ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 July 2024

കൈകേയി

കൈകേയി

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൈകേയി. അയോധ്യ ഭരിച്ചിരുന്ന ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമതായിരുന്നു. കൈകേയിക്ക് ഭരതൻ എന്ന പുത്രൻ ഉണ്ടായിരുന്നു. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. കേകയത്തിൽ വന്നവൾ എന്ന അർത്ഥമാണ് കൈകേയി എന്ന പദത്തിനുള്ളത്.

ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. മന്ഥരയുടെ ഉപദേശങ്ങൾ കേട്ട്, പണ്ട് തനിക്കു തന്ന രണ്ടു വരങ്ങളെക്കുറിച്ച് കൈകേയി ദശരഥനെ ഓർമിപ്പിച്ചു. ഭരതനെ അയോധ്യയുടെ രാജാവാക്കണമെന്നും രാമനെ പതിന്നാലുവർഷത്തേക്ക് കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് പാലിക്കപ്പെടാൻ ശ്രീരാമൻ സ്വയം വനവാസം തിരഞ്ഞെടുത്തു.

രാമായണത്തില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ അനവധിയുണ്ട്. നന്മയുടെ പക്ഷത്തും തിന്മയുടെ പക്ഷത്തും നിലയുറപ്പിച്ചവരുണ്ട്. എല്ലാക്കാലത്തും എല്ലാവരാലും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയ സ്ത്രീയാണ് ദശരഥ പത്‌നിമാരില്‍ ഒരാളായ കൈകേയി. കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ. അത് രാമനാണ്. കേകയരാജാവായ അശ്വപതിയുടെ പുത്രി അതിസുന്ദരിയും വളരെ ബുദ്ധിമതിയുമായിരുന്നു. അതിസുന്ദരിയും ഏതു വിഷമഘട്ടങ്ങളെയും പ്രായോഗിക ബുദ്ധികൊണ്ട് തരണം ചെയ്യാന്‍ തക്കപ്രാപ്തിയുള്ളവളുമായ കൈകേകി ദശരഥന് ഏറ്റവും പ്രിയപ്പെട്ട പത്‌നിയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള തോഴിയായിരുന്നു കൂനിയായ മന്ഥര. വിവാഹശേഷം അയോധ്യയിലേയ്‌ക്കു വന്നപ്പോള്‍ കൈകേയിക്ക് സഹായിയായി മന്ഥര കൂടെ പോന്നു.

പുത്രന്മാര്‍ ഇല്ലാതെ ദുഃഖിച്ച ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി നാല് പുത്രന്മാരുണ്ടായി. കാലം പോകെ ദശരഥന്, രാജാവകാശം മൂത്ത പുത്രനായ രാമനു നല്‍കണം, യുവരാജാവായി അഭിഷേകം ചെയ്യണം എന്നാഗ്രഹമുണ്ടായി. പെട്ടെന്ന് തന്നെ തീരുമാനമെടുത്തു. മുഹൂര്‍ത്തം പിറ്റേന്നെന്നു മനസ്സിലായി ഒരുക്കങ്ങളെല്ലാം ദ്രുതഗതിയില്‍ നടത്തി. ആ സമയം ഭരതനും ശത്രുഘ്‌നനും കേകയ രാജ്യത്തായിരുന്നു. രാജ്യാഭിഷേകത്തിന്റെ കാര്യം മറ്റെല്ലാവരും അറിഞ്ഞെങ്കിലും കൈകേയി മാത്രം അറിയുന്നില്ല. തന്റെ വിശ്വസ്ത തോഴിയായ മന്ഥരയില്‍ നിന്നും വിവരമറിഞ്ഞ കൈകേയി മന്ഥരയ്‌ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് സന്തോഷിക്കുന്നത്. രാവണ നിഗ്രഹത്തിന് വഴിയൊരുക്കാന്‍ ദേവന്മാരാല്‍ നിയോഗിക്കപ്പെട്ട ഒരു അപ്‌സരസ്സാണ് മന്ഥര. രാമന്‍ രാജാവായാല്‍ കൈകേയിയും ഭരതനും അനുഭവിക്കേണ്ട സങ്കടങ്ങള്‍ മന്ഥര അക്കമിട്ടു നിരത്തുന്നു. കൈകേയി സ്തബ്ധയായി. സ്വപ്‌നത്തില്‍ പോലും ആരും വിചാരിക്കാത്ത കാര്യങ്ങളാണ് തോഴി പറയുന്നത്. 

