ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2017

എന്താണ് യോഗ?

എന്താണ് യോഗ?

ജൂൺ 21 യോഗാദിനം ഗംഭീര ആഘോഷമാക്കുന്നു.
യോഗയുടെ പ്രചരണം ആണ് ലക്ഷ്യം.
ആയതിനാൽ യോഗയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കുന്നു.

യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്.
ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു
സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ എന്നിവ.
അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹർഷി ആണ്.
അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ്

യമം
നിയമം
ആസനം
പ്രാണായാമം
പ്രത്യാഹാരം
ധാരണം
ധ്യാനം
സമാധി
ഇവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം...

യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക. യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം.

അഹിംസ
സത്യം
അസ്തേയം
ബ്രഹ്മചര്യം
അപരിഗ്രഹം എന്നിവയാണ് യമങ്ങൾ.

അഹിംസ
മനസ്സാ, വാചാ കർമ്മണാ ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക.

സത്യം
സർവ്വഭൂതങ്ങൾക്കും ഹിതമായതിനെ സത്യം എന്നു പറയുന്നു. വ്യാജമായത് ചെയ്യാതിരിക്കുകയും, ഉള്ളത് മാത്രം ഉള്ളത് പോലെ പറയുകയും  ചെയ്യുകയും ചെയ്യുക.
 
അസ്തേയം
ആരേയും വഞ്ചിക്കാതിരിക്കുകഅന്യന്റെ മുതൽ അപഹരിക്കാതിരിക്കുക.

ബ്രഹ്മചര്യം
ഒറ്റവാക്കിൽ പറഞ്ഞാൽ മാനസ്സികവും ശാരീരികവുമായ എല്ലാവിധ ഇന്ദ്രിയ സുഖങ്ങളേയും നിയന്ത്രിച്ച് സദാ സമയവും നല്ല ചിന്തകളിലും പ്രവൃത്തികളിലും മുഴുകുക എന്നതാണു  ബ്രഹ്മചര്യം.

അപരിഗ്രഹം
ആരിൽ നിന്നും ഒന്നും ദാനമായി സ്വീകരിയ്ക്കാതിരിക്കുക അത്യാവശ്യ മായതിനെക്കവിഞ്ഞ് യാതൊന്നിനേയും, ആഗ്രഹിക്കാതിരിക്കുക, അനുഭവിക്കാതിരിക്കുക, ഒന്നിനോടും മമത ഇല്ലാതിരിക്കുക.

ഇങ്ങിനെ യമം പരിശീലിക്കുന്ന സാധകൻ തിന്മയിൽനിന്നും, ശുദ്ധീകരണത്താൽ സ്വയം പരിരക്ഷിച്ച് സമൂഹത്തിനു നന്മനല്കുന്നു.

നിയമം
യമങ്ങളെ അനുഷ്ഠിച്ച സാധകനെ ധാർമ്മിക ജീവിതത്തിന്റെ വഴികളുമായി ബന്ധിപ്പിക്കുന്നതാണ് നിയമങ്ങൾ.

ശൗചം,
സന്തോഷം,
തപസ്സ്,
സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം,
എന്നിവയാകുന്നു നിയമങ്ങൾ

ശൗചം
ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടുതരം ശൗചങ്ങളുണ്ട്.
മനസ്സിലെ മലങ്ങളെ അകറ്റുന്ന ഇന്ദ്രിയ നിഗ്രഹം ആന്തരിക ശൗചമാകുന്നു.

സന്തോഷം
കർമ്മ ഫലങ്ങൾ നല്ലതാണെങ്കിലും അല്ലെങ്കിലും സ്വീകരിച്ച് സദാസമയവും സന്തോഷവാനായിരിക്കുക.

തപസ്സ്
പ്രത്യേക നിഷ്ഠകളിലൂടെ സ്ഥൂല ശരീരത്തെ പൂർണ്ണ നിയന്ത്രണവിധേയമാക്കി ധ്യാനമാർഗ്ഗം പരീശീലിയ്ക്കുന്നതാണു തപസ്സ്.

സ്വാദ്ധ്യായം
താൻ ചെയ്യുന്ന ജോലിയോട് ബന്ധമുള്ള  ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നിരന്തരമായുള്ള പഠനം.

ഈശ്വരപ്രണിധാനം
തനിക്ക് അതീതമായ ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ടെന്നും, താൻ ചെയ്യുന്നതെല്ലാം ഈശ്വരനാകുന്ന ആ ശക്തി ചൈതന്യത്തിൽ അർപ്പിച്ചു കൊണ്ട് ചെയ്യുന്നതാണു ഈശ്വരപ്രണിധാനം.

ഇങ്ങനെ സത്കർമ്മങ്ങൾ വഴി ധാർമ്മിക ജീവിതം നയിക്കുന്നതിനു നിയമം സഹായിക്കുന്നു.

ആസനം
ഇന്ദ്രിയങ്ങളെ ബാഹ്യ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി, അവയെ നിയന്ത്രിച്ച്, സ്വസ്ഥമായും സ്ഥിരമായും നിലകൊള്ളാൻ സഹായിക്കുന്ന  ശാരീരികസ്ഥിതികൾ അഥവാ  പൊസിഷനുകൾ ആണ് ആസനങ്ങൾ.

പ്രാണായാമം
പ്രാണൻ എന്നാൽ പ്രാണവായു. നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ നടക്കുന്ന ശ്വാസോച്ഛാസങ്ങളും വായുവിന്റെ ചലനങ്ങളും അൽപ്പനേരത്തേക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമമാണ് പ്രാണായാമം.

ജ്ഞാന, കർമ്മ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബാഹ്യലോകത്തു നിന്ന് അകലുന്നത്  പ്രത്യാഹാരമെന്നും, ശ്രദ്ധ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനെ ധാരണം എന്നും ബുദ്ധിയെയും ചിന്തകളേയും അതിലേക്കെത്തിക്കുന്നതിനെ ധ്യാനം എന്നും തൽഫലമായി ആപേക്ഷികം മാത്രമായ സുഖദു:ഖശീതോഷ്ണ സംഗങ്ങളെ ഇല്ലാതാക്കി സമമായ ബുദ്ധിയിലേക്ക്  മനസ്സിനെ എത്തിച്ച് സമാധി കൈവരിക്കുന്നതും എല്ലാം ചേർന്നതാണ് യോഗ.

പക്ഷേ നിർഭാഗ്യവശാൽ ഈ മഹത് സാഗരത്തിലെ ആസനവും പ്രാണായാമവും മാത്രമായി ചുരുങ്ങിയ തോതിലാണ് ഇന്ന് യോഗ അറിയപ്പെടുന്നത്
ബാക്കിയുള്ള 6 വിഭാഗങ്ങൾ അത്ര പെട്ടെന്ന് കച്ചവട ചരക്കാക്കാൻ സാധിക്കില്ല എന്നതു  തന്നെയാണ് കാരണം.
യോഗക്ക് നേരിട്ട ച്യുതി സൂചിച്ചിച്ചു എന്നേ ഉള്ളൂ.

ഇനി യോഗയുടെ നിർവചനം നോക്കാം.
യോഗ: ചിത്തവൃത്തി നിരോധ:
ചിത്തവൃത്തി എന്നാൽ മനസ്സിന്റെ വ്യാപാരങ്ങൾ. അതിനെ നിരോധിക്കലാണ് യോഗ.
എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമായിട്ട് ഒരിടത്ത് ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങിനെ ഇരിക്കാൻ കഴിഞ്ഞാലും ആ സ്വസ്ഥത ശരീരത്തിനു മാത്രമല്ലേ ഉള്ളൂ. ആ നിർവൃതി മനസ്സിനും കൂടി കിട്ടിയാലോ...
അതിനു വേണ്ടിയാണ് യോഗ.
ശരീരാവയവങ്ങൾ ചില പ്രത്യേക രീതിയിൽ ക്രമീകരിച്ച് ചെയ്യുന്ന ആസനങ്ങളുടെ പൂർണ്ണ ഫലം കിട്ടണമെങ്കിൽ മനസ്സിന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയും ക്രമേണ മനസ്സിനെ കുറച്ചു സമയമെങ്കിലും ശ്യൂനമാക്കി നിർത്താനും കഴിയണം.
അതിന് ശ്വാസഗതിയേയും നിയന്ത്രിക്കേണ്ടതുണ്ട്.
പെട്ടെന്നു സാധിക്കില്ലെങ്കിലും ക്രമേണയെങ്കിലും ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ,
സ്ക്കൂളിൽ പി.ടി മാഷ് ചെയ്യിക്കുന്നതോ ജിംനേഷ്യത്തിൽ വെച്ച് ചെയ്യുന്നതോ ആയ വ്യായാമ മുറകളിൽ നിന്ന് യോഗ വ്യത്യസ്തമാകാതെ പോകും.

മനസ്സിന്റെ വ്യാപാരങ്ങളെ കടിഞ്ഞാൺ ഇട്ടാൽ, ബാഹ്യലോകത്തെ വിഷയ സുഖങ്ങളിലേക്കുള്ള പഞ്ചേന്ദ്രിയങ്ങളുടെ ഗതി നിയന്ത്രിച്ചാൽ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കും,
അതായത് നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മർദ്ദം, ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകർക്ക് കഴിയും.
പക്ഷേ അതൊക്കെ സാധിച്ചെടുക്കണമെങ്കിൽ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.
അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലർത്താതെ, താരതമ്യേന ലളിതവും എന്നാൽ കൂടുതൽ ഫലവത്തുമായ സൂര്യനമസ്ക്കാരം പോലെ ഉള്ളവ പരിശീലിക്കാൻ ശ്രമിക്കുക.
ക്രമേണ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളായ ക്രോധം, ശോകം, വിദ്വേഷം, അതിമോഹം, അനുരാഗം, അസൂയ, കുശുമ്പ്, മദം, മാത്സര്യം തുടങ്ങിയവയും ശാരീരികമായി അമിത വണ്ണം, അമിത രക്തസമ്മർദം, പ്രമേഹം, ആസ്ത്മ, അസ്ഥി സന്ധി രോഗങ്ങൾ, മലബന്ധം, അജീർണ്ണം തുടങ്ങിയ രോഗങ്ങളേയും ചെറുക്കാവുന്നതാണ്.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള യോഗ, ആയുർവേദം, ജ്യോതിഷം, വാസ്തു തുടങ്ങിയവയുടെ ബാഹ്യകവചത്തിൽ പൊതിഞ്ഞ് എന്തും വിൽക്കാം എന്ന ഒരു സ്ഥിതി നിലവിലുണ്ട്.
അതിനാൽ പരസ്യവാചകങ്ങൾ മാത്രം വിശ്വസിച്ച് ഈ പേരുകൾ കേൾക്കുമ്പോഴേക്കും എടുത്ത് ചാടിയാൽ വീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ യഥാർത്ഥ അറിവുള്ളവരിൽ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യവാന്മാരും സന്മനസ്സിൻ ഉടമകളും ആയിത്തീരുക.
പറ്റുമെങ്കിൽ ഈ സന്ദേശം മറ്റുള്ളവർക്ക് കൂടി പങ്കു വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ശരീരവും മനസ്സും നമ്മളേക്കാൾ നന്നായി മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് കൊണ്ട് യോഗ ദിനാശംസകൾ നേരുന്നു.

No comments:

Post a Comment