ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2019

തന്ത്രി ക്ഷേത്രത്തിലെ പരമാധികാരി

തന്ത്രി ക്ഷേത്രത്തിലെ പരമാധികാരി

ഈയിടെയായി കേരളത്തിൽ അയ്യപ്പസ്വാമിയോടും ശബരിമലയോടുമൊപ്പം ഏറ്റവും തവണ ഉയർന്നു കേൾക്കുന്ന പദമാണ് തന്ത്രി എന്നത്. തന്ത്രി എന്ന് കേൾക്കുന്ന മാത്രയിൽ സ്ഥിര ബുദ്ധി നഷ്ടപ്പെടുന്ന മന്ത്രിമാർ മുതൽ വിപ്ലവ പുൽനാമ്പുകൾ വരെ ആണ് ചുറ്റും. തന്ത്രി  എന്ന സ്ഥാനം വിശ്വാസികൾക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി എന്നത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ ആണ് ഈ ആക്രമണവും. ശുഷ്ക ബുദ്ധികൾക്ക് ബ്രാഹ്മണ വിരോധത്തിന്റെയും, പൂണൂലിന്റെയും, വിഭൂതിയുടെയും, തന്ത്ര മന്ത്രങ്ങളുടെയും വെറുപ്പിനും ഭയത്തിനുമപ്പുറം  തന്ത്രിയെ ദർശിക്കാനാവില്ല . വിശ്വാസികൾ പക്ഷെ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തിൽ ആദ്യ ആറു പടലങ്ങൾ  ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീർണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന  ഘടകം  ആണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി.

ക്ഷേത്രമെന്ന ചിന്ത പ്രാവർത്തികമാവുമ്പോൾ  മുതൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ ആരംഭിക്കുന്നു. പലഘട്ടങ്ങൾ പരിശോധിക്കാം

1. ആചാര്യവരണം

ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്രം നിർമിക്കാൻ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികർമികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമർപ്പിച്ചു നമസ്കരിക്കുന്നു . ക്രിയകൾക്കായി വേണ്ട പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും,  യജനോപവീതവും നൽകുന്നു . 

2. ഭൂപരിഗ്രഹം

അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ  ഭൂമി തിരഞ്ഞെടുത്ത ശേഷം, കർഷണം ചെയ്‌ത്‌, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി  ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂർത്തത്തിൽ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കൽപ്പമാണല്ലോ. വാസ്തുബലി, വാസ്തുപൂജ, ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളിൽ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേൽ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേൽ അനാഹത ചക്രപ്രതീകമായ പത്മവും, പദ്മത്തിൽ ഹൃദയസ്ഥാനമായ പ്രാണശക്തിയും  അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു .

3. ഇഷ്ടകാന്യാസം, ഗര്ഭപാത്ര സ്ഥാപനം

ശ്രീകോവിൽ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ് . ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം . അതിനായി ഗർഭ പാത്ര സ്ഥാപനം ഭൂമിയിൽ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി  ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗർഭപാത്രത്തിൽ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു.

4. ശിലാപരിഗ്രഹം

ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങൾ വിധിപ്രകാരം പൂജിക്കുന്നു .
വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങൾ തികഞ്ഞ ശിലയെ കണ്ടെത്തിയാൽ ദേഹശുദ്ധ്യാതികൾ ചെയ്തു പുറപ്പെടുന്നു. ശിലയെ അഭിവാദ്യം ചെയ്ത് , ശിലക്കുമുകളിൽ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്ന ദർശനത്തെ പ്രാർത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശിൽപികൾ  വെട്ടിമാറ്റുന്നു . ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

5.മുളയിടൽ

ബിംബ നിർമാണം പൂർത്തിയായാൽ തന്ത്രി  വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു . സോമമണ്ഡലം നിർമ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത്. മുളയിടൽ എന്ന് വിളിക്കുന്ന ചടങ്ങിൽ മുളപ്പാളുകളിൽ മഹാവിഷ്ണുവിനേയും ബീജത്തിൽ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നിൽക്കുന്നുവോ അത്രയും നാൾ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു .

6. ബിംബ പരിഗ്രഹം

ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതിൽ കിടത്തുന്നു . പൂജിച്ച സ്വർണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട്  നേത്ര ഉന്മീലനം നടത്തുന്നു . ശില്പിയിൽ നിന്നും ശില്പത്തെ ക്ഷേത്ര യജമാനൻ ഏറ്റു വാങ്ങി തന്ത്രിക്കു സമർപ്പിക്കുന്നു .

7.ബിംബശോധന

നെയ്യ്, തേൻ, മരത്തൊലികൾ, പുറ്റു മണ്ണ് , ചെറുപയർ, മഞ്ഞൾ മുതലായവ ബിംബത്തിൽ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന തന്ത്രി ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതൽ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളിൽ സ്പർശിക്കുന്നു .

8.കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തിൽ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വർണവും ചരടിൽ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യിൽ കെട്ടുന്നു . സ്വർണം സൂര്യമണ്ഡലവും, കടുക് അഗ്നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആവുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ .

9.ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കൽപ്പം ആണ് ഇത് . ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു . വരുണദേവനെ തന്ത്രി തീർത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാൽ പലകമേൽ കിഴക്കു ശിരസായി കിടത്തി വെള്ളത്തിൽ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു .

10.പ്രാസാദ ശുദ്ധി

പ്രാസാദം എന്നാൽ ശ്രീകോവിൽ ആകുന്നു.  തന്ത്രി ബിംബത്തെ ദർഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ  ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികൾ കാണിച്ചു പ്രാസാദ  ശുദ്ധി പൂർത്തിയാക്കുന്നു

11.അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു. ഗര്ഭഗൃഹത്തിൽ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

അഗ്നികോണിൽ നടത്തുന്ന  രക്ഷോഘ്‌ന ഹോമം, ഈശ കോണിൽ നടത്തുന്ന വാസ്തു ഹോമം , വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗർഭ ഗൃഹത്തിന്റെ മധ്യത്തിൽ പ്രാസാദ മൂർത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങൾ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു.

12.ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശ കോണിൽ പത്മങ്ങൾ വരച്ച് ബിംബ ശുദ്ധി കലശങ്ങൾ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങൾ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തിൽ ആടുന്നു 

13.മണ്ഡപ സംസ്കാരം

ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂർവാദി ദ്വാരത്തിൽ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

14.അഗ്നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തിൽ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു. കുണ്ഡത്തിൽ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗർഭപാത്രത്തിൽ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗർഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങൾ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു .

15.ശയ്യാപൂജ

മണ്ഡപത്തിൽ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കൽ നിദ്രകലശവും  എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാൽ ഉപഹാര ദ്രവ്യങ്ങൾ വച്ച് പൂജിച്ചു  അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങൾ വെയ്ക്കുന്നു .

16.ജലോദ്ധാരം

ശയ്യയിൽ കടത്തിയിരിക്കുന്ന ബിംബത്തിൽ അനന്തരം ധ്യാനാധിവാസം നടത്തുന്നു. പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി, ഭൂതസംഹാര കൃയകൾ നടത്തുന്നു. തന്ത്രി സ്വശരീരത്തിൽ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദർഭ പുല്ലു കൊണ്ട് സ്പർശിക്കുമ്പോൾ മേല്പറഞ്ഞ ക്രിയകൾ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം. അതിനായുള്ള ബിംബവുമായി തന്റെ നാഡികൾ ബന്ധിപ്പിക്കുന്ന  നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു. ശേഷം ആചാര്യ കുണ്ഡത്തിൽ ഹോമം ചെയ്തു സാമ്പാതം  ബിംബത്തിൽ ചേർത്ത് ശിരസ്തത്വ ഹോമം പൂർത്തിയാക്കുന്നു .

17.അധിവാസഹോമം

ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങൾ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു. തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച  സമ്പാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്പാതം നപുംസക ശിലയിലും സ്പർശിക്കുന്നു.  മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാൽ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തിൽ പാല്പായസം ഉണ്ടാക്കി നിവേദ്യവും, ബ്രാഹ്‌മണ ഭോജനവും, ബലിക്രിയയും ചെയ്യുന്നു.

