കമ്പരാമായണം കഥ
അദ്ധ്യായം :- 46
യുദ്ധകാണ്ഡം തുടർച്ച....
തിരിച്ചെത്തിയ കുംഭകർണ്ണൻ തനിക്ക് രാമനോട് മാത്രം യുദ്ധം ചെയ്താൽ മതിയെന്നു പറഞ്ഞു. അവർ പരസ്പരം ദർശിച്ചപ്പോൾ ഒരാളുടെ മുഖത്ത് ഒരു ദിവ്യജ്യോതിസ്സും മറ്റേയാളുടെ മുഖത്ത് ഒരു ദിവ്യപ്രഭയും തെളിഞ്ഞു മറിഞ്ഞു. രൂക്ഷമായ മുഖഭാവത്തോടുകൂടി ദീർഘമായ കൈനീട്ടിവന്ന കുംഭകർണ്ണന്റെ രണ്ടു കൈകളും രാമൻ അമ്പെയ്ത് മുറിച്ചു രാമൻ. ശേഷം രണ്ടു കാലുകളും പിന്നെ വേറെരു അമ്പ് മാറിലേയ്ക്കും അയച്ചു.
ശാന്തതയോടെ കുംഭകർണ്ണൻ പറഞ്ഞു രാമഭദ്രാ ! അഭിവാദനം. അങ്ങ് വിഭീഷണനെ രക്ഷിച്ചുകൊളളണം. എനിക്ക് അനുഗ്രഹവും അനുവാദവും തരിക. അങ്ങനെ തന്നെ എന്ന് രാമൻ അനുഗ്രഹിച്ചു. ഒരു കപി കാതു പറിച്ചെടുത്ത് വൈരൂപ്യം വരുത്തിയതു കണ്ട് മറ്റു രാക്ഷസന്മാർ അധിക്ഷേപിക്കാതിരിക്കാനായി കുംഭകർണ്ണന്റെ ശിരസ്സ് വേർപെടുത്തി മഹാസമുദ്രത്തിന്റെ അഗാധതയിൽ നിക്ഷേപിച്ചു.
കുംഭകർണ്ണന്റെ ചരമവാർത്തയറിഞ്ഞ് രാവണൻ നേരിട്ട് യുദ്ധത്തിനൊരുങ്ങി. എന്നാൽ മേഘനാദൻ യുദ്ധരംഗത്ത് എത്താൻ സന്നദ്ധനായി. ഇന്ദ്രജിത്ത് വീണ്ടും വന്ന വിവരം വിഭീഷണൻ പറഞ്ഞു അറിഞ്ഞ രാമലക്ഷ്മണന്മാർ ഇന്ദ്രജിത്തിനോടെതിരിടാൻ സന്നദ്ധനായി. ശ്രീരാമൻ ഇന്ദ്രജിത്തുമായി യുദ്ധം ചെയ്യാൻ തയ്യാറായി. കാരണം മൂന്നാം നാൾ അയോദ്ധ്യയിലെത്തണം അതിനാൽ യുദ്ധം വേഗം അവസാനിപ്പിക്കണം.
അതുകേട്ടു ലക്ഷ്മണൻ പറഞ്ഞു ഞാൻ തന്നെ ഇന്ദജിത്തിനോട് യുദ്ധം ചെയ്യാം. കാരണം മേഘനാദനെ വധിക്കുമെന്ന് വിഭീഷണനോട് ലക്ഷ്മണൻ ശപഥം ചെയ്തു.
ഇന്ദ്രജിത്ത് നാരായണാസ്ത്രമോ ബ്രഹ്മാസ്ത്രമോ പ്രയോഗിക്കാൻ ഇടയുണ്ടെന്നും നാരായണ അസ്ത്രത്തെ നാരായണ നമഃ എന്ന മന്ത്രത്താൽ സ്തുതിച്ചാൽ മതിയെന്നും ബ്രഹ്മാസ്ത്രത്തെ ബ്രഹ്മാസ്ത്രത്താൽ നേരിടുകയേ വഴിയുള്ളു. എന്നാൽ അപ്പോൾ ലോകം നശിക്കാൻ ഇടയുളളതിനാൽ ബ്രഹ്മാസ്ത്രത്തെ മാനിക്കുകയാണ് ചെയ്യുന്നത്.
