ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 September 2016

ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം

ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം

ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം. പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്. സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്. കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താറുണ്ട്. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്. കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്. സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം. യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.

1. വളയിടല്‍ ചടങ്ങ്‌
''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്തത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌‌ ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദപ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.

2. പ്രസവ സ്ഥലം
വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശിക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായിക്കും.

3.യാത്ര സമയം
ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞെടുക്കുന്നത്‌ അഞ്ചാം മാസമോ ഒമ്പതാം മാസമോ ആണ്‌. ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. അതുപോലെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ പ്രസവം കഴിഞ്ഞ്‌ മൂന്നാം മാസത്തിലാണ്‌. പ്രസവം കഴിഞ്ഞുടന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌.

4.സംഗീതം കേള്‍ക്കുക
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭസ്ഥ ശിശുക്കളുടെ ശ്രവണ ശക്തി കൂട്ടാനും ഇത്‌ സഹായിക്കും. സമ്മര്‍ദ്ദം കൂടുതലുള്ള സ്‌ത്രീകള്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാനും നേരത്തെ പ്രസവിക്കാനും സാധ്യത ഉണ്ട്‌.

5.പ്രത്യേക ഭക്ഷണക്രമം
ഗര്‍ഭിണികളുടെ ഭക്ഷണക്രമം എല്ലാം പോഷകങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ സവിശേഷമായിരിക്കണം. വളകള്‍ ഇട്ടാല്‍ മാത്രമല്ല സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പ്രസവം എളുപ്പമാക്കാം. എല്ലാ സ്‌ത്രീകളും ഗര്‍ഭ കാലത്ത്‌ സവിശേഷമായ ഭക്ഷണക്രമം പിന്തുടരുന്നത്‌ നല്ലതാണ്‌ .

6. നെയ്യ്‌ ഉപയോഗിക്കുക
ഇന്ത്യന്‍ ആചാര പ്രകാരം ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ ഏഴാം മാസത്തില്‍ പോകുമ്പോള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും നെയ്യ്‌ കൈയ്യില്‍ കരുതാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ നെയ്യ്‌ കഴിക്കുന്നത്‌ പേശികളുടെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ വശം. പ്രസവം എളുപ്പമാക്കാനുള്ള പ്രധാന വഴികളിലൊന്നാണിത്‌.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

കോശത്തിന്റെ ആന്തരിക ഭാഗങ്ങൾ

കോശത്തിന്റെ ആന്തരിക ഭാഗങ്ങൾ

ഒരു ജീവിയുടെ ശരീരത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേക ഘടനകളുള്ള കോശങ്ങൾ ഉണ്ട്. ജീവന്റെ തുടിപ്പ് ആരംഭിക്കുന്നത് കോശദ്രവത്തിൽ നിന്നാണ്. അത് മനുഷ്യശരീരമായാലും ബ്രഹ്മാണ്ഡമായാലും തത്ത്വം ഒന്നു തന്നെ. എന്തെല്ലാം ഭാവവിശേഷങ്ങൾ പ്രപഞ്ചത്തിലുണ്ടോ അവയെല്ലാം പുരുഷനിലും (വ്യക്തിയിൽ) ഉണ്ട്. പുരുഷനിൽ എന്തെല്ലാം ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം പ്രപഞ്ചത്തിലുമുണ്ട്.

“അണോരണീയാൻ മഹതോ മഹീയാൻ”
 (അണുവിനെക്കാൾ ചെറുതും അതിബൃഹത്തിനെക്കാൾ വലുതും ) 
“അണിയാൻഹ്യതർക്ക്യമണു പ്രമാണാത്”
 (അണുവിനെക്കാൾ ചെറുതെന്നതിൽ തർക്കമില്ല.)

ബീജം മാം സർവ്വഭൂതാനാം വിദ്ധി പാർത്ഥ സനാതനം
ബുദ്ധിർബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം”.

[ഹേ! അർജ്ജുന, എന്നെ സർവ്വ ചരാചരങ്ങളുടെയും നിത്യമായ ബീജമായി (വിത്തായി) നീ അറിയണം. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.] 

