ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

ശിവ ഗുണങ്ങൾ

ശിവ ഗുണങ്ങൾ

1) ശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

2) തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.

3) ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

4) ഭസ്മം : ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

5) ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

6) നീലകണ്ഠം : സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

7) ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

8) നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്.വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

9) മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

10) തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

11) ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

12) നന്ദികേശ്വരൻ:ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി.പശുപതി എന്നൊരു നാമവും ശിവനുണ്ട്.മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി

നവഗ്രഹപൂജ

നവഗ്രഹപൂജ

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന ‘ദേവത’യുടെ ‘ഉപദേവതാ’സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്.
തുടര്‍ന്ന്
1⃣സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ട് മധ്യഭാഗത്ത് കിഴക്കോട്ടും
2⃣ചൊവ്വയെ തെക്കോട്ട് തെക്കു നടുക്കും,
3⃣ശുക്രനെ കിഴക്കോട്ട് കിഴക്കുനടുക്കും,
4⃣ചന്ദ്രനെ പടിഞ്ഞാറോട്ട് അഗ്നികോണിലും
5⃣ബുധനെ കിഴക്കോട്ട് ഈശാന കോണിലും 6⃣ബൃഹസ്പതിയെ (ഗുരു) വടക്കോട്ട് വടക്കുനടുക്കും
7⃣ ശനിയെ പടിഞ്ഞാറോട്ട് പടിഞ്ഞാറ് നടുക്കും 8⃣രാഹുവിനെ തെക്കോട്ട് നിര്യതി കോണിലും
9⃣ കേതുവിനെ തെക്കോട്ട് വായുകോണിലും ചതുരശ്രമായി നിര്‍മിച്ചിരിക്കുന്ന പീഠത്തില്‍ പ്രതിഷ്ഠിക്കും. ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ്, ബഹുവര്‍ണം എന്നീ വര്‍ണത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ചും കഴിവതും ഇതേ വര്‍ണത്തിലെ മാലങ്ങളും പൂജക്കായി പൂക്കളും ഒക്കെ ഉപയോഗിക്കുന്നു. പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങള്‍ നിവേദിച്ചും നിത്യനിദാനം ചെയ്തുവരുന്നു.
നവഗ്രഹ ക്ഷേത്രങ്ങളില്‍. ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചുമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിച്ച് ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്.
കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഈ ഗ്രഹങ്ങളുടെ കാരകത്ത്വം (അധിപത്ത്വം) നമ്മുടെ നിത്യജീവിതത്തില്‍ നിത്യേന ആരാധിക്കുന്ന ദേവതകളായികണ്ട് ഒരു ആചരണ സമ്പ്രദായം കൂടി കണ്ടുവരുന്നുണ്ട്.
അത് സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമാണ്.
നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം. അതില്‍ ഏഴുപ്രാവശ്യം പ്രദക്ഷിണവും രണ്ടുപ്രാവശ്യം അപ്രദക്ഷിണവും വയ്ക്കുകയാണ് പതിവ്.

