ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 October 2018

ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും

ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും

നാം ദൈവപൂജ ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും മടികാട്ടാത്തവരാണ്. ഓർക്കാപ്പുറത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകും. ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

അശ്വതി

അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ വഴിപാടോ പൂജയോ നടത്താം.

ഭരണി

ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും.

കാർത്തിക

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം.

രോഹിണി

മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നതും ഗുണം ചെയ്യും.

മകയിരം

മഹാലക്ഷ്മി, ദുർഗാദേവി എന്നീ ദേവിമാരിലാരെയെങ്കിലും ഇഷ്ടദേവതയായി മകയിരം നക്ഷത്രജാതർക്ക് പൂജിക്കാം. സുബ്രഹ്മണ്യഭജനവും ഭദ്രകാളി ഭജ നവും ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുക. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര

തിരുവാതിരക്കാരുടെ ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. രാഹുവിനെയും സർപ്പദൈവങ്ങളെയും ആരാധി ക്കുന്നത് ഗുണം ചെയ്യും. ജന്മനക്ഷത്രനാളിൽ രാഹുവിനെ ആരാധിക്കുക.

പുണർതം

പുണർതത്തിന്റെ ഇഷ്ടദേവൻ കൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

പൂയം

പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കണം. പൂയവും ശനിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസങ്ങളിൽ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ക്ലേശം കുറയ്ക്കാൻ സഹായിക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുക. മകരത്തിലെ പൗർണമിയിൽ ദുർഗാപൂജ നടത്തുക.

ആയില്യം

നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.

മകം

മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ശിവനെ ഇഷ്ടദേവതയായി ആരാധിക്കണം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

പൂരം

ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിൽ വ്രതമെടുക്കുക. പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഗുണം ചെയ്യും. പൂരം നാളിൽ ശിവപൂജയും ലക്ഷ്മീപൂജയും നടത്തണം.

ഉത്രം

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശബരിമല ദർശനം നടത്തുന്നത് അഭികാമ്യമാണ്. ഞായറാ ഴ്ചയും ഉത്രവും ചേരുന്ന ദിവസങ്ങൾ പൂജകൾക്ക് അനുയോജ്യമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശിവക്ഷേത്രദർശനവും ശിവ പൂജയും ഉത്രം നക്ഷത്രജാതർക്ക് ഗുണം ചെയ്യും. ആദിത്യ ഹൃദയജപം ഉടൻ ഫലം ലഭിക്കാൻ സഹായിക്കും.

അത്തം

ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

ചിത്തിര

ദേവീ ഉപാസനയാണ് ഗുണകരം. ഭദ്രകാളിയാണ് ഇഷ്ടദേവത. ലളിതാസഹസ്രനാമം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കണം.

ചോതി

ചോതിയുടെ ഇഷ്ടദേവൻ ഹനുമാനാണ്. സർപ്പദൈവങ്ങളെ ആരാധിക്കുന്നതും ലക്ഷ്മീഭജനം നടത്തുന്നതും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസം വ്രതമെടുക്കുക.

വിശാഖം

വിശാഖം നക്ഷത്രജാതർ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.

അനിഴം

ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം പ്രശ്നപരിഹാരത്തിന് സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദർശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നുവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

തൃകേട്ട

ഇന്ദ്രനെയാണ് പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസ ങ്ങളിൽ വ്രതമെടുക്കുക. കൃഷ്ണക്ഷേത്ര ദർശനവും ഗുണം ചെയ്യും. സുബ്രഹ്മണ്യ നെയും ഭദ്രകാളിയെയും പൂജിക്കുന്നതും ഉത്തമമാണ്.

മൂലം

മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.

പൂരാടം

വരുണനാണ് ഇഷ്ടദേവൻ. മഹാലക്ഷ്മി ഭജനവും അന്നപൂർണേശ്വരി ഭജനവും ഗുണം ചെയ്യും. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തണം.

ഉത്രാടം

ഉത്രാടം നക്ഷത്രജാതർ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യോദയ ശേഷം ആദിത്യനെ തൊഴുന്നത് ഉത്തമമാണ്. ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ ഗുണം ചെയ്യും.