ഇവിടെ “ഞാൻ“ എന്നു പറയുന്നത് -  അന്തര്യാമിയും സർവേശ്വരനുമായ ആദികാരണത്തെയാണ് പരാമർശിക്കപ്പെടുന്നത്. ചുരുങ്ങിയപക്ഷം 16,008 ഭാര്യമാരുള്ള ശ്രീകൃഷ്ണനല്ല എന്നെങ്കിലും മനസ്സിലാക്കുമല്ലൊ.

[ഛാന്ദ്യോഗ്യോപനിഷത്തിൽ ശ്വേതകേതുവും അരുണപുത്രനായ ഉദ്ദാലകനും തമ്മിൽ നടക്കുന്ന ഒരു സംവാദത്തിൽ ബീജത്തിന്റെ ഉദാഹരണം വരുന്നുണ്ട്.]

ഉദ്ദാലകൻ മകനോടു പറയുന്നു:

ശ്വേതകേതു, ഈ പേരാൽമരത്തിൽ നിന്ന് ഒരു ഫലം കൊണ്ടു വരിക.

മകൻ: ഭഗവാനേ, ഇതാ കൊണ്ടുവന്നിരിക്കുന്നു.

അച്ഛൻ: അതിനെ രണ്ടായി മുറിക്കുക.

മകൻ: ഭഗവാനേ, ഇതാ മുറിച്ചിരിക്കുന്നു.

അച്ഛൻ: ഇവിടെ നീ എന്തു കാണുന്നു?

മകൻ: ഭഗവാനേ, അണുക്കളെപ്പോലെ ചെറിയ വിത്തുകൾ.

അച്ഛൻ: മകനേ, ഇവയിൽ ഒന്നിനെ എടുത്തു ഭേദിക്കൂ.

മകൻ: ഭഗവാനേ, അതും ഭേദിച്ചിരിക്കുന്നു.

അച്ഛൻ: ഇതിൽ നീ എന്തു കാണുന്നു?

മകൻ: ഞാൻ ഒന്നും കാണുന്നില്ല.

ഇതു കേട്ടിട്ട് അച്ഛൻ മകനോടു പറഞ്ഞു: “അല്ലയോ വത്സാ, ഈ വിത്തിന്റെയുള്ളിൽ നീ ഒന്നും കാണുന്നില്ലെങ്കിലും അതിൽ ഒരു വലിയ പേരാലായി വളർന്നു വികസിക്കാനുള്ള സാ‍ദ്ധ്യത സൂക്ഷ്മമായി ഇരിക്കുന്നുണ്ട്. ആ അണിമാവിൽ നിന്നാണ് ഈ കാണുന്ന വലിയ പേരാൽമരം ഉണ്ടായി വികസിച്ചു നിൽക്കുന്നത്. അപ്രകാരമുള്ള ഈ സൂക്ഷ്മഭാവം തന്നെയാണ് ഈ ലോകത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളതും, ആത്മാവായിട്ടുള്ളതും. അല്ലയോ ശ്വേതകേതു, അതു നീ ആകുന്നു".

സുപ്രസിദ്ധമായ “തത്ത്വമസി” എന്ന മഹാവാക്യമാണ് ഈ ബീജത്തിന്റെ ഉദാഹരണത്തിൽ കൂടി ഉദ്ദാലകൻ ശ്വേതകേതുവിന് ഉപദേശിച്ചുകൊടുക്കുന്നത്. ആധുനികശാസ്ത്രവും പ്രപഞ്ചോല്പത്തി ഒരു ഏകകാരണത്തിൽ നിന്നും വന്നതായി കരുതുന്നു. ഈ ബ്രഹ്മാണ്ഡം അനന്തവിശേഷങ്ങളോടുകൂടി നാം കാണുന്നുണ്ടെങ്കിലും അത് ആദ്യം അവ്യക്തമായിരുന്നു. പിന്നീട് “ബിഗ് ബാംഗ്” എന്ന് വിളിച്ചു പോരുന്ന ഒരു പൊട്ടിത്തെറിയോടുകൂടി ബ്രഹ്മാണ്ഡമായി വിരിഞ്ഞു. അത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു (expanding universe) എന്നും ആധുനികശാസ്ത്രം പറയുന്നു.

(പാശ്ചാത്യരുടെ പേറ്റന്റ് ശ്വേതകേതുവിന് വേണ്ടാത്തതുകൊണ്ടാവാം, അന്നുപയോഗിച്ച സുക്ഷ്മദർശിനിയുടെയും ലബോറട്ടറിയുടെയും പേരുകൾ എവിടെയും സൂചിപ്പിച്ചു കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ പേറ്റന്റ് ശ്വേതകേതുവിന്റെ കയ്യിലിരിക്കുമായിരുന്നു.)

