ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 March 2020

ഗരുഡ മന്ത്രങ്ങൾ

ഗരുഡ മന്ത്രങ്ങൾ

സാധന കാലഘട്ടങ്ങളിൽ സാധകന് അനവധി അനുഭവങ്ങൾ ഉണ്ടാകാം വ്യത്യസ്തമായ അത് ഓരോരുത്തർക്കും ഓരോ രീതിയിൽ ആകാം. വാസനകളിൽ പൂർവ്വ ജന്മമാർജ്ജിതമായ വിഷയങ്ങൾ ആണ് ഇതിനു മുഖ്യ കാരണം. ചിലത് കുട്ടികാലങ്ങളിൽ കിട്ടിയ അനുഭവങ്ങളിലൂടെ ആകാം.. അധികം സാധകരിൽ കണ്ടു വരുന്ന ചില പ്രശ്നങ്ങളിൽ ഒന്നാണ് സർപ്പ ഭയം ഇത്തരം ആൾക്കാരിൽ ചിലവർ സർപ്പ ഭയം ഉള്ളതിനാൽ സർപ്പ കാവിൽ പോകാറില്ല അത് പോലെ രാത്രി കാലങ്ങളിൽ നടന്നു പോകുന്ന സ്ഥലങ്ങളിൽ പോകാൻ പോലും ഭയം കാണാം.. അത്തരക്കാർക്ക് ജപിക്കാൻ ഉത്തമമാണ് ഗരുഡ മന്ത്രം.


1). ഗരുഡ മന്ത്രം

ഓം ഗരുഡായ നമഃ
ഓം വേദ ഗരുഡായ നമഃ
ഓം വീര ഗരുഡായ നമഃ
ഓം ശ്രീ കൃഷ്ണ ഗരുഡായ നമഃ
ഓം മന്ത്ര ഗരുഡായ നമഃ
ഓം യന്ത്ര ഗരുഡായ നമഃ
ഓം സിദ്ധ ഗരുഡായ നമഃ
ഓം നാഥ ഗരുഡായ നമഃ
ഓം അഘോര ഗരുഡായ നമഃ
ഓം ശക്തി ഗരുഡായ നമഃ
ഈ മന്ത്രം നിത്യ ജപത്തിനായി ഉപയോഗിക്കാം

2). ഗരുഡ മന്ത്രം

അസ്യാഃ ശ്രീ മഹാഗരുഡ
ബ്രഹ്മ വിദ്യായാ
ബ്രഹ്മാ ഋഷിഃ ഗായത്രിഛഛന്ദഃ
ശ്രീ ഭഗവാന്‍ മഹാ ഗരുഡോ
ദേവതാ ശ്രീ മഹാ ഗരുഡ പ്രിത്യര്‍ത്ഥേ
മമ സകല
വിഷ വിനാശനാര്‍ത്ഥേ ജപേ വിനിയോഗ.

ഓം നമോ ഭഗവതേ അംഗുഷ്ഠാഭ്യാം നമഃ

ശ്രീ മഹാ ഗരുഡായ തര്‍ജ്ജനിഭ്യാം സ്വാഹാ

പക്ഷീന്ദ്രായ മധ്യമാഭ്യാം വഷട്‌

ശ്രീ വിഷ്ണുവല്ലഭായ അനാമികാഭ്യാം ഹും

ത്രൈ ലോക്യ പരി പൂജിതായ കനിഷ്ടികാഭ്യാം ഖൌഷട്‌

ഉഗ്ര ഭയങ്കര കാലാനലരൂപായ കര തല കര പൃഷ്ഠാഭ്യാം ഫട്‌

ഏവം ഹൃദയാദി ന്യാസഃ
ഭൂര്‍ ഭുവഃ സുവരോമിനി ദിഗ്‌ബന്ധഃ

3). ഗരുഡപഞ്ചാക്ഷരമന്ത്രം

ഓം നമോ നാരായണായ നമ:                                     ഗരുഡ സേവക്കുള്ള ഗരുഡ പഞ്ചാക്ഷരി മന്ത്രം സർവ്വ വിഷബാധക്കും ഉപാകാരപ്പെടുന്നതുമാണ്..  ഗരുഡ ഭഗവാനെ സേവിക്കുന്നവർ ബ്രഹ്മചര്യം കർശനമായി പാലിക്കണം .                                        ഗരുഡപഞ്ചാക്ഷരി മന്ത്രം  ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മനസറിഞ്ഞു ജപിച്ചാൽ ഉപാസകനിൽ ഗരുഡ സേവ ഉറക്കുമെന്ന് നിശ്ചയം. 41 ദിവസത്തെ ഉപാസനയിൽ തന്നെ ഗരുഡ ഭഗവാൻ  ഉപാസകന് തലക്ക് മുകളിൽ വട്ടം ഇട്ട് പറക്കും എന്ന്  ഗരുഡ പ്രശ്നോത്തരി താളിയോല ഗ്രന്ഥക്കെട്ടുകളിൽ പറയുന്നു.....           

ഓം ക്ഷിപ ഓം സ്വഹ                 

ഓം നമ: പക്ഷിരാജായ                

ഓം ഹ്രീം ശ്രീം നൃം ഠം

ദൈവീക പക്ഷിയായ ഗരുഡനെ കാണുന്നതെ അപൂർവ്വമാണ്. ചിറക് തവിട്ടു നിറവും തല വെള്ള നിറവും ആയ കൃഷ്ണ പരുന്തുനെ കാണുന്നതാണ് ഗരുഡ ദർശന ഫലം കൊണ്ട് ഉദേശിക്കുന്നത് . ഇവയെ കണ്ടാൽ വലതു മോതിര വിരലിനാൽ രണ്ടു ചെവികളിലും മൂന്ന് തവണ തൊട്ടു നമസ്കരിക്കണം.