തിരുവോണം

വിഷ്ണുവാണ് ഇഷ്ടദേവൻ. ശനിയാഴ്ച തോറും ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ തിരുവോണം നാളിൽ നടത്തണം.

അവിട്ടം

ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കിൽ ഭദ്രകാളിയെയാണ് ആരാധിക്കേ ണ്ടത്. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം. സുബ്രഹ്മണ്യഭജനം നടത്തുക.

ചതയം

വരുണനോ സർപ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. കുടുംബത്തിൽ സർപ്പക്കാവുണ്ടെങ്കിൽ അവ സംരക്ഷിക്കുകയും കടമ്പുമരം വച്ചുപിടിപ്പിക്കുകയും വേണം.

പൂരുട്ടാതി

ഭദ്രകാളിയാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനിയെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും.

ഉതൃട്ടാതി

ശ്രീരാമനും കൃഷ്ണനുമാണ് ഈ നക്ഷത്രജാതരുടെ ഇഷ്ടദേവത. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക.

രേവതി

രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുവും ദേവിയുമാണ്. ദിനവും വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ജപിക്കുന്നതും ക്ലേശങ്ങൾ ഇല്ലായ്മ ചെയ്യാൻ സഹായിക്കും.

ആയില്യം വ്രതം

ആയില്യം വ്രതം

നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം.

സർപ്പകാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.  

ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ 
ഓം തക്ഷകായ നമഃ
ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ 
ഓം ശംഖപാലായ നമഃ 
എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.

ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.

12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ,  ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.

നാഗരാജ മന്ത്രം - നാഗരാജ പ്രീതിക്ക്

ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ

നാഗമോഹന മന്ത്രം - അഭീഷ്ട സിദ്ധിക്ക്

ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ

നാഗബാല മന്ത്രം - വിദ്യാവിജയത്തിന്

ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധി● മേ ദേഹി ദദാപായ സ്വാഹാ

നാഗകന്യാ മന്ത്രം - ദാമ്പത്യ ഭദ്രതക്ക്

ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ

നാഗപ്രമോദ മന്ത്രം - സന്താനഭാഗ്യത്തിന്

ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ  നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ ആയുധ ധാരിണെ  ഖഗായ പ്രമോദായ നമഃ

നാഗ അമോഘ മന്ത്രം - ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും

ഓം ഹ്രീം നാഗേശ്വരായാ ശത്രുസംഹാര മൂർത്തയെ ദോഷശാന്തി  പ്രദായിനി സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ

നാഗരാജ്‌ഞി മന്ത്രം - ദാമ്പത്യ കലഹശാന്തിക്ക്

ഓം ഹ്രീം നാഗാത്മികായെ രാജപൂജിതായേ നാഗായെ രാജാർച്ചിതായെ  ദേവചൈതന്യ യുക്തായെ ഗഗന ചാരിണ്യ പാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ

നാഗമാല മന്ത്രം - ശത്രുദോഷ ശാന്തിക്ക്

ഓം നമോ ഭഗവതേ മഹാബലായ  നാഗരൂപായ കാമിനേ
സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ  ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ  ഹ്രീം നമഃ

നാഗാ പ്രമുഖ മന്ത്രം - വിദ്യാ ഗുണത്തിന്

ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം നമോഭഗവതേ ജ്ഞാനമാർഗ്ഗയാ   അനന്തായ വേദ പ്രകാശിതായാ നമഃ ഓം ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ

അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ

1. ശാപദോഷ ശാന്തിക്ക്
ഓം ഹ്രീം നാഗരാജായ നമഃ
(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും  ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )

2. ദാരിദ്ര്യ ശാന്തിക്ക്
ഓം നാഗരാജായ  നാഗായ മുഖ്യായ പതയെ  നമഃ
(ഈ മന്ത്രം24 പ്രാവശ്യം വീതം 18  ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)

3. ആരോഗ്യസിദ്ധിക്ക്
ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം
(ഈ മന്ത്രം 36പ്രാവശ്യം വീതം 18ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )

4. വിദ്യാവിജയത്തിന്
ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ വിദ്യാ  മേ ദേഹി ദേഹി സുരേശ്വാരായ  തേ നമഃ  
(ഈ മന്ത്രം18 വീതം21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപ ആരംഭിക്കണം )

5. ദാമ്പത്യഭദ്രതക്ക്
ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ  ചൈവ രൂപായ നാഗാനന്തായ തേ നമഃ
(ഈ മന്ത്രം21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം )

അഷ്ടമംഗല്യം

അഷ്ടമംഗല്യം

എട്ടു മംഗളവസ്തുക്കൾ ചേർന്നത്: കുരവ, കണ്ണാടി, ദീപം, പൂർണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വർണം എന്നിവയാണ് അവ.

വിവാഹാദിമംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന അരി, നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവയ്ക്കും അഷ്ടമംഗല്യം എന്നു പറയാറുണ്ട്. ദൈവസങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. താഴെ പറയുന്നവ ഉൾക്കൊള്ളുന്ന തളികയാണു് സാധാരണ അഷ്ടമംഗല്യം എന്ന് പറയാറ്.

നെല്ല്
അരി
വസ്ത്രം
വിളക്ക്
അമ്പ്
വാൽകണ്ണാടി
ചൊട്ട
ചെപ്പ് (കളഭം അല്ലെങ്കിൽ കുങ്കുമം)

എട്ടു പ്രകാരത്തിലുള്ള മംഗലദ്രവ്യങ്ങൾ ഏതെല്ലാം എന്നതിനെക്കുറിച്ച് ബൃഹന്നന്ദികേശ്വര പുരാണത്തിലെ ദുർഗോത്സവ പദ്ധതിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇതനുസരിച്ചു സിംഹം, കാള, ആന, കലശം, വ്യജനം, കൊടി, ഭേരി, ദീപം എന്നിവയാണ് അവ. എന്നാൽ ശുദ്ധിതത്ത്വത്തിൽ പറയുന്നതനുസരിച്ച് ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണം, നെയ്യ്, സൂര്യൻ, ജലം, രാജാവ് എന്നിവയാണ് എട്ടു മംഗള വസ്തുക്കൾ. തന്ത്രവിഷയകമായ ക്രിയാദീപികയിൽ ശാസ്താവ്, ഗണപതി, ദുർഗ, വിഷ്ണു, ശങ്കരനാരായണൻ, ശിവൻ, സ്കന്ദൻ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കൾ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം. കണ്ണിനും കരളിനും സുഖമണയ്ക്കുന്ന ഈ വിശിഷ്ടവസ്തുക്കളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള പൗരാണിക സങ്കല്പങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമല്ല.

ഹൈന്ദവ വിവാഹങ്ങളിൽ വരനെയും വധുവിനെയും കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. വിധവകളല്ലാത്ത സ്ത്രീകളാണ്‌ അഷ്ടമംഗല്യം ഏന്തുന്നത്.

കുണ്ഡലിനിശക്തി

കുണ്ഡലിനിശക്തി

മനുഷ്യശരീരത്തില്‍ 114 ചക്രങ്ങളുണ്ട് – വാസ്‌തവത്തില്‍, അതിലും അധികമാണ്‌ അവയുടെ എണ്ണം, എങ്കിലും പ്രധാന ചക്രങ്ങള്‍ ഇത്രയാണെന്നുമാത്രം. അവയെ 114 ജംഗ്‌ഷന്‍ബോക്‌സുകളെന്നോ നാഡീസംഗമങ്ങളെന്നോ വിശേഷിപ്പിക്കാം. ഒരു ദിശാകേന്ദ്രത്തില്‍ നിന്ന് വേറൊരു ദിശാകേന്ദ്രത്തിലേക്കുള്ള ചലനം വെളിപ്പെടുത്തിക്കൊണ്ട്‌ ഇവയെ ചക്രങ്ങളെന്നോ വൃത്തങ്ങളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. വാസ്‌തവത്തില്‍, ഈ സന്ധികള്‍ എല്ലായ്‌പ്പോഴും ത്രികോണാകൃതിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 114 ചക്രങ്ങളില്‍ രണ്ടെണ്ണം ഭൌതികശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്‌. അവശേഷിക്കുന്ന 112 ചക്രങ്ങളില്‍ 108 എണ്ണത്തിന്മേല്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ബാക്കി നാലെണ്ണം ആ പ്രക്രിയയിലൂടെ വികസിച്ചുവരുന്നുവെന്നുമാത്രം.

