ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2016

സനാതന ധര്‍മ്മം

സനാതന ധര്‍മ്മം

സനാതന ധര്‍മ്മം ആദിയും അന്തവുമില്ലാത്തതും, ദേശകാലങ്ങള്‍ക്കതീതവും, തത്ത്വ ജ്ഞാനത്തിലൂറിയതുമായ മൂല്യങ്ങളുടെ ആകെത്തുകയാണ്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ ഭാവനയോ, സംഭാവനയോ അല്ല. മറിച്ച്, കാലാകാലങ്ങളായി പരമ്പര പരമ്പരകളായി കൈമാറി വന്ന ഒരു സംസ്കാരത്തിന്‍റെ തായ് വേരാണ്.

അര്‍ജ്ജുനനോട് ഗീതോപദേശത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ഞാന്‍ പറയുന്നത് എന്‍റെ അഭിപ്രായമല്ല, ഇതെല്ലാം വേദോപനിഷത്തുക്കള്‍ പറയുന്നതാണ്, എന്ന്. "വേദോപനിഷദോ ഗാവോ ദോഗ്ദാ" എന്ന് ഭഗവദ്ഗീതയെ പ്രശംസിച്ച് ആചാര്യന്മാര്‍ പാടിയിട്ടില്ലേ. ഭഗവദ് ഗീത വോദോപനിഷത്തുകളെന്ന പശുക്കളെ കറന്നെടുത്ത പാലാണ് എന്നര്‍ത്ഥം. നമ്മുടെ പൂര്‍വ്വികന്മാരാല്‍ ഏത് മഹത്തായ ധര്‍മ്മം ആചരിക്കപ്പെട്ടുവോ ആ ധര്‍മ്മത്തെത്തന്നെ നീയും ആചരിക്കൂ എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് ഗീതയില്‍ ഉപദേശിക്കുന്നു.

ഉപനിഷത്തുകളില്‍ ഈ ധര്‍മ്മത്തെക്കുറിച്ച് ആരാണ് പറഞ്ഞരിക്കുന്നതെന്നറിയാന്‍ അങ്ങോട്ട് ചെന്നാല്‍ അതിലും കാണാം, "ഇതി ശുശ്രുമ ധീരാണാം യേ നസ്തത് വിചചക്ഷിരേ" എന്ന്. താന്‍ ശിഷ്യന്മാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതൊക്കയും തനിക്ക് ഉപദേശിച്ച് തന്നിട്ടുള്ള ആചാര്യന്മാരില്‍ നിന്നും താന്‍ കേട്ടിട്ടുള്ളതാണ് എന്ന് ഗുരു ശിഷ്യന്മാരോട് പറയുന്നു. നോക്കൂ, എത്രയെത്ര തലമുറകളായി കൈമാറി വന്നതാണ് ഈ അമൂല്യ ജാഞാനം. അത്ഭുതം തോന്നുന്നു എനിക്ക്.

ലോകത്തില്‍ എഴുതപ്പെട്ടതില്‍ വച്ച് ഏറ്റവും പഴയത് എന്ന് കണക്കാക്കപ്പെടുന്ന അറിവിന്‍റെ ആദ്യത്തെ സ്രോതസ്സായ ഋഗ്വേദത്തിലേക്ക് ഇനി പോയി നോക്കാം. ഋഗ്വേദം എഴുതപ്പെട്ടത് എന്നാണെന്ന് പോലും മനുഷ്യന് കണക്കാക്കാനായിട്ടില്ല. അത്രയ്ക്കും പ്രാചീനമായ ഋഗ്വേദവും തുടങ്ങുന്നത് ഇങ്ങനെയാണ്.

