എന്തേ കണ്ണനിത്ര കറുപ്പ് നിറം....
വിഷ്ണു സൂര്യൻ തന്നെ. 'ഗോ' എന്നാൽ ഭൂമി തുടങ്ങിയ ഗ്രഹങ്ങളാവാം. ആകർഷണശക്തിയുള്ളതിനാൽ കൃഷ്ണൻ എന്ന് പേരായി. ഗോക്കളെ കൃഷ്ണൻ മേയ്ക്കുന്നതു ആകർഷണശക്തികൊണ്ടാണ്. ഭൂമി മുതലായ ഗ്രഹങ്ങൾ സൂര്യന് ചുറ്റും മേഞ്ഞു നടക്കുന്നത് ഇതേ ആകർഷണശക്തികൊണ്ടുതന്നെ. ഇതേ അർത്ഥത്തിലുള്ള ഒരു മന്ത്രം തന്നെ ഋഗ്വേദത്തിലും യജുർവേദത്തിലുമുണ്ട്.
"ആകൃഷ്ണേന രാജസാ"
എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ അർത്ഥം ഇങ്ങനെ; "ആകർഷണ ശക്തിയുള്ള ഭൂമി തുടങ്ങിയവയെ ചലിപ്പിച്ചു നടത്തുന്നത് സവിതാവായ സൂര്യനാണ്. വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെ അതതു സ്ഥാനത്ത് ഉറപ്പിച്ചുകൊണ്ടു പ്രാനീസമൂഹത്തിന് കാഴ്ചശക്തിയെ നൽകി സ്വർണ്ണതുല്യമായ രഥത്തിലേറി വരികയാണ് സൂര്യൻ".
ഇവിടെ 'കൃഷ്ണ' ശബ്ദത്തിന് "ആകർഷണശക്തിയുള്ളത്" എന്ന അർത്ഥം തന്നെയാണുള്ളത്. "കൃഷ്ണ" നെന്നാൽ ആകർഷണശക്തിയുള്ളതെന്നർത്ഥം വരുന്ന മറ്റൊരു മന്ത്രവും ഋഗ്വേദത്തിലുണ്ട്. "ഹരിഃ" കൃഷ്ണനുണ്ടായതും ഇതേ വേദമന്ത്രത്തിൽ നിന്നാണ്.
"ആദിത്യസ്യ ഹരയ: സുപർണാ ഹരണാആദിത്യരശ്മയ:"
എന്ന് നിരുക്തത്തിൽ വിശദീകരിക്കുന്നു. താനെ സുവർണ്ണ കിരണങ്ങളാൽ ജലത്തെ ഹരിക്കുന്നതിലൂടെ മേഘങ്ങളിൽ വെള്ളം നിറയ്ക്കുകയാണ് സൂര്യൻ. ജലം സൂര്യതാപത്താലാണ് വറ്റിപ്പോകുന്നതും മേഘങ്ങളിൽ നിറയുന്നതും. ഹരി സൂര്യൻ തന്നെയാണ്. കൃഷ്ണൻ സൂര്യന്റെ ആകർഷണ ശക്തിയും. "ഗോ" ക്കളാകട്ടെ ഭൂമി തുടങ്ങിയ ഗ്രഹങ്ങളുമാകുന്നു. "ഗോ" മാതാവെന്ന് പറയുമ്പോൾ പലരും അതിനെ നിസ്സാരമായി കാണാറുണ്ട്. 'ഗോ' എന്നാൽ കേവലം 'പശു' വെന്നുമാത്രം അർത്ഥമെടുക്കരുത്. അത് ഭൂമിയുടെ പര്യായപദമായെന്നു യാസ്കനെപോലുള്ള പ്രാചീന ഋഷിമാർ നിരുക്തത്തിൽ എഴുതിയത് ഉൾക്കൊള്ളണം. ( "ഗൗരിതി പൃഥിവ്യാ നാമധേയം"-നിരുക്തം 2.5) ഇങ്ങനെ ശ്രീകൃഷ്ണൻ ഗോക്കളെ മേച്ചു നടക്കുന്നു എന്ന ആലങ്കാരിക പ്രയോഗത്തിന്റെ നേരായ അർത്ഥമറിയാൻ ശ്രമിച്ചാൽ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങൾ പുറത്തുവരും.
