ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2017

ക്ഷേത്രരഹസ്യം

ക്ഷേത്രരഹസ്യം

ക്ഷേത്രമതിലകം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലർക്കുമറിയില്ല.

"പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി 
സ്ഥൂലസൂക്ഷ്മേ യതോഽതോഽ- 
ത്രാധാരാധേയഭാവാ ദിതരതരഭവോഽ-
നൃത്ര ചാഭ്യേതി ദോഷഃ "

(തന്ത്രസമുച്ചയം)   

പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം, ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം - അശുദ്ധി അഥവാ ഹാനി, സംഭവിച്ചാൽ അതിന്റെ കേട്‌ മറ്റേതിനെയും ബാധിക്കും. മതിലകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ്. ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.   

തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത്. മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?
തപ്താജ്യഘടയോരിവ" എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണുത്തുറച്ച നെയ്യൊഴിച്ചാൽ നെയ്യുരുക്കുന്നു.  തിളച്ച നെയ്യ് തണുത്തുറച്ച പാത്രത്തിലേക്ക് ഒഴിച്ചാൽ പാത്രവും ചൂടാകുന്നു. ശരീരത്തിനും മനസ്സിനുമുള്ള  ആധാരധേയഭാവം, ക്ഷേത്രവസ്തുസമുച്ചയത്തിനും  ബിംബത്തിനും തമ്മിലുണ്ട്. ഈ വസ്തുത  എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.  തേവരുടെ ഇരിപ്പ് ശ്രീലകത്താണല്ലോ എന്നാണെല്ലാവരുടെയും ധാരണ. അങ്ങനെ ധരിച്ചാൽ പോര. അമ്പലം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദേവസാന്നിദ്ധ്യം. അകത്തേക്ക് നീങ്ങും  തോറും അശുദ്ധിക്ക് ഗൗരവം കൂടുമെന്നത് ശരിയാണ്.  മതിലിന്മേലോ ഗോപുരത്തറയിലോ അശുചിത്വം വന്നാലും അതു  ദേവചൈതന്യഹാനികൾ തന്നെയാണ് ആരും അതിനിടവരുത്തരുത്.

മതിലകത്തുകൂടെ ചെരിപ്പിട്ടു നടന്ന് നാലമ്പലത്തിന്റെ വാതിക്കൽ ഊരിവെച്ച് അകത്തു കടക്കുന്ന പതിവ്  പലയിടത്തും കാണാം.  തികച്ചും തെറ്റാണീ നടപടി. പാദരക്ഷ മതില്ക്കുപുറത്തെ വെക്കാവൂ.  ഗോപുരദ്വാരത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠാമൂർത്തിയുടെ ശരീരത്തിൽ പ്രവേശിച്ചുവെന്നാണ് ധാരണ എല്ലാവർക്കും ഉണ്ടാവുക തന്നെ വേണം. ക്ഷേത്രദർശനത്തിനല്ലാതെ മറ്റൊരാവിശ്യത്തിനും  ക്ഷേത്രോപജീവികളല്ലാതെ മറ്റാരും ഒരു കാരണവശാലും ക്ഷേത്രത്തിൽ കടക്കരുത്. ചെരുപ്പിന്റെ കാര്യം മാത്രം മനസ്സിലിരുത്തിയാൽ പോര. ഗോപുരത്തറയിലിരുന്ന് കൂട്ടുക്കാരോട് സൊറപറഞ്ഞു പുകവലിച്ചിരിക്കുന്ന പലരേയും കാണം.  ബീഡി - സിഗറ്റുകുറ്റികൾ എല്ലാ മതിലകത്തൂം  കണ്ടുവരുന്നത്. പ്രാകാരാന്തർഭാഗം മുഴുവൻ ദേവശരീരമാണെന്ന വസ്തുത ആരും ധരിക്കാത്തതു കൊണ്ടല്ലേ? തുപ്പുന്നതും ഏതു തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടും. തീർത്ഥം സേവിക്കുമ്പോൾ തുളസിയില അറിയാതെ  വായിൽപ്പെട്ടത് തിരുമുറ്റത്തു തന്നെ തുപ്പിയ കഥകളുമുണ്ട്. ഇലക്കഷ്ണത്തിൽ പ്രസാദവും പൂവും ത്രിമധുരവും ശാന്തിക്കാരൻ തന്നാൽ ആവിശ്യം കഴിഞ്ഞാൽ ഇല പരിസരബോധമില്ലാതെ വലിച്ചെറിയുന്നവരേയും  കാണാം. അനാവശ്യവസ്തുക്കളൊന്നും  തന്നെ മതിലകത്തൊരിടത്തും ഇട്ടു കൂടാ മതില്ക്കുപുറത്തുകൊണ്ടുപോയിക്കളയണം . നിവേദിച്ചതെന്തും സേവിക്കുമ്പോൾ, തലയുയർത്തിമലർത്തിപ്പിടിച്ച് വായനല്ലവണ്ണം തുറന്ന് , കൈ ചുണ്ടിൽ പോലും സ്പർശിക്കാൻ ഇടവരാതെ ,  വായിലേയ്ക്കിടാനേ പാടുള്ളു.  ത്രിമധുരം നാം കുട്ടികൾക്കു സേവിക്കാൻ  കൊടുക്കുമ്പോൾ പ്രത്യേകിച്ചും മനസ്സിരുത്തണം.   സ്ഥലശുദ്ധിക്കു മാത്രമല്ല ഈ മനസ്സിലിരുത്തലിന്റെ ഗുണം. കുട്ടികൾക്കതൊരു സാധനാപാഠമായിത്തീരുന്നു.  കുട്ടിക്കാലം മുതല്ക്കേ അമ്മമാർ കുട്ടികാളേയും കൊണ്ടമ്പലത്തിൽ വന്ന് നടക്കൽ കൈകൂപ്പാൻ മാത്രം പഠിപ്പിച്ചാൽ  പോരാ; അമ്പലത്തിനകത്തെ പെരുമാറ്റചട്ടങ്ങൾ അവർക്ക് കുട്ടിക്കലത്തു തന്നെ മനസ്സിലാവണം. ഒതുങ്ങി നടക്കാനും വഴി മാറാനും അവർക്ക് പരിശീലനം സിദ്ധിക്കണം. "ചൊട്ടയിലെ ശീലം ചുടലവരെ" എന്നാല്ലോ ചൊല്ല്.  ക്ഷേത്രപരിസരങ്ങളിൽ അനാവശ്യമായ വർത്തമാനം ഒഴിവാക്കലും പരമപ്രധാനം തന്നെ. ഇക്കാര്യത്തിൽ ക്ഷേത്രോപജീവികളുടെ  ശുഷ്കാന്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു  "നിശ്ശബ്ദത പാലിക്കുക" എന്നെഴുതിയ ഫലകങ്ങൾ അങ്ങിങ്ങായി  സ്ഥാപിക്കണമെന്നുപോലും തോന്നിപ്പോകുന്നു. 

ക്ഷേത്രവും മനുഷ്യശരീരവും :-

"ഇദം  ശരീരം കൗന്തേയ! ക്ഷേത്രമിത്യഭിധീയതേ" 

എന്ന ഭഗവൽഗീതാവക്യം സുപ്രസിദ്ധമാണ് പരമാത്മാചൈതന്യവും ജീവാത്മാചൈതന്യവും  കുടിക്കൊള്ളുന്ന അമ്പലം തന്നെയാണല്ലോ മനുഷ്യശരീരം.   ക്ഷേത്രവാസ്തുസമുച്ചയത്തിന് രൂപകല്പനചെയ്തീട്ടുള്ളത് യോഗശാസ്ത്രപരമായ മനുഷ്യശരീരഘടനയുടെ തനിപ്പകർപ്പായിട്ടുതന്നെയാണ്. മനുഷ്യശരീരത്തെ (കൈയ്യും  കാലും ഒഴിവാക്കി)  ലംബമായി ആറു തട്ടുകളായും തിരശ്ചീനമായി അഞ്ചു വിഭഗങ്ങളായും യോഗീശ്വരന്മാർ തിരിച്ചു പറഞ്ഞിരിക്കുന്നു.

ഷഡ്ച്ചക്രങ്ങൾ
1, മൂലാധാരം
2, സ്വാധിഷ്ഠാനം
3,  മണിപൂരകം
4, അനാഹതം
5, വിശുദ്ധി
6, ആജ്ഞ
എന്നീ ഷഡ്ച്ചക്രങ്ങളയാണ് ലംബതലത്തിൽ ശരീരത്തെ ഭാഗിക്കുന്നത്.  ഗുദലിംഗമദ്ധ്യത്തിലാണ് മൂലാധാരം. സുഷ്മനാനാഡി സുസുക്ഷ്മം പരിശോധിച്ചാൽ കെട്ടുപിണഞ്ഞ നാഡീവ്യൂഹങ്ങളുടെ രൂപത്തിൽ ഈ ആറു സ്ഥാനങ്ങളും വേർതിരിച്ചുകാണാമെന്ന് ആധുനികശരീരശാസ്ത്രത്തിൽ അറിവുള്ളർ സമ്മതിക്കുന്നു. ഇവയ്ക്കു സമാനമായിട്ടാണ് മുമ്പുപറഞ്ഞ ഷഡാധാരചക്രങ്ങൾ  പ്രതിഷ്ഠാസ്ഥാനത്തിനു ചുവടെ ആഴത്തിലൊരു കുഴികുഴിച്ച് അതിൽ  ചുവട്ടിൽ നിന്ന് മുകളിലോട്ടായി 
1, ആധാരശില
2, നിധികുംഭം
3, പത്മം
4, കൂർമ്മം
5, യോഗനാളം
6, നപുംസകശില
എന്നിവ താന്ത്രിക കർമ്മങ്ങളോടെ സ്ഥാപിച്ചുറപിച്ച ശേഷം മാത്രമേ അമ്പലം പണി  തുടങ്ങുന്നുള്ളു.  അതുകൊണ്ട് ക്ഷേത്ര നിർമ്മാണാരംഭഘട്ടത്തിലല്ലാതെ , പിന്നാടൊരിക്കലും ഷഡാധാരങ്ങൾ കാണാം കഴിയില്ല. 

പഞ്ചപ്രകാരങ്ങൾ

1, മര്യാദ (പുറമതിൽ)
2, ബാഹ്യഹാര (പ്രദക്ഷിണ വഴി)
3, മദ്ധ്യഹാര ( വിളക്കു മാടത്തിലെ ദീപനാളങ്ങളെ സാങ്കല്പികമായിട്ടു കൂട്ടിച്ചേർക്കുന്ന രേഖ )
4, അന്തഹാര (നാലമ്പലത്തിന്റെ ഉള്ള് അഥവാ തിരുമുറ്റത്തിന്റെ ബാഹ്യാതിർത്തി)
5, അന്തർമ്മണ്ഡലം ( അകത്തെ ബലിവട്ടം ) എന്നീ പഞ്ചപ്രകാരങ്ങൾ, 

പഞ്ചകോശങ്ങൾ

1, അന്നമയകോശം
2, പ്രാണമയകോശം
3, മനോമയകോശം
4, വിജ്ഞാനമയകോശം
5,  ആനന്ദമായകോശം
എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമൂർദ്ധാവിൽ സഹസ്രാരപത്മ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിന്റെ സ്ഥാനത്താണ് മൂർത്തി പ്രതിഷ്ഠ നടത്തുന്നത്. മനുഷ്യനിൽ ജീവാത്മാവ് മൂലാധാരത്തിൽ ഏറ്റവും ചുവട്ടിൽ ആണെങ്കിലും, ക്ഷേത്രത്തിൽ  ദേവന്റെ സുക്ഷ്മാശരീരസ്ഥാനത്തുള്ള ബിംബം  പ്രതിഷ്ഠിക്കുന്നതു പരമാത്മാ ചൈതന്യസ്ഥാനത്താണെന്ന വസ്തുത ദേവന്റെ ഈശ്വരത്വത്തെ  സാധൂകരിക്കുന്നു. അന്നമയകോശമാകുന്ന മനുഷ്യബാഹ്യശരീരത്തിനു സമാനം തന്നെയാണ്  മതില്ക്കകമെന്ന വസ്തുത മനസ്സിലാകുമ്പോൾ, ആർക്കാണു മതില്ക്കകം  മലിനമാക്കുവാൻ  മനസ്സു വരിക???

29 January 2017

ഉപനിഷതകഥകൾ - 4 [സത്യകാമന്റെ സത്യനിഷ്ഠ]

ഉപനിഷതകഥകൾ - 4

സത്യകാമന്റെ സത്യനിഷ്ഠ

രാജവീഥികളിലെ തിരക്കുകളിൽ നിന്നാക്കലായിട്ട് ഗ്രാമീണർ താമസിക്കുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങൾ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിക്ക്‌ ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങൾ.  ദരിദ്രരുടെ വാസസ്ഥലങ്ങൾ പുഴയോരത്തു വലിയ മൺപുറ്റുകൾ പോലെ അങ്ങിങ്ങു നിലനിന്നിരുന്നു. അവയിലൊന്നിലാണ് സത്യകമാണ് ജനിച്ചു വളർന്നത്.

ഒരു ദിവസം സത്യകമാണ് അമ്മയായ ജബലയോടു പറഞ്ഞു:

"അമ്മേ, എനിക്ക് പഠിക്കണം. പകൽ സമയത്തു നദിയിൽ കുളിക്കാനെത്തുന്ന ധാരാളം പേര ഞാൻ പരിചയ പെടാറുണ്ട്. അറിവുള്ള പലരിൽനിന്നുമായി ഞാനൊരു സത്യം കേട്ടറിഞ്ഞു. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. എനിക്ക് പഠിക്കണം. അതിനു ഇവിടെ നിന്നാൽ സാധ്യമല്ല. അതുകൊണ്ടു ഏതെങ്കിലും ഗുരുകുലത്തിൽ ചെന്ന് ബ്രമ്ഹചാരിയായി വസിക്കണം."

അത് കേട്ട് ജബാല സന്തോഷിച്ചു.

"മകനേ, നീ പേടിച്ചു വലിയവനാകണം എന്നാണ് എന്റയും മോഹം. പക്ഷെ ഞാൻ ദരിദ്രയാണ്. നിനക്ക് വേണ്ടതെല്ലാം തരുവാൻ ഈ അമ്മക്ക് പ്രാപ്തിയില്ല."