"അഗ്നിഃപൂര്‍വ്വേഭിര്‍ഋഷിഭിരീഡ്യോ ന്യൂതനൈരുത
സ ദേവാം ഏഹ വക്ഷതി "

 അര്‍ത്ഥം ഇങ്ങനെയാണ്:

"പ്രാചീനകാലത്ത് മഹര്‍ഷിമാര്‍ ആരെ ഉപാസിച്ചിരുന്നുവോ ഇന്നും മഹര്‍ഷിമാര്‍ ആരെ സ്തുതിക്കുന്നുവോ ആ അഗ്നിയെ ദേവഗണങ്ങള്‍ യജ്ഞത്തിലേക്ക് ക്ഷണിക്കുന്നു."

അതിപ്രാചീനമായ ഋഗ്വേദം പറയുന്നു അതിലും പ്രാചീനരായ മഹര്‍ഷിമാരാല്‍ ആചരിക്കപ്പെട്ടതാണ് ഞങ്ങളും ആചരിക്കുന്നത് എന്ന്. എന്‍റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കളേ, ഇത്രയും പാരമ്പര്യമുള്ള, ഇത്രയും ശക്തമായ അടിത്തറയുള്ള ഒരു സംസ്കാരത്തിലാണ്, ധര്‍മ്മത്തിലാണ് ഞാനും പിറന്നിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ ഞാനിതാ ആനന്ദവും, അത്ഭുതവും , അഭിമാനവും കൊണ്ട് പുളകിതനാകുന്നു. ഹരേ...!!!

ഈ ധര്‍മ്മത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയാണ് പ്രവാചകനെന്ന് പറയാനാകുമോ ? തീര്‍ച്ചയായും അങ്ങിനെ പറയാനാകില്ല. കാരണം സനാധന ധര്‍മ്മം വ്യക്ത്യാധിഷ്ഠിതമല്ല, തത്ത്വാധിഷ്ഠിതമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിപ്രായം ഒരിക്കലും പരിപൂര്‍ണ്ണമാകില്ല. ഒരു ഗുരുവും പൂര്‍ണ്ണനല്ല എന്ന് വ്യാസമഹര്‍ഷി പറഞ്ഞത് ഓര്‍ക്കുക. ഒരു വ്യക്തിയെ അടിസ്ഥാനമാക്കി ആരെങ്കിലും എന്തെങ്കിലും ആചരിക്കുകയാണെങ്കില്‍ അത് മതമാണ്, ധര്‍മ്മമല്ല.

വ്യക്ത്യാധിഷ്ഠിതമായതൊന്നും സമൂഹത്തിന് നന്മ ചെയ്യില്ല. അവര്‍ പറഞ്ഞ തത്ത്വങ്ങള്‍ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഋഷിവര്യന്മാരെല്ലാവരും ചെയ്തത് സനാതന തത്ത്വ പ്രചാരണമായിരുന്നു. അവരൊന്നും ഈ ധര്‍മ്മത്തിന് അപ്പുറം ഒന്നും പറഞ്ഞിട്ടില്ല. കാരണം ഈ ധര്‍മ്മം എല്ലാ നദികളേയും ഉള്‍ക്കൊള്ളുന്ന കടലുപോലെ ശാന്തഗംഭീരമായിരുന്നു.

ദൈവമുണ്ട് എന്ന ആശയത്തെ പ്രചരിപ്പിച്ച ബാദനാരായണനെ ഈ ധര്‍മ്മം മഹര്‍ഷിയെന്നു വിളിച്ചു. ആത്മീയ തത്ത്വത്തിലൂന്നിയ ചിന്തകളുയര്‍ത്തിയ കപിലനേയും ഈ ധര്‍മ്മം മഹര്‍ഷി പദം കൊടുത്ത് ആദരിക്കുന്നു. ഇനി, ദൈവമേ ഇല്ല എന്ന് വാദിച്ച ചാര്‍വാകനും നമുക്ക് ചാര്‍വാക മഹര്‍ഷി തന്നെ. ഭൌതികതയുടെ തലത്തിലേക്ക് വന്നാല്‍ കാമശാസ്ത്രമെഴുതിയ വാത്സ്യായനനും നമുക്ക് മഹര്‍ഷി തന്നെയാണ്. ഈ ധര്‍മ്മത്തില്‍ പ്രത്യേകമായി ഒരു പ്രാവചകന്‍റെ ഒരാവശ്യവുമില്ലതന്നെ.

