ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 October 2018

ഈഢ, പിംഗള, സുഷ്‌മന

ഈഢ, പിംഗള, സുഷ്‌മന

നമ്മുടെ ശരീരത്തിലെ ഊര്‍ജവാഹിനികളാണ്‌ നാഡികള്‍. ഈഢയും പിംഗളയും സുഷ്‌മനയുമാണ്‌ മൂലനാഡികള്‍. നട്ടെല്ലിന്റെ രണ്ടറ്റങ്ങളിലായി രണ്ടുദ്വാരങ്ങളുണ്ട്. എല്ലാ നാഡികളും കടന്നുപോകുന്നത്‌ ഈ നാളങ്ങളില്‍കൂടിയാണ്‌. ഇടത്തും വലത്തുമായിട്ടുളള നാഡികളാണ്‌ ഈഡയും, പിംഗളയും.

പ്രാണമയകോശത്തില്‍ 72,000 നാഡികളുണ്ട്‌. ഈ നാഡികളെല്ലാം ഉത്ഭവിക്കുന്നത്‌ മേല്‍പ്പറഞ്ഞ മൂന്ന്‍ നാഡികളില്‍ നിന്നാണ്‌. അവയാണ്‌ മൂലനാഡികള്‍. ഇടതു വശത്ത്‌ ഈഡ, വലതുവശത്തായി പിംഗള, നടുവിലുളളത്‌ സുഷ്‌മന. നാഡി എന്നുപറയുമ്പോള്‍, കേവലം ഞരമ്പ്‌ എന്ന്‍ അര്‍ത്ഥമാക്കരുത്‌, ശരീരത്തില്‍ പ്രാണനു സഞ്ചരിക്കാനുളള വഴികളാണ്‌ നാഡികള്‍. ഈ 72000 നാഡികളും നമ്മുടെ ദൃഷ്‌ടിക്കു ഗോചരമല്ല, അതായത്‌ നമ്മുടെ ശരീരം കീറിമുറിച്ചു നോക്കിയാല്‍ കാണാവുന്നതല്ല ഈ നാഡികള്‍, എന്നാല്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, ബോധപൂര്‍വ്വം ശ്രദ്ധിച്ചാല്‍, പ്രാണസഞ്ചാരം എന്നത്‌ ഒരു ഭ്രമണവുമില്ലാതെ എങ്ങനെയോ നടക്കുന്ന ഒന്നല്ല എന്നത് നമുക്ക് മനസ്സിലാക്കാനാവും. അത്‌ സഞ്ചരിക്കുന്നത്‌ കൃത്യമായ വഴികളിലൂടെ, കൃത്യമായ ഭ്രമണത്തിലാണ്‌. പ്രാണന്‌ സഞ്ചരിക്കാന്‍ നമ്മുടെ ശരീരത്തില്‍ 72000 വ്യത്യസ്‌തമായ വഴികളുണ്ട്‌. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ്‌ ജീവന്‍ യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത്‌,  ജീവിതം ആരംഭിക്കുന്നത്‌.

പ്രകൃതിയിലെ ദ്വന്ദഭാവങ്ങളെയാണ്‌ ഈഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്‌. ശിവനും ശക്തിയുമെന്ന്‍ നമ്മള്‍ പരമ്പരയായി പറഞ്ഞു വരുന്നു. വേണമെങ്കില്‍ സ്‌ത്രീശക്തിയെന്നും, പുരുഷശക്തിയെന്നും പറയാം. ഒന്ന്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുളള യുക്തിബോധമാണ്‌, മറ്റേത്‌ സ്വാഭാവികമായിട്ടുളള ഉള്‍ക്കാഴ്‌ചയും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രണ്ടു ദ്വന്ദഭാവങ്ങളും കൂടാതെ പ്രകൃതിക്കു നിലനില്‍പില്ല. ആരംഭത്തില്‍ എല്ലാം ഒന്നുമാത്രമായിരുന്നു, രണ്ടുണ്ടായിരുന്നില്ല. എന്നാല്‍ സൃഷ്‌ടി അതിന്‍റേതായ കര്‍മ്മം ആരംഭിച്ചതോടെ ദ്വന്ദഭാവവുമുണ്ടായി.

