ഗരുഡൻ - 10
നാഗങ്ങളുടെ ഇരട്ടനാവ്
അന്തരീക്ഷത്തിൽ തിരമാലകൾ പോലെ കാറ്റ് അലയടിച്ചു. വിനത ശ്രദ്ധിച്ചു. മകൻ വരുന്നു എന്നതിന്റെ സൂചനയാണ്. കദ്രു കാണാതെ വിനത ആകാശത്തേക്കു നോക്കി. മകന് അമൃത് കിട്ടിയോ ആവോ? അതോ വെറുംകൈയോടെയാണോ മകന്റെ വരവ്. അങ്ങനെയാകാൻ വഴിയില്ല. വിനതയുടെ മനസ്സ് മന്ത്രിച്ചു. തന്റെ മകൻ ആരുടെ മുമ്പിലും പരാജയപ്പെടുകയില്ല. അവൻ ശക്തനാണ്. അവനെ ആർക്കും കീഴ്പ്പെടുത്താനാവില്ല. ഞൊടിയിടകൊണ്ട് ഗരുഡൻ ആകാശത്തുനിന്ന് പറന്ന് താഴെ ഇറങ്ങി. കദ്രുവിനു മുമ്പിൽ ഓച്ഛാനിച്ചുനില്ക്കുന്ന അമ്മയെ ഗരുഡൻ നോക്കി. വിനത മകനെയും. കാഴ്ചകണ്ട് ഗരുഡന്റെ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുകളിൽനിന്നും അമർഷത്തിന്റെ ജ്വാല പുറത്തേക്കു വമിക്കുന്നുണ്ടായിരുന്നു. അമൃതു നിറച്ച കുടം മകന്റെ കൈയിൽ കണ്ടപ്പോൾ വിനതയ്ക്ക് ആശ്വാസമായി. ഗരുഡൻ നേരേ സർപ്പങ്ങളുടെ അടുത്തേക്കുപോയി. സർപ്പങ്ങളെ ഒക്കെ വിളിച്ചുകൂട്ടി. സന്തോഷത്തോടെ ഗരുഡൻ അറിയിച്ചു. “ഇതാ, നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം അമൃത് കൊണ്ടു വന്നിരിക്കുന്നു. ഞാൻ ദർഭവിരിച്ച് അമൃത് വയ്ക്കുന്നു. കുളിച്ചു വന്ന് അമൃത് കഴിച്ചുകൊള്ളുക. ഇന്നുമുതൽ എന്റെ അമ്മ ദാസി അല്ല.'' "വിനതയുടെ ദാസ്യം നീങ്ങി.'' സർപ്പങ്ങൾ ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു. ആ ശബ്ദം കേട്ട് ഗരുഡൻ നെടുവീർപ്പെട്ടു. താൻ കഷ്ടപ്പെട്ടതു മുഴുവൻ ഈ നിമിഷത്തിനുവേണ്ടിയായിരുന്നു. തന്റെ ജന്മംതന്നെ ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. ജീവിതം സഫലമായിരിക്കുന്നു. ഈ ഒരു നിമിഷം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. ഒരു മകന് അമ്മയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം തന്റെ ജീവിതം ധന്യമാക്കിയ നിമിഷം!
തന്റെ ദാസ്യം നീങ്ങി എന്ന വാർത്ത വിനതയുടെ ചെവിയിലുമെത്തി. സത്യത്തിൽ അവളും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പ്. ഒരു ജന്മം മുഴുവൻ കാത്തിരിക്കാൻ വേണ്ടിമാത്രം വിധിക്കപ്പെട്ടവൾ! ഒടുവിൽ അതിൽനിന്നും മോചിതയായിരിക്കുന്നു. ഒരു നിമിഷം ഇതൊന്നും വിനതയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അമൃത് എന്നു കേട്ടപ്പോൾ മുതൽ സർപ്പങ്ങൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അവർ മതിമറന്നു സന്തോഷിച്ചു. അമൃതു കഴിച്ചാൽ മരണത്തെ ഭയപ്പെടേണ്ട. ഒരിക്കലും മരിക്കില്ല. നീണ്ട ആയുസ്സ് കിട്ടും. അമൃതുകഴിക്കുന്നവർക്ക് ദേവേന്ദ്രനെപ്പോലും ദ്രോഹിക്കാൻ കഴിയും എന്നതാണ് ശാസ്ത്രം. അതോർത്തപ്പോൾ സർപ്പങ്ങളുടെ സന്തോഷം ഇരട്ടിച്ചു. അമൃതു കഴിക്കുവാൻ അവർക്കു തിടുക്കമായി. പക്ഷേ, ഓടിച്ചെന്ന് അത് കഴിക്കാൻ പറ്റില്ലല്ലോ. കുളിച്ച് ശുചിയായി വരണം. കുളിക്കാനായി സർപ്പങ്ങൾ യാത്രയായി. ദേവേന്ദ്രൻ ഗരുഡനെ പിന്തുടരുന്നുണ്ടായിരുന്നു. ഗരുഡൻ പറന്ന് താഴെയിറങ്ങിയതും അമൃതുനിറച്ച കുടം ദർഭയുടെ പുറത്തു വയ്ക്കുന്നതും ഇന്ദ്രൻ കാണുന്നുണ്ടായിരുന്നു. സർപ്പങ്ങൾ കുളിക്കാൻ പോയ തക്കം നോക്കി ഇന്ദ്രൻ അമൃതുനിറച്ച കുടം കൈക്കലാക്കി. ദേവേന്ദ്രൻ കുടവുമായി സ്വർഗ്ഗത്തിലേക്ക് ഉയർന്നു. കുളിയും ജപവുമൊക്കെ പെട്ടെന്ന് കഴിച്ച് സർപ്പങ്ങൾ മടങ്ങിവന്നു. ആർത്തിയോടെ അമൃത് സേവിക്കാനായി അവർ ഓടി എത്തി. വിരിച്ച ദർഭയുടെ പുറത്തുവച്ചിരുന്ന അമൃത് നിറച്ച കുടം കാണുന്നില്ല. സർപ്പങ്ങൾ പരിഭ്രാന്തരായി. തങ്ങളെ ചതിച്ചിരിക്കുന്നു. തങ്ങൾ പണ്ട് ചതിച്ചതിനു പകരം ചെയ്ത ചതി, അമൃതുവെച്ചിരുന്ന സ്ഥലത്തെത്തി സർപ്പങ്ങൾ ദർഭപ്പുല്ല് നക്കി. ദർഭയുടെ മൂർച്ചയുള്ള ഭാഗം കൊണ്ട് അവയുടെ നാവ് രണ്ടായി കീറി. അന്നു മുതൽ നഗങ്ങൾക്ക് ഇരട്ട നാവുണ്ടായി. അതിന് കാരണക്കാരനായതോ ഗരുഡനും. ദർഭയുടെ പുറത്ത് അമൃതസ്പർശം ഏറ്റതുകൊണ്ട് ദർഭ വിശുദ്ധമായി. അന്നു മുതൽ പുണ്യകർമ്മങ്ങൾക്ക് ദർഭ ഉപയോഗിക്കാൻ തുടങ്ങി. അമ്മയെ ഗരുഡൻ കദ്രുവിന്റെ വീട്ടിൽനിന്നും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർ കാട്ടിൽ സസുഖം ജീവിച്ചുപോന്നു. വിശക്കുമ്പോഴൊക്കെ ഗരുഡൻ സർപ്പങ്ങളെ പിടിച്ചുതിന്ന് വിശപ്പടക്കുകയും ചെയ്തു.
No comments:
Post a Comment