ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2017

തൃപ്പയാർ

തൃപ്പയാർ

പേരിനു പിന്നിലെ ഐതിഹ്യം

വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി. തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങിനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ “തിരു-പുറൈ‌-ആറ്” എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.

ചരിത്രം
കാലങ്ങൾക്ക് മുൻപ് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ബ്രാഹ്മണ്യവത്കരണത്തിനു ശേഷം ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു.  തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷംകൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.

തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ടു വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്‌ ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തു വകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്.

പ്രതിഷ്ഠ
ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ഖരനെ വധിച്ച്‌ വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമദേവൻ ഇവിടെ വാഴുന്നത്‌. ശ്രീരാമവിഗ്രഹത്തിന്റെ കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും വില്ല് ശിവനെയും പുഷ്പഹാരം ബ്രഹ്മാവിനെയും പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു, അതായത് തൃപ്രയാറിലെ ശ്രീരാമൻ, നാട്ടുഭാഷയിൽ തൃപ്രയാർ തേവർ, അഥവാ തൃപ്രയാറപ്പൻ, ത്രിമൂർത്തികളുടെ ശക്തിപ്രഭാവത്തോടെ വാഴുന്നു.

തേവരുടെ കയ്യിലെ വില്ലുമാത്രമല്ല ഇവിടത്തെ ശിവസാന്നിദ്ധ്യത്തിന് ഉപോദ്ബലകം. ശിവപ്രതിഷ്ഠയ്ക്കു പിന്നിൽ പാർവ്വതീദേവിയുടെ സാന്നിദ്ധ്യത്തെ സൂചിപ്പിയ്ക്കുന്നതിനായി പിൻവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. തൃപ്രയാറിലെ ശ്രീകോവിലിൽ പിൻവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. തമിഴ്നാട്ടിലെ ഭൂരിപക്ഷം ശിവക്ഷേത്രങ്ങളിലും കേരളത്തിലെ ചില ശിവക്ഷേത്രങ്ങളിലും ശിവന്റെ ശ്രീകോവിലിന്റെ തെക്കേ നടയിൽ ഒരു പ്രത്യേക മുറിയ്ക്കകത്ത് ദക്ഷിണാമൂർത്തി എന്ന ഭാവത്തിൽ തെക്കോട്ട് ദർശനമായി ശിവപ്രതിഷ്ഠയുണ്ടാകാറുണ്ട്. തൃപ്രയാറിലും ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്ട്. കൂടാതെ ശിവപുത്രനായ ഗണപതിയുടെ സാന്നിദ്ധ്യവുമുണ്ട്. ഇവയെല്ലാം ശൈവവൈഷ്ണവബ്രഹ്മ സാന്നിദ്ധ്യത്തിന് ഉദാഹരണമാണ്.

ഉപദേവതകളായി, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണസങ്കല്പം),  അയ്യപ്പൻ, ദക്ഷിണാമൂർത്തി (ശിവൻ), ഗണപതിഎന്നിവരും അദൃശ്യ സാന്നിധ്യമായിഹനുമാനും, ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു. ആദ്യം ക്ഷേത്രം അയ്യപ്പന്റേതായിരുന്നുവെന്നും പിന്നീടാണ് ശ്രീരാമപ്രതിഷ്ഠയുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. തന്മൂലം ആദ്യം അയ്യപ്പനെ ദർശിച്ചിട്ടുവേണം ക്ഷേത്രദർശനം നടത്താൻ. വലതുകയ്യിൽ അമൃതകലശം ധരിച്ച അയ്യപ്പനാണ് ഇവിടെയുള്ളത്.

മുപ്പത്തിമുക്കോടി ദേവകളും പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന ആറാട്ടുപ്പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാർ തേവരാണ്. കർക്കിടമാസത്തിലെ നാലമ്പല ദർശനങ്ങളിലെ ആദ്യ ദർശനം തൃപ്പയാർ തേവരുടേതാണ്.

