ഗരുഡൻ - 03
അടിമയായി മാറിയ വിനത
അത്ഭുതത്തോടെയാണ് ജനങ്ങൾ ആ വാർത്ത പറന്നത്! ദേവേന്ദ്രൻ കടൽ കടഞ്ഞപ്പോൾ മനോഹരമായ ഒരു കുതിര അതിൽനിന്നും പുറത്തുവന്നുവത്രേ. ഉച്ചെശ്രവസ്സ് എന്നായിരുന്നു ആ കുതിരയുടെ പേര്. കാണാൻ നല്ല ഐശ്വര്യമുള്ള കുതിര. ആ കുതിരയെ ഒരു നോക്കുകാണാൻ എല്ലാവരും ആഗ്രഹിച്ചു. ഒരുദിവസം കദ്രു വിനതയോട് ചോദിച്ചു. "ഉച്ചെശ്രവസ്സിന്റെ വാലിന്റെ നിറം എന്താണ്? നിനക്കു പെട്ടെന്നു പറയാൻ കഴിയുമോ?" “ വെളുപ്പുതന്നെ. ഇനി നിന്റെ അഭിപ്രായം എന്താണ്? "വിനത അറിയിച്ചു. “എന്റെ അഭിപ്രായത്തിൽ ഉച്ചെശ്രവസ്സിന്റെ വാൽ കറുത്തിട്ടാണ്. എന്താ പന്തയം വയ്ക്കുന്നോ. ദാസ്യം തന്നെ പന്തയം. ഞാൻ തയ്യാറാണ്. ധൈര്യമുണ്ടെങ്കിൽ മുന്നോട്ടു വരൂ." കദ്രു വെല്ലുവിളിച്ചു. അവർ പരസ്പരം ദാസ്യം പന്തയമായി വച്ചു. തോല്ക്കുന്നയാൾ ജയിക്കുന്നയാളിന്റെ ദാസിയായിത്തീരണം. ഇതാണ് വ്യവസ്ഥ. അടുത്ത ദിവസം ഉച്ചെശ്രവസ്സിനെ ചെന്നുകാണാമെന്നും തീരുമാനിച്ചു മടങ്ങി. പക്ഷേ, അന്നുരാത്രി കദ്രുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു പണി വിനതയ്ക്കിട്ടു കൊടുത്തേ പറ്റു. തന്റെ സഹോദരിയാണ് ശരിതന്നെ. അവൾ ഇത്തിരി അഹങ്കരിക്കുന്നുണ്ട്. തന്റെ മക്കളേക്കാൾ പ്രഗല്ഭരായ മക്കൾ ഉണ്ടാകണമെന്നുള്ള വരമല്ലേ അവൾ കശ്യപനോടു ചോദിച്ചത്. തന്നേക്കാൾ എപ്പോഴും മികച്ചു നില്ക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. അത് പറ്റില്ലല്ലോ. അവളെ തന്റെ ദാസിയാക്കണം. ഈ പന്തയത്തിൽ താൻ തോറ്റാൽ അവളുടെ ദാസിയായി കഴിയേണ്ടിവരും. അതിനേക്കാൾ ഭേദം സ്വയം ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത്. അസ്വസ്ഥമായ മനസ്സുമായി കദ്രു ഉറങ്ങാതെ കിടന്നു. ഏത് മാർഗ്ഗത്തിലൂടെയും തനിക്കു ജയിച്ചേ പറ്റൂ. വിനതയെയും അവൾക്ക് പിറക്കാൻ പോകുന്ന മക്കളെയും തന്റെ അടിമയാക്കണം. ഇത് തന്റെ ജീവിതലക്ഷ്യമാണ്. കുതിരയുടെ വാലിന്റെ അറ്റം വെളുത്തതായാൽ തന്റെ ജീവിതഗതിതന്നെ മാറിപ്പോകും. താൻ അടിമയായതുതന്നെ. തനിക്ക് ദാസിയായിരിക്കാൻ പറ്റില്ല. എന്തു വിലകൊടുത്തും തനിക്ക് ഈ പന്തയത്തിൽ ജയിച്ചേ പറ്റൂ. പന്തയത്തിൽ ജയിക്കാനുള്ള പല വഴികളെയും കുറിച്ച് കദ്രു മനസ്സിരുത്തി ചിന്തിച്ചു. തന്റെ ആയിരം മക്കളെയും കദ്രു രാത്രിതന്നെ വിളിച്ചു കൂട്ടി. അവരോട് വിവരങ്ങളൊക്കെ പറഞ്ഞു. “എല്ലാവരും ഉച്ചെശവസ്സിന്റെ വാലിൽ തൂങ്ങിക്കിടക്കണം. ആരുകണ്ടാലും കറുത്ത രോമങ്ങൾ ആണെന്നേ തോന്നാവൂ. അല്ലെങ്കിൽ താൻ വിനതയുടെ ദാസിയായിത്തീരും. എനിക്ക് അത് ആലോചിക്കാൻ പോലും വയ്യ!". അമ്മയുടെ വാക്കുകൾ മക്കളായ സർപ്പങ്ങൾ സശ്രദ്ധം കേട്ടു. പക്ഷേ, വാസുകി അതിലെ ചതി തിരിച്ചറിഞ്ഞു. ഇത് വിശ്വാസവഞ്ചനയാണ്. അങ്ങനെ ആരെയും വഞ്ചിക്കരുത്. പന്തയം വച്ചുള്ള മത്സരമാണ്. വിജയത്തിനുവേണ്ടി ഏതൊരു കുത്സിതമാർഗ്ഗവും സ്വീകരിക്കരുത്. മത്സരത്തിലും ഒരു ധാർമ്മികത ഉണ്ട്. അത് കൈവെടിയരുത്. പാവം! വിനത ഇതുവല്ലതും അറിയുന്നുണ്ടോ? ഏതൊരു മത്സരവും അതിന്റേതായ അർത്ഥത്തിൽ കാണണം. മത്സരത്തിലെ പവിത്രത കാത്തുസൂക്ഷിക്കാൻ മത്സരാർത്ഥികൾ പ്രതിജ്ഞാബദ്ധരാണ്. വിജയം മാത്രമായിരിക്കരുത് ലക്ഷ്യം...
വാസുകിയുടെ ധാർമ്മികരോഷം ആളിക്കത്തുകയായിരുന്നു. മറ്റുള്ള സർപ്പങ്ങളോട് ചതിയെക്കുറിച്ച് വാസുകി പറഞ്ഞു മനസ്സിലാക്കി. ഏലാപുത്രൻ എന്ന സർപ്പം വാസുകിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചു. ഒടുവിൽ മറ്റു സർപ്പങ്ങളും ഈ വഴിക്ക് ചിന്തിച്ചു. ഇത് കൊടുംചതിയാണെന്നും ഇതിനു കൂട്ടുനിന്നുകൂടായെന്നും അവർക്ക് ബോദ്ധ്യമായി. സർപ്പങ്ങൾ ഈ കാര്യത്തിൽ ഒരേ അഭിപ്രായക്കാരായി മാറി. അവർ കദ്രുവിനോട് വളരെ സൗമ്യമായി പറഞ്ഞു: “അമ്മേ, ഇത് ചതിയും വഞ്ചനയുമാണ്. ഞങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണം. ഇങ്ങനെ ചെയ്യുവാൻ ഞങ്ങളെ നിർബന്ധിക്കരുത്." ഈ വാക്കുകൾ കദ്രുവിനെ ചൊടിപ്പിച്ചു. അവൾ കോപാകുലയായി. വികാരങ്ങളുടെ തിരമാലകൾ അവരുടെ മനസ്സിലേക്ക് അടിച്ചുകയറി. മക്കൾ പോലും തന്നെ കൈവിടുന്നു. അതോടെ തന്റെ പദ്ധതികൾ പൊളിയുന്നു. നാളെ നേരം വെളുക്കുമ്പോൾ താൻ വിനതയുടെ ദാസിയായിത്തീരും. ആന്തരിക സംഘർഷത്തിൽപ്പെട്ട് അവളുടെ മനസ്സ് ആടിയുലഞ്ഞു. പ്രതികാരത്തിന്റെ അഗ്നിജ്വാലകൾ അവളുടെ കണ്ണുകളിലൂടെ പുറത്തേക്കു വലിച്ചു. ചുണ്ടുകൾ വിറച്ചു. അവൾ, തനിക്കു ചുറ്റും നില്ക്കുന്ന മക്കളെ നോക്കി. അമ്മയുടെ മുഖത്തെ ഭാവം കണ്ട് അവർ പേടിച്ചരണ്ടു. കദ്രുവിന്റെ ചുണ്ടുകൾ ചലിച്ചു. "ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ജനമേജയൻ സർപ്പസത്രം ചെയ്യുമ്പോൾ നിങ്ങളെല്ലാം ആ അഗ്നിയിൽ വീണ് നശിച്ചുപോകട്ടെ!" ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കദ്രു വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു. അവൾ ദീർഘശ്വാസം വിട്ടു. അമ്മയുടെ ശാപവാക്കുകൾ കേട്ട് മക്കൾ ഞെട്ടിത്തെറിച്ചു. ഏകസ്വരത്തിൽ അവർ അമ്മേ എന്ന് വിളിച്ചു. പക്ഷേ, അവരുടെ വിളി അവളുടെ കാതുകളിൽ എത്തിയില്ല. ദീർഘശ്വാസത്തിൽ തട്ടി അലിഞ്ഞുപോയി...