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും  ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.

ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ്‌ കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.

ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)

പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്‌. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പുല, വാലായ്മ , ആശൗചം

പുല, വാലായ്മ , ആശൗചം

പുനര്‍ജന്മത്തിലും പൂര്‍വ്വജന്മത്തിലും അധിഷ്ടിതമാണല്ലോ ജ്യോതിഷം. അത് തീര്‍ത്തും ശരിയുമാണ്. നമുക്ക് ജന്മം തന്നവരാണ് മാതാപിതാക്കള്‍ . നാം നമ്മുടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അങ്ങനെ പ്രകൃതി സത്യമായ ജനന പ്രക്രിയ നടക്കുന്നു. അങ്ങനെ നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞവര്‍ക്കായുള്ള കര്‍മ്മമാണ് ശ്രാദ്ധം. ഭക്തിയും ശ്രദ്ധയും കൂടി ചേരുന്ന കര്‍മ്മങ്ങളാണ് പരമാര്‍ത്ഥികമായി മാറുന്നത്. അതുകൊണ്ട് ശ്രാദ്ധം വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണ്.

മനുഷ്യ ജന്മത്തില്‍ ധാരാളം കര്‍മ്മം ചെയ്യേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ് ശ്രാദ്ധം. ഭാരതീയ പുരാണങ്ങളിലെല്ലാം ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് മഹത്വം പറഞ്ഞിട്ടുണ്ട്. ബ്രഹ്മ പുരാണത്തില്‍ പറയുന്നു - "ഒരു പഴം കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ , ആ വംശത്തിലെ സര്‍വ്വ ദുഃഖങ്ങളും ഒഴിഞ്ഞു പോകുന്നു" എന്ന്.

ഈ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന മഹത് ശക്തിയുള്ള ഒന്നാണ് എള്ള്. എള്ളിനെ തിലം എന്നും പറയുന്നു. അപ്പോള്‍ തിലഹവനം എന്നാല്‍ എന്ത് എന്നു മനസ്സിലായിക്കാണുമല്ലോ. ദേവ കര്‍മ്മങ്ങള്‍ വലത്തു വശം പ്രധാനമായും, പിതൃ കര്‍മ്മങ്ങള്‍ ഇടത്തു പ്രാധാന്യമായും ചെയ്യണം. അതു കൊണ്ടാണ്, പൂണൂല്‍ ധാരികള്‍ ആ സമയത്ത് പൂണൂല്‍ ഇടത്തേക്ക് ധരിയ്ക്കുന്നത്. അതു പോലെ പിതൃ കര്‍മ്മങ്ങള്‍ , തെക്ക്‌ മുഖമായി ഇരുന്ന്‍ ചെയ്യണം.

പിതൃപൂജയ്ക്ക്‌ ആവശ്യമായ പുഷ്പങ്ങള്‍ 

തുളസി, ദര്‍ഭ, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ ഇവയും എള്ളും പിതൃ പൂജയ്ക്ക് ഉത്തമങ്ങളാണ്.

തുളസി :- ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടം തുളസിയാണ്. തുളസിയ്ക്ക് പകരമായി മറ്റൊന്നില്ല. അതുകൊണ്ട് "പുന:പ്രക്ഷാള പൂജയേല്‍ " - അതായത്‌ വീണ്ടും കഴുകി ഉപയോഗിച്ചോളൂ എന്നു പറഞ്ഞിരിക്കുന്നത്. 

ദര്‍ഭ :- ഇരിയ്ക്കുവാ൯ ഏറ്റവും ഉത്തമമായത് ദര്‍ഭയിലാണ് . വെറും നിലത്തിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കുലനാശനമാണ്.

എള്ള് :- വാക്കുകൊണ്ടും, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ചെയ്യുന്ന സര്‍വ്വ പാപങ്ങളും നശിപ്പിക്കുവാ൯ എള്ളിന് കഴിവുണ്ട്. 

