കമ്പരാമായണം കഥ
അദ്ധ്യായം :-28
സുന്ദരകാണ്ഡം തുടർച്ച....
അനന്തരം ഹനുമാൻ സ്വപിതാവിനെ ഒന്നനുസ്മരിച്ചശേഷം അത്യന്തം കൃശഗാത്രനായി ലങ്കയുടെ ഉത്തരഗോപുരം കടന്ന് രാജനഗിരിയിൽ പ്രവേശിച്ചു . അശോകപൂമണം വരുന്ന വഴിക്ക് അഭിമുഖമായി മുന്നോട്ടുപോയി. ഹനുമാൻ സമയനഷ്ടം വരുത്താതെ ശിംശിപാവൃക്ഷം കണ്ടുപിടിച്ചു. തരുചുവട്ടിൽ ഒന്ന് സൂക്ഷിച്ചുനോക്കി. ആ വൃക്ഷത്തറയിൽ ഒരു സ്ത്രീരൂപം ഇരിക്കുന്നു. കരി നിഴലുകൾ പോലെ അതിനുചുറ്റും നാലഞ്ചു ഭീകരരൂപങ്ങൾ കൈകാലുകൾ നീട്ടി മലർന്നു കിടന്ന് കൂർക്കം വലിച്ചു ഉറങ്ങുന്നു. ഹനുമാൻ വീണ്ടും അതികൃശശരീരനായി ആരും അറിയാതെ ശിംശാപവൃക്ഷത്തിൻറെ മുകളിൽ കയറി പച്ചില മറവിൽ പതിങ്ങിയിരുന്നു
സമയം അർദ്ധരാത്രിയായി. അശോകവനിയിലെ തെക്കേ അറ്റത്തു നിന്നും ഒരു രാജസഘോഷയാത്ര വടക്കോട്ട് നീങ്ങി ശിംശാപാതരുതലത്തോടടുക്കുന്നു. അത്യന്തം ആകർഷകമായവിധം വേഷസംവിധാനത്താൽ അലംകൃതമായ അഴകിയ രാവണനും പരിവാരങ്ങളും ആണ് എഴുന്നള്ളത്ത്. ഘോഷയാത്ര ശിംശാപവൃക്ഷത്തിന്റെ ചുവട്ടിലെത്തി. ദേവാംഗനന്മാരും ദീപയഷ്ടികളും ദൂരെ മാറി ഒതുങ്ങി നിലയായി. ഉറങ്ങിക്കിടന്ന രാക്ഷസിമാരുണർന്ന് മരത്തിൻറെ മറവിൽ പതുങ്ങി. രാവണൻ സീതദേവിയുടെ സമീപത്തുചെന്ന് ഭാവഹാവവിലാസങ്ങളോടുകൂടി രസികലാസകനെന്ന നിലയിൽ നിലയായി.
മാതൃകാകുലവധുവായ സീത രാവണന്റെ ആഗമനം അറിഞ്ഞ നിമിഷത്തിൽ. ആത്മസ്ഥൈര്യം വിടാതെ ബാഹ്യകാര്യക്രമീകരണത്തിൽ ബദ്ധശ്രദ്ധയായി താൻ രാവണനെയും രാവണൻ തന്നെയും കാണാനിടയാകത്തക്കവണ്ണം ഇരിപ്പുറപ്പിച്ചു. കൈകൾ സ്വസ്തികരീതിയിൽ ബന്ധിച്ച് മാറും കാലുകൾമടക്കി തുടകളോട് ചേർത്തൊരുക്കി ഉദരവും തലകുനിച്ച് മുഖവും മറച്ചു തന്നെ തന്നിൽ തന്നെ ഒളിപ്പിച്ച് രാമനെ സ്മരിച്ച് തേങ്ങി കരഞ്ഞു കൊണ്ട് അവിടെ ഇരിപ്പായി . അനന്തരം ദേവി ഒരു ഉണക്ക പുൽക്കൊടി എടുത്ത് മുന്നിൽ ഇട്ടു.
രാവണൻ പറഞ്ഞു ദേവി ഞാൻ ഭവതിയുടെ ദാസാനുദാസനാണ് . എന്നിൽ കരുണ തോന്നി ഭവതി എന്നെ അനുഗ്രഹിക്കുക
സീത പറഞ്ഞു ലങ്കാപതേ! ധർമ്മവിലംഘനം, അധർമ്മവിലംബനം ഇവ രണ്ടും നിഷിദ്ധാലംബനമാണ്. ചാരിത്രം സ്ത്രീകളുടെ അനർഘ ദിവ്യാഭരണമാണ് . അതില്ലാത്തവളും ഇല്ലാതാക്കുന്നവനും പിശാചുക്കളാണ്. ഭവാൻ രാജാവായിരുന്നിട്ടും കൊടും പിശാചായിത്തീർന്നിരിക്കുന്നു. വളരെ നേരത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം സീത പറഞ്ഞു "നീയെന്നെ എൻറെ ആത്മനാഥന്റെ സന്നിധിയിലെത്തിക്കുക. അപ്പോൾ അദ്ദേഹവും ഈ ഞാനും നിന്നെ പൂർണമായനുഗ്രഹിക്കും. നിനക്ക് പൂർവാധികപ്രഭാവത്തോടുകൂടി സന്തോഷമായി ജീവിക്കാം . അല്ലെങ്കിൽ നിൻറെ....
