ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 January 2019

സതി

സതി

ഹൈന്ദവ സമൂഹത്തെ പ്രാകൃതമെന്നു മുദ്ര കുത്താൻ കാരണമായതും ഭാരതീയ സംസ്കൃതിയിൽ കയറിക്കൂടിയ ദുരാചാരങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നതും സതി ആണെന്നുള്ളതിൽ സംശയമൊന്നുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിലും ഭർത്താക്കന്മാരെ അനുഗമിക്കുന്ന ഭാര്യമാരുണ്ടായിരുന്നുവെങ്കിലും ഭാരതത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ ഈ അനാചാരം ക്രമാതീതമായി വളർന്നു. നിർബന്ധമായി സ്ത്രീകളെ ചിതയിലേക്ക് തള്ളി വിടുന്ന സ്ഥിതി വിശേഷമുണ്ടായതിനെ തുടർന്ന് സതി നിരോധിക്കപ്പെട്ടു. എങ്കിലും സതിയെ ഭാരതീയ സംസ്കൃതിക്ക് നേരെയുള്ള ആയുധമായി ഇന്നും യഥേഷ്ടം ഉപയോഗിച്ച് പോരുന്നു.

പൗരാണിക ഗ്രന്ഥങ്ങളിൽ

ഭാരതത്തിൽ സതിയുടെ ചരിത്രം അങ്ങേയറ്റം ദുരൂഹമാണ്. ഇന്ന് നാമറിയുന്ന രൂപത്തിൽ അനുഷ്ടിക്കപ്പെട്ടിരുന്നതിന് കൃത്യമായൊരു തെളിവ് സതിക്കില്ല എന്നതാണ് സത്യം. മനുസ്മൃതി പ്രകാരം സതി എന്ന വാക്കിന് പരിശുദ്ധ എന്നർത്ഥമേ ഉള്ളൂ . പിന്നീടെപ്പോഴാണ് വാക്കിന്റെ അർഥം മാറി സതി ഒരാചാരത്തിന്റെ രൂപമെടുത്തത് ?

വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ , ആരണ്യകങ്ങളിലോ , ധർമ്മ ശാസ്ത്രങ്ങളിലോ സതിയെക്കുറിച്ച് സൂചനയില്ല. എന്നാൽ ഭർത്തൃ മരണത്തിൽ ദുഖിതയായി അയാളുടെ ശരീരത്തിന് സമീപം കിടക്കുന്ന ഭാര്യയെ എഴുന്നെല്പ്പിക്കുന്ന വരികൾ ഋഗ്വേദത്തിൽ (10.18.8) കാണാം . ഈ വരികളെ ഉദ്ധരിച്ചാണ് ശ്രീ.സാക്കിര് നായിക്കിനെ പോലുള്ളവർ (അഗ്രേ എന്ന പദത്തെ അഗ്നെ എന്ന് തിരുത്തി) വേദങ്ങളിൽ സതി നിലവിലുണ്ട് എന്ന് വരുത്തി തീർക്കുന്നത്. നിർബന്ധമായിട്ടല്ലെങ്കിലും ഭർത്താവിനോടൊപ്പം മരിക്കുന്ന സ്ത്രീക്ക് സ്വർഗം ലഭിക്കും എന്നൊരു പരാമർശം വിഷ്ണു , പരാശര സ്മൃതികളിൽ കാണാം. ഭാരതീയ ഗ്രന്ഥങ്ങളിൽ സതിക്കുള്ള നിർണ്ണായക തെളിവ് ഇത് മാത്രമാണ്. പരാശരസ്മൃതിയിൽ തൊട്ടു മുന്പിലുള്ള ശ്ലോകങ്ങൾ വിധവാ വിവാഹം സാധൂകരിക്കുന്നതാണ് എന്നത് ഈ ശ്ലോകങ്ങൾ പ്രക്ഷിപ്തമാണോ എന്ന സംശയം ജനിപ്പിക്കുന്നുമുണ്ട്.

സതിയുടെ ഉത്ഭവമായി രണ്ടു സംഭവങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദക്ഷപുത്രിയായ സതിയുടെ ദേഹത്യാഗവും സീതയുടെ അഗ്നി പ്രവേശവും. എന്നാൽ ഭർത്താക്കന്മാർ ജീവിച്ചിരിക്കെ ആണ് ഈ രണ്ടു സംഭവങ്ങളിലും ഭാര്യമാർ അഗ്നി പ്രവേശം നടത്തുന്നത്. അതുകൊണ്ട് സതി ഇവിടെ മുതൽ തുടങ്ങുന്നു എന്ന് പറയാൻ സാധ്യമല്ല. സ്ത്രീകള് അഗ്നിയിൽ ദേഹത്യാഗം ചെയ്തു എന്നത് കൊണ്ട് മാത്രം അത് സതിയാകുന്നില്ല. സീതയുടെ പൂർവ ജന്മമെന്നു കരുതുന്ന വേദവതിയും അഗ്നിയിൽ ദേഹത്യാഗം ചെയ്തവരിൽ പെടും. അവിടെയും കൂടി സതിയുടെ വിത്തുകൾ തിരുകാൻ ചരിത്രകാരന്മാർ മറന്നു പോയതാകും എന്ന് തോന്നുന്നു. സതിയുടെ തുടക്കം എവിടെ നിന്ന് എന്നതിന് വ്യക്തമായൊരു സൂചനയും ഭാരതീയ ചരിത്രരേഖകളിൽ ഇല്ല എന്നതാണ് സത്യം .

ഇനി പൌരാണിക കാലത്ത് സതിയനുഷ്ടിച്ചതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത് മഹാഭാരതത്തിൽ മാദ്രിയുടെയും (ആദി പർവ്വം) വസുദേവന്റെയും കൃഷ്ണന്റെയും ഭാര്യമാരുടെയും (മുസല പർവ്വം) ചിതാ പ്രവേശമാണ്. പാണ്ഡുവിന്റെ മരണം കൊണ്ടുണ്ടായ കുറ്റബോധമാണ് മാദ്രിയെ അദ്ദേഹത്തിന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പികുന്നത്. ആചാരമല്ല, മറിച്ച് ആഘാതമാണ് 5 ഭാര്യമാരെ കൃഷ്ണന്റെ ചിതയനുഗമിക്കാൻ പ്രേരിപ്പിക്കുന്നത്. കൃഷ്ണന്റെ മരണ ശേഷം ദേഹമുപെക്ഷിച്ചവരിൽ വസുദേവനും ബലരാമനും കൂടി ഉൾപ്പെടും. അങ്ങനെയെങ്കിൽ അതും സതിയുടെ കണക്കിൽപ്പെടുത്തേണ്ടി വരും. കൃഷ്ണന്റെ മറ്റു ഭാര്യമാർ വനത്തിലേക്ക് പോയി എന്നും ഭാരതം. ഇതൊരു ആചാരമെങ്കിൽ അവരും സതിയനുഷ്ടിക്കെണ്ടതല്ലേ.?