[“ശരീരത്തിലെ ഓരോ കോശങ്ങൾക്കും അതിന്റെ ധർമ്മങ്ങൾ ഉണ്ട്. ഒരു കോശത്തിന്റെ ഉള്ളിലുള്ള ഭാഗങ്ങൾക്കും അവയുടെ ധർമ്മം ഉണ്ട്. അത് നിർവ്വഹിക്കപ്പെടുന്നത് അതിൽ നിഹിതമായിരിക്കുന്ന അതിന്റെ ബോധമാണ്. ഈ 'ബോധം', വിഭജിച്ചും കൂടിച്ചേർന്നും വളരുന്ന ഓരോ വസ്തുവിലും അതിന്റെ ഓർമ്മയായി നിലനിൽക്കുന്നു. പരമാണുവാദത്തിലായാലും ഓരോ പരമാണുവിനും അതിന്റെ ബോധം, ഓരോ അണുവിനും അതിന്റെ ബോധം, ഒരു അവയവത്തിന് അതിന്റെ കൂട്ടായ ബോധം, അവയവങ്ങൾ ചേർന്ന പുരുഷനു് അവന്റെതായ ബോധം എന്നും നിലനിൽക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ധർമ്മം അനുഷ്ഠിക്കുന്നതിനുള്ള ഓർമ്മ അതിൽ തന്നെനിലനിൽക്കുന്നുണ്ട്.“] 

കോശദ്രവം പരിശോധിക്കുമ്പോൾ അതിൽ വെറും വെള്ളമല്ല, ചില ധാതുക്കളും ചേർന്നിട്ടുണ്ട് എന്നു കാണാം. പഞ്ചസാര, ചിലതരം കൊഴുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉള്ളതായി ആധുനികശാസ്ത്രം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ കോശവും അതിന്റെ ധർമ്മം എങ്ങിനെ അനുഷ്ഠിക്കുന്നു എന്ന അന്വേഷണത്തിൽ നിന്നുമാണ് കോശത്തിലെ ഓരോ ആന്തരിക ഭാഗങ്ങളുടെയും പ്രവർത്തനം കോശത്തിന്റെ ആകെ പ്രവർത്തനത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ആധുനികശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളത്. അതില്ലും ആഴത്തിലുള്ള വിശദീകരണം ഉണ്ടായിട്ടുണ്ട് ചില സൂചനകൾ പൌരാണിക ശാസ്ത്രത്തിലുടെയും പഠനങ്ങളിലുടെയും കാണാം.

മഹാവിഷ്ണുവിന്റെ നിറം നീലയാണ്. ആധുനികരുടെ ചാതുർവർണ്ണ്യ വ്യാഖ്യാനങ്ങളിലും നീലനിറം പരാമർശിക്കുന്നില്ല. അതുകൊണ്ട്  വിഷ്ണു വർണ്ണാതീതനാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ സൂക്ഷ്മദർശിനികൾ കോശത്തിലെ ന്യൂക്ലിയസ്സിന്റെ നിറം dark എന്നും, grey എന്നും, blue എന്നും പറയുന്നുണ്ട്.  

പഞ്ചേന്ദ്രിയങ്ങിളിലൂടെ ലഭിക്കുന്ന വിഷയാനുഭവങ്ങളിൽ (ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധം)  നിന്നുള്ള അറിവിലൂടെയാണ്   ധർമ്മബോധമുള്ള ബുദ്ധി വളർന്നു വരുന്നത്. വിഷയാനുഭവങ്ങളോട് നമ്മൾ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നു. പ്രതികരണത്തിന്റെ അടിസ്ഥാനം ആകർഷണമോ വികർഷണമോ ആയിരിക്കും. ഈ ആകർഷണ വികർഷണം കൊണ്ട് മനസ്സിൽ ഒരു പ്രത്യേക ഓർമ്മയെ നിക്ഷേപിക്കുന്നതിന് സംസ്കാരം എന്നു പറയുന്നു.

