ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 August 2024

ശിവരാത്രികൾ

ശിവരാത്രികൾ

മഹാദേവന് പ്രിയപ്പെട്ടതാണ് ശിവരാത്രി. ശിവരാത്രികൾ അഞ്ചുതരമുണ്ട്. അവയുടെ പേരുകളും ഫലങ്ങളും.

(1) മഹാശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിനാളിൽ വരുന്ന ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് ജീവൻമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

(2) യോഗശിവരാത്രി
തിങ്കളാഴ്ച മുഴുവൻ വരുന്ന അമാവാസിയാണ് യോഗ ശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് സർവ്വപാപമുക്തി ഫലം.

(3) നിത്യശിവരാത്രി
വർഷത്തിലെ 12 മാസങ്ങളിലും വരുന്ന 12 കൃഷ്ണപക്ഷ ചതുർദ്ദശി, 12 വെളുത്തപക്ഷ ചതുർദ്ദശി എന്നിങ്ങനെയുള്ള 24 ചതുർദ്ദശികളും നിത്യശിവരാത്രിയെന്ന് പറയപ്പെടുന്നു.

(4) പക്ഷശിവരാത്രി
മകരമാസത്തിലെ കൃഷ്ണപക്ഷ പ്രഥമതിഥി മുതൽ 13 ദിവസം വരെ ചിട്ടയോടെ ഒരു നേരം ഭക്ഷിച്ച് 14-ാം മത്തെ ദിവസമായ ചതുർദ്ദശിയിൽ പൂർണ്ണ ഉപവാസമനുഷ്ടിക്കുന്നതിനെയാണ് പക്ഷശിവരാത്രി എന്ന് പറയുന്നത്.

(5) മാസശിവരാത്രി
മാസം തോറും അമാവാസിക്ക് തലേന്നു വരുന്ന ചതുർദ്ദശി തിഥിയെയാണ് മാസ ശിവരാത്രി എന്ന് വിളിക്കുന്നത്.

ശിവായ നമ: എന്ന് ജപിക്കുന്നവർക്ക് ഒരിക്കലും പരാജയമുണ്ടാവുകയില്ല. ശിവരാത്രി ദിവസം രാത്രി ശിവന് നാല് യാമ പൂജകൾ നടത്തപ്പെടുന്നു.
ആദ്യയാമത്തിൽ ബ്രഹ്മാവും, രണ്ടാം യാമത്തിൽ മഹാവിഷ്ണുവും, മൂന്നാം യാമത്തിൽ ശക്തിസ്വരൂപിണിയായ ദേവിയും, നാലാംയാമത്തിൽ മുപ്പത്തിമുക്കോടി ദേവകളും, മഹർഷിമാരും, ഭൂതഗണങ്ങളും, മനുഷ്യരും, സമസ്ത ജീവജാലങ്ങളും ശിവനെ പൂജിക്കുന്നു.

ഇവ സൗകര്യമനുസരിച്ച് അനുഷ്ടിക്കാവുന്നതാണ്. ഈ ശിവരാത്രി വ്രതമനുഷ്ടിക്കുന്നവർക്ക് മാത്രമല്ല, അവരുടെ സന്തതിപരമ്പരകൾക്കും എല്ലാ സൗഭാഗ്യങ്ങളം ശിവഭഗവാൻ്റെ അനുഗ്രഹത്താൽ ലഭിക്കും എന്നാണ് വിശ്വാസം.

താരോപദേശം

താരോപദേശം

മരണം നടന്ന വീടുകളിൽ താരോപദേശം എന്ന ഭാഗം പണ്ട് കാലങ്ങളിൽ പാരായണം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ കാണാറിലെങ്കിലും, പ്രിയപ്പെട്ടവരുടെ മരണമെന്ന സത്യത്തിന് മുന്നിൽ പതറാതെ മുന്നോട് കൈ പിടിച്ചുയർത്താൻ ഈ താരോപദേശം പ്രചോദനമാകട്ടെ.

ബാലി മരിച്ചു കിടക്കുന്നതു കണ്ട് വാവിട്ടലറി നിലവിളിക്കുന്ന ഭാര്യയെ ശ്രീരാമന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തത്വോപദേശത്തിലൂടെ സാന്ത്വനപ്പെടുത്തുന്നതു നോക്കുക.

