ഗരുഡൻ - 12
സർപ്പങ്ങളുടെ കൂടിയാലോചന
"അമ്മ കല്പ്പിച്ച ശാപത്തിൽനിന്നും എങ്ങനെയാണ് നമുക്ക് മോചനം കിട്ടുക?'' ചുറ്റും കൂടിയിരിക്കുന്ന സർപ്പസഹോദരങ്ങളെ നോക്കി വാസുകി ചോദിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. സഹോദരങ്ങൾ വാസുകിയുടെ വാക്കുകൾക്കായി കാത്തിരുന്നു. “അമ്മയുടെ ശാപം ഒഴിഞ്ഞുപോകാൻ നാം അത്യന്തം പരിശ്രമിക്കേണ്ടതുണ്ട്. ഏതൊരു ശാപത്തിനും പ്രതിവിധിയുണ്ട്. എന്നാൽ മാതൃശാപത്തിൽ നിന്നും ആർക്കും മുക്തിനേടാനാവില്ലെന്നാണ് ശാസ്ത്രം പറയുന്നത്. ബ്രഹ്മസന്നിധിയിൽ വച്ചാണ് അമ്മ നമ്മളെ ശപിച്ചത്. അതോടെ നമുക്ക് സർവ്വനാശവും വന്നു കൂടി. നിങ്ങളെല്ലാം കൂട്ടായി ചിന്തിച്ച് ഇതിനൊരു പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ നാം എല്ലാം നശിച്ചു പോകും. ഒന്നോർക്കുക, ജനമേജയൻ സർപ്പജനനാശത്തിനായി യജ്ഞം നടത്തരുത്. അങ്ങനെ സംഭവിച്ചാൽ ആ യജ്ഞകുണ്ഡത്തിൽ വീണു നാം നശിച്ചുപോകും.'' വാസുകി ഓർമ്മപ്പെടുത്തി. സർപ്പങ്ങൾ ആലോചനയായി. തല പുകഞ്ഞുള്ള ആലോചന. ഒരു സർപ്പം പറഞ്ഞു: “നമുക്ക് ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ചെന്ന് യജ്ഞം തുടങ്ങരുതെന്ന് അപേക്ഷിക്കാം.'' ആ ആശയത്തോട് മറ്റു സർപ്പങ്ങൾ യോജിച്ചില്ല. ചില സർപ്പങ്ങൾ ഗമയിൽ പറഞ്ഞു.“നമ്മളൊക്കെ ആ രാജാവിന്റെ മന്ത്രിമാരാകുക. അപ്പോൾ, യജ്ഞം എങ്ങനെ വേണമെന്ന് രാജാവ് നമ്മളോട് ഉപദേശം ചോദിക്കും. സർപ്പനാശത്തിനായുള്ള യജ്ഞം വേണ്ടെന്നു വയ്ക്കാൻ അദ്ദേഹത്തെ നമുക്ക് ഉപദേശിക്കാൻ പറ്റും.'' "ഏയ് ഇതൊന്നും നടപ്പുള്ള കാര്യമല്ല. സർപ്പസത്രത്തിന് രാജാവിനെ ഉപദേശിക്കുന്ന ബ്രാഹ്മണനെ ഒരു സർപ്പം ചെന്ന് കടിച്ചുകൊല്ലുക. യജ്ഞാകാരൻ മരിച്ചാൽ അതോടെ യജ്ഞം അവസാനിച്ചതുതന്നെ. സർപ്പസത്രയജ്ഞരും യജ്ഞാചാര്യന്മാരും മരിച്ചുകഴിഞ്ഞാൽ പിന്നെ യജ്ഞം നടക്കുന്നത് നമുക്ക് കാണാമല്ലോ.'' ചില സർപ്പങ്ങൾ തങ്ങളുടെ ആശയങ്ങൾ നിരത്തി. "ഇത് അധർമ്മമാണ്. ഇത് പിഴച്ച വഴിയാണ്. ഈ വഴി നമുക്ക് സ്വീകരിക്കേണ്ട. ആപത്തിൽ എപ്പോഴും ധർമ്മചിന്തയാണ് വേണ്ടത്. അധർമ്മത്തിലൂടെയുള്ള വിജയം താല്കാലികമാണ്." ധർമ്മിഷ്ഠരായ ചില സർപ്പങ്ങൾ അഭിപ്രായപ്പെട്ടു.
“നമുക്ക് ഇടിയുടെയും മിന്നലിന്റെയും മഴയുടെയും രൂപത്തിൽ ചെന്ന് അഗ്നിയെ കെടുത്താം. ഹോമത്തിനുള്ള ദ്രവ്യങ്ങളും പാത്രങ്ങളും ഒക്കെ മോഷ്ടിച്ചുമാറ്റാം. യജ്ഞശാലയിൽ പ്രവേശിച്ച് ജനങ്ങളെ ഒക്കെ കടിച്ചുകൊല്ലുക.'' ചില സർപ്പങ്ങളുടെ നിർദ്ദേശം ഇതായിരുന്നു. "ജനമേജയൻ അത്ര മോശക്കാരനല്ല. അദ്ദേഹം നിശ്ചയിച്ചിരുന്ന യജ്ഞം നടത്തുകതന്നെ ചെയ്യും. അദ്ദേഹത്തെ നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ആർക്കു ദൈവദോഷമുണ്ടോ അവർ ദൈവത്തെത്തന്നെ ആശ്രയിക്കുകയാണ് നല്ലത്.'' ഏലാപുത്രൻ എന്ന സർപ്പം പറഞ്ഞുനിർത്തി. ഇങ്ങനെ ഓരോ സർപ്പങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. പക്ഷേ, ഇതൊന്നും വാസുകിക്ക് സ്വീകാര്യമായി തോന്നിയില്ല. ഒടുവിൽ പ്രശ്നപരിഹാരത്തിനായി കശ്യപനെ അഭയം തേടുകയാണ് നല്ലതെന്ന് വാസുകി മറ്റു സർപ്പങ്ങളെ അറിയിച്ചു. അവരെല്ലാം ആ ആശയത്തോടു യോജിച്ചു. പക്ഷേ, ആരെല്ലാം വിചാരിച്ചിട്ടും സർപ്പസത്രയജ്ഞം നടത്തുന്നത് തടയാൻ കഴിഞ്ഞില്ല. ജനമേജയൻ സർപ്പസത്രം നടത്തി. അതിൽ അകപ്പെട്ട് അനേകം സർപ്പങ്ങൾ വെന്തുമരിച്ചു. ഇതുകണ്ട് ബാക്കി സർപ്പങ്ങൾ പേടിച്ച് വിറങ്ങലിച്ചുനിന്നു. അങ്ങനെ കദ്രുവിന്റെ ശാപം ഫലിച്ചു. പക്ഷേ, തക്ഷനെ മാത്രം യജ്ഞസ്ഥലത്തു കണ്ടില്ല. തക്ഷകനെയായിരുന്നു ജനമേജയൻ നോട്ടം ഇട്ടിരുന്നത്. തന്റെ പിതാവിനെ കടിച്ചുകൊന്ന തക്ഷകനോട് കടുത്ത ദേഷ്യത്തിലായിരുന്നു ജനമേജയൻ. തക്ഷകൻ എവിടെ എന്നായി ജനമേജയൻ. അവൻ ഇന്ദ്രനെ അഭയംതേടി. എങ്കിൽ ഇന്ദ്രസഹിതം ആവാഹിക്കാൻ ജനമേജയൻ നിർദ്ദേശം നല്കി. ആവാഹനത്തിന്റെ ശക്തികൊണ്ട് ഇന്ദ്രനും തക്ഷകനും ആകാശത്തിലെത്തി. അവർ ഇപ്പോൾ ഹോമകുണ്ഡത്തിൽ വീഴും എന്ന സ്ഥിതിയിലായി. ആ സമയം ആസ്തീകമഹർഷി അവിടെ എത്തി. ആസ്തീകൻ ദിവ്യനാണ്. ജരത്കാരുമഹർഷിയുടെ പുത്രനാണ്. ജനമേജയൻ ബഹുമാനിക്കുന്ന മഹർഷി. ആസ്തീകനോട് എന്തു വേണമെന്നായി ജനമേജയൻ. താൻ ചോദിക്കുന്നതെന്തും തരാമെന്ന് സത്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ജനമേജയൻ സമ്മതിച്ചു. സർപ്പസത്രം അവസാനിപ്പിക്കണമെന്ന് ആസ്തീക മഹർഷി ആവശ്യപ്പെട്ടു. വാക്കനുസരിച്ച് ജനമേജയന് അത് സമ്മതിക്കേണ്ടി വന്നു. അങ്ങനെ സർപ്പസത്രം നിർത്തി. ബാക്കി സർപ്പങ്ങൾ രക്ഷപ്പെട്ടു.
No comments:
Post a Comment