മഹാഭാരതത്തിലെ സതിയെന്നു മുദ്രകുത്തപ്പെടുന്ന രണ്ടു മരണങ്ങളും വികാരപരമായ സമീപനങ്ങളുടെ ബാക്കിപത്രങ്ങളായെ കണക്കാക്കാനാകൂ. എന്നാൽ അത്യന്തം ഹീനമായ ഒരു ദുരാചാരത്തെ സാധൂകരിക്കാൻ പിന്‍ക്കാലത്ത് ഈ സംഭവങ്ങൾ ദൃഷ്ടാന്തമായി എന്നത് ഹൈന്ദവ സംസ്കൃതിയുടെ തീർത്താൽ തീരാത്ത ദൗർഭാഗ്യമാണ്‌.

അധികമാരും പറഞ്ഞു കേൾക്കാത്ത, വളരെ ശ്രദ്ധിക്ക്യേണ്ട മറ്റൊരു ചരിത്ര സത്യമുണ്ട്. സാമൂഹ്യ പരിഷ്കർത്താക്കളായ ഗുരുക്കന്മാരിൽപ്പെടുന്ന ബുദ്ധനോ മഹാവീരനൊ ആദിശങ്കരനോ തുടങ്ങി ആരും തന്നെ സതിയെക്കുറിച്ച് പരാമർശിക്കുകയോ ഈ അനാചാരത്തിനെതിരെ ശബ്ദമുയർത്തുകയോ ചെയ്യുന്നില്ല എന്നതാണത്. മൃഗബലിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ബുദ്ധനും മഹാവീരനും സ്ത്രീകളെ ചുട്ടുകരിക്കുന്നത് കണ്ട് മിണ്ടാതിരുന്നു എന്നത് വിശ്വാസയോഗ്യമാണോ? ഇതിനർത്ഥം ആ കാലഘട്ടങ്ങളിൽ സതിയെന്ന ആചാരം നിലവിലില്ല എന്ന് തന്നെയല്ലേ? അമൂല്യ ഗ്രന്ഥ പാരമ്പര്യത്തിലെങ്ങും സതിയെക്കുറിച്ച് പരാമർശമില്ല. എന്ത് കൊണ്ട്...?

വൈകാരിക പ്രകടനങ്ങളുടെ ബാക്കിപത്രം:

സതി ഒരാചാരമായിരുന്നില്ല മറിച്ച് ഒരു വികാര പ്രകടനമായിരുന്നു എന്നാണു ഗ്രന്ഥങ്ങളിൽ കൂടി വ്യക്തമാകുന്നത്. ഇന്നും തമിഴ്നാട്ടിലും മറ്റും സിനിമാ താരങ്ങളോടുള്ള ആരാധന മൂലം ചിലർ അവരുടെ മരണത്തോടെ ജീവനനൊടുക്കുന്നില്ലേ? അത് ഏതെങ്കിലും ആചാരത്തിന്റെയോ മറ്റോ ഭാഗമാണോ? ആചാരമായിരുന്നെങ്കിൽ സത്യവതിയോ, കുന്തിയോ, ഉത്തരയോ, ഭാനുമതിയൊ, മഹാഭാരത യുദ്ധത്തിൽ മരിച്ച യോദ്ധാക്കന്മാരുടെ ഭാര്യമാരോ ആരും തന്നെ ശേഷിക്കുകയില്ലായിരുന്നു. ആചാരമായിരുന്നെങ്കിൽ യമധർമ്മനെ അനുഗമിച്ചു ഭർത്താവിനെ തിരികെ നേടുവാൻ മുതിരാതെ വളരെയെളുപ്പത്തിൽ സാവിത്രി സത്യവാന്റെ ചിതയെ അനുഗമിക്കുമായിരുന്നു. രാമായണത്തിലാകട്ടെ താരയും മണ്ഡൊദരിയും ദശരഥ പത്നിമാരും ചിതയെ അനുഗമിക്കുമായിരുന്നു. ഇവരെല്ലാം തന്നെ ഭർത്താവിന്റെ മരണ ശേഷവും ജീവിച്ചവരാണ്. അത് കൊണ്ട് തന്നെ സതി ഒരാചാരമായിരുന്നില്ല എന്ന് സ്പഷ്ടമാണ്. തികച്ചും വ്യക്തിപരമായ വികാരപ്രകടനമായെ ഭാര്യമാരുടെ (പ്രിയപ്പെട്ടവരുടെയും) ജീവനോടുക്കലിനെ കാണാനാകൂ. എന്നാൽ ഈ വികാര പ്രകടനം ഒരാചാരമായി മാറിയതെപ്പോഴാണ്? അതിലേക്കു നയിച്ച കാരണങ്ങളെന്തെല്ലാമാണ്? സതി അനുഷ്ടിക്കപ്പെട്ടത് വടക്കേ ഇന്ത്യയിലാണ് എന്നും 12–18 നൂറ്റാണ്ടുകളിലായാണ് സതി വ്യാപകമായി വളർന്നത് എന്നതും അനുഷ്ടിച്ചത് ക്ഷത്രിയ സ്ത്രീകളായിരുന്നുവെന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കുന്നതോടെ അവയുടെ ഉത്തരങ്ങൾ ഏകദേശം സ്പഷ്ടമാകെണ്ടതാണ്.

