ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 July 2018

ഹനുമാന്‍ കഥക്കള്‍

ഹനുമാന്‍ കഥക്കള്‍

നാരദന്റെ ചിന്തയില്‍ താനാണ് സ്വര്‍ഗ്ഗ-പാതാള ലോകങ്ങളിലെ ഏറ്റവും വലിയ സംഗീതജ്ഞന്‍ എന്ന അഹങ്കാരം നിറഞ്ഞുനിന്നിരുന്നു. സദാ തന്റെ വീണയും മീട്ടി നാരായണ സ്തുതികള്‍ ആലപിച്ചുകൊണ്ടാണല്ലോ നാരദന്റെ യാത്ര. ഒരിക്കല്‍ നാരദനും ഹനുമാനും ഒരു പാറമേല്‍ ഇരുന്നു. നാരദ നിര്‍ദ്ദേശാനുസരണം ഹനുമാന്‍ ഒരു ശ്രീരാമസ്തുതി ഭക്തിപുരസ്സരം ആലപിച്ചതോടെ, പാറ അലിയുകയും നാരദന്റെ വീണയായ ''മഹതി'' അതില്‍ ഉറച്ചുപോവുകയുമുണ്ടായി. ഉറച്ച പാറയില്‍നിന്നും തന്റെ വീണയെ വീണ്ടെടുക്കുവാന്‍ നാരദന്‍ സംഗീതാലാപനം നടത്തിയെങ്കിലും പാറ ഉരുകുകയുണ്ടായില്ല. മര്‍ക്കടകുലത്തിനു സംഗീതം സാധാരണഗതിയില്‍ വശമല്ലായെന്നറിവുള്ള നാരദന്‍,തന്റെ അഹങ്കാരംകൊണ്ട് വാനരനായ ഹനുമാനെ കളിയാക്കുവാനാണ് സംഗീതാലാപനത്തിന് ക്ഷണിച്ചത്. അഹങ്കാരം നശിച്ച്, ജാള്യതയോടെ ഒരു ഗാനം കൂടി ആലപിക്കുവാന്‍ ഹനുമാനോട് വിനയത്തോടെ അപേക്ഷിക്കുകയും വീണ്ടും ആ ഗാനാലാപനത്തില്‍ പാറ ഉരുകിയപ്പോള്‍ തന്റെ വീണ വീണ്ടെടുക്കുകയുമുണ്ടായി. ലോകരക്ഷാര്‍ത്ഥം ബാല്യത്തില്‍ തന്നെ ഇത്രയേറെ അത്ഭുത കൃത്യങ്ങള്‍ നിര്‍വഹിച്ച മറ്റൊരു ദേവനുമില്ല. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായ ശ്രീകൃഷ്ണന്‍ അനേകം അസുരന്മാരെ വളരെ ചെറുപ്പം മുതല്‍ തന്നെ വധിച്ചിട്ടുണ്ടെങ്കിലും, അസുരശക്തി നിവാരണം ചെയ്യാനും, ലോക-നക്ഷത്ര-നവഗ്രഹ-ഭൂമി സംവിധാനങ്ങളെപ്പോലും സമസ്ത പ്രപഞ്ച നന്മയ്ക്കായി വ്യതിചലിപ്പിച്ച് സംരക്ഷിക്കുവാനും കഴിഞ്ഞിട്ടുള്ളത് മഹേശ്വരാംശമായ ഹനുമാന് മാത്രമാണ്. ത്രിമൂര്‍ത്തികളില്‍, ഭാര്യാപുത്ര സമേതനായി കുടുംബമുള്ളത് ശിവനുമാത്രമാണ്. ശിവാംശങ്ങളും ശിവപുത്രന്മാരുമായ, ഗണപതി, സുബ്രഹ്മണ്യന്‍,ധര്‍മ്മശാസ്താവ്, വീരഭദ്രന്‍, മാടന്‍ തമ്പുരാന്‍, ഭദ്രകാളി മുതലായ ദേവതകളൊക്കെയും ബാല്യകാലം മുതലേ ഉഗ്രമൂര്‍ത്തികളും, കഠോരമായ കലികല്‍മഷങ്ങളെ ഇല്ലാതാക്കുവാന്‍ പ്രാപ്തരുമാണ്.