അപ്രകാരം തന്നെ ഇന്ദ്രജിത്ത് നാരായണാസ്ത്രം പ്രയോഗിച്ചപ്പോൾ ലക്ഷ്മണൻ നാരായണമന്ത്രം ജപിച്ചു. അസ്ത്രം ലക്ഷ്മണനെ മൂന്നു വലത് വച്ച് ലക്ഷമണന്റെ തൂണീരത്തിൽ വിശ്രമിച്ചു. അത് കണ്ട് അത്ഭുതപ്പെട്ട ഇന്ദ്രജിത്ത് മായയുദ്ധം ആരംഭിച്ചു. തന്റെ മന്ത്രിയെ ഇന്ദ്രന്റെ വേഷം ധരിപ്പിച്ച് ലക്ഷ്മണനുമുന്നിൽ എത്തിച്ചു. ഇന്ദ്രനോട് യുദ്ധമില്ലെന്ന് പറഞ്ഞു വില്ലുതാഴ്ത്തിയ ലക്ഷ്മണന് നേരെ ബ്രഹ്മാസ്ത്രമയച്ചു ഇന്ദ്രജിത്ത്. ആ സമയം ലക്ഷ്മണനും വാനരസേനയും ബോധരഹിതരായി.
വാനരസേനയ്ക്ക് ഭക്ഷണം ശേഖരിക്കൽ പോയ വിഭീഷണൻ വന്നപ്പോൾ നിർജ്ജീവമായ യുദ്ധഭൂമി കണ്ടു അമ്പരന്നു. ദേവതാ പ്രാർത്ഥന നടത്തിയ വിഭീഷണനു മുന്നിൽ ഇന്ദ്രൻ പ്രത്യക്ഷപ്പെട്ടു ഗംഗാ ജലം നല്കി. ഇത് ജാംബവാനും ഹനുമാനും നല്കാൻ ആവശ്യപ്പെട്ടു. ബാക്കി അവർ നോക്കികൊളളുമെന്നും പറഞ്ഞു. വിഭീഷണൻ ഹനുമാന് ജലം നല്കി. ഉണർന്നെണീറ്റ ഹനുമാനുമായി ജാംബവാനരികിലെത്തി ജലം നല്കി. ഉണർന്നെണീറ്റെങ്കിലും വൃദ്ധനായ ജാംബവാന് കണ്ണു തുറക്കാൻ കഴിഞ്ഞില്ല. വിഭീഷണനെ തിരിച്ചറിഞ്ഞ ജാംബവാൻ മാരുതിയെ തിരക്കി. രാമദേവനെപ്പോലും തിരക്കാതെ മാരുതിയെ തേടുന്നതെന്ത് എന്ന് കേട്ട വിഭീഷണനോട് മാരുതി ജീവിച്ചിരുന്നാൽ സർവ്വരെയും ജീവിപ്പിക്കുമെന്നും ജാംബവാൻ പറഞ്ഞു. നിസ്സാരനായ തനിക്ക് എന്ത് കഴിയും എന്ന് ചോദിച്ച മാരുതിയോട് തന്റെ കഴിവുകൾ മറന്നു പോകുന്നത് മഹർഷിമാരുടെ ശാപം നിമിത്തമാണെന്നും ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അവ ഓർമ്മയിലെത്തുമെന്നും ജാംബവാൻ പറഞ്ഞു.
