ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2019

ദക്ഷ യാഗം നല്കുന്ന  സന്ദേശം

ദക്ഷ യാഗം നല്കുന്ന  സന്ദേശം…

അഹങ്കാരം നിറഞ്ഞ മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ്‌ മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം കൂടാതെ നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു…! മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും.

പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത് ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ്‌ എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും; മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ കഠിന തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക. മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു…! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.

No comments:

Post a Comment