കമ്പരാമായണം കഥ
അദ്ധ്യായം :- 40
യുദ്ധകാണ്ഡം തുടർച്ച....
ശ്രീരാമന്റെ അനുഗ്രഹം ശിരസ്സിലും വിഗ്രഹം മനസ്സിലും ധരിച്ചു നവോന്മേഷം സിദ്ധിച്ച അംഗദൻ ലക്ഷ്യം സൂക്ഷമമായി സങ്കല്പിച്ച് കൊണ്ട് രാവണസദസ്സിലേക്ക് ഒറ്റച്ചാട്ടം. രാവണന്റെ മുന്നിൽ ചാടി നിന്ന അംഗദനെ കണ്ടു രാവണൻ ഞെട്ടി. ഹനുമാൻ വീണ്ടും വന്നുവോ എന്ന് ഭയന്നു. ബാലിയുടെ മുഖഛായക്കണ്ട് ബാലിയാണോ എന്ന് പരിഭ്രാന്തനായി. ഇതിനിടെ പരിചാരകർ പേടിച്ച് ഒളിക്കുകയും മന്ത്രിമാർ ഞെട്ടുകയും ചെയ്തു.
രാവണൻ ചോദിച്ചു നീ ആര്? എവിടുന്നു വരുന്നു? എന്തിന്?.
അംഗദൻ ചോദിച്ചു അങ്ങയുടെ സദസ്സിൽ ഒരഭ്യാഗതനെ ഇങ്ങനെയോ സ്വീകരിക്കുന്നത്? ആഗതനെ ആദരിക്കാറില്ലേ. നിങ്ങളുടെ മര്യാദ ഇങ്ങനെയൊക്കെയായിരിക്കാം. അതിഥിയെ ക്ഷണിക്കുകയോ ഒരിരിപ്പിടം നല്കുകയോ ചെയ്യാതിരിക്കുന്നത് തികഞ്ഞ ഔദ്ധത്യമാണ്.
ഇതുകേട്ട് കോപത്തോടെ രാവണൻ പറഞ്ഞു കുരങ്ങന്മാർക്ക് കാട്ടുമരക്കൊമ്പാണ് പറഞ്ഞിട്ടുള്ളത്. മഹാസഭകളിൽ സ്ഥാനമില്ല. ഉടനെ അംഗദൻ വാല് വളച്ച് നീളം വർദ്ധിപ്പിച്ച് വളച്ച് മേലെ മേലെ വച്ച് രാവണനോടൊപ്പം ഇരുന്ന് തന്നെ സംഭാഷണം ആരംഭിച്ചു.
ഞാൻ ശ്രീരാമസ്വാമിയുടെ ദൂതനാണ് , ബാലിപുത്രനായ അംഗദൻ. ശ്രീരാമസുഗ്രീവന്മാരുടെ ഇരുന്നരുളുന്ന പാളയത്തിൽ നിന്ന് ഒരു സന്ദേശം കൊണ്ടുവന്നിരിക്കുന്നു.
രാവണൻ ദേഷ്യത്തോടെ പറഞ്ഞു ആരുടെ ദൂത്? നാടും വീടും വിട്ട് കാടുകയറി ഗതികെട്ട് അതേപോലെതന്നെ ദുർബലനായ സുഗ്രീവനെ കൂട്ടുപിടിച്ച് ജ്യേഷ്ഠനെ ഒളിയമ്പെയ്ത് കൊന്ന മരഞ്ചാടികൾ ദുർബലത കാരണം ഗതിയില്ലാതെ യാചിക്കാൻ പുറപ്പെട്ട ഒരുവനെ ദൂതും വഹിച്ചു കൊണ്ടാണോ വന്നിരിക്കുന്നത് . ശേഷം രാവണൻ തന്നെ കുറിച്ച് പ്രശംസിച്ചു സംസാരിച്ചു കൊണ്ടിരുന്നു.