18.പ്രതിഷ്ഠ

ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. സങ്കീർണമായ വിഗ്രഹ, നപുംസക ശിലാപ്രതിഷ്ഠയും, പീഠപ്രതിഷ്ഠയും, നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു.  ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയിൽ എത്തിച്ച്, ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു. നപുംസക ശിലയും പീഠവും കർമങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത്. മുഹൂർത്തത്തിൽ ബിംബത്തെ പീഠത്തിനു മുകളിൽ വച്ച് പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തിൽ സംക്രമിപ്പിക്കുന്നു.

ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം. പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യൻ ദീക്ഷ കൊടുക്കുന്നതായി. ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങൾ നിശ്‌ചയിക്കുന്നു. ക്ഷേത്ര മര്യാദകൾ ക്ഷേത്ര പുരുഷൻ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ്. അവ പാലിക്കേണ്ടത് കർത്തവ്യവും. ഇല്ലെങ്കിൽ ചൈതന്യ ലോപം സുനിശ്ചിതവും.

ഇത്രയേറെ സങ്കീർണമായ അനുഷ്ഠാനങ്ങളും യാതനകളും, ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്ന അതാത്‌ ക്ഷേത്രത്തിലെ  തന്ത്രിമാർക്കല്ലാതെ  വേറെ ആർക്കാണ് ദേവന്റെ, ക്ഷേത്രത്തിന്റെ കാര്യത്തിൽ പരമാധികാരം...?

സ്ത്രീധനം

സ്ത്രീധനം

സ്ത്രീയെ തന്നെ ധനമായി കരുതിയിരുന്ന സംസ്കൃതിയിൽ നിന്നും സ്ത്രീയെ ഒരു കച്ചവടച്ചരക്കായ് കണ്ടു തുടങ്ങിയ സംസ്കൃതിയുടെ പിറവിയുടെ വേരുകൾ നീളുന്നതും കോളോണിയൽ ഭരണ കാലങ്ങളിലെക്കാണ്. സ്ത്രീക്ക് നല്കുന്ന ധനം ഡോരി (Dowry) ആയി മാറിയതെങ്ങനെ എന്ന് നോക്കാം.

സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമം എന്ത് പറയുന്നു എന്ന് നോക്കാം..

ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാ തുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം

സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.

ഈ ശ്ലോകത്തിൽ നിന്ന് മാത്രം സ്ത്രീധനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന പുരുഷനെ വിലകുറച്ച് കാണുന്ന രീതി വ്യക്തമാണ്. സ്ത്രീയുടെ കുടുബാംഗങ്ങൾ സസന്തോഷം സ്ത്രീക്ക് നല്കിയിരുന്ന സമ്മാനമായിരുന്നു സ്ത്രീ ധനം. ഇതിന്റെ കൈകർത്താക്കൾ സ്ത്രീകള് മാത്രമായിരുന്നു. സ്ത്രീധന വിഷയത്തിൽ ബലപ്രയോഗം നിഷിദ്ധമായിരുന്നു. ബ്രിട്ടീഷ്‌ നിയമങ്ങൾ സ്വത്തവകാശങ്ങൾ സ്ത്രീകളിൽ നിന്നെടുത്തു മാറ്റിയതോടെയാണ് സ്ത്രീധന മരണങ്ങൾ തുടങ്ങിയതെന്ന് വീണ ഓൾഡെൻ ബർഗ് തന്റെ Dowry murder എന്നാ പുസ്തകത്തിൽ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാജീവ് മല്ഹോത്ര , അരവിന്ദൻ നീലകണ്ഠൻ തുടങ്ങിയവർ സ്ത്രീധന മരണം ബ്രിട്ടിഷുകാർക്ക് ശേഷം എന്ന് Breaking India എന്ന പുസ്തകത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്. യൂറോപിയൻ ചരിത്രത്തിലുടനീളം സ്ത്രീധനസമ്പ്രദായം ആചരിച്ചു പോന്നിരുന്നു. തങ്ങളുടെ സാംസ്കാരികമായ പോരായ്മകളെ മറച്ചു വെക്കുവാൻ ബ്രിട്ടിഷുകാർ ഭാരതത്തിലെ ജാതി വ്യവസ്ഥയെ ആണ് കൂട്ട് പിടിച്ചത്. പെണ്‍ശിശുഹത്യയും സ്ത്രീധനവും തമ്മിൽ ആദ്യമായി ബന്ധപെടുത്തിയത് അവരാണ്. പെണ്‍കുഞ്ഞുങ്ങൾ ശാപമെന്ന നിലയിലേക്ക് ഭാരതത്തെ എത്തിക്കുന്നതിൽ ഇസ്ലാമികാധിനിവേശം വഹിച്ച പങ്കു മുൻ ലേഖനത്തിൽ നാം കണ്ടതാണല്ലോ. സ്ത്രീകളിൽ നിന്നും സ്വത്തവകാശം ഇല്ലാതായതോടെ അവർ ചൂഷണങ്ങൾക്ക് ഇരയാകുകയും ദ്രോഹിക്കപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന ഓരോ സ്ത്രീധന മരണവും കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.