"'അമ്മ വിഷമിക്കരുത്, ഋഷിശ്വരന്മാർ വസിക്കുന്ന അനേകം ഗുരുകുലങ്ങളെക്കുറിച്ചു എനിക്ക് കേട്ടറിവ് ലഭിച്ചിട്ടുണ്ട്. അവിടെ ചെന്നാൽ ഗുരുവിനോട് എന്റെ ഗോത്രം പറയണം. ഞാൻ ഏതു ഗോത്രത്തിൽ ജനിച്ചതുമെന്നു 'അമ്മ പറഞ്ഞുതന്നാലും."

മകന്റെ പെട്ടന്നുള്ള ആ ചോദ്യം ജബാലയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. തന്റെ പൂർവ്വകലാനുഭവങ്ങൾ പലതും ഓര്മകളിലോടിയെത്തി. എല്ലാം വിസ്‌മൃതിയിലാക്കി സ്വപുത്രനുവേണ്ടി മാത്രം ജീവിക്കുക ആയിരുന്നു.

ജബാല നഗരവീഥിയിലെ പല വീടുകളിലും വേലക്കുപോകുമായിരുന്നു. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആ അമ്മയും മകനും ജീവിച്ചു. തികഞ്ഞ ഭഗവൽഭക്തയായിരുന്ന അവർ ആരോട് ഒന്നിനും പരാതിയില്ല പരിഭവമില്ല.

സ്വപുത്രന്റെ നന്മക്കുവേണ്ടി മനസ്സുരുകി പ്രാത്ഥിച്ചിരുന്ന ജബാല, അവന്റെ ചോദ്യത്തിനുമുമ്പിൽ പതറിപ്പോയി. ആ സ്വാധി ദുഃഖം കൊണ്ട് കണ്ണുനിറഞ്ഞു, എന്നിട്ടു വിഷമത്തോടെ പറഞ്ഞു.

"മകനേ, ക്ഷമിക്കുക. നീ  ഏതു ഗോത്രകാരനാണെന്ന് എനിക്ക് അറിഞ്ഞുകൂടാ. ബാല്യകാലം മുതൽ ഞാൻ ഒരു ദരിദ്ര ആണ്. പല പല വീടുകളിൽ പലരേയും പരിചാരിച്ചാണ് ജീവിതവൃത്തി കഴിച്ചിരുന്നത്. അക്കാലത്തു എന്താ യൗവനത്തിൽ എനിക്ക് നിന്നെ ലഭിച്ചു. അത് കൊണ്ട് നീ ഏതു ഗോത്രക്കാരാണെന്നു എനിക്ക് അറിഞ്ഞുകൂടാ എന്റ പേര് ജബാല എന്നാണ് നിനക്ക് ഞാൻ നൽകിയിരിക്കുന്ന പേര് സത്യകമാണ് എന്നാണ്. ജബാലയുടെ പുത്രനായ സത്യകാമനാണ് നീ എന്ന് ആശ്രമത്തിൽ ചെന്ന് ആചാര്യനോട്‌ പറയുക."

'അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട സത്യകാമൻ ഗുരുകുലത്തിലേക്കു പുറപ്പെടാനൊരുങ്ങി. അമ്മയുടെ ഉപദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങി മാതൃപാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് ദൃഢവിശ്വാസത്തോടും ഭക്തിയോടും കൂടി കുടിലിൽ നിന്നുറങ്ങി അവൻ മെല്ലെ നടന്നു.

സത്യകാമൻ ഗൗതമമഹർഷിയുടെ ആശ്രമത്തിൽ എത്തി. ഗൗതമമഹർഷിയുടെ പിതാവായ ഹരിദ്രുമൻ തിരഞ്ഞുടുത്തതായിരുന്നു പ്രശാന്തസുന്ദരമായ ആ സ്ഥലം. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിൽനിന്നും വളരെയകലെയാണ്‌.

ആശ്രമത്തിനുനരികിലെത്തിയപ്പോൾ കൂട്ടംകൂട്ടമായി അഴകേറിയ പഴുക്കൽ ആശ്രമത്തിലേക്കു പോകുന്നത് സത്യകാമൻ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകൾ, മനോഹരമായ നദി, പൂത്തുലങ്ങു നിൽക്കുന്ന വൃക്ഷലതാദികൾ, പച്ചപുൽമേടുകൾ, ഭീതിയില്ലാതെ നടക്കുന്ന മാന്പേടകൾ, മുയലുകൾ, പീലി നിവർത്തിയാടുന്ന വർണ്ണ മയിലുകൾ, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്ണശാലകൾ, തപസ്സിനും സ്വാധ്യായാത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരുകൂട്ടം ബ്രഹ്‌മചാരികൾ ഒരിടത്തിരുന്നു വേദമന്ത്രങ്ങൾ സ്വരിച്ചു ചൊല്ലുന്നു. മറ്റു ചിലർ ചെടികൾക്ക് വെള്ളം നനക്കുന്നു, മറ്റുചിലർ ചമത ശേഘരിക്കുന്നത് സത്യകാമൻ കണ്ടു. ആത്മജ്ഞാനത്തിനായി ഗുരുവിനെ സമീപിക്കുന്നവൻ ചമതയുമായി വേണം ഗുരുവിന്റ അരികിലെത്താൻ. സത്യകാമൻ ചമത ശേഖരിച്ചു ഗൗതമമഹർഷിയുടെ മുമ്പിൽ എത്തി സാഷ്ടാംഗം നമസ്ക്കരിച്ചു ചമത ഗുരുവിനു സമർപ്പിച്ചു.

"ഗുരുനാഥ, ഞാൻ അങ്ങയുടെ അടുക്കൽ ബ്രഹ്‍മചാരിയായി താമസിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് ഉപനയിച്ചാലും."

"മകനേ, നിന്റ പേര് എന്താണ്? നിന്റ ഗോത്രമേതാണ്?" ഗൗതമമുനി ചോദിച്ചു.

"ഗുരുനാഥ, എനിക്ക് എന്റ ഗോത്രമേതെന്ന് അറിവില്ല. ഞാൻ അമ്മയോട് ചോദിച്ചു. അപ്പോൾ 'അമ്മ പറഞ്ഞത് ഇപ്രകാരമാണ്. അമ്മ പല പല വീടുകളിലും പണി ചെയ്തിരുന്നു.  പലരേയും പരിചാരിച്ചാണ് ജീവിച്ചുപോന്നത്. അങ്ങനെയിരിക്കെ അമ്മയുടെ യൗവനത്തിൽ അമ്മക്ക് എന്നെ ലഭിച്ചു. അച്ഛനാരെന്നോ പേരോ ഗോത്രമോ അമ്മക്ക് അറിയില്ല. അമ്മയുടെ പേര് ജബാല എന്നാണ് ജബാലയുടെ പുത്രനായ സത്യകമാനാണു ഞാൻ. ഇത്രയും മാത്രമേ അറിവുള്ളു."

ആ ബാലന്റെ സത്യബുദ്ധിയിലും നിഷ്കളങ്കതയിലും അറിവ് നേടാനുള്ള ഉത്കടമായ ആഗ്രഹത്തിലും ഗൗതമമുനി ആകൃഷ്ടനായി. സന്തോഷപൂർവം മുനി പറഞ്ഞു.

