ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2017

വാസ്തുശാസ്ത്രത്തിലെ മാനവ്യവസ്ഥകള്‍:

വാസ്തുശാസ്ത്രത്തിലെ മാനവ്യവസ്ഥകള്‍:

വാസ്തുവിദ്യ അളവുകളില്‍ നിബദ്ധമാണ്. മാനസാരം എന്ന ഗ്രന്ഥത്തിന്‍റെ അര്‍ത്ഥം തന്നെ അളവുകളുടെ സത്ത് എന്നാണല്ലോ? സൂക്ഷ്മവും സ്ഥൂലവുമായ വാസ്തുക്കളുടെ അളവിന് ലളിതവും സൌകര്യപ്രദവുമായ രണ്ടുതരം മാനവ്യവസ്ഥകള്‍ ആദികാലം മുതല്‍ തന്നെ മുനികള്‍ കണ്ടുപിടിച്ച് ചിട്ടപ്പെടുത്തിയിരുന്നു.

കൃത്യമായ അളവുകളിലും, അനുപാതത്തിലും നിർമ്മിക്കപ്പെട്ട എന്തും കണ്ണിനു ഇമ്പകരവും, മനസ്സിന് ഉന്മേഷദായകവുമാണ്, നാം ഇരിക്കുന്ന ഒരു കസേര മുതൽ ബഹുനിലക്കെട്ടിടങ്ങൾ വരെ എന്തും.

വേങ്ങകൊണ്ടുചമച്ചോരു
കരികൊണ്ടുഴുതോരിടം
അളന്നുകൊണ്ടു വിധിക്കു-
തക്കവണ്ണം ചമപ്പിതു
അതില്‍ വേലിക്കകത്തേട-
മെന്നുവച്ചടയാളവും
സൂത്രം പിടിച്ചു തച്ചന്‍ കോല്‍
വച്ചുകൊണ്ടംഗുലങ്ങളും
യവമെന്നൊരു നെല്‍കൊണ്ട-
തെട്ടുകൊണ്ടതൊരംഗുലം
ഏഴുകൊണ്ടതുമാം പിന്നെ
ആറുകൊണ്ടതുമാം തഥാ
ഉത്തമാധമമദ്ധ്യം സ്യാ-
ദംഗുലം വിധിരൂപ്യതേ.
(വിശ്വകര്‍മ്മീയം)

വേങ്ങ കൊണ്ടു ഉണ്ടാക്കിയ കലപ്പവച്ചു ഭൂമിയെ ഉഴുതു സമീകൃതമാക്കി അളന്ന് വിധിയനുസരിച്ച് ഗൃഹത്തെ നിര്‍മ്മിക്കണം. വസ്തുവിന്‍റെ അളവുകണ്ട് സ്ഥപതി സൂത്രങ്ങള്‍ വിന്യസിക്കണം. മുഴക്കോല്‍ വച്ച് അംഗുലങ്ങളും മറ്റ് അളവുകളും അടയാളപ്പെടുത്തണം. യവം എന്ന നെല്ലിട എട്ടുകൂടുന്നത് ഒരംഗുലം, ഏഴുകൊണ്ടും ആറു കൊണ്ടും മൂന്നു വിധത്തിലും ക്രമത്തിലും അംഗുലപ്രഭേദങ്ങളുടെ ഉത്തമ-മദ്ധ്യമ-അധമത്വങ്ങള്‍ പറയുന്നു.

വാസ്തു ശാസ്ത്രത്തില്‍ ആനുപാതിക (Relational) മാനവ്യവസ്ഥയും,  കേവല (Absolute) മാനവ്യവസ്ഥയും ഉണ്ട്.

ആനുപാതിക മാനവ്യവസ്ഥയില്‍

1)മനുഷ്യശരീരത്തിലെ അനുപാതങ്ങളില്‍ നിന്ന് ജന്യമായ താലമാനം 

2)ഗണിതശ്രേണികളില്‍ ആധാരിതമായ ദണ്ടു മാനം.

കേവല മാനവ്യവസ്ഥയില്‍ 1)മനുഷ്യശരീരത്തിന്‍റെ അളവുകളില്‍ ആധാരിതമായ അംഗുലമാനം

2)ധാന്യത്തിന്‍റെ അളവുകളില്‍ ആധാരിതമായ യവമാനം.

ഒരു താലം എന്നത് പൂര്‍ണ്ണ വളര്‍ച്ചയുള്ള ഒരു മനുഷ്യന്‍റെ കൈപ്പത്തിയുടെ നീളമാണ്. മുഖത്തിന്‍റെ ദൈര്‍ഖ്യവും ഒരു താലമാണ്. മൂര്‍ത്തിനിര്‍മ്മാണത്തിനാണ് താലമാനം പൊതുവേ ഉപയോഗിക്കുന്നത്. മൂലാധാരമായി  സങ്കല്‍പ്പിക്കുന്ന അളവ് ദണ്ട് ആയി എടുത്ത്, മറ്റ് അളവുകള്‍ ഈ ദണ്ടിനെ ആധാരമാക്കി എടുക്കുന്നു.

അംഗുലത്തിന്‍റെ അളവ് വലതുകൈയ്യിലെ നടുവിരലിന്‍റെ മദ്ധ്യഖണ്ഡത്തിന്‍റെ നീളമാണ്. നവധാന്യങ്ങളില്‍ പെടുന്ന ഗോതമ്പിന്‍റെ ഒരിനമാണ്‌ യവം. നെല്‍വര്‍ഗ്ഗങ്ങളിലെ ധാന്യങ്ങളും
യവത്തിന്‍റെ സ്ഥാനത്ത് സ്വീകരിച്ചിരുന്നു. യവോദരം (യവത്തിന്‍റെ വീതി) ആണ് യവം എന്ന അളവ്. 8 യവം ഒരു അംഗുലമാണ്. 24 അംഗുലം ഒരു കോല്‍.