സൌരയൂഥത്തിന്‍റെ സൃഷ്‌ടിയില്‍ 108 എന്നത്‌ സാരവത്തായ സംഖ്യയായതുകൊണ്ടാണ്‌, മനുഷ്യന്‍റെ ശാരീരികവ്യവസ്ഥയില്‍ ഈ സംഖ്യ സ്‌പഷ്‌ടമായി കാണപ്പെടുന്നത്‌. സൂര്യന്‍റെ വ്യാസവും, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും 108ന്‍റെ ഗുണിതങ്ങളാണ്‌. ചന്ദ്രന്‍റെ വ്യാസവും ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലവും 108ന്‍റെ ഗുണിതം തന്നെ. അതുപോലെതന്നെ ഭൂമിയുടെ വ്യാസവും സൂര്യന്‍റെ വ്യാസവും 108ന്‍റെ ഗുണിതമാണ്‌. വിവിധ ആധ്യാത്മികസാധനകളില്‍ സാരഗര്‍ഭമായ സംഖ്യയായി 108നെ കരുതപ്പെട്ടിരിക്കുന്നത്‌ ഈ കാരണങ്ങള്‍ കൊണ്ടാണ്‌.
ഏഴു മൌലികചക്രങ്ങള്‍

ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയ്ക്കു സ്ഥിതിചെയ്യുന്ന മൂലാധാരം, ജനനേന്ദ്രിയത്തിനു തൊട്ടുമുകളില്‍ സ്ഥിതിചെയ്യുന്ന സ്വാധിഷ്‌ഠാനം, നാഭിക്കു തൊട്ടു താഴെയുള്ള മണിപൂരകം, വാരിയെല്ലിന്‍ കൂടുകള്‍ സന്ധിക്കുന്നതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന അനാഹതം, തൊണ്ടക്കുഴിയിലുള്ള വിശുദ്ധി, പുരികങ്ങള്‍ക്കിടയില്‍ വര്‍ത്തിക്കുന്ന ആജ്ഞ, ശിരസ്സിന്‍റെ മേല്‍ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം. (പിറന്നയുടനെ ശിശുവിന്‍റെ ശിരസ്സിന്‍മേല്‍ നേര്‍ത്തൊരു പാടുകാണും) ഇവയാണ്‌ ഏഴു മൌലിക ചക്രങ്ങള്‍.

താഴ്‌ന്നതും ഉയര്‍ന്നതുമായ ശക്തികേന്ദ്രങ്ങള്‍ എന്നൊക്കെ നമുക്കു ചര്‍ച്ച ചെയ്യാനാവും, പക്ഷേ അത്തരം ഭാഷ വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയെ അടിത്തറയോടു താരതമ്യപ്പെടുത്തി നോക്കുന്നതു പോലെയാണത്‌. അടിത്തറയേക്കാള്‍ ഉല്‍കൃഷ്‌ടം മേല്‍ക്കൂരയാണോ? കെട്ടിടത്തിന്‍റെ ആധാരം എന്ന വിശേഷണത്തിന്‌ കൂടുതല്‍ യോഗ്യത അടിത്തറയ്ക്കു തന്നെ. കെട്ടിടത്തിന്‍റെ ഗുണനിലവാരവും, ആയുസ്സും, ഉറപ്പും, സുരക്ഷിതത്വവും വലിയ പരിധിവരെ നിര്‍ണ്ണയിക്കുന്നത്‌ അതിന്‍റെ അടിത്തറയാണ്‌, മേല്‍ക്കൂരയല്ല, പക്ഷേ, ഭാഷാപ്രയോഗത്തിന്‍റെ തലത്തില്‍ വരുമ്പോള്‍ മേല്‍ക്കൂര ഉയര്‍ന്നതും അടിത്തറ താഴ്‌ന്നതുമാണ്‌.