"കുഞ്ഞേ, നീ സത്യം പറയാൻ മടിക്കാത്തവനാണ്. സത്യനിഷ്ഠയിൽ നിന്ന് മനസ്സിളകാത്തവനാണ് ബ്രാഹ്മണൻ. അത് കൊണ്ട് നീ ബ്രാഹ്മണനാണ്. നിന്നെ ഞാൻ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ഈ ആശ്രമത്തിൽ താമസിക്കാം യഥാവിഥി ഉപനയിക്കാം.

സത്യകാമനു സന്തോഷമായി. അവനെ ഗൗതമമുനി ശിഷ്യനായി സ്വീകരിച്ചു. യഥാവിഥി ഉപനയനം നടത്തി വേണ്ട ഉപദേശങ്ങൾ കൊടുത്തു.

ഒരു ദിവസം രാവിലെ സത്യകാമനെ വിളിച്ചു നാനൂറു പശുക്കളെ  ഏൽപിച്ചിട്ടു പറഞ്ഞു.

"ഇവകളെയും കൊണ്ട് കാട്ടിലേക്ക് പോകണം.ഇവ ആയിരമാകുമ്പോൾ തിരിച്ചു വരണം. അത് വരെ പശുക്കളെ നന്നായി പരിപാലിക്കണം അത് പോലെ തന്നെ നിത്യനുഷ്ഠാനങ്ങളും ഉപാസനയും മുടങ്ങാതെ ചെയ്യണം."

ഗുരുവിന്റെ ഉപദേശപ്രകാരം   സത്യകാമൻ കാട്ടിലേക്ക് പോകാൻ ഒരുങ്ങി.     

ഗുരുവിന്റ ഉപദേശപ്രകാരം സത്യകാമൻ നാനൂറു പശുക്കളും ആയി കട്ടിൽ എത്തി.

ജപവും ധ്യാനവും ഗോസംരക്ഷണവുമായി വനത്തിൽ അവൻ ഏറെ കാലം കഴിച്ചുകൂട്ടി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഗോക്കളിൽ ഒന്ന് അവനോടു പറഞ്ഞു.

"സത്യകാമ, ഞങ്ങൾ എണ്ണത്തിൽ ഇപ്പോൾ ആയിരമായിരിക്കുന്നു. ഞങ്ങളെ ആശ്രമത്തിലേക്കു കൊണ്ട് പോയാലും."

സത്യകാമൻ പശുക്കളെ എന്നി നോക്കി. ശരിയാണ് ആയിരം ആയിരിക്കുന്നു. സത്യകാമൻ ഗോക്കളുമായി ഗുരുസന്നിദിയിലേക്കു മടങ്ങാൻ നിശ്ചയിച്ചു. സത്യകാമന്റെ സത്യസന്ധതയിലും തപസ്സിലും സന്തുഷ്ടനായ വായുഭഗവാൻ പ്രത്യക്ഷപെട്ടു.

"സത്യകാമ, ഞാൻ നിന്റെ സത്യസന്ധതയിലും തപസ്സിലും പ്രീതനായിരിക്കുന്നു. നിനക്ക് ഞാൻ ബ്രഹ്മവിദ്യയുടെ ഒരു പാദം ഉപദേശിച്ചു തരാം."

"ഭഗവാനേ, അങ്ങ് എന്നിൽ പ്രീതനെങ്കിൽ ബ്രഹ്മവിദ്യ എനിക്ക് ഉപദേശിച്ചാലും" സത്യകാമൻ നമസ്കരിച്ചു കൊണ്ട് വിനീതനായി അപേക്ഷിച്ചു.

വായുഭഗവാൻ ഉപദേശിച്ചു തുടങ്ങി.

"സത്യകാമ, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, എന്നി ദിക്കുകൾ ബ്രഹ്മത്താൽ പൂരിതമാണ്, എല്ലാ ദിക്കുകളും നിറഞ്ഞു നിൽക്കുന്ന അഖണ്ഡബോധത്തെ ബ്രഹ്മമായുപാസിക്കുക. ബ്രഹ്മത്തിന്റെ നാലു കലകളോടുകൂടിയ "പ്രകാശവാൻ" എന്ന ഈ പാദത്തെ ഉപാസിക്കുന്നവൻ ജ്യോതിസ്വരൂപങ്ങളായ ലോകങ്ങളെ പ്രാപിക്കും. രണ്ടാമത്തെ പാദത്തെ കുറിച്ച് അഗ്നിദേവൻ നിനക്ക് ഉപദേശം തരും.

സത്യകാമനെ അനുഗ്രഹിച്ചിട്ടു വായുദേവൻ അപ്രത്യക്ഷനായി.

അടുത്ത ദിവസം പ്രഭാതകർമ്മങ്ങൾക്കും നിത്യനുഷ്ടാനങ്ങൾക്കും ശേഷം സത്യകാമൻ പശുക്കൂട്ടവുമായി ഗൗതമമുനിയുടെ ആശ്രമത്തിലേക്കു പുറപ്പെട്ടു. തികച്ചും സുഖപ്രദവും സംതൃപ്ത പൂർണ്ണവുമായിരുന്നു ആ യാത്ര. യാത്രക്കിടയിൽ കണ്ടവയെല്ലാം ചൈതന്ന്യവത്തായിട്ട് അനുഭവപെട്ടു.

സന്ധ്യയായിട്ടും ആശ്രമത്തിയില്ല. ദൂരം അധികമുണ്ട്. സത്യകാമൻ ഗോക്കളെയെല്ലാം സുരക്ഷിതമായ ഒരിടത്തു തളച്ചു. സ്നാനാദി സന്ധ്യാവന്ദനവും നടത്തി. അഗ്നി കൂട്ടീ അവിടെ ഇരുന്ന് ഉപസനയാരംഭിച്ചു. ധ്യാനനിരതനായി. ആ സമയം അഗ്നി സത്യകാമനയോടു പറഞ്ഞു.

"സത്യകാമാ, ഭൂമിയും ആകാശവും ഇവ രണ്ടിന്റെയും ഇടയിലുള്ളതുമായ സർവ്വവും ബ്രഹ്മത്തിന്റെ പാദമാണ്. ഇത് അനന്തവാൻ എന്ന പേരോട് കൂടിയതാണ്. ഈ പ്രപഞ്ചത്തെയെല്ലാം ഗ്രസിച്ചുനിൽക്കുന്ന അനന്തതയെ ബ്രഹ്മമായുപാസിക്കുന്നവൻ നാശമില്ലാത്ത ദിവ്യലോകങ്ങളെ പ്രാപിക്കും."

അഗ്നിയിൽനിന്നു ബ്രഹ്മപദേശം കിട്ടിയ സത്യകാമന് തനിക്കു ചുറ്റുമുള്ള പ്രപഞ്ചം മുഴുവൻ ആത്മപ്രകാശത്തിൽ ശോഭിക്കുന്നതായി അനുഭവപെട്ടു. അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ അവനു കൂടുതൽ അറിവും ആനന്ദവും ഉണ്ടായി.

പിറ്റേന്ന് നേരം പുലർന്നു.  പ്രഭാതകർമ്മങ്ങൾക്കും നിത്യനുഷ്ടാനങ്ങൾക്കും ശേഷം സത്യകാമൻ പശുക്കൂട്ടവുമായി ആശ്രമം ലക്ഷ്യമാക്കി നടന്നു. സന്ധ്യയായി ഇന്നും ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. സത്യകാമൻ ഗോക്കളെയെല്ലാം സുരക്ഷിതമായ ഒരിടത്തു തളച്ചു. കുളികഴിഞ്ഞു ധ്യാനത്തിൽ മുഴുകി.

അപ്പോൾ ആദിത്യൻ ഒരു ഹംസമായി അവിടെ എത്തി ബ്രഹ്മവിദ്യ ഉപദേശിച്ചു കൊടുത്തു.

"സത്യകാമാ, സൂര്യനും ചന്ദ്രനും അഗ്നിയും പ്രകാശിക്കുന്നത് ബ്രഹ്മത്തിന്റെ പ്രകാശം കൊണ്ട് എന്ന് അറിയുക. അന്തരീക്ഷത്തിൽ ഇടിമിന്നൽ ഉണ്ടാകുന്നതും ബ്രഹ്മത്തിന്റെ പ്രകാശത്താൽ ആണ്. ഇവയെല്ലാം പ്രകാശിക്കുന്നത് ആത്മപ്രകാശത്തിന്റെ അംശം കൊണ്ടുമാത്രമാണ് ഇവ ബ്രഹ്മത്തിൽ നിന്നും ഭിന്നവുമല്ല. ബ്രഹ്മത്തിലെ ഈ ഭാഗത്തെ 'ജ്യോതിഷ്മാൻ' എന്ന് പറയപ്പെടുന്നു.

ഇതോടെ ബ്രഹ്മത്തിന്റെ മൂന്ന് പാദത്തെകുറിച്ചും സത്യകമാന് ഉപദേശം ലഭിച്ചു കഴിഞ്ഞു.

അടുത്ത ദിവസം, വായു അഗ്നി ആദിത്യൻ എന്നിവരിൽ നിന്ന് കിട്ടിയ അറിവുകളെല്ലാം അവൻ തത്ത്വവിചാരം ചെയ്തു നോക്കി. അങ്ങനെയിരിക്കവേ ഒരു നീർകാക്ക അവിടെ എത്തി.

നീർകാക്ക പറഞ്ഞു.

നീർകാക്ക പറഞ്ഞു: "സത്യകാമാ, നീ അറിഞ്ഞാലും പ്രാണനും, ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയുള്ള ഇന്ദ്രിയങ്ങളും മനസ്സും ബ്രഹ്‌മത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇതാണ് ബ്രഹ്മ്മത്തിന്റെ 'ആയതനവാൻ' എന്ന നാലാം പാദം. ഈ പാദത്തെ 'ആയതനവാൻ' എന്ന് അറിയപ്പെടുന്നു."

സത്യകാമൻ ഏകാഗ്രചിത്തനായി, ധ്യാനനിരതനായി പ്രപഞ്ചത്തിലെയും അതിനപ്പുറമുള്ള എല്ലാ അറിവും ആനന്ദവും അവൻ അനുഭവിച്ചു.

പിറ്റേ ദിവസം സത്യകാമൻ ഗോക്കളുമായി ഗുരുകുലത്തിൽ എത്തി ചേരുന്നു. ശാന്തതയോടെ സാവധാനം ഗൗതമമുനിയെ ചെന്ന് കണ്ടു സാഷ്ടാംഗം പ്രണമിച്ചു.

ഗൗതമമുനി തന്റെ ശിഷ്യനെ ആപാദചൂഡം വീക്ഷിച്ചു.

മനസ്സിന്റെ വികാരങ്ങളെല്ലാം കെട്ടടങ്ങിട്ടുണ്ട്. ശാന്തചിത്താനാണ്. മുഖം തേജസ്സുറ്റതായിരുന്നു. കണ്ണുകൾ ദിവ്യങ്ങളായി തിളങ്ങുന്നു. പരമശാന്തിയും ആനന്ദവും സുഖവും അനുഭവിക്കുന്നവനെപോലെ സംതൃപ്തനായി നിൽക്കുന്നു.

ഗൗതമമുനി സസന്തോഷത്തോടെ സാവധാനം ചോദിച്ചു:

"മകനേ, സത്യം സാക്ഷാത്ക്കരിച്ചവനെപ്പോലെ നിന്റെ മുഖം ശോഭിക്കുന്നു. നീ ശാന്തനും സുസ്സ്മേരവദനനുമായിരുന്നു. കുഞ്ഞേ, ആരാണ് നിനക്ക് ബ്രമ്ഹജ്ഞാനം ഉപദേശിച്ചു തന്നത്?."

സത്യകാമൻ സംഭവഹിച്ചകാര്യങ്ങളെല്ലാം ഗുരുവിനോട് പറഞ്ഞു.

അത് കേട്ട് ഗുരു ആഹ്‌ളാദചിത്തനായി. ദേവതകളിൽ നിന്നും ബ്രാഹ്മജ്ഞാനം നേടിയെങ്കിലും ഒരു ഗുരുവിൽനിന്നും വിദ്യ നേരിട്ട് ഉപദേശിക്കപ്പെടണം. എങ്കിലേ പരിപൂർണത കൈവരിക്കുക ഉള്ളു. അങ്ങനെ ആഗ്രഹിച്ചു കൊണ്ട് ഗുരുവിന്റ പാദങ്ങളിൽ ദീർഘദണ്ഡനമസ്കാരം  ചെയ്തു.

ഗൗതമമുനി യഥാശാസ്ത്രം എല്ലാത്തരത്തിലും സത്യകമാന് ആത്മീയതത്ത്വത്തെ പഠിപ്പിച്ചു കൊടുത്തു. ദേവതകളിൽ നിന്നും ഗുരുവിൽനിന്നും അറിവുനേടിയ സത്യകമാൻ മഹാജ്ഞാനിയായിത്തീർന്നു. അവൻ സ്വജീവിതം ധ്യനമാക്കി.  

28 January 2017

വാസ്തു വിദ്യ - ഒരു അവലോകനം

വാസ്തു വിദ്യ - ഒരു അവലോകനം

വാസ്തുജ്ഞാനമഥാത: കമലഭവാന്മുനിപരമ്പരായാതം
ക്രിയതേധുനാ മയേദം....

ബ്രഹ്മാവില്‍ നിന്നുളവായി മുനിപരമ്പരയിലൂടെ  സിദ്ധമായ വാസ്തുജ്ഞാനം ഇപ്പോള്‍ എന്നാല്‍ എഴുതപ്പെടുന്നു.

ബ്രഹത്സംഹിത (53.1)

ഭാരതീയ സംസ്കാരത്തിന്‍റെ ഊടും പാവുമാണ് വേദങ്ങള്‍. ബ്രഹ്മാവിന്‍റെ മുഖത്തുനിന്നും ആവിര്‍ഭവിച്ച ചതുര്‍വേദങ്ങളായ ഋഗ് വേദം, യജുര്‍ വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിവയ്ക്ക് ഉപവേദങ്ങള്‍ ഉണ്ട്. ഋഗ് വേദത്തിന് ആയുര്‍വ്വേദവും, യജുര്‍വേദത്തിനു ധനുര്‍ വേദവും, സാമവേദത്തിന് ഗാന്ധര്‍വ വേദവും അഥര്‍വ്വവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളാകുന്നു.  

അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തില്‍ വാസ്തു വിദ്യ, ശില്‍പവിദ്യ,  ചിത്രകല എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണ ചുമതലക്കാരില്‍ പ്രധാനിയായ സ്ഥപതിയെ സംബന്ധിക്കുന്നതിനാല്‍ ഈ ശാസ്ത്രത്തിന് “സ്ഥാപത്യ വേദം” എന്ന് പറയുന്നു.

സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി നിര്‍മ്മിതികള്‍ ഉണ്ട്. അവയുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എല്ലാം വാസ്തുവില്‍ പെടുന്നു. “വസ്” എന്ന സംസ്കൃത ധാതുവില്‍ നിന്ന് വാസ്തു പദം ഉത്ഭവിച്ചു. ”വസ്” എന്നാല്‍ താമസിക്കുക, കുടികൊള്ളുക എന്നാണ് അര്‍ത്ഥം. മനുഷ്യനു  പുറമേ മൃത്യു ഉള്ള സര്‍വ്വ ജീവജാലങ്ങളും, മൃത്യു ഇല്ലാത്തവരായ ദേവി ദേവന്മാരും, ആത്മാക്കളും വസിക്കുന്ന സ്ഥൂലവും സൂക്ഷ്മവും ആയ വാസസ്ഥാനങ്ങളെല്ലാം വാസ്തുവില്‍ ഉള്‍പ്പെടുന്നു. മര്‍ത്യാമര്‍ത്യരുടെ ആവാസ സ്ഥാനം വാസ്തുവെന്ന് മയമതം പറയുന്നു.

“വസന്തി പ്രാണിനോ യത്ര ഇതി വാസ്തു”

പ്രാണന്‍ ഉള്ള എല്ലാറ്റിനും വസിക്കാനുള്ളതാണ് വാസ്തു.

ശ്രീകുമാരന്‍റെ “ശില്‍പ രത്നാകര” ത്തില്‍ പറഞ്ഞിരിക്കുന്നത് സ്ഥാവരവും ജംഗമവും ആയ എല്ലാ വസ്തുക്കളും കണ്ട്, അറിഞ്ഞ്, അനുഭവിച്ച് ”വസ്തു”വിനെ ശില്‍പിയുടെ കാഴ്ചപ്പാടില്‍ ഭാവനാ വിലാസത്തോടെ ആവിഷ്ക്കരിക്കുമ്പോള്‍ “വസ്തു” വാസ്തുവായിത്തീരുന്നു. വാസ്തുപ്രമാണങ്ങളില്‍ “മാനം” അഥവാ അളവുകള്‍ എത്ര കൃത്യതയോടെയാണ് കൈകാര്യം ചെയ്യുന്നത്. സൂക്ഷ്മതയുള്ള അളവുകള്‍ മനുഷ്യരിലും സര്‍വ്വ ജീവജാലങ്ങളിലും കാണപ്പെടുന്നു.

പക്ഷികള്‍ കൂടു കെട്ടുന്നതും, ജീവികള്‍ മാളങ്ങള്‍ നിര്‍മ്മിക്കുന്നതും നിരീക്ഷിച്ചാല്‍ പ്രത്യേകമായ പരിശീലനം കൂടാതെ അവ മാനപ്രമാണങ്ങള്‍ അനുസരിച്ച് ഓരോ പ്രദേശത്തും ലഭ്യമായ

വസ്തുക്കള്‍ കൊണ്ട് വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതായി കാണാം. അളവുകള്‍ പാലിക്കാന്‍ പക്ഷി മൃഗാദികള്‍ക്ക് സ്വതസ്സിദ്ധമായ കഴിവുകളുണ്ട്. ഈ കഴിവുകള്‍ മനുഷ്യന്‍ പ്രായോഗിക തലങ്ങളില്‍ ശാസ്ത്രീയമായി രൂപപ്പെടുത്തി പ്രയോഗിക്കുന്നു.

കുരങ്ങുകള്‍ ഒരു മരക്കൊമ്പില്‍ നിന്നു മറ്റൊന്നിലേക്ക് ചാടുമ്പോള്‍ ഏറെ മാനങ്ങള്‍ പരിഗണിക്കുന്നുണ്ട്. കുതിക്കുന്നതും ചാടിപ്പിടിക്കുന്നതുമായ ശിഖരങ്ങളുടെ ഭാരവഹന ശേഷിയും ചാടുന്ന ദൂരത്തിന് അനുസരിച്ചു പ്രയോഗിക്കേണ്ട ശക്തിമാനവും മാനനിര്‍ണ്ണയത്തില്‍ പെടുന്നു. ഇതുപോലെ ദേശാടനപ്പക്ഷികള്‍ ദൂര-ഉയരമാന സംവിധാനങ്ങളോ, ദിക്ക് നിര്‍ണ്ണയ ഉപകരണങ്ങളോ കൂടാതെ അവയെല്ലാം കൃത്യമായി മാനം ചെയ്ത് തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഇടത്ത്  എത്തുകയും മടങ്ങി  സ്വദേശങ്ങളിലെത്തുകയും ചെയ്യുന്നുണ്ടല്ലോ.

ഇന്ന് മനുഷ്യനിര്‍മ്മിതമായ ആകാശയാനങ്ങള്‍  യന്ത്ര സഹായത്താല്‍ ദൂര-ഉയരമാന-ദിക്ക് നിര്‍ണ്ണയങ്ങള്‍ സാധിക്കുന്നു; എന്നാല്‍ അവ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കുകയും, അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ടല്ലോ; അപ്പോള്‍ പക്ഷികള്‍ക്ക് ഈശ്വര ദത്തമായി ലഭിച്ച കഴിവുകള്‍ക്ക് പകരം വെയ്ക്കാന്‍ മനുഷ്യനിര്‍മ്മിതമായ ഒന്നിനും സാദ്ധ്യമല്ല എന്ന് നിസ്സംശയം പറയാം.

മനുഷ്യന്‍ സ്വന്തം ധിഷണാശക്തി ഉപയോഗിച്ച്, പ്രകൃതിയില്‍ നിന്നും പലതും ഉള്‍ക്കൊണ്ട് ആവിഷ്കരിച്ച ശാസ്ത്രമാണ് വാസ്തു.

ആദ്ധ്യാത്മികതയും ശാസ്ത്രവും സമ്മേളിക്കുന്ന വസ്തുവിദ്യാപാരമ്പര്യമാണ് ഭാരതത്തിന്‌ ഉള്ളത്. ഋഷീശ്വരന്മാരുടെ അര്‍പ്പണ ബുദ്ധിയോടുകൂടിയ  നിരീക്ഷണ പരീക്ഷണങ്ങളാണ് ഇന്നത്തെ വാസ്തു വിദ്യയുടെ അടിസ്ഥാനം.

സ്ത്രീപുത്രാദിഭോഗ സൌഖ്യ ജനകം ധര്‍മ്മാര്‍ത്ഥകാമപ്രദം
ജന്തൂനാം ലയനം സുഖാസ്പദമിദം ശീതാംശുകര്‍മ്മാപഹം
വാപി ഗേഹ ഗൃഹാദി പുണ്യമഖിലം ഗേഹാല്‍ സമുദ്പദ്യതേ
ഗേഹം പൂര്‍വ്വ മുശന്തി തേന വിബുധാ: വിശ്വകര്‍മ്മാദയ:

സ്ത്രീപുത്രാദി ഭോഗങ്ങളുടെയും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെയും ഉറവിടം ഭവനമാണ്.  മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കുപോലും ഗൃഹം അത്യന്താപേക്ഷിതമാണ്. കൊടും തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും ഗൃഹം നമ്മെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ സകല സുഖങ്ങള്‍ക്കും നിദാനമായി ഭവനം വര്‍ത്തിക്കുന്നു.

മാനപ്രമാണ സംയുക്താം
ശാലാം തത്രൈവയോജയേല്‍
ആയുരാരോഗ്യ സൌഭാഗ്യം
ലഭതേ നാസംശയ:

കൃത്യമായി അളവുകളോടുകൂടി നിര്‍മ്മിക്കുന്ന ഭവനങ്ങള്‍ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യും. മനുഷ്യനു മാത്രമല്ല, സര്‍വ്വ ചരാചരങ്ങളുടെയും ജീവിതത്തിലെ സുഖാനുഭവങ്ങളെ നിയന്ത്രിക്കുവാനുള്ള അലൌകിക ശക്തി ഓരോ ഭൂഭാഗത്തിനും ഗൃഹഭാഗത്തിനും ഉണ്ട്. ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ സൂക്ഷ്മ ചിന്തയിലൂടെ വാസ്തുശാസ്ത്രം ചര്‍ച്ച ചെയ്യുന്നു.

“വാസ്തു ശാസ്ത്രം കരിഷ്യാമി ലോകാനാം ഹിതകാരയാ”

വാസ്തു ശാസ്ത്രം ലോകത്തിന്‍റെ ഹിതത്തിനു വേണ്ടിയാണ്.

കേരളീയ വാസ്തുവിദ്യ, ഭാരതീയ വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുകൂലമായ, പ്രകൃതിക്ക് ഇണങ്ങുന്ന കലാവൈദഗ്ധ്യം നിറഞ്ഞ നിര്‍മ്മിതികളുടെ രൂപകല്‍പ്പന നടത്തി. കേരളത്തില്‍ മഴകൂടുതല്‍ ആണ്. വേനലില്‍ തീഷ്ണമായ വെയില്‍ ചൂടു വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷത്തില്‍ പകുതിയോളം ലഭിക്കുന്ന കനത്ത മഴയില്‍ നിന്ന് രക്ഷ നേടുവാന്‍ ചരിഞ്ഞ മേല്‍ക്കൂരയുള്ള നിര്‍മ്മിതികള്‍ സഹായിച്ചു. ഈര്‍പ്പം കടക്കാത്ത, ഉയര്‍ന്ന അധിഷ്ടാനങ്ങളും, കാറ്റിലും, ശക്തമായ വെയിലില്‍ നിന്നും രക്ഷ നല്‍കുന്ന  ഉയരം കുറഞ്ഞ ചുമരുകളും കാലാവസ്ഥയ്ക്ക് അനുയോജ്യമായി ആസൂത്രണം ചെയ്തവയാണ്. കാറ്റിന്‍റെ ദിക്കിലേക്ക് ദര്‍ശനമായ മുറികളും നേര്‍ക്കുനേരെയുള്ള വാതിലുകളും വായുസഞ്ചാരം സുഗമമാക്കിത്തീര്‍ത്തു. വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ചെങ്കല്ല് (വെട്ടുകല്ല്‌) സുലഭമാണ്. അവിടെയുള്ള ഗൃഹ, ക്ഷേത്ര നിര്‍മ്മിതികള്‍ ചെങ്കല്ല് കൊണ്ടാണ്.

പ്രാചീന വാസ്തുവിദ്യാ ഗ്രന്ഥങ്ങള്‍ വാസ്തുവിനെ നാലായി വിഭജിച്ചിരിക്കുന്നു:

1. ഭൂവാസ്തു
2. ഹര്‍മ്മ്യവാസ്തു
3. യാനവാസ്തു
4. ശയനവാസ്തു.

സമസ്ത ജീവജാലങ്ങള്‍ക്കും ചരാചരവസ്തുക്കള്‍ക്കും ആധാരമായി നിലകൊള്ളുന്നത് ഭൂമിയാണ്‌. നമുക്കു ചുറ്റും കാണുന്ന മനുഷ്യനിര്‍മ്മിതമെന്നു പറയപ്പെടുന്ന എല്ലാം തന്നെ ഭൂമിയില്‍ നിന്നും ലഭിച്ചതാണ്. അവയ്ക്ക് ഭൌതികമോ, രാസപരമോ ആയ രൂപഭേദങ്ങള്‍ വരുത്തി മനുഷ്യന് ഉപയോഗപ്രദമാക്കുന്നു. (Engineer makes surroundings fit for man to live in) അവയെല്ലാം തന്നെ ഭൂമിയിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. ഭൂമി മാതാവാണ്, ശക്തികേന്ദ്രവും ഊര്‍ജ്ജ സ്രോതസ്സുമാണ്. അപ്പോള്‍ മനുഷ്യന്‍റെ നിലനില്‍പ്പ്‌ ഭൂമിയെ കൊണ്ടാണ്.

ബ്രഹദാരണ്യകോപനിഷത്തിലെ ദര്‍ശന പ്രകാരം സര്‍വ്വ ജീവജാലങ്ങളും ഈ ഭൂമിയുടെ മധുവാകുന്നു. പ്രഭാതത്തില്‍ ഉണര്‍ന്ന് ഭൂവന്ദനം ചെയ്ത് പാദസ്പര്‍ശം ക്ഷമിക്കണമെന്ന് ഭൂമിയോട് അപേക്ഷിക്കുന്നത് പൌരാണിക ഭാരതീയരുടെ നിത്യാചാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

സ്ഥലം, ജലം, വൃക്ഷം എന്നിവയാണ് ഭൂമിയുടെ അധിവാസ യോഗ്യത നിര്‍ണ്ണയിക്കുന്നതിലെ മുഖ്യ ഘടകങ്ങള്‍. ശീതോഷ്ണാവസ്ഥ, വര്‍ഷപാതം, കാറ്റിന്‍റെ ദിശ, ഭൂഗര്‍ഭഘടന, ഭൂപ്രകൃതിയിലെ നിമ്നോന്നതങ്ങള്‍ എല്ലാം സ്ഥലഗുണങ്ങളില്‍ പെടുന്നു. ഭൂഗര്‍ഭത്തിലും ഉപരിതലത്തിലുമുള്ള ജലലഭ്യത, ജലത്തിന്‍റെ സ്വസ്ച്ചത, പ്രവാഹഗതി എന്നിവ ജലഗുണങ്ങളും വൃക്ഷങ്ങളുടെ ഔഷധമൂല്യവും, പുഷ്പഫല സാന്നിദ്ധ്യവും ഉപയോഗപരതയും വൃക്ഷ ഗുണങ്ങളായും പരിഗണിക്കുന്നു. ഈ ഗുണത്രയമാണ് ഗൃഹം നിര്‍മ്മിക്കാനുള്ള ഭൂമി തിരഞ്ഞെടുക്കുന്നതിന്‍റെ  അടിസ്ഥാന ഘടകങ്ങള്‍.

ഗോമര്‍ത്തൈ: ഫലപുഷ്പദുഗ്ദ്ധതരുഭി
ശ്ച്യാഡ്യാ സമാ പ്രാക്പ്ലവാ
സ്നിഗ്ധാ ധീരരവാ പ്രദക്ഷിണ ജലോ-
പേതാശു ബീജോല്‍ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയജലാ
തുല്യാ ച ശീതോഷ്ണയോ:
ശ്രേഷ്ടാ ഭൂ, രധമാ സമുക്ത വിപരീ-
താ, മിശ്രിതാ മദ്ധ്യമാ
(മനുഷ്യാലയ ചന്ദ്രിക)

പശുക്കള്‍ക്കും,  മനുഷ്യര്‍ക്കും പൊതുവേ താമസത്തിന് ഉതകുന്ന പ്രദേശം തന്നെ വേണം നോക്കി സ്വീകരിക്കേണ്ടത്. ശുദ്ധ ജലവും ശുദ്ധ വായുവും ഉള്ള സ്ഥലമാണ് വസിക്കാന്‍ ഉത്തമമെന്നു സാരം. പുഷ്പ ഫല വൃഷങ്ങള്‍ ധാരാളം ഉണ്ടായിരിക്കുന്നത് വളരെ ശോഭനമാണ്. കുന്നും കുഴിയും കൂടാതെ സമനിരപ്പായോ, കിഴക്കോട്ട് അല്‍പ്പം ചരിഞ്ഞതോ ആയ ഭൂമി നന്നാണ്.

മിനുസമുള്ളതും, ചവുട്ടിയാല്‍ ഗംഭീര ശബ്ദമുണ്ടാവുന്നതും പ്രദക്ഷിണമായി ജലമൊഴുകുന്നതും, വിത്തിട്ടാല്‍ പെട്ടെന്ന് മുളയ്ക്കുന്നതും, ഒരു കുഴി കുഴിച്ച് ആ മണ്ണുകൊണ്ടു തന്നെ  കുഴി   നികത്തിയാല്‍ മണ്ണു ശേഷിക്കുന്നതും ഒരിക്കലും വെള്ളം വറ്റാത്തതും ശീതകാലത്തു അതി ശൈത്യവും ഉഷ്ണകാലത്ത് കൂടുതല്‍ ഉഷ്ണവും ഇല്ലാത്തതുമായ പ്രദേശം താമസത്തിന് ഉചിതമാകുന്നു.

വാസ്തുവിദ്യ കെട്ടിട നിര്‍മ്മാണ ശാസ്ത്രമാണല്ലോ. വിവിധ നിര്‍മ്മിതികള്‍ അതിന്‍റെ പരിധിയില്‍ വരുന്നു. ഹര്‍മ്മ്യ വാസ്തുവിനെ സൌകര്യാര്‍ത്ഥം ഗൃഹവാസ്തുവെന്നും പ്രാസാദ വാസ്തുവെന്നും രണ്ടായി വിഭജിക്കാം. ഗൃഹ വാസ്തുവില്‍, കൊട്ടാരങ്ങള്‍, വീടുകള്‍. കമ്പോളങ്ങള്‍, പാഠശാലകള്‍, ലായങ്ങള്‍, കോട്ടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയില്‍ ഏറ്റവും പ്രധാനം മനുഷ്യാലയമാകുന്നു. കല്പാന്തകാലത്തോളം നിലനില്‍ക്കേണ്ട ശ്രേഷ്ഠ നിര്‍മ്മിതികള്‍ ആണ് പ്രാസാദങ്ങള്‍(ക്ഷേത്രങ്ങള്‍).

“പ്രാസാദ ഇതി പ്രാസാദം” എന്ന പ്രമാണ പ്രകാരം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നതാണ് പ്രാസാദം. അതിനാല്‍ ഉത്തുംഗമായ രൂപകല്‍പ്പനയയും അതിശ്രേഷ്ടമായ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതിയും, ശില്‍പ ചിത്രാലങ്കാരങ്ങളും പ്രസാദങ്ങളില്‍ സമ്മേളിക്കുന്നു. ക്ഷേത്രങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു പ്രത്യേക സന്തോഷം,  സമാധാനം ഒക്കെ അനുഭവപ്പെടാറില്ലേ?

സ്ഥാവര സ്വഭാവമുള്ള, ചലിക്കാന്‍ കഴിയാത്തവയാണ് സ്ഥിരവാസ്തുക്കള്‍.  ഭൂമിയും ഹര്മ്മ്യവും(ഗൃഹം) ഇതില്‍പ്പെടുന്നു. എന്നാല്‍ യാനശയനാദികള്‍  ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കൊണ്ടു പോകാവുന്നതാണ്; അതിനാല്‍ അവ ചരവാസ്തുക്കളാണ്. ശിബികം (പല്ലക്ക്, ഡോളി), സ്യന്ദനം (രഥം,വണ്ടി), പ്ലവഗം(ചങ്ങാടം,വള്ളം) എന്നിവയാണ് മുഖ്യ യാനവാസ്തുക്കള്‍. കൃത്യമായ കണക്കുകള്‍ അനുസരിച്ചാണ് ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത്. വിമാനത്തെയും പ്ലവഗ വാസ്തുവില്‍ ഉള്‍പ്പെടുത്താം. യാനവാസ്തു പ്രമാണങ്ങളില്‍ ഇവയുടെ നിര്‍മ്മാണ സംബന്ധമായ കണക്കുകള്‍ വിവരിക്കുന്നു. ആകാശയാനങ്ങളെക്കുറിച്ച് ഭരദ്വാജ പ്രണീതമായ യന്ത്ര സര്‍വ്വസ്വം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

ആസനവും ശയനീയവുമാണ് ശയനവാസ്തുവില്‍ പെടുന്നത്. പീഠം, കസേര, മഞ്ചല്‍, കട്ടില്‍, തൊട്ടില്‍ തുടങ്ങിവയൊക്കെ ഇതില്‍പ്പെടുന്നു.  ഇവയുടെ നിര്‍മ്മാണ ക്രമവും, കണക്കുകളും വാസ്തു ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉപയോഗിക്കാവുന്ന  വൃക്ഷങ്ങളെപ്പറ്റിയും വ്യക്തമായി നിഷ്കര്‍ഷിച്ചിരിക്കുന്നു. കാഞ്ഞിരം കട്ടില്‍ നിര്‍മ്മിക്കാന്‍ വിശേഷമാണ്.

ധര്‍മ്മകര്‍മ്മങ്ങള്‍ അറിയുകയും ആചരിക്കുകയും ചെയ്യുന്നവര്‍, ഈശ്വരഭക്തിയുള്ളവര്‍, സാത്വിക ഭക്ഷണം കഴിക്കുന്നവര്‍, സത്ചിന്തകളും സത്പ്രവൃത്തികളുമുള്ളവര്‍ ഇവരില്‍ മാത്രമേ വാസ്തു മണ്ഡല ദേവതകള്‍ പ്രസാദിക്കുകയും, വാസ്തു ശുഭഫലങ്ങള്‍ നല്‍കുകയുമുള്ളു എന്നാണ് ആചാര്യ മതം.