അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേർന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു വെച്ചതിനു ശേഷം കറവ ആരംഭിക്കുന്നു.
2:45 ആകുമ്പോൾ മേളക്കാർ വാദ്യഘോഷങ്ങളോടെ ശംഖുനാദം മുഴക്കി പള്ളിയുണർത്തും. അനന്തരം കുറുപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് കയറുകയും ആ മുറയിലുള്ള കീഴ്ശാന്തി പത്മനാഭ സ്വാമിയുടെ നടയിലെ വിളക്കുകൾ എല്ലാം തെളിയിക്കുകയും ചെയ്യും.
ശേഷം തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിയുടെയും തെക്കേടം നരസിംഹ സ്വമിയുടെയും മുറയിലുള്ള കീഴ്ശാന്തിമാർ കുറുപ്പിന്റെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി നട തുറന്നു നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും വേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യും.
അത് കഴിഞ്ഞാൽ നിയുക്ത നമ്പിമാരെ മഠത്തിൽ നിന്നും ശീവേലി വിളക്കിന്റെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ട ഒരു ദാസർ നമ്പിമഠത്തിലെത്തി നമ്പിമാരെയും കൂട്ടി പഞ്ചഗവ്യത്തിനായി ശേഖരിച്ച ഗോമൂത്രവും ചാണകവും എടുത്ത് ക്ഷേത്രത്തിലേക്ക് പോകും.
പടിഞ്ഞാറേ നട വഴി അകത്തു കടക്കുന്ന നമ്പിമാരിൽ തിരുവമ്പാടി നമ്പി നടയിലേക്ക് കയറുകയും പത്മനാഭ സ്വാമിയുടെയും നരസിംഹസ്വാമിയുടെയും നമ്പിമാർ വടക്കേ നട വഴി അകത്തു കയറി പുറകു വശത്തുകൂടി അപ്രദക്ഷിണമായി തെക്കെ വശത്തു കൂടെ അതാത് നടകളിൽ പ്രവേശിക്കുന്നു.
പെരിയ നമ്പി ഒറ്റക്കൽ മണ്ഡപത്തിൽ കയറി പഞ്ചഗവ്യം (ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ്) എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്ത് തയാറാക്കി ശുദ്ധി ചെയ്ത ശേഷം തിരുനട തുറക്കും.
4:15 ആകുമ്പോൾ അഭിഷേകത്തിനായി ശ്രീകോവിലിൽ നിന്നും ശ്രീ പത്മനാഭ സ്വാമിയുടേയും ശ്രീദേവിയുടെയും ഭൂമീദേവിയുടെയും അഭിഷേക വിഗ്രഹങ്ങളും ശീവേലി വിഗ്രഹവും സാളഗ്രാമങ്ങളും ശംഖുനാദത്തോടെ പുറത്തേക്ക് ഏഴുന്നളിച്ച് പൂജ തുടങ്ങി ഉപചാരങ്ങളെല്ലാം നൽകി അഭിഷേകം ആരംഭിക്കും.
സ്വർണ്ണ ചിരട്ട കൊണ്ട് ആദ്യം പഞ്ചഗവ്യം അഭിക്ഷേകം ചെയ്ത് ബിംബശുദ്ധി വരുത്തി പഞ്ചാമൃതം അഭിക്ഷേകം ചെയ്യും. ഈ സമയത്തു നരസിംഹ സ്വാമിക്ക് പാൽ കരിക്ക് എന്നിവ അഭിക്ഷേകം ചെയ്യും. അത് കഴിഞ്ഞ് പത്മനാഭ സ്വാമിക്കു പാൽ അഭിഷേകം.
ഭഗവാന് പാലഭിഷേകം കഴിഞ്ഞ ഉടനെ കൃഷ്ണസ്വാമിക്കും അഗ്രശാല ഗണപതിക്കും ശാസ്താവിനും പാലഭിഷേകം. ഈ സമയത്ത് ഉള്ളിൽ അഭിഷേക വിഗ്രഹങ്ങൾ വൃത്തിയാക്കി, അലങ്കരിച്ച് പൂജ നൽകി മലരും പഴവർഗ്ഗങ്ങളും പാലും നിവേദിച്ച് ദീപാരാധന നൽകും.
