ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 April 2020

ഒരു അഘോരിയുടെ ജീവിത പാത - 04

ഒരു അഘോരിയുടെ ജീവിത പാത - 04

ജൂനഗഢിൽ നിന്നും യാത്ര തിരിച്ച കീനാറാമും, ശിഷ്യനും ബലൂചിസ്ഥാൻ പ്രദേശത്തെ ശക്തികേന്ദ്രത്തിലേക്ക് പോകുകയും അവിടെ വച്ച് ഹിഗലാമ്മദേവിയുടെ ദർശനം ലഭിക്കുകയും അമ്മയുടെ നിർദ്ദേശപ്രകാരം കാശിയിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്തു. വരുന്ന വഴി ഹിമാലയത്തിൽ സാധന അനുഷ്ഠിക്കുകയും, അവിടെ നിന്നും തിരിച്ച്  കാശിയിലെ കേദാരഘാട്ടിനടുത്തുള്ള ഹരിശ്ചന്ദ്ര ശ്മാശാനത്തിലെത്തിച്ചേരുകയും ചെയ്തു. 

അവിടെ ഒരാൾ ശ്മശാനത്തിലിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് കടല കൊറിക്കുന്നതും ഒപ്പം തന്നെ ശ്മശാനത്തിൽ ചുറ്റും കിടക്കുന്ന തലയോട്ടികളെ പേരെടുത്തടുത്തു വിളിച്ച് അവർക്കും കടല കൊറിക്കാൻ കൊടുക്കുന്നതും കീനാറാമും, ശിഷ്യനും കാണുകയുണ്ടായി. പല പല ചിതകളിൽ നിന്ന് പോലും തലയോടുകൾ കൂട്ടം കൂട്ടമായി തുള്ളിച്ചാടി വരുന്നതും, അവയെല്ലാം ശ്മശാനവാസിയുടെ ചുറ്റും  നിൽക്കുന്ന കാഴ്ച കണ്ട് ആശ്ചര്യചകിതനായിത്തീർന്ന കീനാറാം അവിടെ തൻ്റെ സ്തംഭനവിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചു.

ശ്മശാനവാസിയായ ആൾ വീണ്ടും തല കൊണ്ട് മാടി വിളിച്ചപ്പോൾ കീനാറാമിൻ്റെ സ്തംഭനശക്തിയാൽ തലയോട്ടികൾ ഒന്നും  അനങ്ങിയില്ല. ആ മനുഷ്യൻ ചിരിനിർത്തി തൻ്റെ കൈകളിലിരുന്ന കടലപ്പൊതി മാറ്റി വച്ചതിൻ ശേഷം കീനാറാമിനോട് തൻ്റെ അരികെ വരുവാൻ ആജ്ഞാപിച്ചു. കീനാറാമും, പിന്നിലായി ബീജാറാമും അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു. ശ്മശാനവാസിയുടെ കണ്ണുകളിലെ തിളക്കം ചുറ്റും കത്തുന്ന ചിതകളിപ്പോലെയുള്ളതാണെന്ന് കീനാറാം തിരിച്ചറിഞ്ഞു.

ഹരിശ്ചന്ദ്രഘട്ടിലെ കത്തിയെരിയുന്ന ചിതകളുടെ സമീപമിരുന്ന വ്യക്തി അഘോരസിദ്ധനായിരുന്ന ബാബാകാലൂറാം തന്നെയെന്ന് കീനാറാമിന് മനസ്സിലായി. മുന്നേഗിർണാർപർവ്വതത്തിൽ ശ്രീ ഗുരു ദത്താത്രേയദർശനശേഷം ലഭിച്ച ദർശനവും ബാബാ കാലുറാമിൻ്റെതായിരുന്നുവെന്ന് കീനാറാമിന് ഓർമ്മവന്നു. 

"ഇതെന്തു കളിയാണ്?" എന്നു ചോദിച്ച കീനാറാമിനോട്, "വിശക്കുന്നു , മീനു വേണം" എന്ന് ബാബാകാലുറാം മറുപടി പറയുകയും ചെയ്തു. അതു കേട്ട കീനാറാം ദിവ്യശക്തിയാൽ ഗംഗയിൽ നിന്ന് ജീവനുള്ള മത്സ്യങ്ങളെ വരുത്തുകയും, ചിതയിൽ നിന്നു തന്നെ അഗ്നികൂട്ടി അവയെ ചുട്ട് മൂന്ന് പേരും കഴിക്കുകയും ചെയ്തു.

ശിഷ്യനെ പരീക്ഷിക്കാൻ വീണ്ടും നിശ്ചയിച്ച ബാബാകാലുറാം ഗംഗയിലേക്ക് നോക്കി ഇപ്രകാരം പറഞ്ഞു , .

"മഹാരാജ്, ഒരു ശവം ഒഴുകി വരുന്നുണ്ടല്ലോ?"

"ഹേയ്, അത് ശവമല്ല, ജീവനുള്ളതാണ് " കീനാറാം മറുപടി പറഞ്ഞു.

"ജീവനുള്ളതാണെന്നാൽ ഒന്ന് വിളിക്കരുതോ " ഉള്ളിൽച്ചിരിച്ചു കൊണ്ട് കാലുറാം ചോദിച്ചു.

കീനാറാം ഉടൻ തന്നെ ഒഴുകിവന്ന ശവത്തിനെ  വിളിക്കുകയും അത് കരയ്ക്കടുക്കുകയും ചെയ്തു. ഉടൻ കീനാറാം അതിനോട് ഇങ്ങനെ കല്പിച്ചു, "എന്താ, ഇങ്ങനെ തുറിച്ചു നോക്കുന്നത്, എഴുനേറ്റ് വീട്ടിൽ പോകരുതോ ?"

ഇതു കേട്ട ശവം ജീവനുള്ള മനുഷ്യനായി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ആ മനുഷ്യൻ അവിടേക്ക് തിരിച്ചു വരുകയും താൻ മരിച്ചു കഴിഞ്ഞു തിരിച്ചു ചെന്നിട്ടുള്ള വീട്ടിലെ അവസ്ഥ വിവരിക്കുകയും ചെയ്തു.
കീനാറാം ആ മനുഷ്യനെ രണ്ടാമത്തെ ശിഷ്യനാക്കുകയും "റാംജിയാവൻറാം " ,
(രാം ജീവൻ കൊടുത്ത രാം) എന്ന് നാമധേയം കല്പിക്കുകയും ചെയ്തു. AD 1697 നടുത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്.

ശ്മശാനത്തിലപ്പോഴും നിശബ്ദനായി ബാബാകാലുറാം ഈ കാഴ്ചകൾ കണ്ട് രസിച്ചിരിക്കുകയായിരുന്നു.

തുടരും...

No comments:

Post a Comment