ആയതുകൊണ്ട് ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗ്രഹിക്കണം. പിതൃ, ദേവ, ഋഷി എന്നിങ്ങനെ മൂന്ന് വിധ ഋണ (കടം)ത്തോട് കൂടിയാണ് മനുഷ്യ൯ ജനിക്കുന്നത്.

ചില കര്‍മ്മങ്ങളാല്‍ ഉണ്ടാകുന്ന ശുചിത്വക്കുറവിനേയാണ് ആശൗചം എന്നു പറയുന്നത്. പ്രസവം മൂലം ഉണ്ടാകുന്നത് പ്രസവാശൗചം. എല്ലാ മതക്കാര്‍ക്കും 3 ദിവസം ആശൗചം ഉണ്ട്. പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയാണ് വാലായ്‌മ . മരണം മൂലം ഉണ്ടാകുന്നത് പുല. പുലകൊണ്ട് വാലായ്‌മ പോകുന്നതല്ലാതെ, വാലായ്‌മ കൊണ്ട് പുല പോകുന്നതല്ല . ഇവയെല്ലാം, ഓരോ മതസ്ഥര്‍ക്കും, വെവ്വേറെ ആയിരിക്കാം. ദേശ വ്യത്യാസവും ഉണ്ടാവാം. അപമൃത്യുവിന് ഇരയാവുന്നവരെ, സംബന്ധിച്ച് ആശൗചമോ, പുലയോ ഒന്നും ബന്ധുക്കള്‍ക്ക് ഉണ്ടാവുകയില്ല. അപമൃത്യുവിന്, സാധാരണ ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യാറില്ല. അതവര്‍ക്ക്‌ സ്വീകരിക്കുവാനും ആവില്ല. പിന്നെ അവര്‍ക്കു വേണ്ടി ചെയ്യാവുന്നത് നാരായണ ബലി മാത്രമാണ്. അത് ചെയ്യുക.

കരിനാള്‍ ദോഷം
സ്ഥിര രാശൗ, പുണര്‍ത വിശാഖം 
ഉത്രവും ഉത്രാടവും, ഉത്രട്ടാതിയും 
രേവതി, രോഹിണി, ജന്മ നക്ഷത്രം, 
അഷ്ടമി, വാവും, രിക്താ തിഥികളും ഒത്തു വന്നാല്‍ 
തക്കതിലോന്നിന് മൃത്യു ഭവിക്കും. 

മരണം, സ്ഥിര രാശിയിലിരിക്കുക,രിക്താതിഥികള്‍ - ചതുര്‍ത്ഥി, ചതുര്‍ദ്ദശി, നവമി ഇവയും മുകളില്‍പ്പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും ഒത്തു വന്നാല്‍ , വീണ്ടും, കുടുംബത്തില്‍ മരണം ഉണ്ടാകും.

 
പിണ്ഡനൂല്‍ ദോഷം
തൃക്കേട്ട, കാര്‍ത്തിക, പൂരം, പുരാടം, പൂരുരുട്ടാതി, ആയില്യം, തിരുവാതിര, മൂലം. ഈ നക്ഷത്രങ്ങളില്‍ മരണം, ഉണ്ടായാല്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്കു ഒരു വര്‍ഷത്തിനകം ദോഷം ഉണ്ടാവും. അതു പോലൊരു ദോഷമാണ് വസുപഞ്ചകം അതായത്, അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചു നക്ഷത്രങ്ങളില്‍ മരണമുണ്ടായാല്‍ , ആ കുടുംബത്തില്‍ തുടര്‍ന്നും മരണമുണ്ടാകും. അവിട്ടത്തില്‍ മരിച്ചാല്‍ വീണ്ടും 1 മരണം കൂടി ചതയത്തിലെങ്കില്‍ വീണ്ടും 2 മരണം അങ്ങനെ, രേവതിയിലെങ്കില്‍ വീണ്ടും 5 മരണം. മൃത്യുഞ്ജയ ഹോമമാണ് മുകളില്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം. പിണ്ഡ കര്‍ത്താവിന്റെ പേരിലാണ് പരിഹാരം ചെയ്യേണ്ടത്.