ഇതുകേട്ട് രാവണൻ " ഭാഗ്യംകെട്ടവളെ, നിന്റെ കഥ ഇപ്പോൾ തന്നെ കഴിച്ചേക്കാം എന്ന് പറഞ്ഞ് ഉറയിൽ നിന്നും വാളൂരി ചുഴറ്റി. ദൂരത്തു നിന്ന ദാസിമാരും ദേവന്മാരും പകച്ചു. സീത പതറിയില്ല പരിഭ്രമിച്ചില്ല. പെട്ടെന്ന് ഒരു അംഗനാരത്നം രാവണകരത്തെ വാളോടെ പിടിച്ചു വാൾ ദൂരത്ത് വീഴ്ത്തി. രാവണ പത്നിയും മയപുത്രിയുമായ മണ്ഡോദരി ആയിരുന്നു അത്.
മണ്ഡോദരി ചോദിച്ചു. ഇതെന്തൊരു നീതികേടാണ്? എത്രയോ സുന്ദരീമണികൾ ഇവിടെയുണ്ട് . പരസ്ത്രീകളെ പരിഗ്രഹിക്കരുതെന്ന് പല മഹാത്മാക്കളും പാതിവ്രത്യത്തിൽ പരമനിഷ്ഠ പാലിക്കുന്ന ഈ ഞാനും എത്ര തവണ അങ്ങയോട് പറഞ്ഞിട്ടുണ്ട്.
മഹാവീരനായ രാവണൻ പെൺകള്ളനും സ്ത്രീലമ്പടനെന്നും ദുഷ്കീർത്തി വർദ്ധിച്ചു വരികയല്ലേ.
ശേഷം സീതയോട് പറഞ്ഞു മകളേ! സീതാദേവി! നിൻറെ അനാഥാവസ്ഥയിൽ ഞാൻ അനുശോചിക്കുന്നു. സ്ത്രീകളുടെ അബലത്വവും അസ്വാതന്ത്ര്യവുമാണിതിനെല്ലാം പ്രധാന കാരണം. നിനക്ക് ഞാൻ പ്രിയസമാഗമത്തിന് മംഗളം ആശംസിക്കുന്നു.
ശേഷം അവർ അന്തപുരാഭിമുഖമായി നടന്നു. രാവണൻ ചില രാക്ഷസികളെ വിളിച്ച് ഒരു മാസത്തിനകം സീതയെ വശംവദയാക്കണമെന്നും അല്ലാത്ത പക്ഷം കൊന്ന് കളയണം എന്നും സീത കേൾക്കത്തക്കവിധം അവരോട് പറഞ്ഞിട്ട് മണ്ഡോദരിയെ അനുഗമിച്ചു.
ക്രൂരവിരൂപരാക്ഷസിമാർ സീതയുടെ ചുറ്റും വന്നിരുന്നു ഓരോ ഭീഷണികൾ പറഞ്ഞുതുടങ്ങി. കുറച്ചുകഴിഞ്ഞ് അവരെല്ലാം കൂർക്കം വലിച്ച് ഉറങ്ങി തുടങ്ങി...
സീത ചിന്താവിഷ്ടയായിരുന്നു. ദേവി ദീനദീനമായി വിലപിക്കാൻ ആരംഭിച്ചു. സത്തുകൾക്ക് ഏത് മഹാവിപത്തിലും ഏതെങ്കിലും വിധത്തിലുള്ള സഹായഹസ്തം സിദ്ധിക്കാതിരിക്കില്ല. വിഭീഷണന്റെ പുത്രിയായ ത്രിജട സീതയുടെ സമീപത്ത് വന്നുചേർന്നു. വിഷ്ണുഭക്തനായ വിഭീഷണനും ലക്ഷ്മിഭക്തയായ സരമയടെയും ഏക പുത്രിയാണ് ത്രിജട. അവൾക്ക് ശ്രീരാമനിൽ പ്രരൂഢഭക്തിയും സീതയിൽ പ്രകടമൈത്രിയും ഉണ്ടായിരുന്നു . അവൾ തനിക്കുണ്ടായ ചില സ്വപ്ന കഥകളെ വിവരിച്ചും സീതയുടെ മുഖഹസ്താദികൾ പരിശോധിച്ച് ലക്ഷണങ്ങൾ വിശദീകരിച്ചും ദേവിയെ ഒരുവിധം ആശ്വസിപ്പിച്ച് മറ്റാരുമറിയാതെ തിരിച്ചുപോയി..
തുടരും .....
No comments:
Post a Comment