യവം ബിംബനിര്‍മ്മാണത്തിനും, കോല്‍ ഗൃഹനിര്‍മ്മാണത്തിനും, ദണ്ട് ഭൂമി അളക്കുവാനും ഉപയോഗിക്കുന്നു.

വാസ്തുരൂപങ്ങളില്‍ ഉപയോഗിക്കുന്ന അളവുകള്‍:

1. 8 പരമാണു  -  ഒരു രേണു
2. 8 രേണു – ഒരു ബാലാഗ്രാം
3. 8 ബാലാഗ്രാം – ഒരു ലിക്ഷ
4. 8 ലിക്ഷ – ഒരു യൂകം
5. 8 യൂകം – ഒരു യവം
6. 8 യവം – ഒരു അംഗുലം
7. 8 അംഗുലം – ഒരു പദം
8. 12 അംഗുലം – ഒരു വിതസ്തി
9. 24 അംഗുലം – ഒരു കോല്‍
10. 4 കോല്‍ - ഒരു ദണ്ട്
11. 8 ദണ്ട് – ഒരു രജ്ജു
12. 1000 ദണ്ട് – ഒരു നാഴിക
13. 8000 ദണ്ട് – ഒരു യോജന
14. 1000 രജ്ജു - ഒരു യോജന

32768 പരമാണു ഒരു യവം എന്ന് വാസ്തുപ്രമാണങ്ങളില്‍ പറയുന്നു. ഈ അളവ് മാംസചക്ഷുസ്സുകള്‍ക്ക് ഗോചരമല്ല. മുനികള്‍ ധ്യാന സങ്കല്‍പ്പത്തിലാണ് ഇതു ദര്‍ശിച്ചിരുന്നത്. ഒരു നാഴിക (24 മിനിറ്റ്) കൊണ്ട് നടന്ന് എത്താവുന്ന ദൂരമാണ് ഒരു നാഴികയായി നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 2.88 കി.മീ ആണ്. 8000 ദണ്ട് 23കി.മീ (ഒരു യോജനയാണ്).

24 അംഗുലം ഒരു കോല്‍ അല്ലെങ്കില്‍ കിഷ്കു എന്ന് അറിയപ്പെടുന്നു. “കിഷ്കു” എന്ന മുഴക്കോലിന് 72 cm കണക്കാക്കിയിരിക്കുന്നു; എന്നാല്‍ ദേശഭേദമനുസരിച്ച് ഇത് 63cm മുതല്‍  84cm വരെ ഉണ്ട്.

പൌരാണികമായി പല വംശങ്ങളും ഭാരതത്തില്‍ താമസിച്ചിരുന്നു; അതിനാല്‍ മുഴക്കോലിന്‍റെ ദൈര്ഖ്യത്തിലും വ്യത്യാസമുണ്ട്. 

24 അംഗുലം മുതല്‍  31 അംഗുലം വരെ നീളമുള്ള 8 തരം കോല്‍ അളവുകളെപ്പറ്റി വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു:

1. കിഷ്കു ( 24 അംഗുലം)
2. പ്രജാപത്യം(25 അംഗുലം)
3. ധനുര്‍മുഷ്ടി(26 അംഗുലം)
4. ധനുര്‍ഗ്രഹം(27 അംഗുലം)
5. പ്രാച്യം(28 അംഗുലം)
6. വൈദേഹം(29 അംഗുലം)
7. വൈപുല്യം(30 അംഗുലം)
8. പ്രകീര്‍ത്തിതം(31 അംഗുലം)

ഇവയ്ക്കെല്ലാം പുറമേ, യജമാന ഹസ്തം തന്നെ യാഗശാലകള്‍ക്കും മറ്റും മാനപ്രമാണമായി ഉപയോഗിക്കാറുണ്ട്. ഈ അളവ് പിന്നീടു വരാവുന്ന പണികള്‍ക്ക് ഉപയോഗപ്പെടാന്‍ കല്ലില്‍ രേഖപ്പെടുത്തും.

പന്നിയൂര്‍ ക്ഷേത്രത്തിന്‍റെ മണ്ഡപത്തറയിലും, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മണ്ഡപ സ്തംഭത്തിലും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിലും ഹസ്തം അങ്കനം ചെയ്യപ്പെട്ടിരിക്കുന്നു. അവയുടെ കേവലദൈര്‍ഖ്യം വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍, എല്ലായ്പ്പോഴും ഒരു ഹസ്തം 24 അംഗുലം തന്നെയാണ്.

ഇപ്പോള്‍ 24 അംഗുലം ദീര്‍ഘമുള്ള “കിഷ്കു” എന്ന കോലാണ് എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. ഇത് എല്ലാ ആചാര്യന്മാര്‍ക്കും സമ്മതമായിരിക്കുന്നു. 

ഗൃഹം, അങ്കണം മുതലായവയെ കോല്‍പ്രമാണത്തിലാണ് അളക്കേണ്ടത്‌. എന്നാല്‍, മൂന്നു കോലില്‍ താഴെ ചുറ്റളവുള്ളവയെ അംഗുലപ്രമാണത്തിലും അളക്കേണ്ടതാണ്; ചുറ്റളവ് മൂന്ന് അംഗുലത്തില്‍ കുറവാണെങ്കില്‍,  അവയെ യവ പ്രമാണമാക്കിയും അളക്കണമെന്നാണ് ആചാര്യമതം.   

3 cm=1 അംഗുലം
8 അംഗുലം = 1 പദം

No comments:

Post a Comment