ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2020

ആയുർവേദത്തിന്റെ നാനോ തലങ്ങൾ

ആയുർവേദത്തിന്റെ നാനോ തലങ്ങൾ

അതിഗഹനതയും ഉദാരകതയും  ഒന്നിച്ചുസമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം - ഈ വാക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടുപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്.

അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ, കൽക്കങ്ങൾ ഇത്രയും വിപുലമായ ഔഷധങ്ങൾ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി, വീടുകളിൽ ഉണ്ടാക്കാമെന്നതാണ് ആയുർവേദത്തിന്റെ പ്രയോഗചാതുരിയിലെ ഏറ്റവും വലിയ പ്രഭ. ആയുർവേദ ആചാര്യന്മാരായ ചരകനെയൊ, സുശ്രുതനെയൊ, വഗ്ഭടനെയൊ, വംഗസേനനെയൊ, ഭേളനെയൊ; ബാലചികിത്സാഗ്രന്ഥങ്ങളെയൊ, സഹസ്രയോഗമോ ആസ്പദമാക്കിയുണ്ടാക്കുന്ന ഏതൊരു ഔഷധവുമായ്ക്കോട്ടെ - അതൊക്കെ കേരളത്തിലെ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി ഉണ്ടാക്കാം; കേവലമൊരു മൺകലം വാങ്ങിച്ച് എവിടെവെച്ചും; ഏതുസമയത്തും വെയ്ക്കാവുന്നതാണ് കഷായം; ഒരു കല്ലിൽ അരച്ച് ഉരുട്ടിയെടുക്കാവുന്നതാണ് ആയുർവേദ ഗുളികകൾ - നല്ല ഉറപ്പുള്ള ഒരു മൺകലം ഉണ്ടെങ്കിൽ, കഷായംവെച്ച് അതിൽ ചേർക്കേണ്ടുന്ന ശർക്കരാദിയായവ ചേർത്തോ; സ്വരസമെടുത്തതിൽ ശർക്കരാദിയായവ ചേർത്തോ അരച്ചുചേർത്ത് കലത്തിന്റെ വായകെട്ടി മണ്ണിൽ കുഴിച്ചിട്ടുവെയ്ക്കാം. പിന്നെ അതിന്റെ സന്ധാനം കഴിഞ്ഞെടുത്താൽ കിട്ടുന്നതാണ് അരിഷ്ടാസവങ്ങൾ. സാർവ്വലൗകികമായി എവിടെയും, ഏതൊരാൾക്കും ഈ ഔഷധങ്ങളെല്ലാം ഉണ്ടാക്കുവാൻ കഴിയുമെന്നിരിക്കെ, എത്രയെത്ര ലളിതമാണ് ആയുർവേദത്തിന്റെ ഔഷധനിർമ്മാണക്രമമെന്ന് ആലോചിച്ച് ആരും അത്ഭുതപ്പെട്ടുപോകും. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു ഔഷധം ഇത്രയും ലളിതമാണോ; ജനങ്ങൾക്ക് ഉണ്ടാക്കി ഉപയോഗിക്കാൻ തക്കവണ്ണം ലളിതമാണോ എന്നുകൂടി താരതമ്യംചെയ്ത് ശ്രദ്ധിക്കാവുന്നതാണ്.

ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണപ്രക്രിയയിൽ അല്പംകൂടി കടന്നതാണ് ലോഹങ്ങളുടെ ഉപയോഗം; അതും സാധാരണക്കാർക്കുപോലും ചെയ്യാം. ഓരോ ഗ്രാമത്തിലും കാണാവുന്നതാണ് കൊല്ലന്റെ ഉലകൾ; തട്ടാന്മാരുടെ ഉലകൾ. ഉലകളിൽ കരിയിട്ട് തീയുംകൊടുത്ത് ഊതിത്തെളിച്ച് അതിനകത്തേയ്ക്ക് ലോഹങ്ങളിട്ടാൽ ഉരുകുകവരെ ചെയ്യും. ഇങ്ങനെ നല്ലതുപോലെ ചുട്ടുപഴുപ്പിച്ച ലോഹങ്ങളെ നേരെ ഗോമൂത്രത്തിൽ മുക്കുക; തൈലത്തിൽ ആദ്യം മുക്കുക; വീണ്ടും ഗോമൂത്രത്തിൽ മുക്കുക. ഇങ്ങനെ ഏഴുതവണ മുക്കിയാൽ അവ ശുദ്ധമാകും. ശുദ്ധീകരിച്ചുകഴിഞ്ഞാൽ, ആയുർവേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഔഷധസസ്യങ്ങൾ അരച്ചുചേർത്തോ അല്ലെങ്കിൽ അവയുടെ സ്വരസംചേർത്തോ വില്ലകളാകുന്നു; അതായത് പരത്തിയുണക്കുന്നു. ഒരേ വലിപ്പമുള്ള രണ്ട് മൺകലങ്ങളെടുത്ത് അവയുടെ വായയുടെ വക്കുരച്ച് ഒരുപോലെയാക്കി, ഒന്നിൽ ഈ വില്ലവെച്ച് മറ്റേകലം അതിനുമുകളിൽ വെയ്ക്കും. ഒരു തുണികഷ്ണത്തിൽ അല്പം ഉഴുന്നുമാവുകൊണ്ട് തേച്ചുപിടിപ്പിച്ച്, ആ കലങ്ങളുടെ ചേർന്നിരിക്കുന്ന വായകളിൽ അത് ചുറ്റിവെയ്ക്കും, പിന്നെ ചിതൽപുറ്റുമണ്ണുകൊണ്ടൊ, കളിമണ്ണുകൊണ്ടോ `ശീലമൺ` ചെയ്ത് ഉണക്കാൻ വെയ്ക്കും. കുക്കുടപുടത്തിനോ, ഗജപുടത്തിനോ തറയിൽ കുഴിയെടുത്ത്, അടുപ്പുണ്ടാക്കി അതിന്മേൽ കലം വെയ്ക്കും. അടുപ്പിൽ ഉണങ്ങിയ ചാണകവരളിയിട്ട്, സാംഗശീതീകരണരീതിയിൽ തീയിടും. അങ്ങനെ ചുട്ട്, തണുത്തുകഴിഞ്ഞ് എടുത്തുനോക്കിയാൽ അതിനകത്തെ ലോഹം ഭസ്മമായി മാറിയിട്ടുണ്ടാകും - ഇത്രയും ലളിതമാണ് ഇതിന്റെ നിർമ്മാണക്രമം; ഏതൊരു സാധാരണക്കാരനും അവന്റെ ആവശ്യാനുസരണം ലളിതമാണ് ഈ നിർമ്മാണക്രമമെന്നത് ശ്രദ്ധേയമാണ്.

രസതന്ത്രത്തിലെ ആൽക്കമിയെ, ലോഹമാരണം; ലോഹശുദ്ധീകരണം സാധാരണക്കാർക്കുപോലും ചെയ്യാം. ഇങ്ങനെ വളരെ ശ്രദ്ധാപൂർവ്വം ലോഹത്തെ ഭസ്മീകരിച്ച് അതിൽ നിന്ന് ഒരു നുള്ള് ഭസ്മമെടുത്ത് വെള്ളത്തിന് മുകളിലിട്ടുനോക്കിയാൽ, അത് വെള്ളത്തിൽ താഴാത്ത അവസ്ഥയിലായെങ്കിൽ അത് ഉപയോഗിക്കാം. ഇങ്ങനെ ശുദ്ധീകരിച്ചെടുക്കുന്ന ഓരോ ഭസ്മങ്ങളിൽ ഓരോന്നും ഇന്നയിന്ന രോഗങ്ങൾക്ക് ഉപയോഗിച്ചാൽ ഫലപ്രദമാണെന്ന് പറയുന്നത് സാധാരണക്കാരാണ്. അവർ ഇങ്ങനെ അനുഭവംകൊണ്ട് പറയുമ്പോൾ, ആധുനിക വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിന് ചെലവഴിക്കുന്ന ഗവേഷണങ്ങളുടെ കാലവും പണവും വെച്ചുനോക്കുമ്പോൾ, അതിന്റെ എത്രയോ മടങ്ങാണ് ചികിത്സാശാസ്ത്രത്തിൽ ആയുർവേദം ചെലവഴിച്ചതെന്ന് മനസ്സിലാക്കാവുന്നതാണ്.