4). ഗരുഡ മന്ത്രം

കുങ്കുമാങ്കിതവര്‍ണ്ണായ കുന്ദേന്ദു ധവളായ ച
വിഷ്ണുവാഹ നമസ്തുഭ്യം പക്ഷിരാജായ തേ നമഃ

(ഈ മന്ത്രം അനേക വിധ ഫലങ്ങള്‍ ഉള്ളതാണ്)

ദർശന ഫലം

ദിനം              ഫലം

ഞായർ - രോഗ ശമനം
തിങ്കൾ - ഗൃഹസൌഖ്യം
ചൊവ്വ - ദുഃഖശമനം
ബുധൻ - അഭിഷ്ടസിദ്ധി
വ്യാഴം - ആഗ്രഹസാഫല്യം
വെള്ളി - ആപ്തമോചനം
ശനി - ദീർഘായുസ്സ്

4 March 2020

മത്സ്യ വാരാഹി ദേവി

മത്സ്യ വാരാഹി ദേവി

വാർത്താളി, കോലമുഖി, ദണ്ടിനി, പന്നി മുഖി, ഭൂ ദേവി, ദണ്ഡ നായിക  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുര സുന്ദരിയുടെ സൈന്യാധിപ ആകുന്നു.

വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി 

ലളിതാ സഹസ്രനാമത്തിൽ

കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)

1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)

2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍

താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു.. ബുദ്ധിസ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകത ഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ (ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു 
താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..

""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു... 

""വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''

വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു. കിരാത വാരാഹി, വശ്യ വാരാഹി, ലഘു വാരാഹി, നകുലി വാരാഹി, മഹാ വാരാഹി,  അശ്വാരൂഢ വാരാഹി, മത്സ്യ വാരാഹി, മഹിഷ വാരാഹി, പക്ഷി വാരാഹി, സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്. 

മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്.

ദക്ഷിണ കാളികാ

ദക്ഷിണ കാളികാ

തന്ത്ര ശാസ്ത്രത്തിന്റെ മൂന്നു പ്രധാന കുലങ്ങളിൽ ഒന്നാണ് കാളി കുലം ആ കുലത്തിന്റെ അധിഷ്ഠാന ദേവതാഃ ആകുന്നു ദക്ഷിണ കാളികാ മൂല വിദ്യാ സ്വരൂപിണി ആയ പരാശക്തി ആകുന്ന ലളിതാംബികയുടെ ഉഗ്ര ഭാവം ആകുന്നു കാളി....
ദേവി മാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തിൽ 

''ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം 
ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ'' അവയെ ഇപ്രകാരം വർണിച്ചിരിക്കുന്നു 

പ്രപഞ്ചത്തിന്റെ ഓരോ താളങ്ങൾക്കും അതിന്റെ റിഥത്തിൽ സഞ്ചരിക്കുന്ന ഭാവങ്ങൾ ആണ് ദേവതകൾ അതിനാൽ ആണ് ദേവതാഃ ഭാവങ്ങൾക്കു രൂപ ഭാവങ്ങൾ അനുസരിച്ചു പ്രക്രിയ പറയുന്നത് 

ഉദാഹരണം... 

കാളി ശത്രു സംഹാരിണിയും ധർമ്മത്തെ രക്ഷിക്കുന്നവളും കുലം കാക്കുന്നവളും ആകുന്നു. 
ലക്ഷ്മി ധനം മുതലായവയുടെ ദേവതാഃ. 
ഭുവനേശ്വരി ഐശ്വര്യം മുതലായവ ഇപ്രകാരം..... 

പ്രകൃതിയുടെ ആത്യന്തികമായ സത്യം സൃഷ്ടി സ്ഥിതി സംഹാരം ആകുന്നു അതിൽ സംഹാര രൂപിണി ആകുന്നു കാളി. ഈ ജഗത്തിൽ നിലനില്കുന്നതിനെ സംഹരികുന്ന കാലത്തിന്റെ മഹാ ജിഹ്വ ആകുന്നു കാളി കാലവും കാലാതീതവും അവൾ തന്നെ ആണന്നു ധരിപ്പിക്കുന്നത് ആണ് അവളുടെ രൂപം. 

കാലം (time)എന്നത് ജനന മരണ ചാക്രികമായ പ്രവർത്തനത്തിൽ നമുക്ക് കഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന ഒരേ നിമിഷം എന്നർത്ഥം നമ്മുടെ സമയവും പ്രപഞ്ചത്തിന്റെ സമയവും കൺട്രോൾ ചെയ്യുന്ന മഹാ ശക്തി ആകുന്നു മഹാ കാലൻ (ശിവൻ) ആ മഹാ കാലന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന മഹാ തത്വം ആകുന്നു കാലത്തെ അടക്കി വയ്ക്കുന്ന കാലാതീത ശക്തി ആകുന്നു ഞാൻ എന്ന് പറയുന്ന ജഗദംബികയുടെ ഭാവം ആകുന്നു

""ശംഭുസ്ഥാ ശശഖണ്ഡ ലക്ഷ്മ വിലസത് കോടീരചൂഡോജ്വലാ ബിഭ്രാണാ കരപങ്കജൈർഗ്ഗുണ സൃണി
ഖണ്ഗം കപാലം തഥാ 
മുണ്ഡസ്ര പരിമണ്ഡിതാ
ത്രിനയനാ രക്താംഗരാഗാംശുകാ സർവ്വാലങ്കരണോജ്വലാ
ശിതിനിഭാ ന: പാതുനിത്യം ശിവാ"
എന്ന ധ്യാനം ആ അവസ്ഥയെ സൂചിപ്പിക്കുന്നു

''മഹാ കാലസ്യ കലനാത്  കാലഗ്രാസം കരോദ്യത '' കാലാമാകുന്ന കാലനെ പോലും സംരക്ഷിക്കുന്ന മഹാ തേജസ്വിനി ആകുന്നു കാളി .ജനന മരണ ചാക്രിക പ്രക്രിയയിൽ ഉഴലുന്ന മനുഷ്യൻ അവന്റെ ജന്മ വിച്ഛേദങ്ങളെയും പാപങ്ങളെയും ഇല്ലാതാക്കി ജഗദംബയുടെ പാദങ്ങളിൽ ലയിക്കുവാൻ കാളിയെ അറിയേണ്ടതുണ്ട് 

''ഭദ്രം കാലയതി ഇതി ഭദ്രകാളി '' കാലത്തെ പോലും തന്റെ ഉള്ളിൽ ഒതുക്കി ഭദ്രമാക്കുന്നവൾ ആകുന്നു  കാളി 

ശക്തി സംഗമ തന്ത്രത്തിൽ താരാ കാണ്ഡത്തിൽ ഇപ്രകാരം പറയുന്നു ...

''മഹാ പ്രളയകേ ജാതേ തതഃ ശൂന്യം ഭവിഷ്യതി 
ബ്രഹ്മ രൂപ പരാനന്ദ കേവലാ താരിണി പരാ 
സർവം തസ്യാ സംലീനം തദ്രൂപം സർവ്വമേവ തു 
ഏവം ദേവി മഹാ ശൂന്യേ മഹാ ദക്ഷിണ കാളികാം .. 

ഈ ശ്ലോകത്തിൽ ദക്ഷിണ കാളികയേ പ്രളയനാന്തരം ഉള്ള മഹാ ശൂന്യം ആയി വർണ്ണിച്ചിരിക്കുന്നു അതായത് എല്ലാ എല്ലാ തത്വങ്ങളും തന്നിൽ ലയിപ്പിക്കുന്നവൾ എന്ന് വിവക്ഷ 

അപ്രകാരം ഉള്ള മഹാ ശൂന്യം ആകുന്നു കാളിയുടെ കറുത്ത നിറം 

''വ്യാപ്യ തിഷ്ഠതി ദേവേശി ശൂന്യം കൃഷ്ണ സ്വരൂപകം ''
''മഹാ ബ്രഹ്മ സ ഏവാത്മ നാമ മാത്ര വിഭേദത 
ഏകമൂർത്തി ത്രയം നാമ ബ്രഹ്മാ വിഷ്ണു മഹേശ്വരഃ '' 

കാളിയുടെ മൂന്നു ഭാവം ആകുന്നു ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഒരേ മൂർത്തിയുടെ [കാളി [ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ ആകുന്നു ത്രിമൂർത്തികൾ 

കാളി ഉപാസനയുടെ മഹത്വം നമുക്ക് ഇവിടെ മനസിലാക്കാം ..സകല തത്വങ്ങളോട് കൂടിയ ഈ പ്രപഞ്ചം തന്റെ തന്നെ സൃഷ്ടിയാണ് എന്ന് കാണിച്ചു തരുന്ന മഹാ തത്വം ആകുന്നു കാളി മഹാ ശൂന്യം എന്നാൽ തത്വമായി നിലനിൽക്കുന്ന പ്രപഞ്ചത്തിലെ ഓരോ വസ്തുവും തന്നിലോട്ടു ലയിപ്പിക്കുന്നവൾ ആകുന്നു ദക്ഷിണ കാളികാ ,അത് തന്നെ ആകുന്നു കാളിയുടെ താഴോട്ട് നീണ്ടു നൽകുന്ന നാവ് തരുന്ന രഹസ്യ തത്വം [ഇവ ഗുരു മുഖത്ത് നിന്ന് അറിയേണ്ടവയാണ്]

''ഋഗ്വേദത്തിൽ കാളിയെ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു 

''ചത്വാര ഈം ബിഭ്രതീ ക്ഷേമയന്തഃ '' സൃഷ്ടിപരമായ മുപ്പത്തിയാറു തത്വങ്ങളെ തന്നിൽ ലയിപ്പിച്ചു താനും സ്വയം പരബ്രഹ്മത്തിൽ [ലളിതാ ത്രിപുര സുന്ദരിയിൽ]  ലയിക്കുന്നു തുടർന്ന് പ്രളയാനന്തരം സൃഷ്ടിയുടെ പുനരാരംഭത്തിനു തന്നിൽ അടയ്ക്ക പെട്ട സകല തത്വങ്ങളോട് കൂടി ''കബലീ കൃത തത്വ ഗ്രാമ സ്വരൂപിണി ''എന്ന പ്രമാണം അനുസരിച്ചു വീണ്ടും പുനർഭവിക്കുന്നു. ആ മഹാ തത്വം ആകുന്നു തന്ത്ര ശാസ്ത്രം പറയുന്ന കാമകല (ഗുരുവേദ്യം)

തന്ത്ര ശാസ്ത്രത്തിൽ കാളിയെ വർണ്ണിക്കാൻ വാക് ദേവിപോലും അക്ഷരങ്ങളെ പുതിയത് കടം വാങ്ങേണ്ടി വരും 

കാളി തത്വം ആകുന്നു കാളി സകല ആകുന്നു കാളി പ്രപഞ്ചം ആകുന്നു കാളി ശൂന്യവും മഹാ ശൂന്യവും ആകുന്നു കാളി സർവ്വതും ആകുന്നു അണുവിൽ  നിന്ന് പരമാണുവിലോട്ട് പോകുന്ന പോലെ കാളിയൽ നിന്നെ ശ്രീ വിദ്യയിലേക്ക് പൊക്കാൻ സാധിക്കു കാരണം കാലിയാണ് വാഹക സാധകനെ പരാ  ശക്തിയിലോട്ട് എത്തിക്കുന്ന കുണ്ഡലിനി ശക്തി അവളെ അറിഞ്ഞവനെ ശ്രീ തത്വം തുറക്കൂ -- 
മഹാ ഗുരുപരമ്പരകളിലൂടെ അവളെ അറിയുക കാലവും കാലാതീതവുമായ മഹാ തേജസ്വിനി ആകുന്നു കാളി.

പൗരാണിക ശക്തി ശ്രോതസ്സുകൾ

"പൗരാണിക ശക്തി ശ്രോതസ്സുകൾ

അതി പ്രാചീനമായ ഭാരതീയ സംസ്കൃതി ആകുന്നു ദേവി ആരാധന പ്രകൃതി ഉപാസന എന്ന പേരിൽ അറിയപ്പെട്ട പവിത്രമായ ആരാധന ആകുന്നു ദേവി ആരാധന അഥവാ ശാക്തേയം.... താന്ത്രികാരാധനയിൽ അധിഷ്ഠിതമായ ഈ ആരാധന സമ്പ്രദായത്തിൽ ദേവി "കുണ്ഡലിനി സ്വരൂപം " ആയിട്ടാണ് ഭാവന ചെയ്യുന്നത് "കുണ്ഡലിനി" എന്നാൽ കുണ്ഡത്തിൽ ഇരിക്കുന്ന ശക്തി എന്നർത്ഥം അപ്രകാരം ഉള്ള ശക്തി ശ്രോതസ്സുകൾ ആണ് നമ്മുടെ പൗരാണിക ക്ഷേത്രങ്ങൾ. 

"ത്രിപുരാ രഹസ്യത്തിൽ" മാഹാത്മ്യ ഖണ്ഡത്തിൽ അദ്ധ്യായം  48.. ശ്ലോകം സംഖ്യ 71.. വരികൾ 65.... ദേവിയുടെ പന്ത്രണ്ടു മഹാ പീഠങ്ങൾ പറയുന്നു.. 

"കാഞ്ചിപുരേ തു കാമാക്ഷി 
  മലയെ ഭ്രാമരി തഥാ |
കേരളേ തു കുമാരി സാ അംബാനർതേഷു സംസ്ഥിതാ ||
കരവീരേ മഹാലക്ഷ്മി കാളികാ മാലവേഷു സാ |
പ്രയാഗോ ലളിതാ ദേവി വിന്ധ്യേ വിന്ധ്യവാസിനി ||
വാരാണസ്യാം വിശാലാക്ഷി ഗയായാം മംഗളവതി |
വംഗേഷു സുന്ദരി ദേവി നൈപാളെ ഗുഹ്യകേശ്വരി ||
ഇതി ദ്വാദശ രൂപേണ സംസ്ഥിതാ ഭാരതേ ശിവ |
ഏതാ സാന്തർശനാ ദേവ സർവ്വ പാപ: പ്രമുച്യതേ ||
അശക്തോ ദർശന നിത്യം സ്മരേത് പ്രാത: സമാഹിതഃ |

1)കാമാക്ഷി =കാഞ്ചിപുരം 
2)ഭ്രമരാംബ =മലയഗിരി(ശ്രീ ശൈലം)
3)കുമാരി = കേരളം (കന്യാകുമാരി )
4)അംബാ ജീ =ഗുജറാത്ത്‌(സൗരാഷ്ട്രം)
5)കാളികാ =ഉജ്ജയിനി (മധ്യപ്രദേശ്)
6)മഹാ ലക്ഷ്മി =കൊൽഹാപൂർ (മഹാരാഷ്ട്ര)
7)ലളിതാ =പ്രയാഗ് (ഉത്തർപ്രദേശ്)
8)വിന്ധ്യാവാസിനി= വിന്ധ്യാചലം (ഉത്തർപ്രദേശ് )
9)വിശാലാക്ഷി =വാരാണസി (ഉത്തർപ്രദേശ്)
10)മംഗളവതി =ഗയാ 
11)ത്രിപുര സുന്ദരി =കാമാഖ്യ (ബംഗാൾ)
12)ഗുഹ്യകേശ്വരി =നേപ്പാൾ (പശുപതിനാഥ്)

വിചിത്രമായ ഹോളി ആഘോഷം

വിചിത്രമായ ഹോളി ആഘോഷം

നിറങ്ങളുടെയും നിറക്കൂട്ടുകളുടെയും ആഘോഷമായാണ് ഹോളി അറിയപ്പെടുന്നത്. വസന്തകാലത്തെ എതിരേൽക്കുവാൻ നടത്തിയിരുന്ന ഒരാഘോഷം എന്നതിൽ നിന്നും ഭാരതം ഒന്നടങ്കം ആഘോഷിക്കുന്ന ഒന്നായി ഇത് മാറിയിട്ട് കുറച്ചു കാലമായതേയുള്ളു.

മിക്ക സ്ഥലങ്ങളിലും യഥാർഥ ആഘോഷ ദിവസത്തിനും 7 ദിവസം മുന്നേ തന്നെ ആഘോഷങ്ങൾ തുടങ്ങാറുണ്ട്.

ഉത്തർ പ്രദേശ്

ഉത്തർ പ്രദേശിൽ മഥുരയിലെ ബർസാനയിലും നന്ദഗാവോനിലും നടക്കുന്ന ആഘോഷങ്ങളാണ് ലത്മാർ ഹോളി എന്നറിയപ്പെടുന്നത്. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത്. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർ‍മ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്.

ഇവിടെ ലത്മാർ ഹോളി 7 ദിവസങ്ങളിലായാണ് നടത്തുന്നത്. കൃഷ്ണനെയും കൂട്ടുകാരെയും ചുള്ളിക്കമ്പെടുത്ത് അടിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇവിടെ നടക്കുന്ന ആഘോഷം. ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ.

ലത്മാർ ഹോളിയുടെ പ്രധാന ആഘോഷങ്ങൾ നടക്കുന്ന ഇടമാണ് വൃന്ദാവൻ. ഇവിടുത്തെ ക്ഷേത്രത്തിലെ പ്രാർഥനകളോടു കൂടിയാണ് ഹോളി ആഘോഷം തുടങ്ങുക. ആദ്യം പുരോഹിതൻ ക്ഷേത്രത്തിൽ പ്രധാന പൂജകൾ നടത്തും. അതിനു ശേഷം ഇവിടെ പൂന്തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിശ്വസികൾക്ക് നല്കും. അതിനു ശേഷമാണ് ഇവിടെ നിറത്തിലെ കളി ആരംഭിക്കുന്നത്. നിറക്കൂട്ടുകളും നിറം കലക്കിയ വെള്ളവും ഒക്കെ എടുത്തൊഴിച്ച് ആഘോഷങ്ങള്‌‍ തുടങ്ങുകയായി.

വളരെ വ്യത്യസ്തമായ രീതിയിൽ ഹോളി ആഘോഷിക്കുന്നവരാണ് ഗോകുലിലുള്ളത്. സാധാരണ എല്ലാ ആഘോഷങ്ങളിലും നിന്ന് മാറി നിൽക്കുന്ന വിധവകളായ സ്ത്രീകളാണ് ഇവിടുത്തെ ആഘോഷത്തിൻറെ ആളുകൾ. ഭാഗൽ ബാബ എന്നു പേരായ ഒരു ക്ഷേത്രമാണ് ആഘോഷങ്ങളുടെ കേന്ദ്രം.

ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും ഹോളി ആഘോഷങ്ങൾ നടക്കാറുണ്ട്.

മണിപ്പൂർ

ഹോളി ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും വളരെ വ്യത്യസ്മായി കൊണ്ടാടുന്നവരാണ് മണിപ്പൂരുകാർ. ഇവിടുത്തെ യവോഷാങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഹോളി ആഘോഷങ്ങൾ മണിപ്പൂരിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ആറു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വർഷത്തിൽ ഇവിടുത്തുകാർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അവസരം കൂടിയാണ്.

കൂടാതെ , മണപ്പൂരിന്റെ ഭംഗിയും കാഴ്ചകളും ഇവിടുത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

ആസാം

ഡോൾ ജത്ര എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രാദേശിക ഉത്സവമായാണ് അസമിലെ ഹോളി ആഘോഷം. ആദ്യ ദിവസം കളിമണ്ണിൽ നിർമ്മിച്ച കുടിലുകൾക്ക് തീ വയ്ക്കുന്ന ചടങ്ങാണ്. രണ്ടാം ദിവസമാകുമ്പോഴേയ്ക്കും നിറങ്ങളിലുള്ള ആഘോഷത്തിന് തുടക്കമാകും.

കർണ്ണാടക

തെക്കേ ഇന്ത്യയിലേക്ക് ഹോളി ആഘോഷങ്ങൾ തീർത്തു കുറവാണ്. എങ്കിലും അതിൽ ഒരു വ്യത്യസ്തത കാണിക്കുന്ന ഇടമാണ് കർണ്ണാടക. ഹോളിയുമായി ബന്ധപ്പെട്ട വലിയ ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പ്രത്യേകിച്ച് ബാംഗ്ലൂർ പോലെയുള്ള ഒരു നാട്ടിൽ എല്ലാ ദേശത്തു നിന്നുമുള്ള ആളുകൾ വസിക്കുമ്പോൾ ഹോളി ആഘോഷങ്ങൾക്ക് ഒരു കുറവുമുണ്ടാവില്ല.

കേരള

ഹോളി ആഘോഷങ്ങൾക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും നല്കാത്ത ഒരിടമാണ് കേരളം. എങ്കിൽ തന്നെയും ഇവിടുത്തെ അപൂർവ്വം ചിലയിടങ്ങളിൽ ഹോളി ആഘോഷങ്ങള്‍ കാണാം. പ്രധാനമായും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുള്ള ഓഫീസുകൾ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പോലെയുള്ള ഇടങ്ങള്‌ തുടങ്ങിയ സ്ഥലങ്ങളിലാണ് ഹോളി ആഘോഷങ്ങൾ കാണുവാൻ സാധിക്കുക.






എന്തിനാണ് ഹോളി വർണങ്ങൾ വിതറി ആഘോഷിക്കുന്നത്?

എന്തിനാണ് ഹോളി വർണങ്ങൾ വിതറി ആഘോഷിക്കുന്നത്?

തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഓരോ വർഷവും ഹോളി ആഘോഷിക്കുന്നത്. എന്നാൽ, വർണങ്ങൾ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല എന്നതാണ് വസ്തുത. ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്. 

ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ്. ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല. 

സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദന്‍റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്‍റെ സഹോദരിയായ ഹോളികീയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.

അഗ്നി ജ്വലിപ്പിച്ചു പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്‍റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്.

നന്‍മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റെന്നാണ് ഇങ്ങനെ രണ്ട ദിവസമാണ് ഹോളി ആഘോഷിക്കാറ്.

ഹോളി ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷിക്കുന്നു. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളും കാര്യമായി ആഘോഷിക്കുന്ന ഹോളി ആഘോഷം ഇപ്പോള്‍ മലയാളികളും ആഘോഷിക്കുന്നുണ്ട്.

എന്നാല്‍ ഉത്തരേന്ത്യയിലേക്ക് ഹോളി വലിയ ആഘോഷമാണെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഇപ്പോള്‍ മുംബൈയെയും ദില്ലിയെയും ഹോളി ആഘോഷത്തില്‍ കുളിപ്പിക്കാറുണ്ട്.

ഹോളി ആഘോഷത്തിന് ജാതിയുമില്ല മതവുമില്ലെന്നാണ് പറയാറുള്ളത്. ജാതിമതഭേദമന്യേ ഹോളി ആഘോഷിക്കും. ആഘോഷത്തില്‍ ആവേശംകൊണ്ട് നിറം തേക്കുന്നതിന് പിന്നിലും ചില അറിയേണ്ട സത്യമുണ്ട്. പരസ്പരം നിറം പുരട്ടുന്നത് ശത്രുതയില്ലാതാക്കുമെന്നൊരു വിശ്വാസമുണ്ട്. 

ഹോളിക്ക് മറ്റൊരു കഥ കൂടി ഉണ്ട്. ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടും കളിക്കുന്നതിന്‍റെ സ്മൃതി കൂടിയാണ് ഹോളി. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം.

ഹിന്ദു കലണ്ടറിലെ ഫല്‍ഗുന മാസത്തിലെ പൗര്‍ണമിയാണ് ഹോളിയായി ആഘോഷിക്കുന്നത്. പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ത്ഥ ഹോളിദിനം. ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ച് മാസത്തില്‍ ആദ്യമോ ആണ് ഹോളി ആഘോഷിച്ച് വരുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പല ആചാരങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി പണ്ട് കര്‍ഷകരുടെ മാത്രം ദിനമായിരുന്നു. സമൃദ്ധമായി വിളവ് ലഭിക്കാനും ഫലഭൂയിഷ്ടമാക്കാനുമുള്ള ആഘോഷം. എന്നാല്‍ അത് പിന്നീട് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.

ഹോളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമശിവനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ബ്രഹ്മാവിന്റെ മകന്‍ ദക്ഷന്റെ മകള്‍ സദി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ദക്ഷന്‍ തന്റെ കൊട്ടാരത്തില്‍ വലിയ യാഗം നടത്തി. ശിവനെയും സദിയെയും മാത്രം ക്ഷണിക്കാതെയായിരുന്നു യാഗം. എന്നാല്‍ സദി ദേവി ശിവന്റെ നിര്‍ദ്ദേശം നിരസിച്ച് യക്ഷന്റെ കൊട്ടാരത്തിലെ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് തന്റെ ഭര്‍ത്താവിനെ അപമാനിയ്ക്കുന്നതായി തോന്നിയ സദി മനംനൊന്ത് യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന്‍ കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്‍ നശിപ്പിച്ചു. കോപം തീരാന്‍ ശിവന്‍ കഠിനല തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയില്‍ ലോകം മുഴുവന്‍ നശിക്കുമെന്ന് മനസിലാക്കിയ ദേവന്മാര്‍ കാമദേവനെ സമീപിച്ച് ശിവന്റെ തപസ് മുടക്കാന്‍ തീരനുമാനിച്ചു. ശിവന്‍ തപസ് നടത്തുന്നിടത്ത് എത്തി കാമദേവന്‍ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന്‍ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റ് മനസിലാക്കിയ ശിവന്‍ കാമദേവന് അനശ്വരത്വം നല്‍കുകെയും ചെയ്തു. ലോകരക്ഷയ്ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച കാമദേവന്റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

ഹോളി ആഘോഷങ്ങള്‍ മദനോത്സവ രൂപത്തിലും കൊണ്ടാടാന്‍ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം ഡാന്‍സും പാട്ടുമൊക്കെയായി ഒരു ആഘോഷം.

മുന്നറിയിപ്പ്

വടക്കേഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണല്ലോ ഹോളി. ഇന്ന് നോര്‍ത്ത് ഇന്ത്യയില്‍ മാത്രമല്ല ഇങ്ങു നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഹോളി കൊണ്ടാടുന്നവരുണ്ട്. നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളിയെ വിശേഷിപ്പിക്കുക. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില സംഗതികളുണ്ട്‌. ഹോളിയ്ക്കായി ഉപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ് ആരോഗ്യത്തിനു ദോഷകരമായി ചിലപ്പോഴെങ്കിലും ഭവിക്കുന്നത്. 

തീരെ ഗുണനിലവാരമില്ലാത്ത സിന്തെറ്റിക്ക് നിറങ്ങളാണ് പലരും ഉപയോഗിക്കുക. ഇവ വാരി വിതരുമ്പോൾ അറിയാതെ അത് ശ്വാസത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. ചര്‍മത്തിനും ഇത് ഗുണകരമല്ല. അതുകൊണ്ടുതന്നെ ഹോളി ആഘോഷങ്ങള്‍ക്ക് ഇറങ്ങും മുന്‍പേ നല്ല ഗുണനിലവാരമുള്ള ഏതെങ്കിലും ക്രീമുകള്‍ ചർമത്തില്‍ തേച്ചുപിടിപ്പിച്ചിട്ട് വേണം ഇറങ്ങാന്‍. ഇത് നിറങ്ങള്‍ ചർമത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയും.

ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, അലര്‍ജി, പുകച്ചില്‍, കണ്ണുകള്‍ക്ക് അസ്വസ്ഥത, ഡ്രൈ ആയ പോലെ തോന്നുക, ചൊറിച്ചില്‍ എന്നിവയെല്ലാം ഗുണമേന്മയില്ലാത്ത നിറങ്ങളുടെ ദൂഷ്യവശങ്ങളാണ്. 

3 March 2020

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങൾ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങൾ

അമ്മേ എന്ന് ഭക്തിപൂര്‍വം വിളിച്ച് കൊണ്ട് ദര്‍ശനം നടത്താന്‍ കഴിയുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. കൊടുങ്ങല്ലൂര‌മ്മയും ചോറ്റാനിക്കരയമ്മയും ഇത്തരത്തില്‍ പ്രശസ്തമായ അമ്മ ദൈവങ്ങ‌ളാണ്.
ദേവിയെ മാതൃരൂപത്തി‌ല്‍ പൂജിക്കുക‌യും ഭക്തര്‍ അമ്മേയെന്ന് വിളിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 സ്ഥലങ്ങള്‍ ‌പരിചയപ്പെടാം

1.. കൊടുങ്ങല്ലൂരമ്മ, കൊടുങ്ങല്ലൂര്‍

കൊടുങ്ങല്ലൂരിലെ കുരുംബക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയേയാണ് ഭക്തര്‍ കൊടുങ്ങല്ലൂര്‍ അമ്മയെന്ന് വിളിക്കുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ കരുതുന്നത്.

കൊടുങ്ങല്ലൂര്‍ ഭരണി

മീനമാസത്തിലെ ഭരണി നാളില്‍ ആണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൊടുങ്ങല്ലൂര്‍ ഭരണിയെന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കോടുത്തത്.
കൊടുങ്ങല്ലൂരിനെക്കുറിച്ച്

തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍. തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും തുല്യദൂരത്തില്‍ എന്‍.എച്ച് 17ന്‍െറ അരികിലാണ് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. 

2.ചോ‌റ്റാനിക്കര‌യമ്മ, ചോറ്റാനിക്കര

ചോറ്റാനിക്കര ഭഗവി ക്ഷേത്രത്തിലെ ഭഗവതിയേയാണ് ഭക്തര്‍ ചോറ്റാനിക്കരയമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ദേവി ഭഗവതി ദിനം തോറും വന്നു ചേരുന്ന തന്‍റെ ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്നു എന്നാണു വിശ്വാസം. ക്ഷേത്രത്തില്‍ ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്.രാവിലെ ഭഗവതി സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുര്‍ഗ്ഗയായും പൂജിക്കപ്പെടുന്നു. 

ചോറ്റാനിക്കര മകം തൊഴല്‍

ചോറ്റാനിക്കര അമ്പലത്തില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഏറ്റവും മഹാനീയമായത് ചോറ്റാനിക്കര മകം തൊഴല്‍ ആണ്. മാര്‍ച്ചില്‍ ആണ് ഉത്സവം. മാനസിക ക്ലേശങ്ങളും വ്യാധികളും ശമിപ്പിക്കാന്‍ ഭഗവതിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചോറ്റാനിക്കരയേക്കുറിച്ച്

മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ സ്ഥാനം. കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശമാണ്‌ ചോറ്റാനിക്കര. കൊച്ചി സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ചോറ്റാനിക്കര സന്ദര്‍ശനവും പ്രയാസമില്ലാതെ നടത്താവുന്നതാണ്.

3.ആറ്റുകാലമ്മ, ആറ്റുകാല്‍

ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ആറ്റുകാലമ്മ എന്ന പേരില്‍ ഭക്തരുടെ ഇടയില്‍ അറിയപ്പെടുന്നത്. ആറ്റുകാലിലെ മുല്ലക്കല്‍ തറവാടുമായി ബന്ധപ്പെട്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മുല്ലക്കല്‍ തറവാട്ടിലെ കാരണവര്‍ക്ക് മുന്നില്‍ ബാലികയുടെ രൂപത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തുകയായിരുന്നു.

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാ‌ല്‍ ഭഗവതി ക്ഷേത്രം ഏറ്റവും പ്രശസ്തമാകാന്‍ കാരണം ഇവിടുത്തെ പൊങ്കാലയാണ്. സന്താനഭാഗ്യം, രോഗമുക്തി, വ്യവസായ - വ്യവഹാര വിജയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ ഇവിടെ പൊങ്കാലയിടുന്നത്.
ആറ്റുകാലിനേക്കുറിച്ച്

തിരുവനന്തപുരത്താണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി കിള്ളിയാറിന്റെ തീരത്തായാണ് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

4.വള്ളിയൂര്‍ക്കാവിലമ്മ, മാനന്തവാടി

വയനാട്ടിലെ ഏറ്റവും പ്രശസ്തമായ ദേ‌വി ക്ഷേത്രമാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ദേവിയെ വനദുര്‍ഗ, ഭദ്രകാളി, ജലദുര്‍ഗ എന്നീ മൂന്ന് രൂപങ്ങളിലാണ് ആരധിക്കുന്നത്.
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം

മാര്‍‌ച്ച് മാസ‌ത്തിലാണ് പതിനാല് ദിവസം നീണ്ട് നില്‍ക്കുന്ന ആറാട്ട് മഹോത്സവം നടക്കാറുള്ളത്. അവസാന ദിവസത്തെ കോലംകൊറയോടെയാണ് ആറാട്ട് അവസാനിക്കുന്നത്. വയനാട്ടി‌ലെ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സ‌വം കൂടിയാണ് ഇത്.
വള്ളിയൂര്‍ക്കാവിനേക്കുറിച്ച്

വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപത്തായാണ് വള്ളിയൂര്‍ക്കാവ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. കൊയിലേരിയാണ് വള്ളിയൂര്‍ക്കാവിന് സമീപത്തു‌ള്ള പ്രധാന ടൗണ്‍.

5.പാറമേക്കാവിലമ്മ, തൃശൂര്‍

കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്. ഇവിടുത്തെ ഭഗവതിയേയാണ് പാറമേക്കാവിലമ്മ എന്ന് ഭക്തര്‍ വിളിക്കുന്നത്. 
ദുര്‍ഗ്ഗ പ്രതിഷ്ഠ

വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ട് പീഠത്തില്‍ ഇരിക്കുന്ന രൂപത്തില്‍ പടിഞ്ഞാറ് ദിക്കിലേക്ക് തിരിഞ്ഞാണ് പ്രതിഷ്ഠ. വാള്‍, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയ പ്രതിഷ്ഠയാണ് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലേത്.
തൃശൂരിനേക്കുറിച്ച്

കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന തൃശ്ശൂരില്‍ എത്തിച്ചേരുക വിഷമമുള്ള കാര്യമല്ല. നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാന താവളം ആണ് തൃശ്ശൂരിന് അടുത്ത. ഇവിടെ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാം. നാഷണല്‍ ഹൈവേ 47 തൃശ്ശൂര്‍ പട്ടണത്തില്‍ കൂടെയാണ് കടന്നുപോകുന്നത്. 

6. മാളികപ്പുറത്തമ്മ, ശബരിമല

ശബരിമലയിലെ അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല്‍ കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹ അഭ്യര്‍ത്ഥനയും ചെയ്തെന്നാണ് ഐതീഹ്യം. ഈ സ്ത്രീ രൂപത്തെയാണ് മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിച്ചിരിക്കുന്നത്.

പ്രധാന വഴിപാടുകള്‍

ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്‍മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം.
ശ‌ബ‌രിമലയേക്കുറിച്ച്

സമുദ്രനിരപ്പില്‍ നിന്ന് 914 മീറ്റര്‍ ഉയരത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. 

7. മലയാലപ്പുഴയ‌മ്മ, മലയാലപ്പുഴ

ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ദേവി വിഗ്രഹവുമായി കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഭജനമിരുന്ന രണ്ട് ബ്രാഹ്മിണരുടെ വിഗ്രഹത്തില്‍ ദേവി കുടികൊള്ളുകയായിരുന്നു. അവര്‍ ആ വിഗ്രഹം മലയാ‌ലപ്പുഴയില്‍ പ്രതിഷ്ഠിച്ചുവെന്നാണ് ഐതീഹ്യം.
മലയാലപ്പുഴയേക്കുറിച്ച്

പത്തനംതി‌ട്ടയില്‍ കോഴഞ്ചേരി താലുക്കില്‍ ആണ് മലയാലപ്പുഴ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്ഷേത്രമാണ് ഈ ഗ്രാമത്തെ പ്രശസ്തമാക്കുന്നത്.

8. ചക്കുളത്തമ്മ, നീരേറ്റുപുറം

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ചക്കുളത്ത് കാവിലെ വനദുര്‍ഗ ‌‌പ്രതിഷ്ഠയേയാണ് ഭക്തര്‍ ചക്കുളത്തമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ഇവിടുത്തെ പൊങ്കാല പ്രശസ്തമാണ്. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയി‌‌ലായി സ്ഥിതി ചെയ്യുന്ന നീരേറ്റുപുറം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. 

നാരിപൂജ

ചക്കുളത്ത് കാവിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് നാരിപൂജ. പ്രശസ്തരായ സ്ത്രീകളെ പീഠത്തില്‍ ഇരുത്തി പൂജിക്കുന്ന ചടങ്ങാണ് ഇത്. ഇന്ത്യയിലെ തന്നെ അപൂര്‍വമായ ചടങ്ങാണ് ഇത്.

തിരുവല്ലയില്‍ നിന്ന്

തിരുവല്ലയില്‍ നിന്ന് ചക്കുളത്ത് കാവിലേക്ക് വളരെ എ‌ളുപ്പത്തില്‍ എത്തിച്ചേരാം. തിരു‌വല്ല നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂ‌രം.

9. ചിനക്കത്തൂരമ്മ, ഒറ്റപ്പാലം

പ്രശസ്തമായ ചിനക്കത്തൂര്‍ കാവിലെ പ്രതിഷ്ഠയാണ് ചിനക്കത്തൂരമ്മ, ഈ കാവില്‍ നടക്കുന്ന പൂരമാണ് ചിനക്കത്തൂര്‍ പൂരം. പാലപ്പുറത്ത് ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.

ചിനക്കത്തൂര്‍ പൂരം

ചിനക്കത്തൂര്‍ പൂരത്തിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. 33 കൊമ്പന്‍മാരുടെ എഴുന്നള്ളത്താണ് ഈ പൂരത്തിന്റെ പ്രത്യേകത. കാളവേല, കുതിരവേല, കരിവേല തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇവിടെ പൂരം നടക്കുന്നത്.

ഒറ്റപ്പാലത്ത് നിന്ന്

ഒറ്റപ്പാലത്ത് നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്തുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഒറ്റപ്പാലം, 

10. ലോകനാര്‍കാവിലമ്മ, വടകര

വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമാണ് ലോകനാര്‍ക്കാവിലമ്മ. കോഴിക്കോട് ജില്ലയിലെ ലോകനാര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ലോകനാര്‍ക്കാവില‌മ്മ കുടികൊള്ളുന്നത്. ദുര്‍‌ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

തച്ചോളിക്കളി

ലോകനാര്‍ക്കാവ് ക്ഷേത്രത്തിലെ ഒരു കലാരൂപമാ‌ണ് തച്ചോളിക്കളി. കളരിപ്പയറ്റുമായി സാമ്യമുള്ള ഈ കലാരൂപം തീയ്യമ്പാടി കുറുപ്പുകളാണ് അവതരിപ്പിക്കുന്നത്. ലോകനാര്‍കാവിലെ ഉത്സവ സമയത്താണ് ‌തച്ചോളിക്കളി അവതരിപ്പിക്കാറുള്ള‌ത്.

വടകരയേക്കുറിച്ച്

വടകരയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള മേമുണ്ടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവ‌ളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.