ഭഗവാനു ദീപാരാധന കഴിഞ്ഞ ഉടൻ നരസിംഹസ്വാമിക്കും കൃഷ്ണസ്വാമിക്കും ഗണപതിക്കും ശാസ്താവിനും ദീപരാധന. ദീപാരാധന കഴിഞ്ഞ ഉടനെ വിഗ്രഹങ്ങൾ ഓരോന്നായി ശംഖുനാദത്തിന്റെ അകമ്പടിയോടു കൂടി ശ്രീകോവിലിൽ എത്തിച്ച് യഥാസ്ഥാനങ്ങളിൽ വെച്ച് അലങ്കരിച്ച് ഉഷഃപൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നു.
നിവേദ്യത്തിനായി അവൽ, പൊങ്കൽ, വലിയ പാൽപായസം, ശർക്കര പായസം എന്നിവ ഉണ്ടാവും. പിന്നെ രാവിലത്തെ ശീവേലിക്കായി പാണിവിളക്കു വെച്ച് പാണികൊട്ടി ഉപചാരം ചൊല്ലി ശ്രീ പത്മനാഭസ്വാമിയുടെയും നരസിംഹസ്വാമിയുടെയും ശീവേലി വിഗ്രഹങ്ങളും അതാത് കീഴ്‌ശാന്തിമാർ ശിരസ്സിലേന്തി കൊടിമരം പ്രദക്ഷിണം ചെയ്ത് ശാസ്താവിന്റെ നടയിലൂടെ പടിഞ്ഞാറേനടയിൽ എത്തുമ്പോൾ ശ്രീ കൃഷ്ണസ്വാമിയും ഇവരോടൊപ്പം ചേർന്ന് നടച്ചുറ്റു വഴി 3 പ്രദക്ഷിണം പൂർത്തിയാക്കി കൃഷ്ണസ്വാമി ആദ്യം അകത്തു കയറും. പിന്നാലെ തന്നെ പത്മനാഭസ്വാമിയും നരസിംഹസ്വാമിയും അകത്തു കയറും.
ശീവേലി കഴിഞ്ഞാൽ 6:45 ഓടെ മിത്രാനന്ദപുരത്തുനിന്നും പുഷ്പാഞ്ജലി സ്വാമിയാർ ക്ഷേത്രത്തിലെത്തി പൂജ ആരംഭിക്കും.
3 ദേവന്മാർക്കും പുഷ്പ്പാഞ്ജലിയും അതോടൊപ്പം തന്നെ നിവേദ്യവും ഉണ്ടാകും. പുഷ്‌പാഞ്‌ജലി തുടങ്ങുന്ന നേരത്ത് സമയം 7:30 ആയിട്ടുണ്ടാവും. ഈ നേരത്താണ് കൊട്ടാരത്തിൽ നിന്നുള്ള ആചാരപരമായ നിത്യദർശനത്തിനു തമ്പുരാൻ എഴുന്നെള്ളുന്നത്.
പത്മനാഭസ്വാമിയുടെ നടയിൽ ദർശനം നടത്തുന്ന സമയത്ത് സ്വാമിയാർ ഉള്ളിൽ പുഷ്‌പാഞ്‌ജലി നടത്തും. ഭഗവാന്റെ നടയിൽ നിന്നും നരസിംഹസ്വാമിയുടെ നടയിൽ ദർശനത്തിനു പോകുന്ന സമയത്തിൽ സ്വാമിയാർ നരസിംഹസ്വാമിയുടെ നടയിലെത്തി പുഷ്പ്പാഞ്ജലി നടത്തും.
ഇതേ പോലെ തന്നെ ശ്രീകൃഷ്ണസ്വാമിക്കും പുഷ്പ്പാഞ്ജലി നടത്തി തമ്പുരാൻ ദർശനം പൂർത്തിയാക്കി തിരിച്ചിറങ്ങുന്നതോടെ സ്വാമികൾ തിരിച്ച് മഠത്തിലേക്ക് മടങ്ങും.
അത് കഴിഞ്ഞാൽ 11:15 നു ഉച്ചപൂജയും നിവേദ്യവും.
