ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 January 2017

വിന്ധ്യപര്‍വ്വതവും അഗസ്ത്യമുനിയും

വിന്ധ്യപര്‍വ്വതവും അഗസ്ത്യമുനിയും

ഒരിക്കല്‍ നാരദമഹര്‍ഷി നര്‍മ്മദാ നദിയില്‍ കുളിച്ച് ഭഗവാനെ വന്ദിച്ച് മന്ത്രം ജപിക്കുന്നതിനിടയില്‍ വിന്ധ്യപര്‍വ്വതം മനുഷ്യരൂപമെടുത്ത് മുമ്പില്‍ വന്നുനില്‍ക്കുന്നതു കണ്ടു.
പര്‍വ്വതം മുനിയെ സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബഹുമാനത്തോടെ സല്‍ക്കരിച്ച് സ്തുതിച്ചു. ” അങ്ങയെ കണ്ടതുകൊണ്ട് എന്റെ പാപങ്ങള്‍ നശിച്ചു. ഉള്ളിലെ ഇരുട്ട് നീങ്ങി. എല്ലാ ദുഃഖങ്ങളും മാറി. സുകൃതങ്ങളൊക്കെ സഫലമായി. ഇന്നാണ് ഞാന്‍ പര്‍വ്വതോത്തമനായിത്തീര്‍ന്നത്”

അതുകേട്ട് മഹര്‍ഷി ഒന്നു നെടുവീര്‍പ്പിട്ടിട്ട് മിണ്ടാതെയിരുന്നു. വിന്ധ്യന് പരിഭ്രമമായി: ”അങ്ങേക്ക് മനസ്സില്‍ എന്തോ ദുഃഖമുള്ളതുപോലെ തോന്നുന്നു. എന്തായാലും പറയൂ. ഞാന്‍ അങ്ങയുടെ സങ്കടം തീര്‍ത്തുതരാം. മഹാമേരുവും ഹിമവാനും ഉദയപര്‍വ്വതവും നിഷധഗിരിയും അസ്തമയാദ്രിയും നീലഗിരിയും മന്ദരാചലവും മലയപര്‍വ്വതവും ഹേമകൂടഗിരിയും ത്രികൂടാദ്രിയും അസ്തമയാദ്രിയും നീലഗിരിയും സഹ്യാദ്രിയും എന്നെക്കാള്‍ യോഗ്യന്മാരാണെന്ന് ഭാവിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കുമില്ല, ഒറ്റയ്ക്ക് ഭൂമി ധരിക്കാനുള്ള കെല്‍പ്. എനിക്കു മാത്രമേ അതുള്ളൂ. ഹിമവാന്‍ ശ്രീപാര്‍വ്വതിയുടെ അച്ഛനും ശിവന്റെ ചാര്‍ച്ചക്കാരനുമാണല്ലോ.

അതുകൊണ്ടാണ് ആളുകള്‍ക്ക് ബഹുമാനം. മഹാമേരുവിന് സ്വര്‍ണവര്‍ണമുണ്ട്. താഴ്‌വരകളില്‍ രത്‌നങ്ങള്‍ വിളയുന്നുണ്ട്. ദേവന്മാരുടെ താമസം അവിടെയാണ്. അതെല്ലാം ശരിതന്നെ. അതുകൊണ്ടെന്താണ് വിശേഷിച്ചൊരു യോഗ്യത? ഉദയഗിരിയാണെങ്കില്‍ പതുക്കെ മാത്രമേ സഞ്ചരിക്കൂ. നിഷധപര്‍വ്വതത്തില്‍ കൂറെ മരുന്നുചെടികളേ വളരുന്നുള്ളൂ. അസ്തമയഗിരിക്ക് തേജസ്സില്ല. നീലഗിരിയില്‍ നീലം മാത്രം വളരുന്നു. മന്ദരപര്‍വ്വതത്തിന്റെ കണ്ണുകള്‍ പകുതി അടഞ്ഞുകൊണ്ടാണ് ഇരിക്കുന്നത്. മലയാദ്രിയില്‍ മുഴുവന്‍ വിഷപ്പാമ്പുകളാണ്. രൈവത പര്‍വ്വതം ദരിദ്രനാണ്. ഹേമകൂടത്തിനും ത്രികൂടത്തിനും കുറെ കൊടുമുടികളുണ്ടന്നു മാത്രം. കിഷ്‌കിന്ധത്തിനും ക്രൗഞ്ചത്തിനും സഹ്യനും യാതൊരു ശക്തിയും മിടുക്കുമില്ല. എന്റെ കാര്യം ഇങ്ങനെയൊന്നുമല്ലെന്ന് അങ്ങേക്കറിയാമല്ലോ.

വിന്ധ്യന്റെ വീമ്പുപറച്ചില്‍ കേട്ട് നാരദമുനി വിചാരിച്ചു. ”ഇത്രത്തോളം അഹങ്കാരം നന്നല്ല. ശ്രീശൈലം മുതലായി ഐശ്വര്യം നിറഞ്ഞ എത്ര മലകള്‍ ഈ ഭൂമിയിലുണ്ട്! ദുരേ നിന്ന് അവയുടെ കൊടുമുടികള്‍ ഒന്നു കണ്ടാല്‍ മാത്രം മതി, മോക്ഷം കിട്ടും. ഇതൊന്നുമോര്‍ക്കാതെ ഇവന്‍ എന്തെല്ലാമാണ് പുലമ്പിയത് ഇവന്റെ ഗര്‍വ്വ് കുറച്ചേ തീരൂ”
മഹര്‍ഷി വിന്ധ്യനോട് സംസാരിച്ചു. ” താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണ്. എന്നാലും മഹാമേരുവിനെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല. അല്ലെങ്കില്‍, ഞാനെന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളാലോചിക്കുന്നു? താങ്കള്‍ സുഖമായിരിക്കൂ”

