ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 60

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 60

കുമയോണ്

ഉത്തരാഖണ്ഡിന്റെ ഭരണവിഭാഗമാണ്‌ കുമയോണ്‍. ചമ്പാവത്ത്‌, നൈനിറ്റാള്‍, അല്‍മോറ, ബാഗേശ്വര്‍, പിതോരഗഢ്‌, ഉധം സിങ്‌ നഗര്‍ എന്നീ ജില്ലകളാണ്‌ കുമയോണിന്റെ ഭരണത്തിന്‍ കീഴില്‍ വരുന്ന ജില്ലകള്‍. വടക്ക്‌ തിബത്ത്‌, തെക്ക്‌ ഉത്തര്‍പ്രദേശ്‌, കിഴക്ക്‌ നേപ്പാള്‍, പടിഞ്ഞാറ്‌ ഗര്‍ഹ്വാള്‍ എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്ന പ്രദേശമാണിത്‌. കുമയോണിയാണ്‌ ഇവിടുത്തെ പ്രാദേശിക ഭാഷ. നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി, മുക്തേശ്വര്‍, പിതോരാഗഢ്‌, രുദ്രപ്രയാഗ്‌, റാണിഖേത്‌ എന്നിവയാണ്‌ സമീപത്തുള്ള പ്രധാന നഗരങ്ങള്‍.

കൂര്‍മാവതാരം എന്നര്‍ത്ഥം വരുന്ന കൂര്‍മാചല്‍ എന്ന വാക്കില്‍ നിന്നുമാണ്‌ കുമയോണ്‍ എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിക്കുന്നത്‌. വിഷ്‌ണു ഭഗവാന്‍ ആമയുടെ രൂപമെടുത്തതാണ്‌ കൂര്‍മാവതാരം. ഇന്ത്യന്‍ കരസേനയുടെ കുമയോണ്‍ റെജിമെന്റിന്റെ ആസ്ഥാനം എന്ന നിലയിലും ഈ സ്ഥലം പ്രശസ്‌തമാണ്‌. നന്ദ ദേവി മേള, ചെയ്‌തി മേള, ഹില്‍ജത്ര, ബഗ്വാള്‍, ഉത്തരായനി മേള ,കന്ദാലി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

മനോഹരമായൊരു മലയാണ്‌ അബോട്ട്‌ മല. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പണികഴിപ്പിച്ച 13 കോട്ടേജുകള്‍ ഇവിടെയുണ്ട്‌. മഞ്ഞ്‌ മൂടിയ മലനിരകള്‍ക്കും ഓക്ക്‌, ദേവദാരു മരങ്ങള്‍ക്കും ഇടയിലായാണ്‌ ജോണ്‍ ഹരോള്‍ഡ്‌ അബോട്ടിന്റെ ബംഗ്ലാവ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ സമുദ്ര നിരപ്പില്‍ നിന്നും 6191 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓം അഥവ ആദികൈലാസ്‌ പര്‍വ്വതവും ഇവിടെ നിന്നും കാണാം.

ബാബ കൈലാസം, ജോങ്‌ലിങ്കോങ്‌ കൊടുമുടി, ചെറിയ കൈലാസം എന്നീ പേരുകളിലും ഈ മലനിരകള്‍ അറിയപ്പെടുന്നുണ്ട്‌. ഈ കൊടുമുടിയില്‍ ഓം ആകൃതിയില്‍ മഞ്ഞ്‌ രൂപപ്പെട്ടിരിക്കുന്നത്‌ കാണപ്പെടുന്നു എന്നതാണ്‌ പ്രധാന ആകര്‍ഷണം. തിബത്തിലെ കൈലാസ പര്‍വതത്തിന്‌ സമാനമാണിവിടം.

മിലാം ഹിമാനി കുമയോണിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഈ ഹിമാനി സമുദ്രനിരപ്പില്‍ നിന്നും 5,500 - 3,870 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 37 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ ഹിമാനിയാണ്‌ കുമയോണ്‍ മേഖലയിലെ ഏറ്റവും വലിയ ഹിമാനി. ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌. വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയിലൂടെയാണ്‌ ട്രക്കിങ്‌ പാത കടന്നു പോകുന്നത്‌. മനോഹരമായ കാഴ്‌ചകളാണ്‌ ഈ ട്രക്കിങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. ബഗേശ്വറിലെ നന്ദകോട്ട്‌, നന്ദദേവി കൊടുമുടികള്‍ക്കിടയിലാണ്‌ മിലാം സ്ഥിതി ചെയ്യുന്നത്‌. പിന്ദാരി നദി ഉത്ഭവിച്ച്‌ തെക്കോട്ട്‌ ഒഴുകുന്നത്‌ ഇവിടെ നിന്നാണ്‌.

മുന്‍സിയാരിയാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്താലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ത്രിശൂല്‍, നന്ദദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹര ദൃശ്യം കാട്ടിത്തരും. പൈന്‍ , ദേവതാരു മരങ്ങളും ഈ സ്ഥലത്തിന്റെ മനോഹരാത കൂട്ടുന്നു. വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ സന്ദര്‍ശകര്‍ക്കിവിടെ കാണാന്‍ കഴിയും. നന്ദ ദേവി കൊടുമുടി, റലാം, മിലാം , നാമിക്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌.കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌കീയിങ്‌ പോലെ മഞ്ഞില്‍ ചെയ്യാവുന്ന നിരവധി കായിക വിനോദങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്‌. പിന്‍ഡാര്‍ താഴ്‌വരയുടെ പടിഞ്ഞാറായുള്ള സുന്ദെര്‍ധൂങ്ക സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്‌. ഇവിടെ മത്‌കോതി, സുഖ്രം എന്നിങ്ങനെ രണ്ട്‌ ഹിമാനികള്‍ സന്ദര്‍ശകര്‍ക്ക്‌ കാണാം. മനോഹരമായ കല്ലുകളുടെ താഴ്‌ വര എന്നാണ്‌ സുന്ദര്‍ധൂങ്ക എന്ന വാക്കിന്റെ അര്‍ത്ഥം.

പാന്ത്‌നഗറിലെ വിമാനത്താവളമാണ്‌ കുമയോണിന്‌ ഏറ്റവും അടുത്തുള്ളത്‌. കത്‌ഗോധാം ആണ്‌ സമീപത്തായുള്ള റെയില്‍വെസ്റ്റേഷന്‍. ലക്‌നൗ, ഹൗറ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. റോഡ്‌ മാര്‍ഗം പോകാനാഗ്രഹിക്കുന്നവര്‍ക്കായി ഉത്തരാഖണ്ഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്നും കുമയോണിലേക്ക്‌ ബസ്‌ സര്‍വീസുകളും ഉണ്ട്‌.

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ കുമയോണിലേത്‌. ശൈത്യകാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. വര്‍ഷകലാത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കുടയും മറ്റും കരുതുന്നതാണ്‌ ഉചിതം.

ഉത്തരാഖണ്ഡിലെ വിവിധ നഗരങ്ങളില്‍ നിന്ന്‌ കുമയോണിലേക്ക്‌ ബസ്‌ മാര്‍ഗം എത്തിച്ചേരാം. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌.

No comments:

Post a Comment