ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

സാമവേദം

സാമവേദം

ഗാനപ്രധാനമായ വേദമാണ് സാമവേദം. നാരദമുനി വേദമന്ത്രങ്ങൾ ഗാനം ചെയ്യുന്നു. "സാമാഭിഃ സ്തൂയതേ പരമേശ്വരഃ" ഇൗ വേദത്തിന്നു പൂർവ്വാർച്ചികമെന്നും, ഉത്തരാർച്ചികമെന്നും രണ്ട് പൂർവ്വോത്തര ഭാഗങ്ങളുണ്ട്.

ഋഗ്വേദമന്ത്രങ്ങളെത്തന്നെ ഗാനാത്മക രീതിയിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ 75 പ്രത്യേക മന്ത്രങ്ങളുമുണ്ട്. സപ്തസാമമെന്നു പറയെപ്പെടുന്ന ഇതിലെ പൂർവ്വസംഹിതാ മന്ത്രങ്ങൾ യജ്ഞാവസരത്തിൽ ഗാനം ചെയ്യുന്നു. ഇതിൽ പരമേശ്വരൻ, യജ്ഞേശ്വരൻ, വിഷ്ണു, വിരാട്പുരുഷൻ തുടങ്ങിയ ഇൗശ്വരനാമങ്ങളൂടെ മാഹാത്മ്യവും ഗൂഢാർത്ഥങ്ങളും വർണ്ണിച്ചിരിക്കുന്നു.

സാമവേദത്തിന് 8 ബ്രാഹ്മണങ്ങളുള്ളതിൽ ആർഷേയം, ദേവാദ്ധ്യായം, താണ്ഡ്യമഹാ ബ്രാഹ്മണം, അത്ഭുതം, സാമവിധാനം, എന്നീ അഞ്ചെണ്ണമേ ഇപ്പോൾ കിട്ടുവാനുള്ളൂ. ഛാന്ദോഗ്യവും, കേനോപനിഷത്തും സാമവേദത്തിലാണ്. ഷഡംഗങ്ങളിൽ നാരദീയ ശിക്ഷയാണ് പ്രധാനം. ഇതിൽ ഗാനസ്വരം, മാത്രകൊണ്ടുള്ള ചിട്ടപ്പെടുത്തൽ, മാത്രാനുസൃതമായ ഉച്ചാരണത്തിൽ സ്വരങ്ങൾ കൊണ്ട് പൂർത്തിയാകുന്നവിധം, സംഗീതകലയുടെ മൂലസിദ്ധാന്തം, ഷഡ്ജ ഋഷാഭാദി സ്വരങ്ങളുടെ ഉച്ചാരണലയാദികൾ ഇവയെപ്പറ്റി വർണ്ണിച്ചിരിക്കുന്നു. സാമഗാനത്തിൽ സ്വരങ്ങളുടെ സങ്കേതം  തർജ്ജനിയുടെ മദ്ധ്യപൂർവ്വം മുതൽ കനിഷ്ഠികയുടെ ചുവടുവരെ വന്നിട്ട് തിരിച്ച് തർജ്ജനിയുടെ അഗ്രപർവ്വം വരെ ആകുന്നു.

സാമവേദത്തിന് ആയിരം ശാഖകളുള്ളതിൽ പതിമൂന്നെണ്ണം ഇന്ന് കിട്ടുവാനുണ്ട്.

ഗാന്ധർവ്വ വേദമാണ് സാമവേദത്തിന്റെ ഉപവേദം. ഉത്തമ ഭാവങ്ങളെ ഉദ്ദീപ്തമാക്കുന്ന, ചാഞ്ചല്യങ്ങളകറ്റി മനസ്സിനെ ഇൗശ്വരോന്മുഖമാക്കി ധ്യാന നിമഗ്നമാക്കുന്ന സ്വഭാവത്തോടു കൂടിയതാണ് ഗാന്ധർവ്വവേദം. ലൗകികമായി ഇത് കാമശാസ്ത്രത്തിൽ അന്തർഭവിച്ചിരിക്കുന്നു. എന്നാൽ വേദത്തിൽ മോക്ഷോപായങ്ങളിൽ ഒന്നായി സംഗീതം നിലകൊള്ളുന്നു.

സ്വരതാളലയങ്ങളോടു കൂടിയ ഗാന്ധർവ്വവേദത്തിൽ ഒരു ലക്ഷം ഋചകളുണ്ട്. ഇതിന്റെ ഉപഗ്രന്ഥങ്ങളിൽ വാമദേവമഹർഷി വിരചിതമായ സംഗതീത രത്നാകരത്തിൽ 27000 ശ്ളോകങ്ങളുണ്ട്. ശൃംഗി ഋഷിയുടെ സംഗീത ദർപ്പണത്തിൽ 32000 ശ്ളോകങ്ങളും ശൗനക മഹർഷിയുടെ സംഗീത പ്രദീപത്തിൽ 7000 ശ്ളോകങ്ങളും സനത്കുമാര നിർമ്മിതമായ സംഗീതപ്രഭയിൽ16000 ശ്ളോകങ്ങളും ഉണ്ട്.

സംഗീത നൃത്താദി ശാസ്ത്രങ്ങളുടെ മൂലഗ്രന്ഥമായ ഗാന്ധർവ്വവേദത്തിന്റെ ഋഷിമാർ സോമശേഖരൻ, ഭരതമുനി മുതലായവരാണ്. ഇത് സംബന്ധിച്ച് 56 ഗ്രന്ഥങ്ങൾ വേറേയുമുണ്ട്.

No comments:

Post a Comment