"നിന്നുടെ ഭര്‍ത്താവു ദേഹമോ, ജീവനോ
ധന്യേ, പരമാര്‍ത്ഥമെന്നോടു ചൊല്ലൂ നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വക് മാംസ രക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമോര്‍ക്ക നീ"

മനുഷ്യശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്നും. ത്വക്ക്, മാംസം, രക്തം, അസ്ഥികള്‍ തുടങ്ങിയവയുടെ ഒരു സഞ്ചിതരൂപമാണെന്നും ബോധ്യപ്പെടുത്തുന്നു. ക്ഷണഭ്രാ ചഞ്ചലമായ ജീവിതം ക്ഷണഭംഗുരമാണ്. ഏതു സമയവും നശ്വരമായ ആ ജഡത്തിനെ ഓര്‍ത്തു വിലപിക്കുന്നത് മൂഢത്വമാണ്. ജീവന്‍ അനശ്വരമാണ്. അത് ആത്മാവാണ്. അതിന് സുഖമില്ല, ദുഃഖമില്ല. ഉഷ്ണവും ശൈത്യവുമില്ല. ബന്ധവും ബന്ധനവുമില്ല. ജനനവും മരണവുമില്ല. അതിന് സ്ത്രീപുരുഷഭേദവുമില്ല. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദുഃഖത്തിന് ഒരു കാരണവുമില്ല. എന്നാല്‍ ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബന്ധമുണ്ടാകുമ്പോള്‍ അഹങ്കാരാദികള്‍ സംഭൂതമാകും. അപ്പോള്‍ അവിവേകമുണ്ടാകുന്നു.
അവിവേക കാരണത്താല്‍ അപകടമുണ്ടാകുന്നു. ജഗമ്മിഥ്യ എന്ന സാരാംശം ഓര്‍ക്കുകയാണെങ്കില്‍ ആര്‍ക്കും യാതൊരു വസ്തുവിലും ആസക്തിയുണ്ടാകില്ല. ലോക ജീവിതമാണെങ്കില്‍ രാഗ രോഷാദികളാല്‍ സങ്കല്പമാണ്. സൂഷ്മമായ നിരീക്ഷണത്തില്‍ എല്ലാം വ്യര്‍ത്ഥമാണെന്ന സത്യം നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നശ്വരമായ ജഡചിന്ത വിട്ട് ആത്മാവിനെ ഈശ്വരങ്കല്‍ ലയിപ്പിക്കാന്‍ ശ്രമിച്ചാല്‍ മായയില്‍ മൂടിയ ജീവിതത്തില്‍ ചിരന്തന ശാന്തിയും സമാധാനവും ലഭിക്കും. ദൈനന്ദിന ജീവിതത്തില്‍ വിഷാദമനുഭവിക്കുന്ന ശോകഗ്രസ്തരായ സാധാരണ മനുഷ്യന് ഈ താരോപദേശം ഒരു സാരോപദേശമായി കരുതാം.


പകുതി ഹനുമാൻ പകുതി ഗണപതിയും

പകുതി ഹനുമാൻ പകുതി ഗണപതിയും

നിങ്ങൾ അർദ്ധനാരീശ്വരം എന്ന് കേട്ടിട്ടുണ്ടാകുമല്ലേ. അതായത് ശിവ പരാത്മാവും, പ്രകൃതിയാകുന്ന പാർവ്വതിയും ചേരുന്ന അർദ്ധനാരീശ്വരം. അതുപോലേ ശങ്കരനാരായണവും കേട്ടിരിക്കും. പകുതി ശിവഭഗവാനും, പകുതി നാരായണനും.

എന്നാൽ നിങ്ങൾ വിനായകഹനുമാനേ കണ്ടിട്ടുണ്ടോ. അപൂർവ്വമായി ഇങ്ങനെയൊരു പ്രതിഷ്ഠയുള്ള ക്ഷേത്രം നിലവിലുണ്ട്. ആദിന്ത്യപ്രഭു എന്നാണ് ഇത് അറിയപ്പെടുന്നത്. 

ചെന്നൈയിലെ അഡയാർ മൂലയിൽ നിന്ന് സർദാർ പട്ടെൽ റോഡിൽ ഗുണ്ടിയിലേക്ക് യാത്ര ചെയ്യുമ്പോൾ, ഇടതുവശത്ത് ബഹിംഹാം കനാലിനോട് (Bahimham Canal) ചേർന്ന് മദ്ധ്യകൈലാസ് എന്ന ശിവക്ഷേത്രം കാണപ്പെടുന്നു.

ശ്രീ കാഞ്ചി മഠത്തിലെ ശ്രീ പരമാചാര്യരുടെ മാർഗനിർദേശപ്രകാരം 1977 ൽ ഈ ക്ഷേത്രത്തിൽ ഒരു ഗണപതി ക്ഷേത്രം നിർമ്മിച്ചു.

തുടർന്ന് തിരുമല തിരുപ്പതി വെങ്കടേശ്വര ദേവസ്ഥാനം ഈ ക്ഷേത്രത്തിലേക്ക് ഒരു വിശിഷ്ഠമായ ഗണപതി വിഗ്രഹം സമർപ്പിക്കുകയും, ക്ഷേത്രത്തിൽ വെങ്കടേശ്വര ആനന്ദ വിനായകൻ എന്ന പേരിൽ, 1984 ജൂലൈ 15-ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ച് കുംഭാഭിഷേകവും നടത്തി.

എന്നാൽ ബജന സമ്പ്രദായത്തിൽ "തുടക്കമില്ലാത്തതും എന്നാൽ എല്ലാത്തിന്റേയും തുടക്കവുമായ ഗണപതിയും, ചിരംജീവിയായി - ഒരിക്കലും ഒടുക്കമില്ലാത്തവനുമായ ഹനുമാനേയും" ഒരു വിഗ്രഹത്തിൽ പ്രതിഷ്ഠിക്കണമെന്ന ദേവപ്രശ്നത്തെ തുടർന്ന് ഇവരെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് ആദീന്ത്യപ്രഭുവിനെ യാഥാർത്ഥ്യമാക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തു. 1994-ൽ ആധ്യാന്തപ്രഭുവിന് കുംഭാഭിഷേകവും നടത്തി. ശ്രീ കാഞ്ചി മഠത്തിലെ പരമാചാര്യരുടെ കീഴിലായിരുന്നു ചടങ്ങുകൾ.

ഒമ്പത് തുളസി ഇലകളും ഒമ്പത് എരുക്കിൻ പൂക്കളും ചേർത്തു വച്ച് ശ്രീആദിന്ത്യ പ്രഭുവിൻ്റെ പാദങ്ങളിൽ അർപ്പിച്ചാൽ ജീവിത ദുരിതത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതുന്നു. കൂടാതേ, ധനുർ മാസത്തിലെ വിനായക ചതുർത്ഥിയും ഹനുമന്ത് ജയന്തി പൂജയും എടുത്തു പറയേണ്ടതാണ്.

ക്ഷേത്രത്തിൻ്റെ പ്രവർത്തന സമയം: രാവിലെ 6 മുതൽ രാത്രി 8.30 വരെ
ഓഫീസിൻ്റെ പ്രവർത്തന സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 5 മുതൽ രാത്രി 8.30 വരെയും.

അഹം ബ്രഹ്മാസ്മി

അഹം ബ്രഹ്മാസ്മി

നമ്മളിൽ ഏറെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അണുബോംബിനേക്കാൾ അപകടകാരിയുമായ ഒരു വാക്കാണിത്.

അഹം ബ്രഹ്മാസ്മി എന്ന് പറയാൻ യോഗ്യത ഉള്ളവർ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.

ബ്രാഹ്മജ്ഞാനി എന്ന്...

അതും വാക്ക് കൊണ്ട്പോലുമല്ല,
ഹൃദയം കൊണ്ട്.

അല്ലാതെ നമ്മളെ പോലുള്ള സാധാരണക്കാർ ഈ വാക്ക് ഉപയോഗിച്ചാൽ അത് അവനിലെ മറഞ്ഞിരിക്കുന്ന അഹന്ത വർധിപ്പിക്കാൻ മാത്രമേ കാരണമാകു.

അത് എങ്ങനെ എന്ന് നോക്കാം...

അഹം ബ്രഹ്മാസ്മി എന്ന് നമ്മൾ പറയുമ്പോ 
"അഹം അല്ലെങ്കിൽ ഞാൻ എന്ത് എന്നതാണ് അവിടെ ഉയരുന്ന അടുത്ത ചോദ്യം?."

ശരീര മനോ ദ്രവ്യാത്മകമായി മാത്രം വർത്തിക്കുന്ന അല്ലെങ്കിൽ വർത്തിക്കാൻ ശീലിച്ച ഒരുവൻ അഹം ബ്രഹ്മം (ഞാൻ പരമമായത്/ ഞാൻ ശ്രേഷ്ടമായത്/ ഞാൻ ഉന്നതമായത് ) എന്ന് പറയുമ്പോൾ അത് അവനിലെ അഹങ്കാരമാണ് അവൻപോലുമറിയാതെ അവിടെ ഉയർത്തിപ്പിടിക്കുന്നത്.

അപ്പോൾ ആ അഹന്തയാണ് ഉന്നതമായത് എന്ന് അവൻ അവനോട് തന്നെ ഒരു ഓട്ടോസജഷൻ പോലെ എപ്പോളും പറഞ്ഞ് കൊടുത്തു കൊണ്ടിരിക്കുകയാണ് അവിടെ ചെയ്യപ്പെടുന്നത്.

അതാണ് ലോകത്തിലെ ഏറ്റവും അപകടമായ അവസ്ഥ.

ഒരിക്കലും നമ്മളെ പോലെ താഴെ തട്ടിൽ നിൽക്കുന്ന ഒരാൾ അത്തരം വാക്കുകൾ ഉപയോഗിക്കാനേ പാടില്ല എന്നേ ഞാൻ പറയു.. 

അഹം ദ്രവ്യം...
 ഈ വാക്ക് ചിലപ്പോൾ അവന് തിരിച്ചറിവിലേക്ക് നയിക്കാം.
ഇത് അവനിലെ ദ്രവ്യാത്മകമായ ബോധത്തെ കാട്ടിക്കൊടുക്കാനെങ്കിലും ഉപകരിക്കും.

പരിണമിച്ചു ശക്തിയായ മായ്ക്ക് മാത്രമേ പുരുഷനെ ശിവനിലേക്ക് നയിക്കാനാവു എന്ന് കേട്ടിട്ടില്ലേ അതുപോലെ തന്നെ ഇതും.

മായയെ തിരിച്ചറിഞ്ഞാൽ പെട്ടെന്ന് നമുക്ക് ശിവബോധത്തിലേക്ക് കടന്നു ചെല്ലാം.

എന്നെങ്കിലും ഒരുനാൾ ഒരുവനിൽ ബ്രഹ്മബോധം അനുഭവഭേദ്യമായാൽ അതിൽ തന്നെ അവന് എത്ര കാലം തുടരാൻ കഴിയുന്നോ അത്ര കാലം വരെ ഉച്ചാരണമില്ലാതെ അവന്റെ ഹൃദയത്തിൽ ഉണ്ടാവേണ്ട വൈഖരി മന്ത്രമാണ് അഹം ബ്രഹ്മാസ്മി.

അല്ലാതെ മറ്റുള്ളവരെ കേൾപ്പിക്കാൻ, ഞാൻ എന്തോ ആയിപ്പോയി എന്ന് കാണിക്കാൻ പലരും ആ വാക്ക് ഉപയോഗിക്കുന്നത് കാണാറുള്ളത്. 
അത് തീർത്തും ദോഷകരമായ പ്രവർത്തിയാണത്.
അത് അവനെ മായയിൽ തളച്ചിടാൻ മാത്രമേ ഉപകരിക്കുകയുള്ളു.

ഉയരാനുള്ള ഒരു സാധ്യത പോലും അത് അവിടെ ഇല്ലാതാക്കും 

അഹം ബ്രഹ്മാസ്മി 
അത് വാക്കുകൊണ്ടുണ്ടാക്കി എടുക്കേണ്ട ഉച്ചാരണമോ ശബ്ദമോ അല്ല.

മറിച്ച് ബോധത്തിന്റെ നിറവിൽ ഒരുവനിൽ ഉണ്ടായിതീരേണ്ട ഒരവസ്ഥയാണത്.
ജീവ മന്ത്രം പോലെ ആത്മവിനോട് ചേർന്ന് നിൽക്കേണ്ടത്.



.

വാതാപി ഗണപതിം ഭജേഹം

"വാതാപി ഗണപതിം ഭജേഹം"

ഇന്നത്തെ വടക്കൻ കർണ്ണാടകയിലെ ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ മാറി ബാഗൽക്കോട്ട് ജില്ലയിലെ ബാദാമി (അഥവാ വാതാപി). ഇവിടെ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രങ്ങളുടെ സമുച്ചയമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം.

വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ‍മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ചിട്ടപ്പെടുത്തിയ ക്യതിയാണ്‌ വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.

ഏതൊരു സംഗീതഞ്ജനും തന്റെ സംഗീതക്കച്ചേരി ആരംഭിക്കുന്നത് മിക്കവാറും ഈ കീർത്തനം വളരെ ഭക്തിപൂർവ്വം ആലപിച്ചുകൊണ്ടാണ്.

സർവ്വവിഘ്‌നനിവാരണത്തിനും, സമസ്തമംഗളലാഭത്തിനും നിത്യജീവിതത്തിലെ ഏറെക്കുറെ എല്ലാബുദ്ധിമുട്ടുകളും തരണം ചെയ്യുന്നതിനും ഗണപതി ഭഗവാന്റെ അനുഗ്രഹം അനിവാര്യം ആണ്...

ഭഗവാന്റെ അനുഗ്രഹം നേടാൻ ഒരുപാടു മന്ത്രങ്ങളും, സ്തുതികളും എല്ലാ ഭാഷകളിലും ഉണ്ട്..

ഏതൊരു കാര്യവും തുടങ്ങുന്നതിനു മുന്നേ ഭഗവാനെ ധ്യാനിക്കുക. ഭഗവാന്റെ അനുഗ്രഹം തേടുക. എല്ലാം മംഗളകാരമായി ഭവിക്കും എന്നതാണ് ഭക്ത വിശ്വാസം.

വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ

വാതാപി ഗണപതിം ഭജേഹം

ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം

വാതാപി ഗണപതിം ഭജേഹം

പുരാ കുംഭ സംഭവ മുനിവര
പ്രപൂജിതം ത്രികോണ മധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രാസ്തിതം

പരാതി ചാത്വാരി വാഗാത്മകം
പ്രണവ സ്വരൂപാ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്രഖണ്ഡം
നിജവാമകര വിധൃതേക്ഷുദണ്ഡം

കരാംബുജ പാശ ബീജാരൂപം
കലുഷ വിദൂരം ഭൂതാകാരം
ഹരാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേരംഭം

വാതാപി ഗണപതിം ഭജേഹം

ഭഗവാന്റെ പാദപത്മങ്ങൾ

ഭഗവാന്റെ പാദപത്മങ്ങൾ

എല്ലാ ശ്രീകൃഷ്ണ ഭക്തരുടെയും ആഗ്രഹമാണ് - ഭഗവാൻ്റെ പാദപത്മങ്ങൾ ദർശിക്കണം, പാഞ്ചാലിയെപ്പോലെ ആ പാദങ്ങൾ ഭക്തിയുടെയും സ്നേഹത്തിൻ്റെയും കണ്ണീർ കൊണ്ട് കഴുകണം, അവസാനം ആ പാദങ്ങളിൽ വിലയം പ്രാപിക്കണം. എന്താണ് ഭഗവാൻ്റെ പാദങ്ങളുടെ പ്രത്യേകതകൾ ? എന്തുകൊണ്ടാണ് ഭക്തർ അതിനെ പാദപത്മങ്ങൾ എന്ന് വിളിക്കുന്നത് ?

ഭഗവാൻ കൃഷ്ണന്റെ പത്മപാദങ്ങൾ 19 മഹത്തായ ഐശ്വര്യങ്ങളാൽ സമ്പന്നമാണ്. ഇടത് പാദത്തിൽ - അർദ്ധചന്ദ്രൻ, ജലപാത്രം, ത്രികോണം, വില്ല്, ആകാശം, പശുവിന്റെ കുളമ്പ്, മത്സ്യം, ശംഖ്: വലത് പാദത്തിൽ - എട്ട് പോയിന്റുള്ള നക്ഷത്രം, സ്വസ്തിക, ചക്രം, കുട, യവം, ആനക്കൊമ്പ്, പതാക, ഇടിമിന്നൽ, ഞാവൽപ്പഴം, ഊർധ്വവരേഖ, താമര എന്നിവ.

ഭഗവാൻ കൃഷ്ണന്റെ ഈ പാദചിഹ്നങ്ങൾ പ്രതീകാത്മകങ്ങളാണ്. അവ ഭക്തർക്ക് - നിർഭയത്വം, ഭൗതിക ദുരിതങ്ങളിൽ നിന്ന് മോചനം, ഭൗതിക ലോകത്തിലെ ഐശ്വര്യം, ഭക്തമനസ്സുകൾ ഭഗവദ് പാദങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവ മുറുകെ പിടിക്കപ്പെടുകയും ചെയ്യുന്നു. ദുരിതങ്ങളെ നശിപ്പിക്കുന്നു, വളരെ എളുപ്പത്തിൽ ഭഗവാനിൽ ഭക്തി നൽകുന്നു, ജ്ഞാനവും വൈരാഗ്യവും, സർവ്വ മംഗളം, ആറ് ശത്രുക്കളെയും (കാമം, അത്യാഗ്രഹം, ക്രോധം, മിഥ്യാധാരണ, അഹങ്കാരം, അസൂയ) വെട്ടിമുറിക്കുന്നു, ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ഭൗതിക പ്രകൃതിയുടെ മൂന്ന് രീതികളെ മറികടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നു.

ജ്ഞാനികളും ശ്രീകൃഷ്ണ ഭക്തന്മാരും ഭഗവാൻ്റെ പന്മപാദങ്ങളെ ധ്യാനിക്കുകയും കൃഷ്ണന്റെ പാദകമലങ്ങളുടെ നിത്യസേവനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ പാദങ്ങളിൽ മുറുകെ പിടിക്കുന്ന ഒരാൾക്ക് ഈ സംസാരത്തിൽ നിന്ന് മോചനം ലഭിക്കും.

ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിൽ താമസിക്കുമ്പോൾ, ഗോപ ബാലന്മാരോടൊപ്പം രാവിലെ പശുക്കളുമായി കാട്ടിൽ പോകുമ്പോഴും വൈകുന്നേരങ്ങളിൽ തിരിച്ചെത്തുമ്പോഴും കൃഷ്ണന്റെ പാദമുദ്രകളിൽ നിന്ന് ഗോപികമാർ പൊടിയെടുക്കാറുണ്ടായിരുന്നു. കൃഷ്ണനെയും ബലരാമനെയും മഥുരയിലേക്ക് കൊണ്ടു പോകാനെത്തിയ അക്രൂരൻ വൃന്ദാവനത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ, ഭഗവാൻ കൃഷ്ണന്റെ പാദചിഹ്നങ്ങൾ കണ്ട് രഥത്തിൽ നിന്ന് ചാടിയിറങ്ങി ആ പാദചിഹ്നങ്ങളിൽ ഭക്തിപൂർവ്വം കിടന്നുരുണ്ടതായി ഭാഗവതം പറയുന്നു.

വത്സസ്തേയത്തിൽ ബ്രഹ്മാവ് കൃഷ്ണനെ പരീക്ഷിക്കാനായി പശുക്കളെയും കൃഷ്ണന്റെ ഗോപാലസുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി ഒരു വർഷം ഗുഹകളിൽ പാർപ്പിച്ചു. ഈ സമയത്ത്, കൃഷ്ണൻ സ്വയം പശുക്കളും സുഹൃത്തുക്കളുമായി അവരുടെ യതൊരു മാറ്റവുമില്ലാത്ത രൂപങ്ങൾ പ്രാപിച്ച് ഒരു വർഷം കഴിയുന്നു. തൻ്റെ തെറ്റ് മനസ്സിലാക്കിയ ബ്രഹ്മാവ് താൻ ഗുഹയിൽ സൂക്ഷിച്ച പശുക്കളെയും ഗോപബാലന്മാരെയും തിരികെ നൽകി. എപ്പോഴും കൃഷ്ണനുമായി കളിക്കുകയും തിന്നുകയും പാടുകയും സല്ലപിക്കുകയും ഭഗവാൻ്റെ പാദത്തിലെ പൊടി സ്വന്തം ശരീരങ്ങളിൽ പുരളാന്നും ഭാഗ്യം ചെയ്ത കൃഷ്ണന്റെ ഗോപാല സുഹൃത്തുക്കളെ അപേക്ഷിച്ച് ബ്രഹ്മാവിന്റെ സ്ഥാനം പോലും നിസ്സാരമാണെന്ന് കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നമ്മൾ എല്ലാവരുടെയും മനസ്സും ഹൃദയവും എപ്പോഴും ഭഗവാൻ കൃഷ്ണന്റെ പാദപത്മങ്ങളിൽ നിർല്ലീനമായിരിക്കട്ടെ. ഭഗവാൻ്റെ കൃപയാൽ നാം ചെയ്യുന്ന സത്പ്രവൃത്തികൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം, നാം എവിടെയായിരുന്നാലും, ഏത് സാഹചര്യങ്ങളിലായാലും, ഏത് ജന്മങ്ങളിലായാലും, ഭഗവാൻ്റ പാദപത്മങ്ങളോടുള്ള അചഞ്ചലമായ സ്നേഹവും ഭക്തിയും പ്രദാനം ചെയ്യട്ടെ.

എണ്ണ തേക്കുന്നതിന്റെ പ്രയോജനം എന്തൊക്കെ ?

എണ്ണ തേക്കുന്നതിന്റെ പ്രയോജനം എന്തൊക്കെ ?
 
കാലിന്നു എണ്ണ തേച്ചാല്‍ കാലിനുണ്ടാകുന്ന പരുപരുപ്പം ശുഷ്കതയും, രൂക്ഷത്വം, ക്ഷീണം തരിപ്പ് ഉടനെ ശമിക്കുന്നതാകുന്നു . 
 
കാലിലെ എണ്ണ തേപ്പു കാലുകള്‍ക്ക് ഭംഗിയും ബലവും സ്ഥിരതയും ഉണ്ടാകും, കണ്ണ് തെളിയും, കാലിന്നുണ്ടാകുന്ന വാത രോഗം ശമിക്കുകയും ചെയ്യും. 
 
കാലിലെ എണ്ണ തേപ്പു കൊണ്ട് ചില വാത രോഗങ്ങള്‍ ഉണ്ടാകുന്നതല്ല. കാലു കീറല്‍ ഉണ്ടാകില്ല, സിരകളും സ്നയുക്കളും വളഞ്ഞു കൂടുകയില്ല (വേരികോസ് ) ഉണ്ടാകില്ലന്നര്‍ത്തം.
 
ശരീരം എണ്ണ തേച്ചു തിരുമ്മിയാല്‍ ദുര്‍ഗന്ധം, കനം, മടി, ചൊറിച്ചില, ചുളി, അരുചി, വിയര്‍പ്പു കൊണ്ടുള്ള അറപ്പ് എന്നിവ ശമിക്കും. 
 
ദിവസവും കുളിച്ചാല്‍ വൃത്തിയും ശുക്ലവൃദ്ധിയും ആയുസ്സും ഉണ്ടാകും ക്ഷീണവും വിയര്‍പ്പും ദേഹത്തിലെ ചെളിയും പോകും ശരീര ബലവും ഓജസ്സും വര്‍ദ്ധിക്കും . 
 
ചന്ദനം മുതലായ സുഗന്ധ ദ്രവ്യങ്ങള്‍ ലേപനം ചെയ്യുന്നതും സുഗന്ധമുള്ള മാലകള്‍ ധരിക്കുന്നതും ശുക്ലവൃദ്ധി സുഗന്ധം, ആയുസ്സ്, സൌന്ദര്യം, പുഷ്ടി, ബലം, മനസന്തോഷം എന്നിവയെ ഉണ്ടാക്കുന്നതും അലക്ഷ്മിയെ ശമിപ്പിക്കുന്നതും ആകുന്നു.

ചരക സംഹിത