പൂജാക്രമങ്ങൾ
ദിവസവും ഉഷപൂജ, എതിർത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നുനേരം ക്ഷേത്രത്തിനെ വലം വെക്കുന്നു. വെളുപ്പിന് മൂന്നുമണിയോടെ നടതുറന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയും വൈകീട്ട് അഞ്ചു മണിയ്ക്ക് തുറന്നാൽ രാത്രി എട്ടുമണി വരെയും ദർശനം നടത്താം.

ആരൊക്കെയാണ് പഞ്ചകന്യകമാർ എന്നറിയപ്പെട്ടിരുന്നത് ?

ആരൊക്കെയാണ് പഞ്ചകന്യകമാർ എന്നറിയപ്പെട്ടിരുന്നത് ?

“അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം”

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ച കന്യകമാരാണന്നു പറയുന്നു. ഇവരെല്ലാവരും വിവാഹിതരും ഇവർക്കു മക്കളും ഉണ്ട്. പക്ഷെ തങ്ങൾക്കു കിട്ടിയ വരപ്രസാദം ഇവരെ നിത്യ കന്യകമാരാക്കുന്നു. ചില ഹൈന്ദവപുരാണങ്ങളിൽ സീതയ്ക്കു പകരം കുന്തിയെയാണ് പഞ്ചകന്യകമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഹല്യ
മഹാതപസ്വിയായ ഗൗതമ മഹർഷിയുടെ പത്നിയാണ് അഹല്യ. രാമായണത്തിലും മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയ്ക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ചെങ്കിലും ആശ്രമത്തിൽ ഒരു മഹർഷിയുടെ പത്നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരിൽ സുന്ദരിയായി അഹല്യയെ പുരാണങ്ങൾ വർണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ അരുണപുത്രന്മാരും കിഷ്കിന്ധാപതികളുമായ ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു. പല കൃതികളിലും അഹല്യാ ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മ രാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാൻ ഇന്ദ്രൻ ശ്രമിക്കുകയും അതിനെതുടർന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹർഷി ശപിക്കുകയും ചെയ്തു. ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു.

ദ്രൗപദി
വ്യാസ മഹാഭാരതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ കഥാപാത്രമാണ് ദ്രൗപദി. പാണ്ഡവ പത്നിയും കുരുക്ഷേത്ര യുദ്ധാനന്തരം ചന്ദ്രവംശത്തിലെ മഹാറാണിയുമായിരുന്നു ദ്രൗപദി. പാഞ്ചാല രാജാവായ ദ്രുപദന്റെ പുത്രിയായതിനാൽ പാഞ്ചാലിയെന്ന പേരിലും അറിയപ്പെട്ടു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണങ്ങൾ പരാമർശിക്കുന്നുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ദ്രൗപദിയ്ക്ക് പൂർവ്വജന്മ സുകൃതമായി ശ്രീപരമേശ്വരന്റെ വരപ്രസാദത്താൽ നിത്യയൗവനം ലഭിച്ചു. പാഞ്ചാല രാജാവായ ദ്രുപദൻ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച അർജ്ജുനനു വിവാഹം ചെയ്തു കൊടുക്കാനായി തപസ്സനുഷ്ഠിച്ച് യഞ്ജം നടത്തി, അതിൽ ജനിച്ച പുത്രിയാണ് ദ്രൗപദി. ദ്രൗപദിയെകൂടാതെ ഒരു പുത്രൻ (ധ്രുഷ്ടദ്യുമ്നൻ) കൂടി യഞ്ജ ഫലമായി ദ്രുപദനു ലഭിച്ചു. പൂർവ്വജന്മ കാരണത്താൽ ദ്രൗപദി പാണ്ഡവർ അഞ്ചുപേരെയും വിവാഹം കഴിക്കുകയും അവരിൽ അഞ്ചുപേരിലും ഒരോ പുത്രന്മാർ വീതം ദ്രൗപദിക്ക് ഉണ്ടാവുകയും ചെയ്തു. പ്രതിവിന്ധ്യൻ (യുധിഷ്ഠിരൻ)
ശുതസോമൻ (ഭീമസേനൻ)
ശ്രുതകീർത്തി (അർജ്ജുനൻ)
ശതാനികൻ (നകുലൻ)
ശ്രുതകർമ്മാവ് (സഹദേവൻ).
വിവാഹനന്തരം പാണ്ഡവരെ ഒരിക്കൽ പോലും പിരിയാതെയിരുന്ന ഒരുഭാര്യ ദ്രൗപദിയാണ്. പാണ്ഡവർ വനവാസം നടത്തിയ അവസരങ്ങളിൽ ദ്രൗപദി കൂടെയുണ്ടായിരുന്നു. പാണ്ഡവരുടെ അവസാനകാലത്ത് സന്യാസം സ്വീകരിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ ദ്രൗപദിയും കൂടെ അനുഗമിക്കുകയും ഹിമാലയത്തിൽവെച്ച് ദ്രൗപദി മരണപെടുകയും ചെയ്തു.