വിഷ്ണുവിന് കറുപ്പും വെളുപ്പും നിറമുണ്ടെന്ന് നമുക്ക് പുരാണങ്ങളിൽ വായിക്കാം. ഒരാൾക്ക് ഒരേസമയം എങ്ങനെ രണ്ടു നിറമുണ്ടാകും? കൂടാതെ ശ്യാമവർണ്ണവും കറുപ്പും ഒന്നാണോ തുടങ്ങിയ ചോദ്യങ്ങളൊന്നും ആരും ചോദിച്ചു കാണാറില്ല. പ്രശസ്തമായ ഒരു ശ്ലോകമുണ്ട്.
ശുക്ലാംബരധരം വിഷ്ണും,
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്,
സർവവിഘ്നോപശാന്തയേ
എന്ന പദ്മപുരാണത്തിലെ ഈ ശ്ലോകത്തിൽ വെളുത്ത വസ്ത്രം ധരിച്ചവനാണ് വിഷ്ണു. "നിലാവ് പോലെ വെളുത്ത നിറമുള്ളവനും നാലുകൈകളോടുകൂടിയവനും പ്രസന്നവദനനുമായ വിഷ്ണു ഭഗവാനേ അവിടുന്ന് സർവ്വവിഘ്നങ്ങളെയും അകറ്റിയാലും" എന്നാണീ പ്രാർത്ഥനയുടെ സാരം. ഇവിടെ വിഷ്ണു വെളുത്ത നിറക്കാരനാണെന്ന് സ്പഷ്ടമായി പറയുന്നു. കറുപ്പുനിറം ആകർഷണശക്തിയെ കുറിക്കുന്നതാണെന്ന് സൂചിപ്പിച്ചുവല്ലോ. "ഗോ" അഥവാ ഗോളങ്ങളാകുന്ന പശുക്കളെ ഭ്രമണപഥമാകുന്ന മേച്ചില്പുറത്ത് ആകർഷണമാകുന്ന കയർകൊണ്ട് കെട്ടി മേയ്ക്കുകയാണ് സൂര്യനായ് കൃഷ്ണൻ. അപ്പോൾ പിന്നെ ഈ വെളുപ്പ് നിറത്തിനെന്താണ് പ്രസക്തി. യജുർവേദത്തിലെ ഒരു മന്ത്രത്തിന് പ്രായേണ ആധുനികനായ മഹീധരൻ നൽകുന്ന ഒരു ഭാഷ്യം അതീവ രസകരമാണ്. "സൂര്യൻ" ദ്യൂ ലോക മൈതാനിയിൽ മിത്രാവരുണന്മാരുടെ രൂപത്തെ മനുഷ്യർക്കെന്നപോലെ കാട്ടിക്കൊടുക്കുന്നു. മിത്ര രൂപത്തിൽ സുകൃതികളായ ജനങ്ങൾക്ക് അനുഗ്രങ്ങൾ ചൊരിഞ്ഞു നൽകുന്നു. വരുന്ന രൂപത്തിൽ പാപികളെയും അഭിമുഖീകരിക്കുന്നു. ആസൂര്യന്റെ ഒരു രൂപം ദേശകാലങ്ങൾക്കുപരിയായ ദിവ്യപ്രകാശത്തോടെ വെളുത്തിരിക്കുന്നു. അത് വിജ്ഞാനഘനരൂപമായ ബ്രഹ്മമാകുന്നു. മറ്റേ രൂപം കറുത്ത അഥവാ ദ്വൈത ലക്ഷണ രൂപത്തോടുകൂടി ദിശകളെ അഥവാ ഇന്ദ്രിയങ്ങളെ ധാരണം ചെയ്യുന്നു, അതായത് സൂര്യന് രണ്ടു രൂപങ്ങളുണ്ട്. ഇന്ദ്രിയങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന കൃഷ്ണ വർണ്ണവും ശുദ്ധചൈതന്യവും അദ്വൈതലക്ഷണവുമായ ശുക്ലവർണ്ണവും.
മഹീധരൻ പോലും സൂര്യന് രണ്ടു രൂപങ്ങളുണ്ടെന്ന അഭിപ്രായക്കാരനാണ്. പൗരാണിക ലോകത്തിന്റെ വ്യാഖ്യാതാവാണ് മഹീധരൻ. ഇവർക്ക് സൂര്യൻ അദ്വൈതവും നിർഗ്ഗുണവുമായ ബ്രഹ്മസമാനമാണ്. ഈ മന്ത്രത്തിന്റെ യഥാർത്ഥ അർത്ഥം ഇങ്ങനെയാണ് - ദ്യുലോകത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന സൂര്യൻ സംപൂർണ്ണ ജഗത്തിനു രൂപം നൽകുന്നു. സൂര്യന് സ്വയം രണ്ടുരൂപങ്ങളുണ്ട്. ഒന്ന് പ്രകാശ പൂർണ്ണമായ ധവള രൂപവും രണ്ടാമത്തേത് ആകർഷണ യുക്തമായ കൃഷ്ണ വർണ്ണവും. സൂര്യന് പ്രകാശമുണ്ട് അത് ശ്വേതവർണ്ണം. സൂര്യന് ആകർഷണ ശക്തിയുണ്ട് അത് കറുപ്പ് നിറം.
ഘനശ്യാമ മോഹന കൃഷ്ണനെക്കുറിച്ചു വർണ്ണിക്കാത്ത കവികൾ ചുരുങ്ങും. ഒരുപക്ഷെ ഭാരതത്തിലെ ചിരന്തരരായ നിരവധി മഹാരഥന്മാർക്ക് ശ്യാമവർണ്ണം കല്പിച്ചു കൊടുത്തിട്ടുണ്ട് നമ്മുടെ കവികൾ. രാമനും കൃഷ്ണനും വ്യാസനും പരശുരാമനും വാമനനുമൊക്കെ എങ്ങനെയാണൊരുപോലെ ശ്യാമവർണ്ണക്കാരാവുന്നത്? അവർ വെളുത്തവരായാലെന്ത്? കറുത്തവരായാലെന്ത്? നിറത്തിൽ എന്തെരിക്കുന്നു? ഇവർ ദ്രാവിഡരായതുകൊണ്ടാണോ നിറം ശ്യാമവർണ്ണമായത്? വാസ്തവത്തിൽ ഇതൊന്നും വർഗ്ഗ ചിന്തയുമായി അശേഷം ബന്ധമില്ലാത്ത കാര്യങ്ങളാണ്. ഇവരെല്ലാം വിഷ്ണു തത്വമുള്ളവരാണ്. അതിനാൽ തന്നെ ഇവരിലെല്ലാം കൃഷ്ണ വർണ്ണം സ്വാഭാവികമായും ഉണ്ടാകും. ശ്യാമവർണ്ണം സൗന്ദര്യത്തിന്റെ പ്രതിരൂപമായും വാഴ്ത്തപ്പെട്ടിട്ടുണ്ട്. കാവ്യങ്ങളിൽ പരമ സുന്ദരിയെ ശ്യാമ എന്ന് വിളിക്കുന്നത് നമുക്ക് കാണാം. സീത വെളുത്ത നിറക്കാരി ആയിരുന്നെങ്കിലും വാല്മീകി 'ശ്യാമ' എന്നാണ് വിളിച്ചിരുന്നത്. ഇതുപോലെ ദ്രൗപതിയെയും 'ശ്യാമ' എന്ന് വിളിച്ചിരുന്നു.