സമഗ്രമായ ഒരു ചികിത്സാശാസ്ത്രമാണ് ജനങ്ങൾക്ക് ആവശ്യം; അപ്പോൾ രോഗനിർണ്ണയവും പ്രധാനമാണ്. രോഗം നിർണ്ണയിച്ചുകഴിഞ്ഞാൽ അത് ചികിത്സിച്ചുമാറ്റുകയാണ് ആവശ്യം. അതേസമയം രോഗം നിർണ്ണയിച്ചുകഴിഞ്ഞ് അതിനെ ചികിത്സിച്ചുമാറ്റാൻ അറിയില്ലെങ്കിലോ, രോഗനിർണ്ണയമെന്നത് ദുഃഖപൂർണ്ണമാകും; അത് മനുഷ്യന്റെ സ്വസ്ഥതയെ നശിപ്പിക്കും. ഈയൊരു അവസ്ഥയെ നന്നായി അറിഞ്ഞ്, ജീവിതായോധനത്തിന്റെ എല്ലാ രംഗവേദികളിലും ചികിത്സാശാസ്ത്രത്തെ സമഗ്രമായി ഉപയോഗിച്ചുകൊണ്ടാണ് പ്രാചീനർ സസ്യത്തിന്റെയും ലോഹത്തിന്റെയും പ്രഭാവത്തെ തരംതിരിച്ചിരിക്കുന്നത് - പ്രഭാവമെന്നത് അജ്ഞേയമാണെന്നും അവർ പറഞ്ഞു.

പ്രഭാവം അജ്ഞേയമാണെന്ന അറിവ് ഔഷധനിർമ്മാണപ്രക്രിയയുടെ തലങ്ങളിൽ  മാത്രമായിരുന്നില്ല, എല്ലാ കർമ്മമേഖലകളിലും അനുഭവംകൊണ്ട് പ്രചീനർ തിരിച്ചറിഞ്ഞിരുന്നു. ഉദാഹരണത്തിന്, കേരളത്തിലെ മൂശാരിമാർ അവരുടെ പണിശാലയിൽ ഓട്ടുപാത്രങ്ങളുംമറ്റും ഉരുക്കിയുണ്ടാക്കുന്ന വേളകളിൽ അന്യരെ അവിടെ പ്രവേശിപ്പിക്കുമായിരുന്നില്ല; അന്യരെ കാണാൻ അനുവദിക്കാതിരുന്നത് മുശാരിക്ക് അതിലെ പ്രഭാവം അറിയുന്നതുകൊണ്ടായിരുന്നു. അതുപോലെതന്നെയാണ് ഔഷധപ്രഭാവത്തെയും അവർ അറിഞ്ഞിരുന്നത്; അതിന്റെ പ്രഭാവതലം അതിസൂക്ഷ്മമായാണ് അവർ ഉപയോഗിച്ചിരുന്നത്.