സീത
അയോദ്ധ്യയിലെ മഹാരാജാവായ ശ്രീരാമൻറെ ധർമ്മപത്നിയായിരുന്നു സീത. ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിലെ നായികയാണ് ഇവർ. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ സീത എന്നുപേരിട്ടു. ഐതിഹ്യപ്രകാരം ഭൂമീദേവിയുടെ മകളാണ് ജനകമഹാരാജാവിനു നിലമുഴുമ്പോൾ ലഭിച്ചത്. വിദേഹ രാജകുമാരിയായതിനാൽ വൈദേഹിയെന്നും, ജനകന്റെ വളർത്തു പുത്രിയായതിനാൽ ജാനകിയെന്നും, മിഥിലാപുരിയിലെ രാജകുമാരിയായതിനാൽ മൈഥിലിയെന്നും സീതയ്ക്കു പേരുണ്ട്. പിതാവ് ദശരഥന്റെ നിർദ്ദേശത്താൽ രാമൻ പതിനാലു വർഷത്തെ വനവാസത്തിനു പോകുമ്പോൾ സീതയും അനുഗമിച്ചിരുന്നു. വനത്തിൽ പഞ്ചവടിയെന്ന സ്ഥലത്ത് താമസിക്കുമ്പോൾ ലങ്കാധിപതിയായ രാവണൻ സീതയെ കൊണ്ടുപോകുകയും തുടർന്നുണ്ടായ യുദ്ധത്തിൽ രാമൻ രാവണനെ വധിക്കുകയും ചെയ്യുന്നു. രാമ-രാവണ യുദ്ധാനന്തരം സീതാ-രാമന്മാർ അയോദ്ധ്യയിൽ മടങ്ങിയെത്തി രാമൻ അയോദ്ധ്യാധിപതിയായി രാജാഭിഷേകം ചെയ്തു രാജഭാരമേറ്റു. പക്ഷെ പ്രജാതാല്പര്യം മുൻനിർത്തി രാമൻ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയും പിന്നീട് അയോദ്ധ്യയിലേക്ക് കൂട്ടികൊണ്ടുവരുകയും ചെയ്തു. പക്ഷെ സീതാ തന്റെ മാതാവായ ഭൂമിദേവിയെ പ്രാർത്ഥിക്കുകയും ഭൂമി പിളർന്ന് അതിനുള്ളിലേക്ക് അപ്രത്യക്ഷയാവുകയും ചെയ്തു. രാമനിൽ സീതയ്ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ലവനും, കുശനും.

താര
കിഷ്കിന്ധാധിപതിയായ ബാലിയുടെ പത്നിയാണ് താര, വാനര രാജ്ഞിയായ താരയെക്കുറിച്ച് രാമായണത്തിൽ കിഷ്കിന്ധാകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പരാമർശിച്ചിട്ടുണ്ട്. വാനര രാജാവായ ബാലിയിൽ താരയ്ക്കു ജനിച്ച പുത്രനാണ് അംഗദൻ. വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച് ബാലി മന്ദരപർവ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തിൽ പാലാഴിയിൽനിന്നും ഉയർന്നു വന്നതാണ് താര. മറ്റുദേവന്മാർ പിന്മാറിയ ആ അവസരം ബാലിക്കു പ്രയോജനപ്പെട്ടു, സുന്ദരിയായ താരയെ ബാലി വിവാഹം ചെയ്തു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. താരയെ വിവേകമതിയും അനുനയ പാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതിൽ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.

