പടിയാറും കടന്ന് അകമേ ചെന്നപ്പോള്‍
സനത്കുമാരാദി മഹര്ഷിമാര്ക്ക് വൈകുണ്ഠത്തില്‍ ഏതു സമയത്തും കടന്നുചെല്ലാന്‍ തടസ്സമൊന്നും ഉണ്ടാകാറില്ല. സര്‍വസംഗ പരിത്യാഗികളായവര്‍ക്ക് ഒരു തടസ്സവും ബാധകമാവുക പതിവില്ല. ആശകളും താല്പര്യങ്ങളും ഉള്ളവര്‍ക്കാണല്ലോ വ്യക്തിതാല്പര്യങ്ങള് നടക്കാതെ വരുമ്പോള്‍ നിരാശയും കുണ്ഠിതങ്ങളും ഉണ്ടാവുക. അതിനാല്‍ ആശകളോ അഹങ്കാരമോ ഇല്ലാത്തവര്‍ക്കുള്ളതാണല്ലോ വൈകുണ്ഠം.
സനത് കുമാരാദികള്‍ക്ക് ജീവിതത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. ഹരികഥകള്‍ പാടി നടക്കുക. ദേഹാഭിമാനമില്ലാതെ, മാരന്റെ കുതന്ത്രങ്ങളൊന്നും തളര്‍ത്താത്ത കുമാരന്മാരാണ് അവര്‍. വൃദ്ധന്മാരാണെങ്കിലും എന്നും ബാല്യം വിട്ടുമാറാത്തവര്‍.
അല്ലെങ്കിലും പ്രായം ശരീരത്തിനല്ലേ. നിത്യനായ ആത്മാവിന് എന്തു പ്രായവ്യത്യാസം. ദേഹബോധമില്ലാത്തതിനാല്‍ ഈ ബാലന്മാര് വസ്ത്രധാരണവും പതിവില്ല. ലജ്ജ ബാധിക്കുന്നില്ലെങ്കില്‍ വസ്ത്രത്തിന്റെ മറവ് ആവശ്യമില്ലല്ലോ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാകയാല്‍ ശീതാതപങ്ങളും അവരെ ബാധിക്കുന്നില്ല.
വൈകുണ്ഠത്തിന് ഏഴു കവാടങ്ങളുണ്ട്. ഷഡാധാര ചക്രങ്ങള്‍ പോലുള്ള ആറുകവാടങ്ങളെയും യാതൊരു തടസ്സവും കൂടാതെതന്നെ സനത് കുമാരാദികള്‍ കടന്നുവന്നു. അവിടെയെല്ലാം പലവിധ ആകര്‍ഷക വസ്തുക്കളും ഉണ്ടെങ്കിലും ലക്ഷ്യബോധമുള്ള യോഗിസിദ്ധികളെ അവഗണിക്കുന്നതുപോലെതന്നെ. ഷഡാധാര ചക്രങ്ങളും തരണം ചെയ്ത കുണ്ഡലിനീ ശക്തി സഹസ്രദള പത്മത്തിലേക്കു കടക്കുന്നതില്‍ തടസ്സങ്ങള്‍.
ഏഴാം കവാടത്തിനരികില്‍ വിഷ്ണുരൂപികളായിനിന്നിരുന്ന ദ്വാരപാലകന്മാര്ക്ക് അല്പം മനശ്ചാഞ്ചല്യം. ദുര്‍വികാരങ്ങളൊന്നുമില്ലാത്ത വൈകുണ്ഠത്തിനു യോജിക്കാത്ത ക്ഷോഭം. അവര്‍ക്ക് ഈ കുമാരന്മാരുടെ വരവ് അത്ര പിടിച്ചില്ല. ദിഗംബരന്മാരായ കുമാരാദികളെ പീതാംബരധാരികളായ ഈ ക്ഷേത്രപാലന്മാരുടെ നടപടിയില്‍ ശാന്തശീലരായ സനത്കുമാരാദികള്‍ക്കും മനശ്ചാഞ്ചല്യം തോന്നി.
ശാന്തമായ അന്തരീക്ഷത്തില്‍ പരസ്പര ക്ഷോഭം. വൈകുണ്ഠത്തിനു ചേരാത്ത അന്തരീക്ഷം സൃഷ്ടിച്ച ജയവിജയന്മാരെ കുറച്ചുനേരത്തേക്കെങ്കിലും പുറത്താക്കണമെന്ന് സനത്കുമാരാദികള്‍ നിശ്ചയിച്ചു. അവര്‍ സംസാര സാഗരത്തില്‍ കിടന്ന് ഉഴലട്ടെ എന്ന് കുമാരാദികള്‍ ശപിച്ചു.
പെട്ടെന്നു തന്നെ സനത് കുമാരാദികള്‍ മനസ്സിനെ നിയന്ത്രിച്ചു. ഇത്തിരി കൂടിപ്പോയില്ലേ എന്ന് അവര്‍ക്കു തന്നെ സംശയം. വിഷ്ണുലോകത്ത് വന്ന് വിഷ്ണുവിന്റെ ദ്വാരപാലകന്മാരെ അവഹേളിക്കുന്നതും അവരോടു കോപിക്കുന്നതും വിഷ്ണുവിനെ ധിക്കരിക്കലല്ലേ. ഭഗവാന്റെ അധികാരത്തിലല്ലേ കൈകടത്തിയിരിക്കുന്നത്. കാര്യം വിഷ്ണുവിനെ ദര്‍ശിക്കാനുള്ള തിടുക്കത്തില്‍ ഈ ദ്വാരപാലകന്മാരെ നാം തന്നെ അവഗണിച്ചതല്ലേ പ്രശ്നകാരണമെന്ന് ദുഃഖവും തോന്നി. കുണ്ഠതകളുടെ തുടക്കം.
സര്‍വജ്ഞാനിയായ ഭഗവാന് ഉടന്‍തന്നെ സനകാദികളുടെ മുന്നില്‍പ്രത്യക്ഷപ്പെട്ടു. ദിവ്യന്മാരായ കുമാരാദികളെ തടഞ്ഞതിലെ തെറ്റുകള്‍ മനസ്സിലാക്കി അവരോടു മാപ്പു പറയാന്‍ ജയവിജയന്മാര്‍ക്കും ഭഗവാന് അവസരമൊരുക്കി.
തങ്ങള്‍ക്കും തെറ്റുപറ്റിയെന്ന ചിന്തയിലും സനത് കുമാരാദികള്‍ ഭഗവാനെ കണ്ട സന്തോഷത്തില്‍ ഒരു നിമിഷം എല്ലാം മറന്ന് ആനന്ദിച്ചു.