ഇവിടെ ‘പുരുഷന്‍, സ്‌ത്രീ’ എന്നുപറയുന്നത്‌ സാമാന്യരീതിയിലുളള ലിംഗഭേദം പരിഗണിച്ചുകൊണ്ടല്ല, പ്രകൃതിയുടെ ചില സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ അവയില്‍ ചിലത്‌ വ്യക്തമായും സ്‌ത്രൈണമാണ്‌, ചിലത്‌ തീര്‍ത്തും പൌരുഷമാര്‍ന്നതും. നിങ്ങള്‍ പുരുഷനായി ജനിച്ചാലും, ഈഡാ നാഡിയാണ്‌ പ്രബലമെങ്കില്‍ നിങ്ങളില്‍ സ്‌ത്രൈണഗുണമാണ്‌ മുന്നിട്ടുനില്‍ക്കുക. അതുപോലെ ജനിച്ചത്‌ സ്‌ത്രീയായിട്ടാണെങ്കിലും പ്രാമുഖ്യം പിംഗളയ്ക്കാണെങ്കില്‍ പ്രകടമായിരിക്കുക പുരുഷഗുണങ്ങളായിരിക്കും.
ഉള്ളിലുളള ഈഡ – പിംഗള ശക്തികളെ ശരിയായി സമുന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സാധിച്ചാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെ കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യംചെയ്യാനും സാധിക്കും. മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന സുഷ്‌മന എപ്പോഴും നിദ്രാവസ്ഥയിലാണ്‌. എന്നാല്‍ ഒരു ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാഡി സുഷ്‌മന തന്നെയാണ്‌. പ്രാണന്‍ സുഷ്‌മനയിലേക്കെത്തുമ്പോള്‍ മാത്രമാണ്‌ ശരിയായ അര്‍ത്ഥത്തില്‍ ജീവന്‍ പ്രകടമാവുന്നത്‌

നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ

നാഗദൈവങ്ങൾക്കുള്ള വഴിപാടുകൾ

1) - വെള്ളരി:

നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങല്ലരി, നാളികേരം എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.

2) - നൂറുംപാൽ:

മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർന്ന മിശ്രിതമാണ് നൂറുംപാൽ. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.

3) - സർപ്പരൂപപൂജ:

നിത്യപൂജയിൽ ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപപൂജ.

4) - ആയില്യപൂജ:

നാഗദൈവങ്ങളുടെ പ്രധാന നക്ഷത്രമാണ് ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും ഇവിടെ നടക്കുന്നു. മൂന്നുതവണ മുടങ്ങാതെ (വർഷത്തിൽ ഒന്ന്) ആയില്യപൂജ നടത്തുന്നത് സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ സർവവിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈവരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും സർവഭീഷ്‌ടസിദ്ധിക്കും സന്താനലബ്‌ധിക്കും സർവൈശ്വര്യത്തിനും പ്രാർഥിക്കാനായി മാസംതോറുമുള്ള ആയില്യപൂജയ്‌ക്ക് അയൽ സംസ്‌ഥാനങ്ങളിൽനിന്നുപോലും ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.

5) - പ്രത്യേക ആയില്യപൂജ:

ആയില്യം നാളിലല്ലാതെ ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

6) - സർപ്പദോഷ പരിഹാരപൂജ:

സർപ്പദോഷ പരിഹാരാർഥം ദോഷത്തിൽനിന്നു നിവൃത്തികിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാരപൂജ. ജ്യോത്സ്യവിധിപ്രകാരം മാത്രമേ സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമിച്ചു കൊണ്ടുവന്നു നടയ്‌ക്കുവച്ചുവേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല. പാവപ്പെട്ട ഭക്‌തരെ ഉദ്ദേശിച്ചാണിത്. ഇത്ര തൂക്കത്തിൽ വേണം എന്ന് ചില ജ്യോത്സ്യന്മാരും നമ്പൂതിരിമാരും പറയാറുണ്ട്. അതിൽ കാര്യമില്ല. നിർമിച്ചുവച്ച കമ്പനി നിർമിതമായ സാധനങ്ങൾ യഥാർഥമാവില്ല. ശുദ്ധമായ ലോഹത്തിൽ നാട്ടിൻപുറത്തുള്ള സ്വർണപ്പണിക്കാരിൽനിന്നു പറഞ്ഞുണ്ടാക്കുന്നതായിരിക്കും ഫലപ്രദം. ഈ പൂജ നടത്താൻ പ്രശ്‌നച്ചാർത്ത് കാണിക്കുകയോ അല്ലെങ്കിൽ വിവരങ്ങൾ വിശദമായി ധരിപ്പിക്കുകയോ വേണം.

7) - സർപ്പപ്പാട്ട്:

സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്

8) - സർപ്പബലി, പായസഹോമം: നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപനപ്രകാരമാണ് സർപ്പങ്ങളെ സ്‌ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക ചില സ്‌ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്‌ഠ നടത്തുകയും കൊല്ലംതോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് പരശുരാമചരിതത്തിൽ പറയുന്നു.