മണ്ഡോദരി
ലങ്കാധിപതിയായിരുന്ന രാവണന്റെ ധർമ്മപത്നിയാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന്റെ വളർത്തു പുത്രി. പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. സോമവാരവ്രതം നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര പാർവ്വതി ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായകൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.

കുന്തി
ചന്ദ്രവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ പത്നിയാണ് കുന്തി. പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണിവർ. യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. ശരിക്കുള്ള പേർ പൃഥ എന്നാണ്. ശൂരസേനൻ മക്കളില്ലാതിരുന്ന തന്റെ സുഹൃത്ത് കുന്തിഭോജന് ദത്തുപുത്രിയായി നൽകി. കുന്തീഭോജന്റെ പുത്രിയായതിനാലാണ് കുന്തിയെന്നറിയപ്പെട്ടത്. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ പുത്രസമ്പാദ്യം കൈവരിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ് കർണ്ണൻ ജനിച്ചത്. അവിവാഹിതയായ കുമാരിക്ക് പുത്രൻ ജനിച്ചാൽ ഉണ്ടാവുന്ന ദുരന്തം മുന്നിൽ കണ്ട് കുന്തി കർണ്ണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. പിന്നീട് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാവാതായപ്പോൾ പാണ്ഡുവിന്റെ അനുവാദത്തോടെ തനിക്കു ലഭിച്ച വരം ഉപയോഗിച്ച് കുന്തി യമൻ, ഇന്ദ്രൻ, വായു ദേവന്മാരെ പ്രാപിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക് ജന്മം നൽകി.

വാഗ്‌ഭടൻ

വാഗ്‌ഭടൻ

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ, ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത്‌ പന്ത്രണ്ടാം ശതകത്തിൽ വാഗ്‌ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു. അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർ‌വേദ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടൻ. ബുദ്ധമതപ്രചരണാർത്ഥം 9ാം നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃഹയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു.

വാഗ്‌ഭടന്റെ പിതാവ്‌ സിംഹഗുപ്‌തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളിൽ വാഗ്‌ഭടനെ പരാമർശിച്ചിട്ടുണ്ട്‌. രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതിൽ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടൻ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ കാവ്യാനുശാസനം, ഋഷഭദേവചരിതം എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.

അഷ്ടാംഗഹൃദയം വാഗ്‌ഭടൻ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. ധന്വന്തരി മഹർഷി ഒരിക്കൽ ഒരു പക്ഷിയുടെ രൂപത്തിൽ വൈദ്യൻമാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാൾ?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യൻമാരൊന്നും കൃത്യമായ ഉത്തരം നൽകിയില്ല. ഒടുവിൽ, സിന്ധു ദേശത്ത്‌ പാർത്തിരുന്ന വാഗ്‌ഭടൻ എന്ന പ്രസിദ്ധ വൈദ്യൻ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നൽകി, 'ഹിതഭുക്‌, മതിഭുക്‌, അശാകഭുക്‌' (ഹിതമായി ഭക്ഷിക്കുന്നവൻ, മിതമായി ഭക്ഷിക്കുന്നവൻ, ഇലക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാൾ). വാഗ്‌ഭടന്റെ ഉത്തരത്തിൽ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാൻ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.

സുശ്രുതസംഹിത, ചരകസംഹിത എന്നിവയെ അവലംബിച്ചാണ് വാഗ്‌ഭടൻ അഷ്ടാംഗഹൃദയം രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കൽ), ഊർധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം (വാജീകരണം) എന്നിവയാണ്‌ ആയുർവേദത്തിലെ എട്ട്‌ അംഗങ്ങൾ. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കൽപം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.

ഉത്തരേന്ത്യയിൽ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോൾ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടൻ എട്ടാം നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയിൽ പ്രചരിപ്പിക്കപ്പെട്ടു

ശ്രീലങ്കയിൽ നിന്നാണ്‌‌ ബുദ്ധമതം കേരളത്തിലെത്തിയത്‌. ഒൻപതാം നൂറ്റാണ്ടിൽ ബുദ്ധമതപ്രചരണത്തിന്‌ വാഗ്ഭടൻ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾക്കും കേരളത്തിൽ പ്രചാരം സിദ്ധിച്ചു

കേരളത്തിൽ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയിൽ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം. (ഇന്ന് ആധുനിക സർവകലാശാലകൾ അഷ്ടാംഗഹൃദയവും പാഠ്യവിഷയമാക്കിയിട്ടുണ്ടെന്നു മാത്രം)

വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടൻ എന്നിവർ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തിൽ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരിൽ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കർത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങൾ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.