ചരിത്രരേഖകളിൽ :

ക്രിസ്തുവിനു അര നൂറ്റാണ്ടിനു ശേഷം ഭാരതത്തിൽ ചെറിയ തോതിൽ സതിക്കുള്ള അന്തരീക്ഷം ഒരുങ്ങിത്തുടങ്ങിയതായ് കാണാം. അലക്സാണ്ടറുടെ ആക്രമത്തിൽ മരിച്ച പടയാളിയുടെ ഭാര്യമാരിൽ ഒരാൾ സതി അനുഷ്ടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാസനും കാളിദാസനും ശൂദ്രകനും തങ്ങളുടെ ചില കൃതികളിൽ അവയുടെ മൂല കൃതികളിൽ നിന്നും വ്യതിചലിച്ച് ഭർത്താക്കന്മാർക്കൊപ്പം ജീവനോടുക്കാനോരുങ്ങുന്ന ഭാര്യമാരെ ചിത്രീകരിച്ചു തുടങ്ങിയതും ഇതേ സമയത്താണ്. എങ്കിലും സതി സ്ത്രീകളനുഷ്ടിക്കുന്ന ഒരാചാരമായി ഒതുങ്ങിയത് വീണ്ടും കാലമേറെ കഴിഞ്ഞാണ്. കാരണം ഹർഷ വർദ്ധനന്റെ പിതാവായ പ്രഭാകരവർദ്ധനന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പ്രധാന ജോലിക്കാരെല്ലാം അഗ്നിപ്രവേശം നടത്തി എന്ന് ചരിത്രം. പ്രിയപ്പെട്ടവരേ മരണത്തിലും അനുഗമിക്കുക എന്നതായിരുന്നു ഈ പ്രവർത്തികളുടെ ഉദ്ദേശം. പ്രഭാകരവർദ്ധനന്റെ മരണം ഉറപ്പായതോടെ, (അദ്ദേഹത്തിന്റെ മരണത്തിനു മുൻപേ) തന്നെ അദ്ദേഹത്തിന്റെ പത്നി യശോമതി ജീവിതം അവസാനിപ്പിച്ചു എന്നതും ജീവനൊടുക്കുന്നത് ഒരാചാരത്തിന്റെ ഭാഗമായായിരുന്നില്ല എന്നതിന് ദൃഷ്ടാന്തമാണ്.

തുടർന്ന് പാശ്ചാത്യ അധിനിവേശ യുദ്ധങ്ങളിലൂടെ സ്ത്രീകൾക്ക് വ്യാപകമായി ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. കൂട്ടത്തിൽ അധിനിവേശങ്ങളിൽ പിടിച്ചെടുത്ത രാജ്യങ്ങളിലെ സ്ത്രീകളോട് മുസ്ലിം ഭരണാധികാരികളെടുത്ത നിലപാടുകൾ സതിയെ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രജപുത്ര സ്ത്രീകൾ ജൗഹർ അനുഷ്ടികുന്നത് പതിവായിത്തീർന്നു. ജൗഹർ ഒന്നുകൂടി പരിഷ്കരിക്കപ്പെട്ട് ഇന്ന് നാമറിയുന്ന സതിയായി മാറാൻ അധികം താമസമുണ്ടായില്ല. അപ്പോഴും മാനവും സംസ്കാരവും നഷ്ടപ്പെടാതിരിക്കുവാൻ സ്ത്രീകൾ പൂർണ്ണ മനസ്സോടെയായിരുന്നു ജീവനോടുക്കിയിരുന്നത് . അഭിമാനത്തിന് ജീവനേക്കാൾ വില കല്പ്പിച്ച ഈ സ്ത്രീകളെ വീരാംഗനമാരായി കരുതി അവരുടെ പേരിൽ വീരകല്ലുകൾ സ്ഥാപിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നത് പതിവായി തീർന്നു. മുഗളർക്ക് ശേഷം വന്ന ബ്രിട്ടീഷ്‌ ഭരണത്തിൽ നിലവിൽ വന്ന ഭൂനിയമങ്ങളും തത്ഫലമായി ബംഗാളിലെ സമീന്ദാരുകളായി മാറിയ ബ്രാഹ്മണ സമൂഹത്തിന്റെ എല്ലാ തുറകളിലും ഒരു നിർബന്ധ ആചാരമായി സതി വളർന്നു വരുന്ന തിനു കാരണമായില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദായത്തിലെ ചില സ്വാർത്ഥ താല്പര്യക്കാർ സ്വത്തവകാശങ്ങൾക്ക് വേണ്ടി സ്ത്രീകളെ ജീവനൊടുക്കാൻ നിർബന്ധിച്ച് തുടങ്ങിയതോടെ സതി ഒരു ദുരാചാരമായി പരിണമിച്ചു. മടിച്ചു മാറി നിന്ന സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളി വിടാനാരംഭിച്ചതോടെ ക്രൂരത അതിൻറെ പാരമ്യത്തിലെത്തിച്ചേർന്നു. സതി വ്യാപകമാക്കിയതിൽ ഹൈന്ദവ സമുദായത്തിനുള്ള പങ്കിതാണ്. ഈ സമയത്താണ് ശ്രീ.രാജാറാമും മറ്റും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു സതി നിരോധിക്കുന്നത് .

അതായതു, ഹൈന്ദവ സമുദായം തന്നെ ഈ ദുരാചാരം അതിലെ ക്രൂരതയും മനുഷ്യത്വമില്ലായ്മയും മനസ്സിലാക്കി ബഹിഷ്കരിച്ചു. പക്ഷെ കാലങ്ങൾ പിന്നിട്ടിട്ടും ചുരുങ്ങിയ വർഷങ്ങൾ ഭീകരമായി നിലനിന്ന ഈ ദുരാചാരത്തിന്റെ പേരിൽ ഹൈന്ദവ സംസ്കാരം ഇന്നും അപമാനിക്കപെടുന്നു.