സാധാരണ ക്ഷേത്രങ്ങളില്‍ പിതൃകര്‍മ്മം ചെയ്യുന്നത്, ദേവഹിതമല്ല. പിതൃപൂജകള്‍ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. തിരുവല്ലം, തിരുനാവായ്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിവ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ബലികര്‍മ്മം നടത്തേണ്ടത്, മരിച്ചയാളുടെ പേരും മരണ ദിവസത്തെ തിഥിയിലാണ്. മരിച്ചാല്‍, തിഥിയ്ക്കാണ് പ്രാധാന്യം (തിഥി - പ്രഥമ , ദ്വിതീയ, തൃതീയ ----) . മരണ ദിവസ നക്ഷത്രത്തിലും കര്‍മ്മം ചെയ്യാം. ഇവ ഒന്നും അറിയില്ലയെങ്കില്‍ , പരേതന്റെ നാമവും, തിരുവോണം നക്ഷത്രവും കുടി ചേര്‍ത്ത്‌ പറഞ്ഞു വേണം കര്‍മ്മം ചെയ്യാ൯ .

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് പറയുക. 107 അകാല മൃത്യുകള്‍ , 1 കാല മരണം, അങ്ങനെ 108. കാല മരണത്തെ, തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും നിര്‍ബ്ബന്ധമായും ക്ഷേത്രദര്‍ശനം നടത്തണം.

മരണം നിത്യ സത്യമാണ്. അതില്‍ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ദേവ നാമം ഉച്ചരിക്കുക. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെങ്കിലും, ദേവ നാമം മനസ്സില്‍ വരും അതില്‍ കവിഞ്ഞോരു പുണ്യമില്ല. അഥവാ അതില്‍ കവിഞ്ഞോരു പുണ്യമുണ്ടെങ്കില്‍ , ഭഗവാനേ, അതെനിക്കു വേണ്ട.

പുലയും ബാലായ്മയും അശൌച സംഗ്രഹം എന്ന പൌരാണിക ഗ്രന്ഥത്തില്‍ പുല ബാലായ്മ നിയമങ്ങള്‍ താഴെ പറയും പ്രകാരമാണ്.

ബ്രാഹ്മണര്‍ക്ക് പത്തു ദിവസം, ക്ഷത്രിയര്‍ക്ക് പതിനൊന്ന്‍ ദിവസം, വൈശ്യന്മാര്‍ക്ക് പന്ത്രണ്ട് ദിവസം, ശുദ്രര്‍ക്ക് പതിനഞ്ച് ദിവസവും സൂതക (പ്രസവിച്ച പുല ) ശാവവും (മരിച്ചപുല) ആചരിക്കണം. ദിനമാനത്തെ മൂന്നു ഭാഗമാക്കി ആദ്യത്തെ രണ്ടു ഭാഗത്തിനുള്ളില്‍ പുല വന്നാല്‍ ആ ദിവസം മുതലും മൂന്നാമത്തെ ഭാഗത്തില്‍ വന്നാല്‍ പിറ്റേ ദിവസം മുതല്‍ ദിവസങ്ങള്‍ കണക്കാക്കണം .

പൊതുവാള്‍, പുഷ്പകര്‍ (നമ്പീശന്മാര്‍), നമ്പിടി, ഉണ്ണി തുടങ്ങിയ പൂനൂല്‍ ധാരികള്‍ ബ്രാഹ്മണരെപ്പോലെയാണ് പുല ആചരിക്കേണ്ടത്. വാര്യര്‍മാര്‍ വൈശ്യന്മാരെപ്പോലെയും,മാരാര്‍മാര്‍ ശുദ്രന്മാരെപ്പോലെയും പുല ആചരിക്കേണ്ടതാണ്.