വാഗ്ഭടൻ (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന അഷ്ടാംഗഹൃദയം, ആയുർവേദ ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ്. ശൈലിയുടെ സൗന്ദര്യവും മിതത്വവും, കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചേർത്തുള്ള വിഷയത്തിന്റെ അനുക്രമമായ അവതരണവും, നിർദ്ദിഷ്ഠമായ ചികിത്സാ രീതികളുടെ സവിശേഷതകളും ചേർന്ന് അഷ്ടാംഗഹൃദയത്തെ ആയുർവേദത്തിലെ ബൃഹത് ത്രയങ്ങളിൽ(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളിൽ) ഒന്നെന്ന നിലയിലേക്കുയർത്തിയിരിക്കുന്നു. പുരാതന കാലത്തു തന്ന അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും, അതാതു ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.

ആയുർവേദശാസ്ത്രത്തിന്റെ വികാസം ഉപദേശകാലം, സംഹിതാകാലം, സംഗ്രഹകാലം എന്നീ മൂന്നു കാലഘട്ടങ്ങളിൽ ആയിരുന്നു.

ഗുരു ശിഷ്യന് ഉപദേശരൂപത്തിൽ പറഞ്ഞുകൊടുത്തുവന്നിരുന്നത് ഉപദേശ (ദൈവ) കാലം
ശിഷ്യന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കുന്ന രീതിയിൽ ഗ്രന്ഥം നിർമിച്ചിരുന്നതു സംഹിതാ (ആർഷ) കാലം
ക്രമീകരണങ്ങളോടുകൂടി വിഷയവിശകലനം ചെയ്തു സംഗ്രഹിച്ച് ഗ്രന്ഥനിർമാണം ചെയ്തിരുന്നതു സംഗ്രഹ (സംസ്കാര) കാലം
സംഗ്രഹ കാലത്തിനു മുൻപ് രചിച്ച ഗ്രന്ഥങ്ങളിൽ വിഷയങ്ങൾക്ക് ക്രമമോ, പരസ്പര ബന്ധമോ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമായിരുന്നു അവയുടെ പ്രധാന ഉദ്ദേശ്യം. ഭാഷയുടെ കാഠിന്യവും സംഹിതകളുടെ വിസ്തൃതിയും കാരണം അവ വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനും പ്രയാസമായിരുന്നു. സുന്ദരമായ ഭാഷയും, ക്രോഡീകരിച്ച ഉള്ളടക്കവും ചേർത്ത് ശിഷ്യർക്കു കൂടുതൽ സൗകര്യമായി അഭ്യസിക്കുവാൻ വേണ്ടിയാണ് വാഗ്ഭടൻ അഷ്ടാംഗഹൃദയം നിർമിച്ചത്. വിഷയങ്ങൾ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന സംഹിതാ കാല ഗ്രന്ഥങ്ങളിൽനിന്ന് പ്രധാനപ്പെട്ടവയെ ഒന്നിച്ചു ചേർത്ത് തീരെ ചുരുക്കാതെയും അധികം വിസ്തരിക്കാതെയും അഷ്ടാംഗഹൃദയം നിർമിക്കുന്നു എന്നാണ് വാഗ്ഭടൻ ആരംഭത്തിൽ ഗ്രന്ഥനിർമാണോദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ഭാഷാജ്ഞാനവും, ശാസ്ത്രജ്ഞാനവും അഷ്ടാംഗഹൃദയത്തിൽ വ്യക്തമാണ്‌.

കായചികിത്സ, ബാലചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുർവേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകൾ വിവരിക്കുന്നതുകൊണ്ട് ആയുർവേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യം ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വർഥമാണ്.

മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.

പ്രബന്ധത്തിന്റെ തുടക്കത്തിൽ, പല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.