ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2022

700 വർഷമായി കത്തുന്ന കെടാവിളക്ക്

700 വർഷമായി കത്തുന്ന കെടാവിളക്ക്

തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഗംഭീറൊപേട്ടയിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള കെടാവിളക്ക് നൂറ്റാണ്ടുകളായി ഭക്തരെ ആകർഷിയ്ക്കുന്നു. ദർശനത്തിനായി ഭക്തരുടെ വലിയ തിരക്കാണിവിടെ. എണ്ണയിൽ കത്തിയ്ക്കുന്ന വിളക്ക് ഒരിയ്ക്കലും അണയ്ക്കാറില്ല. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതുപോലുള്ള കെടാവിളക്കുകളുണ്ട്.

1314-ൽ കാകതീയ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന പ്രതാപ രുദ്രഡുവാണ് ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന മണിയിൽ എഴുതിയിരിയ്ക്കുന്ന ലിഖിതങ്ങൾ പറയുന്നു. നന്ദദീപം കെടാവിളക്ക് അണയാതിരിയ്ക്കാൻ അന്നത്തെ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളിൽ നിന്ന് പിരിച്ചെടുത്ത നികുതി ഉപയോഗിച്ചാണ് ഭരണാധികാരികൾ വിളക്ക് കത്തിയ്ക്കാൻ എണ്ണ വാങ്ങിയിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു. രാജാക്കന്മാരും രാജ്യവും ഇല്ലാതായതോടെ പട്ടണത്തിൽ നിന്നുള്ള വിശ്വാസികൾ എണ്ണ കൊടുക്കാൻ തുടങ്ങി.

പിന്നീട് നന്ദദീപത്തിനുള്ള എണ്ണ ജീവിതകാലം മുഴുവൻ കൊടുക്കാമെന്ന് ഗംഭീറൊപേട്ടയിലെ രാമുലുവും ഭാര്യ പ്രമീളയും വർഷങ്ങൾക്ക് മുമ്പ് ഉറപ്പുനൽകി, ഇപ്പോഴും അത് തുടരുന്നു. എല്ലാ കൊല്ലവും ക്ഷേത്രത്തിന് മുന്നിൽ മനോഹരമായി നിർമിച്ച 16 തൂണുകളുള്ള കല്യാണ മണ്ഡപത്തിൽ ശ്രീരാമന്റേയും സീതാദേവിയുടേയും വിവാഹം ആഘോഷിയ്ക്കാറുണ്ട്. ശ്രീനവമി ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ അവസരത്തിൽ, പ്രദേശവാസികൾക്കൊപ്പം, ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ എത്തും. ഉത്സവത്തിനേക്കാൾ നന്ദദീപം (കെടാവിളക്ക്) ദർശനമാണ് എല്ലാ ഭക്തരുടേയും ആഗ്രഹമെന്ന് ഇവിടെയുള്ളവർ പറയുന്നു...

കൂടപ്പുലം ശ്രീ ലക്ഷ്മണ ക്ഷേത്രം

കൂടപ്പുലം ശ്രീ  ലക്ഷ്മണ ക്ഷേത്രം

കോട്ടയം ജില്ലയിലെ രാമപുരത്തു നിന്നും ഉഴവൂർ എന്ന സ്ഥലത്തേക്കുള്ള വഴിയിൽ മൂന്നു കിലോമീറ്ററോളം ചെന്നാൽ കുടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ എത്താം. നാലമ്പല ദർശന ക്രമത്തിലെ ക്ഷേത്രമാണിത്. വടക്കും കിഴക്കും താഴ്ച്ചയുള്ള ഭൂപ്രദേശമാണ് താരതമ്യേന മറ്റു പ്രദേശങ്ങളെക്കാൾ ഊർജ്ജദായകം എന്നു ഭാരതീയ വാസ്തു ശാസ്ത്രം പറയുന്നു. വൃന്ദാവന സമാനമായ പ്രകൃതി ഭംഗി തിളങ്ങിനിൽക്കുന്ന, കിഴക്കു-വടക്കു താഴ്ചകളുളള മനോഹരമായൊരു ഗ്രാമമാണു ശ്രീ ലക്ഷ്മണ സ്വാമിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുടപ്പുലം പ്രദേശം.