പുല ആയാലും ബാലായ്മ ആയാലും ആചരണ ക്രമത്തില്‍ വ്യത്യാസമില്ല. എത്ര ദിവസം വരെയാണ് ആശൌചം അത്രയും ദിവസങ്ങള്‍ കഴിഞ്ഞ സൂര്യോദയത്തിനു ശേഷം കുളിച്ചു ശുദ്ധി വരുത്തണം.

സ്ത്രീകള്‍ക്ക് രജോദര്‍ശനം തുടങ്ങിയാല്‍ മൂന്നു ദിവസം മുഴുവന്‍ അശുദ്ധി ഉണ്ട്. അഞ്ചാം ദിവസം സൂര്യോദയത്തിനു ശേഷം കുളിച്ചു ശുദ്ധി വരുത്തണം. ഏഴാം ദിവസം സൂര്യോദയത്തിനു ശേഷം കുളിച്ചു ശുദ്ധി വരുത്തിയേ ക്ഷേത്ര ദര്‍ശനം പാടുള്ളൂ.

ദിവസം കണക്കാക്കേണ്ടത് മേല്‍പ്രകാരം തന്നെയാണ്. മുങ്ങിക്കുളിക്കാന്‍ പറ്റുമെങ്കില്‍ നല്ലതാണ്.

നമ്മുടെ ഗുരു കാരണവന്മാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ ശാപത്തിന് പത്രീഭൂതരാകും അത് നമ്മുടെ ശ്രേയസ്സിനെ കെടുത്തിക്കളയുകയും ചെയ്യുന്നതാണ്‌.

ധര്‍മ്മം എന്നാല്‍ എന്ത്?

ധര്‍മ്മം എന്നാല്‍ എന്ത്?

ധൃഞ് ധാരണപോഷണയോഃ എന്ന ധാതുവില്‍നിന്നും നിഷ്പന്നമാവുന്ന പദം. ലോകത്തിന്‍റെ നിലനില്‍പ്പിനും മനുഷ്യജീവിതത്തിന്‍റെ ലക്ഷിയപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധര്‍മ്മമെന്ന് പറയാം (ധാരണാദ് ധര്‍മ്മ). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാ‍മൊക്കെയും യാതൊന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിര്‍ത്തപ്പെടുന്നത് അതാകുന്നു ധര്‍മ്മം. (ധ്രിയതേ അനേന ഇതി ധര്‍മ്മ)
ധര്‍മ്മത്തിന്‍റെ അടിസ്ഥാനം വേദമാകുന്നു. വേദോഖിലോ ധര്‍മ്മമൂലം എന്നു മനുസ്മൃതി. വേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള ധര്‍മ്മമാകുന്നു  വൈദികധര്‍മ്മം. ഒരിക്കലും നശിക്കാത്തതിനാല്‍ ഇതിനെ  സനാതനധര്‍മ്മം എന്നു പറയുന്നു. ഈ സനാതനധര്‍മ്മം തന്നെയാണ്  ഹിന്ദുധര്‍മ്മം എന്നറിയപ്പെടുന്നത്. ഹിന്ദുക്കള്‍ എന്നുവിളിക്കപ്പെട്ടത് ഭാരതത്തിലെ ജനതയാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഇന്ദു സമുദ്രം വരെയുള്ള ഭൂഭാഗത്തിന് ഹിന്ദുസ്ഥാനം എന്നു പറയുന്നു. ഹിന്ദുസ്ഥാനത്ത് വസിക്കുന്നവര്‍ ഹിന്ദുക്കളായും അറിയപ്പെടുന്നു. ഇപ്രകാരമാണ് ആ പേര് വന്നതെന്ന് ഒരു പക്ഷം. അതല്ല സിന്ധുനദിയോടനുബന്ധിച്ച് വസിച്ച ജനവിഭാഗങ്ങളാണ് ഹിന്ദുക്കളെന്നു വിളിക്കപ്പെട്ടതെന്ന് വേറൊരുപക്ഷം. ഏതായാലും വൈദികധര്‍മ്മത്തില്‍ വസിക്കുന്നവരെയാണ് ഹിന്ദുക്കള്‍ എന്നു പറയുമ്പോള്‍ നാം വിവക്ഷിക്കുന്നത്. അങ്ങനെ ഭാരതത്തില്‍ ഹിന്ദുസ്ഥാനത്തില്‍ പ്രചരിച്ചതും ഇവിടെ നിന്നും ലോകമാസകലം പ്രസരിച്ചതുമായ വൈദികധര്‍മ്മത്തെ നാം ഹിന്ദു ധര്‍മ്മം എന്നുപറയുന്നു.