നാരദമുനി പോയപ്പോള്‍ വിന്ധ്യന്‍ നീരസത്തോടെ ആലോചിച്ചു. ” ഏതു തരത്തിലാണ് മഹാമേരുവിന് എന്നെക്കാള്‍ ശ്രേഷ്ഠത കൂടുതലുള്ളത്? സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളും പതിവായി മഹാമേരുവിനെ പ്രദക്ഷിണം വയ്ക്കുന്നുണ്ട്. എല്ലാവരെക്കാള്‍ ശക്തി മേരുവിനാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഞാന്‍ കാണിച്ചുകൊടുക്കാം”
ഇങ്ങനെ ഉറപ്പിച്ച് വിന്ധ്യന്‍ നിമിഷംതോറും വളര്‍ന്നു വലുതായി തുടങ്ങി. വളര്‍ന്നു വളര്‍ന്ന് വളര്‍ന്ന് വിന്ധ്യന്‍ സൂര്യന്റെ വഴി തടഞ്ഞ് ആകാശത്തില്‍ നില്‍പായി.

രാവിലെ പടിഞ്ഞാട്ടു പോകാന്‍ പുറപ്പെട്ട സൂര്യന്‍ വഴിയില്‍ മല തടഞ്ഞു നില്‍ക്കുന്നതുകണ്ട് എന്തുവേണമെന്നറിയാതെ പരിഭ്രമിച്ചു. വഴികിട്ടാഞ്ഞ് സൂര്യന്‍ ഉദിച്ച സ്ഥലത്തുതന്നെ സ്ഥിരമായി നിന്നു.ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഭൂമിയുടെ വടക്കും കിഴക്കുമുള്ളവര്‍ സൂര്യന്റെ ചൂടേറ്റ് പൊരിഞ്ഞുതളര്‍ന്നു. തെക്കും പടിഞ്ഞാറുമുള്ളവര്‍ ഇരുട്ടത്ത് തപ്പിനടന്ന് കഷ്ടപ്പെട്ടു. പുലര്‍ച്ചയും ഉച്ചയും സന്ധ്യയും രാത്രിയും തിരിച്ചറിയാതെ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ കുഴങ്ങി. സന്ധ്യാവന്ദനങ്ങളും പ്രാര്‍ത്ഥനകളും യാഗങ്ങളും നടക്കാതെയായി.

അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞതനുസരിച്ച് ദേവന്മാര്‍ വിന്ധ്യന്റെ ഗുരുവായ അഗസ്ത്യമഹര്‍ഷിയെ ചെന്നുകണ്ടു. അഗസ്ത്യ മുനി കാശി നഗരത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ശിവസമീപ്യമുള്ള സ്ഥലത്തു നിന്ന് പോകാന്‍ മടി തോന്നി.
ആ സമയത്ത് ശിവന്‍ മഹര്‍ഷിയോട് പറഞ്ഞു.”അങ്ങ് തെക്കന്‍ ദിക്കിലേക്ക് പോയി വിന്ധ്യനെ അടക്കി നിര്‍ത്തൂ. വ്യസനിക്കേണ്ട ഞാന്‍ താമസിയാതെ അങ്ങയുടെ സങ്കടം തീര്‍ക്കാന്‍ തെക്കന്‍ ദിക്കിലേക്ക് വരാം”

അഗസ്ത്യമുനി സന്തോഷിച്ച് പത്‌നിയായ ലോപമുദ്രയേയും കൂട്ടി കാശിയില്‍നിന്ന് വിന്ധ്യന്റെ അടുത്തേക്ക് പോയി. അഗസ്ത്യമഹര്‍ഷി വരുന്നതുകണ്ട് വിന്ധ്യന്‍ വിനയത്തോടെ തലകുനിച്ചു നിന്നു. അപ്പോള്‍ മുനി പറഞ്ഞു: ”വിന്ധ്യാ നീ അറിവുള്ളവനാണല്ലോ, ഞാനിപ്പോള്‍ തെക്കന്‍ ദിക്കിലേക്ക് പോകുന്നു. ഞാന്‍ തിരിച്ചുവരുന്നതുവരെ നീ ഇതു പോലെതന്നെ നില്‍ക്കണം”
അഗസ്ത്യമഹര്‍ഷി പോയി കഴിഞ്ഞപ്പോള്‍ വിന്ധ്യന്‍: ”ഗുരു ഇന്നോ നാളയോ വരും” എന്നു വിചാരിച്ച് കുമ്പിട്ടുകൊണ്ട് തന്നെ നിന്നു. ഇതുവരെ മുനി വന്നിട്ടില്ല; വിന്ധ്യന്‍ വളര്‍ന്നിട്ടുമില്ല.
ആ സമയം നോക്കി സൂര്യന്റെ തേരാളിയായ അരുണന്‍ കുതിരകളെ തെളിച്ചു. സൂര്യന്‍ മുമ്പത്തെപ്പോലെ സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ ലോകത്തിന് അസ്വാസ്ഥ്യമില്ലാതെയായി.
ശ്രീരാമന്‍ രാവണനോട് യുദ്ധം ചെയ്യാന്‍ വേണ്ടി കടലില്‍ അണകെട്ടിയശേഷം അവിടെ പ്രതിഷ്ഠിച്ച രാമേശ്വര ലിംഗത്തില്‍ പ്രവേശിച്ച് ശിവന്‍ അഗസ്ത്യ മഹര്‍ഷിയോടു ചെയ്ത പ്രതിജ്ഞ നിറവേറ്റി.

No comments:

Post a Comment