ഇന്ന് ഭാര്യയെ സുഹൃത്തായി കാണണം എന്ന് പറഞ്ഞു നടക്കുന്ന ആധുനികതയുടെ വക്താക്കൾ വേദ മന്ത്രങ്ങളിലോന്നായ പാണിഗ്രഹണ മന്ത്രം എന്ത് പറയുന്നു എന്ന് കൂടി അറിയേണ്ടതാണ് .

“എന്നോടൊപ്പം നീ ഏഴു പദം നടന്നു. ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് എല്ലായ്പ്പോഴും ഒന്നിച്ചു ജീവിക്കാം. നമുക്ക് ഒരു പോലെ ചിന്തിക്കാം, ഒരു പോലെ പ്രവര്‍ത്തിക്കാം. നല്ല ചിന്തയോടും നല്ല ഹൃദയത്തോടും കൂടി, പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം. നമുക്ക് ഒരേ പോലെ ഉള്ള ചിന്തയും ആഗ്രഹവും ഉണ്ടാകട്ടെ. ഞാന്‍ സാമവേദം ആകുമ്പോള്‍ നീ ഋഗ്വേദം ആകട്ടെ. ഞാന്‍ സ്വര്‍ഗം ആകുമ്പോള്‍ നീ ഭൂമി ആകട്ടെ. ഞാന്‍ ചന്ദ്രന്‍ ആകുമ്പോള്‍ നീ അതിന്റെ ആഭരണം ആകട്ടെ. ഞാന്‍ മനസാകുമ്പോള്‍ നീ വാക്കാകട്ടെ. ഈ വിധ ഗുണങ്ങളോട്കൂടി നീ എന്റെ സഹചാരിയാകുക. ഓ മധുരമുള്ള വാക്കുകളോട് കൂടിയ പ്രിയേ, എന്നിലേക്ക്‌ വരൂ, അങ്ങനെ നമുക്ക് നല്ല കുട്ടികളും സമ്പത്തും ഉണ്ടാകട്ടെ..”

ഇത്തരമൊരു സംസ്കാരത്തിലേക്ക് സ്ത്രീ പീഡനവും സ്ത്രീധന മരണങ്ങളും കടന്നു കൂടിയതിൽ പരം ദൌർഭാഗ്യം മറ്റെന്തുണ്ട്?

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ സന്തതികൾക്ക് ഉൾകൊള്ളാവുന്നതിനും അപ്പുറത്തുള്ള ഒരു സാംസ്കാരിക പാരമ്പര്യതിനെ അവർ തങ്ങളുടെ സങ്കുചിതമായ സാമൂഹ്യ മത പരിസ്ഥിതിക ളെ പിൻപറ്റി വായിക്കുകയും, അതെ മനസ്ഥിതി ചരിത്ര പാഠമെന്ന വിഷത്തിലൂടെ ഇവിടെയുള്ളവരിൽ കുത്തി വെക്കുകയും ചെയ്തതോടെ ആ മഹദ് സംസ്കാരം ധാർമിക ബോധം ഉള്ളവരിലെല്ലാം അധമ ബോധമുണ്ടാക്കി. കാലമേറെ കഴിഞ്ഞും അതെ ചരിത്ര പാഠത്തിന്റെ വിഷം പേറുന്നവരെ തന്നെ ഉപയോഗിച്ച് സംസ്കാരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന കൊളോണിയൽ വക്രബുദ്ധിയുടെ തെളിവാണ് നാം കണ്ട ഇന്ത്യാസ് ഡോട്ടർ എന്ന് പറയാതെ വയ്യ. ഭാരതീയ ചരിത്ര പഠനം പാശ്ചാത്യ സാമൂഹ്യ ബോധങ്ങളുടെയോ മൂല്യങ്ങളുടെയോ നിഴലിൽ പിടിച്ചു കൊണ്ടാകരുത്. പാശ്ചാത്യ സംസ്കൃതിയും ഭാരതീയ സംസ്കൃതിയും തമ്മിൽ ഒരു പാട് വ്യത്യാസങ്ങളുണ്ട്. വെട്ടിപിടിക്കലുകളുടെ ചരിത്രമെഴുതിയവർക്ക് ത്യാഗത്തിന്റെ ചരിത്രത്തെ കാണുവാനുള്ള മനസ്സൊരിക്കലും ഉണ്ടാകുകയില്ല. സ്വന്തം നാടിലെ സ്ത്രീകളോട് വെച്ചു പുലർത്തിയ അതെ മനോഭാവത്തോടെ ഭാരത സ്ത്രീകളെ വായിക്കാൻ ശ്രമിച്ച പാശ്ചാത്യ വ്യാഖ്യാനങ്ങൾ പരമസത്യമായി കാണുകയും, ഹൈന്ദവ സമൂഹത്തിനുള്ളിൽ നിന്നു തന്നെ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചത് കണ്ടില്ലെന്നു നടിക്കുകയും ചെയുന്ന ചരിത്ര പ്രതിപാദനത്തിന്റെ രാഷ്ട്രീയം മനസിലാക്കാൻ ഈ ലേഖന പരമ്പര സഹായിക്കും എന്ന് കരുതുന്നു. ഭാരതീയ സംസ്കൃതിയുടെ വേരുകളെ തൊട്ടറിഞ്ഞുള്ള ചരിത്ര പഠനമാകട്ടെ നമ്മുടെ ലക്‌ഷ്യം. വിദേശി ഓതിയ പാഠത്തെ പിൻപറ്റി പൂർവ സംസ്കൃതിയെ നിന്ദിക്കുന്ന ഓരോ ഭാരതീയനും സത്യാവസ്ഥ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാൽ പ്രസ്തുത ലേഖന പരമ്പരയെ അന്ധമായി പിൻ പറ്റാതെ വൈദേശികാക്രമങ്ങൾക്ക് മുൻപ് വരെ ഭാരതത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളെക്കുറിച്ച്‌ സ്വന്തമായി വിചാരം കൂടി ചെയ്യേണ്ടതുണ്ട് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

സ്ത്രീപൗരോഹിത്യം

സ്ത്രീപൗരോഹിത്യം

മറ്റു മതങ്ങളിൽ നിന്നന്യമായി ഹൈന്ദവ സംസ്കൃതിയെ സംബന്ധിച്ചെടുത്തോളം സ്ത്രീകളുടെ പൗരോഹിത്യം ഒരു പുതുമയുള്ള സംഗതിയല്ല. വേദങ്ങളിൽ സ്ത്രീപുരോഹിതരെ കുറിച്ചുള്ള പരമാർശം കാണാം. വേദകാലഘട്ടത്തിൽ യജ്ഞം നിർവഹിക്കുന്ന സ്ത്രീകൾ ഒരപൂർവ കാഴ്ചയല്ല. വൈദേശികാക്രമങ്ങൾ മൂലം സ്ത്രീകള്ക്ക് വേദ പഠനം നടത്താനാകാതെ പൗരോഹിത്യം കുറഞ്ഞ ഒരു സ്ഥിതിവിശേഷം സംജാതമായി എങ്കിലും ചില ക്ഷേത്രങ്ങളിൽ സ്ത്രീ പുരോഹിതരെ ഇന്നും കാണാൻ സാധിക്കും. കേരളത്തിൽ സ്ത്രീ പുരോഹിതയായിരിക്കുന്ന പ്രസിദ്ധ ക്ഷേത്രമാണ് മണ്ണാറശാല. 1986 മുതൽ 1996 വരെയുള്ള കാലഘട്ടങ്ങളിൽ ആറായിരത്തോളം സ്ത്രീകൾ പൌരോഹിത്യം പഠിച്ചു എന്നു ഭണ്ഡാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലെ Dr . വി. എൽ. മഞ്ജുൾ പറയുന്നു.

എന്നാൽ മറ്റു മതങ്ങള്ക്ക് സ്ത്രീകളുടെ പൗരോഹിത്യം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഇസ്ലാം മതം അതിനെക്കുറിച്ച് യാതൊരു പരാമർശവും നടത്താതിരിക്കുമ്പോൾ, ദുർമന്ത്രവാദികൾ എന്ന് മുദ്രകുത്തി ലക്ഷക്കണക്കിന്‌ സ്ത്രീകളെ ജീവനോടെ ചുട്ടു കൊന്ന വിച്ച് ഹണ്ട് എന്ന സമ്പ്രദായത്തിന്റെ ചരിത്രമാണ് ക്രിസ്തുമതത്തിന് പറയാനുള്ളത്.

ദേവദാസി

ദേവദാസി

ഭാരതീയ സംസ്കൃതിയുടെ മറ്റൊരനാചാരമായി കരുതുന്ന ദേവദാസി സമ്പ്രദായവും സതിയെ പോലെ തികച്ചും ദുരൂഹമായ ഒരു ചരിത്ര പശ്ചാത്തലം നില നിർത്തുന്നുണ്ട്. വേദ/ ഇതിഹാസ/ സ്മൃതികളിലെങ്ങും ദേവദാസികളെക്കുറിച്ച് പരാമർശമില്ല. ഈ വിഭാഗത്തിന്റെ

ഉത്ഭവത്തെക്കുറിച്ചോ അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ എങ്ങും ലഭ്യമല്ല. ദേവദാസികളെക്കുറിച്ച് ആദ്യ ഗ്രന്ഥ പരാമർശം കാണാനാകുന്നത് കാളിദാസന്റെ കൃതിയിലാണ്. ക്ഷേത്രങ്ങളിൽ ആടുകയും പാടുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളെക്കുറിച്ച്‌ കാളിദാസൻ തന്റെ മേഘദൂതത്തിൽ അവതരിപ്പിക്കുന്നു. തുടർന്ന് ഭവിഷ്യ പുരാണവും അഗ്നി പുരാണവും ക്ഷേതങ്ങളിലെ നൃത്തക്കാരികളെക്കുറിച്ച് പറയുന്നുണ്ട്.

ദേവദാസികളുടെ ഉത്ഭവവും സാമൂഹ്യ സ്ഥിതിയും:

ബുദ്ധ മതത്തിന്റെ അധപതനത്തിന് ശേഷം ചില ബുദ്ധ ഭിക്ഷുണികളാണ് ദേവദാസി സമ്പ്രദായത്തിനു തുടക്കമിട്ടത് എന്നൊരു വാദമുണ്ട്. ഇതെത്രത്തോളം ശരിയാണ് എന്നറിഞ്ഞു കൂടാ. ഭക്തിയുമായി ബന്ധപ്പെട്ടാണ് ദേവദാസി സമ്പ്രദായത്തിന്റെ തുടക്കം എന്നുറപ്പാണ്. ദേവദാസിയെന്നാൽ ദേവന്റെ ദാസി എന്നെ അർത്ഥമുള്ളൂ. ക്ഷേത്ര ദേവന്റെ ഭാര്യ എന്ന സ്ഥാനം പതിച്ചു നല്‍കി ക്ഷേത്ര നടത്തിപ്പുകൾക്കും ക്ഷേത്ര കലകളുടെ പ്രചാരണത്തിനും മറ്റുമായി കലാനിപുണകളായ സ്ത്രീകളെ നിയോഗിച്ചു. അവർ ക്ഷേത്രത്തിലെ പരമാധികാരികളായിരുന്നു. പുരാതന റോമാസാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന വെസ്ടൽ വിർജിനും ഏതാണ്ടിത് പോലെ തന്നെ ആയിരുന്നു എന്ന് അനുമാനിക്കാം. ദേവന്റെ ഭാര്യക്ക് വൈധവ്യം ഇല്ലാതിരുന്നതിനാൽ ഇവർ നിത്യസുമംഗലികൾ എന്നറിയപ്പെട്ടിരുന്നു.

സമൂഹത്തിലെ വിശേഷ ദിവസങ്ങളിലും വൈവാഹിക ചടങ്ങുകളിലും ഇവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ഇവരുടെ മാലയിലെ ഒരു മുത്ത്‌ പുതുതായി വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ മാലയിൽ വെച്ച് കോർത്ത്‌ പിടിപ്പിക്കുന്നതും പതിവായിരുന്നു. ഇതിൽ നിന്നെല്ലാം സകല സൌഭാഗ്യങ്ങളുടെയും വിളനിലമായാണ് ദേവദാസികളെ കണക്കാക്കിയതെന്നു വായിച്ചെടുക്കാവുന്നതാണ്. ദേവദാസികളിലാരെങ്കിലും മരിച്ചാൽ ക്ഷേത്രത്തിൽ നിന്ന് പൂവും ചന്ദനവും അന്ത്യ കർമ്മങ്ങൾക്കായ് കൊടുത്തയയ്ക്കുകയും ക്ഷേത്രത്തിന്റെ അടുക്കളയിലെ തീയിൽ നിന്നും ചിത ജ്വലിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ആദരസൂചകമായി നിത്യപൂജ പോലും മുടക്കി, പുലയാചരിച്ചു ഒരു ദിവസം ക്ഷേത്രം അടച്ചിടുകയും ചെയ്തിരുന്നു.

ഹൈന്ദവസമൂഹത്തിൽ ദേവദാസികൾ വളരെയേറെ ആദരിക്കപ്പെട്ടിരുന്നു. ഭാരതീയ ക്ഷേത്ര സംഗീതനൃത്ത കലകളെ പരിപോഷിപ്പിച്ചവർ ബഹുമതി ദേവദാസികൾക്ക് സ്വന്തമാണ്. ഭരതനാട്യം, കുച്ചിപുടി, ഒഡീസി എന്നീ നൃത്തകലകൾ ദക്ഷിണേന്ത്യയിലെ മഹാ സാമ്രാജ്യങ്ങളുടെ കീഴിൽ പരിപോഷിപ്പിക്കപെട്ടത്‌ ദേവദാസികളിലൂടെയാണ്‌. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇസ്ലാമിക അക്രമികളിൽ നിന്നും രക്ഷപെട്ടോടി തിരുവിതാംകൂറിൽ അഭയം നേടിയ ദേവദാസികളാണ് മോഹിനിയട്ടം കേരളത്തിന്‌ സംഭാവന ചെയ്തത്. സംഗീതസാഗരത്തിന്റെ മറുകര കണ്ട ലതാ മങ്കേഷ്കർ, ആശാ ഭോസ്ലെ, എം. എസ് . സുബലക്ഷ്മി തുടങ്ങിയവർ ദേവദാസി കുടുംബങ്ങളിൽ ജനിച്ചവരാണ് എന്ന സത്യം അധികമാര്ക്കും അറിയില്ല.

ദേവദാസികൾ അവരുടെ പ്രതാപ കാലങ്ങളിൽ, ആറു മുതൽ പത്താം ശതകം വരെ, വേശ്യാ വൃത്തിയിൽ ഏർപ്പെട്ടിരുന്നതിന് തെളിവുകൾ ഇല്ല. എന്നാൽ കാലക്രമേണ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിനു വിധേയമായി നാശോന്മുഖമായതോടെ ദേവദാസികൾ വഴിയാധാരമായി. ഇതേ തുടർന്ന് അവരിൽ ചിലർക്ക് ശരീരം വിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതാകാം. എന്നാൽ ക്ഷേത്രത്തിനുള്ളിൽ അവർ ദേവന്റെ ദാസികൾ മാത്രമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ വെച്ച് അവരെ നോക്കുകയോ സ്പർശിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ക്ഷേത്രപരിസരം അശുദ്ധമാക്കുന്നതിനു തുല്യമായ പ്രവർത്തിയായി കരുതിയിരുന്നു.

ഇന്ന് കർത്താവിന്റെ മണവാട്ടികളായി അറിയപ്പെടുന്നവരുടെ സ്ഥാനമായിരുന്നു അന്ന് ദേവദാസികൾക്ക്. എന്നാൽ കർത്താവിന്റെ മണവാട്ടികൾക്കുള്ളതിലുമധികം സ്വാതന്ത്ര്യം ദേവദാസികൾക്ക് ഉണ്ടായിരുന്നു. കന്യാസ്ത്രീകൾ ജീവിതകാലം മുഴുക്കെ കന്യകളായി കഴിയാൻ വിധിക്കപ്പെട്ടവരാണ്. അവരിൽ ചിലരെങ്കിലും ലൈംഗിക അസംതൃപ്തി അനുഭവിക്കുന്നവരുമാണ് . എന്നാൽ ദേവദാസികൾക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനെ സ്വീകരിക്കുവാനും അവരിൽ നിന്നും സന്താനലബ്ധിയും സാധ്യമായിരുന്നു. അവരുടെ പരിപൂർണ്ണ സമ്മതമില്ലാതെ ഒരാൾക്കും അവരെ സമീപിക്കാനും സാധിച്ചിരുന്നില്ല. ഭഗവാനോടുള്ള പ്രേമത്തെ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും ആത്മാവിഷ്കാരം ചെയ്ത് അവതരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു.

ബ്രിട്ടിഷുകാർ ദേവദാസിവൃത്തി നിരോധിച്ചതെന്തിനെന്നു വ്യക്തമല്ല. പുരുഷകേന്ദ്രീകൃതമായ അബ്രഹമിക് സദാചാരചിന്താഗതിയാവാം ഇതിനു പ്രേരകമായ ഘടകം. എന്തായാലും ദേവദാസികളെ നിരോധിച്ചപ്പോഴും ഭാരതത്തിൽ വേശ്യാവൃത്തി സജീവമായി തന്നെ നിലവിലിരുന്നു എന്നതിന് സംശയമില്ല. ബ്രിട്ടിഷുകാർക്ക് വേശ്യാവൃത്തി നിരോധിക്കുക എന്നോരുദ്ദേശം ഇല്ലായിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഉന്നത പദവികൾ വഹിച്ചിരുന്ന നിരവധി ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർ വേശ്യാലയ നടത്തിപ്പുകാരായി ഉണ്ടായിരുന്നു എന്നും ഒരു വാദമുണ്ട്.

ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട, വേട്ടയാടപ്പെട്ട മറ്റൊരു വിഭാഗവുമില്ല. ഭാരതീയ സംസ്കൃതിയിലെ ഭക്തിയിലൂടെയുള്ള കലയുടെ സമ്പൂർണ്ണ സമർപ്പണ ഭാവത്തെക്കുറിച്ച് അജ്ഞരായിരുന്ന വിക്ടോറിയൻ സദാചരമൂല്യാദിസ്ഥിതമായ ബ്രിട്ടിഷ് ഭരണകൂടം അവരെ Nautch girls എന്നൊരു വാക്കിൽ ഒതുക്കിക്കളഞ്ഞു . തുടർന്ന് ചരിത്രമെഴുതാൻ ചുമതലപ്പെട്ടവർ ചരിത്രത്തെ വളച്ചൊടിച്ചും സത്യത്തിനു നേരെ കണ്ണടച്ചും ദേവദാസികളെ ‘Sacred Prostitutes’ / ‘Temple Prostitutes’ എന്നോരോമനപ്പേര് നൽകി അവരെ അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാക്കുകയും ചെയ്തു. നിരാലംബരായ , സ്വന്തമായി ഭൂമിയോ സമ്പത്തോ ഇല്ലാതിരുന്ന ഒരു കൂട്ടം സ്ത്രീകള് പെട്ടന്ന് ‘പരിഷ്കൃതരും നാഗരികരും വിദ്യാസമ്പന്നരുമായവരുടെ’ ആക്രമത്തിന് വിധേയരാകുകയും അവരനുഭവിച്ചു പോന്ന സാമൂഹിക ആനുകൂല്യങ്ങൾ ഇല്ലാതാകുകയും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. ഇന്നും ആ പരമ്പരയിൽപ്പെട്ട നിരവധി സ്ത്രീകള് തെരുവിലാണ്. ഭാരതത്തിലെ പൈതൃക കലകൾ പടർന്ന് പന്തലിച്ചത് ഇവരിലൂടെ മാത്രമാണ്. ഭരതനാട്യവും മോഹിനിയാട്ടവും നമ്മുടെ കുട്ടികൾ ആടി തകർക്കുന്നുണ്ടെങ്കിൽ അതിലിവരുടെ സംഭാവന അളവറ്റതാണ്. ഒരു കൂട്ടം സ്ത്രീകളെ വിശുദ്ധ വേശ്യകളെന്നു മുദ്രകുത്തി സമൂഹത്തിൽ നിന്നകറ്റി നിർത്തിയിരിക്കുന്നതാണ് ദേവദാസി സമ്പ്രദായത്തിലും വലിയ അനാചാരം എന്ന് നമ്മുടെ സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ...?