എന്താണ് സനാതന ധര്‍മ്മം ?

എന്താണ് സനാതന ധര്‍മ്മം ?
ആരാണ് ഹിന്ദു ?

ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം"
നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു.

ഒരു വ്യക്തിയെയോ ഗ്രന്ഥത്തെയോ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ മതം എന്ന ഒരു പിശാച് ജനിക്കുന്നു. ആ പിശാച് ഒരു മനസ്സില്‍ നിന്നും മറ്റു മനുഷ്യ മനസ്സുകളിലേക്ക്; സ്വര്‍ഗ്ഗം നരകം എന്നീ ഉപാധികള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി ആസൂത്രിതമായി കടന്നു കൂടുന്നു. പമ്പര വിഡ്ഢികളായ പാവം മനുഷ്യര്‍ ആ പിശാചിന്റെ മോഹവലയത്തില്‍ ഇല്ലാത്ത സ്വര്‍ഗ്ഗം മോഹിച്ചും, നരകത്തെ ഭയന്നും വെറും ഇരുകാലി മൃഗങ്ങളായി ജീവിക്കുന്നു. ഈ മതങ്ങള്‍ മനുഷ്യരെ ഏതെങ്കിലും ഒരു ഗ്രന്ഥം കാണിച്ച് അവയില്‍ പറയുന്ന വാക്കുകൾ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിച്ച് ചിന്താശക്തി ഇല്ലാത്ത ഒരു കഴുതയ്ക്ക് തുല്യം ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒപ്പം മനുഷ്യരുടെ ഇടയില്‍ വിദ്വേഷം വളര്‍ത്തി അവരെ പരസ്പരം കൊല ചെയ്യിച്ച് അവരുടെ രക്തം കുടിച്ചു കൊഴുക്കുന്നു. മതമാകുന്ന പിശാചിനെ മനസ്സില്‍ നിന്നും കുറച്ചു നേരം അകറ്റി നിര്‍ത്തി കണ്ണ് തുറന്ന് ചുറ്റും നോക്കൂ, ഈ സത്യം നിങ്ങള്ക്ക് ഏവര്ക്കും നേരില്‍ കാണാവുന്നതാണ്. കാണുന്നില്ല, എങ്കില്‍ നിങ്ങള്ക്ക് അജ്ഞാനം എന്ന തിമിരം ബാധിച്ചിരിക്കുന്നു എന്നറിയുക.

മതം എന്ന രക്തദാഹിയായ പിശാചിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന വെറും അന്ധവിശ്വാസികള്‍ക്ക് സനാതന ധര്‍മ്മത്തിന്റെ മഹത്വം എങ്ങിനെ മനസ്സിലാകും ? അന്ധമായി വിശ്വസിക്കുവാനും, പിന്തുടരുവാനും ആരെയും ഒരിക്കലും നിര്‍ബന്ധിക്കാത്തതുകൊണ്ട്, സനാതന ധര്‍മ്മം ഒരിക്കലും ഒരു മതമല്ല, മറിച്ച് ധര്‍മ്മം ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യര്‍ക്കും ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ അവകാശം നല്‍കുന്ന ഒരേ ഒരു സനാതന ധര്‍മ്മം. ആ ധര്‍മ്മത്തില്‍ ആണ് ഈ പ്രപഞ്ചം നില നില്‍ക്കുന്നത് എന്നതിനാല്‍ സനാതന ധര്‍മ്മം നശിക്കുമ്പോള്‍ ലോകം തന്നെ നശിക്കുന്നു.