കദ്രുവിന്റെ വാക്കുകൾ പരത്തിയ ഏകാന്തതയിൽനിന്ന് മോചനം തേടി അവർ മാളങ്ങളിലേക്കു മടങ്ങി. കദ്രു സർപ്പങ്ങളെ ശപിച്ച വാർത്ത കശ്യപമഹർഷി അറിഞ്ഞു. തന്റെ മക്കളുടെ ദുർഗതിയോർത്ത് മഹർഷി ദുഃഖിച്ചു. എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല. കദ്രു ചെയ്തത് കടുംകൈ ആയിപ്പോയി. പറഞ്ഞിട്ട് എന്തു കാര്യം! എയ്തുവിട്ട് അമ്പും പറഞ്ഞുപോയ ശാപവാക്കുകളും തിരിച്ചെടുക്കാനാവില്ലല്ലോ. തന്റെ മക്കളെ ശാപത്തിൽനിന്നും രക്ഷിക്കണമല്ലോ. അതിന് ബ്രഹ്മാവിനുമാത്രമേ കഴിയു. കശ്യപൻ ബ്രഹ്മാവിനെ സമീപിച്ചു. കദ്രു മക്കളെ ശപിച്ച കാര്യം പറയാൻ തുടങ്ങിയപ്പോഴേക്കും ബ്രഹ്മാവ് അറിയിച്ചു: "കശ്യപാ, ഞാനിതൊക്കെ നേരത്തേ മനസ്സിൽ കണ്ടതാണ്. നിന്റെ പുത്രന്മാർക്ക് ഇങ്ങനെ ഒരാപത്തു വന്നതിൽ നീ ദുഃഖിക്കരുത്. സർപ്പമാതാവായ കദ്രുവിനെ ഞാൻ അഭിനന്ദിക്കുകയാണ്. വിഷമുള്ള സർപ്പങ്ങൾ പെരുകുന്നത് ലോകത്തിന് ആപത്താണ്. സർപ്പസത്രത്തിൽ സർപ്പകുലം മുടിയണം.'' ബ്രഹ്മാവിന്റെ വാക്കുകൾ കേട്ടപ്പോൾ മറുത്തൊന്നും പറയാനുള്ള ശേഷി കശ്യപന് ഇല്ലാതെപോയി. ബ്രഹ്മാവ് കശ്യപനെ സമാശ്വസിപ്പിച്ച് പറഞ്ഞയച്ചു. കദ്രുവിന്റെ ശാപവാക്കുകൾ കേട്ട് സർപ്പങ്ങൾ ഭയന്നു. അമ്മയാണ് ശപിച്ചിരിക്കുന്നത്. മാതാവ് ശപിച്ചാൽ ഏറ്റതു തന്നെ. അതിൽനിന്നും രക്ഷനേടാൻ ആർക്കും ആവില്ല. അത്രയ്ക്ക് വേദനിക്കുമ്പോൾ മാത്രമേ മാതൃഹൃദയം ചുട്ടുപഴുക്കുകയുള്ളൂ. അപ്പോഴേ ഇത്തരം ശാപവാക്കുകൾ ആ മനസ്സിൽ നിന്നു പുറത്തുവരികയുള്ളൂ. തങ്ങളുടെ നിസ്സഹകരണം അമ്മയെ വല്ലാതെ വേദനിപ്പിച്ചു എന്ന് തോന്നുന്നു. അമ്മയെ വേദനിപ്പിക്കരുതല്ലോ. അമ്മ പ്രസാദിച്ചാൽ ശാപത്തിൽനിന്നും രക്ഷപ്പെടാം. അല്ലെങ്കിൽ എല്ലാം ഭസ്മമാകും. സർപ്പങ്ങൾ ഒത്തുകൂടി. ചിലരുടെ ചിന്ത ഈ വഴിക്ക് തിരിഞ്ഞു. കുതിരയുടെ വാല് കറുപ്പിക്കാനും വാലിൽ തൂങ്ങിക്കിടക്കാനും അവർ തീരുമാനിച്ചു..