9) - കാവ് ആവാഹനം:
ഹൈന്ദവ തറവാടുകളോടു ചേർന്നുകിടക്കുന്ന പാമ്പുംകാവുകളും അവിടെ നാഗദൈവങ്ങൾക്ക് കാരണവന്മാർ നടത്തിപ്പോന്നിരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ തറവാട്ടിലെ നാഗങ്ങളെ നാഗരാജ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന് നിത്യവും പൂജയും കർമങ്ങളും നൽകി ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്‌താൽ ആ തറവാട്ടിലെ (കുലത്തിലെ) ഓരോ കണ്ണികൾക്കും സർപ്പദോഷം തീർന്ന് നാഗദൈവങ്ങൾ സത്സന്താന ലബ്‌ധിക്കും സമ്പത്സമൃദ്ധിക്കും സർവൈശ്വര്യത്തിനും കടാക്ഷിക്കുമെന്നാണ് വിശ്വാസം.

പാമ്പാടി ശ്രീ നാഗരാജ ക്ഷേത്രത്തിലേക്ക് തറവാടുകളിലെ പാമ്പുംകാവുകളെ ആവാഹിച്ചു കൊണ്ടുവരുമ്പോൾ ക്ഷേത്ര ഊരാളന്മാരും തന്ത്രിയും ചേർന്ന് ആ തറവാട്ടിൽ ചെന്ന് മുടങ്ങിക്കിടന്നിരുന്ന പൂജകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിവൃത്തി വരുത്തി പൂജ നടത്തിയശേഷം പ്രാർഥിക്കുന്നു: ‘നാഗദൈവങ്ങൾ പ്രസാദിക്കണം, ഞങ്ങൾ സന്തോഷത്തോടെ പാമ്പാടി ശ്രീ പാമ്പുംകാവിലേക്ക് ആവാഹിക്കുന്നു. ഇന്നുമുതൽ മുടങ്ങാതെ പൂജ നടത്തിക്കൊള്ളാം’ എന്നു സത്യം ചെയ്‌ത് പ്രാർഥിക്കുന്നു.

സ്വർണം, വെള്ളി വിഗ്രഹങ്ങളിലേക്കാണ് ആവാഹനം നടത്താറുള്ളത്. ഈ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജ നടത്തുമ്പോൾ ഈ തറവാട്ടിലെ പാമ്പുംകാവിലെ നാഗഗണങ്ങൾ നാഗരാജ ക്ഷേത്രത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. ഇതിന് മുൻകൂട്ടി ക്ഷേത്രത്തിൽ വിവരം ലഭിക്കണം. ജ്യോത്സ്യവിധിപ്രകാരം മാത്രമേ പാമ്പാടി ശ്രീ പാമ്പുംകാവിൽ കാവ് ആവാഹനം സ്വീകരിക്കാറുള്ളൂ. ഇങ്ങനെ ആവാഹനം നടത്തിയാലും വർഷത്തിൽ ഒരിക്കലെങ്കിലും ഈ തറവാട്ടുകാർ ക്ഷേത്രത്തിൽ വന്ന് തൊഴുതു പ്രാർഥിക്കണം. സാധ്യമെങ്കിൽ വർഷത്തിൽ പൂജ നടത്തി വെള്ളരിയിട്ട് പാമ്പുംകാവുകളെ തറവാട്ടിൽത്തന്നെ നിലനിർത്തുന്നതാണ് ഉത്തമം..

ആയുധപൂജയുടെ രഹസ്യലോകം

ആയുധപൂജയുടെ രഹസ്യലോകം

നവരാത്രിയിലെ പ്രത്യേകതകളില്‍ ഒന്ന് ആയുധപൂജയാണ്. എന്താണ് ആയുധപൂജയുടെ രഹസ്യം? തത്ത്വചിന്താപരമായ കേവലകാഴ്ചപ്പാട് മാത്രമല്ല ആയുധപൂജ. മറിച്ച്, ഭാവനയും വിശ്വാസവും കര്‍മമേഖലയില്‍ അത്യുന്നതമായ സിദ്ധികൈവരിക്കുന്നതിന് എങ്ങനെ പ്രായോഗികമായി വിനിയോഗിക്കാമെന്നതിന്റെ നേര്‍ചിത്രമാണത്.

