കമ്പരാമായണം കഥ
അദ്ധ്യായം :- 36
യുദ്ധകാണ്ഡം തുടർച്ച....
സഹപ്രവർത്തകരോട് ആലോചിച്ച് സ്വഭിപ്രായം അനുകൂലമാക്കിയ ശേഷം, ശ്രീരാമൻ ലങ്കയിലേക്ക് ഒരു മാർഗം ലഭിക്കുന്നതിന് വരുണനോട് അപേക്ഷിക്കാൻ തീരുമാനിച്ചു. വരുണമന്ത്രം രാപ്പകൽ മുടങ്ങാതെ നിരാഹാരനിർന്നിദ്രനായി നിയതനിഷ്ഠയോടുകൂടി ജപം നടത്തിയിട്ടും വരുണൻ വന്നില്ല. ശ്രീരാമന് നിരാശയും നീരസതയും തോന്നി. വിഭീഷണന്റെ ഉപദേശപ്രകാരം ശ്രീരാമൻ ലക്ഷ്മണന്റെ കയ്യിൽനിന്നും വില്ലു വാങ്ങി അത്യുജ്ജലമായ ആഗ്നേയാസ്ത്രം സമുദ്രാന്തർഭാഗത്തേക്ക് പ്രയോഗിച്ചു. ചീറിപ്പായുന്ന അസ്ത്രത്തിൽ നിന്നും ചിതറുന്ന തീപ്പൊരികളേറ്റും, അഗ്നിജ്വാലകൾ പിടിപെട്ടും തീഷ്ണമായ ഊഷ്മളബാധിച്ചും ജലജന്തുക്കളെല്ലാം വെന്തുകരിയാനും സിന്ധുജലമാകെ തിളച്ചുവറ്റാനും തുടങ്ങി. വരുണൻ പേടിച്ചുവിറച്ച് ഓടിക്കിതച്ച് വാടിത്തളർന്നു അഭയം തേടി ശ്രീരാമസന്നിധിയിൽ വന്നുചേർന്നു. അനേക വിധത്തിലുള്ള വിശിഷ്ടരത്നങ്ങളും വിവിധരീതിയിലുള്ള വിചിത്രശംഖങ്ങളും ശ്രീരാമൻറെ തൃപ്പാദ പരിസരത്തിൽ, രത്നാകരരാജാവ് കാഴ്ചവച്ച് സാഷ്ടാംഗപ്രണാമം ചെയ്തു പറഞ്ഞു.
സ്വാമീ! ശരണം. സർവ്വലോകത്തിനും ആരാദ്ധ്യനായ അവിടുന്നു എന്നെ വിളിച്ചത് ഞാൻ കേട്ടില്ല അറിഞ്ഞില്ല . വാരിരാശിയുടെ പടിഞ്ഞാറേയറ്റത്തുള്ള ഒരുഭാഗത്ത് ഒരുഗ്രകലഹം നടന്നു. തിമിയെന്നും തിമിംഗലമെന്നും പേരുള്ള രണ്ട് ഭീമ ജീവികൾ തമ്മിൽ യുദ്ധമുണ്ടായി. ഇവരുടെ ഘോരസമരം നിമിത്തം സമുദ്രം ഇളകി മറിഞ്ഞു. തീരഭൂമികൾ ഇടിഞ്ഞു തകർന്നു . മത്സ്യാവതാര കാലത്ത് അവതാരമത്സ്യമൂർത്തിയിൽ നിന്നും രണ്ടു മീനതരുണികളിൽ ജനിച്ചവയാണ് ഈ മഹാമത്സ്യങ്ങൾ . കലഹം ശമിപ്പിക്കാൻ ഞാനങ്ങോട്ട് പോയിരിക്കുകയായിരുന്നു.
സമാധാനം സമുചിതമായി സ്വീകരിച്ചു എന്ന് പറഞ്ഞ ശ്രീരാമനോട് വരുണൻ കേട്ടു ഞാൻ എന്താനുകൂല്യമാണ് അങ്ങേയ്ക്ക് ചെയ്തു തരേണ്ടത് ?.
എനിക്കും ഈ വാനരപ്പടയ്ക്കും ആഴികടന്ന് ലങ്കയിലേയ്ക്ക് പോകണം. അതിനുള്ള മാർഗ്ഗം പറയുക.
സിദ്ധമായ മാർഗമൊന്നുമില്ല.. സേതു നിബന്ധിച്ചേ മതിയാകൂ. ഈ വാനരസംഗത്തിലെ നളൻ, നീലൻ എന്നിവരുടെ മേൽനോട്ടത്തിൽ സേതുബന്ധനം നടക്കട്ടെ . ഞാൻ സഹായസഹകരണങ്ങൾ ചെയ്തു കൊള്ളാം.