കൈകേയിയോടുള്ള ഭര്‍ത്സനം തുടര്‍ന്ന മന്ഥര എങ്ങനെയെങ്കിലും രാമനില്‍ നിന്നും കൈകേയിയെ അകറ്റാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൈകേയി അതിനെയെല്ലാം എതിര്‍ക്കുകയാണ്. സിംഹാസനത്തില്‍ രാമനായാലെന്ത് ഭരതനായാലെന്ത് എല്ലാം എനിക്ക് ഒരുപോലെയാണ്. രാമനാണെങ്കില്‍ സ്വസഹോദരന്മാരെ മൂന്നുപേരെയും സ്വന്തം പ്രതിരൂപങ്ങളായി കാണുന്നവനാണ്.

തുടര്‍ന്നു വരുന്ന ഓരോ വാക്കും കൈകേയിയില്‍ മാറ്റം വരുത്തുകയാണ്. നിന്നോടുള്ള ദശരഥ മഹാരാജാവിന്റെ അഭിനിവേശം രാമമാതാവായ കൗസല്യയില്‍ നിന്നോട് അസൂയ നിറച്ചിരിക്കുകയാണ്. രാമന്‍ രാജാവായാല്‍ ആ വെറുപ്പ് കൂടുകയേയുള്ളൂ. കൈകേയിയും ഭരതനും അടിമകളായി കഴിയേണ്ടി വരും എന്നാണ് മന്ഥരയുടെ അവസാന അടവ്. മക്കളോടുള്ള സ്‌നേഹം, അവരുടെ ഉന്നതി അതുമാത്രമാണ് ഏതൊരു അമ്മയുടെയും അഭിലാഷം. ഭരതന്‍ രാജാവാകണം എന്നത് കൈകേയിയുടെ മനസ്സില്‍ ഒരു ആഗ്രഹമായി ഉണ്ടായിരുന്നു. താന്‍ രാജമാതാവാകുന്നതും കൈകേയിയുടെയുടെ ഒരു സ്വപ്‌നമായിരുന്നു. എല്ലാംകൂടി തക്കസമയത്ത് ചിന്തയില്‍ വന്ന് നിര്‍മ്മലമായ മനസ്സ് വിഷലിപ്തമായി. ഇനി രാമന്റെ അഭിഷേകം മുടക്കണം. അതിനുള്ള വഴിയും മന്ഥര തന്നെ പറഞ്ഞു. ദശരഥമഹാരാജാവ് കൈകേയിക്ക് രണ്ടു വരം കൊടുത്തിരുന്നു. അത് ചോദിക്കാന്‍ ഈ അവസരം മുതലെടുക്കണം.

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ ദശരഥന്റെ കൂടെ കൈകേയിയും പോയിരുന്നു. ഇന്ദ്രനു വേണ്ടി അസുരന്മാരോട് പോരാടുമ്പോള്‍ മാരകമായി മുറിവേറ്റ ദശരഥനെ രക്ഷിച്ച് ശുശ്രൂഷ ചെയ്തത് കൈകേയിയായിരുന്നു. അന്ന് ഉപകാരസ്മരണയില്‍ ദശരഥന്‍ രണ്ടു വരം നല്‍കി. ഭാവിയില്‍ യഥോചിതം വാങ്ങിക്കൊള്ളാമെന്നായിരുന്നു കൈകേയി പറഞ്ഞത്. ആ വരത്തിന്റെ കാര്യമാണ് മന്ഥര ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ കൈകേയി ക്രോധാലയം പ്രവേശിച്ച് വെറും നിലത്തു കിടന്നു കരയുകയാണ്.  