ശബരിമലതീർത്ഥാടനം

ശബരിമലതീർത്ഥാടനം

ഞാൻ എന്ന അവസ്ഥയിൽ നമ്മുടെ യഥാർത്ഥ സ്വരൂപമായ ജീവാത്മ, പരമാത്മ ചൈതന്യത്തിലേക്കുള്ള മടക്കയാത്രയാണ് ശബരിമലതീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. അത് ശാരീരികമായ മാലധാരണമോ, മല കയറ്റമോ മാത്രമല്ല, ആന്തരികമായ സാക്ഷാത് പാത കൂടിയാണ്, വൃതശുദ്ധിയിലൂടെ അന്തകരണശുദ്ധി തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പതിനെട്ട് തത്ത്വങ്ങളും പത്തൊൻപതാമത്തെ ഉണ്മയായ സ്വരൂപവും ചേർന്ന നമ്മൾ ആ തീർത്ഥാടനത്തിൽ പതിനെട്ടും ഉപേക്ഷിച്ച് സത്യമായ ഒന്ന് മാത്രമായി തീരുകയാണ് ഈ യാത്രയിൽ. അതിനു മുന്നോടിയായി പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മൾ സ്വരൂപിച്ച അനുഭവങ്ങളിൽ നിന്നും ഉണ്ടായ 'വാസനാ' സഞ്ചയം ഒരുപാടുണ്ട്. (നമ്മുടെ ആന്തരിക സമ്പാദ്യം) ആ പരം പൊരുളിൽ നിന്നും ,പതിനെട്ട് തത്ത്വങ്ങളിൽ നിന്നുപോലും നമ്മുടെ ശ്രദ്ധ ബാഹ്യ-പ്രാപഞ്ചികവിഷയങ്ങളിലേക്കു മാത്രം നിരന്തരം സഞ്ചരിക്കുന്നത് ഈ വാസനകൾ കാരണമാണ്. ഈ തീർത്ഥയാത്രയിലൂടെ നമുക്ക് തിരിഞ്ഞ് നടക്കേണ്ടതുണ്ട്. ആ പരംപൊരുളിന്റെ സന്നിധിയിൽ നിന്നും വാസനാപൂരിതമാവുന്ന സമതലങ്ങളിലേക്ക് പതിച്ച നമ്മെ വീണ്ടും ഉദ്ധരിച്ച് ആ സാക്ഷാത്കാരത്തിന് പ്രാപത്മാക്കേണ്ടതുണ്ട്..... വാസനകൾ ആകുന്ന ഘോര വനത്തിലൂടെ പ്രലോഭനങ്ങളാകുന്ന ദുഷ്ട്മൃഗങ്ങളെ അതിജീവിച്ച് മാമല കയറണം.... ആ കയറ്റം കഠിനം തന്നെയാണ്, അതിനു നമ്മെ പ്രപ്തരക്കുന്നതാണ് ഭക്തിപൂർവ്വം ആയ വ്രതാചരണം നിഷ്ഠാപൂർവ്വമായ വ്രതാചരണം പരിപൂർണ ബ്രഹ്മചര്യം, ജ്ജിവാത്മാ സ്വരുപത്തെ സാക്ഷാത്കരിക്കുവാനുള്ള ജ്ഞാനവും, ആഗ്രഹവും, ഇതാണ് ഒരു യാത്രക്ക് വേണ്ടി നാം സ്വായത്തമാക്കേണ്ടത്. “സത്യം തപസ്സ്, ശരിയായ ജ്ഞാനം, ബ്രഹ്മചാര്യം എന്നിവയിലുള്ള നിഷ്ഠയിലൂടെ ഒരുവന് ഈ ആത്മാ സാക്ഷാത്കാരം സാധ്യമാവുന്നു” (മുണ്ഡകോപനിഷത്ത്)

വ്രതനിഷ്ഠയോടുകൂടി വാസനകൾ അകന്ന് പ്രലോഭനങ്ങളെ അതിജീവിച്ച് മല കയറിയാൽ പതിനെട്ട് തത്ത്വങ്ങളെ പ്രതിനിധികരിക്കുന്ന പതിനെട്ടാം പടിക്കു ചുവട്ടിലെത്താം ജീവാത്മ സാക്ഷാത്കാര യാത്രയിൽ ആദ്യത്തെ അഞ്ചുപടികൾ ആകുന്ന പഞ്ചേന്ദ്രിയങ്ങളെ തരണം ചെയ്യണം, അടുത്ത എട്ടുപടികൾ ആണ് അഷ്ടരാഗങ്ങൾ അതും തരണം ചെയ്യുമ്പോൾ അടുത്ത മൂന്ന് പടികൾ ത്രിഗുണങ്ങൾ, ഓരോപടി നാം ചവിട്ടുമ്പോഴും നമ്മിലെ ഓരോ തത്ത്വത്തെ തരണം ചെയ്യുകയാണ്. ത്രിഗുണങ്ങൾ തരണം ചെയ്താൽ അജ്ഞാനം ആകുന്ന പതിനേഴാം പടി മറികടക്കാം. ശേഷിക്കുന്നത് ആ പരമാത്മസ്വരൂപവും എല്ലാറ്റിനും ആധാരമായ ആ ചൈതന്യം ഞാൻ ആണ് എന്ന ജ്ഞാനവും മാത്രം., പതിനെട്ടാംപടി തരണം ചെയ്യുന്നതോടുകൂടി ശേഷിച്ച ഒരേ ഒരു ബന്ധമായ ജ്ഞാനം കൂടി മറയുന്നു.

അവിടെ നിന്ന് നാം എത്തുന്നത് ശബരിമല ശ്രീ ധർമ്മശാസ്താവാകുന്ന ജീവ ചൈതന്യസ്വരൂപത്തിലാണ്.....തത്ത്വമസി...ആ സത്യം അല്ലതെ ഒന്നും അവശേഷിക്കുന്നില്ല. പത്തൊൻപതു തത്ത്വങ്ങളുടെ സഞ്ചയം ആയി മലക്കു പുറപ്പെട്ട നമ്മൾ ഒന്നായ ഉണ്മയായി വിലയം പ്രാപിക്കുന്നു ..... ഇതു തന്നെയാണ് സാക്ഷാത്കാരം... ഓരോ ജീവന്റെയും പരമമായ ലക്ഷ്യം.. മോക്ഷം