നവ കന്യകാ സങ്കല്‍പ്പം നവരാത്രി വിശേഷം

നവ കന്യകാ സങ്കല്‍പ്പം നവരാത്രി വിശേഷം

വ്രതം എന്നാല്‍ ദുര്‍വിചാരങ്ങളെ മാറ്റി നിര്‍ത്തി മനസ്സിനെ ഈശ്വരങ്കല്‍ സമര്‍പ്പിയ്ക്കലാണ്. ദുര്‍വ്വിചാരങ്ങള്‍ എന്നാല്‍ കാമവും (ആഗ്രഹം) ക്രോധവും തന്നെ! ഈ രണ്ടുമാണ് ദു:ഖങ്ങളുടെ കാരണങ്ങളും മനസ്സിനെ നിയന്ത്രിക്കാനായാണ് വ്രതങ്ങളും. നവരാത്രി ബൊമ്മക്കൊലുവെയ്ക്കാത്തവര്‍ അവരുടെ പൂജാമുറി അടിച്ച് തളിച്ച് വൃത്തിയാക്കി നിലവിളക്കുകളില്‍ അഞ്ച് തിരിയിട്ട് കൊളുത്തിവെച്ച് പൂജചെയ്യാം. നവരാത്രിയുടെ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ സര്‍വ്വകാര്യസിദ്ധിക്കായി ദുര്‍ഗാദേവിയെയാണ് ഭജിക്കുന്നത്. ആ ദുര്‍ഗയുടെ പ്രസാദത്താല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാകുന്നു!
നവരാത്രിയില്‍ നവകന്യകമാരായിട്ടാണ് ദേവീസങ്കല്‍പം.
1⃣ ഒന്നാം ദിവസം കുമാരി! കുമാരിയെ പൂജിച്ചാല്‍ ദു:ഖം, ദാരിദ്ര്യം എന്നിവ ഇല്ലാതാകും. ധനസമൃദ്ധിയുണ്ടാകും! ആയുസ്സും ബലവും വര്‍ദ്ധിക്കും!
2⃣ രണ്ടാം ദിവസം “ത്രിമൂര്‍ത്തി” സ്വരൂപിണിയായും
3⃣ മൂന്നാം ദിവസം ’കല്യാണിയായും’ സങ്കല്‍പ്പിക്കുന്നു.
ഈ മൂന്നും ദുര്‍ഗയുടെ മൂന്നുഭാവങ്ങള്‍ തന്ന.
നാലും അഞ്ചും ആറും ദിവസങ്ങള്‍ മഹാലക്ഷ്മിയെ പൂജിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ലഭിക്കുന്നതിനും സകലദുരിതനിവാരണത്തിനും വേണ്ടിയാണ് മഹാലക്ഷ്മിയെ പൂജിക്കുന്നത്.
4⃣ നാലാം ദിവസം രോഗശാന്തിക്കായി ‘രോഹിണി’സ്വരൂപിണിയായും
5⃣ അഞ്ചാംദിവസം ശത്രുനാശത്തി നായി ‘കാളിക’യേയും
6⃣ ആറാം ദിവസം ധനത്തിനും ഐശ്വര്യ ത്തിനും വേണ്ടി ചണ്ഡികാസ്വരൂപിണിയായ മഹാലക്ഷ്മി യേയും ആരാധിക്കുന്നു.
7⃣ ഏഴാം ദിവസം ദു:ഖവും ദാരിദ്ര്യവും തീര്‍ന്ന് വിജയം ലഭിക്കാനായി ‘ശാംഭവീ’മൂര്‍ത്തീഭാവത്തിലും
8⃣ എട്ടാം ദിവസം എല്ലാ പ്രവൃത്തി കളും പൂര്‍ണമാകുന്നതിനും ശത്രുക്കള്‍ ഇല്ലാതാകുന്നതിനും ദുര്‍ഗയെത്തന്നെ ഭജിക്കുന്നു.
9⃣ ഒമ്പതാം ദിവസം സര്‍വ്വാഭീഷ്ടസിദ്ധിയ്ക്കായി ‘സുഭദ്രാ’പൂജയും ചെയ്യുന്നു.
🔟 പത്താം ദിവസം ദശമിനാളില്‍ വിജയത്തിനായി സരസ്വതിയേയും പൂജിക്കുന്നു. ഏതുരീതിയില്‍ പൂജിച്ചാലും ദേവി സംപ്രീതയാണ്. ചെയ്യുന്ന പൂജ ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടി വേണമെന്നു മാത്രം.
ഈ ഒമ്പതു ദിവസങ്ങളിലുംപ്രഭാതത്തില്‍ കുളിച്ച് ‘അറിയാവുന്ന കീര്‍ത്തന’ ങ്ങള്‍ പാടി കഴിവിനനുസരിച്ച് പഴങ്ങളും മലര്‍, അവില്‍ മുതലായവ നൈവേദ്യങ്ങളും വെച്ച് പൂജിക്കേണ്ടതാണ്.
നല്ല പുഷ്പങ്ങളാല്‍ അര്‍ച്ചനയും ചെയ്യണം. ലളിതാസഹസ്രനാമം രണ്ടുനേരം ജപിക്കണം. മത്സ്യമാംസാദികള്‍ തീര്‍ച്ചയായും വര്‍ജ്ജിക്കണം.
എല്ലാറ്റിലും ഒന്നാമനാകാന്‍ ധൃതിവെച്ചോടുന്ന ഈ കാലത്ത്, നമ്മുടെ കുട്ടികളെ നിര്‍ബന്ധമായും ഇവ ചെയ്യി ക്കണം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളേയും നിര്‍ബന്ധിച്ചു ശീലിപ്പിക്കണം.!
അഷ്ടമിസന്ധ്യയ്ക്ക് ദുര്‍ഗയ്ക്ക് ആയുധങ്ങള്‍ വെച്ചും നവമിയില്‍ ലക്ഷ്മിയും സരസ്വതിയും ദുര്‍ഗയും ആയി മഹിഷാസുരമര്‍ദ്ദിനിയേയും ദശമിയില്‍ ജ്ഞാനത്തിന്റെ അറിവിന്റെ രൂപമായ സര്‍വ്വാഭീഷ്ടപ്രദായിനിയായ സരസ്വതിയേയും ആരാധി ക്കുന്നു.
ക്ഷേത്രദര്‍ശനം അത്യാവശ്യം തന്നെ. എന്നാല്‍ സ്വഗൃഹവും ക്ഷേത്രമാണ്; അതുപോലെ ശരീരവും ക്ഷേത്രമാണ്. ശരീരശുദ്ധിവരുത്തി ഗൃഹം വൃത്തിയാക്കി കുടുംബാ ംഗങ്ങള്‍ ഒരുമിച്ചിരുന്ന് ദേവീപൂജചെയ്താല്‍ അതിന് ഫലം വളരെയേറെയാണ്.
കുട്ടികളില്‍ അതൊരു ചിട്ടയും ശീലവുമായിത്തീരും. അതിനാണീ കഥകളും, പൂജകളും, അലങ്കാരങ്ങളും എല്ലാം! പൂജകള്‍- മന്ത്രങ്ങളും, തന്ത്രങ്ങളും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുതന്നെ പ്രധാനം! എന്നാല്‍ ഭക്തിയോടും ശ്രദ്ധയോടും കൂടി പൂവോ, പഴമോ എന്തും ഈശ്വരനില്‍ സമര്‍പ്പിച്ച് ചെയ്യുന്നതിന് യാതൊന്നും തടസ്സമല്ല. അതിനാല്‍ സ്വഗൃഹവും ക്ഷേത്രമാണെന്ന് കരുതി, ആ മഹിഷാസുരമര്‍ദ്ദിനിയായ ദേവിയെ പൂജിയ്ക്കൂ
‘ലക്ഷ്മീ പ്രദാന സമയേ നവവിദ്രുമാഭാം വിദ്യാ പ്രദാന സമയേ ശരദിന്ദു ശുഭാം വിദ്വേഷി വര്‍ഗ്ഗവിജയേപി തമാല നീലാം! ദേവിം ത്രിലോകജനനീം ശരണം പ്രപദ്യേ!’
(ഐശ്വര്യം - ധനം - നല്‍കുന്ന വേളയില്‍ പുതിയ പവിഴശോഭയോടും വിദ്യ - അറിവ് പ്രദാനം ചെയ്യുമ്പോള്‍ ശരല്‍ക്കാല ചന്ദ്രികപോലെയും, ശത്രുസംഹാര വേളയില്‍ കരിനീലയായും ശോഭിക്കുന്ന ത്രിലോകജനനിയായ, ത്രിപുര സുന്ദരിയെതന്നെ ശരണം പ്രാപിയ്ക്കുന്നു)