സന്തോഷവര്‍ത്തമാനം പറയുവാന്‍ വന്ന ദശരഥന്‍ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ദുഃഖത്തിനു കാരണം ചോദിക്കുന്ന ദശരഥനോട് ഒരു മയവുമില്ലാതെയാണ് കൈകേയി വരം ചോദിക്കുന്നത്. എന്റെ മകന്‍ ഭരതനെ രാജാവാക്കണമെന്നും രാമനെ 14 വര്‍ഷം വനവാസത്തിന് അയയ്‌ക്കണമെന്നും. രാമന്‍ അയോധ്യയില്‍ നിന്നാല്‍ ജനങ്ങള്‍ ഒരിക്കലും ഭരതനെ അംഗീകരിക്കുകയില്ലെന്ന കൈകേയിക്ക് അറിയാമായിരുന്നു. രാമനെ സിംഹാസനത്തിലിരുത്തിയിട്ട് കൗസല്യയുമായി സൈ്വര ജീവിതം നയിക്കാം എന്നാണ് രാജാവിന്റെ പദ്ധതിയെങ്കില്‍ വിഷം കുടിച്ച് മരിക്കും എന്നായി കൈകേയി. വരം ചോദിച്ച കൈകേയിക്ക് അപകടം മനസ്സിലാവാത്ത ദശരഥന്‍ രാമനെ പിടിച്ച് സത്യം ചെയ്താണ് ഇനി സത്യം ലംഘിക്കുവാന്‍ പറ്റില്ല. 

ബോധറ്റു നിലത്തുവീണ രാജാവ് ബോധം വീണ്ടു കിട്ടുമ്പോള്‍ കൈകേയിയോട് യാചിക്കുകയാണ് ഇതില്‍നിന്നും പിന്മാറാന്‍. രാമന്‍ ഇല്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിനൊന്നും കൈകേയിയെ പിന്തിരിപ്പിക്കാനായില്ല. സത്യമാണ് ഏറ്റവും വലിയ ഗുണം. ധര്‍മ്മത്തിന്റെ വേര് സത്യമാണ്. ഇതാണ് കൈകേയിയുടെ വാദം. രാജാവ് മൂര്‍ച്ഛിതനായി വീണ തക്കത്തിന് സുമന്ത്രരെ വിട്ട്  രാമനെ വിളിപ്പിച്ച് കൈകേയി രാമനോട് കാര്യങ്ങള്‍ പറയുന്നു രാജ്യാഭിഷേകം നടത്താമെന്ന് ദശരഥന്‍ പറഞ്ഞതുകേട്ട അതേ ഭാവത്തോടെയാണ് ഈ കാര്യങ്ങളും രാമന്‍ കേള്‍ക്കുന്നത്. അച്ഛന്റെ സത്യം പാലിക്കുകയെന്നത് പുത്രന്റെ ധര്‍മ്മമായതിനാല്‍ വനവാസത്തിനു പോവാന്‍ രാമന്‍ നിശ്ചയിച്ചു. ശേഷം രാമനും സീതയും ലക്ഷ്മണനും മരവുരി ധരിച്ച് രാജഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലേക്ക് യാത്രയായി. 

മാതുലഗേഹത്തില്‍ നിന്ന് തിരിച്ചു വരുന്ന ഭരതനെയാണ്. രാജ്യം മകനു നേടി എന്നു പറയുന്ന അമ്മയോട് ഭരതന്‍ വിവരങ്ങള്‍ തിരക്കുന്നു. കാര്യങ്ങളറിഞ്ഞ ഭരതന്‍ നീചസ്ത്രീയെന്നും ദുഷ്ടയെന്നും പാപിയെന്നുമാണ് സ്വന്തം മാതാവിനെ വിളിക്കുന്നത്.