ഏതുജോലിയും തപസ്സായി കാണുന്നവരാണ് പ്രാചീന ഋഷിമാര്‍. എഴുത്തും വായനയും നൃത്തവും സംഗീതവുമെല്ലാം സാധനയാണ്. താന്‍ ഏര്‍പ്പെടുന്ന കര്‍മലോകത്തെ ജഗദീശ്വരനിലേക്ക് അനുപ്രവേശിക്കാനുള്ള സാധനാമാര്‍ഗമായി അവര്‍ കണ്ടു. ഏത് കര്‍മമേഖലയില്‍പ്പെട്ടവനും തപസ്സുചെയ്യാം. തന്റെ കര്‍മമണ്ഡലത്തിലൂടെതന്നെ മോക്ഷം പ്രാപിക്കുകയും ചെയ്യാം. മുക്തിനേടാന്‍ കര്‍മം വെടിയേണ്ട ആവശ്യമേയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞപോലെ കര്‍മംചെയ്യാതെ ഒരുനിമിഷംപോലും ആര്‍ക്കും നില്‍ക്കാനാവില്ല. അതിനാല്‍ കര്‍മത്തില്‍ മുഴുകിത്തന്നെ പരമഗതി പ്രാപിക്കുന്നതിനുള്ള വഴി തേടണം.

കര്‍മമേഖലയും അവിടത്തെ ദിവ്യഭാവങ്ങളും സ്വശരീരാന്തര്‍ഗതങ്ങളായ ദേവതകളും അവയ്ക്കിടയിലുള്ള ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ചേര്‍ന്നുള്ള അദൃശ്യമായ പാരസ്പര്യമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഋഷിമാര്‍ കണ്ടെത്തി. നര്‍ത്തകിക്ക് നാദവുമായുള്ള പരസ്പരബന്ധം പൂര്‍ണമാകുന്നത് ചിലങ്കയിലൂടെയാണ്. എഴുത്തുകാരന്റെ പാരസ്പര്യം പൂര്‍ണമാകുന്നത് തൂലികയിലൂടെയും പുസ്തകത്തിലൂടെയുമാണ്. മന്ത്രസാധകന്റെ പാരസ്പര്യം മന്ത്രവും മരംവെട്ടുകാരന്റേത് മഴുവുമാണ്.

വിജയകരമായ കര്‍മസിദ്ധിക്ക് തന്റെ ആയുധങ്ങളും ഉപകരണങ്ങളും തമ്മില്‍ ഒരു പാരസ്പര്യം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തി. ഈ വിശേഷമായ പാരസ്പര്യം ആര്‍ക്കുണ്ടോ അവര്‍ കര്‍മ കുശലന്മാരായിരിക്കും. കവികളും ക്രാന്തദര്‍ശികളും കര്‍മശ്രേഷ്ഠരുമെല്ലാം ഈ സാമരസ്യം അറിഞ്ഞവരാണ്. ഇതിനെ ദേവതാപ്രസാദമെന്ന് അവര്‍ വിളിച്ചു. ഉടമയുടെ അനുവാദമില്ലാതെ ഉപകരണങ്ങളിലൊന്നും തൊടുകപോലും ചെയ്യരുതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ സാമരസ്യമാണ്. കാളിദാസന്‍പോലും തൂലിക കൈമാറരുതെന്ന് ഓര്‍മിപ്പിച്ചത് കാണുക.

ഈദൃശമായ ദേവതാപ്രസാദത്തെ അനുഭൂതിതലത്തില്‍ സാക്ഷാത്കരിക്കലാണ് നവരാത്രിയിലെ ആയുധപൂജ. പണിയായുധങ്ങളും ഉപകരണങ്ങളുമെല്ലാം പരമേശ്വരിക്കായി സമര്‍പ്പിച്ച് അവയുടെ ദിവ്യത തന്റെ കര്‍മമണ്ഡലത്തെ ദീപ്തമാക്കുമെന്ന അടിയുറച്ച അനുഭൂതിയാണ് ആയുധപൂജയിലൂടെ നാം നേടുന്നത്.

ഈ പൂജാസമര്‍പ്പണത്തിലൂടെ ശരീരാന്തര്‍ഗതങ്ങളായ ദിവ്യകലാവിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവതമ്മിലുള്ള അതിസൂക്ഷ്മമായ ദേവതാ പ്രസാദവും ഉറവയെടുക്കുമെന്നറിയുക. സൂക്ഷാതിസൂക്ഷ്മമായ ദേവതാപ്രസാദത്തെ അവര്‍ സരസ്വതി എന്നുവിളിച്ചു. വരദയായ, സര്‍വാഭീഷ്ടങ്ങളെയും സാധിപ്പിച്ചിട്ടുതരുന്ന സരസ്വതിയെ വിദ്യാരംഭത്തില്‍ സ്മരിക്കുകയാണ് ഭക്തന്‍. ആ സരസ്വതി സര്‍വസിദ്ധികളും കര്‍മമണ്ഡലത്തില്‍ നമുക്കായി പ്രദാനംചെയ്യും.

