ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2021

ദ്രവ്യപ്പാറ ക്ഷേത്രം

ദ്രവ്യപ്പാറ ക്ഷേത്രം

തിരുവനന്തപുരത്താണു സ്ഥലമെങ്കിലും തിരുവനന്തപുരംകാര് പോലും അധികമൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. തിരുവിതാംകൂർ ചരിത്രത്തിന്റെ തന്നെ ഭാഗമായ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ ഈ നാട് ഇവിടെ എത്തുന്നവർക്കു വേണ്ടതെല്ലാം നല്കുന്നു. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകളും സാഹസിക പ്രിയർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്രയും വിശ്വാസികൾക്കായി അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്.

കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. ഒപ്പം ദ്രവ്യപ്പാറയുടെ വിശേഷങ്ങളും.

ചരിത്രവും, വിശ്വാസങ്ങളും, മിത്തുകളും ഒരുപോലെ കൂടിച്ചേർന്നുണ്ടായ നാടെന്ന് ദ്രവ്യപ്പാറയെ ഏറ്റവും എളുപ്പത്തിൽ പറയാം. എത്ര നിവർത്തിയാലും നിവരാത്ത വിധത്തിൽ ചുറ്റുപിണഞ്ഞു കിടക്കുന്ന കഥകളും വിശ്വാസങ്ങളുമാണ് ഈ നാടിന്‍റെ ജീവസ്രോതസ്സ്. തിരുവനന്തപുരത്തെ പ്രശസ്ത ഇടങ്ങളിലൊന്നായ അമ്പൂരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയ്ക്ക് അമ്പൂരിയുടെ വ്യൂ പോയിന്‍റ് എന്നുമൊരു പേരുണ്ട്.

സമുദ്ര നിരപ്പിൽ നിന്നും 1500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിലെ കാഴ്ചകൾ ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അമ്പൂരിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ ആകാശക്കാഴ്ചയും ഏറെ പുരാതനമായ ദ്രവ്യപ്പാറ ഗുഹാക്ഷേത്രവും പിന്നെ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന പ്രദേശവും ഒക്കെയാണ് ഇവിടെയുള്ളത്.

ദ്രവ്യപ്പാറയിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ ദക്ഷിണാമൂർത്തി ക്ഷേത്രം. സ്ഥിതി ചെയ്യുന്ന ഇടവും നിർമ്മാണ രീതിയും പിന്നെ ഇപ്പോള്‍ സംരക്ഷിക്കുന്ന വിധവുമെല്ലാം അറിയുമ്പോൾ ആർക്കും അത്ഭുതം തോന്നുന്ന ഒരു ഗുഹാ ക്ഷേത്രമാണിത്. പാറയിൽ കൊത്തിയിണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന് എടുത്തുപറയേണ്ട പ്രത്യേകതകൾ ഒരുപാടുണ്ട്. ദ്രവ്യപ്പാറയുടെ താഴെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. മാത്രമല്ല, തെക്കേ ഇന്ത്യയിൽ ആകെയുള്ള ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഉത്സവം തുടങ്ങിക്കഴിഞ്ഞ് മാത്രമേ, ബാക്കി ക്ഷേത്രങ്ങളിൽ ഉത്സവം ആരംഭിക്കാറുള്ളൂ.

കേരള സർക്കാരിന്‍റെ കീഴിലാണ് ഇന്ന് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. നിരവധി ദക്ഷിണാമൂർത്തി പ്രതിമകളും വിഗ്രഹങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ പലഭാഗങ്ങളിലായി കാണാം. കൂടാതെ, പഴയ നിലവിളക്കുകളും പാത്രങ്ങളും ഒക്കെ ഇവിടെയുണ്ട്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ക്ഷേത്രത്തിന് ഒരു പൂട്ട് പോലുമില്ല എന്നുള്ളതാണ്. ഇവിടെ മോഷ്ടിക്കുവാൻ കള്ളന്മാരെത്തില്ലാത്തതിനാലാണിങ്ങനെ. ഒട്ടേറെ തീർഥാടകർ ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ട്. ശിവരാത്രി നാളിൽ ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ട്.

എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടവുകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം. അന്ന് കൊത്തിയ 101 പടികളിൽ 72 എണ്ണം മാത്രമേ ഇന്നു കാണുവാനുള്ളൂ, ഇതിന്റെ ഏറ്റവും മുകളിൽ ഒരു വറ്റാത്ത നീരുറവയും കാണാം.

തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.

ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്ന തീർത്ഥ ജലം സേവിക്കാമോ?

ശ്രീകോവിലിൻ്റെ  ഓവു  ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്ന തീർത്ഥ ജലം സേവിക്കാമോ?

അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും…

ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയു൦ ചെയ്യുന്നു…  

എന്നാൽ ഇത് ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും... എന്ന് ആചാര്യന്മാർ പറയുന്നു…

ഇതിനുള്ള വിശദീകരണം.

ക്ഷേത്രത്തിൽ ദർശനത്തിനും മറ്റുമായി ദിവസേന നിരവധി ആളുകൾ എത്താറുണ്ടല്ലോ. മഹാ ക്ഷേത്രങ്ങളിൽ ആണെകിൽ തിരക്കും കൂടും.  ആസമയത്ത് ദേവ പ്രതിഷ്ഠക്ക് തീർത്ഥം, ഇളനീർ, പാൽ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് അഭിഷേകം ചെയ്യുന്ന ചടങ്ങുണ്ട്. അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും. പല ക്ഷേത്രങ്ങളിലും കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ്. ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയുമെല്ലാം ചെയ്യുന്നു . എന്നാൽ തീർത്തും തെറ്റായ ഒരു കാര്യമാണിത്. ഇത്തരത്തിൽ ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നതിന് കാരണമാകുകയാണ് ചെയ്യുക. ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും. ക്ഷേത്രങ്ങളിൽ അഭിഷേക ജലം പുറത്തേക്ക് വരുന്ന ഓവുചാലിനടുത്ത് വാ തുറന്ന് നിൽക്കുന്ന ഒരു രൂപം നിർമിച്ചു വച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. കുംഭോദരധാരി എന്നാണ് ഇതിന് പറയുന്നത്. അതായത് അഭിഷേകം കഴിഞ്ഞ് പുറത്തേക്ക് വരുന്ന വെള്ളം ഭൂമിയിൽപ്പോലും വീഴാൻ പാടില്ല എന്നാണ്. അതുകൊണ്ട് തന്നെ കുഭോദരധാരി അതെല്ലാം കുടിച്ചിറക്കുന്നു. വിഗ്രഹത്തിലെത്തുന്ന എല്ലാ നെഗറ്റീവ് എനർജികളും കഴുകി കളയുന്നത് അഭിഷേകത്തിലൂടെയാണ്. ഇത്തരത്തിൽ അഭിഷേകത്തിനു ശേഷം പുറത്തു വരുന്ന ജലം നമ്മൾ സ്പർശിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക. എന്നാൽ ശ്രീ കോവിലിന് ഉള്ളിൽ നിന്നും പൂജാരി പൂജിച്ചു തീർത്ഥമായി ശംഖിലൂടെയും കിണ്ടിയിലൂടെയും നൽകുന്ന തീർത്ഥ ജലവും, ശിവ ക്ഷേത്രത്തിലെ ധാര ചെയ്ത ജലവും ശ്രീകോവിലിനുള്ളിൽ നിന്നും നൽകുന്നതും സ്വീകരിക്കാം അതിനു മേല്പറഞ്ഞ വിവരണം ബാധകമല്ല !!! എന്നാൽ ശ്രീ കോവിലിനു പുറത്തു നിന്നും കുംഭോദരധാരി പുറത്തു കളയുന്ന ജലം നെഗറ്റീവ് എനർജി നിറഞ്ഞതാണെന്നു  പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ വർഷവും ഇടിമിന്നലിൽ പിളരുന്ന ശിവലിംഗം

എല്ലാ വർഷവും ഇടിമിന്നലിൽ പിളരുന്ന ശിവലിംഗം

നിരവധി അപൂർവ്വ വിശ്വാസങ്ങളും ആചാരങ്ങളും, കൂടാതെ പ്രസിദ്ധമായ ഒരുപാട് ക്ഷേത്രങ്ങളുമുള്ള നാടാണ് ഹിമാചൽ പ്രദേശ്. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ സാധിക്കാത്ത ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇവിടെയുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ക്ഷേത്രമാണ് കുളു വാലിക്ക് സമീപമുള്ള ബിജ്‌ലി മഹാദേവ ക്ഷേത്രം.

പുണ്യസ്ഥാനമായി എല്ലാവരും കരുതുന്ന ഒന്നാണ് ഹിമാചൽ പ്രദേശിലെ ബിജ്‌ലി മഹാദേവ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്നും 2460 മീറ്റർ ഉയരത്തിൽ ബിയാസ് നദിയോട് ചേർന്ന് കാണപ്പെടുന്ന പുരാതന ക്ഷേത്രം ആണിത്.

ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് ബിജ്‌ലി മഹാദേവ ക്ഷേത്രം. എല്ലാവർഷവും ഒരു ദിവസവും ഇവിടെയുള്ള ശിവലിംഗത്തിന് ഇടിമിന്നലേൽക്കുകയും പല കഷ്ണങ്ങളായി പിളരുകയും ചെയ്യുമത്രേ. പിന്നീട് ക്ഷേത്രത്തിലെ പൂജാരി ചിതറിയ കഷ്ണങ്ങൾ ചേർത്ത് വെച്ച് ശിവലിംഗത്തെ പഴയപടിയാക്കും. ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ,  ഉപ്പ് ചേർക്കാത്ത വെണ്ണ എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ശിവലിംഗം യോജിപ്പിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് ശേഷം ഈ ശിവലിംഗം പൂർവ്വ സ്ഥിതിയിൽ ആകുകയും ചെയ്യും.

ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കാനാണ് മിന്നൽ അനുഗ്രഹം ഉണ്ടാകുന്നതെന്നാണ് ഇവിടത്തെ വിശ്വാസം. ഇടിമിന്നലുമായി നിരവധി വിശ്വാസങ്ങൾ ജനങ്ങൾക്കിടയിൽ ഇനിയുമുണ്ട്.

ഈ പ്രദേശത്ത് നിലനിൽക്കുന്ന ഒരു അസുര കഥ പറയാം. കളന്ത എന്ന് പേരുള്ള ഒരു അസുരൻ ഇവിടെ ജീവിച്ചിരുന്നു. ഒരിക്കൽ ഒരു വലിയ പാമ്പിന്റെ രൂപത്തിൽ ലാഹുൽ സ്പിതിയിലെ മാതൻ ഗ്രാമത്തിൽ കളന്ത എത്തിച്ചേർന്നു. തന്റെ ദുഷ്ടശക്തികൾ ഉപയോഗിച്ച് ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടാക്കുവാനായിരുന്നു അസുരന്റെ ലക്ഷ്യം. ഇതിനായി ബിയാസ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനായി നദിക്ക് കുറുകെ കളന്ത കിടന്നു. ഇതറിഞ്ഞ ശിവൻ കളന്തയുമായി യുദ്ധം പ്രഖ്യാപിച്ചു. വാശിയേറിയ യുദ്ധത്തിൽ ശിവഭഗവാൻ ജയിച്ചു. അസുരനെ കൊല്ലുകയും ചെയ്തു. പാമ്പിന്റെ രൂപത്തിലാണ് കളന്ത പോരാടിയത്. ശേഷം അസുരന്റെ ശരീരം ഒരു വലിയ പർവ്വതമായി മാറി. ഈ അസുരനിൽ നിന്ന് രൂപം കൊണ്ടതിനാലാണ് കുളു വാലിക്ക് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

ഇവിടെ തീർത്ഥടനത്തോടൊപ്പം ട്രെക്കിങ് കൂടി ആസ്വദിക്കാവുന്നതാണ്. ക്ഷേത്രത്തിലെത്താൻ 3 കിലോമീറ്റർ ട്രെക്കിങ് ചെയ്യേണ്ടതായുണ്ട്.

കുളുവിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഭാരത് മാതാ മന്ദിർ

ഇന്ത്യയുടെ ഭൂപടം ആരാധിക്കുന്ന ക്ഷേത്രം....

ഭാരത് മാതാ മന്ദിർ

ദേവീദേവന്മാരുടെ പരമ്പരാഗത പ്രതിമകൾക്കുപകരം  മാർബിളിൽ കൊത്തിയെടുത്ത അവിഭക്ത ഇന്ത്യയുടെ വലിയ ഭൂപടമാണ്  ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ഇന്ത്യയുടെ ആത്മീയ നഗരം എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ വാരണാസിയിലാണ് ഭാരത് മാതാ മന്ദിർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് ക്യാംപസിലാണ് ഈ അപൂർവ്വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. .  ഭാരത മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയുടെ ഭൂപ‌‌ടത്തിന്‍റെ രൂപത്തിൽ ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു ക്ഷേത്രമാണെന്ന് അവകാശപ്പെടുന്നു .

ഇവി‌ടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ഭാരത് മാതാ മന്ദിർ നിർമ്മിച്ചത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാബു ശിവ്പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു. 1918 ൽ നിർമ്മാണം ആരംഭിച്ച് 1924 ൽ തന്നെ ക്ഷേത്രത്തിൻരെ നിർമ്മാണം പൂർത്തിയായി. എന്നാൽ ക്ഷേത്രം ഉദ്ഘാടനം ഗാന്ധിജി നിർവ്വഹിച്ചത് 1936 ൽ ആയിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ചുമതലക്കാരിലലരാളായി ഗാന്ധിഡി പ്രവർത്തിച്ചു കൊണ്ടിരുന്ന സമയം കൂടിയായിരുന്നു ഇത്. ഇന്നും ഗുപ്ത കുടുംബാംഗങ്ങൾ തന്നെയാണ് ഈ ക്ഷേത്രത്തിന്‍റെ പരിപാലന ചുമതല നിർവ്വഹിക്കുന്നത്.

ഭാരത് മാതാ മന്ദിർ  കല്ലുകൊണ്ട് നിർമ്മിച്ചതാണ്.മാർബിൾ കൊണ്ട് നിർമ്മിച്ച ഭാരത് മാതാവിന്റെ പ്രതിമയുണ്ട്.  മാർബിളിൽ കൊത്തിയെടുത്ത ഇന്ത്യയുടെ ദുരിതാശ്വാസ ഭൂപടവും ഈ ക്ഷേത്രത്തിലുണ്ട്.  മാപ്പ് പർവതങ്ങളെയും സമതലങ്ങളെയും സമുദ്രങ്ങളെയും സ്കെയിൽ വരെ ചിത്രീകരിക്കുന്നു.

വിഭജനത്തിനു മുൻപുള്ള ഇന്ത്യയുടെ ഭൂപടമാണ് ഭാരതമാതാ മന്ദിറിൽ കാണുന്നത്. അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ,  ബംഗ്ലാദേശ്,  പാകിസ്ഥാൻ,  അന്നത്തെ ബർമ (മ്യാൻമർ ),  സിലോൺ (ശ്രീലങ്ക) എന്നീ രാജ്യങ്ങളും ഭൂപടത്തിൽ ഉൾപ്പെട്ടിരിക്കുന്നു.  ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

പാണ്ഡവരുടെ ടോർച്ച്

പാണ്ഡവരുടെ ടോർച്ച്

മഹാഭാരതത്തിലെ പാണ്ഡവർ അവരുടെ വനവാസ (പ്രവാസം) സമയത്ത് ഒരു  ടോർച്ചായി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സസ്യമാണ് പാണ്ഡവര ബട്ടി  അഥവാ പാണ്ഡവരുടെ ടോർച്ച്. പുതിയ തളിർ   ഇലയുടെ അഗ്രത്തിൽ  ഒരു തുള്ളി എണ്ണ ഒഴിച്ചു കത്തിച്ചാൽ    അത് ഒരു തരം തിരി പോലെ  കത്താൻ തുടങ്ങുന്നു.

ശാസ്ത്രീയനാമം: Callicarpa tomentosa). ഫ്രഞ്ച് മൾബറി,  കമ്പിളി മലയൻ ലിലാക്ക്, വെൽവെറ്റി ബ്യൂട്ടിബെറി, നായ് കുമ്പിൾ, ഉമത്തേക്ക്‌, തിൻപെരിവേലം, എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. അതിനാൽ ഇവയെ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഈ സസ്യം അയ്യനാർ ക്ഷേത്രം, തമിഴ്‌നാട്ടിലെ ഭൈരവർ ക്ഷേത്രം എന്നിവ പോലെ പല ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലും തിരി പോലെ ഉപയോഗപ്പെടുത്തുന്നു. ഒരു ഔഷധ സസ്യമായ ഇതിന്റെ പട്ട വെറ്റില ആയി ഉപയോഗിക്കാറുണ്ട്.

അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം

അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ദശാവതാരകീർത്തനം

നമ്മുടെ അമ്മൂമ്മമാരും അമ്മമാരും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി ഭക്ത്യാദരേണ ജപിച്ചിരുന്ന കീർത്തനങ്ങൾ പലതും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ല. അവ ശേഖരിച്ച് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ ചേർക്കുന്നത്.
നമ്മുടെ കുഞ്ഞുങ്ങളെ ഇത് പഠിപ്പിച്ച് ജപിക്കുവാൻ ശീലിപ്പിക്കുക.

അവർക്ക് നന്മ ഉണ്ടാകട്ടെ...

അംബുജായത ലോചന കോമള
കംബുധാരണ കാരുണ്യവാരിധേ
കന്മഷാപഹ നിൻ പാദപങ്കജം
ചെമ്മേ കാണുമാറാകണം ഗോവിന്ദ

ആഴിതന്നിൽ മുഴുകിയ വേദത്തെ
മീളുവാനൊരു മീനായിച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമമ്പൊടു കാണണം ഗോവിന്ദ

ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധി തോയം കടയുമ്പോൾ
കച്ഛപാകൃതി കൈക്കൊണ്ടു മേവിടും
വിശ്വവ്യാപിയെ കാണുമാറാകണം

ഈഷലെന്നിയേ സൂകര വേഷമായ്
ദ്വേഷിച്ചീടും ഹിരണ്യാക്ഷനെക്കൊന്നു
ധാത്രീചക്രത്തെ വീണ്ടുകൊണ്ടന്നൊരു
ഗാത്രമമ്പൊടു കാണണം ഗോവിന്ദ

ഉഗ്രനായ ഹിരണ്യകശിപുവെ
നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്രേ പ്രഹ്ലാദസേവിതനായിട്ടു
വ്യഗ്രം കൂടാതെ കാണണം ഗോവിന്ദ

ഊഢമോദം മഹാബലി തന്നോടു
ഗൂഢമായ്ച്ചെന്നു മൂവടി ഭൂമിയെ
യാചിച്ചീടുന്ന വാമനമൂർത്തിയെ--
സ്സേവിച്ചീടുമാറാകണം ഗോവിന്ദ

എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം
എണ്ണമില്ലാത്ത ക്ഷത്രിയവംശത്തെ
ദണ്ഡിപ്പിച്ച പരശുരാമാകൃതി
കണ്ണിൽ കാണുമാറാകണം ഗോവിന്ദ

ഏണനേർമിഴി ജാനകീചോരനെ
ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണിനേരം പിരിയാതെയെൻ മുമ്പിൽ
കാണുമാറരുളീടണം ഗോവിന്ദ

ഐയോ ഹസ്തിനമായ പുരിപുക്കു
കയ്യിൽമേവും കലപ്പയാൽ കോരീട്ടു
പയ്യവേ എറിവാൻ തുനിയും ബല--
ഭദ്രരാമനെക്കാണണം ഗോവിന്ദ

ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ്
ദുഷ്ടഭൂപരെക്കൊന്നു മുടിച്ചതും
പെട്ടെന്നമ്പോടു കാട്ടിയതൊക്കെയും
കൃഷ്ണരൂപമേ കാണണം ഗോവിന്ദ

ഓർക്കിലെത്രയും പേടിയാമിന്നിമേൽ
കൽക്കിയായിട്ടവതരിക്കുന്നതും
ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും
വെക്കം കൊൽവതും കാണണം ഗോവിന്ദ

ഔവ്വിധമായ പത്തവതാരവും
ചൊവ്വൊടേ ചൊൽവാനാർക്കു കഴിയുന്നു
ദൈവമേ തവ കാരുണ്യം കൊണ്ടു മേ
കൈവരേണമേ കൈവല്യം ഗോവിന്ദ

അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ
നിന്തിരുവടി നീക്കിക്കളഞ്ഞുടൻ
അന്ത്യകാലത്തു മുക്തിയെ നൽകുവാൻ
ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ

അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിതാനന്ദ രൂപ സനാതന
ഉച്ചരിക്കായ് വരേണം നിൻ നാമങ്ങൾ
വിശ്വനായക വിഷ്ണോ
നമോസ്തുതേ

രോഗത്തിന് ആക്രമിക്കാന്‍ കഴിയാത്ത മനുഷ്യന്‍...!!

രോഗത്തിന്  ആക്രമിക്കാന്‍ കഴിയാത്ത മനുഷ്യന്‍...!!

ഒരാള്‍ ശരിയായ ആഹാരരീതിയും ദിനചര്യയും പാലിക്കുമ്പോള്‍ ,

ശരിയായി ചിന്തിച്ചതിനു ശേഷം കര്‍മ്മനിരതനാകുമ്പോള്‍

ഇന്ദ്രിയ സുഖാനുഭവങ്ങളില്‍ അമിതാവേശം കാണിയ്ക്കാതിരിക്കുമ്പോള്‍ ,

ഉദാരമതിയായിരിക്കുമ്പോള്‍,

എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതിയോടെ പെരുമാറുമ്പോള്‍ ,

സത്യത്തെ മുറുകെ പിടിക്കുകയും ,
മറക്കാനും പൊറുക്കാനും സന്നദ്ധനാകുകയും ചെയ്യുമ്പോള്‍,

വിനയത്തോടെ മറ്റുള്ളവരെ  സേവിക്കുമ്പോള്‍,

തനിക്കുള്ളത് കൊണ്ട് സംതൃപ്തനായിരിക്കുമ്പോള്‍ ,

ബുദ്ധിമാനായ അയാളെ ഒരു രോഗത്തിനും കീഴ്പ്പെടുത്താനാകില്ല...!!

ചരകന്‍...