അംഗദൻ പറഞ്ഞു, രാവണാ നിന്റെ ആത്മപ്രശംസയും പരനിന്ദയും മതിയാകൂ. നീയാരാണെന്നും ശ്രീരാമസ്വാമിയാരാണെന്നും ഞങ്ങൾക്കറിയാം. നിനക്കും നല്ലവണ്ണമറിയാം. ശ്രീരാമൻ ധർമ്മഭ്രംശം വരാത്തവിധം പുരോഗമിക്കുന്നു. അധാർമികനായ നീ അതിനെ കഴിവുകേടാണെന്ന് വ്യാഖ്യാനിച്ച് അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഈ ദൂതും അദ്ദേഹത്തിൻറെ സ്വതസിദ്ധമായ ധർമ്മനിഷ്ഠയാണ്. ഏതായാലും രാമദേവന്റെ ദൂതസന്ദേശം കേട്ടുകൊൾക :-
" ലങ്കേശ്വരനായ രാവണാ! നീ എൻറെ ധർമ്മപത്നിയെ മോഷ്ടിച്ചു. മാസം 11 കഴിഞ്ഞിരിക്കുന്നു. ഞാൻ ദേവിയെ വീണ്ടെടുക്കാൻ ഇവിടെ വന്നിരിക്കുകയാണ്. ഒന്നുകിൽ ദേവിയെ ഉടൻ തന്നെ എന്നെ ഏല്പ്പിക്കുക. അല്ലെങ്കിൽ നേരെ യുദ്ധത്തിന് പുറപ്പെട്ടു കൊൾക ഇവ രണ്ടിലൊന്നെ ഇനി ശരണമായുള്ളൂ. സീതയെ വിട്ടുതരുന്നപക്ഷം അതൊന്നു മാത്രമേ സംഭവിക്കേണ്ടതായി വരികയുള്ളൂ. യുദ്ധം നടക്കുന്ന പക്ഷം സീതയെ നിനക്ക് ലഭിക്കുകയില്ലെന്ന് മാത്രമല്ല, ലങ്കയും നിനക്ക് നഷ്ടമാകും. നിൻറെ വർഗ്ഗക്കാരുടെ ജീവൻ മുഴുവൻ നഷ്ടമാകും. ഒടുവിൽ നിൻറെ ജീവനും നഷ്ടമാകും. ഒരു നഷ്ടമോ ബഹുനഷ്ടമോ നിനക്കിഷ്ടമെന്ന് അറിയിച്ച് ഉടനെ വേണ്ടത് പ്രവർത്തിച്ചുകൊൾക. "
ഇതാണ് ശ്രീരാമസ്വാമിയുടെ സന്ദേശം. ഇതിനു പ്രതിസന്ദേശം തന്നാൽ ഞാൻ മടങ്ങിച്ചെന്ന് അതവിടെ തിരുമനസ്സുണർത്തിക്കാം.
ഇതുകേട്ട് കോപാക്രാന്തനായ രാവണൻ രാമനെ അധിക്ഷേപിച്ച് കുറേ സംസാരിച്ചു ശേഷം പറഞ്ഞു. നീ എൻറെ സഖാവായിരുന്ന ബാലിയുടെ പുത്രനാണ്. ഹീനകൃത്യങ്ങളിൽ ഏർപ്പെടാൻ ഇടയായത് എനിക്കും അപകർഷമാണുള്ളത് .പരദാസ്യം പരിഹാസ്യമാണ്. അത് നീ ഉപേക്ഷിക്കുക . ബാലിയെ കൊന്നത് രാമൻ ആണെന്ന് നിനക്കറിയില്ലേ. സുഗ്രീവന് കിഷ്കിന്ധയും താരാദേവിയെ സ്വന്തമാക്കാനും വേണ്ടിയാണ് ബാലിയെ കൊല്ലിച്ചത്. ആർക്കാണ് നഷ്ടം? എനിക്ക് അല്ല. സുഗ്രീവ സഹായംകൊണ്ട് സീതയെ വീണ്ടെടുക്കാൻ കഴിയുമെങ്കിൽ എന്നെ തുലച്ച് ലങ്കാധിപതി കരസ്ഥമാക്കാം എന്ന് കരുതി ബാലിയെ വധിച്ചു. സുഗ്രീവന് ലാഭം രണ്ട്. കിഷ്കിന്ധയും താരാദേവിയും. എനിക്ക് നഷ്ടം ഒന്നും ഇല്ല. രാമന് നഷ്ടം നഷ്ടം തന്നെ . മഹാനഷ്ടങ്ങൾ നേരിട്ടത് നിനക്കാണ്. പിതാവ്; മാതാവ്, രാജ്യം ഇതെല്ലാം നിനക്ക് നഷ്ടമായി.
ഇവയ്ക്കെല്ലാം പരിഹാരം ഞാനുണ്ടാക്കിത്തരാം. രാമനെയും സുഗ്രീവനെയും നിഗ്രഹിച്ച് അയോദ്ധ്യയും കിഷ്കിന്ധയും നിനക്ക് തരാം . ഇന്ദ്രജിത്തിന്റെ സഖാവായി തുടർന്നു കൊള്ളുക . ഞാൻ യുദ്ധത്തിന് പോകുകയോ ജാനകിയെ തിരിച്ചുകൊടുക്കുകയോ ചെയ്യാൻ പോകുന്നില്ല. എനിക്ക് ജാനകിയെ കിട്ടിയാൽ മാത്രം മതിയാകും . മറ്റു കാര്യങ്ങളിൽ നിന്നും വിരമിച്ചു വിശ്രമിച്ചു കൊള്ളാം.
