ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-02

കമ്പരാമായണം കഥ

അദ്ധ്യായം :-02

പൂർവ്വകാണ്ഡം
     
പൂർവ്വ കാണ്ഡത്തിൽ ആദ്യം  രാവണോത്ഭവത്തെക്കുറിച്ച് പറയുന്നു. ബ്രഹ്മപുത്രനായ വിശ്രവസ്സും  സുമാലി പുത്രിയായ കൈകസിയും "ശ്ലേഷ്മാതക" മെന്ന വനത്തിൽ വസിക്കുകയായിരുന്നു.  ഒരിക്കൽ പത്നിയായ കൈകസി അസമയത്ത് പതിയായ വിശ്രവസ്സിനെ പുത്രാർത്ഥിനിയായി പ്രാപിച്ചു.  ഈ സമാഗമത്തിന്റെ ഫലമായി കൈകസി ഓരോ യാമം ഇടവിട്ട് നാല് യാമങ്ങളിലായി നാല് പുത്രരെ പ്രസവിച്ചു.  ഇവരാണ് രാവണ, കുംഭകർണ്ണ, വിഭീഷണന്മാരും, ശൂർപ്പണഖയും.  ശൈശവം കഴിഞ്ഞ പുത്രന്മാരുമായി കൈകസി ആശ്രമമുറ്റത്തിരിക്കെ വിശ്രവസ്സിന്റെ പ്രഥമ പുത്രനായ വൈശ്രവണൻ ആകാശത്തുകൂടെ ആഡംബരമായി വിമാനയാത്ര ചെയ്യുന്നത് കണ്ടു സങ്കടപ്പെട്ടു.  മാതാവിനോട് രാവണൻ കാര്യമന്വേഷിച്ചു.  നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണൻ ഐശ്വര്യം കൊണ്ടു സ്വർഗ്ഗത്തിനേക്കാൾ അധികരിക്കുന്ന ലങ്കയിൽ  സർവാധിപതിയായി വാഴുന്നു.  ബ്രഹ്മോപദേശം അനുസരിച്ച് മയാചാര്യൻ നിർമ്മിച്ച ലങ്ക രാക്ഷസ വർഗ്ഗത്തിന്റേതായിരുന്നു. അവിടെ വാണിരുന്ന  രാക്ഷസ വർഗ്ഗത്തെ ദേവപക്ഷപാതിയായ വിഷ്ണു മിക്കവാറും നശിപ്പിച്ചു. ശേഷിച്ചവർ പാതാളത്തിൽ അഭയം പ്രാപിച്ചു. നിങ്ങളുടെ പിതാവായ വിശ്രവസ്സിന്റെ നിർദ്ദേശപ്രകാരം കുബേരൻ ആണ് ഇപ്പോൾ ലങ്കാധിപതിയായി വാഴുന്നത്. ലങ്കയുടെ അവകാശം നിനക്കാണ്. അത് ഓർമിച്ച് സങ്കടപ്പെട്ടതാണ്. അതുകേട്ട്  താൻ സർവ്വ അവകാശങ്ങളും വീണ്ടെടുക്കുമെന്ന് രാവണൻ സത്യം ചെയ്തു.  അനന്തരം സഹോദരന്മാരോട് ചേർന്ന്  ബ്രഹ്മദേവനെ തപസ്സ് ചെയ്തു.   ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതിരുന്നതുകൊണ്ട് വർദ്ധിച്ച വൈരാഗ്യത്താൽ രാവണൻ തൻറെ ഓരോ ശിരസ്സും അറുത്ത് ഹോമാഗ്നിയിൽ ആഹൂതി ചെയ്തു തുടങ്ങി.  ഒടുവിൽ പത്താമത്തെ ശിരസ്സറുക്കാൻ മുതിർന്നപ്പോൾ ബ്രഹ്മദേവൻ പ്രത്യക്ഷനായി ഇഷ്ടവരങ്ങൾ ചോദിച്ചുകൊള്ളുവാൻ ആവശ്യപ്പെട്ടു.  ബ്രഹ്മദേവനോട് രാവണൻ മനുഷ്യരിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും തനിക്ക് മരണം ഇല്ലായ്മയും, കുംഭകർണ്ണൻ നിർദ്ദേവത്വം ഉദ്ദേശിച്ച നിദ്രാവത്ത്വും (ഉറക്കം) വിഭീഷണൻ വിഷ്ണുഭക്തിയും വരിച്ചു. വരം ലഭിച്ച രാവണൻ ആദ്യം തന്നെ ലങ്ക ആക്രമിച്ചു സ്വയം രാജാവായി പ്രഖ്യാപനം  ചെയ്തു. രാവണൻറ വിജയമറിഞ്ഞ് പാതാളത്തിൽ നിന്ന് രാക്ഷസന്മാർ ലങ്കയിൽ വന്നുചേർന്നു. മയന്റെ പുത്രിയായ  മണ്ഡോദരിയെ രാവണൻ പത്നിയായി സ്വീകരിച്ചു.  രാവണന് മണ്ഡോദരിയിൽ മേഘനാഥൻ, അതികായൻ, അക്ഷകുമാരൻ തുടങ്ങി  ചില പുത്രന്മാരുണ്ടായി.  രാവണൻ അഷ്ടദിക്പാലകന്മാരെയും സ്വർഗ്ഗത്തെയും ആക്രമിച്ചു കീഴടക്കി.  മനുഷ്യവർഗ്ഗത്തെയും വാനരകുലത്തെയും രാവണൻ  അവഗണിച്ചിരിക്കുകയായിരുന്നു.  കാർത്തവീര്യാർജ്ജുനനോട് യുദ്ധത്തിനു ചെന്ന രാവണനെ കാർത്തവീര്യാർജ്ജുനൻ  ബന്ധനസ്ഥനാക്കി. വിശ്രവസ്സിന്റെ  അപേക്ഷപ്രകാരം രാവണന് ബന്ധനവിമോചനം കിട്ടി.   മറ്റൊരവസരത്തിൽ നാരദന്റെ  നിർദ്ദേശമനുസരിച്ച് കപികുല ചക്രവർത്തിയായ ബാലിയെ ചെന്ന് യുദ്ധത്തിനു വിളിച്ചു. രാവണനെ  സ്വന്തം വാലിൽകെട്ടി നാലുസമുദ്രത്തിലും ചാടി ബാലി. ഒടുവിൽ ബാലിയും രാവണനും പരസ്പരം സഖ്യത്തിൽ ഏർപ്പെട്ടു . ശ്രീനാരായണനെ വരനായി ലഭിക്കുന്നതിന് നിശ്ചയിച്ച് തപോനിഷ്ഠയിലായിരുന്ന  "വേദവതി" എന്ന കന്യകയെ ബലാൽക്കാരമായി പിടികൂടിയതിന്  "ഒരു മനുഷ്യനാരി നിമിത്തം നീ നശിക്കട്ടെ"  എന്ന് വേദവതിയും,  അളകാപുരിയിൽ എത്തിയപ്പോൾ രംഭയെ ബലാത്സംഗം ചെയ്തത് നിമിത്തം "അന്യസ്ത്രീകളെ ബലാൽക്കാരമായി തൊട്ടാൽ തലപൊട്ടി ചത്തു പോകട്ടെ"  എന്ന് കുബേര പുത്രനായ നളകുബേരനും.  ഭൂതഗണങ്ങളുടെ വാനര ആകൃതിയിലുള്ള വൈരൂപ്യത്തെ പരിഹസിച്ചതിന് "വാനരവർഗ്ഗത്താൽ  നീയും നിൻറെ വംശവും വർഗ്ഗവും  നശിക്കട്ടെ" എന്ന് നന്ദികേശനും  രാവണന് ശാപം കൊടുത്തിട്ടുണ്ട്.

തുടരും...

No comments:

Post a Comment