കൈകേയിയുടെ മോഹങ്ങള്‍ ഒന്നും തന്റെ മോഹങ്ങളല്ലെന്ന് ഭരതന്‍ എല്ലാവരോടും പറയുന്നു. താന്‍ പണിപ്പെട്ടു നേടിയ ഭാഗ്യങ്ങളുടെ നേര്‍ക്ക് ഭരതന്‍ കാണിച്ച അവഗണന കൈകേയിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. നേടിയതൊന്നും പുത്രനു വേണ്ടതാനും. താന്‍ ശത്രുവുമായി. രാമനെ നാടുകടത്തുന്നതിന് സഹായിയായി നിന്നവര്‍ ബ്രഹ്മഹത്യ, ഗോഹത്യ, സ്ത്രീഹത്യ, രാജ്യഹത്യ എന്നീ പാപഫലങ്ങള്‍ അനുഭവിക്കട്ടെ എന്നും ഭരതന്‍ പറഞ്ഞു.  

രാമനെ തിരികെ കൊണ്ടുവരാനായി ഭരതന്‍ വനത്തിലേക്ക് തിരിച്ചു യാത്രാമധ്യേ ഭരദ്വാജ ആശ്രമത്തിലെത്തിയ ഭരതന്‍ കൗസല്യയെയും സുമിത്രയെയും പരിചയപ്പെടുത്തിയ ശേഷം കൈകേയിയെ അധമയും അഹങ്കാരിയും പാപിനിയുമാണെന്ന് പറയുന്നു. രാമന്റെ നാടുകടത്തലിനും വനവാസത്തിനും പിന്നില്‍ ഉത്തമമായ ഒരു ലക്ഷ്യമുണ്ട്. അമ്മയുടെ പ്രവൃത്തി അതിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഭരദ്വാജ മഹര്‍ഷി ഭരതനോട് പറയുന്നു. തിരികെ വരുന്നതിന് നിര്‍ബന്ധിക്കുന്ന ഭരതനോട് രാമന്‍ പറയുന്നത് അച്ഛന്റെ സത്യം പാലിക്കേണ്ടത് മകന്റെ കടമയാണ് എന്നാണ്. കൈകേയിയുടെ വിവാഹവേളയില്‍ കേകയ രാജാവിന് ദശരഥന്‍ ഉറപ്പുകൊടുത്തിരുന്നതായും രാമന്‍ പറയുന്നു; കൈകേയിയുടെ പുത്രന് രാജ്യം കൊടുക്കുമെന്ന്. 

നമ്മുടെ ചിന്തയേയും പ്രവൃത്തിയേയും തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികളെ നാം ജീവിതത്തില്‍ അകറ്റി നിര്‍ത്തണം. ഭാര്യയും അമ്മയും എന്ന നിലയിലുള്ള കൈകേയിയുടെ ഭിന്നമുഖങ്ങളാണ് രാമായണത്തില്‍ കാണുന്നത്. ഭരതന്റെ വിവേചനപരമായ പ്രവര്‍ത്തികള്‍ക്കു ശേഷം പശ്ചാത്താപവിവശയായി, കൗസല്യയെ ശുശ്രൂഷിച്ചായിരുന്നു പിന്നീടുള്ള കൈകേയിയുടെ ജീവിതം. മനുഷ്യ മനസ്സ് വളരെ സങ്കീര്‍ണ്ണമാണ്. സംഘര്‍ഷ ഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതാണ് രാമായണത്തിലെ സംഭവങ്ങളെല്ലാം. എല്ലാ സങ്കീര്‍ണതകളെയും വൈരുധ്യങ്ങളെയും നാം എന്നും ഉള്‍ക്കൊണ്ടിരുന്നു. അതാണ് സ്വീകാര്യത. വിവേകം വിചാരത്തെ ഭരിക്കണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടിവരും. കൈകേയി മനുഷ്യമനസ്സുകളില്‍ തിന്മ നിറഞ്ഞ കഥാപാത്രമായി നില്‍ക്കുന്നത് വിചാരം വിവേകത്തെ ഭരിച്ചതു കൊണ്ടാണ്.

No comments:

Post a Comment