ഭസ്മം തൊടുന്നത് ഏതുവിധം

ഭസ്മം തൊടുന്നത് ഏതുവിധം

ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.
ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം. മഹേശ്വര വൃതമാണ് ഭസ്മധാരണം. സര്‍വ്വപാപ നാശകരമാണിത്. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും.
പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച് നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച് തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക. ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്. ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും.
പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.

31 March 2016

ഹരിശ്രീ ഗണപതയേ നമ:

ഹരിശ്രീ ഗണപതയേ നമ:


ഹരിശ്രീ കുറിക്കുക, വിദ്യാരംഭം നടത്തുക എന്നത്‌ വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വയസിൽ വിദ്യാരംഭം നടത്തണം. സരസ്വതി യോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. ഉദാഹരണം 3 വയസ്സ്, 5 വയസ്സ്. സരസ്വതി പ്രീതിയുള്ള ബുധൻ വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ച വിദ്യാരംഭത്തിന് നല്ലതാണ്.ക്ഷേത്രാങ്കണത്തിൽ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നൽകാം. കൊല്ലൂർ മൂകാംബിക, പറവൂർ മൂകാംബിക, ചോറ്റാനിക്കര, പനച്ചിക്കാട്, തിരുവുള്ളക്കാവ് എന്നി ക്ഷേത്രങ്ങൾ വിദ്യാരംഭത്തിന് പ്രസിദ്ധമാണ്‌. വിദ്യ നൽക്കാൻ ഏറ്റവും ഉത്തമൻ ദക്ഷിണാമൂർത്തിയാണ്‌ എന്ന് പലർക്കും അറയില്ല. കാരണം സതി വിയോഗത്തിന് ശേഷം ധ്യാനനിരതനായി കൽപവ്യഷച്ചുവട്ടിൽ തെക്കോട്ട്‌ തിരിഞ്ഞു ഇരിക്കുന്ന ദക്ഷിണാമൂർത്തിക്ക്‌ മുന്നിൽ നിന്നാണ് ദേവഗുരു ബ്യഹസ്പതിയും ദേവി മൂകാംബികയും പാഠം ഗ്രഹിച്ചത് എന്നാണ് ഐതിഹ്യം. അതിനാലാണ് ദക്ഷിണാമൂർത്തി വിദ്യാദായകാൻ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ്‌ ദക്ഷിണാമൂർത്തി. വൈക്കം ക്ഷേത്രത്തിൽ രാവിലെ ശിവന് ദക്ഷിണാമൂർത്തി രൂപമാണ്‌. കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചേന്ദമംഗലം പുതിയ ത്യക്കോവിൽ എന്നിവടങ്ങളിലും കുറിക്കാൻ ഉത്തമങ്ങളാക്കുന്നു.ആചാര്യൻ, പിതാവ്, അമ്മാവൻ തുടങ്ങി സരസ്വതി പ്രീതിയുള്ള ആർക്കുവേണമെങ്കിലും വിദ്യാരംഭം നൽകാനാവും. വിദ്യ നൽക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ അഷ്ടമിരാശികുറു വരാതിരിക്കുന്നത് ഉത്തമം. വിദ്യനൽകുന്നയാൾ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കിൽ സ്വർണ്ണം കൊണ്ട് ഹരി:ശ്രീ ഗണപതയേ നമ: ശേഷം ഉരുളിയിൽ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയിൽ ഹരി:ശ്രീ തുടങ്ങിയ അക്ഷരങ്ങൾ കുട്ടിയുടെ മോതിരവിരൽ കൊണ്ടു എഴുതിപ്പിക്കണം. വിദ്യാരംഭം നടന്നതിന് ശേഷം സരസ്വതി കിർത്തനങ്ങൾ ആലപിക്കുന്നത് ഗുണം വർധിപ്പിക്കുന്നതാണ്.