ചുറ്റുകളായി കിടക്കുന്ന അഞ്ചു തലയുള്ള (പ്രപഞ്ചാനുഭവങ്ങളുള്ള) അനന്തസർപ്പത്തിന്റെ മെത്തയിലാണ് വിഷ്ണുവിന്റെ ശയനം. ആത്മാവിന്റെ അനന്തമായ പതിനായിരം ജന്മങ്ങളുടെ ഒർമ്മയുടെ കാല്പാടുകൾ കുറിച്ചുവെച്ചിട്ടുള്ളത് ഈ അനന്തമായി കിടക്കുന്ന സർപ്പത്തിലാണെന്ന് ഞാൻ പറയുന്നില്ല. അത് ക്രോമോസോമിനെക്കുറിച്ച് ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പാർത്ഥൻ പൌരാണിക ഉഢായിപ്പിനെ ശാസ്ത്രമാണെന്നു പറയാൻ കാണിക്കുന്ന സൂത്രമാണെന്നു പറയും. വിഷ്ണുവിനെ വിട്ടുപിരിയാൻ അനന്തനാവില്ല എന്ന് അനന്തന്റെ അംശാവതാര കഥകൾ സൂചിപ്പിക്കുന്നുണ്ട്.   (" The DNA molecule may be circular or linear, and can be composed of 10,000 to 1,000,000,000 nucleotides in a long chain.")

മഹാവിഷ്ണുസങ്കല്പം ഓർമ്മയെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞതാണ് ആധുനികന്റെ അസഹിഷ്ണുത പുറത്തുവരാൻ കാരണമായത്. ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ‘ഓർമ്മ’യെക്കുറിച്ച് ഒന്നു വിശദീകരിക്കാം. 

“പ്രസവിച്ച ഉടനെത്തന്നെ ഏതു ജന്തുവിന്റെയും (സസ്തനിയുടെ) കുഞ്ഞ് അതിന്റെ അമ്മയുടെ മുലച്ചുണ്ട് നുണയുവാൻ തുടങ്ങും. അതുകണ്ടാൽ അപ്രകാരം ചെയ്യാനുള്ള പരിചയം എങ്ങിനെ ഉണ്ടായി എന്നു ചിന്തിക്കാം.   ഇത് കാണിക്കുന്നത് ആത്മാവിന്റെ അമരത്വത്തെയാണെന്ന്, ഭാരതീയ ഋഷിമാർ പറയുന്നു. പൂർവ്വജന്മത്തിലെ അനുഭവംകൊണ്ടാണ് അതിന് ഈ സംസ്കാരം ഉണ്ടായിരിക്കുന്നത്. ഈ പറയുന്നത് ഒരുമാതിരി അന്ധവിശാസമാണെന്ന് ആധുനികർ കരുതിയേക്കാം. “ഒരു ജീവി കടന്നു പോകുന്ന പതിനായിരം ജന്മങ്ങളിലെ ഓർമ്മയുടെ കാല്പാടുകളെയാണ് ഇത് കുറിക്കുന്നതെന്നു ‘ഷ്രോഡിംഗർ’ അഭിപ്രായപ്പെടുന്നു”. ഋഷിമാർ പറഞ്ഞതും ഷ്രോഡിംഗർ പറഞ്ഞതും തമ്മിലുള്ള ശാസ്ത്രഭാഷയുടെ വ്യത്യാസം ഇവിടെ കാണാം. ഷ്രോഡിംഗർ പറയുന്നത്, ജനിതകമായി വന്ന പതിനായിരം ജന്മങ്ങളുടെ ഓർമ്മകളെപ്പറ്റിയാണ്.   ഋഷിമാർ പറയുന്നത്, പതിനായിരം പുനർജന്മങ്ങളിൽ കൂടി കടന്നുപോയ ജീവന്റെപരിണാമത്തെപ്പറ്റിയാണ്.”

‘നാം അമ്മയിൽനിന്നും വരുന്നത് ഒന്നും എഴുതിയിട്ടില്ലാത്ത ഒരു സ്ലേറ്റ് പോലെയുള്ള മനസ്സോടുകൂ‍ടിയാണെന്നു‘ ‘ജോൺ ലോക്ക്’ അഭിപ്രായപ്പെടുന്നു. ‘യുങ്’ അതിനെ നിശിതമായി ഖണ്ഡിച്ചുകൊണ്ടു പറയുന്നത്, ‘സുഘടിതമായ ഒട്ടനവധി നിർദ്ദേശങ്ങളടങ്ങിയ ഒരു കാരണബോധത്തോടുകൂടിയാണ് ഓരോ കുഞ്ഞും ജനിക്കുന്നതെന്നാണ്‘.

ഇവിടെ ഭാരതീയ പൌരാണികശാസ്ത്രത്തിന്റെയും പാശ്ചാത്ത്യ ശാസ്ത്രത്തിന്റെയും ഇടയിൽ ഒരു ഭിന്നത പ്രകടമാകുന്നുണ്ട്. അനുഭവങ്ങളിൽകൂടി ജനിതകങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതായിട്ടുള്ള DNA, RNA കളുടെ അക്ഷരവൈജാത്യത്തെ, ആധുനികശാസ്ത്രം വംശസംരക്ഷണത്തിനായുള്ള പുത്രോത്പാദനത്തിൽ കൂടിമാത്രം നടക്കുന്ന പാരമ്പര്യവാദമായി എണ്ണുമ്പോൾ, അച്ഛനമ്മമാരുടെ പുനർജന്മമുണ്ടാകുന്നത് സ്വന്തം മക്കളിൽ മാത്രമായി ചുരുങ്ങുന്നു. എന്നാൽ, ഭാരതീയ ബോധശാസ്ത്രത്തിൽ ഒരുവൻ തന്നോടൊപ്പം കൊണ്ടുവരുന്നത് അച്ഛനമ്മമാരുടെ ആകെ ജീവിതത്തിനാധാരമായ ജനിതകങ്ങൾ മാത്രമല്ല, ഒരു ജീവാത്മാവിന്റെ സ്വത്വത്തിൽ വൃദ്ധിപ്രാപിച്ച് സൂക്ഷ്മവത്കരിക്കപ്പെട്ട ലിംഗശരീരത്തിന്റെ (കാരണശരീരം) പുനരാവിഷ്കരണത്തെക്കൂടിയാണ്. പുനർജന്മത്തിന്റെ ഈ രണ്ടു തത്ത്വങ്ങളിൽ ഒന്നിനുമാത്രമെ പ്രസക്തിയുള്ളൂ എന്ന പിടിവാദം അനാവശ്യമാണെന്ന് ജീവിതാനുഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നു. പാരമ്പര്യമായി ലഭിക്കുന്ന സംസ്കാരം പുത്രോല്പാദനത്തിലൂടെമാത്രമെ ഉണ്ടാകുന്നുള്ളൂ എങ്കിൽ ഒരു ശാസ്ത്രജ്ഞനെയോ ഡോക്ടറെയോ സംഗീതജ്ഞനെയോ സമൂഹത്തിന് ആവശ്യമുള്ള അവസരത്തിൽ, ഈ ശാഖയിൽ പ്രാവീണ്യമുള്ള രണ്ടു ജോഡികളെ ചേർത്ത് സന്തതി പരമ്പരയെ സൃഷ്ടിച്ചാൽ, അവരുടെ സന്തതികൾ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും സംഗീതജ്ഞന്മാരും മാത്രമായിത്തീരേണ്ടതല്ലെ. 

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

പുരാണങ്ങൾ

പുരാണങ്ങൾ

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്. വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.

വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

അഷ്ടാദശപുരാണങ്ങൾ

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം

അഷ്ടാദശപുരാണങ്ങൾ

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

ബ്രഹ്മപുരാണം
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

വിഷ്ണുപുരാണം
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

ശിവപുരാണം
പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

ഭാഗവതപുരാണം

പ്രധാന ലേഖനം: ശ്രീമഹാഭാഗവതം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പദ്മപുരാണം
പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

നാരദപുരാണം
ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

മാർക്കണ്ഡേയപുരാണം
ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

ഭവിഷ്യപുരാണം
അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ലിംഗപുരാണം
അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

വരാഹപുരാണം
ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മവൈവർത്തപുരാണം
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

സ്കന്ദപുരാണം
സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

വാമനപുരാണം
വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

മത്സ്യപുരാണം
മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

കൂർമ്മപുരാണം
കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

ഗരുഡപുരാണം
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണം
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

അഗ്നിപുരാണം

പ്രധാന ലേഖനം: അഗ്നിപുരാണം
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌[5].ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.

3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.

മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌..;

ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.
പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).

ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.

വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.

ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ
വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.

ഉപപുരാണങ്ങൾ
സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