2 January 2019

ശിവമഹിമ്‌നഃ സ്‌തോത്രവും പുഷ്പദന്തന്റെകാശ്മീരി ബന്ധവും

ശിവമഹിമ്‌നഃ സ്‌തോത്രവും പുഷ്പദന്തന്റെകാശ്മീരി ബന്ധവും

ഒന്‍പതാം നൂറ്റാണ്ടില്‍കാശ്മീരില്‍ ജീവിച്ചിരുന്ന പുഷ്പദന്തനെന്ന ശൈവാഗമ സമ്പ്രദായ പ്രചാരകനാണ് ശിവമഹിമ്‌നഃ സ്‌തോത്രത്തിന്റെ രചയിതാവ് എന്ന് ഒരുവാദമുണ്ട്. മഹാപണ്ഡിതനും കവിയുമായ പുഷ്പദന്തന്‍ അനേകവര്‍ഷങ്ങള്‍ കഠിനതപം ചെയ്ത് മഹാദേവന്റെമഹിമ വര്‍ണ്ണിക്കുന്ന ശിവ മഹിമ്‌നഃ സ്‌തോത്രം രചിച്ചു. തന്റെകാവ്യ രചനയില്‍ അഭിമാനം പൂണ്ട പുഷ്പദന്തന്‍ ഉപാസനാ മൂര്‍ത്തിയായ ഭഗവാനെ സ്‌തോത്രം വായിച്ചു കേള്‍പ്പിക്കുന്നു. പക്ഷേ മഹാദേവന്‍ സംതൃപ്തനായിരുന്നില്ല. തന്റെ ഭക്തനിലുണ്ടായിരിക്കുന്ന അഹങ്കാരം നശിപ്പിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. സമീപത്തു നിന്നിരുന്ന നന്ദികേശ്വരന്റെ ദന്തങ്ങളില്‍ ഈ സ്‌തോത്രത്തിലെ ഓരോശ്ലോകവും കാട്ടിക്കൊ ടുത്ത് മഹാദേവന്‍ പുഷ്പദന്തന്റെ അഹങ്കാരം ശമിപ്പിച്ചു. സകലതും താന്‍ നേരത്തേ തീരുമാനിച്ചിരിക്കുന്നുവെന്നും പുഷ്പദന്തനും മറ്റുളളവരും തന്റെലീലയ്ക്കുളള ഉപകരണങ്ങള്‍ മാത്രമാണെന്നും ഭഗവാന്‍ അറിയിക്കുന്നു. തന്റെതെറ്റു മനസ്സിലാക്കിയ പുഷ്പദന്തന്‍ വീണ്ടും വളരെവര്‍ഷങ്ങള്‍ ശിവധ്യാനത്തോടെ കഴിയുകയും ഒടുവില്‍ ശിവലോകം പ്രാപിക്കുകയും ചെയ്തു.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ നവമി നാളിലാണ് പുഷ്പദന്തന്‍ നിര്‍വാണം പ്രാപിച്ചത് എന്ന് കാശ്മീരിശൈവര്‍വിശ്വസിക്കുന്നു. കാശ്മീരിശൈവസമ്പ്രദായത്തില്‍ ശിവമഹിമ്‌നഃ സ്‌തോത്രത്തിന് സിദ്ധസ്‌തോത്രമെന്ന പദവി നല്‍കിയിരിക്കുന്നതിന് പുഷ്പദന്തന്റെകാശ്മീരി ബന്ധവും കാരണമാകാം. പുഷ്പദന്തന്‍ മനുഷ്യനോ, ഗന്ധര്‍വനോ, ശിവപാര്‍ഷദനോ ആരുമാവട്ടെ. ശിവമഹിമ്‌നഃ സ്‌തോത്രം ഒന്നു മാത്രം മതി അദ്ദേഹത്തിന്റെ കീര്‍ത്തി നിലനില്‍ക്കാന്‍. പദലാളിത്യവും അര്‍ത്ഥഗൗരവും ഉള്‍ക്കൊളളുന്ന ശ്ലോകങ്ങള്‍ ചേര്‍ന്ന മഹിമ്‌നഃ സ്‌തോത്രത്തിലെ 33,37,38,39 ശ്ലോകങ്ങള്‍ രചയിതാവിനേക്കുറിച്ചുളള സൂചനകള്‍ നമുക്കു തരുന്നു. 33-ാം ശ്ലോകത്തിലെ 'പുഷ്പദന്താഭിധാനോ' എന്ന പരാമര്‍ശവും, 37-ാം ശ്ലോകത്തിലെ 'കുസുമദശനനാമാ സര്‍വ്വഗന്ധര്‍വരാജഃ' എന്ന പരാമര്‍ശവും, 38-ാം ശ്ലോകത്തിലെ 'സ്തവനമിദമമോഘം പുഷ്പദന്തപ്രണീതം' എന്ന പരാമര്‍ശവും, 39-ാം ശ്ലോകത്തിലെ 'ശ്രീ പുഷ്പദന്ത മുഖ പങ്കജ നിര്‍ഗ്ഗതേന' എന്ന പരാമര്‍ശവും പുഷ്പദന്തന്‍ തന്നെയാണ് ഈ സ്‌തോത്രത്തിന്റെ രചയിതാവ് എന്ന വാദത്തെ പിന്താങ്ങുന്നുണ്ട്. ചില പുരാതന കയ്യെഴുത്തു പ്രതികളില്‍ കുമാരിലഭട്ടനാണ് (8-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം) ഈ സ്‌തോത്രം രചിച്ചതെന്ന് സൂചിപ്പിക്കുന്നുണ്ട്. ശിവഭക്തിയുടെ അത്യുല്‍കൃഷ്ടഭാവങ്ങളാണ് പുഷ്പദന്തന്‍ ഈ സ്‌തോത്രത്തില്‍ഉള്‍ക്കൊളളിച്ചിരിക്കുന്നത്. നിരവധി വ്യാഖ്യാനങ്ങള്‍ ഈ സ്‌തോത്രത്തിന് രചിക്കപ്പെട്ടിട്ടുണ്ട്. ശിവപരമായും വിഷ്ണുപരമായും അര്‍ത്ഥം വ്യാഖ്യാനിച്ച് മധുസൂദനസരസ്വതി രചിച്ച വ്യാഖ്യാനം അവയില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു. മലയാളത്തില്‍ മൃഡാനന്ദസ്വാമികളുടെ പ്രൗഢവ്യാഖ്യാനം 1981 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മഹേശ്വരനില്‍ കവിഞ്ഞ ഒരുദേവനില്ല. മഹിമ്‌നഃസ്‌തോത്രത്തില്‍ കവിഞ്ഞ് ഒരുസ്‌തോത്രമില്ല (മഹേശാന്നാപരോദേവോ മഹിമ്‌നോ നാപരാ സ്തുതിഃ) എന്ന് പുഷ്പദന്തന്‍ പറയുന്നുണ്ട്. ആദ്യത്തെ 25 ശ്ലോകങ്ങളില്‍ സഗുണ രൂപനായ ശിവനും ഒടുവിലത്തെ 7 ശ്ലോകങ്ങളില്‍ നിര്‍ഗ്ഗുണ രൂപനായ ശിവനുമാണ്‌സ്തുതിക്കപ്പെടുന്നത്. തന്റെ കഴിവില്ലായ്മകളേക്കുറിച്ചും, അപരാധങ്ങളേക്കുറിച്ചുമെല്ലാം പറഞ്ഞ് ശിവനില്‍ ശരണാഗതിയടയുകയാണ് കവി. പുഷ്പദന്തനെന്ന ഗന്ധര്‍വ്വശ്രേഷ്ഠന്‍ ലഘുവല്ലാത്ത വൃത്തത്തില്‍ (ശിഖരിണി) ഭഗവാന്റെ മനോഹരമായ സ്‌തോത്രം രചിച്ചുവെന്ന് 33-ാം ശ്ലോകം സൂചിപ്പിക്കുന്നു. ശുദ്ധചിത്തനായി ഈ ശിവസ്‌തോത്രം പ്രതിദിനം പാരായണം ചെയ്യുന്നവന്‍ മരണാനന്തരം ശിവലോകത്തില്‍ രുദ്ര തുല്യനായിത്തീരും. ഇഹലോകത്തില്‍ ധനം, ആയുസ്സ്, പുത്രന്മാര്‍, കീര്‍ത്തി എന്നിവയും ലഭിക്കും (ശ്ലോകം 34). മഹേശ്വരനേക്കാള്‍ ശ്രേഷ്ഠനായ മറ്റൊരുദേവനും, മഹിമ്‌നഃസ്‌തോത്രത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ശിവസ്തുതിയും, അഘാര മന്ത്രത്തേക്കാള്‍ ശ്രേഷ്ഠമായ മന്ത്രവുംഗുരുവിനേക്കാള്‍ ശ്രേഷ്ഠമായ തത്വവും ഇല്ല എന്ന് ഉദ്‌ഘോഷിക്കുന്നതാണ് 35-ാം ശ്ലോകം. ദീക്ഷ, ദാനം, തപസ്സ്, തീര്‍ത്ഥസ്‌നാനം, ജ്ഞാനം യാഗാദി ക്രിയകള്‍ ഇവയൊന്നും മഹിമ്‌നഃസ്‌തോത്ര പാരായണത്തിന്റെ പതിനാറില്‍ ഒരംശം ഫലം പോലും നല്‍കാന്‍ പര്യാപ്തമല്ല എന്ന് ഫലശ്രുതി(36-ാം ശ്ലോകം). സ്വര്‍ഗ്ഗമോക്ഷാദികള്‍ നല്‍കുന്ന മഹാദേവനെ പൂജിച്ച് അഞ്ജലി കൂപ്പി ഏകാഗ്ര മനസ്സോടെ ഈ സ്‌തോത്രം ജപിക്കുന്നവര്‍ കിന്നരന്മാരാല്‍ വന്ദിക്കപ്പെടുന്നവനായി ശിവലോകത്തെ പ്രാപിക്കും. പുഷ്പദന്ത കവിയുടെമുഖപദ്മത്തില്‍ നിന്നും പുറപ്പെട്ട പാപഹരവും ഹരപ്രിയവുമായ ഈ സ്‌തോത്രം മനഃപാഠമാക്കുന്നതുകൊണ്ടും നിത്യപാരായണം ചെയ്യുന്നതുകൊണ്ടും വീട്ടില്‍ സൂക്ഷിക്കുന്നതു കൊണ്ടും മഹാദേവന്‍ പ്രസന്നനാകുന്നു.... 