നിങ്ങളുടെ ഊര്‍ജം പ്രബലമായി നില്‍ക്കുന്നത്‌ മൂലാധാരത്തിലാണെങ്കില്‍ സ്വന്തം ജീവിതത്തില്‍ പ്രബലമായ കാര്യങ്ങള്‍ ഭക്ഷണവും നിദ്രയുമായിരിക്കും. ഒന്നിലധികം മാനങ്ങളുണ്ട്‌ ഈ ചക്രങ്ങള്‍ക്ക്‌. ഒന്ന് ഭൌതികാത്മികമാണ്‌, അതേസമയം, അവയ്ക്ക്‌ ആധ്യാത്മികമാനം കൂടിയുണ്ട്‌. അതുകൊണ്ടുതന്നെ, അവയെ പാടേ പരിവര്‍ത്തനവിധേയമാക്കാനാവുമെന്ന് സാരം. ഉദാഹരണമായി ഭക്ഷണവും നിദ്രയും കാംക്ഷിക്കുന്ന അതേ മൂലാധാരത്തിന്‌ ആഗ്രഹങ്ങളില്‍ നിന്ന് പാടേ മുക്തമാകുവാനും കഴിയും – പൂര്‍ണമായ അവബോധമുണ്ടായാല്‍.
ക്ഷേത്രങ്ങള്‍

ഈ ചക്രങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പംതന്നെ, അവ നിഗൂഡമായൊരു രീതിയില്‍ വ്യക്തമാകുന്നുമുണ്ട്‌. ചക്രങ്ങളുടെ ഈ സ്‌പഷ്‌ടീകരണത്തേയാണ്‌ (manifestation) ക്ഷേത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം, ഒരാള്‍ അധിവസിക്കുന്ന ഇടം എന്നതാണ്‌. ഇപ്പോള്‍, നിങ്ങള്‍ ഇവിടെയായിരിക്കാം, എന്നാല്‍ നിങ്ങളുടെ സ്ഥിരതാമസം മറ്റെവിടെയോ ആണ്‌. അതുപോലെത്തന്നെ ബാഹ്യക്ഷേത്രങ്ങളും അന്തര്‍ക്ഷേത്രങ്ങളുമുണ്ട്‌ – ഭവനങ്ങളു൦, ഒഴിവുദിനഭവനങ്ങളും എന്നതുപോലെ

വീട്ടിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു വിധത്തിലായിരിക്കും പെരുമാറുക, അപ്പോള്‍ ലൌകിക കാര്യങ്ങള്‍ക്കാവും നിങ്ങളുടെ സമയത്തിനും ജീവിതത്തിനും മുന്‍തൂക്കം. എന്നാല്‍ ഒഴിവുദിന ഭവനത്തിലെത്തിയാല്‍ ലൌകിക കാര്യങ്ങള്‍ നിങ്ങളുടെ സത്തയെ അങ്ങനെ അപഹരിക്കില്ല, കുറെക്കൂടി ചൈതന്യവത്തായ നിലനില്‍പാണിത്‌.

പര്‍വ്വതപ്രദേശങ്ങളിലെ താമസം കൂടുതല്‍ ചൈതന്യവത്തായ അസ്‌തിത്വമായിരിക്കുമെന്നാണ്‌ വയ്‌പ്‌, അത്‌ ശരീരത്തെ ക്ലേശിപ്പിക്കുന്നതാണെങ്കില്‍ക്കൂടി. സ്വഗൃഹത്തിലെ വാസംതന്നെയാണ് ഏതുവിധേനയും കുറച്ചുകൂടി സ്വസ്ഥമായിട്ടുള്ളത്‌. പലരും ലൌകികതയെല്ലാം വിട്ടെറിഞ്ഞിട്ടും, സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത്‌ അത്‌ അനായാസമായതുകൊണ്ടു മാത്രമാണ്‌, സുഖസൌകര്യങ്ങള്‍ക്കു വേണ്ടിയല്ല. അതേ സമയം, സ്വന്തം വീട്ടില്‍നിന്നും അകലെയായിരിക്കുമ്പോഴും, മറ്റൊരു ഗൃഹാന്തരീക്ഷം തേടിപ്പോകുവാന്‍ കാരണം, അപ്പോഴും വീടിന്‍റ സുഖസൌകര്യങ്ങള്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടുതന്നെ. നേരെമറിച്ച്, സ്വഗൃഹത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതേസമയം കൂടുതല്‍ ചൈതന്യവത്തായ ഒരസ്‌തിത്വം വേണം താനും, അങ്ങിനെയൊരവസ്ഥ വരുമ്പോളാണ് ഒരു വ്യക്തി ആശ്രമം പോലെയുള്ളയിടങ്ങള്‍ തേടിപ്പോകുന്നത്. അതിനൊക്കെ വേണ്ടിത്തന്നെയാണ്‌ നിങ്ങളുടെ തന്നെയുള്ളിലുള്ള അന്തര്‍ക്ഷേത്രം നിങ്ങള്‍ക്കായി ഈശ്വരന്‍ ഒരുക്കിവച്ചിരിക്കുന്നതെന്നകാര്യം ഒരുപക്ഷേ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍, ലൌകീകതയില്‍ വലിയ താല്‍പര്യമൊന്നുമില്ലാതെ അന്തര്‍ക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തില്‍ കഴിയാം, അതു ലൌകികം. എപ്പോള്‍ വീട്ടിലേക്കു ( ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുന്വോള്‍ തിരികെ നടക്കാം.

രണ്ടാമത്തെ ചക്രമാണ്‌ സ്വാധിഷ്‌ഠാനം. ഊര്‍ജം പ്രബലമാവുന്നത്‌ സ്വാധിഷ്‌ഠാനത്തിലാണെങ്കില്‍ സുഖങ്ങള്‍ക്കാവും ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുക, നിങ്ങള്‍ സുഖങ്ങളെ തേടിപ്പോവും. ശരീരത്തിന്‍റ യാഥാര്‍ത്ഥ്യത്തെ പല രീതിയില്‍ ആസ്വദിക്കാനാഗ്രഹിക്കും . ഊര്‍ജം പ്രബലമാവുന്നത്‌ മണിപൂരകത്തിലാണെങ്കില്‍ കര്‍മ്മനിരതനാവും, ഈ ലോകത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. ഊര്‍ജം അനാഹത ചക്രത്തെ കേന്ദ്രീകരിച്ചാണ്‌ നില്‍ക്കുന്നതെങ്കില്‍ എന്തും പരിത്യജിക്കാന്‍ തയ്യാറായ വ്യക്തിയായിത്തീരും. ഊര്‍ജം വിശുദ്ധി ചക്രത്തില്‍ പ്രബലമാവുമ്പോള്‍ കരുത്തനായി മാറുന്നു. ഊര്‍ജം പ്രബലമാവുന്നത്‌ ആജ്ഞയിലാണെങ്കില്‍, അഥവാ, ആജ്ഞയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബുദ്ധിതലത്തില്‍ സാക്ഷാത്കാരം നേടിക്കഴിഞ്ഞു. ആ ബൌദ്ധികസാക്ഷാത്‌കാരം ശാന്തി പകര്‍ന്നുതരും, അനുഭവതലത്തില്‍ അക്കാര്യം ഇനിയും സംഭവിച്ചിട്ടില്ലെന്നുമാത്രം. ബൌദ്ധികസാക്ഷാത്കാരം കൈവന്നു കഴിഞ്ഞാല്‍, ബാഹ്യസംഭവങ്ങളൊന്നും ഏശാത്തവിധം, ഉള്ളില്‍ ശാന്തിയുടെയും സ്വൈര്യത്തിന്‍റേയും സ്‌ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ടാവും. ഊര്‍ജം സഹസ്രാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ചമാതിരി ഒരുതരം ഹര്‍ഷോന്മാദത്തിലായിരിക്കും. ബാഹ്യപ്രചോദനങ്ങളൊന്നും ഉണ്ടാവില്ല, ഒരു കാരണവുമില്ലാതെ നിങ്ങള്‍ ഉന്മാദലഹരിയിലായിത്തീരും – ശക്തികള്‍ മൂര്‍ധന്യത്തില്‍ എത്തിയതുതന്നെ കാരണം.
മൌലികമായി, ഏതു ആധ്യാത്മീകരീതിയും മൂലാധാരത്തില്‍നിന്നും സഹസ്രാരത്തിലേക്കുള്ള യാത്രയാണെന്നു പറയാം. ഇത്‌ ഒരു ദിശയില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമമാണ്‌. തീവ്രശ്രദ്ധയുടെ ഏഴു വ്യത്യസ്‌തവിതാനങ്ങള്‍ മാത്രമാണിവ. ശക്തികളെ മൂലാധാരത്തില്‍നിന്ന് ആജ്ഞയിലേക്ക്‌ എത്തിക്കാന്‍ നിരവധി ആധ്യാത്മികപ്രക്രിയകളും വഴികളുമുണ്ട്‌. പക്ഷേ ആജ്ഞയില്‍ നിന്നു സഹസ്രാരത്തിലെത്താന്‍ ഒരു വഴിയുമില്ല, കൃത്യമായൊരു വഴിയുമില്ല – അതിന്‌ നാം എടുത്തു ചാടുകയോ അടികാണാക്കുണ്ടിലേക്ക്‌ പതിക്കുക്കയോ ചെയ്യണം. ഇതാണ്‌ മേലേക്കുള്ള പതനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. മേലേക്ക്‌ പതിക്കാന്‍ (to fall upward) തയ്യാറല്ലെങ്കില്‍ അവിടെയെത്താന്‍ സാധ്യതയില്ല എന്നാണ്‌ യോഗമാര്‍ഗ്ഗം പറയുന്നത്‌.

അതുകൊണ്ടാണ്‌ ആധ്യാത്മികരെന്നു വിളിക്കപ്പെടുന്ന പലരും ശാന്തിയാണ്‌ ഏറ്റവും ഉയര്‍ന്ന സാധ്യത എന്ന നിഗമനത്തിലെത്തിയിട്ടുള്ളത്‌. അവര്‍ ആജ്ഞാചക്രത്തില്‍ കുടുങ്ങി നില്‍ക്കുകയാണെന്നതുതന്നെ കാരണം. ശാന്തിയല്ല ഉന്നത സാധ്യത, അതിനപ്പുറവും സാധ്യതകളുണ്ട്‌. അത്യുന്നതത്തിലുള്ള ആനന്ദലഹരിയിലെത്താനാകാന്‍ കഴിയണം, നിങ്ങളുടെ ധാരണയിലും അനുഭവത്തിലും ലോകം മുഴുവന്‍ വലിയൊരു തമാശയായി മാറുംവിധം ആഹ്‌ളാദത്തിമിര്‍പ്പിലെത്താന്‍ കഴിയണം. അപ്പോള്‍ എല്ലാവരും വലിയ ഗൌരവത്തോടെ കാണുന്ന കാര്യങ്ങളെല്ലാം നിങ്ങളെ സംബന്ധിച്ചിടത്തോളം വെറും തമാശയായിത്തീര്‍ന്നിരിക്കും.

ആളുകള്‍ ആജ്ഞയില്‍ എത്തിയിട്ട്‌ അടുത്തയൊരു കടമ്പ കടന്നുകിട്ടാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വേണ്ടിമാത്രം ഏറെക്കാലം അവിടെത്തന്നെ നിന്നുപോവുന്നു. ആധ്യാത്മിക പാരമ്പര്യങ്ങളില്‍ ഗുരുശിഷ്യബന്ധത്തിന്‌ എപ്പോഴും ഏറെ ഊന്നല്‍ നല്‍കിപ്പോന്നത്‌ അതുകൊണ്ടാണ്‌, ഗുരുവില്‍ ഗാഢവിശ്വാസമില്ലാതെ, ഗുരുവില്‍ സമര്‍പ്പണബോധമില്ലാതെ, ഈ കടമ്പ ചാടിക്കടക്കാനാവില്ല. 90% ആളുകള്‍ക്കും ഈ സമര്‍പ്പണബോധം കൂടിയേതീരു. അല്ലാതെ ആജ്ഞാചക്രത്തിനപ്പുറത്തേക്കു പോകാനാവില്ല. അതുകൊണ്ടാണ്‌ ഈ ബന്ധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌. ഗുരുവില്‍ ദൃഢവിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറുപുറം കാണാനാവില്ല