കുതിരയെ കാണാൻ കദ്രുവും വിനതയും കടൽക്കരയിലെത്തി. കടൽക്കരയിലേക്ക് അടുക്കുന്തോറും രണ്ടുപേരുടെയും ഹൃദയമിടിപ്പ് വർദ്ധിച്ചുവന്നു. സർപ്പങ്ങൾ എടുത്ത പുതിയ തീരു മാനം കദ്രു അറിഞ്ഞതേയില്ല. കദ്രുവിന്റെ മനസ്സിലായിരുന്നു കൂടുതൽ സംഘർഷം. തന്റെ പദ്ധതികൾ പൊളിഞ്ഞതിന്റെ വേവലാതി ഒരു വശത്ത്, താൻ വിനതയുടെ ദാസി ആകേണ്ടി വരുമോ എന്ന വ്യഥ മറുവശത്ത്. എന്തു സംഭവിച്ചാലും തന്നെ ദാസിയാക്കാൻ ഇടയാകരുതേ എന്ന പ്രാർത്ഥനയായിരുന്നു അവൾക്ക്. ഉച്ചെശവസ് നില്ക്കുന്ന സ്ഥലത്തേക്ക് അവൾ വേഗം നടന്നു. ആകാംക്ഷകൊണ്ടു വീർപ്പുമുട്ടി നില്ക്കുന്ന ഹൃദയങ്ങൾ! അവർ അശ്വശ്രേഷ്ഠനെ കണ്ടു. കുതിര വെളുത്തതുതന്നെ! എന്തൊരു മുഖശീ! എന്തൊരു ഐശ്വര്യം! പൂർണ്ണചന്ദ്രനെപ്പോലെ അവൻ പ്രശോഭിച്ചു നില്ക്കുന്നു. ഇതു കണ്ടതോടെ കദ്രുവിന്റെ ഹൃദയം ത്രസിച്ചു. താൻ വെട്ടിലാകുമോ ദൈവമേ! ഇടംകണ്ണിട്ട് അവൾ കുതിരയുടെ വാല് സൂക്ഷിച്ചുനോക്കി. ദൈവമേ! കദ്രു അറിയാതെ വിളിച്ചുപോയി. അവൾക്ക് തന്റെ കണ്ണുകളെ വിശ്വ സിക്കാൻ കഴിഞ്ഞില്ല. ചൂണ്ടുവിരൽകൊണ്ട് കണ്ണുകൾ തുടച്ചു. ഒന്നുകൂടി നോക്കി. ഹായ്! അവൾ അറിയാതെ ഒരു ശബ്ദം പുറത്തുവന്നു. ഉച്ചെശ്രവസിന്റെ വാലിന്റെ നിറം കറുപ്പുതന്നെ! തന്റെ തന്ത്രം ഫലിച്ചിരിക്കുന്നു. മക്കൾ തന്റെ അഭിമാനം കാത്തുരക്ഷിച്ചു. താൻ എല്ലാവർക്കും മേലെയാണെന്നു കദ്രുവിന് തോന്നി. കദ്രു ഒളികണ്ണിട്ട് വിനതയെ നോക്കി. കുതിരയുടെ വാലിന്റെ നിറം കറുപ്പാണെന്നു കണ്ടതോടെ വിനത ദുഃഖിതയായി, അവൾ മുഖം കുനിച്ചുനിന്നു. തന്റെ വിധി അല്ലാതെ എന്ത് പറയാൻ! എല്ലാ ദുഃഖവും ഉള്ളിലൊതുക്കി അവൾ നിന്നു. ഒരു മഞ്ഞ മന്ദാരപുഷ്പത്തെപ്പോലെയായി വിനത. എല്ലാ ദുഃഖങ്ങളും കടിച്ചമർത്തി തന്നിലേക്കുതന്നെ അവൾ ഒതുങ്ങി നിന്നു. വ്യവസ്ഥപ്രകാരം കദ്രു, വിനതയെ ദാസിയാക്കി. വിനത തന്റെ തോൽവി സമ്മതിച്ചു. അങ്ങനെ വിനത കദ്രുവിന്റെ ദാസിയായി നീണ്ടകാലം കഴിച്ചുകൂട്ടി....
No comments:
Post a Comment