ഹൈന്ദവ വിവാഹ ചടങ്ങുകൾ എങ്ങനെ ?
സമുദായങ്ങളും ജാതികളും അനുസരിച്ച് കേരളത്തിലെ ഹൈന്ദവ വിവാഹ ആചാരങ്ങളും രീതികളും വ്യത്യസ്തങ്ങളാണ്. കന്യാദാനം, പാണിഗ്രഹണം, താലികെട്ട്, പുടവ കൊടുക്കല്‍ എന്നിങ്ങനെ ചില ആചാരങ്ങള്‍ പൊതുവായി എല്ലാ സമുദായങ്ങളും പിന്തുടര്‍ന്നു പോരുന്നു. ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു പരിപാടിയാണ് ഹിന്ദു വിവാഹം എന്ന് പൊതുവേ ഒരു ധാരണയുണ്ട് അതിനാല്‍ തന്നെ മതപരമായ ചടങ്ങെന്നതിലുപരിയായി ഇന്ന് വിവാഹാഘോഷമാണ്
വിവാഹപൂര്‍വ്വ ചടങ്ങുകള്‍
ജാതകപ്പൊരുത്തം
ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത ഹിന്ദുക്കളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഒരു വിവാഹാലോചന വന്നാല്‍ ജാതകപ്പൊരുത്തം നോക്കാത്തവര്‍ വിരളമാണ്. അറേഞ്ചഡ് മാര്യേജ് ആണെങ്കില്‍ ജാതകം ഒത്തുനോക്കല്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. ബ്രോക്കര്‍മാരും മാട്രിമോണിക്കാരുമെല്ലാം പൊരുത്തം ഒത്തുനോക്കി മാത്രം ആലോചനകള്‍ കൊണ്ടുവരുന്ന കാലമാണിത്. എന്തായാലും വീട്ടില്‍ ഒരു വിവാഹാലോചന വന്നാല്‍ വീട്ടുകാര്‍ ആദ്യം ഓടുക കണിയാന്റെ അടുക്കലേക്ക് ആകും. ആണിന്റെയും പെണ്ണിന്റെയും തമ്മിലുള്ള ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ആലോചനയുമായി മുന്നോട്ട് പോകുകയുള്ളു.
പെണ്ണുകാണല്‍
ജാതകങ്ങള്‍ ഒത്താല്‍ അടുത്തത് പെണ്ണുകാണലാണ്. അടുത്ത ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം കല്യാണച്ചെക്കന്‍ പെണ്ണിനെ ഔപചാരികമായി കാണാന്‍ ചെല്ലുന്നു. വളരെ ലളിതമായ ചടങ്ങാണിത്.
വീടുകാണല്‍
ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാല്‍ അടുത്തത് വീടുകാണലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചെക്കന്റെ വീട് സന്ദര്‍ശിക്കുന്ന പരിപാടിയാണിത്. മകള്‍ വന്നുകയറുന്ന വീട് കാണുകയും വീട്ടുകാരെ അടുത്തറിയുകമാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടി വീടുകാണലില്‍ പങ്കെടുക്കില്ല. ചിലപ്പോള്‍ ആണ്‍ വീട്ടുകാരും പെണ്ണിന്റെ വീടുകാണലിന് പോകാറുണ്ട്.
വിവാഹ നിശ്ചയം
അടുത്ത ബന്ധുക്കളുടെയും സുഹൃക്കളുടെയും സാന്നിധ്യത്തില്‍ ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണിത്. പണ്ടുകാലത്ത് കാരണവര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എന്നാലിന്ന് ഒരു മിനികല്യാണം പോലെ വിവാഹനിശ്ചയവും ആഘോഷിക്കാറുണ്ട്. നിശ്ചയത്തിന് ചിലപ്പോള്‍ മോതിരംമാറല്‍ ചടങ്ങും നടത്താറുണ്ട്. എന്നാല്‍ ചില കുടുംബങ്ങള്‍ വിവാഹത്തിനാണ് മോതിരംമാറല്‍ നടത്താറ്.
അയനം
വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന പരിപാടിയാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തലേന്ന് വീടുകളിലെത്തി വധൂവരന്മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കുന്നു. ആഭരണങ്ങളും പട്ടുസാരിയുമായിരിക്കും സാധാരണയായി വിവാഹത്തലേന്ന് വധു അണിയുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി രാത്രിവിരുന്ന് ഒരുക്കുന്നു.
വിവാഹദിന ചടങ്ങുകള്‍
നമസ്‌കാരം
മംഗളകരമായ ഏതു കാര്യങ്ങള്‍ക്ക് മുമ്പും കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്‌കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച് വിവാഹിതരാകാന്‍ പോകുന്നവര്‍ മുതിര്‍ന്നവരുടെ ആശീര്‍വാദം തേടുന്നു. ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പ്രായമായവര്‍ അനുഗ്രാശ്ശിസ്സുകള്‍ നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്‍ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നു.
താലികെട്ടും പുടവ കൊടുക്കലും
സാധാരണയായി വധുവിന്റെ തറവാട്ടില്‍ വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള്‍ കല്യാണമണ്ഡപത്തില്‍ വെച്ചോ ക്ഷേത്രങ്ങളില്‍ വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നവര്‍ ഏറെയാണ്. ഗുരുവായൂരില്‍ വെച്ച് വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.
താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില്‍ ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞാല്‍ വധുവിന്റെ വീട്ടുകാര്‍ ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന്‍ കിണ്ടിയില്‍ വെള്ളമെടുത്ത് വരന്റെ കാല്‍ കഴുകും. തുടര്‍ന്ന് സഹോദരന്‍ വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായാണ് വരന്‍ ഇരിക്കുക. വരന് മണ്ഡപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.
ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്‍ക്കായി നല്ല സമയം കണിയാന്‍ ഗണിച്ചു നല്‍കാറുണ്ട്, മുഹൂര്‍ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്‍ത്തം ആയാല്‍ വരന്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടും. സ്വര്‍ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില്‍ കോര്‍ത്താണ് ഇത് വധുവിന് ചാര്‍ത്തുന്നത്. വിവാഹജീവിതത്തില്‍ താലി പവിത്രമായി കരുതിപ്പോകുന്നു. താലികെട്ടിന് ശേഷം വരന്‍ വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്‍കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ശേഷം വരന്‍ വധുവിന്റെ നെറ്റിയില്‍ (സീമന്തരേഖയില്‍) സിന്ദൂരം ചാര്‍ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്‍, വധൂവരന്മാര്‍ പരസ്പരം തുളസിമാല/പൂമാല അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ട്.
അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് സമര്‍പ്പിക്കുന്നു.
വരന്റെ പ്രതിജ്ഞ
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.
ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.
ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.
നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്.
നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.
വധുവിന്റെ പ്രതിജ്ഞ
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.
മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.
എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.
അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്.
അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നു.
കൈകകള്‍ ചേര്‍ത്ത് പിടിച്ച് വരനും വധുവും വിവാഹമണ്ഡപത്തിലെ വിളക്ക്/അഗ്നി മൂന്നുതവണ വലംവെക്കും. ഇതോടെ അഗ്നിസാക്ഷിയായി പ്രധാന വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാകും.
തുടര്‍ന്ന് ഗംഭീരസദ്യയാണ്. വാഴയിലയിലാണ് സദ്യ വിളമ്പുക. ചോറ്, സാമ്പാര്‍, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യയ്ക്കുണ്ടാകും. ഈ പരമ്പരാഗത വിഭവങ്ങളെല്ലാം പച്ചക്കറി കൊണ്ടാണ് തയ്യാറാക്കുക എന്നതാണ് സദ്യയുടെ പ്രത്യേകത.
സദ്യയ്ക്ക് ശേഷം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് പറഞ്ഞയക്കുകയാണ് ചടങ്ങുകള്‍
ഗൃഹപ്രവേശം
ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തമുണ്ട്. വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്‍കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല്‍ വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു.
കനകകാന്തിയില്‍ കല്യാണപ്പെണ്ണ്
വധൂവരന്മാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹദിനം. അതുകൊണ്ട് തന്നെ അന്നേദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് വളരെ പ്രധാനമാണ്.
സ്വര്‍ണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമാണ് വരന്റെ വിവാഹവേഷം. ചിലപ്പോള്‍ ഷര്‍ട്ടിന് പകരം അംഗവസ്ത്രം (മേല്‍മുണ്ട്) ധരിക്കാറുണ്ട്. സ്വര്‍ണമാലയും ബ്രേസ്ലെറ്റും മോതിരങ്ങളുമാണ് വരന്റെ ആഭരണങ്ങള്‍.
കാര്യം കല്യാണച്ചെക്കനും പെണ്ണിനും തുല്യപ്രാധാന്യമാണെങ്കിലും വിവാഹദിനത്തില്‍ തിളങ്ങുക വധുവാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സ്വര്‍ണക്കസവോടു കൂടിയ പട്ടുസാരിയാണ് വധുവിന്റെ ആദ്യവേഷം. താലികെട്ടിന്റെ സമയത്ത് ഒന്ന്, അതിന് ശേഷം സദ്യ കഴിക്കുമ്പോള്‍ വെള്ളപ്പുടവ, വരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ വരന്‍ നല്‍കിയ മന്ത്രകോടി എന്നിങ്ങനെ വിവാഹദിനത്തില്‍ മൂന്നുതവണ വധു വസ്ത്രം മാറാറുണ്ട്.
വധുവിനെ സ്വര്‍ണത്തില്‍ പൊതിയുന്ന ദിനമാണ് വിവാഹദിനം. സുമംഗലിയാകുന്ന മകള്‍ക്ക് അണിയാന്‍ ഓരോ മാതാപിതാക്കന്മാരും തങ്ങളാല്‍ ആവും വിധം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നു.
ഇന്ന് ഹിന്ദുക്കൾക്ക് വിവാഹം ഇന്നുള്ളത് ഒരു ആചാരം അല്ല മറിച്ചു ആർഭാടമാണ്... ആദ്യകാല വിവാഹങ്ങള്‍ ഇന്നത്തേതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു. അന്ന് പുരുഷന്‍ സ്‌ത്രീകള്‍ക്കാണ് പണം നല്‍കേണ്ടി യിരുന്നത്. ഈ സമ്പ്രദായമാണ് 'സ്‌ത്രീധനം' എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഈ പദം പില്‍ക്കാലത്ത് സ്‌ത്രീകള്‍ പുരുഷന് നല്‍കേണ്ട പണമായിമാറി. വിവാഹം എന്നത് കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച് അത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്.
വിവാഹം എട്ടുവിധം
വിവാഹം എട്ടുവിധത്തിലുണ്ട് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അവ 1.ബ്രാഹ്‌മം, 2.ദൈവം, 3.ആര്‍ഷം, 4.പ്രാജപത്യം, 5.ഗാന്ധര്‍വ്വം, 6.ആസുരം, 7.രാക്ഷസം, 8.പൈശാചം എന്നിവയാണ്.
1) ബ്രാഹ്‌മം:
പിതാവ് കന്യകയെ പ്രതിഫലം വാങ്ങാതെ, നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു ഉദകസഹിതം യോഗ്യനായ ബ്രഹ്‌മചാരിക്ക് കൊടുക്കുന്നതിനെയാണ് ബ്രാഹ്‌മം എന്ന് പറയുന്നത്.
2) ദൈവം:
പിതാവ് കന്യകയെ യാഗത്തിനിടെ ഋത്വിക്കിന് / പുരോഹിതനു കന്യകയെ നൽകുന്നതു ദൈവം.
3) ആര്‍ഷം:
പിതാവ് വരനിൽനിന്നു പശുവിനെയോ, കാളയെയോ സ്വീകരിച്ചുകൊണ്ടുള്ള കന്യാദാനം ആർഷം.
4) പ്രാജപത്യം:
പിതാവ് തന്റെ പുത്രിയെ ധർമത്തിനനുസരിച്ചു വിവാഹജീവിതം നയിക്കാൻ അനുഗ്രഹിച്ച് വരന് കന്യാദാനം നല്‍കുന്നതാണ് പ്രാജപത്യം.
5) ഗാന്ധര്‍വ്വം:
ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ പരസ്പര സമ്മതത്തോടുകൂടി നടത്തുന്ന രഹസ്യവിവാഹമാണ് ഗാന്ധര്‍വ്വം.
6) ആസുരം:
പുരുഷന്‍ പിതാവില്‍നിന്ന് കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന് പറയുന്നു.
7) രാക്ഷസം:
സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബന്ധുക്കളെ തോൽപിച്ചു ബലാൽക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന് പറയുന്നു.
8) പൈശാചികം:
സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ് അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത് അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന് പറയുന്നു.
ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.
ഹിന്ദു വിവാഹ നിയമം
ഹിന്ദു വിവാഹങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് ഹിന്ദു വിവാഹ നിയമം,1955 (Hindu Marriage Act,1955).ഈ നിയമം ജമ്മു - കാശ്മീർഒഴികെയുള്ള ഇൻഡ്യ മുഴുവൻ വ്യാപിക്കുന്നതും, കൂടാതെ ഈ ആക്ടിന്റെ പരിധിക്ക് വെളിയിൽ താമസിക്കുന്ന എല്ലാ ഹിന്ദുക്കൾക്കും ബാധകമാണ്. വീരശൈവ, ലിംഗായത്ത് അല്ലെങ്കിൽ ബ്രഹ്മ, പ്രാർത്ഥന, ആര്യസമാജം എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ ഹിന്ദുമതത്തിന്റെ വികാസ രൂപത്തിൽ പെട്ട് മതം കൊണ്ട് ഹിന്ദുവായവർക്കും, ബുദ്ധ, ജൈന, സിഖു മതക്കാർക്കും ഈ നിയമം ബാധകമാണ്. എന്നാൽ അന്യ മതസ്ഥർക്ക് ഈ നിയമം ബാധകമല്ല.
ഹിന്ദു വിവാഹ വ്യവസ്ഥകൾ
ഒരു ഹിന്ദു വിവാഹത്തിനു നിയമ സാധുത്വം കിട്ടുവാൻ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
നേരത്തെ ഒരു വിവാഹം കഴിച്ച കക്ഷിയാണെങ്കിൽ അയാളുടെ/ അവളുടെ പങ്കാളി ജീവിച്ചിരിപ്പുണ്ടാവരുത്.
വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്.
വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്
ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത്.
വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം.
കക്ഷികൾ നിരോധിത ബന്ധത്തിന്റെ ഡിഗ്രിയിൽ പെട്ടവരായിരിക്കരുത്. എന്നാൽ ഏതെങ്കിലും സമുദായത്തിൽ അപ്രകാരമുള്ള ആചാരമോ പതിവോ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമല്ല.
കക്ഷികൾ, അവരിൽ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ആചാരമോ കീഴ്വഴക്കമോ അവർ തമ്മിൽ വിവാഹം അനുവദിക്കാത്തപക്ഷം അന്യോന്യം സപിണ്ഡർ (പിന്നൊട്ട് 3 തലമുറ വരെ അമ്മവഴിക്കും 5 തലമുറ വരെ അഛ്ചൻ വഴിക്കും ഉള്ള കുടുംബാംഗങ്ങൾ) ആയിരിക്കരുത്.
നിയമ പ്രാബല്യമില്ലാത്ത വിവാഹവും, അസാധുവായി പ്രഖ്യാപിക്കലും
ചില വിവാഹങ്ങൾ തുടക്കം മുതലെ യാതൊരു നിയമ പ്രാബല്യമില്ലാത്തതായിരിക്കും. അത്തരം വിവാഹങ്ങളാണ് ശൂന്യ വിവാഹങ്ങൾ ( Void Marriage). അതായത്, കക്ഷികളിൽ ഒരാൾ നേരത്തെ വിവാഹിതരായിട്ടുള്ളതും പങ്കാളി ജീവിച്ചിരിക്കുകയും ചെയ്താൽ രണ്ടാം വിവാഹത്തിനു നിയമ പ്രാബല്യമുണ്ടാവുകയില്ല. കൂടാതെ മേല്പറഞ്ഞ നിരോധിത ബന്ധത്തില്പെട്ടവരുമായുള്ള വിവാഹവും തുടക്കം മുതലെ അസാധുവാണ്.
ഇനി ചില സന്ദർഭങ്ങളിൽ വിവാഹം അസാധുവാക്കിക്കിട്ടുവാനായി, വിവാഹത്തിലെ ഒരു കക്ഷി മറ്റേ കക്ഷിക്കെതിരെ കോടതിയിൽ വിവാഹം അസാധുവാക്കിക്കിട്ടുവാൻ വേണ്ടി ഹരജി ബോധിപ്പിക്കാവുന്നതാണ്. അത്തരം വിവാഹങ്ങളാണ് ശൂന്യമാക്കാവുന്ന വിവാഹങ്ങൾ (Voidable Marriage). അത്തരം സന്ദർഭങ്ങൾ താഴെ പറയുന്നവയാണ്.
എതിർകക്ഷിയുടെ വന്ധ്യത്വം (Impotent) മൂലം വിവാഹ ബന്ധം പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ.
അഞ്ചാം വകുപ്പിലെ ചില ഉപാധികൾ ലംഘിച്ചുള്ള വിവാഹങ്ങൾ (വിവാഹ സമയത്ത് കക്ഷികളിൽ ആർക്കെങ്കിലും ചിത്തഭ്രമത്തിന്റെ ഫലമായി വിവാഹത്തിനു സാധുവായ സമ്മതം കൊടുക്കുവാൻ കഴിവില്ലാത്ത ആളാവരുത്, വിവാഹത്തിനു സമ്മതം കൊടുക്കുവാൻ കഴിവുണ്ടെങ്കിലും മാനസിക രോഗം കാരണം വിവാഹം കഴിക്കുന്നതിനും സന്താനോല്പാദനത്തിനും വേണ്ട മാനസികമായ പ്രാപ്തി ഇല്ലാതിരിക്കരുത്, ഭ്രാന്തിന്റെ ആവർത്തിച്ചിട്ടുള്ള ആക്രമണത്തിന് വിധേയനായിരിക്കരുത് തുടങ്ങിയവ ലംഘിക്കപ്പെട്ടാൽ)
വിവാഹത്തിനു വേണ്ട സമ്മതം ബലപ്രയോഗത്താലോ വഞ്ചനയാലോ നേടിയിട്ടുള്ളതാണെങ്കിൽ,
വിവാഹ സമയത്ത് എതിർകക്ഷി ഹരജിക്കാരനിൽ നിന്നല്ലാതെ മറ്റേതെങ്കിലും ആളിൽ നിന്ന് ഗർഭം ധരിച്ചിട്ടുണ്ടെങ്കിൽ.
വിവാഹം അസാധുവാക്കുനാനുള്ള ഹരജി വ്യവസ്ഥകൾ.
വസ്തുതകൾ മറച്ചു വച്ചോ ബലപ്രയോഗത്താലോ ആണ് വിവാഹത്തിനു സമ്മതം കിട്ടിയതെങ്കിൽ, ബലപ്രയോഗം എന്നു അവസാനിച്ചുവോ അന്നു മുതലോ കബളിപ്പിക്കപ്പെട്ടു എന്നു എന്നു മനസ്സിലാക്കിയോ അന്നു മുതൽക്കും, ഒരു വർഷത്തിനകം വിവാഹം അസാധുവാക്കിക്കിട്ടുവാൻ കോടതിയിൽ ഹരജി ബോധിപ്പിക്കാവുന്നതാണ്. മറ്റൊരു വ്യവസ്ഥ, ഇത്തരം ബലപ്രയോഗത്തിലൂടെ സമ്മതം വാങ്ങി വിവാഹം നടത്തുകയും അല്ലെങ്കിൽ വഞ്ചിച്ചു വിവാഹം ചെയ്ത് അക്കാര്യം വഞ്ചനയ്ക്ക് വിധേയനായ ആൾ അറിയുകയും ചെയ്യുകയും അതിനു ശേഷവും ഹരജി കൊടുത്ത ആൾ പങ്കാളിയുമായി തന്റെ പൂർണ്ണ സമ്മതത്തോടെ ഭാര്യാ- ഭർത്താക്കന്മാരായി ജീവിക്കുകയും ചെയ്താൽ വിവാഹ ബന്ധം അസാധുവാക്കാനായി ഇക്കാര്യങ്ങൾ ആരോപിച്ച് കേസ് കൊടുക്കാൻ പാടുള്ളതല്ല.