തൃണബിന്ദു മഹര്‍ഷിയുടെ രൂപം

തൃണബിന്ദുരസ്സില്‍ തപസ്സനുഷ്ഠിച്ചുവന്ന തൃണബിന്ദു മഹര്‍ഷിയുടെ ശാപം ഹനുമാന് ഏല്‍ക്കേണ്ടതായി വന്നു. മഹര്‍ഷി തപസ്സു ചെയ്യുന്ന ആശ്രമപരിസരത്തെത്തിയ ഹനുമാന്‍, ഒരു സിംഹവും ആനയുമായി ആശ്രമകവാടത്തില്‍ കലഹത്തിലേര്‍പ്പെട്ടിരിക്കുന്നതായി കാണുകയുണ്ടായി. ഹനുമാന്‍ ശക്തമായ തന്റെ കരങ്ങള്‍ക്കൊണ്ട് ഈ രണ്ടു മൃഗങ്ങളേയും കവാടത്തിന്റെ ഇരുവശങ്ങളിലേക്കും തള്ളിമാറ്റിപ്പിടിച്ചപ്പോഴാണ്, ശബ്ദകോലാഹലം കേട്ട് തപസ്സു മുടങ്ങിയ മഹര്‍ഷി കോപിഷ്ഠനായി പുറത്തേക്ക് വന്നപ്പോള്‍ അലറുന്ന ആനയേയും സിംഹത്തേയും ഹനുമാനേയും കാണുന്നത്.ഹനുമാനാണ് തന്റെ തപസ്സ് മുടക്കിയതെന്ന തെറ്റിദ്ധാരണയില്‍, തന്റെ മഹാശക്തിയില്‍ അഹങ്കരിക്കുന്ന ''ഹനുമാന്‍ തന്റെ മഹാദ്ഭുത ശക്തികള്‍ മറന്നുപോകട്ടെ'' എന്ന് ശപിക്കുകയുണ്ടായി.യാഥാര്‍ത്ഥ്യം ബോധ്യമായപ്പോള്‍, ''നിന്റെ കുലത്തില്‍പ്പെട്ട ഒരാള്‍ തന്നെ നിന്റെ മഹാവീര്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുമ്പോള്‍ മുതല്‍ മറന്നുപോയ ശക്തിവീര്യങ്ങള്‍ വീണ്ടും അനുഭവവേദ്യമാകു''മെന്ന്'' ശാപമോക്ഷവും നല്‍കി.സീതാന്വേഷണത്തിനായി സമുദ്രത്തിനു മീതേകൂടി ലങ്കയിലേക് ചാടുവാന്‍ അതീവ വിക്രമികളായ വാനരശ്രേഷ്ഠന്മാരില്‍ ആര്‍ക്കു കഴിയുമെന്നു ശങ്കിച്ചുനില്‍ക്കുമ്പോള്‍ ജാംബവാന്റെ ഓര്‍മ്മപ്പെടുത്തലില്‍ ഉണര്‍ന്നുവശായ ഹനുമാന്‍ ദൗത്യം ഏറ്റെടുക്കുകയും പ്രതീക്ഷിച്ചതില്‍ കവിഞ്ഞ പ്രാവീണ്യത്തോടെ നിര്‍വഹണം നടത്തുകയുമുണ്ടായി.രാമേശ്വരത്തു ശ്രീരാമന്‍ നടത്തിയ ശിവപ്രതിഷ്ഠയ്ക്കു പ്രേരകമായിരുന്നതും ഹനുമാന്‍ തന്നെ. കേരളത്തില്‍,തിരുവല്ലയ്ക്കടുത്തുള്ള കവിയൂര്‍ സ്ഥലത്തെ ശിവപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം കൊണ്ടുവരുവാന്‍ നിയുക്തനായതും ഹനുമാന്‍ തന്നെ.പ്രതിഷ്ഠാമുഹൂര്‍ത്തത്തിലെത്താന്‍ കഴിയാതെ വന്നപ്പോള്‍, ശ്രീരാമന്‍ മറ്റൊരു ശിവലിംഗം പ്രതിഷ്ഠിക്കുകയും ഇതില്‍ സങ്കടഗ്രസ്തനായ ഹനുമാനോട,് തല്‍ക്കാലം ഞാന്‍ പ്രതിഷ്ഠിച്ച വിഗ്രഹം ഇളക്കിമാറ്റിക്കൊണ്ട് ഹനുമാന്‍ കൊണ്ടുവന്ന പുണ്യവിഗ്രഹം സ്ഥാപിച്ചുകൊള്ളുവാന്‍ ഭഗവാന്‍ അനുവദിക്കുകയും ഇളക്കാന്‍ ബുദ്ധിമുട്ടുതോന്നിയ ഹനുമാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റുപാടുള്ള ഭൂമിയോടു കൂടി ഉയര്‍ന്നുവന്നുവെന്നും ഐതിഹ്യമുണ്ട്. എന്തായാലും ക്ഷേത്ര കോമ്പൗണ്ട് ചുറ്റുപാടുകളേക്കാള്‍ വളരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം ക്ഷേത്രത്തിനുള്ളില്‍ തൊട്ടടുത്തുതന്നെ ഹനുമാനെയും പ്രതിഷ്ഠിക്കുകയുണ്ടായി. കവിയൂര്‍ ശിവക്ഷേത്രമാണെങ്കിലും ഇന്നും ഹനുമത് പ്രതിഷ്ഠയ്ക്കാണ് പ്രസിദ്ധിയും പ്രചാരവും. 

No comments:

Post a Comment