തമസോ മാ ജ്യോതിര്‍ ഗമയ...!

മതം എന്ന അന്ധകാരത്തില്‍ നിന്നും ധര്‍മ്മം എന്ന വെളിച്ചത്തിലേക്ക് സഞ്ചരിക്കുക...!

ലോകാ സമസ്താ സുഖിനോ ഭവന്തു...!

അഭിജിത്ത് മുഹൂര്‍ത്തം:

അഭിജിത്ത് മുഹൂര്‍ത്തം:

ഒരു ദിവസം 60 നാഴികയാണ്. ഇതിനെ 2 നാഴിക വീതമുള്ള 30 മുഹൂര്‍ത്തങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു. ഇതില്‍ 15 മുഹൂര്‍ത്തങ്ങള്‍  പകലാണ്‌. പകല്‍ എട്ടാമത്തെ മുഹൂര്‍ത്തം അഭിജിത്ത് ആണ് (14-16 നാഴികയ്ക്കകം).  ഒരു മുഹൂര്‍ത്തം 2 നാഴിക, അതായത് 48 മിനിട്ടാണ്. മുഹൂര്‍ത്തം  നോക്കുന്ന ദിവസത്തെ സൂര്യോദയ സമയത്തോട്‌ 5 മണിക്കൂര്‍  36 മിനിറ്റ് കൂട്ടിയാല്‍ അഭിജിത്ത് മുഹൂര്‍ത്താരംഭം കിട്ടും. ഈ മുഹൂര്‍ത്തം എല്ലാ ശുഭ കാര്യങ്ങള്‍ക്കും നല്ലതാണ്. ശുഭ മുഹൂര്‍ത്തം കിട്ടാന്‍ വിഷമിക്കുമ്പോള്‍ അഭിജിത്ത് മുഹൂര്‍ത്തം പരിഗണിക്കാം. ചൊവ്വയും ശനിയും ഒഴിവാക്കണം. വിവാഹ മുഹൂര്‍ത്തം പരിഗണിക്കുമ്പോള്‍ കുടിവെയ്പ്പ് (ഗൃഹപ്രവേശം) സമയം കൂടി പരിഗണിക്കയും വേണം. അത് ഒരിക്കലും ചരരാശി, ഗുളികോദയ സമയം ആവാന്‍ പാടില്ല.

അംഗദന്‍

അംഗദന്‍

രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വാനരന്‍. വാനരരാജാവായ ബാലിയുടെ പുത്രന്‍. പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പഞ്ചകന്യകമാരില്‍ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദന്‍ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തില്‍ ഒരു സൂചനയുണ്ട്. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. ഈ വാനരരാജകുമാരന്‍ രാമരാവണയുദ്ധത്തില്‍ ഇന്ദ്രജിത്തുമായി ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. രാവണനുമായുള്ള സംവാദത്തില്‍ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകര്‍തൃകവും അപൂര്‍ണവുമായ അംഗദദൂത് എന്ന ഒരു മണിപ്രവാളചമ്പു ലഭിച്ചിട്ടുണ്ട്.

സംസ്കൃതസാഹിത്യത്തില്‍ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളില്‍ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വര്‍ണനകള്‍ ലഭിക്കുന്നുണ്ട്. 13-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന സുഭട്ടന്‍, അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. വാല്മീകിരാമായണം, അധ്യാത്മരാമായണം എന്നീ പ്രസിദ്ധ രാമകഥാകാവ്യങ്ങളില്‍ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകന്‍, വാനരന്‍മാരുടെ സേനാനായകന്‍, ആദര്‍ശഭക്തന്‍ എന്നീ നിലകളില്‍ പ്രശംസിച്ചിട്ടുണ്ട്.

രാമായണത്തില്‍ത്തന്നെ ശത്രുഘ്നന്റെ ഒരു പുത്രനും മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപര്‍വം, XXV:38), ഭാഗവതത്തില്‍ കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.