ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2020

കുട്ടികളെ അടിമ കിടത്തുന്ന ക്ഷേത്രം

കുട്ടികളെ അടിമ കിടത്തുന്ന ക്ഷേത്രം

എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്. മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് വെട്ടേറ്റ് നടുഭാഗം വീണ സ്ഥലമാണിത് എന്നാണ് വിശ്വാസം. വായ വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണ് എന്നാണ് ഐതീഹ്യം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും പറയപ്പെടുന്നു.
ഇവിടത്തെ പ്രധാന വഴിപാട് പാൽപായസം, പിഴിഞ്ഞുപായസം, കൂട്ടുപായസം, തൃമധുരം, പാനകം എന്നിവയാണ്. കുട്ടികളെ അടിമ കിടത്തുന്ന ചടങ്ങും ഇവിടത്തെ പ്രത്യേകതയാണ്. ഉളിയന്നൂർ പെരുന്തച്ചന്റെ നേതൃത്വത്തിൽ ആണ് ഈ ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.

ഐതരേയൻ

ഐതരേയൻ

മാണ്ഡുകി മഹർഷിക്ക് ഇതര എന്ന ഭാര്യയിൽ പിറന്ന പുത്രനാണ് ഐതരേയൻ. ബാല്യം മുതൽക്കേ ഓം നമോ ഭഗവതേ വാസുദേവായ  എന്ന മന്ത്രം മാത്രം ജപിക്കുന്നതല്ലാതെ മറ്റൊന്നും ഉരിയാടാറില്ലായിരുന്നു. അത് ഒരു പോരായ്മയായി കണ്ട് മാണ്ഡുകിമുനി മറ്റൊരു വിവാഹം ചെയ്യുകയും വിജ്ഞാനികളായ നാലു പുത്രന്മാർ പിറക്കുകയും ചെയ്തു. മകൻ കാരണം താൻ അപമാനിതയായി എന്ന് പറഞ്ഞു ഇതര ആത്മഹത്യ ചെയ്യാനൊരുങ്ങവേ ഐതരേയൻ മാതാവിന് ആത്മജ്ഞാനം ഉപദേശിക്കുകയും ആത്മാഹൂതിയിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തപ്പോൾ മാത്രമാണ് മകന്റെ മഹത്വം മാതാവിന് മനസ്സിലാക്കാൻ കഴിഞ്ഞത്. വൈകാതെ മാതാവിനും പുത്രനും വിഷ്ണു ദർശനം ലഭിക്കുകയും ചെയ്തു. ഹരാമേധ്യന്റെ പുത്രിയെ ഐതരേയൻ വിവാഹം ചെയ്തു. ഐതരേയ ബ്രാഹ്മണത്തിന്റെയും ഐതരേയ ആരണ്യകത്തിന്റെയും കർത്താവ് ഇദ്ദേഹമാണെന്നും അല്ല, മഹിദാസൻ എന്ന പേരിൽ മറ്റൊരാളാണെന്നും പറയപ്പെടുന്നു.

   

ഏകതനും ദ്വിതനും ത്രിതനും

ഏകതനും ദ്വിതനും ത്രിതനും

ഏകതനും ദ്വിദനും ത്രിതനും  എന്ന മഹർഷിത്രയം ആയ സഹോദരന്മാരാണ്. ഇവർ വരുണന്റെ ഋത്വിക്കുകളായി (യാഗക്രീയ ചെയ്യുന്ന ആചാര്യന്മാർ ) പടിഞ്ഞാറുദ്ദിക്കിൽ വർത്തിക്കുന്നു. ഗൗതമ മഹർഷിയാണ് ഇവരുടെ പിതാവ്. ത്രിതമഹർഷിയുടെ സ്തുതികീർത്തനങ്ങൾ ഋഗ്വേദം  ഒന്നാം മണ്ഡലം 150- മത്തെ അദ്ധ്യായത്തിൽ ഉൾപ്പെട്ടിരിക്കുന്നു

മൂന്നു മഹർഷിമാരും ദേവന്മാരുടെ ഹവിസ്സ് പറ്റിയ കൈകൾ തുടയ്ക്കാനായി അഗ്നിയിൽ ഉത്ഭൂതരായവരത്രെ. ഋഗ്വേദം ഒന്നാം മണ്ഡലം  പത്താം അനുവാകം അൻപത്തിരണ്ടാം സൂക്തത്തിൽ ഇവർ മൂന്നുപേരെക്കുറിച്ചും സൂചിപ്പിക്കുന്നു.

സഹോദരന്മാരുടെ ചതിയാൽ കിണറിൽ പതിച്ചു പോയ ത്രിതനെ അസുരന്മാർ കിണർ മൂടുകയും , ത്രിതൻ തപഃശക്തിയാൽ അതു ഭേദിച്ചു പുറത്തു വരുകയും ചെയ്തു.  പിതാവിന്റെ മരണശേഷം ത്രിതൻ അറിവിലും കഴിവിലും കേമനായിത്തീർന്നപ്പോൾ മറ്റു രണ്ടു സഹോദരന്മാർക്കും കണ്ണിലെ കരടായി മാറുകയായിരുന്നു.  മറ്റൊരിക്കൽ ഒരു യാഗത്തിൻറെ നടത്തിപ്പിനായി അനേകം പശുക്കളെ സമ്പാദിച്ച്  ഈ മൂന്നു സഹോദരന്മാരും ഒരു കാട്ടിലൂടെ നടക്കുമ്പോൾ ത്രിതനെ വഴിതെറ്റിച്ചുവിട്ടു, ഒടുവിൽ പൊട്ടകിണറ്റിൽ വീണ ത്രിതൻ കിണറിനുളളിൽ പടർന്നുകണ്ട വളളിച്ചെടിയെ സോമലതയായി സങ്കല്പിച്ച് യാഗക്രീയ മന്ത്രങ്ങൾ ഉരുവേറ്റിക്കൊണ്ടിരുന്നു. മന്ത്രധ്വനിയുടെ മൂർദ്ധന്യാശസ്ഥയിൽ ദേവകൾ പ്രത്യക്ഷപ്പെട്ടുകയും ത്രിതൻറെ ആവശ്യപ്രകാരം സരസ്വതി നദീ അതുവഴി ഒഴുകിയെത്തുകയും ത്രിതൻ, നദിയുടെ അലകൾക്കു മീതേനിന്ന് ദേവസ്തുതി ചെയ്യുകയും ചെയ്തു.  ത്രിതന്റെ ശാപത്താൽ ഏകതനും ദ്വിതനും ചെന്നായ്ക്കളായിത്തീർന്നു.  മഹത്തുക്കൾക്കും ചില നിമിഷങ്ങളിൽ  മനസ്സ് മായയിലകപ്പെടാം.

ഋഭു

ഋഭു

തപസ്സു ചെയ്ത് ദേവത്വം സിദ്ധിച്ച ഗണദേവതകളെയാണ് ഋഭുക്കൾ എന്നു വിളിക്കുന്നത്. ദേവന്മാർ ഇവരെ ആരാധിക്കുന്നു. ബ്രഹ്മ പുത്രനായ അംഗിരസ്സിൻറെ പുത്രൻ സുധന്വാവിന് ഋഭു, വിദ്വാവ്, വാജൻ  എന്നിങ്ങനെ സന്തതികൾ പിറന്നു.  ഇവരത്രെ ഋഭുക്കൾ. ഋഭുക്കൾ നിരവധി അത്ഭുത കർമ്മങ്ങൾ നിർവ്വഹിച്ചതായി കഥകളുണ്ട്.

എന്നാൽ ഋഭു എന്ന പ്രാചീനമഹർഷിയുടെ വിശദമായ കഥ, അദ്ദേഹത്തിന്റെ ശിഷ്യനും പുലസ്ത്യ പുത്രനും ബ്രാഹ്മണശ്രേഷ്ഠനുമായ നിദാഘനുമായി ബന്ധപ്പെട്ടതാണ്. നിദാഘൻ , ഗുരുവായ ഋഭുവിൽ നിന്നും എല്ലാ അറിവും നേടിക്കഴിഞ്ഞുവെന്നു കരതുമ്പോഴും ജീവാത്മാവും പരാമാത്മാവും ഒന്നു തന്നെ എന്ന അദ്വൈതസിദ്ധാന്തത്തിനോട് വിമുഖത കാണിച്ചു. "ഏകത്തെ നോക്കീടുമാനന്ദമദ്വൈതാനന്ദ" മെന്ന തത്ത്വത്തെ ഗുരു മുറുകെപ്പിടിച്ചപ്പോൾ നിദാഘനാകട്ടെ ഗുരുവിൽ നിന്നകന്നുമാറി.

ആയിരം ദിവ്യവർഷങ്ങൾക്ക് ശേഷം ഒരു ദിവസം ശിഷ്യനരികിലെത്തിയ ഗുരുവിനെ ശിഷ്യൻ വിധിയാംവണ്ണം പൂജിച്ച് ഭക്ഷണവും നല്കിയ ശേഷം തൻറെ പരിചരണത്തിൽ തൃപ്തിയായോ എന്ന് ചോദിച്ച ശിഷ്യനോട്  ഗുരു ഇപ്രകാരം പറഞ്ഞു.  " വിശക്കാത്തവനു നല്കുന്ന ഭക്ഷണത്താൽ അവനെ തൃപ്തനാക്കുക സാധ്യമല്ല.  വിശക്കുന്നവന് ഏതു ഭക്ഷണവും  മധുരം  നല്കും. മനുഷ്യൻ ഒരിടത്തും പാർക്കുന്നുമില്ല പുറപ്പെടുന്നുമില്ല. പഞ്ചഭൂതനിർമ്മിതമായ ശരീരം വേർപിരിഞ്ഞാൽ പിന്നെ അവൻ എന്നതില്ല.  ഏകം ഈശ്വരൻ.  ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ. " ഇത്രയും പറഞ്ഞു ഋഭു യാത്രയായി.

വീണ്ടും ആയിരം സംവത്സരങ്ങൾക്ക് ശേഷം ഋഭു രാജാധാനിക്ക് പുറത്ത് വെച്ച് ശിഷ്യനെ കണ്ടുമുട്ടുകയും അപ്പോൾ ദൃശ്യമായ ഒരു സന്ദർഭത്തെ അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തത്തിൻറെ അടിവേര്  ശിഷ്യനെ ബോധവല്ക്കരിക്കുകയും ചെയ്തു.

ശരീരേന്ദ്രിയങ്ങളോടു പിരിഞ്ഞിരിക്കുന്ന ആത്മാവിന്റെ ഏകഭാവം ഗ്രഹിച്ച് മൽപ്രാണനും പരനുമൊന്നെന്ന വിശ്വാസമുറച്ച് നിദാഘൻ മോക്ഷം പ്രാപിച്ചു.

ഹരിഹര അഷ്ടോത്തര ശതനാമ സ്തോത്രം

ഹരിഹര അഷ്ടോത്തര ശതനാമ സ്തോത്രം

ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ ||
ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി 

ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ ||
ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി 

സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ ||
ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ ||
ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

ശൂലോന് ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ ||
ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ ഭാലനേത്ര ||
ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി 

സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ ||
വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി

അഷ്ടോത്തരാധികശതേന സുചാരുനാമ്നാം സന്ദര്ഭിതാം ലളിതരത്നകദംബകേന ||
സന്നായകാം ദൃഢഗുണാം നിജകണ്ഠഗതാം യഃ കുര്യാദിമാം സ്രജമഹോ സ യമം ന പശ്യേത് ||

ഋഷഭൻ

ഋഷഭൻ

നാഭി എന്ന രാജാവിന് മേരുദേവിയിൽ പിറന്ന പുത്രനാണ് ഋഷഭൻ. അഗ്നീധ്രൻ എന്ന രാജാവിന്റെ വംശമാണ് ഋഷഭന്റേത്. ഋഷഭന് പത്നിയായ ജയന്തിയിൽ പിറന്ന നൂറു പുത്രന്മാരിൽ മൂത്തപുത്രനായ ഭരതനെ രാജാവായി വാഴിച്ചശേഷം പുലഹാശ്രമത്തിൽ പോയി തപസ്സു ചെയ്തു. അദ്ദേഹം തപസ്സു ചെയ്ത കൊടുമടി ഋഷഭകൂടം എന്ന പേരിൽ അറിയപ്പെടുകയുണ്ടായി. ശാന്തതയും സ്വച്ഛതയും ആഗ്രഹിച്ച മഹർഷിക്ക് ശബ്ദം ശല്യമായി തോന്നി അതിനാൽ അന്യർ ഋഷഭകൂടപർവ്വതത്തിൽ പ്രവേശിച്ചാലുടൻ പർവ്വതം പാറക്കല്ലുകൾ വർഷിക്കട്ടെയെന്ന് കല്പ്പിച്ചു.  കല്ലു വീണ് ആരെങ്കിലും അയ്യോ എന്ന് വിളിച്ചാൽ അവനുമേൽ ഇടിമിന്നൽ വീഴുമെന്ന് മുനി ശപിച്ചു.

ഒരിക്കൽ മന്ദരൻ എന്ന ബ്രാഹ്മണൻ പിംഗല എന്ന വേശ്യയുമായി വേഴ്ചയിലിരിക്കെ ഒരുമിച്ച് മരിക്കുകയും, മന്ദരൻ ഭദ്രായു എന്ന പേരിലും പിംഗല വജ്രബാഹുവിൻറെ ഭാര്യയായ സുമതിയായും ജനിച്ചു. സപത്നിമാർ ഗർഭിണിയായ സുമതിക്ക് വിഷം നല്കി കാട്ടിലുപേക്ഷിക്കുകയും കുഞ്ഞ് മൃതിയടയുകയും ചെയ്തു. അപ്പോൾ ഋഷഭ മഹർഷി അവിടെയെത്തി അവളെ സാന്ത്വനപ്പെടുത്തി.

വാനപ്രസ്ഥധർമ്മങ്ങൾ പൂർണ്ണമായി അനുഷ്ഠിച്ച ഋഷഭൻ ഒടുവിൽ ദേഹത്യാഗം ചെയ്തു. ഒരു കല്ല് കൊണ്ട് വായ് അടച്ച് വനസഞ്ചാരം ചെയ്ത അദ്ദേഹം കാട്ടുതീയിൽ ആഹുതി ചെയ്യപ്പെടുകയും ആത്മാവ് ശിവലോകം പൂകുകയുമുണ്ടായത്രെ.

ശഠാരി

ശഠാരി

കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍‍ അവിടെയുള്ള പുരോഹിതന്മാര്‍,‍ തീര്‍ത്ഥം നല്കിയ ശേഷം കിരീട സദൃശമായ ഒന്ന് തങ്ങളുടെ ശിരസ്സില്‍ വച്ചുതരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വാസ്തവത്തില്‍ കിരീടമല്ല, മറിച്ച് ഭഗവാന്റെ പാദുകപീഠമാണ്, ഇതിനെ ശഠാരി എന്നാണ് പറയുന്നത്.  പുരാതന കേരളത്തിലുള്ള  13 ദിവ്യദേശങ്ങളിലൊഴികെയുള്ള മിക്കവാറും ക്ഷേത്രങ്ങളിലെ വൈഷ്ണവ പൂജാവിധികള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ട് വിധം താന്ത്രിക പാരമ്പര്യത്തിലാണ് വരുന്നത്, (കേരളത്തില്‍ തനതായ താന്ത്രിക വിധികളുള്ളതിനാല്‍ മറ്റ് ദേശങ്ങളിലെ ആരാധനാ ക്രമങ്ങളുമായി ചില വ്യത്യാസങ്ങളുണ്ട്) ഇവിടെയെല്ലാം പൊതുവെ ശഠാരി  ഭക്തര്‍ക്ക് ശിരസ്സിലേക്ക് നല്കുന്ന ചടങ്ങ് കാണാറുണ്ട്.

ശഠാരി എന്നത് വാസ്തവത്തില്‍ ശഠകോപമുനിയുടെ പ്രതീകം കൂടിയാണ്. നമ്മാഴ്വാര്‍ എന്ന് വിളിക്കപ്പെടുന്ന ശഠകോപമുനിയെ കരിമാരനെന്നും പരാങ്കുശനെന്നും വിളിക്കാറുണ്ട്. ഭഗവാന്റെ തിരുവടികളോട് ചേരുന്നതോടെ നമ്മുടെ പാപസഞ്ചയങ്ങളെല്ലാം ഭസ്മമായി മാറുമെന്ന് നമ്മാഴ്വാര്‍ തന്റെ കൃതിയായ (ദ്രാവിഡവേദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന) തിരുവായ്മൊഴിയില്‍ പാടിയിട്ടുണ്ട്. മറ്റെല്ലാ മാര്‍ഗ്ഗത്തിലും എളുതായ മുക്തിപഥം ഭഗവാനിലുള്ള ആത്മസമര്‍പ്പണവും ശരണാഗതിയുമാണ് എന്നാണ് അദ്ദേഹത്തിന്റെ മതം. ശഠാരിക്ക് മുകളിലായി ഭഗവാന്റെ തിരുമെതിയടികള്‍ കാണാം. ശഠാരി എന്നത് നമ്മാഴ്വാരുടെ ഒരു നാമവുമാണ് (അദ്ദേഹം ജനിച്ച സമയത്ത് ശഠനായ വായുവിനോട് കോപിച്ചു്-കരയുകയോ ശ്വാസമെടുക്കുകയോ ചെയ്യാതെയിരുന്നു എന്നതിനാല്‍ ലഭിച്ച ഒരു പേരാണ് ഇത്) ശഠാരി ശിരസ്സിലേറ്റുന്നതോടെ നമ്മള്‍ ഭഗവാന്റെ തിരുവടികളിലേക്ക് ശിരസ്സ് ചേര്‍ക്കുകയാണ് ചെയ്യുന്നത്, എത്ര തിരക്കേറിയ ക്ഷേത്രങ്ങളിലും ഇങ്ങനെ നമുക്ക് ഭഗവദ് പാദത്തില്‍ ശിരസ്സ് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ, നമ്മാഴ്വാരെന്ന ആചാര്യനെ, സ്വയം ഭഗവാന്റെ പാദപീഠമായി സങ്കല്പിച്ച മഹാഭക്തനെ ആദരിക്കുക കൂടിയാണ് ഇതിലൂടെ നാം ചെയ്യുന്നത്.

(ആകെ 108ദിവ്യക്ഷേത്രങ്ങളില്‍, 2എണ്ണം അഭൗതികമാണ് പാല്‍ക്കടലിലും, വൈകുണ്ഠത്തിലുമാണ് അവ. ശേഷിക്കുന്ന106ല്‍ 13 ദിവ്യദേശങ്ങൾ, മലൈനാട് അഥവാ പുരാതന കേരളത്തിൽ ആണ്.  ആധുനിക കേരളത്തിലുള്ളത് 11എണ്ണം മാത്രമാണ്.)