സ്വർണ്ണത്തളികയിൽ വെള്ളച്ചോറ്, ഉപ്പിലിട്ട മാങ്ങ, ശർക്കരപായസം, നെയ്യപ്പം, എന്നിവ നിവേദിച്ച് ദീപരാധന നൽകി ഉച്ചശീവേലിക്കു ശേഷം നടയടക്കും.
വൈകിട്ട് 5 മണിക്ക് ദാസർ ചെന്ന് നമ്പിമാരെ വിളിച്ചുകൊണ്ടുവന്ന് നടതുറന്നു ദർശനം ആരംഭിക്കും. 6:45 ന് ആദ്യം ശ്രീ രാമ സ്വാമിക്ക് ദീപാരാധന നൽകിയശേഷം മുറയായി ശ്രീ പത്മനാഭസ്വാമി നരസിംഹസ്വാമി കൃഷ്ണസ്വാമി ശാസ്താവ് ക്ഷേത്രപാലൻ വ്യാസൻ (രാത്രിയിൽ മാത്രം) ഗണപതി എന്നിവർക്ക് ദീപാരാധന നൽകും.
അനന്തരം അർദ്ധയാമപൂജയും നിവേദ്യവും. നിവേദ്യത്തിനായി വെള്ളച്ചോറ് ശർക്കരപ്പായസം ഒറ്റയട വത്സൻ ഉണ്ണിയപ്പം അവിൽ വിളയിച്ചത് ചൂട് പാൽ എന്നിവയുണ്ടാകും.
നരസിംഹസ്വാമിക്ക് പാനകവും കൂടി കാണും. നിവേദ്യം കഴിഞ്ഞാൽ അർദ്ധയാമ ശീവേലിക്ക് വേണ്ടി 8 മണിക്ക് പുറത്തിറങ്ങും.
പത്മനാഭസ്വാമിയുടെയും നരസിംഹസ്വാമിയുടെയും ശീവേലി വിഗ്രഹങ്ങൾ ശിരസ്സിലെന്തി കിഴക്കിനിടയിൽ എത്തി കിഴക്കഭിമുഖമായി നിന്ന് പെരിയനമ്പി ഇരുവർക്കും ദീപാരാധന നടത്തി വാദ്യമേളങ്ങളോടുകൂടി പ്രദക്ഷിണമായി പടിഞ്ഞാറേനടയിലെത്തുമ്പോൾ ശ്രീകൃഷ്ണസ്വാമിയും കൂടി ചേരുന്നു.
ഇവിടെ വെച്ച് മൂന്നുപേർക്കും (പത്മനാഭസ്വാമി നരസിംഹസ്വാമി കൃഷ്ണസ്വാമി) എന്നീ മുറയ്ക്ക് ദീപരാധന നൽകി 3 പ്രദക്ഷിണം പൂർത്തിയാക്കി വടക്കേനടവഴി കൃഷ്ണസ്വാമിയും കിഴക്കേനടവഴി പത്മനാഭസ്വാമിയും നരസിംഹസ്വാമിക്കും തിരിച്ചു കയറും.
അകത്തു കയറിക്കഴിഞ്ഞാൽ ആദ്യം ശ്രീകൃഷ്ണസ്വാമിക്കും നരസിംഹസ്വാമിക്കും പിന്നെ പത്മനാഭസ്വാമിക്കും ദീപാരാധന നൽകി യോഗത്ത് പോറ്റിമാരുടെ കുടുംബത്തിൽനിന്നുള്ള പ്രതിനിധിയുടെ സാന്നിധ്യത്തിൽ നീലാംബരി രാഗത്തോട് കൂടിയുള്ള നാദസ്വരവാദനത്തിനു ശേഷം തിരുനടയടച്ച് ശ്രീകോവിലിന്റെ താക്കോൽകൂട്ടം ആചാരപ്രകാരം പ്രതിനിധിയെ ഏൽപ്പിക്കുന്നു.
അവർ അത് ക്ഷേത്രക്കുറുപ്പിന് കൈമാറും. നമ്പിമാർ മടത്തിലേക്ക് മടങ്ങും.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജാവിധികള്‍ ഇങ്ങനെയാകുന്നു.