ശ്രീ ലക്ഷ്മണസ്വാമി, ശ്രീരാമ ദേവൻറെ പാതി ദേഹവും പാതി മനസ്സുമാണ് എന്നാണല്ലോ വിശ്വാസം! കൈവന്ന രാജ്യ ഭരണം ഉപേക്ഷിച്ചുള്ള യാത്രക്കിടയിൽ, സമീപദേശമായ രാമപുരത്തു എത്തിച്ചേർന്ന ശ്രീ രാമ ദേവനെ പിൻതുടർന്നെത്തിയ ലക്ഷ്മണ കുമാരൻ, ഇവിടെ വാസമാക്കിയതു കൊണ്ടാണു ഈ സ്ഥലനാമം "കുടപ്പുലം" എന്നായതെന്നാണു് വിശ്വാസം. ശ്രീ രാമദേവൻറെ "കൂടെപുലർന്നവൻ" എന്ന പദത്തിൽ നിന്നുമാണത്രെ "കുടപ്പുലം" ഉണ്ടായത്! ഇവിടെയടുത്ത് തന്നെയുള്ള ലക്ഷ്മണ ഭഗവാൻ "വില്ലു" കുത്തിയ സ്ഥലമായി കരുതുന്ന സ്ഥലം "വിൽക്കുഴി"യായും, നായാട്ടിനിറങ്ങിയ ഭാഗം "നായാട്ടുകുന്ന്" ആയും, രാമ-ലക്ഷ്മണന്മാർ കൂടിയിരുന്ന കുന്നിൻ പ്രദേശം "കുടിയിരുപ്പുമല" യായും ഇന്നും കാണപ്പെടുന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ, ഭാരതത്തിലെ ഹൈന്ദവരുടെ വിശ്വാസാധിഷ്ഠിത പ്രാധാന്യമുള്ള രാമായണ കഥകളുടെ ആധികാരികത കൊണ്ടു കൂടിയായിരിക്കാം, ഈ ക്ഷേത്രവും ഇതിനു ചുറ്റുമുള്ള നാലമ്പല ദർശന ക്ഷേത്രങ്ങൾക്കൊപ്പം അനുദിനം ഐശ്വര്യദായകമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. അനേകായിരം ഭക്തരാണു ഇവിടെയെത്തി വഴിപാടുകൾ അർപ്പിച്ചു സായൂജ്യമടയുന്നതെന്നു കാണാം

നാലു കൈകളാലും അനുഗ്രഹം വാരിച്ചൊരിയുന്ന ചതുർബാഹുവായിട്ടാണ് ശ്രീ ലക്ഷ്മണ സ്വാമിയുടെ ഏറെ ചൈതന്യ വാഹിയായ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ടാ മൂർത്തിയായ ലക്ഷ്മണ സ്വാമിക്ക് പുറമേ, നാലമ്പലത്തിനകത്ത് ശ്രീ ദക്ഷിണാമൂർത്തി, ശ്രീ ഗണപതി എന്നീ ദേവതകളും പുറത്ത് യക്ഷി, രക്ഷസ് എന്നീ മൂർത്തികളും ശ്രീ അയ്യപ്പനെ പ്രത്യേക ക്ഷേത്രത്തിലുമായി പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൻറെ സമീപത്ത് കീഴേടമായി ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടേയും സ്വാമി അയ്യപ്പൻറെയും ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ഇത് ഇവിടുത്തെ ദർശന ചൈതന്യത്തിൻറെ ശക്തി കൂട്ടുന്നു. കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി (ബ്രാഹ്മണ) കുടുംബമായ “കാഞ്ഞിരപ്പള്ളി മന”യുടെ ഉടമസ്ഥതയിലാണു ക്ഷേത്രമെങ്കിലും, ദൈനംദിന കാര്യങ്ങൾ നടത്തുന്നതു സാമുദായിക സംഘടനയായ എൻ.എസ്.എസ്.കരയോഗം ആണ്.. മണ്ഡലകാലത്തിൻറെ അവസാന ദിവസം പള്ളിവേട്ട വരുന്ന വിധത്തിലുള്ള 6 ദിവസത്തെ വാർഷികോത്സവമാണ് ക്ഷേത്രത്തിലുള്ളത്. നാലമ്പല തീർത്ഥാടനത്തിലെ രണ്ടാമത്തെ ക്ഷേത്രമായത് കൊണ്ട് പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് രാമായണമാസത്തിൽ ദർശനത്തിന് ദേശത്തിൻറെ നാനാഭാഗത്ത് നിന്നുമായി എത്തിച്ചേരുന്നത്.

