കമ്പരാമായണം കഥ
അദ്ധ്യായം :- 45
യുദ്ധകാണ്ഡം തുടർച്ച....
അടുത്തദിവസം രാവണൻ മന്ത്രിസഭ വിളിച്ചു കൂട്ടി. ശേഷിച്ച മന്ത്രിമാരും സൈധ്യാധിപനാരും ആലോചനായോഗത്തിൽ സന്നിഹിതരായി. ഇന്ദ്രജിത്ത് തൈലദ്രോണിശായിയായിരുന്നതിനാൽ സമ്മേളനത്തിൽ വന്നു ചേർന്നില്ല. അവർ യുദ്ധസ്ഥിതിഗതികൾ വിലയിരുത്തി. ശേഷം കുംബകർണ്ണനെ ഉണർത്താനുളള തീരുമാനത്തിലെത്തി. അതിനായി പ്രഹസ്തൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പല വിധത്തിൽ ശ്രമിച്ചിട്ടും ഉണരാത്ത കുംഭകർണ്ണന്റെ നഖങ്ങളിൽ പന്തംകത്തിച്ച് വച്ച് പൊളളിച്ചു. അപ്പോൾ കുംഭകർണ്ണൻ പതുക്കെ കണ്ണുതുറന്നു. ചുറ്റും നിന്നവർ ഓടി മറഞ്ഞു. മുന്നിൽ ഭോജനദ്രവ്യങ്ങൾ കണ്ട് സന്തോഷത്തോടെ ആഹാരമഹായോഗം നടത്തി. സുഭിക്ഷഭക്ഷണം കഴിഞ്ഞ് സമ്പൂർണ്ണ സന്തുഷ്ടിയോടെയിരിക്കുന്ന കുംഭകർണ്ണനുമുന്നിൽ പ്രഹസ്തൻ എത്തി
എന്തിനാണ് തന്നെ ഉറക്കകാലത്തിൽ ഉണർത്തിയത് എന്ന ചോദ്യത്തിന് വലിയതിരുമേനി അങ്ങയെ കാണാൻ കാത്തിരിക്കുന്നു എന്നറിയിച്ചു പ്രഹസ്തൻ. കുംകർണ്ണൻ രാവണസന്നിധിയിലെത്തി. രാവണൻ സന്തോഷത്തോടെ അനുജനെ സ്വീകരിച്ച് വിവരങ്ങളെല്ലാം വിശദമായി പറഞ്ഞു.
നാരീവ്യാമോഹം നിമിത്തം പേപിടിച്ച് വംശവിനാശം വരുത്തിവയ്ക്കുന്നതിനെ ഞാനും വിഭീഷണനും ആദ്യമേ ഗുണദോഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്യ്തിട്ട് ആ ഉപദേഷ്ടാവിനെ ദൂരെത്തളളി. ജാനകിയെ അപഹരിച്ചത് തെറ്റ്. വിഭീഷണന്റെ സരോപദേശം നിരസിച്ചതും, വിഭീഷണൻ ശത്രുപക്ഷത്ത് ചെന്നു ചേരാനിടയായതും തെറ്റ് അതിന്റെ പരിണതഫലമാണ് ഈ യുദ്ധവും വിനാശവും . ഇത് കേട്ട് കോപകുലനായ രാവണനെ കണ്ട് കുംഭകർണ്ണൻ തുടർന്ന് പറഞ്ഞു. എന്റെ സാഹസികവാക്യങ്ങളെ ക്ഷമിക്കുക. ഞാനിതാ സമരധരണിയിലേയ്ക്ക് പോകുന്നു.
യുദ്ധമുഖത്തേയ്ക്കുളള കുംഭകർണ്ണന്റെ വരവ് കണ്ട് ഈ യോദ്ധാവ് ആരാണെന്ന് ശ്രീരാമൻ വിഭീഷണനോട് ചോദിച്ചു.
അത് തന്റെ ജ്യേഷ്ഠനായ കുംഭകർണ്ണനാണെന്നും ശത്രുസംഹാരത്തിനായി പരമേശ്വരനിൽ നിന്നും ലഭിച്ച ത്രിശൂലം എന്ന ദിവ്യായുധവും ഒരു കവചവും ഉണ്ട്. ആയിരം തൂക്കം ഭാരമുള്ള മൂന്നുമുനയുമാണിതിനുളളത് . ഈ ശൂലത്തിനൊരത്ഭുതചരിത്രമുണ്ട്.
ഹിമവൽപാർശ്വത്തിലെ ദാരുകവനവാസികളായ മഹർഷിമാരുടെ ധർമ്മപത്നിമാർക്ക് പരമേശ്വരൻ പാതിവ്രത്യലോപം വരുത്തിയതിൽ ക്രുദ്ധരായ മഹർഷിമാർ ആഭിചാരം നടത്തി ആദ്യം ഉത്ഭവിച്ച മാനും മഴുവിനെയും ഹരസംഹാരത്തിനായയച്ചു. ശിവൻ അവയെ ആവാഹിച്ച് സ്വാധീനത്തിലാക്കി. പിന്നീടൊരു മത്തവാരണം പ്രത്യക്ഷപ്പെട്ടു. അതിനെയും ശിവന്റെ നേർക്കയച്ചു. ശങ്കരൻ അതിനെ വധിച്ച് തോലുരിച്ചെടുത്തു ഉത്തരിയമാക്കി. തുടർന്ന് ഒരു സിംഹം അതിനെവധിച്ച് തോലെടുത്ത് വസനമാക്കിയുടുത്തു. ഒടുവിലൊരു ശൂലം അതിനെപ്പിടിച്ചെടുത്തു സ്വായുധമാക്കി സൂക്ഷിച്ചു വച്ചു. ശൂലപാണിയുടെ സാക്ഷാൽ ശൂലം വേറെയാണ്. പിടിച്ചെടുത്ത് ശൂലമാണ് ശിവൻ കുംഭകർണ്ണന് നല്കിയത്.
ഞങ്ങൾ മൂവരും കൂടി തപസ്സ് ചെയ്തു. രാവണൻ "മനുഷ്യനിൽ നിന്നല്ലാതെ മരണം സംഭവിക്കാനിടയാകാത്ത " സ്ഥിതിയും ഞാൻ "വിഷ്ണുഭക്തി" യും ചെറിയ ജ്യേഷ്ഠൻ "നിർദ്ദേവത്വം" എന്നുദ്ദേശിച്ച് വാണീദേവി അത് "നിദ്രാവത്വം" മാക്കുകയും ചെയ്തു. രാവണന്റെ ശ്രമത്താൽ അത് ആറുമാസം ഉറക്കവും ആറുമാസം ഭക്ഷണവും ആക്കി. മഹാധർമ്മവ്രതനായ അദ്ദേഹം ദുഷിച്ച പരിതഃസ്ഥിതിയും സാഹചര്യവും പരിശീലനവും വിട്ടാൽ ഒരുത്തമമഹാത്മാവായി പരിണമിക്കാവുന്നതാണ്. ഇദ്ദേഹത്തെ മനഃപരിവർത്തനം ചെയ്യിച്ച് നമ്മുടെ സംഘത്തിൽച്ചേർക്കാൻ കഴിയുമെങ്കിൽ അത് ഒരു മഹാപുണ്യകർമ്മമാകും. അതിന് എന്നെ അനുവദിക്കണമെന്ന് ശ്രീരാമനോട് വിഭീഷണൻ ആവശ്യപ്പെട്ടു.
ശ്രീരാമന്റെ അനുമതിയോടെ കുംഭകർണ്ണനരികിലെത്തിയ വിഭീഷണൻ അദ്ദേഹത്തെ അഭിവാദനം ചെയ്തു. ആ ജ്യേഷ്ഠൻ കനിഷ്ഠൻ സാഹോദരസൗഹൃദത്തിന്റെ ഉദാരമാധുര്യം എത്ര രമണീയം?
കുംഭകർണ്ണനോട് സംഭവങ്ങളെല്ലാം വിവരിച്ച് ശ്രീരാമസന്നിധിയിലേയ്ക്ക് വരാൻ വിഭീഷണൻ ആവശ്യപ്പെട്ടു. അതിനു മറുപടിയായി നീ ഭാഗ്യവാനാണ്. സഹോദര ധർമ്മം നിറവേറ്റേണ്ടതുണ്ട്.
വിഭീഷണൻ ചോദിച്ചു താൻ ചെയ്തത് തെറ്റായോ ? അതിനു മറുപടിയായി കുംഭകർണൻ പ്രഹ്ലാദനുടെ ചരിതവും മഹീപാലനെന്ന രാജാവ് തന്റെ പുത്രന് നല്കിയ ശിഷയെ കുറിച്ചും പരശുരാമ ചരിതവും ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള പ്രഭാവം മാത്സര്യവും അതിന് സാക്ഷി പറഞ്ഞ കൈതപ്പൂവിന്റെയും പശുവിന്റെയും കഥയും പറഞ്ഞു ഓരോർത്തർക്കും ധർമ്മവും കർമ്മവും ശരിയും ഓരോ വിധത്തിലാണ് എന്നും അതിനാൽ വിഭീഷണന്റെ രാമാനുവർത്തനവും കുംഭകർണ്ണന്റെ രാവണാനുസരണവും രണ്ട് പേരുടെയും ശരിയും നിർവൃതിയുമാകട്ടെ എന്ന് പറയുകയും രാമദേവന്റെ കൃപാകടാക്ഷത്താൽ വിഭീഷണന് മംഗളം ഭവിക്കട്ടേ എന്ന് ആശംസിക്കുകയും ചെയ്തു.
വിഭീഷണൻ കുംഭകർണ്ണനെ സാഷ്ടാം നമസ്ക്കരിച്ചു. ജ്യേഷ്ഠൻ അനുജനെ ഗാഢമായി ആലിംഗനം ചെയ്തു.
ശ്രീരാമസന്നിധിയിൽ തിരിച്ചെത്തിയ നടന്നെതെല്ലാം രാമദേവനെ അറിയിച്ചു. ശ്രീരാമൻ കുംഭകർണ്ണന്റെ ഗുണബുദ്ധിയെ അത്യന്തം ശ്ലാഘിക്കുകയാണു ചെയ്തത്.
കുംഭകർണ്ണന്റെ രൂപം കണ്ട് ഭയന്ന് കപികൾ വീർപ്പുമുട്ടി മറിയുകയും മണ്ടിമണ്ടി മറിയുകയും ചെയ്തു. കുംഭകർണ്ണൻ കയ്യിൽക്കിട്ടിയ കപികളെയെല്ലാം വാരിക്കോരിയെടുത്ത് വായിലാക്കി. കപികളുടെ ദുരവസ്ഥകണ്ട് ലക്ഷ്മണൻ, സുഗ്രീവൻ, ഹനുമാൻ മുതലായവർ വാനരസൈന്യത്തിനു മുന്നിൽ എത്തി. ലക്ഷ്മണൻ കുംഭകർണ്ണനോട് നേരിട്ടു. ഹനുമാനും അംഗദനും ഭീമബാഹു മകരാക്ഷൻ എന്നീ സേനാപതികളെ നേരിട്ടു.
തനിക്ക് ലക്ഷ്മണനോട് അധിക നേരം യുദ്ധം ചെയ്യാൻ അസാധ്യമെന്ന് കണ്ടു കുംഭകർണ്ണൻ ശൂലം ലക്ഷ്മണന് നേരെ എറിഞ്ഞു. അത് കണ്ട് സുഗ്രീവൻ ഒരു കരിമ്പാറയെടുത്ത് എറിഞ്ഞു. ആ പാറയിൽ തട്ടി മുനയൊടിഞ്ഞ് ആ ശൂലം നിലം പതിച്ചു. പ്രതീക്ഷയ്ക്ക് പ്രത്യാഘാതം നേരിട്ട കുംഭകർണ്ണൻ സുഗ്യീവനെ തൂക്കിയെടുത്ത് യുദ്ധഭൂമി വിട്ടു. കുറേ ദൂരം ചെന്നപ്പോൾ സുഗ്രീവൻ കുംഭകർണ്ണന്റെ ഒരു കർണ്ണം കടിച്ചു പറിച്ചെടുത്തും കൊണ്ട് കുതിച്ചു ചാടിത്തിരിച്ചു പോന്നു. കോപത്തോടെ കുംഭകർണ്ണൻ തിരികെ യുദ്ധാങ്കണത്തിലേയ്ക്ക് തന്നെയെത്തി.
തുടരും .....
No comments:
Post a Comment