നാഗരാജ അഷ്ടോത്തര ശത നാമാവലി

നാഗരാജ അഷ്ടോത്തര ശത നാമാവലി

ഓം അനന്തായ നമഃ |
ഓം വാസുദേവാഖ്യായ നമഃ |
ഓം തക്ഷകായ നമഃ |
ഓം വിശ്വതോമുഖായ നമഃ |
ഓം കാർക്കോടകായ നമഃ |
ഓം മഹാപത്മായ നമഃ |
ഓം പത്മായ നമഃ |
ഓം ശംഖായ നമഃ |
ഓം ശിവപ്രിയായ നമഃ |
ഓം ധൃതരാഷ്ട്രായ നമഃ | 10

ഓം ശംഖപാലായ നമഃ |
ഓം ഗുളികായ നമഃ |
ഓം സർപ്പനായകായ നമഃ |
ഓം ഇഷ്ടദായിനേ നമഃ |
ഓം നാഗരാജായ നമഃ |
ഓം പുരാണായ നമഃ |
ഓം പുരുഷായ നമഃ |
ഓം അനഘായ നമഃ |
ഓം വിശ്വരൂപായ നമഃ |
ഓം മഹീധാരിണേ നമഃ | 20

ഓം കാമദായിനേ നമഃ |
ഓം സുരാർച്ചിതായ നമഃ |
ഓംകുന്ദപ്രദായ നമഃ |
ഓം ബഹുശിരസേ നമഃ |
ഓം ദക്ഷായ നമഃ |
ഓം ദാമോദരായ നമഃ |
ഓം അക്ഷരായ നമഃ |
ഓം ഗണാധിപതായ നമഃ |
ഓം മഹാസേനായ നമഃ |
ഓം പുണ്യമൂർത്തയേ നമഃ | 30

ഓംഗണപ്രിയായ നമഃ |
ഓം വരപ്രദായ നമഃ |
ഓം വായു ഭക്ഷായ നമഃ |
ഓം വിശ്വധാരിണേ നമഃ |
ഓം വിഹംഗമായ നമഃ |
ഓം പുത്രപ്രദായ നമഃ |
ഓം പുണ്യരൂപായ നമഃ |
ഓം പന്നഗേശായ നമഃ |
ഓം ബിലേശായ നമഃ |
ഓം പരമേഷ്ഠിനേ നമഃ | 40

ഓം പശുപതയേ നമഃ |
ഓം ഭവനാശിനേ നമഃ |
ഓം ബാലപ്രദായ നമഃ |
ഓം ദാമോദരായ നമഃ |
ഓം ദൈത്യഹന്ത്രേ നമഃ |
ഓം ദയാരൂപായ നമഃ |
ഓം ധനപ്രദായ നമഃ |
ഓം മതിദായിനേ നമഃ |
ഓം മഹാമായിനേ നമഃ |
ഓം മധുവൈരിണേ നമഃ | 50

ഓം മഹോരഗായ നമഃ |
ഓം ഭുജഗേശായ നമഃ |
ഓം ഭീമരൂപായ നമഃ |
ഓം ഭയാപഹൃതേ നമഃ |
ഓം ശുക്ലരൂപായ നമഃ |
ഓം ശുദ്ധദേഹായ നമഃ |
ഓംശോകഹാരിണേ നമഃ |
ഓം ശുഭപ്രദായിനേ നമഃ |
ഓം സന്താനദായിനേ നമഃ |
ഓം സർപ്പരൂപായ നമഃ | 60

ഓം സർപ്പേശായ നമഃ |
ഓം സർവ്വദായിനേ നമഃ |
ഓം സരീസ്യപായ നമഃ |
ഓം ലക്ഷ്മീകരായ നമഃ |
ഓം ലാഭദായിനേ നമഃ |
ഓം ലലീതായ നമഃ |
ഓം ലക്ഷ്മണാകൃതയേ നമഃ |
ഓം ദയാരാശയേ നമഃ |
ഓം ദാശരഥയേ നമഃ |
ഓം ദൈത്യഹന്ത്രേ നമഃ | 70

ഓം ദമാശ്രയായ നമഃ |
ഓം രമ്യരൂപായ നമഃ |
ഓം രാമഭക്തായ നമഃ |
ഓം രണധീരായ നമഃ |
ഓം രതിപ്രദായ നമഃ |
ഓം സൗമിത്രയേ നമഃ |
ഓം സോമസംകാശായ നമഃ |
ഓം സർപ്പരാജായ നമഃ |
ഓം സതാം പ്രിയായ നമഃ |
ഓം കർസുരായ നമഃ | 80

ഓം കാമ്യഫലദായ നമഃ |
ഓം കിരീടിനേ നമഃ |
ഓം കിന്നരാർച്ചിതായ നമഃ |
ഓം പാതാളവാസിനേ നമഃ |
ഓം പരായ നമഃ |
ഓം ഫണാമണ്ഡലമണ്ഡിതായ നമഃ |
ഓം ബാഹുലേയായ നമഃ |
ഓം ഭക്തിനിധയേ നമഃ |
ഓം ഭൂമിധാരിണേ നമഃ |
ഓം ഭവപ്രിയായ നമഃ | 90

ഓം നാരായണായ നമഃ |
ഓം നാഗരാജായ നമഃ |
ഓം നാനാരൂപായ നമഃ |
ഓം നാഥപ്രിയായ നമഃ |
ഓം കാകോദരായ നമഃ |
ഓം കാമ്യരൂപായ നമഃ |
ഓം കല്യാണായ നമഃ |
ഓം കാമിതാർത്ഥദായിനേ നമഃ |
ഓം ഹതാസുരായ നമഃ |
ഓം ഹല്യഹീനായ നമഃ | 100

ഓം ഹർഷദായ നമഃ |
ഓം ഹരഭൂഷണായ നമഃ |
ഓം ജഗദാദയേ നമഃ |
ഓം ജരാഹീനായ നമഃ |
ഓം ജാതിശൂന്യായ നമഃ |
ഓം ജഗന്മയായ നമഃ |
ഓം വന്ധ്യത്വദോഷശമനായ നമഃ |
ഓം പുത്രപൗത്രഫലപ്രദായ നമഃ | 108

|| ഇതീ ശ്രീ നാഗരാജ അഷ്ടോത്തര ശതനാമവലീ സംപൂര്ണമ് 

മണ്ണാറശാല ആയില്യം

മണ്ണാറശാല ആയില്യം

കാടു മനുഷ്യന് ആത്മീയമായ ഒരോർമയാണ്. പൂർവപിതാക്കൻമാർ സഹസ്രാബ്ദങ്ങൾ വസിച്ച കാട് ഓരോ വ്യക്തിയും ഉള്ളിൽ വഹിക്കുന്നുണ്ട്. സസ്യജന്തുജാല വൈവിധ്യം ആരാധിക്കപ്പെടുന്ന സർപ്പക്കാവുകൾ പകരുന്ന ആത്മീയാനുഭവവും ഇതാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കു വന്നെത്തുന്ന ഓരോ ഭക്തനും മടങ്ങുന്നതു പുതിയൊരു പരിസ്ഥിതി ബോധ്യവുമായാണ്. കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ ആശ്രമാന്തരീക്ഷം പകരുന്ന തിരിച്ചറിവ് പച്ചപ്പിൽ പൊതിഞ്ഞ വിശ്വാസം 14 ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും.

ക്ഷേത്രദർശനത്തോളം പ്രധാനമാണു കാവുകളിൽ വണങ്ങുന്നതും. പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. ഇവിടെ ഒടിഞ്ഞു വീഴുന്ന മരങ്ങൾ പോലും വിറകിനെടുക്കാതെ മണ്ണോടു ചേരാൻ അനുവദിക്കണമെന്നാണു വിശ്വാസം. പാലുള്ള മരങ്ങളാണു സർപ്പക്കാവുകളിൽ പ്രധാനം. പാല, മരോട്ടി, ചൂണ്ടപ്പന, പൈൻ, കരിഞ്ഞോട്ട, ഇയ്യോലി, പൊന്നാമ്പൈൻ, ആഞ്ഞിലി, വല്ലഭം, ചാര് തുടങ്ങിയവയെല്ലാം കാവുകളിൽ നിറയുന്നു. സർപ്പങ്ങൾക്കൊപ്പം കാവ് ആവാസ വ്യവസ്ഥയാക്കിയ ജീവജാലങ്ങളും ഒട്ടേറെ.

ക്ഷേത്രത്തിലെ കിഴക്കേ കാവ് മണിനാഗവും കരിനാഗവുമായും തെക്കേക്കാവ് നാഗയക്ഷിയും നാഗചാമുണ്ഡിയുമായും അപ്പൂപ്പൻകാവ് അഞ്ചുതല നാഗവും കുഴിനാഗവുമായും പാളപ്പെട്ടിക്കാവ് പറനാഗവുമായും പുലക്കാവ് പുലസർപ്പവുമായും ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റു ദേവതകളായ ശാസ്താവിനെയും ഭഗവതിയെയുമെല്ലാം കാവുകളോടു ചേർന്നാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. പടിഞ്ഞാറേക്കുളം, കുര്യാങ്കുളം, തീർഥക്കുളം, പാത്രക്കുളം തുടങ്ങി പത്തോളം കുളങ്ങളുമുണ്ട്. ഭക്തരിൽ പലരും പ്രകൃതിയോടു ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ചു വരുന്നവരാണ്. മണ്ണാറശാലയിലെ അമ്മയോട് അതേറ്റു പറയാൻ വരുന്നവരോട് അമ്മ പറയുന്ന മറുപടികളിൽ പോലുമുണ്ട് പരിസ്ഥിതി സ്നേഹം. മരങ്ങൾ വീട്ടലേക്കു ചായുന്നെന്നും മുറിക്കുന്നതിൽ തെറ്റുണ്ടോ എന്നും ചോദിച്ചെത്തുന്നവരോട് അമ്മ പറയും. ‘മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ മരം മുറിക്കാവൂ. പൂർണമായും മുറിച്ചു നീക്കരത്. ചുവട് അവിടെ നിർത്തണം.’ ക്ഷേത്രത്തോടു ചേർന്നുള്ള നാഗയക്ഷിക്കാവിൽ കേരളത്തിലെ പലസ്ഥലങ്ങളിലെ ക്ഷേത്രക്കാവുകളിൽ നിന്നുള്ള നാഗപ്രതിഷ്ഠകളുണ്ട്. നശിച്ചുപോയ കാവുകളിൽ ബാക്കിയായവ.

ഇവ ഇവിടെത്തിക്കുന്നതിനെ ക്ഷേത്രം അധികം പ്രോൽസാഹിപ്പിക്കാറില്ലെങ്കിലും ജോതിഷ വിധി പ്രകാരം മറ്റുമാർഗങ്ങളില്ലാത്ത സന്ദർഭങ്ങളിൽ ഇവിടെ സ്ഥാപിക്കാൻ അനുവദിക്കും. മണ്ണാറശാലയിലെ നാഗരാജാവു ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണു വിശ്വാസം. നാഗരാജാവ് അനന്തനും (വിഷ്ണു) സർപ്പരാജാവ് വാസുകി (ശിവൻ)യുമാണ്. പ്രതിഷ്ഠാവേളയിൽ വാസുകിയുടെ ചൈതന്യം പ്രകടമായും അനന്തന്റേത് അന്തർലീനമായും കണ്ടു. പ്രകടമായി വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ ക്രമമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കുവശത്തായി ചുറ്റമ്പലത്തിൽ തന്നെയുള്ള മറ്റൊരു ശ്രീകോവിലിലാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ.

അമ്മ തന്നെ പ്രകൃതി സ്ത്രീകളെ മാറ്റി നിർത്തിയിരുന്ന കാലഘട്ടത്തിൽ പോലും സ്‌ത്രീ പൂജ ചെയ്‌തിരുന്ന ഏക ക്ഷേത്രം മണ്ണാറശാലയാണ്. ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. അമ്മയുടെ ദർശനം ഭക്‌തർക്കു നിർവൃതി ദായകവും. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. തുടർന്നാവും ക്ഷേത്രത്തിലേക്കു പോവുക. അവിടെ നിത്യ തേവാരവും മറ്റു ചടങ്ങുകളും അവസാനിക്കുമ്പോൾ ഉച്ചയാവും. ഇതിനു ശേഷമേ അമ്മ ജലപാനം നടത്തുകയുള്ളു.

തുടർന്ന് ഇല്ലത്തെത്തിയാൽ ഭക്ഷണത്തിനു ശേഷം ഗ്രന്ഥപാരായണമാണ്. താമസിയാതെ നിലവറയ്‌ക്കു സമീപം മുറിയുടെ പടിഞ്ഞാറെ വാതിലിലേക്കു പോകും. അവിടെ സങ്കടങ്ങൾ പറയാൻ ഭക്‌തർ കാത്തു നിൽക്കുന്നുണ്ടാവും. സങ്കടങ്ങൾക്ക് അമ്മ പരിഹാരം നിർദ്ദേശിക്കും. സാധാരണ മൂന്നു മണി മുതൽ ആറു വരെയാണു ദർശനം നൽകുക. ക്ഷേത്രത്തിലെ ചടങ്ങുകളിൽ ഇല്ലത്തെ കാരണവർക്കു സമുന്നത സ്‌ഥാനമുണ്ട്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളിൽ പൂജകൾ നടത്തുക കാരണവരാവും. സുബ്രഹ്‌മണ്യൻ നമ്പൂതിരിയാണ് ഇപ്പോൾ ഇല്ലത്തെ കാരണവർ ആയില്യ ഉത്സവം കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ.

കന്നിയിലെ ആയില്യം നാഗരാജാവിന്റെയും കുംഭത്തിലേത് നിലവറയിൽ സമാധികൊള്ളുന്ന മുത്തശ്ശന്റെയും ജന്മദിനങ്ങളാണ്. തുലാമാസത്തിലെ ആയില്യമാണു മണ്ണാറശാല ആയില്യം. കന്നിമാസത്തിലെ ആയില്യത്തിനു തിരുവിതാംകൂർ രാജാക്കന്മാർ മണ്ണാറശാല ദർശനം നടത്തുക പതിവായിരുന്നു. ഒരു വർഷം പതിവു തെറ്റിയ മഹാരാജാവ് തുലാമാസത്തിൽ ആയില്യദർശനം നടത്താൻ തീരുമാനിച്ചു. തുലാമാസത്തിലെ ആയില്യം ഭംഗിയാക്കാൻ വേണ്ട പണം കൊട്ടാരത്തിൽ നിന്നു നൽകി. കന്നിമാസത്തിലെ ആയില്യത്തിന്റെ അതേമോടിയോടെ തുലാമാസത്തിലെ ആയില്യവും ആ വർഷം കൊണ്ടാടി. പിന്നീട് തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമായി മാറി.

മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ശിവരാത്രി ദിവസം രാത്രിയിലെ നൂറിടിക്കും പാരമ്പര്യത്തിന്റെ പൊലിമയുണ്ട്. സർപ്പബലിക്ക് നൂറുംപാലിനും കുടുംബാംഗങ്ങൾ അരി ഇടിക്കുന്ന ചടങ്ങാണിത്. ‘സർപ്പംപാട്ട് ’ ഓരോ നാൽപത്തിയൊന്നു വർഷംകൂടുമ്പോഴാണു നടത്തുന്നത്. ഏറ്റവും അവസാനം സർപ്പംപാട്ട് നടത്തിയത് 1976ൽ ആണ്. സർപ്പംപാട്ടു നടത്തിയാൽ അടുത്തവർഷം പള്ളിപ്പാന നടത്തും.

പള്ളിപ്പാന കഴിഞ്ഞ് അടുത്തവർഷം ‘ഗന്ധർവൻപാട്ട് ’ നടത്തണം. ഈ ചടങ്ങുകൾ കഴിഞ്ഞാൽ പുലസർപ്പം പാട്ടും നടത്തും. ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. ദമ്പതികൾ കൊണ്ടുവരുന്ന ഉരുളി അവരെക്കൊണ്ടു പ്രാർഥിച്ച്, പ്രദക്ഷിണമായി ക്ഷേത്രനടയിൽ വയ്‌പ്പിക്കുന്നു. അമ്മ അതെടുത്തു നിലവറയിൽ കമിഴ്‌ത്തും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം. ആയില്യം പൂജയ്‌ക്കായി വരയ്‌ക്കുന്ന നാഗക്കളത്തിനു തലമുറകളായുള്ള ആചാരത്തിന്റെയും അനുഷ്‌ഠാനത്തിന്റെയും പെരുമയുണ്ട്. ഇല്ലത്തു നിലവറയ്‌ക്കു സമീപം തെക്കേ തളത്തിൽ 64 ഖണ്ഡങ്ങളുള്ള നാഗക്കളമാണു വരയ്‌ക്കുക. തളത്തിൽ പട്ടു വിതാനിച്ചു കയർപാകി കുരുത്തോല കൊണ്ട് അലങ്കരിക്കും.

കവുങ്ങിൻപൂക്കുല, ആലിന്റെയും മാവിന്റെയും ഇലകൾ എന്നിവയും തൂക്കിയിരിക്കും. തളത്തിൽ നിലത്ത് നാഗക്കളം വരയ്‌ക്കും. വെളുപ്പ്, ചുവപ്പ്, പച്ച, കറുപ്പ്, മഞ്ഞ എന്നീ അഞ്ചു വർണങ്ങളാണു നാഗക്കളത്തിന് ഉണ്ടാവുക. നാഗക്കളം വരച്ച് പൂർത്തിയായ ശേഷമാവും തീർഥക്കുളത്തിൽ കുളിച്ച് എഴുന്നള്ളത്തിനായി അമ്മ ക്ഷേത്രത്തിലേക്കു പോവുക. നാഗദൈവ വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു തളത്തിൽ എത്തിച്ചു കഴിഞ്ഞാൽ അമ്മയുടെ പതിവു പൂജകൾ ആദ്യം നടത്തും. തുടർന്നാവും നാഗക്കളത്തിനടുത്ത് അമ്മ ആയില്യം പൂജയും മറ്റു പൂജകളും നടത്തുക.