സാധാരണ സമയങ്ങളിൽ ക്ഷേത്ര ദർശന സമയം രാവിലെ 5 മുതൽ 10.00 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും, നാലമ്പല  തീർത്ഥാടന കാലത്ത് രാവിലെ 5 മുതൽ 12.00 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ്.

5 April 2022

വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം

വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാനമായ  ക്ഷേത്രമാണ് വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ വടക്കുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. എം.സി. റോഡിൽ വാഴപ്പള്ളിച്ചിറയിൽ (പാലാത്ത്ര) നിന്നും 2 കി.മി. പടിഞ്ഞാറായാണ്  ക്ഷേത്രം സ്ഥിതിചെയ്യുന്നത് . പാലാത്ത്രയിൽനിന്നും ദേവലോകം റോഡുവഴിയും  ക്ഷേത്രത്തിൽ എത്തിചേരാം. പ്രധാന പ്രതിഷ്ഠ കാർത്ത്യായനിദേവിയായിരുന്നു. പിന്നിട് ദുർഗ്ഗാ സങ്കല്പത്തിൽ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിൻറെ  പടയോട്ടക്കാലത്ത് വടക്കൻ കോട്ടയത്തുനിന്നും പാലായനം ചെയ്ത് തിരുവിതാംകൂറിൽ വന്നുതാമസിച്ച ബ്രാഹ്മണകുടുംബത്തിലെ പരദേവതയാണ് കണ്ണമ്പേരൂർ ദേവി.

കണ്ണമ്പേരൂർ കേരളചരിത്രവുമായും ആധുനിക തിരുവിതാംകൂറിൻറെ  ചരിത്രവുമായി ബന്ധമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ 1749-ലെ തെക്കുക്കൂർ യുദ്ധത്തിനെ പ്രതിരോധിക്കുവാൻ വാഴപ്പള്ളി കണ്ണമ്പേരൂർ പാലം പൊളിച്ചു കളയുകയുണ്ടായി. കണ്ണമ്പേരൂർ ദേവിക്ഷേത്രത്തിനോട് ചേർന്നാണ് പാലം സ്ഥിതിചെയ്യുന്നത്. അന്ന് തിരുവിതാംകൂർ ദളവയായിരുന്ന രാമയ്യൻ ഡച്ചുകാരനും, മാർത്തണ്ഡവർമ്മയുടെ സർവ്വസൈന്യാധിപനുമായിരുന്ന ഡിലനോയിയുടെ സഹായത്തോടം പാലം പുനഃനിർമ്മിക്കുകയും തെക്കുംകൂർ പിടിച്ചടക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കോട്ടയത്തു നിന്നും കണ്ണമ്പേരൂരിലേക്ക് പാലായനം ചെയ്തു വന്ന കുടുംബത്തെ അവിടെ പാർപ്പിക്കുകയും അവർക്ക് അവിടെ കരം ഒഴിവാക്കി സ്ഥലം നൽകി താമസിപ്പിച്ചത്.

ദുർഗ്ഗാദേവിയാണ്   പ്രധാന പ്രതിഷ്ഠ . ഉപദേതമാരായി , ശിവൻ (വാഴപ്പള്ളി തേവർ), ഭദ്രകാളി, ശാസ്താവ്
നാഗരാജാവ്

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ചെർപ്പുളശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. 'മലബാറിലെ ശബരിമല' എന്ന പേരിൽ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ അയ്യപ്പസ്വാമിയാണ്. കിരാതഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഉപദേവതകളായി ശ്രീ പരമശിവൻ, ശ്രീ മഹാഗണപതി, ശ്രീ നാഗരാജാവ്, ശ്രീ നവഗ്രഹങ്ങൾ, ശ്രീ ബ്രഹ്മരക്ഷസ്സ് എന്നിവരും കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് നിരവധി ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു സ്ഥലനാമത്തിനുതന്നെ കാരണമായ ചെർപ്പുളശ്ശേരി മന. ഈ മനയിലെ കാരണവർക്ക് വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിതനായ അദ്ദേഹം പെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രത്തിൽ പോയി ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശാനായ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്നാണ് അദ്ദേഹം നാട്ടിലെത്തിയത്.