താൻ എന്താണ് ചെയ്യേണ്ടത് എന്ന മാരുതിയുടെ ചോദ്യത്തിന് ജാംബവാൻ പറഞ്ഞു " ഭൂമിയിൽ മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞജീവിനിയെന്ന ഔഷധം അനേക ലക്ഷം യോജന അകലെയുണ്ട്. പ്രഭാതത്തിനുമുൻപ് ആ ഔഷധം എത്തിച്ചാൽ ലക്ഷ്മണസുഗ്രീവന്മാരെയും വാനരന്മാരെയും ജീവിപ്പിക്കാം"
"ഇവിടെ നിന്നും നൂറുയോജന വടക്കോട്ടു പോയാൽ ഭാരതവർഷത്തിന്റെ തെക്കേഅറ്റമായ രാമേശ്വരം. അവിടെ നിന്നും ആയിരം യോജന വീണ്ടും പോയാൽ ഹിമാലയചലവും. ഹിമവാന് ആയിരം യോജന ഔന്നത്യവും രണ്ടായിരം യോജന വിസ്തൃതിയും പൂർവ്വപശ്ചിമസമുദ്രങ്ങളിലെത്തുന്ന ദൈർഘ്യവുമാണുളളത്. പാർവതിപരമേശ്ശരന്മാരുടെ വിവാഹമണ്ഡപവും തപസ്സനുഷ്ഠിക്കുന്ന സ്ഥലവുമുണ്ട്. ഉത്തരപാർശവത്തിൽ കൂവളമരച്ചുവട്ടിൽ കാമധേനുനന്ദിനി കിടക്കുന്നുണ്ടാകും. ഹിമവാനിൽ നിന്നും ഒൻപതിനായിരം യോജന ഹേമകൂടമെന്നും രത്നകൂടമെന്നും പേരുളള രണ്ടു പർവതമുണ്ട്. അവയുടെ മദ്ധ്യഭാഗം ഋഷഭവർഷം അവിടെ ദുർവാസാവിന്റെ ശാപമേറ്റ് തലകീഴിയിക്കിടക്കുന്ന ഉഗ്രസേനരാജാവിന് അദ്ദേഹം തുങ്ങിക്കിടക്കുന്ന കാഞ്ഞിരമരത്തിന്റെ കായ ഭക്ഷിക്കാൻ നല്കി അദ്ദേഹത്തിന്റെ ശാപമോഷം തീർക്കണം .അവിടുന്ന് കുറേ ദൂരം ചെല്ലുമ്പോൾ നിഷധപർവതം അവിടുത്തെ പുഷ്കകരണിയിൽ സ്നാനം ചെയ്യുന്നവരെ ലക്ഷ്മീ ദേവി അനുഗ്രഹിക്കും. അവിടുന്നു വടക്കായി മഹാമേരു . മേരുവിന് മന്ദരം , മരുമന്ദരം , സുപാർശ്വം കുമുദം ഇങ്ങനെ നാല് ആലംബസ്തംഭങ്ങൾ . ത്രിമൂർത്തികളുടെ ആവാസം മേരവിന്റെ ഉപരിതലശൃംഗങ്ങളിലാണ്. മദ്ധ്യശൃംഗത്തിൽ സത്യലോകം അവിടെ ബ്രഹ്മദേവൻ വാണി, ഗായത്രി, സാവിത്രി എന്നിവരോടൊപ്പം വസിക്കുന്നു. അതിനു പശ്ചിമഭാഗത്ത് വൈകുണ്ഠത്തിൽ ശ്രീനാരായണൻ ഭൂദേവിയും മാദേവിയും മഹാവിഷ്ണുവിനൊപ്പം വസിക്കുന്നു. സത്യലോകത്തിനു പൂർവഭാഗത്തിൽ ഗംഗാപാർവതിയും ഗണേശസുബ്രമണ്യന്മാരോടൊപ്പം പരമശിവൻ വസിക്കുന്നു.
തെക്കുഭാഗത്തുള്ള സംയമിനിയെന്ന നഗരി യമധർമ്മരാജധാനിയാണ്. അതിന്റെ കിഴക്കുഭാഗത്ത് സ്വർഗ്ഗം. മേരുവിന്റെ ഉത്തരപാർശ്വം ഉയരം കൂടിയ ഉരത്ത ഒരശ്വത്ഥതരു നില്ക്കുന്നിടമാണ്. അതിനുവടക്ക് നീലമഹാഗിരിയുണ്ട് അവിടെ കശ്യപൻ ശ്വേതവരാഹമൂർത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പുറത്ത് ഋഷഭാദ്രി. കാളയുടെ രണ്ടു ശൃംഗങ്ങൾ അദ്രിശൃംഗങ്ങളായി നില്ക്കുന്നു ഈ അദ്രിയിൽ വിവിധരീതിയിലുളള അനവധി ദിവ്യൗഷധങ്ങൾ ഉണ്ട് . ശല്യകരിണി, വിശല്യകരിണി, സന്ധാനകരിണി, മൃതസഞ്ജീവിനി ഇവ നാലും പ്രധാനപ്പെട്ടവയാണ്. അസുരപരാജിതരായ അമരന്മാക്കും ശ്രീനാരായണനും ശ്രീപരമേശ്വരനും നല്കിയതാണ് ഈ ഔഷധബീജങ്ങൾ. അവിടെ സുദർശനവും ശിവപാർഷദന്മാരും കാവലുണ്ട്. അവിടെ എത്തി രാമ നാമം ജപിക്കുക സുദർശനം വഴിമാറും ശിവപാർഷദന്മാരോട് കാര്യം പറയുക. ബ്രഹ്മപുത്രൻ ജാംബവാൻ പറഞ്ഞതായി കൂടെ പറയുക. വാമനാവതാരകാലത്ത് മൂന്നു നിമിഷം കൊണ്ട് മൂവേഴുവട്ടം ഞാൻ വലത്തുവച്ചു. അപ്പോൾ എന്റെ പാദാംഗുഷ്ഠനഖാഗ്രം മഹാമേരുവിന്റെ അത്യുച്ചശൃംഖാഗ്രത്തിലൊന്നു തൊട്ടുപോയതിന് "വേഗയൗവനോദ്ധതനായ നിനക്ക് ഇനിമേൽ മനമെത്തുന്നിടത്തു തനുവെത്താതെ പോകട്ടെ " എന്നും "ഇന്നു മുതൽ നീ നിത്യവൃദ്ധനായിത്തീരട്ടേ" എന്നും ശപിച്ചു മേരുപർവതം.
എല്ലാം കേട്ട് ഹനുമാൻ ജാംബവാനെ തൊഴുതു കുതിച്ചു ചാടി അപ്രത്യക്ഷനായി. വിഭീഷണനും ജാംബവാനും കൂടി ശ്രീരാമസന്നിധിയിൽ എത്തി ഔഷധാഹരണത്തിന് ഹനുമാൻ പോയത് ധരിപ്പിച്ചു. മേഘനാദൻ രാവണനെ കണ്ടു ബ്രഹ്മാസ്ത്ര പ്രയോഗത്തെയും അറിയിച്ചു. രാവണൻ രാക്ഷസികളെ കൊണ്ട് സീതയെ പുഷ്പകവിമാനത്തിലേറ്റി യുദ്ധരംഗത്ത് കൊണ്ട് പോയി എല്ലാവരും മൃതരായി എന്ന് കാണിച്ചു. അത് സത്യമെന്ന് കരുതി സീത വിലപിച്ചു.
ചന്ദ്രമണ്ഡലം, സൂര്യമണ്ഡലം, നക്ഷത്രമണ്ഡലം, ഗ്രഹമണ്ഡലം, സപ്തർഷിമണ്ഡലം, ധ്രുവമണ്ഡലം ഇവയ്ക്ക് ഉപരി പൊങ്ങിയതിനുശേഷം ഉത്തരദിക്കിലേയ്ക്ക് കുതിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുക.
തുടരും .....
No comments:
Post a Comment