മായ

മായ


പഞ്ചഭൂതങ്ങള്‍ (ഭൂമി, വായു, വെള്ളം , അഗ്നി , ആകാശം) കൊണ്ടാണ് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . അന്തഃകരണം (മനസ് , ബുദ്ധി , ചിത്തം , അഹങ്കാരം , ഭോക്തൃ ), ജ്ഞാനേന്ദ്രിയങ്ങള്‍ (കണ്ണ് , കാത് , നാക്ക് , മൂക്ക്, ത്വക്ക് ) , കര്‍മ്മേന്ദ്രിയങ്ങള്‍ (വാക്ക്- സംസാരിക്കുന്നതിനുപയുക്തമായ അവയവങ്ങള്‍ , കൈ , കാല്‍ , ഗുഹ്യം , ഗുദം) , പഞ്ചപ്രാണനുകള്‍ ((പ്രാണന്‍-ശ്വാസകോശങ്ങളിലൂടെ കലകളിലെത്തുന്ന പ്രാണന്‍ , അപാനന്‍-ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തു തള്ളുന്ന അധോവായു, വ്യാനന്‍ - ശരീരംമുഴുവന്‍ നിയന്ത്രിക്കുന്ന പ്രാണന്‍ - നാഡീ ഞരമ്പുകള്‍ രക്തചംക്രമണം എന്നിവയുടെ നിയന്ത്രണം , ഉദാനന്‍- ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ മുകളിലേക്ക് തള്ളുന്ന വായു- ഏമ്പക്കം ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു, സമാനന്‍-വായ മുതല്‍ ചെറുകുടല്‍ വരെ സഞ്ചരിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്ന വായു), പഞ്ചേന്ദ്രിയ വിഷയങ്ങള്‍(ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിവയടങ്ങുന്നവയാണ് ജീവികള്‍ . പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തില്‍ വ്യാപിച്ച് അതിനെ നയിക്കുന്ന ജീവചൈതന്യമാണ് ജീവാത്മാവ് .  ഇത് വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പരമാത്മാവുതന്നെ. ഇത് നാശമില്ലാത്തതാണ് . സുഖദുഃഖങ്ങള്‍, വേദന തുടങ്ങിയവയൊന്നും ഇതിനെ ബാധിക്കുന്നില്ല. ഭൌതികവസ്തുക്കള്‍ക്ക് കാലാവധിയുണ്ട് . അതുകഴിയുമ്പോള്‍ അത് നശിക്കുന്നു . ശരീരത്തിന്‍റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല . എന്നാല്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അനാദിയും അതുകൊണ്ടുതന്നെ അനന്തവുമായ ആത്മാവ് നശിക്കുന്നില്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന , സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു . പരമാത്മാവ്(ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാ ധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു . താന്‍ ഈ ജന്മത്തിലോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു . അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍ , മന്ത്രവാദം തുടങ്ങിയവ നടത്തുന്നു . തന്നെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത് . അറിവില്ലായ്മയാണ് മായാഹേതു . അറിവ് നേടുക . വിശ്വവ്യാപിയായ പരമാത്മാവിന്‍റെ അംശമാണ് താനെന്ന ബോധമുണ്ടാകുമ്പോള്‍ മായയില്‍ നിന്ന് മുക്തി നേടുന്നു . ചരാചരങ്ങളെല്ലാം തന്നെ ആ പരമാത്മാവിന്‍റെ അംശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ഉച്ചനീചവിവേചനങ്ങള്‍ക്കതീതരാക്കുന്നു . അസുഖങ്ങള്‍, വേദന , മരണം ഇതെല്ലാം ഭൌതികശരീരത്തിന്‍റെ അനിവാര്യതകളാണെന്നും നമ്മളില്‍ വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം പാപപുണ്യങ്ങളുടെ കണക്കെടുത്ത് നമ്മളെ ശിക്ഷിക്കാനുള്ളതല്ലെന്നും നമ്മുടെ ആത്മാവിനെ ഉന്നതതലങ്ങളിലേക്കുയര്‍ത്താനുള്ളതാണെന്നുമുള്ള സത്യം
മനസ്സിലാക്കുക. പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ നമ്മള്‍ സുഖദുഃഖാനുഭവങ്ങള്‍ക്കതീതരാകുന്നു .