ജന്മദിനത്തിൽ പുലർച്ചെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് നമ്പൂതിരി ഇല്ലത്ത് തിരിച്ചെത്തിയപ്പോൾ കണ്ടത് ഇല്ലത്തിന്റെ നടുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഒരു ചുരികയാണ് (ശ്രീ അയ്യപ്പന്റെ ആയുധമാണ് ചുരിക). ഈ കാഴ്ച കണ്ടപാടേ അദ്ദേഹം ഓടിപ്പോയി ചുരിക തൊട്ടെങ്കിലും അത് അപ്പോൾതന്നെ താണുപോയി. പകരം സ്വയംഭൂവായി ശാസ്താവിഗ്രഹം ഉയർന്നുവരുന്നത് അദ്ദേഹം കണ്ടു. ഇതുകൂടി കണ്ടപ്പോൾ ആനന്ദാശ്രുക്കൾ പൊഴിച്ച നമ്പൂതിരി തേവാരത്തിന് നേദിയ്ക്കാൻ വച്ച അട ശ്രീ ശാസ്താവിന് നേദിച്ചു. ഇന്നും അട തന്നെയാണ് ശ്രീ ശാസ്താവിന് പ്രധാനനിവേദ്യം. ശാസ്താവിനെ ഭക്തിയോടുകൂടി ഭജിച്ച ചെർപ്പുളശ്ശേരി നമ്പൂതിരിയ്ക്ക് ഒടുവിൽ ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയും അച്ഛനെപ്പോലെ തികഞ്ഞ ഭക്തനായിത്തന്നെ ജീവിച്ചു. അച്ഛന്റെ മരണശേഷം ഉണ്ണി സദാ ശാസ്താഭജനയിൽ മുഴുകി ജീവിച്ചതിനാൽ അദ്ദേഹം വിവാഹം കഴിയ്ക്കാൻ പോലും മറന്നുപോകുകയും അങ്ങനെ ആ കുടുംബം അന്യം നിന്നുപോകുകയും ചെയ്തു. ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉരുളിക്കുന്ന് നായർ ആ ബ്രാഹ്മണാലയത്തെ ദേവാലയമാക്കി മാറ്റി. അങ്ങനെയാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രം നിലവിൽ വന്നത്. ഇല്ലത്തെ നടുമുറ്റത്തെ മുല്ലത്തറ ശ്രീകോവിലായി; അടുക്കള തിടപ്പള്ളിയും. നായരുടെ ശ്രദ്ധയും ഭക്തിയും ക്ഷേത്രത്തെ വലിയ നിലയിലെത്തിച്ചു.

ചെർപ്പുളശ്ശേരി പട്ടണത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നു. ഉഗ്രമൂർത്തിയായ ശ്രീ അയ്യപ്പസ്വാമിയുടെ ഉഗ്രത കുറയ്ക്കാനാണ് നടയ്ക്കുനേരെ കുളം കുഴിച്ചിരിയ്ക്കുന്നതെന്ന് വിശ്വസിച്ചുപോരുന്നു. കുളത്തിനും പടിഞ്ഞാറേ ഗോപുരത്തിനുമിടയിൽ അല്പം സ്ഥലമേയുള്ളൂ. ആ സ്ഥലത്ത് ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലായി കല്യാണമണ്ഡപവും കാണാം. വിവാഹം നടക്കുന്ന അപൂർവ്വം ശാസ്താസന്നിധികളിലൊന്നാണ് ചെർപ്പുളശ്ശേരിയിലേത്. മുഖ്യപ്രതിഷ്ഠ ഗൃഹസ്ഥഭാവത്തിലുള്ള ശ്രീ ശാസ്താവായതുകൊണ്ടാണത്രേ ഇത്.. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് ചെർപ്പുളശ്ശേരി ദേവസ്വം.

അകത്തുകടന്നാൽ, പടിഞ്ഞാറുഭാഗത്ത് പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. മറ്റ് ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളെക്കാൾ വലുപ്പം കുറവാണ് ഇവിടത്തെ ബലിക്കല്ല് . പ്രധാന പ്രതിഷ്ഠ തറനിരപ്പിൽത്തന്നെയായതുകൊണ്ടാണിത്. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. വടക്കുകിഴക്കുഭാഗത്ത് ശ്രീ നാഗരാജാവിന്റെയും ശ്രീ നവഗ്രഹങ്ങളുടെയും ശ്രീ ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. ശ്രീ നാഗരാജാവിന്റെ പ്രതിഷ്ഠ പതിവുപോലെ മേൽക്കൂരയില്ലാത്ത തറയിലാണ്. കൂടെ, നാഗയക്ഷിയും മറ്റ് പരിവാരങ്ങളുമുണ്ട്. നവഗ്രഹപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പതിവുപോലെ സൂര്യനെ നടുക്കുനിർത്തി ചുറ്റും മറ്റുള്ളവർ നിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ.