ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 07

നമ:ശിവായ മന്ത്രരഹസ്യം - 07

അഥവാ ദാസ ഏവാഹം, അഹംദാസ ഇതീരണം, ഇത്യേവ നമ ഇത്യുക്തം, വേ ദൈ: ശാസ്ത്രൈ ശ്ച സർവശ: 7

അർഥം :-

ഞാൻ അവിടുത്തെ ദാസനാണ് എന്ന ഭാവം ഭക്ത്യുപാസനയിൽ ഉൾപ്പെടുന്നു. ഭാഗവതത്തിൽ പ്രഹ്ളാദൻ അവതരിപ്പിക്കുന്ന നവവിധാന ഭക്തിയിൽ ഒന്നാണ് ദാസ്യം. ദാസ്യഭക്തിയുടെ ഉത്തമോദാഹരണമാണ് ശ്രീ ഹനുമാൻ. നമ: ശബദത്തിന്റെ ഒരർഥമാണ് ഈ ദാസ്യഭക്തി. മാത്രമല്ല ശിവായ എന്ന പദത്തിലെ പ്രത്യയമായ 'അയ' കൊണ്ട് സാധിക്കുന്ന സംപ്രദാനത്തിന്റെ സമർപ്പണ ഭാവവും ദാസ്യഭക്തിയിലലിഞ്ഞു ചേർന്നിരിക്കുന്നു. നമ:ശിവായ - ശിവനു വേണ്ടി തന്റെ തനു മന ധനമെല്ലാം സമർപ്പിക്കുക, തന്റെ സകലപ്രവർത്തികളും എന്തിനു തന്റെ ജീവിതം തന്നെയും പൂർണമായി ശിവനു സമർപ്പിക്കുക. ശിവന്റെ ആജ്ഞാനുവർത്തിയായി കാലം കഴിക്കുക. ഞാനെന്റെയല്ല അങ്ങയുടെ, അങ്ങയുടെ മാത്രം എന്നാണ് നമഃ ശിവായ എന്നത് കൊണ്ട് അർഥമാക്കേണ്ടത്.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 06

നമ:ശിവായ മന്ത്രരഹസ്യം - 06

നമസോ ന മനേശക്തി: നമനം ധ്യാനമേവ ച .ങേന്താത്താദാത്മ്യ സംബന്ധ: കഥ്യതേപ്രത്യഗാത്മനോ. 6.

അർഥം :-

നമ ശബ്ദത്തിന് നമിക്കുക എന്നർഥം. നമനം ധ്യാനം തന്നെ ചതുർഥി വിഭക്തിയുടെ അവസാനം കൊണ്ട് ജീവാത്മാവിന്റെ താദാത്മ്യ സംബന്ധത്തെപ്പറയുന്നു. നമിക്കുക എന്നത് തന്നെയാണ് ധ്യാനം. വിഷയ സുഖാസ്വാദനമാണ് അഹന്തക്കു കാരണം. വിഷയ സുഖത്തിൽ താത്പര്യമില്ലാതാവുന്നതോടെ വിനയമുണ്ടാവുന്നു. നമ്രത അഹന്തയെ ഹനിക്കുന്നു. ചിത്തം ധ്യാന സജ്ജമാവുന്നു. ധ്യാനം നിർ വിഷയം മന: ( സാംഖ്യം 6.25) മനസ്സിനെ വിഷയരഹിതമാക്കുകയാണ് ധ്യാനം. രൂപം, രസം, ഗന്ധം, സ്പർശം, ശബ്ദം എന്നിവയാണ് വിഷയങ്ങൾ. മനസ്സ് വൃത്തി രഹിതമാവുമ്പോൾ വിഷയവിമുക്തി സംഭവിക്കുന്നു. ശിവായ എന്നതിലെ ങേ പ്രത്യയം ജീവാത്മാവിന് പരമാത്മാവുമായുള്ള താദാത്മ്യ സംബന്ധത്തെ കാണിക്കുന്നു. താദാത്മ്യ ബന്ധം വ്യാപ്യ വ്യാപക ബന്ധമാണ്. പ്രണവോ ധനു: ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത്. (മുണ്ഡകം 2.2.4) പ്രണവം വില്ലാണ്. ജീവാത്മാവാണ് ശരം ബ്രഹ്മം ലക്ഷ്യമാണ്.ലക്ഷ്യത്തെ വേധിക്കണം. ശരം പോലെ തന്മയനാവണം, ഏകാഗ്രമാവണം. ലക്ഷ്യമായ പരമാത്മാവിൽ ചിത്തമേകാഗ്രമായ വൻ പരമാത്മാവിൽ സ്ഥിതി ചെയ്യുന്നു. ആ പരമാത്മാവ് തന്റെ ഓരോ കോശങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്ന അനുഭവമുണ്ടാവുന്നു. ഈ വ്യാപ്യ വ്യാപ കാ നുഭവമാണ് തന്മയീഭാവം

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 05

നമ:ശിവായ മന്ത്രരഹസ്യം - 05

ശിവോ ബ്രഹ്മാദി രൂപ: സ്യാത് ശക്തി ഭി: തി സൃഭി: സഹ അഥവാ തുര്യമേവ സ്യാത് നിർഗുണം ബ്രഹ്മ തത്പരം .5.

അർഥം :-

ശിവൻ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ശക്തികളോടുകൂടിയ ഥാക്രമം ബ്രഹ്മാവ് വിഷ്ണു, രുദ്രൻ എന്നീ മൂന്നു രൂപങ്ങൾ ധരിക്കുന്നു. പ മാത്മാവിന്റെ മാത്രം കർമ ക്ഷേത്രമാണ് സൃഷ്ടി, സ്ഥിതി, സംഹാരമെന്നിവ. ഈ മൂന്നിനും കൂടി ജഗദ് വ്യാപാരമെന്നു പറയുന്നു. പരമാത്മാവിന്റെ ശബള രൂപമാണിവിടെ വർണിച്ചത്. യസ്മിൻ സർവം ശേതേ തസ്മിൻ - ഏതിലാണോ സർവവും ശയിക്കുന്നത്-സ്ഥിതി ചെയ്യുന്നത് - അത് ശിവൻ. ആ ശബള രൂപത്തിൽ ജഗദ് വ്യാപാരം നടത്തുന്നു. ഇതിനപ്പുറം ശുദ്ധസ്വരൂപം നിർഗുണമാണ്. സാധകൻ തന്റെ തുരീയാവസ്ഥയിൽ നിർഗുണനും നിരാ കാരനും സർവവ്യാപിയുമായ ശിവനെ സാക്ഷാത്കരിക്കുന്നു. പരമാത്മാവിന് അവസ്ഥാത്രയങ്ങളോ അതിനപ്പുറം തുരീയമോ ഇല്ല. ജീവന്റെ നിലയിൽ നിന്നു നോക്കുമ്പോൾ അവനങ്ങനെ ധരിക്കുന്നുവെന്നു മാത്രം.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 04

നമ:ശിവായ മന്ത്രരഹസ്യം - 04

അയേ തി ഗമയേത്യർഥേ തസ്മാത് ശുദ്ധോ സ്മി നിത്യശ: പ്രണാ മോദേഹ ദേഹ ഗേ ഹാദേരഭിമാനസ്യ നാശനം .4.

അർഥം :-

അയ ഇതി = അയ എന്നത് ഗമയ ഇതി അർഥേ= ഗമിപ്പിക്കൂ എന്ന അർഥത്തിലുപയോഗിച്ചിരിക്കുന്നു. ദേഹ ഗേഹാദേ: = ദേഹംഗേഹം തുടങ്ങിയവയിൽ, അഭിമാനസ്യ നാശനം പ്രണാമ: = അഭിമാനത്തിന്റെ നശിപ്പിക്കലാണ് പ്രണാമം. തസ്മാത്= അതു കൊണ്ട് നിത്യശ: ശുദ്ധ: അസ്മി = നിത്യവും ശുദ്ധനാണ് ഞാൻ. അയഗതൗ എന്ന ധാതുവിൽ നിന്നും അയശബ്ദം നിഷ്പന്നമാവുന്നു. ഗതി ശബ്ദത്തിന് ഗമനം പ്രാപതി എന്നൊക്കെയർഥം. നമ:ശിവായ എന്നതിലെ അയശബ്ദത്തിന് ഗമിപ്പിക്കുന്നത് പ്രാപിപ്പിക്കുന്നത് എന്നർഥം ശിവായ = ശിവനെ പ്രാപിപ്പിക്കുന്നത്. പ്രണാമം എന്നത് ദേഹംഗേഹം എന്നിവയിലുള്ള അഭിമാനം നശിപ്പിക്കുന്നതാണ്. ശിവനെ പ്രാപിക്കണമെങ്കിൽ ശവത്തെ വെടിയണം. ശവം ജഡമാണ്. ജഡ പദാർഥങ്ങളോടുള്ള മമതയാണ് ദേഹാഭിമാനവും ഗേ ഹാഭിമാനവും മറ്റും. അഭിമാനത്യാഗം നമനം കൊണ്ടേ സാധ്യമാവൂ. എന്റെ എന്ന ഭാവമാണ് മമത. മമതയുള്ളവന് നിന്റെ എന്ന ഭേദബുദ്ധിയുണ്ടാവും. ഇവയുടെ കാരണം രാഗദ്വേഷങ്ങളാണ്. അതു തന്നെ കാമവും ക്രോധവും. കാമക്രോധങ്ങൾ നശിച്ചവന്റെ മനസ് ശുദ്ധമാവുന്നു. അങ്ങനെ ശുദ്ധനായവൻ ശിവനെ പ്രാപിക്കുന്നു.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 03

നമ:ശിവായ മന്ത്രരഹസ്യം - 03

ന ഞാ നിഷിധ്യതേ ഭാവ വികൃതിർ ജഗദാത്മന: മസനം ദേവദേവേശ നേഹ നാനാസ് തീതി ശബ്ദത. 3.

അർഥം :-

ഹേ ദേവ ദേവേശ= അല്ലയോ സർവേശ്വരാ നഞാ = നഞ് എന്ന നിഷേധാർഥത്തിലുള്ള അവ്യയം കൊണ്ട്, ജഗദാത്മന: മസനം = ജഗത്തിൽ വ്യാപിച്ചിരിക്കുന്ന പരമാത്മാവിന്റെ പരിണാമം എന്ന, ഭാവവികൃതി നിഷിധ്യതേ = ഭാവ വികാരം നിഷേധിക്കുന്നു, ഇഹനാനാ ന അസ്തി ഇതി = ഇവിടെ നാനാത്വമില്ല എന്ന് ശബ്ദത: = ശബ്ദ പ്രമാണമുള്ള തിനാൽ. ജഗത്തിലെല്ലാം വ്യാപിച്ചിരിക്കുന്നവനാണ് ജഗദാത്മാ. ആത്മ ശബ്ദത്തിന് വ്യാപിക്കുക എന്നർഥം. സർവാന്തര്യാമിയായ ഹേ ദേവ ദേവേശ, നമ: എന്നതിലെ നഞ് പ്രത്യയം നിഷേധാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. 'മ' എന്നത് മസനമാണ്. മസന മെന്നാൽ പരിണാമം. നമ: ശബദത്തിന് പരിണാമമില്ലാത്തത് എന്നർഥം. ഭാവ വികൃതി - ഭാവ ശബ്ദത്തിന് ഉണ്ടായത് എന്നർഥം. ഉണ്ടായവ വിശേഷ രൂപത്തിൽ കൃതമാണ് വി - കൃതമാണ്. ആരോ ഉണ്ടാക്കിയതാണ്. ജഗത്തുണ്ടായതായതിനാൽ നിരന്തരം പരിണാമശീലയാണ്. ഉണ്ടായ ജഗത്തിനെ വേണ്ട വിധം നോക്കി നടത്തുന്ന ഈശ്വരൻ ഉണ്ടായതല്ല, സ്വയംഭൂവാണ് അജമാണ്. ഉണ്ടായ ജഗത്തിലെല്ലാം അനാദിയും അജനുമായ പരമാത്മാവ് വ്യാപിച്ചിരിക്കുന്നു. ആ വ്യാപക വസ്തു പരിണാമിയല്ല, ഏക രസമാണ്. അങ്ങനെയുള്ള ഈശ്വരൻ ഏകമാണ് അനേകമില്ല. ദൃശ്യപ്രപഞ്ചം നാനാവിധമാണ്. ജീവാത്മാക്കളും അനേകമാണ്. ഇവയുടെയെല്ലാമീശ്വരൻ ഒന്നേയുള്ളു.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 02

നമ:ശിവായ മന്ത്രരഹസ്യം - 02

അഥവാ നമസോവാച്യ: പ്രണാമോ ദൈന്യലബ്ധയേ ദൈന്യം സേവാ തഥാ ജ്ഞപ്തി: സിദ്ധി സർവസ്യവസ്തുന: നമാമി ദേവം ദേവേശംസകാമോf കാമ ഏവ വാ. 2.

അർഥം :-

നമസ്ശബ്ദത്തിന്റെ പ്രചലിതമായ ലൗകികാർഥം പ്രണാമം എന്നാണ്. പ്രണാമം ദൈന്യ ലബ്ധിക്കു വേണ്ടിയാണ്. ക്ഷയമെന്നർഥമുള്ള ദിങ് ധാതുവിൽ നിന്നാണ് ദൈന്യ പദ നിഷ്പത്തി. അനുഭവിക്കും തോറും ക്ഷയിക്കുന്നതാണ് ദൈന്യം. ഇത് ലൗകിക സുഖഭോഗങ്ങളല്ലാതെ മറ്റൊന്നല്ല. സുഖദു:ഖങ്ങളേകുന്ന ഭോഗ പ്രാപ്തിക്ക് ഹേതു കർമമാണ്. അതിനാൽ ഇവിടെ ദൈന്യമെന്ന പദത്തിന് കർമമെന്നർഥം. ലോകത്തിൽ കാര്യം കാണാൻ കാലുപിടിക്കുന്നതാണ് പ്രണാമം. എന്നാൽ ഈശ്വരനെ നിത്യവും പ്രണമിച്ചാൽ ദൈന്യമില്ലാതാവും, കർമമൊടുങ്ങും. ദൈന്യം, സേവ, ജ്ഞാനം ഈ മൂന്നിന്റെയും ഫലമായി സകലതും സിദ്ധമാവുന്നു. അതായത് പുരുഷാർഥങ്ങൾ ലഭിക്കുന്നു. ദൈന്യം കർമമാണ്. സേവ ഈശ്വരോപാസനയാണ്. ജ്ഞപ്തി ജ്ഞാനവും. കർമം ജ്ഞാനം ഉപാസന എന്നിവയിലൂടെ അഭ്യുദയവും നി: ശ്രേയസ്സും ലഭിക്കുന്നു. സകാമ കർമം അഭ്യുദയത്തിനും നിഷ്കാമ കർമം നി: ശ്രേയസ്സിനും കാരണമാവുന്നു. ഹേ മംഗളമൂർത്തിയായ പരമാത്മാവേ കർമ ക്ഷയത്തിനായി അങ്ങയെ പ്രണമിക്കുന്നു.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 01

നമ:ശിവായ മന്ത്രരഹസ്യം - 01

നമ:ശിവായ എന്നത് പഞ്ചാക്ഷരി മന്ത്രമാണ്. ഇത് വൈദിക മന്ത്രമാണ്. ശുക്ല യജുർവേദം 16-ാമധ്യായം ശ്രീ രുദ്രമാണ്. ഈ അധ്യായത്തിലെ 41-ാം മന്ത്രമാണ് - " 

നമ:ശം ഭവായ ച മയോഭവായ ച
നമ: ശങ്കരായ ച മയസ്കരായ ച
നമ:ശിവായ ച നമ: ശിവതരായ ച"

എന്നത്. ഈ മന്ത്രത്തിലെ ഒരു ഭാഗമാണ് നമ:ശിവായ എന്നത്.

ഒട്ടുമിക്കവരും ഈ മന്ത്രം നിത്യേന ചൊല്ലി വരുന്നു. പക്ഷേ ഇതിന്റെ അർഥമറിഞ്ഞു ജപിക്കുന്നവർ എത്ര പേരുണ്ടാവും?

ജപം അർഥവിചാരമാണ്. തജ്ജപസ്തദർഥ ഭാവനം എന്ന് പതഞ്ജലി മഹർഷി യോഗദർശനത്തിൽ ജപത്തെ നിർവചിക്കുന്നു. ജപം എന്നത് മന്ത്രത്തിന്റെ അർഥ വിചാരമാണ്. അർഥമറിയാതെ മന്ത്രാക്ഷരങ്ങളാ വർത്തിച്ച് ചൊല്ലുന്നത് ജപമല്ല. അർഥമറിയാതെയുള്ള ആവർത്തനം ഭസ്മത്തിൽ ഹോമിക്കുന്നതു പോലെ പ്രയോജനരഹിതമാണ്

നമുക്ക് പഞ്ചാക്ഷരിയുടെ അർഥ വിചാരത്തിലേക്ക് വരാം.

ശ്രീമദ് ശങ്കരാചാര്യരുടെ പ്രഥമ ശിഷ്യനായ പത്മപാദാചാര്യർ 26 ശ്ലോകങ്ങളിലായി നമ:ശിവായ മന്ത്രത്തിന്റെ വിവിധാർഥ തലങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ആ ശ്ലോകങ്ങളെ ആധാരമാക്കി നമ:ശിവായ മന്ത്രത്തിന്റെ രഹസ്യ ഭൂമിയിലേക്ക്  ജിജ്ഞാസുക്കളെ  പ്രണാമത്തോടെ സ്വാഗതം ചെയ്യുന്നു.

ഒരു ദിവസം കൊണ്ട് മുഴുവൻ മനസ്സിലായില്ലെങ്കിൽ ഒരു പാരഗ്രാഫ്നു ഒരു ദിവസം അലപം സമയം മാറ്റിവച്ചു പഠിക്കണേ എന്നപേഷിക്കുന്നു...

ത്യാഗോ ഹി നമസോവാച്യ: ആനന്ദ പ്രകൃതേ സ്തഥാ ഫലം പ്രത്യയ വാച്യം സ്യാത് ത്യാജ്യം പത്ര ഫലാദികം ത്യജാമീദമിദം സർവം ചതുർണാമിഹസിദ്ധയേ. 1

അർഥം :- 

നമസ: വാച്യം ത്യാഗ: ഹി = നമസ് എന്ന പദത്തിന്റെ വാച്യാർഥം ത്യാഗം എന്നാകുന്നു. 
തഥാ പ്രകൃതേ: ആനന്ദ: = അതുപോലെ പ്രകൃതിയുടെ അർഥം ആനന്ദമെന്നാണ്.
പ്രത്യയ വാച്യം ഫലം സ്യാത് = പ്രത്യയത്തിന്റെ അർഥം ഫലം എന്നാ കുന്നു. 
ഇഹ ചതുർണാം സിദ്ധയേ= ഇവിടെ നാലിന്റെയും സിദ്ധിക്കായി ഇദം ഇദം സർവം ത്യജാമി = ഇതിനെ ഇതിനെ എന്നിങ്ങനെ സകലതും ഞാൻ ത്യജിക്കുന്നു. നമസ് എന്ന ശബ്ദത്തിന് ഉപേക്ഷിക്കുക എന്നർഥം.

ഉദാഹരണത്തിന് ഏതദ് വോ അന്നം സോപകരണം നമ: എന്ന വാക്യത്തിന് ഈ അന്നം പാത്രത്തോടു കൂടി ഞാനുപേക്ഷിക്കുന്നു എന്നാണർഥം. കർമകാണ്ഡത്തിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണയാണ്. ശിവായ എന്ന രൂപത്തിൽ ശിവ ശബ്ദം പ്രകൃതിയും' ആയ 'ശബ്ദം പ്രത്യയവുമാണ്. പ്രത്യയം ചേരാത്ത രൂപമാണ് പ്രകൃതി. ഇവിടെ ശിവ എന്ന പ്രകൃതി രൂപത്തിന് ആനന്ദം എന്നർഥം. (ശിവം - സുഖം നാമ  സ്കനിഘണ്ടു) ആയ എന്നത് ചതുർഥീ വിഭക്തിയുടെ പ്രത്യയമായങേയുടെ പരിണാമമാണ് (ങേര് യ) ചതുർഥിയുടെ കാരകത്വം സംപ്രദാനത്തിലാണ്. (ചതുർഥീ സംപ്രദാനേ-അഷ്ടാ ധ്യായി) സംപ്രദാനത്തിൽ ദാനധർമം നിഹിതമാണ്. അപ്പോൾ ശിവായ എന്ന പദത്തിന് ആനന്ദമെന്ന ഫലം ലഭിക്കുന്നതിനു വേണ്ടി എന്നർഥമാവുന്നു. ആനന്ദം പുരുഷാർഥ ഫലമാണ്. ധർമം അർഥം കാമം മോക്ഷം എന്നിവയാണല്ലോ പുരുഷാർഥം. ഈ ആനന്ദലബ്ധിക്ക് പത്ര ഫലാദികം ത്യാജ്യം. പത്രം പുഷ്പം ഫലം എന്നിവയെ ത്യജിക്കണം. ഇവകൊണ്ടുള്ള ബാഹ്യ പൂജാവിധാനങ്ങളെ ത്യജിക്കണം. ബാഹ്യ പൂജയിൽ നിന്നും മാനസിക പൂജയിലേക്കും അനന്തരം ആത്മാരാധനയിലേയ്ക്കും വളരണം. അതു മാത്രം പോരാ ഇദമിദം സർവം ത്യജാമി ഇത് ഇത് എന്നു പറയുന്നതിനെയെല്ലാം ഞാൻ ത്യജിക്കുന്നു. കാരണം, 'തദേവ ബ്രഹ്മ ത്വം വിദ്ധി നേ ദം യദിദമു പാസതേ (കേന ഉപനിഷത്) ഇത് ഇത് എന്ന് പറയുന്നതെല്ലാം ഇന്ദ്രിയ വിഷയമാണ്. ശിവൻ ഇന്ദ്രിയ വിഷയമല്ല. തത് - അത് - ആണ് ശിവൻ. അതിനെ കിട്ടാൻ ഇതിനെ ഉപേക്ഷിക്കണം. പരോക്ഷമായ ശിവനെ ലഭിക്കാൻ വേണ്ടി ഞാൻ പ്രത്യക്ഷമായ ഇന്ദ്രിയ വിഷയങ്ങളെ ഉപേക്ഷിക്കുന്ന. ഓം നമ:ശിവായ .ഹേ സർവേശ്വരാ, ഞാൻ നിരതിശയാന്ദമായ മോക്ഷ സുഖത്തിനായി ഇന്ദ്രിയ വിഷയങ്ങളെ- ദൃശ്യപ്രപഞ്ചത്തെയും അതിൽ നിന്നുണ്ടാവുന്ന സുഖദു:ഖങ്ങളെയും - അങ്ങയുടെ പാദ കമല ങ്ങളിൽ സമർപ്പിക്കുന്നു.

Swami Darshananda saraswathi