കമ്പരാമായണം കഥ
അദ്ധ്യായം :- 50
യുദ്ധകാണ്ഡം തുടർച്ച....
രാവണവധവും അതോടുകൂടി യുദ്ധാവസാനവും അറിഞ്ഞ സീത ത്രിജടയുമൊന്നിച്ച് ശിംശാപച്ചോട്ടിൽത്തന്നെയിരിക്കുകയായിരുന്നു. വിഭീഷണനും ഹനുമാനും ശ്രീരാമാനുവാദത്തോടുകൂടി സീതയെ ദേവസന്നിധിയിലെത്തിക്കാൻ അശോകോദ്യാനത്തിൽച്ചെന്നു. ഹനുമാനെക്കണ്ട് സന്തുഷ്ടയായ സീത വിഭീഷണനെ കണ്ട് അല്പമൊന്നമ്പരന്നു. ഉടനെ ത്രിജട പറഞ്ഞു അത് തന്റെ അച്ഛനാണെന്നും ശ്രീരാമദേവ ഭക്തനാണെന്നും ഇപ്പോഴത്തെ ലങ്കാധിപനാണെന്നും.
വിഭീഷണനും ഹനുമാനും അടുത്ത് ചെന്ന് ശ്രീരാമദേവ നിർദ്ദേശം അറിയിക്കുകയും ത്രിജടയോട് ദേവിയെ കുളിപ്പിച്ച് പുതുവസ്ത്രം അണിയിച്ച് ഒരുക്കിനിർത്താൻ ത്രിജടയെ ഏർപ്പെടുത്തുകയും ചെയ്തു. സീതാദേവിക്ക് ഒരുക്കത്തിൽ വൈമുഖ്യമുണ്ടായെങ്കിലും അപ്സരസ്സുകളും ശചിദേവിയും സീതയ്ക്ക് ആഭരണങ്ങൾ സമർപ്പിച്ചു. അവയെല്ലാം അണിഞ്ഞ സീതാദേവി സാക്ഷാൽ ലക്ഷ്മീദേവിയെപ്പോലെ പരിലസിച്ചു. അനസൂയ സീതയ്ക്ക് സമ്മാനിച്ചതും സുഗ്രീവൻ ഹനുമാൻ വശം കൊടുത്തയച്ചതുമായ മുടിപ്പൂവും ഹനുമാൻ അടയാളം നല്കിയ ശ്രീരാമമുദ്രമോതിരവും സീത ധരിച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സീതയെ ത്രിജടയോടൊപ്പം പല്ലക്കിലിരുത്തി , മറ്റു ചില രാക്ഷസരാജകുമാരികളുടെ അകമ്പടിയോടെ ശ്രീരാമസമീപത്തേയ്ക്ക് ആനയിച്ചു. സീതയെ കാണാൻ വാനരന്മാർ ബഹളം കൂട്ടി. അതു കണ്ട് " സീതയുടെ വാഹനം തുറന്നിടുക എല്ലാവരും അവരുടെ മാതൃദേവതയെ സ്വതന്ത്രമായി കണ്ടുകൊളളട്ടെ " എന്ന ശ്രീരാമാജ്ഞയനുസരിച്ച് അങ്ങനെ ചെയ്തു. സീത ശ്രീരാമനോടടുക്കുന്തോറും വിരഹസങ്കടം മാഞ്ഞുകൊണ്ടിരുന്നു.
എന്നാൽ ശ്രീരാമദേവമുഖത്ത് ശങ്ക നിഴലിച്ചു. അതു കണ്ട് സീതയുടെ മുഖം മ്ലാനമായി. ഏറ്റവും അടുത്തെത്തിയ സീതയെ കണ്ടു രാമൻ മുഖം തിരിച്ചു. സീത അമ്പരന്നു പോയി. എങ്കിലും പറഞ്ഞു " നാഥാ! നമസ്കാരം. " രാമദേവൻ മൗനിയായി തന്നെയിരുന്നു. വിഭീഷണൻ സീത വന്നു നിൽക്കുന്നു എന്ന് അറിയിച്ചു. അപ്പോൾ "വിഭീഷണാ! നിന്റെ ജ്യേഷ്ഠത്തിക്കിഷ്ടമെന്തോ അതു സാധിച്ചു കൊടുത്തു കൊൾക" എന്ന് രാമൻ കല്പിച്ചു. ഇതുകേട്ട് ചുറ്റും നിന്നവർ പരിശ്രമിച്ചു പോയി. ഉടൻ സീതാദേവി "ലക്ഷ്മണാ ; ഒരു ചിതയുണ്ടാക്കിത്തരിക; ഭർത്തൃശങ്കിതയായ സ്ത്രീ ജീവിച്ചിരിക്കരുത് , ഞാൻ ഈ സന്നിധിയിൽ തന്നെ അന്തർദ്ധാനം ചെയ്തുകൊളളാം"..
ദയനീയമായി ശ്രീരാമനെ നോക്കിയ ലക്ഷ്മണനോട് "ആ നടക്കട്ടേ" എന്നൊരാജ്ഞ രാമദേവനിൽ നിന്നും ഉണ്ടായി. എല്ലാവരും വിഷമത്തിലായി. എങ്കിലും ലക്ഷ്മണൻ വാനരന്മാരുടെ സഹകരണത്തോടുകൂടി ചിതയൊരുക്കി തീയുജ്ജ്വലിപ്പിച്ചു. സീതാദേവി ശ്രീരാമനെ പ്രദക്ഷിണം ചെയ്തിട്ട് നേരെ നടന്നു തീകുണ്ഡത്തിനടുത്തെത്തി. അഗ്നിപ്രവേശമാചരിച്ച് അപ്രത്യക്ഷമായി.
അല്പം കഴിഞ്ഞപ്പോൾ തീജ്ജ്വാലയേക്കാൾ തിളക്കമുള്ള ഒരു സ്ത്രീ രൂപം, ആ രൂപത്തെക്കാൾ തെളിച്ചമുളള മറ്റൊരു നാരീരൂപത്തെത്താങ്ങിയെടുത്ത് കൊണ്ട് തേജോരൂപനായ ഒരു പുരുഷനാൽ അനുഗതമായി അഗ്നികുണ്ഡത്തിൽ നിന്നുയർന്ന് വന്ന് ശ്രീരാമദേവസന്നിധിയിൽച്ചെന്നു നിന്നു. ആ മൂവർ സ്വാഹദേവിയും സീതാദേവിയും അഗ്നിഭഗവാനുമായിരുന്നു.
അഗ്നി പറഞ്ഞു " ശ്രീരാമദേവ! സീതാദേവിയുടെ പാതിവ്രത്യാഗ്നി ഞങ്ങളെയും അനന്തരം ലോകങ്ങളെയും നിശ്ശേഷം ദഹിപ്പിക്കും. അങ്ങ് ദേവിയെ സ്വീകരിച്ച് ഞങ്ങളെയും ലോകത്തെയും അനുഗ്രഹിക്കണം.
ശ്രീരാമൻ പറഞ്ഞു അഗ്നിദേവാ! ഒരു കൊല്ലക്കാലത്തോളം സീതയെ ഭദ്രമായി സൂക്ഷിച്ച് ഇപ്പോൾ തിരിച്ചേല്പിക്കുന്ന ഭവാന് നന്ദിയരുളുന്നു.
അഗ്നി പറഞ്ഞു അങ്ങേയ്ക്ക് വിജയം രാവണവധം ലോകാവസാനം വരെ അങ്ങയുടെ നാമം നിലനിർത്തും സീതാദേവീ... ഞങ്ങൾ പോകട്ടെ.
ബ്രഹ്മദേവൻ പറഞ്ഞു രാമദേവാ! അവിടുന്നു പാലാഴിയിൽ വച്ച് പറഞ്ഞതു പോലെ ദുഷ്ടശിക്ഷയും ശിഷ്ടരക്ഷയും നിർവ്വഹിച്ചു അവിടുന്നു ലോകോത്തരപതിവ്രതാരത്നമായ സീതാദേവിയെ പരിഗ്രഹിച്ചനുഗ്രഹിക്കുക.
ശിവ ഭഗവാൻ പറഞ്ഞു ഈ മഹാകർമ്മത്തിൽ അങ്ങയെ ആദ്യയമായി സഹായിച്ചരുളിയ സതീകുലശിരോമാലികയായ സീതാദേവിയെ സ്വീകരിക്കുക. രണ്ടു പേർക്കും ക്ഷേമമാശംസിച്ചുകൊളളുന്നു.
ഇന്ദ്രദേവൻ ഭഗവാന് നന്ദി അറിയിച്ചു. ശേഷം അങ്ങ് ഉടനെ അയോദ്ധ്യയിലെത്തി രാജ്യഭാരം ഏറ്റുവാങ്ങി. അനേകവർഷക്കാലം പ്രജാപാലനം ചെയ്ത് സുഖമായി വാണരുളുക.
ശ്രീരാമൻ സാകൂതമായെന്നു മന്ദഹസിച്ച ശേഷം സീതയെ സ്വീകരിച്ചു.
അനന്തരം സീതാരാമലക്ഷ്മണന്മാർ അയോദ്ധ്യയിലേയ്ക്കുളള നിവർത്തനയാത്രയ്ക്ക് സന്നദ്ധരായി. തന്റെ സൗഹാർദ്ദ സല്കാരങ്ങളേറ്റ് , ലങ്കയിൽത്താമസിച്ച് വിശ്രമിക്കണമെന്ന് വിഭീഷണൻ വിനീതമായപേക്ഷിച്ചിട്ടും ശ്രീരാമൻ അതിനനുകലിച്ചില്ല. തനിക്ക് അടുത്ത ദിവസം അയോദ്ധ്യയിലെത്തേണ്ടതാണെന്നും അല്ലെങ്കിൽ ഭരതൻ ദേഹത്യാഗമനുഷ്ഠിക്കുമെന്നും അറിയിച്ചു.
യാത്രയെ കുറിച്ച് ചിന്തിച്ചപ്പോൾ വിഭീഷണൻ പറഞ്ഞു പുഷ്പകവിമാനം ഉപയോഗിക്കാമെന്നും അത് തുടർന്ന് ശ്രീരാമാധീനമായിത്തന്നെയിരിക്കട്ടേയെന്നും വിഭീഷണൻ പറഞ്ഞു. യാത്രയ്ക്ക് ഉപയോഗിച്ച ശേഷം കുബേരസന്നിധിയിലയയ്ക്കാമെന്ന് രാമൻ പറഞ്ഞു.
തുടരും .....
No comments:
Post a Comment