ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 March 2020

നമ്മുടെ ഉള്ളിലെ ഈശ്വരൻ

നമ്മുടെ ഉള്ളിലെ ഈശ്വരൻ

ഗുരുവിനോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു പ്രാർഥന മൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?"  

അപ്പോൾ ഗുരു മറു ചോദ്യം ചോദിച്ചു:   "നിന്റെ പ്രാർഥന കൊണ്ടു നാളെ സൂര്യൻ ഉദിക്കുമോ? " ശിഷ്യൻ മറുപടി നൽകി: ഇല്ല "സൂര്യൻ ഉദിക്കുന്നതു പ്രപഞ്ച നിയമമനുസരിച്ചാണ്."

ഗുരു പറഞ്ഞു: "ദൈവം നമ്മുടെ കൂടെയുണ്ട് ; നമ്മുടെ പ്രാർഥന കണക്കിലെടുക്കാതെ തന്നെ, ശിഷ്യൻ ചോദിച്ചു.. അപ്പോൾ  പ്രാർഥന നിഷ്ഫലമാണോ?

ഗുരു ഇങ്ങനെ പറഞ്ഞു: നീ  വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യോദയം കാണില്ല.   അതുപോലെ,  പ്രാർഥിക്കുന്നില്ലെങ്കിൽ ഈശ്വര സാന്നിധ്യം അറിയാനാകില്ല."

ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. പ്രപഞ്ചതാളത്തിൽ ഈശ്വരനുണ്ട്. കണ്ടെത്താതെ പോകുന്നതു മനുഷ്യൻ ഉറങ്ങുന്നതു കൊണ്ടാകാം. 

കണ്ണടച്ചിരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമായി എന്തിനാണു ദൈവത്തെ വ്യാഖ്യാനിക്കുന്നത്.

തൊട്ടടുത്തിരിക്കുന്ന  സഹോദരനെ കാണാൻ വേണ്ടി കണ്ണുതുറക്കാതെ.  ദൈവത്തെ കാണാൻ കണ്ണടച്ചിട്ട് എന്തു പ്രയോജനം?

അകലങ്ങളിൽ ഉള്ളവരെയാണു വിളിച്ചു വരുത്തേണ്ടത്.   അടുത്തിരിക്കുന്നവനെ അടുത്തറിഞ്ഞാൽ  ഈശ്വരൻ അകലില്ല.

മറ്റെവിടെയെങ്കിലും അന്വേഷിച്ചു  നടക്കുന്നതിലും നല്ലത്. അവനവന്റെയുള്ളിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുന്നില്ല?

കാണുന്നവയിലെല്ലാം ഈശ്വരനെ ദർശിക്കാനുള്ള കഴിവും, കരുത്തും നൽകണേ എന്നതാകട്ടെ നമ്മുടെ പ്രാർഥന....

മനസ്സുകൊണ്ടും  പ്രവൃത്തി കൊണ്ടും ഈശ്വരനാകാൻ   പ്രാർഥിക്കണം.    പ്രാർഥനകൾ ഫലദായകമാകുന്നത്   അനുഗ്രഹങ്ങൾ  വാരിക്കൂട്ടുമ്പോഴല്ല, സ്വയം അനുഗ്രഹമായി മാറുമ്പോഴാണ്.

പ്രാർഥിക്കുന്നതിലും ശ്രേഷ്ഠമാണു മറ്റുള്ളവരുടെ പ്രാർഥനകളിൽ നമുക്കൊരു സ്ഥാനമുണ്ടാവുക എന്നത്.

പ്രയത്‌നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

പ്രയത്‌നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?

ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനുമുൻപുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

ഭഗവദ് ഗീതയുടെ തത്ത്വം എന്താണെന്നു നോക്കാം

ഭഗവദ് ഗീതയുടെ തത്ത്വം എന്താണെന്നു നോക്കാം

അഞ്ചു വെള്ളക്കുതിരകളെ പൂട്ടിയ രഥം ശരീരത്തിന്‍റെ ബിംബം ആണ്. ശരീരത്തിലെ അഞ്ചു ജ്ഞാനെന്ദ്രിയങ്ങളെ ആണ് കുതിരകള്‍ അത് സൂചിപ്പിക്കുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്. കാണാനും കേള്കാനും രുചിക്കാനും സ്പര്‍ശിക്കാനും ഉള്ള അഞ്ചു ഇന്ദ്രിയങ്ങള്‍. ഇതില്‍ നാക്കും തൊലിയുടെ ഭാഗം ആയതുകൊണ്ട് ചിലപ്പോള്‍ കുതിരകള്‍ നാലേ കാണു.
കുതിരകള്‍ വെളുത്തതും ശക്തിയുള്ളതും ആണ്. ചാവാലിയോ നിറമുള്ളതോ അല്ല.. വെളുത്തത് എന്നാല്‍ ശുദ്ധം അഴുക്കില്ലാത്തത്. ഇന്ദ്രിയങ്ങള്‍ ശുദ്ധമാണ്. അശുദ്ധി ശരീരത്തിലോ മനസ്സിലോ ആകാം. ഇന്ദ്രിയങ്ങളില്‍ ഇല്ല. എത്ര മലീമായ കാഴ്ച്ച കണ്ടാലും കണ്ണ് അശുദ്ധമാവില്ല. എത്ര കൊടിയ ദുര്‍ഗന്ധത്തിനും മൂക്കിനെ അശുദ്ധമാക്കാന്‍ ഒക്കില്ല. അതുപോലെ ഓരോ ഇന്ദ്രിയങ്ങളും ആരോഗ്യവും ശക്തിയുമുള്ളതാണ്.

കൃഷ്ണനെ പിടിക്കാം അടുത്തതായി.
‘കൃഷ്ണന്‍’ എന്ന വാക്കിന്റെ അര്‍ഥം തന്നെ ‘ആകര്‍ഷിക്കുന്നത്’ എന്നാണ്. പരമാത്മാവിന്റെ പ്രതീകം ആണ് കൃഷ്ണന്‍. പരമാത്മാവ്‌ എന്ന് പറഞ്ഞാല്‍ ആത്മാവ് എന്താനെന്നെങ്കിലും അറിയണ്ടേ. തല്‍കാലം അതിനെ അറിവ്, ജീവന്‍ അല്ലെങ്കില്‍ ബോധം എന്ന് വിളിക്കാം. ജീവനുള്ളവര്‍ക്കെല്ലാം ബോധം ഉണ്ടെന്നോ ബോധം ഉള്ളവര്‍ക്കെല്ലാം അറിവുണ്ടന്നോ
ഇതുകൊണ്ട് ധരിക്കരുത്.

അര്‍ജുനന്‍ എന്ന വാക്കിന്റെ അര്‍ഥം ഋജുവായി വര്‍ത്തിക്കുന്നവന്‍ നേരെ പോകുന്നവന്‍ എന്നാണ്. മനുഷ്യ മനസ്സ് ആണ് അര്‍ജുനന്‍ എന്ന ബിംബം. അര്‍ജുനന്‍ പോരാളി ആണ് ബന്ധുക്കളും ശത്രുക്കളും യഥേഷ്ടം ഉണ്ട്. സ്വയം കൃതാനര്‍ത്ഥം.
ശത്രുക്കളെ നേരിടാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്. ശത്രുക്കള്‍ ബന്ധുക്കളാണെന്ന് അര്‍ജുനന്‍. അത് കൊണ്ട് നേരിടാന്‍ വയ്യ. അവരെ കൊന്നിട്ടുള്ള രാജ്യം ഒന്നും എനിക്ക് വേണ്ടാ . ഇതാണ് ഇവിടത്തെ പ്രശ്നം.

അര്‍ജുനന്റെ ബന്ധുക്കള്‍ ആരെന്നു നോക്കാം.
ഒരു കാര്യം മറക്കരുത്. അര്‍ജുനന്‍ മനുഷ്യമനസിന്റെ പ്രതീകം ആണ്. മനസ്സാണ് അര്‍ജുനന്‍ എന്ന കഥാപാത്രം. ആണിനും പെണ്ണിനും ലോകത്തിലെ ഓരോ മനുഷ്യനിലും ഉള്ള മനസ്സ്. ഇതു മറക്കണ്ട.
അപ്പോള്‍ മനസ്സിന്റെ അഥവാ അര്‍ജുനന്റെ ബന്ധുക്കളും ശത്രുക്കളും ആരായിരിക്കും?
മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങളും വിചാരങ്ങളും തന്നെ ! അല്ലാതെ മനസ്സിന് എന്ത് ബന്ധു ?

ഈ ബന്ധുക്കള്‍ ആണ് ശത്രുക്കളും ആവുന്നത്. ആകട്ടെ. ബന്ധുക്കളെ ഓരോന്നായി എടുക്കാം. നമുക്കും അറിയണമല്ലോ ഇവര്‍ ശരിക്കും ബന്ധുക്കള്‍ ആണോ എന്ന്. കൃഷ്ണനെ വിശ്വസിക്കാന്‍ പറ്റില്ല. ദേ പോയി... ദാ വന്നു എന്ന മട്ടില്‍ ആണ് കക്ഷിയുടെ നീക്കങ്ങള്‍.
അര്‍ജുനനെ എന്തായാലും വിശ്വസിക്കാം. പെട്ടെന്നൊന്നും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.

1). ധൃതരാഷ്ട്രര്‍

അര്‍ജുനന്റെ ഒരു അടുത്ത ബന്ധു. അച്ഛന്റെ ചേട്ടന്‍. ധൃതം എന്നാല്‍ കെട്ടിപ്പിടിക്കുക. രാഷ്ട്രം എന്നാല്‍ സമ്പത്ത്. കക്ഷി അന്ധനാണ്. കണ്ണ് കാണില്ല. അതായതു സമ്പത്തിനെ മുറുകെപിടിക്കുന്ന സ്വഭാവം ഉള്ളവര്‍ക്ക് കണ്ണ് കാണില്ല എന്ന് അര്‍ഥം. ഈ സമ്പത്തിലുള്ള ആകര്‍ഷണം മനുഷ്യമനസ്സിന്റെ ഒരു സ്വഭാവം ആണ്.
ഈ സ്വഭാവത്തെ ആണ് തല്ലിക്കൊല്ലാന്‍ കൃഷ്ണന്‍ പറയുന്നത്.
അത് ശരിയല്ലേ ? ഈ സ്വഭാവത്തെ അമര്‍ച്ച ചെയ്യാതെ വളരാന്‍ വിട്ടാല്‍ എന്താ ഗതി? അത് മറ്റുള്ളവരുടെ സ്വാഭാവിക ജീവിത അവകാശങ്ങളെ കൂടി നശിപ്പിക്കും. അതുകൊണ്ട് അര്‍ജുനാ ! നിന്റെ ഉള്ളില്‍ ഉള്ള ധൃതരാഷ്ട്രരെ കൊല്ലാന്‍ മടിക്കണ്ട !
എന്ന് ആര് ആരോട് എപ്പോള്‍ പറഞ്ഞു ?
കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) സംഘര്‍ഷ (യുദ്ധ) സമയത്തു ഉപദേശിക്കുന്നു. കാര്യം വ്യക്തം ആണല്ലോ ?
ഇനി അടുത്ത ബന്ധുക്കളെ നോക്കാം.

2). ദ്രോണര്‍

അര്‍ജുനന്റെ ഗുരു ! ഏകലവ്യന്റെ പെരുവിരല്‍ ദക്ഷിണയായി അറുത്തു വാങ്ങിപ്പോലും അര്‍ജുനനെ എതിരാളി ഇല്ലാത്ത പോരാളി ആക്കാന്‍ പോയ ഗുരു.
ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന് ഗുരു എന്ന ബോധം. രണ്ടു അര്‍ജുനന്‍ ധനുര്‍വിദ്യ പഠിച്ചത് തന്നെ ഈ ഗുരുവില്‍ നിന്നും ആണ്. ആ ഗുരുവിനെ എങ്ങനെ അതെ വിദ്യയില്‍ തോല്പിക്കാന്‍ പറ്റും ?
ഇവിടെ ദ്രോണര്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. അല്ലാതെ ഒന്നും മനസ്സിലാവില്ല.
ദ്രോണര്‍ എന്നത് പകയുടെ പ്രതീകം ആണ്. ദ്രോണര്‍ക്കു ദ്രുപദ രാജാവിനോട് പക ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ ഗുരുകുലത്തില്‍ സതീര്‍ത്ഥയ്ര്‍ ആയിരുന്നു. വലുതാകുമ്പോള്‍ ദ്രോണര്‍ക്കു അര്‍ത്ഥ രാജ്യം വാഗ്ദാനം ചെയ്തു. പക്ഷെ പാലിച്ചില്ല. പോരാത്തതിന് ആക്ഷേപിക്കുകയും ചെയ്തു. ദ്രുപദനെ ഒരു പാഠം പഠിപ്പിക്കാന്‍ ആണ് അര്‍ജുനനെ ധനുര്‍ വിദ്യ പഠിപ്പിച്ചത് തന്നെ. ഇനി ദ്രുപദന്‍ എന്തു ചെയ്തു ? അര്‍ജുനനെ വരിക്കാന്‍ പറ്റിയ ഒരു മകളെയും (ദ്രൌപദി – പാഞ്ചാലി) ദ്രോണരെ വധിക്കാന്‍ പറ്റിയ ഒരു മകനെയും (ദൃഷ്ടദ്യുമ്നന്‍) വരത്താല്‍ നേടി.
മനുഷ്യ മനസ്സിലെ പക പോയ വഴി നോക്കുക. അത് ഉണ്ടാക്കിയ വിനകളും. ഈ പക ആണ് ദ്രോണര്‍ എന്നാ കഥാപാത്രം. ഈ ദ്രോണരെ (പകയെന്ന വികാരത്തെ) ആണ് നശിപ്പിക്കാന്‍ കൃഷ്ണന്‍ (ബുദ്ധി) അര്‍ജുനനോടു (മനസ്സിനോട്) പറയുന്നത്.
തീര്‍ന്നില്ല. ഇനിയും ഉണ്ട് മനസ്സിന്റെ ബന്ധുക്കള്‍.

3). ഭീഷ്മര്‍

ഭീഷ്മര്‍ അര്‍ജുനന്റെ അപ്പൂപ്പന്‍ ആണ്. അര്‍ജുനനോടു വളരെ വാത്സല്യവും. പാണ്ഡവര്‍ക്കെതിരായി യുദ്ധം ചെയ്‌താല്‍ പോലും അവരില്‍ ഒരാളെ പോലും വധിക്കില്ല എന്ന് പരസ്യമായി പറഞ്ഞയാള്‍. പോരാത്തതിന് ആരെയും തോല്പിക്കുന്ന പോരാളിയും. അര്‍ജുനന്‍ കുഴങ്ങിയത് ശരിക്കും ഭീഷമരുടെയും ദ്രോണരുടെയും മുന്നില്‍ ആണ്. ഇനി ഒന്ന് പോരാടി നോക്കാം എന്ന് കരുതിയാല്‍ തന്നെ ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ല താനും. അതാണ്‌ രണ്ടാമത്തെ പ്രശ്നം !
കുടുങ്ങി എന്ന് പറഞ്ഞാല്‍ ഇതാണ്.
ഭീഷ്മരെ എന്തിനു കൊല്ലണം ? കൃഷ്ണനോട് തന്നെ ചോദിക്കുകയെ നിവൃത്തി ഉള്ളു.
കൃഷ്ണന്‍ പറയും. ഭീഷ്മര്‍ എന്നത് ഭീരുത്ത്വത്തിന്റെ പ്രതീകം ആണ്. അച്ഛന്‍റെ വയസ്സാന്‍ കാലത്തെ പ്രണയം സാഫലം ആക്കാന്‍ രാജ്യവും വിവാഹവും വേണ്ടെന്നു ശപഥം ചെയ്തതാണ്. അങ്ങനെ ചെയ്യാമോ ? അച്ഛനെ പറഞ്ഞു പിന്തിരിപ്പിക്കുക ആയിരുന്നില്ലേ ഉത്തമ പുത്രന്റെ രീതി ? അവിടെ അടിപതറിപ്പോയത് ഭീഷമരുടെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നത് കൊണ്ടാണ്. അങ്ങനെ ആവശ്യം ഇല്ലാത്ത ഒരു തലത്തിലേക്ക് ഭീഷ്മര്‍ പോയി. അത് കൊണ്ട് മറ്റുള്ളവര്‍ക്കുണ്ടായ സങ്കടവും ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റില്ല.
മനസ്സിലുള്ള ഈ ഭയത്തെ ആണ് ഇല്ലായ്മ ചെയ്യാന്‍ കൃഷ്ണന്‍ ഉപദേശിക്കുന്നത്.
ശ്രദ്ധിക്കുക. ബുദ്ധി (കൃഷ്ണന്‍) മനസ്സിനോടു (അര്‍ജുനനോടു) പറയുന്നു. ഭയത്തെ (ഭീഷ്മരെ) ഇല്ലായ്മ ചെയ്യുക.

4). ശകുനി

അമ്മാവനാണ്. പക്ഷെ ഉള്ളില്‍ മുഴുക്കെ കുതന്ത്രങ്ങള്‍ മാത്രം. ചൂതുകളി ഓര്‍ക്കുക. അരക്കില്ലം. തുടങ്ങി പല കലാപരിപാടികളും ആ തലയില്‍ ഉദിക്കും. ബുര്യോധണനെ വഴിപിഴപ്പിക്കുന്നത് മുഴുവന്‍ ഇയാള്‍ ആണ്. ഇയാളെ കണ്ണും പൂട്ടി തട്ടിയെക്കാന്‍ ആണ് കൃഷ്ണന്‍ പറയുന്നത്.
അതായതു മനസ്സിലെ കാപട്യങ്ങളെ ഒഴിവാക്കുക.

5). ദുര്യോധനന്‍ & 6). ദുസ്ശാസനന്‍

പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓര്‍ക്കുക.
ഇവരെ ഒക്കെ ആണ് കൊല്ലാന്‍ കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നത്. അതായത് മനസ്സിലെ അധമ വാസനകളെ നശിപ്പിക്കാന്‍ ബുദ്ധി മനസ്സിനെ ഉപദേശിക്കുന്നു.
ശരി ശരി ! അധമ വാസനകളെ നിയന്ത്രിക്കണം. പക്ഷെ ഇത് കൊണ്ട് എന്താ ഗുണം ?
മനസ്സ് ശുദ്ധം ആയാല്‍ അതില്‍ ബുദ്ധി തെളിയും. കൃഷ്ണന്‍ എന്ന എല്ലാറ്റിനെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന ആത്മ ബോധസ്വരൂപനെ അര്‍ജുനന് ദര്‍ശിക്കാന്‍ കഴിയും. അര്‍ജുനന്‍ എന്നാ മനുഷ്യമനസ്സ് ദുശ്ചിന്തകള്‍ ഇല്ലാതെ സ്വസ്ഥം ആകുമ്പോള്‍ ആത്മാവിനെ ആത്മ സഖാവായി അനുഭവിക്കാന്‍ കഴിയും.

മനസ്സിന്റെ കെട്ടുപാടുകള്‍ മുറിക്കാന്‍ ആണ് ബുദ്ധി ഉപദേശിക്കുന്നത്. ലോകത്തില്‍ നിന്നും സുഖം കിട്ടും എന്ന് ധരിച്ചു എടുത്തു ചാടുന്നവര്‍ ബന്ധനങ്ങളില്‍ പെടുന്നു. പിന്നെ ഞാനായി എന്റെതായി. അതില്‍ ആരെങ്കിലും നോക്കിയാല്‍ വെല്ലുവിളിയായി. തൊട്ടുപോയാല്‍ യുദ്ധം. ഇതിന്റെ വല്ല ആവശ്യവും ഉന്ടായിരുന്നോ എന്ന് ബുദ്ധി. എന്തായാലും പെട്ട്. ഇനി ഊരുന്നത് എങ്ങനെ എന്ന് മനസ്സ്.
ജീവിതത്തിലെ നാടകങ്ങള്‍ ആണ് മഹാഭാരതം. അതില്‍ ഇല്ലാത്ത നാടകങ്ങള്‍ ലോകത്ത് ഇല്ല.. ഈ നാടകശാലയില്‍ നിന്നും അന്തസ്സായി എങ്ങനെ തടി ഊരാം എന്ന് പടിപ്പിക്കുന്നതാണ് ഭഗവദ് ഗീത.

അതിനുള്ള ഉദാഹരണം ആണ് കഥാപാത്രരൂപത്തില്‍ കൃഷ്ണനും അര്‍ജുനനും ഒക്കെ. മനുഷ്യമനസ്സിന്റെ ഗതിവിഗതികള്‍ എങ്ങനെ ഒക്കെ പോകാം എന്ന് അറിയാന്‍ മഹാഭാരതം പോലെ ഒരു മനശാസ്ത്ര പുസ്തകം വേറെ ഇല്ല.
മറ്റു പല കാര്യങ്ങളും ഉണ്ട്. ധര്‍മ അധര്‍മ പോരാട്ടങ്ങള്‍. ഈ ധര്‍മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ആണ് യുദ്ധം നടക്കുന്നത്. അതായതു ഓരോരുത്തരുടെയും മനസ്സില്‍ ആണ് യുദ്ധം. ധര്‍മവും അധര്‍മവും തമ്മില്‍.
ഇളിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് പാര പണിയുന്നവരെ കണ്ടിട്ടുണ്ടോ ?
ആരെങ്കിലും വീണാല്‍ ഇവര്‍ക്ക് വലിയ സന്തോഷം ആണ്. പേടിക്കണ്ട. ഇവരുടെ മനസ്സില്‍ ശകുനി ഭാവം മറ്റു ഭാവങ്ങളെ എല്ലാം ജയിച്ചിരിക്കുന്നു എന്നാണ് അതിന്റെ അര്‍ഥം.

പൂര്‍ണമായും മനസ്സിനെ ജയിക്കുന്നവന്‍ കൃഷ്ണന്‍ ആണ്. ഒരു പുഞ്ചിരി, ലാഘവം എപ്പോഴും ആ മനസ്സില്‍ ഉണ്ടാവും.
മനുഷ്യമനസ്സിന്റെ ഗതിവിഗതികളും നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തികളും ആണ് ഇവിടെ പറയുന്നത്. ലോകത്തില്‍ പെട്ട് നശിക്കാതെ നിത്യജീവനില്‍ എത്തിച്ചേരാന്‍ ആണ് പരമാത്മാവ്‌ ജീവാത്മാവിനെ ഉപദേശിക്കുന്നത്. ഇത് ലോകത്തിലെ ഓരോ മനുഷ്യര്‍ക്കും ബാധകം ആണ്

2 March 2020

ഭാരതീയ സമയ മാത്രകൾ

ഭാരതീയ സമയ മാത്രകൾ

ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു.

മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരു ത്രുടി 

മുപ്പത് ത്രുടി ചേർന്നാൽ ഒരു കല.

മുപ്പത് കല ചേർന്നാൽ ഒരു നിമിഷം.

നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്.

ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക.

അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക.

അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു.

യാമം

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

അഹോരാത്രം (ദിവസം)

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

സപ്താഹം

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

മാസം

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

വര്‍ഷം

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.

1. പ്രഭവം 
2. വിഭവം 
3. ശുക്ലം 
4. പ്രമോദുതം 
5. പ്രജോത്പതി 
6. അംഗിരസം 
7. ശ്രീമുഖം 
8. ഭവം 
9. യുവം 
10. ധാനു 
11. ഈശ്വരം 
12. ബഹുധാന്യം 
13. പ്രമാഥി 
14. വിക്രമം 
15. വിഷു 
16. ചിത്രഭാനു 
17. സ്വഭാനു 
18. താരണം 
19. പാര്‍ത്ഥിവം 
20. വ്യയം 
21. സര്‍വജിത് 
22. സര്‍വ്വധാരി 
23. വിരോധി 
24. വികൃതി 
25. വരം 
26. നന്ദനം 
27. വിജയം 
28. ജയം 
29. മന്മഥം 
30. ദുര്‍മുഖി 
31. ഹേവിളംബി 
32. വിളംബി 
33. വികാരി 
34. ശര്‍വ്വരി 
35. പ്ലവം 
36. ശുഭകൃതി 
37. ശോഭകൃത് 
38. ക്രോധി 
39. വിശ്വവസു 
40. പരാഭവം 
41. പ്ലവഗം 
42. കീലകം
43. സൗമ്യം 
44. സാധാരണം 
45. വിരോധികൃത് 
46. പരിധാമി 
47. പ്രമോദി 
48. ആനന്ദം 
49. രാക്ഷസം 
50. നളം 
51. കാലയുക്തി 
52. സിദ്ധാര്‍ത്ഥി 
53. രൗദ്രി 
54. ദുര്‍മതി 
55. ദുന്ദുഭി 
56. രുധിരോദ്ഗാരി 
58. രക്താക്ഷി, 
59. കോധനം 
60. ക്ഷയം.

പൈത്രം

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

ദിവ്യം

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

മന്വന്തരം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു.

യുഗം

മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.

കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.

ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.

ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.

കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

ഇതനുസരിച്ച് 
കൃതയുഗം 17,28,000 വർഷവും 
ത്രേതായുഗം 12,96,000 വർഷവും 
ദ്വാപരയുഗം 8,64,000 വർഷവും 
കലിയുഗം 4,32,000 വർഷവും 
ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

1 ദേവ ദിനം = 1 മനുഷ്യ വർഷം

1 ദേവ വർഷം = 360 ദേവദിനം

കൃതയുഗം = 4,800 ദേവവർഷം (360 X 4,800) 1,728,000മനുഷ്യവർഷം

ത്രേതായുഗം3,600 ദേവവർഷം (360 X 3,600) 1,296,000മനുഷ്യവർഷം

ദ്വാപരയുഗം = 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം

കലിയുഗം = 1,200 ദേവവർഷം (360 X 1,200) 4,32,000 മനുഷ്യവർഷം

മഹായുഗം = ചതുർയുഗങ്ങൾ (12,000 ദേവവർഷം)

മന്വന്തരം = 72 മഹായുഗങ്ങൾ (852,000 ദേവവർഷം)

കൃതയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.
1. മത്സ്യം
2. കൂർമ്മം
3. വരാഹം
4. നരസിംഹം. 

1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. 

കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു. 1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ). 

1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ദ്വാപരയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു 
1. ബലരാമൻ
2. ശ്രീകൃഷ്ണൻ

ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു.

കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. ക=ഒന്ന് എന്നാണ് അർത്ഥം, കലി മഹാവിഷ്ണുവിനാറെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ് ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്) മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .

കല്‍പം

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് (71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധ മുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 1,98,28,80,000
മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

ഭാരതീയ വേദ - പൈതൃക ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങള്‍

നമ്മുടെ പൈതൃകജ്ഞാനത്തെ കുറിച്ചും അതിന്റെ കാലഘട്ടത്തെയും ആധികാരികതയെയും കുറിച്ചും നമുക്കിടയില്‍ തന്നെ നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയാണിപ്പോള്‍. പുരാവസ്തു ഗവേഷകരുടേയും , മാനുസ്ക്രിപ്റ്റ് ഗവേഷകരുടെയും, ഭാഷാ പണ്ഡിതന്മാരുടേയും  പ്രാചീനഗ്രന്ഥങ്ങളുടെയും ഏകീകരണഅഭിപ്രായത്തെ ക്രോഡീകരിച്ചുകൊണ്ടൂള്ള കാല നിര്‍ണ്ണയം ഈ വിഷയത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

നാലാം നൂറ്റാണ്ടില്‍ അതായത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട സൂര്യസിദ്ധാന്തപ്രകാരവും A.D. 499ല്‍ രചിക്കപ്പെട്ട ആര്യഭടീയപ്രകാരവും A.D.748ല്‍ രചിക്കപ്പെട്ട ശിഷ്യധി വൃദ്ധിദതന്ത്രപ്രകാരവും ആണ് ഭൂമിയുടെ കാലപ്പഴക്കം നമ്മുടെ പൌരാണികര്‍ കണക്കാക്കിയിട്ടുള്ളത്.

അപ്രകാരം, 1,72,8000 മനുഷ്യവര്‍‌ഷം ചേരുന്നതാണു ഒരു കൃതയുഗം. 12,96,000 മനുഷ്യവര്‍ഷങ്ങള്‍ ചേരുന്നതാണു ഒരു ത്രേതായുഗം. ത്രേതായുഗത്തിന്റെ  ഏതാണ്ട് പകുതിക്ക് ശേഷമാണ് ശ്രീരാമന്റെയും  പരശുരാമന്റെയും കാലഘട്ടം. ഈ കാലഘട്ടത്തിലും ഋഗ്വേദ പ്രകാരമുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നതായി രാമായണ രചനകളില്‍ നിന്ന് മനുസിലാക്കാം.

ഇതിനുശേഷം, 8,64,000 മനുഷ്യ  വര്‍ഷം ചേരുന്നതാണു ദ്വാപരയുഗം. ഇതിന്റെ അവസാനത്തിലാണു ശ്രീകൃഷണ ജനനം അതായത് മഹാഭാരത- ഭഗവത് ഗീതാ കാലഘട്ടം). ഈ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസനാണു ആദിയില്‍ ഒന്നായിരുന്ന വേദത്തെ പകുത്ത് നാലു വേദങ്ങളാക്കിയത് -ഋക്ക് ,യജൂര്‍,സാമം,അഥര്‍‌വ്വം. ഈ കാലഘട്ടത്തിലും വേദങ്ങളില്‍ അനുശാസിക്കുന്ന യാഗങ്ങളും യജ്ഞങ്ങളും നടന്നതായി മഹാഭാരതം സാക്ഷ്യപെടുത്തുന്നു.

3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്.  4,32,000 വര്‍ഷങ്ങള്‍ ആണ് കലിയുഗത്തില്‍ ഉള്ളത്.
ഇങ്ങേനെ മൊത്തം നാലു യുഗങ്ങളിലും കൂടി ആകെ 43,20,000 വര്‍ഷങ്ങള്‍–ഇതാണു ബ്രഹ്മാവിന്റെ ഒരു ദിവസം . അതായത് ഒരു മഹായുഗം അല്ലങ്കില്‍ ഒരു (ചതുര്‍‌യുഗം)എന്നു പറയുന്നത്–ഇങ്ങനെ ബ്രഹ്മാവിന്റെ ആയിരം ദിവസം ചേരുന്നതാണു ഒരു കല്പം.

ഇങ്ങനെ ആകെ 72 മഹായുഗങ്ങള്‍ആണ്  ഉള്ളത്. ഇതില്‍  ആകെ  14 മന്വന്തരങ്ങള്‍ ഉണ്ട്  അതായത്,  14 മനുക്കള്‍ ഭരണം നടത്തുന്നു എന്ന് സാരം.

ഇതില്‍  6  മന്വന്തരങ്ങളും  27 മഹായുഗങ്ങളും ( കൃത ത്രേതാ ദ്വാപര യുഗങ്ങള്‍ മൂന്നും) മഹാഭാരത യുദ്ധത്തോടെ കഴിഞ്ഞിരിക്കുന്നു.അതിനു ശേഷം 3012 BC യില്‍ കലിയുഗ ആരംഭത്തോടെ ഇന്ന് നമ്മള്‍ വൈവസ്വത മനുവിനാല്‍ ഭരിക്കപെടുന്ന വൈവസ്വത മന്വന്തരമായ ഏഴാം മന്വന്തരത്തില്‍ ഇരുപത്തിയെട്ടാം  മഹായുഗത്തില്‍ ശ്വേതരാഹ കല്പത്തിലാണു വസിക്കുന്ന്ത് എന്നു  പ്രാചീന ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നു.  അതായത്, കലിയുഗാരംഭത്തിനു  മുന്‍പ് വരെ 6 x 72 x  = 43,20,000+43,20,000 x 27  = 1,98,28,80,000  വര്‍ഷങ്ങള്‍ ഇതുവരെ ഭൂമിയില്‍ കടന്നു പോയിരിക്കുന്നു.

ഇന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപെടുത്തുന്ന ആര്‍ക്കിസോയിക് ഇറ എന്നു പറയുന്നത് ഭൂമിയില്‍ ജീവസൃഷ്ടി ആരംഭിക്കുന്ന കാലഘട്ടം 198 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്എന്നാണ്‌.  ഈ പൗരാണികഗ്രന്ഥങ്ങളുടെ കണക്കുകള്‍ പ്രകാരം ഇത് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഇന്ന് ഭൗതികവാദികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്ന  ആധുനിക കണ്ടെത്തലുകളെ മാത്രമേ  പുതു തലമുറകള്‍ വിശ്വസിക്കൂ. പക്ഷെ,  ഇതിനും അനേകം നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയര്‍ ഇത് വളരെ വ്യക്ത്മാക്കിയിരുന്നു എന്നതാണ് നിരാകരിക്കാന്‍ ആകാത്ത സത്യം.

മനുസ്മൃതി (1-28) പ്രകാരം ബ്രഹമദേവനാണു വേദങ്ങളെ മനുഷ്യനു വേണ്ടി ലോകത്തിനു വെളിപ്പെടുത്തിയത് എന്നാണ്‌  സൂചിപ്പിക്കുന്നത്.  3000 BC ക്കും 2000 BC ക്കും ഇടക്കാണു സ്മൃതികളുടെ രചനാകാലഘട്ടങ്ങള്‍. ശ്രീരാമന്റെയും ശ്രീകൃഷണന്റെയും കാലഘട്ടങ്ങളിലെ അവരുടേ ജീവിതതത്ത്വങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇതിഹാസങ്ങളാണ് രാമായണവും ,മഹാഭാരതവും. ഇത് സംസ്കൃതത്തില്‍  നിര്‍മ്മിച്ച് ഭാരതത്തില്‍ പ്രചാരത്തില്‍ ആയത് 500 BC ക്കും 1000 AD  ക്കും ഇടക്കാണു .

ഇതില്‍ പ്രതിപാദിക്കുന്ന  പ്രധാന രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ , വര്‍ണ്ണനകള്‍, നദികളുടെ നാമങ്ങള്‍, ഭൂപ്രക്രതി  തുടങ്ങിയവ ഇന്നും ഭാരതത്തില്‍ കാണാവുന്നതാണ്. ഇങ്ങ് കൊച്ച് കേരളത്തില്‍ വരെ ആ നാമങ്ങള്‍ പലതും കാണാന്‍ സാധിക്കും. കൂടാതെ, ഇവയില്‍ പറഞ്ഞിരിക്കുന്ന  രാജ കൊട്ടാരങ്ങളുടേ മാതൃകയിലുള്ള അവശിഷ്ടങ്ങളുടെ ആധുനിക പുരാവസ്തു ഖനനങ്ങളിലൂടെ ഉള്ള വെളിപെടുത്തലുകള്‍ ഈ പറഞ്ഞ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നു.

പ്രാചീന ഗ്രന്ഥങ്ങ്ളിലെ ഭാഷാശൈലിയെ മത്രം കേന്ദ്രീകരിച്ച് ഇന്നു ലഭ്യമായിരിക്കുന്ന വേദങ്ങളുടെ കാലഘട്ടം BC 5000നും അപ്പുറം എന്നാണു പണ്ഡിതര്‍ ഒന്നടങ്കം പറയുന്നത്.  5000-2500 BC ലാണു പല ഉപനിഷത്തുക്കളൂടേയും കാലപഴക്കം നിര്‍‌ണ്ണയിച്ചിരിക്കുന്നത്. 5000 BC – 1000 BC ക്ക് ഇടയിലാണു വേദങ്ങ്ളിലെ ഗണിത ക്രിയകള്‍ കൂടുതല്‍ പ്രചാരത്തിലായത്. 3000 BC -1500 AD വരെ ആണു ഭാരതം ജ്യോതിശാസ്ത്രത്തില്‍ വിലപേട്ട ധാരാളം സംഭാവനകള്‍ നല്‍കിയത്. 3000- 2000 BC കാലഘട്ടത്തിലാണു ഭാരത്തില്‍ കൂടുതലായി യാഗങ്ങളും യജ്ഞങ്ങളും നടന്നിരുന്നത് എന്നാണ് പു രാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.

പാണിനിയുടെയും ശൗനകന്റെയും തുടങ്ങി സംസ്കൃത ഭാഷയുടെ അടിസ്ഥാന നിയമങ്ങ്ള്‍ വിവരിക്കുന്ന നിരുക്ത്ം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, സൂത്രങ്ങള്‍, ദര്‍ശനങ്ങള്‍, പതജ്ഞലി, കപിലന്‍ വ്യാസന്‍ തുടങ്ങിയവരുടേ മീമാംസ, ന്യായം, സാംഖ്യം, യോഗ തുടങ്ങിയവ ഉപവേദങ്ങള്‍ തുടങ്ങിയവ എല്ലാം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ലഭ്യമായ രീതിയില്‍ നിര്‍മ്മിക്കപെട്ടതോ 1000 BC -00 AD ക്ക് ഉള്ളില്‍  ആണന്ന് കരുതുന്നു. 500 BC മുതല്‍ 1000AD ക്കു ഇടക്കാണു ഭാരതത്തില്‍ ക്ഷേത്രാചാരങ്ങള്‍. വേദങ്ങളീലെ യാഗാചാരങ്ങള്‍ക്ക്പകരമായി ഉടലെടിക്കുന്നത്.

ഇതുവരെ പൗരാണിക ഗ്രന്ഥങ്ങളീലെ പരാമര്‍‌ശങ്ങളാണു മേല്‍ ചൂണ്ടികാണിച്ചത്.  ഇനി പുരാവസ്ത് ഖനന പ്രകാരം,

1)ദ്വാപര യുഗത്തില്‍ (ശ്രീകൃഷ്ണന്റെ കാലം) പ്രചാരത്തില്‍ ഉണ്ടായിരുന്ന ലോഹങ്ങളും ലോഹസങ്കരങ്ങളും, മെഹര്‍‌ഘര്‍, ഭഗവാന്‍ പുര എന്നിവടങ്ങ്ളിലെ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടൂണ്ട്.  കാര്‍ബണ്‍‌ ഡേറ്റിങ്ങ് രീതി പ്രകാരം 8250 BC ആണു ഇവയുടെ കാലപഴക്കം.

2)മെഹര്‍ഘര്‍ ഖനനത്തില്‍ നിന്ന് 7786 BC ലെയും 4745 BC ലെയും ലോഹസങ്കരങ്ങളും കലിയുഗാരംഭത്തിനു മുമ്പൂള്ള ലോഹഖനികളും, ഉപകരണങ്ങ്ള്‍, കോട്ടകള്‍, കൊട്ടാരങ്ങ്ള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടേ വ്യക്തമായ  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടൂണ്ട്.

3)അറേബ്യന്‍ കടലില്‍ ഗുജറാത്ത് തീരത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ ദൂരത്ത് 6000-7000 BC ക്ക് ഇടക്കുള്ള അതിവിസ്തൃതമായ  ഒരു നഗര സമുച്ഛയം തിട്ടെപെടുത്തിയിട്ടൂണ്ട്. കാംബേയിലെ നഷ്ടപെട്ട നഗരം ആണൊ ഇത് എന്ന് ചരിത്ര ഗവേഷകര്‍ സംശയിക്കുന്നു.

4) ഗുജറാത്തിലെ ലോഥില്‍ 5000 വര്‍ഷ പഴക്കം ഉള്ള ഒരു വ്യവസായ ശ്രംഖല യുടെ പ്രത്യക്ഷമായ ചിത്രം ഇന്ന് ലഭ്യമായിട്ടൂണ്ട്.

5) മോഹന്‍ജോദാരോ, ഹാരപ്പ  എന്നിവിടങ്ങളില്‍  നിന്ന് ലഭ്യമായ പുരാവസ്തു സംബന്ധമായവിവരങ്ങള്‍ ഉജ്ജ്വലമായ ഒരു വൈദിക സംസ്കാരം ദ്വാപരയുഗവും കലിയുഗവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്നു എന്നതിന് തെളിവാണ് .

ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാരതത്തില്‍ ഉണ്ടായ ആക്രമങ്ങള്‍ എല്ലാം സിന്ധൂ നദീ തടം വഴിയായിരുന്നു എന്ന് മനുസിലാക്കാം. ഈ അഞ്ചു നദികളുടേ കരയില്‍ ജനസാന്ദ്രമായ അനവധി നഗരങ്ങളൂടെ അവശിഷ്ടങ്ങള്‍ കാണാം. വേദങ്ങളില്‍ പറയുന്ന സപ്ത സിന്ധു തീരങ്ങള്‍ ചൈതന്യവത്തായ ഒരു ഗതകാല പ്രൗഡിയുടെയും ആക്രമണ പരമ്പരയുടെയും സന്ദേശം നല്‍കുന്നവയാണു.

ഇന്ന് ആര്യനമാര്‍ ഭാരതത്തില്‍ അതിക്രമിച്ച് കടന്നു വന്നവരാണന്നും ഹിന്ദുസംസ്കാരം ഇവിടെ ഉള്ളതല്ലായിരുന്നുവെന്നും ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് ഇവിടം സ്വന്താമാക്കിയതാണന്നും  ഉള്ള വാദങ്ങള്‍ അപ്പാടെ ഇല്ലാതാവുകയാണു. ദ്രാവിഡര്‍ എന്ന് വിളിപേര്‍ വിദേശികളുടേ സ്വാര്‍‌ത്ഥതാത്പര്യത്തിനു വേണ്ടിയുള്ള സ്രഷ്ടിയായിരുന്നുവെന്നും ഇത് കള്ളത്തരമായ ഒരു പ്രചാരം മാത്രമാണ് എന്നും വ്യക്തമാണ്.

ഇന്നു വേദങ്ങളും അതുപോലുള്ള പല ഭാരതീയ പൈതൃകഗ്രന്ഥങ്ങളും ബാബിലോണിയന്‍ സംസകാരത്തിന്റെ ബാക്കി പത്രമാണന്ന് പലരും പ്പിക്കുന്നുണ്ട്. കലിയുഗാരംഭത്തിനു ശേഷം ഭാരതത്തില്‍ ത്ത്തില്‍ ഉണ്ടായ സംസകാരത്തെ പോലെ BC 3 മില്ലെനിയത്തില്‍ ഉണ്ടായ  മറ്റൊരു സംസ്കാരം ആണു ബാബിലോണിയ സംസ്കാരം . ഇതിലും പ്രാചീനമായ തെളിവുകള്‍ ഇവിടെ  ഖനനത്തിലുടെ കണ്ടെത്തിയ സ്ഥിതിക്ക് ആ വാദം വെറും പ്രചരണം മാത്രമാണന്ന് തെളിയുകയാണ്

29 February 2020

പണ്ടാറം/പണ്ടാരം അടങ്ങല്‍... എന്താണ് ഈ വാക്കിന്റെ അർത്ഥം

പണ്ടാറം/പണ്ടാരം അടങ്ങല്‍... എന്താണ് ഈ വാക്കിന്റെ അർത്ഥം 

നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു തെറി വാക്കായോ ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് "പണ്ടാറം"അല്ലെങ്കില്‍ "പണ്ടാരം" അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ.
അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ..
പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ , എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി.
വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു.
പെട്ടെന്ന്‍ പകരുന്ന അസുഖമായതു 
കൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍ വൈദ്യന്മാരോ മരുന്നുകളോ ഇല്ലായിരുന്നു.
മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു.അതാണ്‌ പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രയവര്‍ ആയവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും.

അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം.അങ്ങോട്ട്‌ ആർക്കും പ്രവേശനവുമില്ലായിരുന്നു.
ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്.
പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി, ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് "പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്"
അത്തരത്തില്‍ എരിഞ്ഞു തീർന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും.

കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് എത്ര ഭീകരമായ അർത്ഥമാണ് ഉള്ളതെന്ന് ചിന്തിച്ചു നോക്കു..

ഐഹോളെ - ഭാരതീയ ശില്പകലയുടെ സൗന്ദര്യം

ഐഹോളെ - ഭാരതീയ ശില്പകലയുടെ സൗന്ദര്യം 

ചരിത്രം ഉറങ്ങുന്ന മണ്ണാണിത്. പൂർവിക സംസ്കാരങ്ങളുടെ തിരുശേഷിപ്പുകൾ കൊണ്ട്  അമ്പരിപ്പിക്കുന്ന രാജ്യമാണ് ഭാരതം. ലോകത്തെവിടെയും കാണാൻ ആകില്ലാത്ത ശില്പ വിദ്യയുടെ നാട്. ഹംബിയും നളന്ദയും അജന്തയും പുരിയും ഒക്കെ നില കൊള്ളുന്ന നാട്. എങ്കിൽ ഇന്ന് നമ്മുക്ക് മറ്റൊരു ശില്പ സുന്ദരിയെ കുറിച്ചു അറിയാം. ഐഹോളെ എന്ന ജൈന ബുദ്ധ ഹൈന്ദവ സംസ്‌കൃതി. 

ഐഹോളെയുടെ സവിശേഷത ഇവിടെ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ് ഉള്ളത് എന്നതാണ്. ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങള്‍ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്‌കൃതികള്‍ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

ഹമ്പിയെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഭാരതത്തിന്റെ വാസ്തുവിദ്യ ചാരിദ്യം ലോകത്തെ അറിയിച്ച ശിലകളുടെ നാട്ടില്‍ പോയിട്ടുള്ളവരാകും നിങ്ങളില്‍ പലരും. എന്നാല്‍ ഹംപിയേക്കാളും സുന്ദരിയായ മറ്റൊരിടമുണ്ട് അതാണ് ഐഹോള.

ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

ഐഹോളെയിലെ പ്രത്യേകതകള്‍

ചാലൂക്യരാജാക്കന്മാര്‍ പണികഴിപ്പിച്ച 125 ക്ഷേത്രങ്ങളും അഞ്ചാം നൂറ്റാണ്ടില്‍ പണിത ലാദ് ഖാന്‍ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതുകൂടാതെ ഗൗഡ ക്ഷേത്രം, സൂര്യാനാരായണ ക്ഷേത്രം, ദുര്‍ഗ ക്ഷേത്രം എന്നിവയുമുണ്ട്. രാവണ ഫടി ഗുഹാക്ഷേത്രം ഇവിടത്തെ പഴക്കംചെന്ന ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ചരിത്രപ്രധാനമായ ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
ഐഹോളെയുടെ സവിശേഷത ഇവിടെ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ് ഉള്ളത് എന്നതാണ്.
ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങള്‍ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്‌കൃതികള്‍ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയില്‍ ചാലൂക്യര്‍ക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഐഹോളെയില്‍ നിന്നും കണ്ടെടുത്ത കല്ലിലെഴുത്തില്‍ ഈ സ്ഥലത്തിന്റെ പഴയ പേരുകള്‍ അയ്യവോലെ, ആര്യപുര എന്നൊക്കെ ആയിരിന്നു .

നളന്ദ, തക്ഷശില തുടങ്ങീ പുരാതനമായ സര്‍വ്വകലാശാകളെ പോലെ ഒരു കാലത്തു ജ്വലിച്ചിരുന്ന ഒരു സ്ഥലം കൂടി ആയിരുന്നു ഐഹോളെ. വേണമെങ്കില്‍ ‘ചാലൂക്യന്‍മാരുടെ ഒരു പരീക്ഷണശാല’ എന്നും ഐഹോളെയെ വിശേഷിപ്പിക്കാം.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യര്‍ത്ഥികള്‍, ചിത്രകാരന്മാര്‍ തുടങ്ങീ ധാരാളം ആള്‍കാര്‍ ഇപ്പോഴും ഐഹോളെയില്‍ സന്ദര്‍ശിച്ച് അവിടെ ഉള്ള കെട്ടിടങ്ങളുടെ ചിത്രങ്ങളും, നിര്‍മ്മാണ രീതികളെ പറ്റി ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഐഹോളെയില്‍ താമസിക്കാന്‍ ഉള്ള സൗകര്യം ഇല്ല. ഏറ്റവും നല്ലത് ബദാമിയില്‍ താമസിക്കുക ആയിരിക്കും. ബാംഗ്ലൂരില്‍ നിന്നും 483 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഇവിടെ പ്രവേശിക്കാം.

28 February 2020

ഔദ്യോഗിക ഇന്ത്യൻ സമയം

ഔദ്യോഗിക ഇന്ത്യൻ സമയം

ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്.

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം യുണൈറ്റഡ് കിങ്ഡത്തിലെ ഗ്രീനിച്ച് രേഖാംശവുമായി കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പ്രാചീന കാലം

ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമർശം ക്രി.പി. നാലാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന സൂര്യ സിദ്ധാന്ത എന്ന പുസ്തകത്തിൽ ഭൂമിയെ ഒരു ഗോളമായാണ് കരുതുന്നത്, അതിൽ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിർവ്വചിക്കുന്നുണ്ട്. അവന്തി നഗരം (ഉജ്ജയിനി നഗരത്തിന്റെ പഴയ പേര്) രോഹിതക (രോഹതകിന്റെ പഴയ പേര്) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്] പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തിൽ സൂര്യൻ ഉദിക്കുമ്പോഴായിരുന്നു നേരം പുലർന്നതായി കണക്കാക്കിയിരുന്നത്  ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു  അതായത് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോൾ ഒരു ‘പല’ ആകും, അറുപതു പലകൾ ചേരുമ്പോൾ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകൾ ചേർന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങൾ ചേരുമ്പോൾ ഒരു ജ്യോതിശാസ്ത്രമാസമാകും.

നാലു സെക്കന്റുകൾക്ക് സമമായിരുന്നത്രേ ഒരു പ്രാണ മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയിൽ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തിൽ പറയുന്നുണ്ട്. ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാർ അവരവർക്ക് അനുയോജ്യമായ തരത്തിൽ ചന്ദ്രവർഷവും, സൂര്യവർഷവും ഇടകലർത്തി അവിടവിടെ ഉപയോഗിച്ചു വന്നു . കേരളത്തിൽ ഇത്തരത്തിൽ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് കൊല്ലവർഷം. ജയ്പ്പൂരിൽ രാജാ ജയ് സിങ് 1733-ൽ നിർമ്മിച്ച ജന്തർ മന്തർ എന്ന 27 മീ. ഉയരമുള്ള സൂര്യഘടികാരം പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാൻ പ്രാപ്തമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലം

ജോൺ ഗോൾഡിങ്ഹാം ഈ ജ്യോതിശാസ്ത്രജ്ഞനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സമയ മേഖല നിർവ്വചിച്ചത്.

ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് ജ്യോതിർനിരീക്ഷണ കേന്ദ്രം ചെന്നൈയിൽ (അന്ന് മദ്രാസ്) ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ൽ ജോൺ ഗോൾഡിങ്ഹാമിനെ അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യൻ ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയിൽ നിന്നും അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്.  ജ്യോതിർനിരീക്ഷണാലയത്തിലെ ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു. ബോംബെ തുറമുഖത്തെ കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് ബോംബെയിൽ ഉള്ള 1826-ൽ സ്ഥാപിതമായ കൊളാബ ജ്യോതിർനിരീക്ഷണാലയമായിരുന്നു.

1850-ൽ ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിച്ച് ഏതാനം വർഷങ്ങൾ കൂടി ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് റ്റെലഗ്രാഫ് ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു.

ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം

1884-ൽ വാഷിങ്ടൺ, ഡി.സിയിൽ നടന്ന അന്താരാഷ്ട്ര മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ. റെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താൽ 1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാൻ തുടങ്ങി. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സമയമാകട്ടെ തലസ്ഥാനമായ പോർട്ട് ബ്ലയറിനെ ആസ്പദമാക്കി സൃഷ്ടിച്ച പോർട്ട് ബ്ലയർ മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.

രാജ്യത്തിന് മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ൽ തിരഞ്ഞെടുക്കുന്നതുവരെ ബ്രിട്ടീഷ് രാജ് ഔദ്യോഗിക സമയ മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 ജനുവരി 1 മുതൽ ഇന്ത്യയിൽ ഈ സമയക്രമം ഏർപ്പെടുത്തി, അക്കാലത്ത് ശ്രീലങ്കയിലും (അന്ന് സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്. 1925 മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാൻ ടെലിഫോൺ ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടർന്നു. അതിനുശേഷം സമയ വിവരം റേഡിയോ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു. ഇന്നും പൊതുജനങ്ങൾക്ക് സമയം കൃത്യമായി നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.

ഇന്ത്യൻ സമയവും അയൽ രാജ്യങ്ങളും

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഔദ്യോഗിക ഇന്ത്യൻ സമയം (82.5° E) മുഴുവൻ രാജ്യത്തും ഏർപ്പെടുത്തി. എന്നിരുന്നാലും കൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങൾ കുറേ നാളുകൂടി തുടർന്നു. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസിൽ നിന്നും മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു. 1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊർജ്ജോപയോഗം നിയന്ത്രിക്കാനായി പകൽ ഉപയോഗ്യ സമയം ചെറിയ തോതിൽ ഏർപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ

വലിയ ഒറ്റ സമയ മേഖല ചെലവുകളേറാൻ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂർവ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉൾക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സൂര്യനുദിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള റാൻ ഓഫ് കച്ചിൽ സൂര്യൻ ഉദിക്കുകയുള്ളു.

1980കളുടെ അവസാനം ഒരു സംഘം ഗവേഷകർ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങനെ ഊർജ്ജം ലാഭിക്കാനും ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അവർ നിർദ്ദേശിച്ച മാർഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിർദ്ദേശങ്ങൾ പക്ഷേ സ്വീകരിക്കപ്പെട്ടില്ല. 2001-ൽ സർക്കാർ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴിൽ ഒരു നാലംഗ സമിതിയെ വ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. സമിതിയുടെ കണ്ടെത്തലുകൾ 2004-ൽ മന്ത്രി കപിൽ സിബൽ പാർലമന്റിൽ വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാൻ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നൽകി.

ഓഗസ്റ്റ് 2007-ൽ ഇറങ്ങിയ “കറന്റ് സയൻസ്” എന്ന അക്കാദമിക പ്രസിദ്ധീകരണം - ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂർ മുന്നോട്ടാക്കുകയാണെങ്കിൽ ഊർജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം - എന്നു കണക്കാക്കി. അതിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ.

സമയ സൂചകങ്ങൾ

ഔദ്യോഗിക സമയ സൂചകങ്ങൾ ന്യൂ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിലുള്ള റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറിയിൽ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് ഈ സൂചകങ്ങൾ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു ആറ്റോമിക് ഘടികാരത്തെ ആണ് ഇതിനുപയോഗിക്കുന്നത്.

ഇതിനായി റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറി താഴെ പറയുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു:

നാല് സീസിയം റുബീഡിയം ആറ്റോമിക് ഘടികാരങ്ങൾ

10 MHz-ൽ പ്രക്ഷേപണം നടത്തുന്ന കൂടിയ ആവൃതിയുള്ള സംവിധാനം. ഇത് ഉപയോക്താക്കളുടെ ക്ലോക്കിലേക്ക് ഒരു മില്ലിസെക്കന്റ് വരെ മാത്രം വ്യത്യാസത്തിൽ ക്രമീകരിക്കപ്പെടുന്നു

ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് ±10 മൈക്രോസെക്കന്റുകൾ മാത്രം വ്യത്യാസത്തിൽ സമയം പ്രക്ഷേപണം നടത്താനുള്ള ഉപകരണങ്ങൾ, ഈ സംവിധാനത്തിൽ ആവൃത്തി ±10−10 കൃത്യമായിരിക്കും.

പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും കൃത്യമായിരിക്കും സമയം അതിനായി റ്റൈം ഇന്റർവെൽ ഫ്രീക്വൻസി കൌണ്ടറുകളും തരംഗ ഫേസ് റെക്കോഡറുകളും ഉപയോഗിക്കുന്നു.

സർക്കാർ ആകാശവാണി വഴിയും ദൂരദർശൻ വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. ടെലിഫോൺ കമ്പനികൾക്കും പൊതുജനങ്ങൾക്ക് സമയം അറിയാനായി റ്റൈം സെർവറിന്റെ പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം റിസീവറുകൾ ഉപയോഗിച്ചും സമയം കണക്കാക്കാൻ ഇന്നു കഴിയും.