ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-01

കമ്പരാമായണം കഥ

അദ്ധ്യായം :-01

ആദ്യമായി കമ്പരുടെ ജീവചരിത്രം ഒന്ന് നോക്കാം

ആദ്യമായി ലങ്കയിൽ പ്രവേശിച്ച ഹനുമാനെ,  ലങ്കാനഗരത്തിലെ നഗരപാലിക ലങ്കാലക്ഷ്മി തടഞ്ഞു.  ഒരു സ്ത്രീയെന്നു വിചാരിച്ച് ഹനുമാൻ ഇടതുകൈ കൊണ്ട് അവളെ ഒന്ന് അടിച്ചു.  അടികൊണ്ട് ചോരഛർദ്ദിച്ച്  മൂർച്ചിച്ചുവീണ ലങ്കാലക്ഷ്മിക്ക് തന്റെ പൂർവ്വചരിത്രം ഓർമ്മവന്നു.   ഉടനെ തന്നെ പ്രഹരിച്ച മാരുതിയെ പ്രശംസിക്കുകയും നഗരത്തിലേക്കുള്ള മാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തിട്ട്  ലങ്കാലക്ഷ്മി കൈലാസത്തിലേയ്ക്ക് യാത്രയായി  . കാളിയുടെ രൂപാന്തരമായിരുന്നു ലങ്കാലക്ഷ്മി.  കൈലാസത്തിൽ എത്തിയ ശ്രീകാളി തനിക്ക് രാമരാവണയുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്ന ശ്രീപരമേശ്വരനോട് ഉത്കണ്ഠപ്പെട്ടു.   ശ്രീശിവൻ ദേവിയെ സാന്ത്വനപ്പെടുത്തി ഇങ്ങനെ പറഞ്ഞു. "  നീ ദ്രാവിഡനാട്ടിൽ ചെന്ന് അവിടെയുളള  "സ്വയംഭൂലിംഗ" ക്ഷേത്രത്തിൽ അധിവാസം ഉറപ്പിക്കുക.  ഞാൻ അവിടെ "കമ്പ"രായി അവതരിച്ച് തമിഴ് ഭാഷയിൽ രാമായണം രചിച്ച് പാവക്കൂത്ത് നടത്താം.   അപ്പോൾ , കാണുന്നതിനേക്കാൾ വ്യക്തമായും ഭംഗിയായും സമ്പൂർണ്ണമായും ശ്രീരാമകഥ വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.   അതനുസരിച്ച് ശ്രീകാളിദേവി തിരുവണ്ണനല്ലൂർ സ്വയംഭൂലിംഗക്ഷേത്രത്തിൽ വന്നു വാസമുറപ്പിച്ചു.  ആ ക്ഷേത്രത്തിനു സമീപത്ത് ശങ്കരനാരായണൻ എന്ന ഒരു പണ്ഡിതശ്രേഷ്ഠൻ താമസിച്ചിരുന്നു.  അദ്ദേഹത്തിൻറെ ഭാര്യയായ ചിങ്കാരവല്ലി സന്താനലബ്ധിക്ക് വേണ്ടി ഭഗവാനെ ആരാധിച്ചുപോന്നു.  അങ്ങനെയിരിക്കെ വിധവയായിത്തീർന്ന ചിങ്കാരവല്ലിയുടെ സന്താനമായി ശ്രീമഹാദേവൻ അവതരിച്ചു.  അപവാദശങ്കിതയായ വല്ലി ക്ഷേത്രസങ്കേതത്തിൽ ആ കുട്ടിയെ ഉപേക്ഷിച്ചു. ആ കുട്ടിയെ ഗണേശകൗണ്ടർ എന്ന ഒരാൾ എടുത്ത് ജയപ്പവള്ളൻ എന്ന കൗണ്ടപ്രമാണിക്ക് നൽകി . മക്കളില്ലാതിരുന്ന അദ്ദേഹം  കൊടിമരത്തിൻ ചുവട്ടിൽ കിടന്നു കിട്ടിയ ശിശുവിനെ "കമ്പൻ" എന്ന നാമകരണം ചെയ്തു  കുട്ടിയെ വളർത്തി.  അതിബുദ്ധിമാനായ കമ്പർ അലസനായിരുന്നെങ്കിലും യുവാവായപ്പോൾ അതിപണ്ഡിതനും തമിഴു കവിയുമായിരുന്നു ചോളരാജാവ് രാമായണം രചിക്കാൻ  മറ്റൊരംഗമായ ഒറ്റക്കൂത്തനോടും കമ്പരോടും പറഞ്ഞു സേതുബന്ധനം വരെ ഒറ്റക്കൂത്തനും രാമരാവണയുദ്ധം കമ്പരും രചിക്കണമെന്നായിരുന്നു  രാജ നിർദ്ദേശം.  ആറുമാസംകൊണ്ട് ഒറ്റക്കൂത്തൻ തനിക്ക്   കിട്ടിയ നിർദ്ദേശം നിർവഹിച്ചു.  കമ്പർ ഒന്നും ചെയ്തില്ല . അതറിഞ്ഞ രാജാവ് നാളെത്തന്നെ രാമായണ കൃതി സദസ്സിൽ വായിച്ചു കേൾപ്പിക്കണമെന്ന് ഉത്തരവായി.  ഒരു രാത്രികൊണ്ട് കവിതയെഴുതാൻ ഇരുന്ന കമ്പർ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി.  വെളുപ്പിനെ എഴുന്നേറ്റപ്പോൾ" വഴുതി വെടിഞ്ചുതേ അംബാ"  എന്ന് കമ്പർ കുണ്ഠിതപ്പെട്ടപ്പോൾ " എഴുതിമുടിഞ്ചുതേ കമ്പ"  എന്ന് ഒരു ദിവ്യാകൃതി അരുളി ചെയ്തിട്ട് ഉടൻ അപ്രത്യക്ഷമായി.  ബോധം തെളിഞ്ഞ കമ്പർ നോക്കിയപ്പോൾ രാമായണം സമ്പൂർണ്ണമായി എഴുതി വെച്ചിരിക്കുന്നത് കണ്ടു.  ദേവതയായ സരസ്വതി ഭഗവതിയാണ് ആ കൃതി എഴുതിയതെന്ന് അത്ഭുതപരതന്ത്രനായി തീർന്ന കമ്പർ കരുതി. ആ കാവ്യത്തിലെ യുദ്ധകാണ്ഡം അതിവിപുലവും കാവ്യഗുണ സമ്പൂർണവും പാവകൂത്തിനു  ഉപയോഗിക്കത്തക്ക സംവിധാനത്തോടുകൂടിയതുമാണ്.  അങ്ങനെ ശ്രീ കമ്പരാമായണം സർവ്വധന്യമായ ഒരു പ്രബന്ധമായി പരിണമിച്ചു.

തുടരും....

No comments:

Post a Comment