മാർഗ്ഗനിർദ്ദേശത്തിനു പ്രത്യുപകാരമായി എന്താണ് ചെയ്ത് തരേണ്ടത് എന്ന് ചോദിച്ച രാമനോട് വരദാനശീലം ലോകോപകാരമായ ഒരു കൃത്യത്തിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞു വരുണൻ. മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറ് തീരത്ത് ഗാന്ധാരമെന്നൊരു മഹാദ്വീപുണ്ട് . അത് ശതകോടി രാക്ഷസന്മാരുടെ ആവാസ സങ്കേതമാണ്. മറ്റു ജനങ്ങൾക്ക് മഹാ ദ്രോഹികളായിത്തീർന്നിരിക്കയാണ്. കടലിലും കരയിലും അവരുടെ അക്രമ പ്രവർത്തികൾ നാൾതോറും വർദ്ധിപ്പിക്കുന്നു . ആ നീചപ്പരിഷയെ അങ്ങു നിഗ്രഹിച്ച് നാമാവശേഷമാക്കണം.
ശ്രീരാമൻ ഒരു ദിവ്യാസ്ത്രം എടുത്ത് മന്ത്രം ജപിച്ച് തൊടുത്ത് സങ്കല്പലക്ഷ്യം വെച്ച് വിട്ടു അല്പസമയത്തിനുള്ളിൽ ശതകോടി രാക്ഷസന്മാരെ സമൂലം സംഹരിച്ച് ആ സായകം തിരികെ വന്ന് രാമദേവതൂണീരത്തിൽ വിശ്രമിച്ചു. ഇത് കൊണ്ട് അത്ഭുതസ്തബ്ധനായ വരുണൻ രാമദേവനെ തൊഴുത് അനുവാദം വാങ്ങി പിൻവാങ്ങി.
വരുണൻ അപ്രത്യക്ഷനായ ഉടനെ സേതുബന്ധനത്തിന് നിർദ്ദേശം കൊടുക്കാൻ ശ്രീരാമൻ സുഗ്രീവനെ ചുമതലപ്പെടുത്തി. സുഗ്രീവൻ കപിപ്രവരരെ വിളിച്ചു എല്ലാ ഏർപ്പാടുകളും ചെയ്തു.
വിശ്വകർമ്മ പുത്രനായ നളൻ സംവിധായകൻ അഗ്നിസുനുവായ നീലൻ സഹസംവിധായകൻ, ജാംബവാൻ, ഹനുമാൻ, അംഗദൻ ഇവർ നിയാമകർ. മറ്റു വാനരൻമാർ പ്രവർത്തകർ , ഇങ്ങനെ കർമ്മപരിപാടി നിശ്ചയിച്ചു. നാനാഭൂഭാഗങ്ങളിൽ നിന്നും പാറ, കല്ല്, കുന്ന് , കൊടുമുടി ഇവ കൊണ്ടുവന്ന് കടലിൽ മറിച്ചു തുടങ്ങി. ഈ അത്ഭുത ദൃശ്യം കാണാൻ ദേവന്മാരും ദേവിമാരും വാനിൽ വന്നു നിറഞ്ഞു.
*ഒന്നാം ദിവസം പത്ത് യോജനയും രണ്ടും മൂന്നും നാലും ദിവസങ്ങളിൽ 30 യോജന വീതവും നാല് ദിവസം കൊണ്ട് സേതു പൂർത്തിയായി. 10 യോജന വീതിയും 100 യോജന നീളവും ഉണ്ടായിരുന്നു സേതുവിന്. സേതുവിന് നിരപ്പും ഉറപ്പും പൂർത്തിയായി വരുത്തിയശേഷം ശ്രീരാമാദികൾ സകലസാധനസാമഗ്രികളോടു കൂടിയ വാനരപ്പടയുമൊത്ത് സ്വൈരമായി സഞ്ചരിച്ച് സമുദ്രതരണം ചെയ്ത് ലങ്കയുടെ ഉത്തരതീരത്തുള്ള സുവേലപാർശ്വ സ്ഥലങ്ങളിൽ ചെന്നുചേർന്നു. അന്ന് രാത്രി അദ്രിസാനുക്കളിൽ പാളയങ്ങളടിച്ച് വിശ്രമിച്ചു.
തുടരും .....
No comments:
Post a Comment