മെർക്കുറി ഉണ്ടാക്കുന്നതിലെ അതിസൂക്ഷ്മത ശ്രദ്ധിച്ചാൽ, പ്രാചീനർ പ്രഭാവത്തെ എത്രമാത്രം പരിഗണിച്ചുവെന്ന് മനസ്സിലാക്കാവുന്നതാണ്; അതും ഏതൊരു സാധാരണക്കാരനും ഉണ്ടാക്കാവുന്നവിധമാണ് രൂപപ്പെടുത്തിയതും. മെർക്കുറിയുടെ `ഓറാ`(ഛൃല)ണ് ചായില്യം. കുപ്പിച്ചായില്യംകൊണ്ടുവന്ന് ചെറുനാരങ്ങ പിഴിഞ്ഞ നീരിൽ ഇട്ടുവെയ്ക്കും. അത് പകലെടുത്ത് വെയ്ലത്തുവെച്ച് ഉണക്കും; ഏഴോ, പതിനൊന്നൊ, ഇരുപത്തിയൊന്നൊ ദിവസങ്ങളിൽ ഇങ്ങനെ കുപ്പിച്ചായില്യം ഭാവനചെയ്തെടുക്കും. മുകളിൽ പറഞ്ഞതുപോലെ രണ്ട് മൺകലങ്ങൾ വക്കുരച്ച്, ചേർത്തുവെച്ചാൽ ഒരുപോലെ അടഞ്ഞുകിടക്കുമെന്ന് ഉറപ്പാക്കിയെടുക്കും. മുകളിൽ വെക്കുന്ന കലത്തിന്റെ അകത്ത് ചുകന്ന കൊടുവേലിയുടെ ഇല പിഴിഞ്ഞനീരും മുരിക്കില പിഴിഞ്ഞനീരും വെറ്റിലപിഴിഞ്ഞനീരും മാറിമാറി പുരട്ടും; ഇങ്ങനെ ഏഴുതവണ പുരട്ടിയുണക്കിയെടുക്കും. കുപ്പിച്ചായില്യത്തിന്റെ കലത്തിനുമുകളിൽ സ്വരസം പുരട്ടിയെടുത്ത കലംവെച്ച്; ശീലമൺ ചെയ്ത് അടുപ്പിൽവെച്ച് കൊതുമ്പുകൊണ്ട് മന്ദമായി കത്തിക്കും. മന്ദാഗ്നി കത്തിക്കുകയും ഒരു തുണി വെള്ളത്തിൽ നനച്ച് അടപ്പുകലത്തിന്റെ മുകളിൽ നിരന്തരമായിവെച്ച് തണുപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ ഇരുപത്തിനാല് മണിക്കൂർ മന്ദാഗ്നി കത്തിക്കുകയും തണുപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ, സ്വരസം പുരട്ടിയിരുന്ന കലം തണുത്തുകഴിഞ്ഞാൽ, അതെടുത്ത് തുറന്ന് അകവശം തുടച്ചെടുത്താൽ ശുദ്ധമായ മെർക്കുറിയാണ് കിട്ടുക - ബാലരസം. ഈ ബാലരസത്തെയാണ്, ചിത്തിരിപ്പാലനീരിലും മുരിങ്ങയിലനീരിലും വെത്തിലനീരിലും കാടിവെള്ളത്തിലുമൊക്കെ അരച്ച് ശുദ്ധിചെയ്തെടുത്ത് ആയുർവേദ ഭിഷഗ്വരന്മാർ ഉപയോഗിച്ചത്.

എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണ് പദാർത്ഥങ്ങളെ ഇങ്ങനെ പ്രഭാവമറിഞ്ഞ് ഉപയോഗിക്കാൻ പ്രാചീനഭാരതീയർ പഠിച്ചതും, ഉപയോഗിച്ച് മാരകരോഗങ്ങളെവരെ മാറ്റിയെടുത്തതും; സാധാരണക്കാരനെവരെ ആ അറിവുകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കിയതും. എന്നിട്ടാണ് ഈയൊരു വിദ്യാധനത്തെ സർവ്വവിധത്തിലും ഇന്ന് തമസ്ക്കരിക്കുകയും അവയെ ഉപയോഗിക്കുന്ന ആ രീതികളിൽ നിന്നും; ജീവിതരീതികളിൽ നിന്നും സാധാരണക്കാരെ നിഷ്ക്കാസനം ചെയ്ത് ബഹുരാഷ്ട്ര ഭീമന്മാർക്ക് കച്ചവടം കൊഴുപ്പിക്കാൻ വേദിയൊരുക്കുകയും ചെയ്തിരിക്കുന്നത് - സാധാരണ ജനതയ്ക്ക് ഉപയോഗിക്കാവുന്ന ലളിതമനോഹരങ്ങളായ രീതികളെ നിഷ്ക്കാസനംചെയ്ത്, ബഹുരാഷ്ട്രഭീമന്മാർക്ക് ഉന്നതതലത്തിലേക്ക് മൊഴിമാറ്റിയെടുക്കുകയും, അവിടെ ഉപയോഗിക്കുന്നുവെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും, പഴയ രീതിയിൽ ഉപയോഗിക്കാൻ അറിയുന്നവന്റെ കുടിയിടങ്ങളിൽ, അവനുണ്ടാക്കുതിനെ തുച്ഛമായ വിലകൊടുത്ത് വാങ്ങിക്കുകയും, പിന്നെ ഉന്നതനിലയിൽ ശാസ്ത്രീയമായി ഉണ്ടാക്കിയതെന്ന് തെറ്റിദ്ധരിപ്പിക്കുകയും, വൻവിലയ്ക്ക് അവ വിറ്റഴിക്കുകയും ചെയ്തുവരുന്നത് - ഇത്തരം കച്ചവടസ്ഥാപനങ്ങളെക്കൊണ്ട് ഔഷധമേഖല ഇന്ന് നിറഞ്ഞിരിക്കുകയാണ്. അതേസമയം ഔഷധങ്ങളുടെ ശുദ്ധിക്രമത്തിലും അവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വൈതാളികഘട്ടങ്ങളിലും ശ്രദ്ധവെയ്ക്കാതെയാണ് ഇവർ ഔഷധങ്ങൾ വിപണനം ചെയ്ത് പണം കൊയ്യുന്നത്; അവർ വിറ്റഴിച്ച ഔഷധങ്ങൾ ഉപദ്രവകരമാണെന്ന് തെളിഞ്ഞാൽ അതിന്റെ കുറ്റമത്രയും ആയുർവേദത്തിന്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്നൊരു അവസ്ഥ - അധികാദായവും വമ്പിച്ച വ്യാപാരവുമാണ് ആധുനികതയുടെ മെച്ചമെന്ന് വ്യാഖ്യാനിക്കുന്ന ബുദ്ധിരാക്ഷസന്മാരെക്കൊണ്ട് ആധുനികലോകം നിറഞ്ഞിരിക്കുന്ന ഈ ഘട്ടത്തിൽ, ദുരിതം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് നഷ്ടപ്പെട്ടുപോയ ബോധം തിരിച്ചുകിട്ടേണ്ടത് അനിവാര്യമാകുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്, ഔഷധപ്രഭാവത്തെ അറിഞ്ഞ്, അതിലളിതമായി അവരവരുടെ വീടുകളിൽ ചട്ടികളിലും കലങ്ങളിലുമൊക്കെ ഉണ്ടാക്കിയിരുന്ന ഔഷധപ്രക്രിയകളെ സാധാരണക്കാർക്ക് തിരിച്ചുപിടിയ്ക്കേണ്ടി വരുന്നത്.

ആധുനിക ശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും അവസാനത്തെ വാക്കാണ് നാനോ ടെക്നോളജി - ഇന്ന് കേരളത്തിൽ ആയുർവേദ ഔഷധനിർമ്മാണ രംഗത്ത് സർക്കാർ - സ്വകാര്യസ്ഥാപനങ്ങൾ ഏറെയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്നതായാലും, നാട്ടിൻപുറത്തെ ഏതെങ്കിലുമൊരു സാധാരണക്കാരനായാലും, പ്രാചീന ആയുർവേദഗ്രന്ഥത്തിൽ പറയുന്ന ഒരു യോഗമനുസരിച്ച്, ഔഷധങ്ങളെല്ലാം കൃത്യമായി ഉപയോഗിച്ച്, വിധിയനുസരിച്ചുള്ള ഒരു കഷായമുണ്ടാക്കുക; അതൊരു കുപ്പിയിലാക്കി കൊണ്ടുപോയി നാനോസ്കോപ്പിൽ വെച്ച് പരിശോധിക്കുക - അത് നാനോതലത്തിൽ പ്രഭാവമുള്ളവയാണെന്ന് ബോദ്ധ്യമാകും; അപ്പോൾ ഒരു സാധാരണക്കാരനുണ്ടാക്കിയ, യോഗമനുസരിച്ച് വിധിയാംവണ്ണം ഉണ്ടാക്കിയ ആയുർവേദ ഔഷധം നാനോതലങ്ങളിൽവരെ പ്രവർത്തിക്കാൻ പോന്നതാണെന്ന് ബോധ്യമാകും. ഇതിന്റെ ഏറ്റവും വിചിത്രമായ വശം, സാങ്കേതികവിദ്യയെ നാനോകാർബൺ ട്യൂബുകളുടെ തലത്തിലേക്കുയർത്താൻ പാശ്ചാത്യ ഗവേഷകർ ഇന്ന് പാടുപെടുമ്പോഴാണ്, നൂറ്റാണ്ടുകൾക്കുമുമ്പ് കണ്ടെത്തിയതും ഇന്നും ഇവിടുത്തെ സാധാരണക്കാരൻവരെ പിന്തുടരുന്നതുമായ ഔഷധങ്ങൾ നാനോതലത്തിലുള്ളതാണെന്ന് ബോധ്യമാകുന്നത്- എന്നിട്ടാണ്, ഇവിടുത്തെ ഔഷധവ്യാപാരികൾ പടിഞ്ഞാറ് നടക്കുന്നത് പുരോഗതിയാണെന്ന് പാടിപ്പുകഴ്ത്തുന്നത്; പടിഞ്ഞാറ് മഴപെയ്താൽ ഇന്ത്യയിൽ കുടപിടിക്കുന്നവരാണ് ഇന്ത്യയിലെ ആധുനിക ഔഷധഗവേഷകർ.

ആയുർവേദ ഔഷധങ്ങളിൽ ഒന്നെടുത്ത് നിങ്ങൾ, നിങ്ങളുടെ നാനോസ്കോപ്പിൽ വെച്ചുനോക്കണം - നിങ്ങൾ കണ്ടെത്താൻ പാടുപെടുന്ന നാനോ കാർബൺ ട്യൂബുകളുടെ തലത്തിൽമാത്രമല്ല അതിനുമപ്പുറം, നാനോ ഡിസ്ക്കുകളുടെ തലത്തിൽവരെ എത്തിച്ചേർന്നവയാണ് ഇവയെന്ന് ബോധ്യമാകും. `സാരസ്വതാരിഷ്ട`വുമൊക്കെ എടുത്ത് പരിശോധിക്കുമ്പോൾ - സ്വർണ്ണം ചേർത്തുമൊക്കെ ഉണ്ടാക്കുന്നതാണ് - ഏതൊരു ആധുനിക ഊർജ്ജതന്ത്രജ്ഞനും അത്ഭുതസ്തബ്ധനായിപോകും. അപ്പോൾ ഇത്രയും ആധുനികമായ ഒന്നാണ്, ഇത്രയും പ്രാചീനമായി ഉണ്ടാക്കപ്പെട്ടതെന്ന് നാം തിരിച്ചറിയണം. ഇത്രയും പ്രാചീനമായൊരു ദർശനവും ഇത്രയും പ്രാചീനമായൊരു ചികിത്സാശാസ്ത്രവുമാണ് ഇവിടത്തെ സാധാരണക്കാരായ അമ്മമാർവരെ അതിലളിതമായി ജീവിതത്തിൽ പിന്തുടർന്നത്. ഇത്രയും ലളിതമായി അവർ ഉപയോഗിച്ചത് ദ്രവ്യത്തിന്റെ എല്ലാ ഭാവതലങ്ങളും നന്നായി മനസ്സിലാക്കിയായിരുന്നില്ലേയെന്ന്, ആദ്യം ആലോചിക്കണം. അപ്പോഴാണ് ഒരു വൈദ്യശാസ്ത്രം സാർവ്വലൗകികവും സമഗ്രവും ജനകീയവുമാണോയെന്ന് വിലയിരുത്താനാകുക.

No comments:

Post a Comment