രഹണം ചെയ്യിച്ച് എണ്ണൂറ് കതിരകളെ സമ്പാദിക്കാൻ ഉപദേശിച്ചു. 

സന്താനഭാഗ്യമന്വേഷിച്ചിരുന്ന ഇഷാകുവംശ രാജാവായ ഹരിയശ്വനോട് മാധവിയെ സ്വീകരിച്ചാൽ പുത്രഭാഗ്യം ഉണ്ടാകുമെന്നും പകരം എണ്ണൂറ് ഒറ്റക്കാതു കറുത്ത വെളുത്ത കുതിരകളെ നല്കണമെന്നും ഗാലവൻ ആവശ്യപ്പെട്ടു. തൻറെ പക്കൽ ഇരുനൂറു കുതിരകളെ അത്തരത്തിലുള്ളതുളളൂ എന്ന് പറഞ്ഞ രാജാവിനോട് പരിഹാരം മാധവി തന്നെ പറഞ്ഞു. അവൾക്ക് ഒരു മഹർഷി നല്കിയ അനുഗ്രഹത്താൽ പ്രസവശേഷവും കന്യകയായിത്തന്ന ഭവിക്കും. അതിനാൽ ഹര്യശ്വന് ഒരു പുത്രനെ നല്കിയ ശേഷം കാശിരാജാവായ ദിവോദാസൻ, ഭോജരാജാവായ ഉശീനരൻ എന്നിവർക്കു പുത്രന്മാരെ നല്കി ആകെ അറുനൂറ് കുതിരകളെ സമ്പാദിച്ചു. ആ കുതിരകളും മാധവിയുമായി വിശ്വാമിത്ര മഹർഷിയുടെ അരികിലെത്തിയ ഗാലവൻ കുതിരകളെയും മാധവിയെയും ദക്ഷിണയായി സമർപ്പിച്ചു. അവ സ്വീകരിച്ച വിശ്വാമിത്ര മഹർഷിക്ക് മാധവിയിൽ അഷ്ടകൻ എന്ന പുത്രനും പിറന്നു. 

ഒരിക്കൽ ഗാലവ മഹർഷി സന്ധ്യാ വന്ദനം ചെയ്യവേ ഗന്ധർവ്വരാജാവായ ചിത്രസേനൻ താംബൂലം വിസർജ്ജിച്ചത് മുനിയുടെ തൊഴുകൈയ്യിൽ. കൃഷ്ണനോട് മഹർഷി പരാതി പറഞ്ഞപ്പോൾ ചിത്രസേനൻറെ ഗളച്ഛേദം വരുത്താൻ കൃഷ്ണൻ പ്രതിജ്ഞ ചെയ്തു. നാരദ മഹർഷിയിൽ നിന്നും വിവരമറിഞ്ഞ ചിത്രസേനനോട് ഭാര്യമാരൊത്ത് കൃഷ്ണ സഹോദരി സുഭദ്രയെ അഭയം പ്രാപിക്കാൻ നാരദ മഹർഷി തന്നെ ഉപദേശിച്ചു. പത്നിമാരെ കൊട്ടാരത്തിനുളളിലേക്ക് അയച്ച് ആത്മഹൂതിക്കൊരുങ്ങവേ രാജ്ഞിമാൻ മംഗല്യഭിക്ഷയ്ക്ക് യാചിച്ചു കരയുന്നതുകണ്ട സുഭദ്ര, പ്രതിജ്ഞയുടെ കഥയറിയാതെ അഭയം നല്കി. സുഭദ്രയ്ക്ക് വേണ്ടി അർജ്ജുനൻ ദൗത്യം ഏറ്റെടുത്തു. കൃഷ്ണാർജ്ജുനന്മാർ തമ്മിൽ യുദ്ധത്തിൽ കലാശിച്ചു. അവർക്കിടയിൽ സുഭദ്ര ഓടിയെത്തി പരിഹാരമായി ഗാലവന് മുന്നിൽ ചിത്രസേനൻ ശിരസ്സ് നമിക്കണം. ഗന്ധർവ്വശിരസ്സ് സ്വീകരിച്ച് ഗാവലൻ തൃപ്തനായി.

തൻറെ സിദ്ധിയുടെ എട്ടിലൊന്ന് ഗാലവൻ യയാതിക്കായി ദാനം നല്കി. തപസ്സിന് വിഘ്നം വരുത്താൻ വന്ന പാതാളകേതു എന്ന അസുരനെ വകവരുത്താനായി , മഹർഷിയുടെ നെടുവീർപ്പിനാൽ ആകാശത്തുനിന്നും പാഞ്ഞെത്തിയ അശ്വത്തെ ഋതദ്ധ്വജ രാജാവിനു നല്കുകയും ആ അശ്വത്താലേറി പാതാളകേതുവിനെ ഋതദ്ധ്വജൻ വധിക്കുകയും ചെയ്തു. യുധിഷ്ഠിര സഭയിലും ഇന്ദ്രസഭയിലും ഗാലവൻ ശോഭിച്ചിരുന്നു.

No comments:

Post a Comment