അതുകേട്ട് അംഗദൻ പറഞ്ഞു രാവണാ! നീ സാമദാനങ്ങൾ രണ്ടും ഒരുമിച്ച് നടത്തിക്കഴിഞ്ഞുവോ? കുടിലതകളുടെ കൊടുംകുടിയിടമായ നിന്റെ കപടധാടികങ്ക ഇനി വിലപ്പെടുകയില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ശ്രീരാമദേവൻ അയോധ്യ അഭംഗമായി ഭരിച്ചുകൊള്ളും. സുഗ്രീവൻ കിഷ്കിന്ധയും. അനന്തരം ബാലി പുത്രനായ അംഗദനും പരിപാലിക്കും. വിഭീഷണരാജൻ ലങ്കയുടെ ഭരണം നേരിട്ട് നടത്തും. ഈ പ്രവചനങ്ങൾ കേവലം ജലരേഖകളല്ല. തനി ശിലാലിഖിതങ്ങളാണ്.
ശ്രീരാമസ്വാമിയും സുഗ്രീവമഹാരാജനേയും നാമാവശേഷമാകും എന്ന് നീ വമ്പ് പറഞ്ഞതിൽ അത്ഭുതപ്പെടാനില്ല. നിൻറെ മാതാമഹസഹോദരിയായ താടകയെ രാമദേവൻ വധിച്ചിട്ട് നീ എന്ത് ചെയ്തു? സുബാഹു, വിരാധൻ, ഖരൻ, ദൂഷണൻ, ത്രിശിരസ്സ് , കബന്ധൻ, ഇവരെയും വംശമാതുലനായ മാരിചനെയും പ്രിയസഖനായ ബാലിയെയും ശ്രീരാമൻ വധിച്ചിട്ടും അന്നൊക്കെ നീ എവിടെപ്പോയൊളിച്ചിരുന്നു, ശൂർപ്പണഖയെ ലക്ഷ്മണൻ അശ്ലീലമാം വണ്ണം അംഗഭംഗങ്ങളാൽ വൈകൃതം വരുത്തിയിട്ടും നീ ഒന്നനങ്ങിയോ? സേതുബന്ധനം നടത്തി സൈന്യസമേതം ശ്രീരാമൻ ഇവിടെ ഈ ലങ്കയിലെത്തി കണ്മുന്നിൽ വന്നിട്ടും- സധൈര്യം യുദ്ധസന്നദ്ധനായിട്ടും നീ അങ്ങോട്ടൊന്നെത്തി നോക്കിയോ? ഞങ്ങളുടെ കൂട്ടത്തിലെ ഒരു മരംചാടി ഈ ലങ്ക ചുട്ടുപൊടിച്ചു ഭസ്മമാക്കിയത്. നിങ്ങളിലാർക്കെങ്കിലും ഒന്നു തൊടാൻ തന്നെ കഴിവുണ്ടായോ? നിന്റെ മേൽച്ചുണ്ടുകൾക്ക് മീതെ മീശയുടെ ഒരംശം പോലും ശേഷിച്ചിട്ടുണ്ടോ?.
രാവണാ നിന്നിൽ നിന്നും മരണവാട വീശി തുടങ്ങിയിരിക്കുന്നു. നിനക്കുള്ള അനുശോചനം ഞാൻ ഇപ്പഴേ രേഖപ്പെടുത്തിക്കൊള്ളട്ടെ. നിൻറെ മക്കളായ അതികായനും മേഘനാദനെയും യുവധീരവീരാഗ്രേസരനായ ലക്ഷ്മണകുമാരൻ നിഗ്രഹിക്കും. കുംഭകർണ്ണനെ ശ്രീരാമചന്ദ്രൻ വധിക്കും . സേനാനാഥന്മാരെയും മന്ത്രിപ്രവരന്മാരെയും ഞങ്ങൾ വക വരുത്തും. അവസാനം ത്രിലോകപുരന്ദരനായ രാവണനെ ശ്രീരാമൻ ചിത്രവധം ചെയ്യും.
രാവണവധാനന്തരം വിഭീഷണരാജൻ ലങ്കേശ്വരനായി വാണരുളും. വിഭീഷണമഹാരാജൻ !ജയ്!ജയ്! രാവണൻ തന്നെ ചന്ദ്രഹാസത്തിൽ മുറുക്കിപ്പിടിച്ചു. അംഗദൻ മിന്നൽവേഗത്തിൽ ചാടിയെണീറ്റ് രാവണൻറെ കവിളിൽ ഒന്ന് പൊട്ടിച്ചു . രാവണൻ തലകറങ്ങി വീഴുന്നത് കണ്ടു അംഗദൻ അതിവേഗത്തിൽ ഒന്ന് കുതിച്ചു ചില രാക്ഷസന്മാർ അംഗദന്റെ വാലിൽ പിടികൂടി. അവരെയും തൂക്കി കൊണ്ട് തന്നെ ആ ചുണയൻ ഉയർന്നു അധികമുയരത്തിലെത്തിയപ്പോൾ വാലൊന്നു പിടിപ്പിച്ചു . രാക്ഷസന്മാർ തുരുതുരാത്തെറിച്ച് താഴെവീണ് പൊട്ടിച്ചിതറി. അനന്തരം അംഗദൻ ആകാശത്തുകൂടി പറന്ന് ശ്രീരാമസമീപം വന്നെത്തി വിവരമുണർത്തി.
സീതയെ തിരികെത്തരികയില്ലെങ്കിൽ കഴിയുമെങ്കിൽ വീണ്ടെടുത്തു കൊണ്ട് പൊയ്ക്കൊള്ളണമെന്നുളൂ രാവണന്റെ ദുരന്തനിർബന്ധവും ഉദ്ധതവീരവാദവും അംഗദൻ പറഞ്ഞറിഞ്ഞ ശ്രീരാമൻ സുശക്തമായ നിലയിൽ ആക്രമണമാരംഭിക്കാൻ തന്നെ ദൃഢനിശ്ചയം ചെയ്തു.
"പുറംഗോപുരമോരോന്നിലും 17 വെള്ളം പടവീതം ഹനുമാൻ, അംഗദൻ, നീലൻ, സുഗ്രീവൻ ഇവരുടെ നേതൃത്വത്തിൽ അഭിരോധം നടത്തട്ടെ . ശത്രുക്കളാരും അകത്തേയ്ക്കോ പുറത്തേയ്ക്കോ കടക്കരുത്. ശേഷമുള്ള വാനരരിൽ മുക്കാൽഭാഗം വാനരന്മാർ സന്നദ്ധ സേനകളായി നില്ക്കട്ടെ . കാൽ ഭാഗം വാനരന്മാർ ആഹാരാദികളൊരുക്കട്ടെ. ലക്ഷ്മണവിഭീഷണന്മാർ എല്ലായിടത്തും പരിശോധകരായി സഞ്ചരിക്കട്ടെ. എവിടെയെങ്കിലും നമുക്ക് ബലക്ഷയം കണ്ടാൽ ഉടൻ വിവരം ഇവിടെ അറിയിക്കണം. അതിന് പ്രത്യേകദൂതന്മാരെ കരുതികൊള്ളണം.
രാവണനോ കുംഭകർണ്ണനോ ഇന്ദ്രജിത്തോ മറ്റു പ്രധാന വ്യക്തികളിലാരെങ്കിലുമോ യുദ്ധസന്നദ്ധരായി വന്നെത്തിയാൽ ഉടനടി ഞാൻ ആ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടുകൊള്ളാം. പക്ഷേ അങ്ങനെയുള്ള രംഗങ്ങൾ രാക്ഷസസേനാനായകന്മാരുടെ സമരാനന്തരമേ സംഭവിക്കാനിടയുള്ളു. വിഭീഷണൻ ശത്രുക്കൾക്ക് ഒരിക്കലും പ്രത്യക്ഷപ്പെടരുത്. സൂചനകളും നിർദ്ദേശങ്ങളും കൊടുത്തുകൊണ്ട് ലക്ഷ്മണനെ വിട്ടുപിരിയാതെ സഞ്ചരിച്ചാൽ മാത്രം മതിയാകും.
യുദ്ധകാല നിയമങ്ങളെ സകലരും അക്ഷരംപ്രതി അനുഷ്ഠിച്ചു കൊള്ളണം. നിയമലംഘനം അക്ഷന്തവ്യമായ അപരാധമായിരിക്കും.
ഒരു ദിവസം മുഴുവൻ പുറംകോട്ട വാതിലുകൾ അഭിരോധിച്ചിട്ടും ശത്രുക്കളാരും പ്രതിരോധിക്കാനെത്തിയില്ല . പിറ്റേദിവസം ശ്രീരാമ നിർദ്ദേശപ്രകാരം ഗോപുരങ്ങളും കോട്ട മതിലുകളും കിടങ്ങുകളും വാനരസൈന്യങ്ങൾ തകർത്തു തുടങ്ങി.
തുടരും .....
No comments:
Post a Comment