മന്ത്രങ്ങൾ

മന്ത്രങ്ങൾ


മന്ത്രങ്ങൾ ശബ്ദതരംഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്ഷരങ്ങൾ ക്ഷരങ്ങളല്ലാത്തവ അഥവ നശ്വരമായത് ആണ്. ഓരോ അക്ഷരങ്ങൾക്കും ഓരോ ശബ്ദങ്ങളുണ്ട്. ആ ശബ്ദങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന തരംഗങ്ങൾ, അതുണത്തുന്ന ചൈതന്യങ്ങൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രങ്ങളുടെ ശക്തിയും അതുണർത്തേണ്ട അഭൗമശക്തിയെയും നിജപ്പെടുത്തുന്നതും.ഓരോ മന്ത്രങ്ങളും ജപിക്കേണ്ട രീതികൾ ഉണ്ട് ശെരിയായ രീതിയിൽ ജപിക്കുന്ന മന്ത്രങ്ങൾ ഈ പ്രപഞ്ചത്തിൽ സ്വാധീനം ഉണ്ടാക്കുക തന്നെ ചെയ്യും ... ഓരോപ്രപഞ്ച ശക്തികളെയും അവയുടെ ചൈതന്യങ്ങളെയും ദേവതകളായി അതാതിന്റെ വിധിപ്രകാരം നമ്മൾ ആരാധിക്കുന്നു. സാധാരണ നമ്മൾ കേൾകുന്നതുംനമ്മുടെ ചെവിക്കു കേള്കാൻ പറ്റാത്ത ശബ്ദങ്ങളും നമ്മളെ സ്വാധീനിക്കുന്നുണ്ട് ... 20 ഹെർട്സിനും 2000 ഹെർട്സിനും ഇടക്കുള്ള ശബ്ദങ്ങൾ മാത്രമേ മനുഷ്യനു ശ്രവിക്കുവാൻ സാധിക്കു. 20ൽ താഴെയുള്ളവയെ ഇൻഫ്രസോണീക്ക് എന്നും 2000 ത്തിനുമുകളിൽ ഉള്ളതിനെ അൽട്രാസോണിക് എന്നും ആധുനിക ഭൗതികശാസ്ത്രം പറയുന്നു. നമ്മുക്ക് കേൾക്കാൻ പറ്റാത്ത അൽട്രാസോണിക് ശബ്ദതരംഗങ്ങളെ നമ്മുടെ ശരീരത്തിനകത്തുകൂടി കടത്തിവിട്ട് അതിലുണ്ടായ വ്യതിയാനങ്ങൾ മനസ്സിലാക്കി ചിത്രീകരിക്കുന്ന ഉപകരണമാണ് അൽട്രാസൗണ്ട് സ്കാനർ. ഇതിനർഥം ശബ്ദ തരംഗങ്ങൾക്കു നമ്മുടെ ശരീരം തുളച്ച് ആന്തരികാവയവങ്ങളിലൂടെ അപ്പുറത്തു പോകുവാൻ ശക്തിയുള്ളവയാണ്..........അങ്ങനെ ശബ്ദ തരംഗങ്ങൾ നമ്മുടെ ശരീരത്തു മാറ്റങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ നിത്യ സാധനയിലൂടെ മാനസികമായി വികാസം പ്രാപിച്ച ഒരു സാധകൻ ജപിക്കുന്ന മന്ത്രങ്ങളും മനുഷ്യ മനസ്സുകളിലും ശരീരങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കു