പുഷ്പദന്തനും ശിവമഹിമ്‌നഃ സ്‌തോത്രവും

പുഷ്പദന്തനും ശിവമഹിമ്‌നഃ സ്‌തോത്രവും

ശിവപരങ്ങളായ സ്‌തോത്രങ്ങള്‍ അനേകമുണ്ടെങ്കിലും അവയില്‍ പ്രചുര പ്രചാരം സിദ്ധിച്ച  സ്‌തോത്രങ്ങള്‍ ശങ്കരാചാര്യ സ്വാമികളുടെ...
ശിവാനന്ദലഹരി
ശിവാപരാധക്ഷമാപണസ്‌തോത്രം
ശിവമാനസപൂജാസ്‌തോത്രം
ശിവഭുജംഗം
വേദസാരശിവസ്തവം
ശിവപാദാദികേശാന്തവര്‍ണ്ണനാസ്‌തോത്രം
ശിവകേശാദിപാദാന്തവര്‍ണ്ണനാസ്‌തോത്രം
സുവര്‍ണ്ണ മാലാസ്തുതി
ശിവപഞ്ചാക്ഷര സ്‌തോത്രം
എന്നിവയും...

രാവണന്റെ ശിവതാണ്ഡവ സ്‌തോത്രവും
വേദവ്യാസന്റെ വിശ്വനാഥാഷ്ടകവും
വസിഷ്ഠമഹര്‍ഷിയുടെ ദാരിദ്ര്യദുഃഖ ദഹനസ്‌തോത്രവും
മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മൃത്യുഞ്ജയാഷ്ടകവും
ഉത്പലദേവാചാര്യരുടെ ശിവസ്‌തോത്രാവലിയും
ഭരദ്വാജ മഹര്‍ഷിയുടെ ശിവകര്‍ണ്ണാമൃത സ്‌തോത്രവും
പുഷ്പദന്തന്റെ ശിവമഹിമ്‌നഃ സ്‌തോത്രവുമാണ്.

ഇവയില്‍ ശിവമഹിമ്‌നഃ സ്‌തോത്രം ശിവഭക്തര്‍ അതി ശ്രേഷ്ഠമായി കരുതുന്നു. ഉത്തര ഭാരതത്തില്‍ വിശിഷ്യാ സന്യാസാശ്രമങ്ങളില്‍ നിത്യപാരായണത്തിനുപയോഗിച്ചു വരുന്ന ഈ സ്‌തോത്രം പുഷ്പദന്തന്‍ എന്ന ഗന്ധര്‍വ്വ രാജാവിനാല്‍ രചിക്കപ്പെട്ടതാണ്. പുഷ്പദന്തനേക്കുറിച്ച് മൂന്ന് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പുഷ്പദന്തന്‍ ശിവപാര്‍ഷദനായിരുന്നു. പുഷ്പദന്തന്റെ പത്‌നി ശ്രീപാര്‍വ്വതീദേവിയുടെ തോഴിയുമായിരുന്നു. പുഷ്പദന്തന്‍ ശിവപാര്‍വ്വതീ ശാപത്താല്‍ കൈലാസത്തില്‍ നിന്നു ബഹിഷ്‌കൃതനായതിനേക്കുറിച്ചു കഥാസരിത്സാഗരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്....

ഒരിക്കല്‍ പാര്‍വ്വതീ ദേവി മഹാദേവനോട് അഭ്യര്‍ത്ഥിച്ചു. 'ദേവാ, ഇന്നുവരെ മറ്റാരും കേട്ടിട്ടില്ലാത്ത സുന്ദരങ്ങളായ കഥകള്‍ അവിടുന്ന് എനിക്കു പറഞ്ഞു തരണം'. ദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരമശിവന്‍ ഏതാനും കഥകള്‍ പാര്‍വ്വതീദേവിയെ പറഞ്ഞു കേള്‍പ്പിച്ചു. യാദൃച്ഛികമായി ആ വഴിവന്ന പുഷ്പദന്തന്‍ കഥകള്‍ മറഞ്ഞിരുന്നു കേള്‍ക്കുകയുണ്ടായി. അന്നു രാത്രിയില്‍ പുഷ്പദന്തന്‍ തന്റെ പത്‌നിക്ക് ഈ കഥകള്‍ പറഞ്ഞു കൊടുത്തു. പുഷ്പദന്ത പത്‌നി ഈ കഥകള്‍ ശ്രീപാര്‍വ്വതിയോടു പറയുന്നു. മറ്റാര്‍ക്കും അറിഞ്ഞു കൂടാത്ത കഥകള്‍ എന്നു പറഞ്ഞു ഭഗവാന്‍ തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്ന് ചൊല്ലി പാര്‍വ്വതി മഹേശ്വരനോട് പിണങ്ങി. ജ്ഞാനദൃഷ്ടിയാല്‍ നടന്നതെല്ലാമറിഞ്ഞ മഹാദേവന്‍ പുഷ്പദന്തനെ ശപിച്ചു. മനുഷ്യനായി പിറക്കട്ടെ എന്നായിരുന്നു ശാപം. ശാപമറിഞ്ഞു ദുഃഖിതനായ പുഷ്പദന്തന്‍ ഭഗവാനെ സ്തുതിച്ചു രചിച്ചതാണ് മഹിമ്‌നഃ സ്‌തോത്രം. സ്‌തോത്രം കേട്ടു മനമലിഞ്ഞ പാര്‍വ്വതീപരമേശ്വരന്മാര്‍ ശാപമോക്ഷം നല്‍കി പുഷ്പദന്തനെ വീണ്ടും പാര്‍ഷദനാക്കി. (പുഷ്പദന്തന്റെ മനുഷ്യ ജന്മമാണ്‌ വരരുചിയെന്ന് ഒരു ഐതിഹ്യമുണ്ട്).

രണ്ടാമത്തെ ഐതിഹ്യമനുസരിച്ച് ഗന്ധര്‍വ്വന്മാരുടെ രാജാവായിരുന്നു പുഷ്പദന്തന്‍. നാനാവിധം പുഷ്പങ്ങള്‍ കൊണ്ട് ശിവപൂജ നടത്തുക എന്നത് ശീലമാക്കിയിരുന്ന കാശിയിലെ ചിത്രരഥ മഹാരാജാവ് തന്റെ ശിവപൂജയ്ക്കു ആവശ്യമായ പുഷ്പങ്ങള്‍ ലഭിക്കുവാനായി ഒരു മനോഹര ഉദ്യാനം ഗംഗാതീരത്തു നിര്‍മ്മിച്ചു. അതിവിശാലമായ  ഈ ഉദ്യാനം ദേവകളെപ്പോലും മോഹിപ്പിക്കുന്ന ഒന്നായിരുന്നു. ആകാശ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയായിരുന്ന പുഷ്പദന്തന്‍ ഈ ഉദ്യാനം കാണുകയുണ്ടായി. സുന്ദരങ്ങളായ പുഷ്പങ്ങള്‍ അര്‍ദ്ധരാത്രിയില്‍ മോഷ്ടിച്ച് ഗന്ധര്‍വ്വലോകത്ത് തന്റെ പത്‌നിക്കും തോഴിമാര്‍ക്കും എത്തിച്ചു കൊടുക്കുന്നത് പുഷ്പദന്തന്‍ പതിവാക്കി. അതോടെ ശിവപൂജയ്ക്കായി ചിത്രരഥ മഹാരാജാവിന് പുഷ്പങ്ങള്‍ ലഭിക്കാതായി. മോഷണം തടയാന്‍ രാജാവ് കാവല്‍ ശക്തമാക്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അദൃശ്യനായി എത്തുന്ന പുഷ്പദന്തന്‍ കാവല്‍ക്കാരുടെ ദൃഷ്ടിയില്‍ പതിഞ്ഞതേയില്ല. ഒടുവില്‍ ഗുരുവിന്റെ ഉപദേശമനുസരിച്ച് ചിത്രരഥ മഹാരാജാവ് ശിവപൂജയ്ക്കുയോഗിച്ച പൂക്കള്‍ ഉദ്യാനത്തില്‍ വിതറി. കൂവളം, താമര തുടങ്ങിയ ശിവനിര്‍മ്മാല്യം വിതറിയിരിക്കുന്നത് ശ്രദ്ധിക്കാതെ അന്നു രാത്രിയും പുഷ്പദന്തന്‍ പൂക്കള്‍ മോഷ്ടിക്കുവാന്‍ ആരംഭിച്ചു. പരമപവിത്രമായ ശിവനിര്‍മ്മാല്യത്തില്‍ ചവിട്ടുക എന്ന പാപം ചെയ്തതോടെ… ഗന്ധര്‍വ്വന്റെ  ദിവ്യശക്തികളെല്ലാം നഷ്ടമായി. കാവല്‍ക്കാര്‍ കളളനെ പിടികൂടി രാജസമക്ഷം ഹാജരാക്കി. ഗന്ധര്‍വ്വനെ കാരാഗൃഹത്തിലടയ്ക്കുവാന്‍  രാജാവ് ഉത്തരവിട്ടു. തന്റെ തെറ്റു മനസ്സിലാക്കിയ പുഷ്പദന്തന്‍ തടവറയില്‍കിടന്നു മഹാദേവനെ സ്തുതിച്ചു. പുഷ്പദന്തന്റെ ക്ഷമായാചന സ്‌തോത്രമാണ് ശിവമഹിമ്‌നഃ സ്‌തോത്രം. സ്‌തോത്രത്താല്‍ സംപ്രീതനായ മഹാദേവന്‍  പുഷ്പദന്തന് ദിവ്യശക്തികള്‍ തിരിച്ചു നല്‍കി. ചിത്രരഥ മഹാരാജാവിനോടു ക്ഷമ ചോദിച്ച് ഗന്ധര്‍വ്വന്‍ സ്വലോകത്തേക്കു മടങ്ങി.

പുഷ്പദന്തനേക്കുറിച്ച പറയുന്ന മറ്റൊരു ഗ്രന്ഥം സ്‌കന്ദ മഹാപുരാണമാണ്. സ്‌കന്ദപുരാണം അവന്തീ ഖണ്ഡത്തിലെ 99-ാം അദ്ധ്യായത്തില്‍ പുഷ്പദന്തനേക്കുറിച്ച് പരാമര്‍ശമുണ്ട്. പരമഭക്തനായ ശിനിയെന്ന ബ്രാഹ്മണന്‍ പുത്രലബ്ധിക്കായി മഹാദേവനെ ശരണം പ്രാപിച്ചു. ശിനിയുടെ ഭക്തിയില്‍ പ്രീതനായ ഭഗവാന്‍ തന്റെ ഗണങ്ങളില്‍ പ്രമുഖനായ പുഷ്പദന്തനെ ശിനിയുടെ പുത്രനാക്കാമെന്ന് തീരുമാനിക്കുന്നു. പക്ഷേ ഭഗവാന്റെ തീരുമാനത്തെ പുഷ്പദന്തന്‍ എതിര്‍ത്തു. പുഷ്പദന്തന്‍ മഹാദേവനോടു ചോദിച്ചു - 'ഭഗവാനെ, ശിവലോക പ്രാപ്തിക്കായി അനേകായിരം ഭക്തര്‍ അതികഠിന തപസ്സനുഷ്ഠിക്കുന്നു. അങ്ങിനെയിരിക്കേ ഈ വിശിഷ്ടലോകം വെടിഞ്ഞ് ഭൂമിയിലേക്കു പോകുക എന്ന് അവിടുന്ന് നിര്‍ദ്ദേശിച്ചത് ഉചിതമായില്ല'. പുഷ്പദന്തന്റെ വാക്കുകള്‍ മഹാദേവനെ കുപിതനാക്കി. മനുഷ്യജന്മമെടുത്തു ഭൂമിയില്‍ കഴിയുവാന്‍ ശപിച്ച മഹാദേവന്‍ ഒടുവില്‍ പുഷ്പദന്തന്റെ ക്ഷമായാചനം കേട്ട് മനസ്സലിഞ്ഞ് ഇപ്രകാരം അനുഗ്രഹിച്ചു - നീ ശിനിയുടെ പുത്രനായി പുഷ്പദന്തനെന്ന നാമത്തില്‍ പിറക്കും. മനുഷ്യ ജന്മത്തില്‍ നീ എന്നെ സ്തുതിച്ചു രചിക്കുന്ന സ്‌തോത്രം പ്രസിദ്ധമാകും. ഒടുവില്‍ നീ കൈലാസത്തില്‍ തന്നെ തിരിച്ചെത്തുന്നതാണ്. ശിവ നിയോഗത്താല്‍ പുഷ്പദന്തന്‍ ഭൂമിയില്‍ ജനിക്കുകയും ശിവ മഹിമ്‌നഃ സ്‌തോത്രം രചിച്ച് ഭഗവാനെ സ്തുതിക്കുകയുംചെയ്തു. .

തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മനുഷ്യാലയ ചന്ദ്രിക ഉള്‍പ്പടെയുള്ള വാസ്തു പ്രാമാണിക ഗ്രന്ഥങ്ങളില്‍ മുല്ലത്തറയുടെ നിര്‍മാണത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മുല്ലത്തറയുടെ സ്ഥാനവും അളവുകളും തന്നെയാണ് തുളസിത്തറയ്ക്കും സ്വീകരിക്കേണ്ടത്.

നാലു കെട്ടിലും ഏകശാലയിലും മുല്ലത്തറ സ്ഥാപിക്കുവാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. നാലുകെട്ടുകള്‍ ഇപ്പോള്‍ അപൂര്‍വങ്ങള്‍ ആകയാല്‍ എകശാലയില്‍ (സാധാരണ ഗൃഹങ്ങളില്‍) മുല്ലത്തറ അല്ലെങ്കില്‍ തുളസിത്തറ നിര്‍മ്മിക്കുന്ന രീതി വിശദീകരിക്കാം. തുളസിത്തറ ഗൃഹാങ്കണത്തില്‍ നിര്‍മിക്കണം. പദ കല്പന നടത്തി ആപവല്‍സന്റെയോ ആപന്റെയോ പദങ്ങളില്‍ മുല്ലത്തറ നിശ്ചയിക്കാവുന്നതാണ്. അതിനു നല്ല വാസ്തു വൈദഗ്ധ്യം ഉള്ള സ്ഥപതിയുടെ സേവനം ആവശ്യമായി വരും.

പടിഞ്ഞാറ്റിനി ഗൃഹങ്ങളില്‍ പടിഞ്ഞാറ്റിനിയുടെ തെക്ക് വടക്കു ദീര്‍ഘത്തിന്‍റെ മധ്യത്തില്‍ നിന്നും വടക്ക് മാറി വാസ്തു മണ്ഡലത്തിന്റെ വടക്കു കിഴക്കു ഭാഗത്ത് തുളസിത്തറ സ്ഥാപിക്കാം. തെക്കിനി ഗൃഹം ആണെങ്കില്‍ തെക്കിനിയുടെ കിഴക്കു പടിഞ്ഞാറു ദീര്‍ഘത്തിന്റെ മധ്യത്തില്‍ നിന്നും കിഴക്കു മാറി വടക്കു കിഴക്കു ഭാഗത്തായി വേണം തുളസിത്തറ സ്ഥാപിക്കേണ്ടത്. 

തുളസിത്തറയ്ക്ക് ചുറ്റളവ് കല്പിക്കേണ്ടത് പാദുകം കൊണ്ടാണ്. ഇത് എകയോനിയില്‍ ഉള്ള അളവായിരിക്കണം. തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറ ഉയരത്തോളമോ അതില്‍ കുറവോ ആകാം. തറ ഉയരത്തെ 6 മുതല്‍ 11 വരെ അംശിച്ച് അതില്‍ ഒരംശം കുറയ്ക്കുകയും ആകാം. എന്നാല്‍ ഒരിക്കലും തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറ ഉയരത്തെക്കാള്‍ അധികമാകാന്‍ പാടില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ഗൃഹ മധ്യ സൂത്രമോ വാസ്തു മധ്യമോ കോടി സൂത്രമോ ഒരിക്കലും മുല്ലത്തറയുടെ മധ്യവുമായി വേധിക്കാതെ ശ്രദ്ധിക്കണം. അപ്രകാരം വന്നാല്‍ അത് പല അനര്‍ഥങ്ങള്‍ക്കും കാരണമായേക്കാം. വിധിയാം വണ്ണം നിര്‍മിച്ച തുളസിത്തറ എല്ലാ വിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും.