കമ്പരാമായണം കഥ
അദ്ധ്യായം :-17
ആരണ്യകാണ്ഡം തുടർച്ച...
ഒരിക്കൽ ആശ്രമാവശ്യത്തിന് വെള്ളം കോരി കൊണ്ടുവരാൻ സീത ഗോദാവരിയിൽ ഇറങ്ങി. തടാകത്തിൽ സ്വൈരലീലാവിലാസങ്ങളാടുന്ന ഹംസങ്ങളെ കണ്ടതും ആഹ്ലാദത്തോടെ നോക്കി നിന്നു. പരിശുദ്ധമായജലം നിറഞ്ഞ പൊയ്കയിൽ ശ്രീരാമൻ ആകണ്ഠജലമഗ്നനായി നിന്നു കുളിക്കുന്നുണ്ടായിരുന്നു. രാമൻ ദേവിയോട് ചോദിച്ചു ദേവി! ജാനകീ! വേഗം വരൂ എന്താണ് ഇത്രയും താമസിച്ചത്? സൂക്ഷിച്ചു നോക്കിയ സീത പറഞ്ഞു ദേവാ നമസ്തേ! അവിടുന്ന് മാത്രമായി ഇങ്ങ് വന്ന് സ്നാനത്തിന് തുടങ്ങിയത് എന്താണ് ? സീതയോട് രാമൻ പറഞ്ഞു ദേവി എന്നോട് ഒന്നിച്ച് വരാഞ്ഞത് കൊണ്ടും വരാൻ താമസിച്ചത് കൊണ്ടും . രാമൻറെ ഈ മറുപടി കേട്ട് സീത പറഞ്ഞു. ദേവി എന്തുകൊണ്ട് വന്നില്ല. ദേവിയും ദേവനും അഭിന്നരാണല്ലോ? ഇപ്പോൾ കൈലാസത്തിൽ തനിച്ചായിരിക്കയായിരിക്കും . അംബികയെ കൂടേ കൊണ്ടുപോരാഞ്ഞത് കഷ്ടമല്ലേ. അപ്പോൾ ശ്രീരാമൻ പറഞ്ഞു. മഹാദേവി അവിടുത്തെ ദിവ്യമഹിമയ്ക്ക് നമസ്കാരം. ഞാൻ ശ്രീരാമദേവനെ കണ്ട് നമസ്കരിച്ച് കൈലാസത്തിലേക്ക് പോകട്ടെ.
ഈ സമയത്ത് പർണ്ണശാലയിൽ സീതയുടെ ആഗമനം വൈകുന്നതിൽ അക്ഷമയോടെ ഇരിക്കുന്ന രാമന് അരികിലേക്ക് മന്ദഹാസപൂർവ്വം താമരപ്പൂവും കയ്യിൽ പിടിച്ച് വിലാസചേഷ്ടകളോടു കൂടി സീത വന്നുചേർന്നു. ശേഷം പറഞ്ഞു നാഥാ ഞാൻ മടങ്ങി വരാൻ അല്പം താമസിച്ചു പോയി. ഹംസങ്ങളുടെ ലീലാവിലാസങ്ങൾ കണ്ടുനിന്ന നിമിത്തം ഇങ്ങനെ സംഭവിച്ചതാണ് . ശ്രീരാമൻ സൂക്ഷിച്ചു നോക്കിയിട്ട് , ദേവി നമസ്തേ ! അവിടുന്ന് മാത്രം ആയിട്ടാണോ വന്നിട്ടുള്ളത്. ദേവൻ എവിടെ? അർദ്ധാംഗവിരഹം ഭവതിക്കുണ്ടായതെങ്ങിനെ? മഹാദേവനും മഹാദേവിയും ഒന്നാണല്ലോ എന്ന് പറഞ്ഞു . ദേവാധിദേവാ! നമോസ്തുതേ. അങ്ങ് സർവജ്ഞനും സർവശക്തനും ആണ്. അങ്ങേയ്ക്ക് സർവത്രവിജയം. ഞാൻ ആത്മനാഥസവിധത്തിലേക്ക് പോകട്ടെ.
ശ്രീരാമ ചരിത്രത്തിലെ സംഭവബഹുലമായ കഥകൾ നടക്കാൻ തുടങ്ങുകയാണ് അതിന് മുമ്പ് സീതാരാമന്മാരുടെ മഹിമകളുടെ പ്രാബല്യവും വൈപുല്യവും ഒന്ന് പരിശോധിക്കാൻ എത്തിയതാണ് പാർവതീപരമേശ്വരന്മാർ. അവർ സീതാരാമന്മാരുടെ വേഷമെടുത്ത് ഉചിതസന്ദർഭം നോക്കി ആ പരീക്ഷണം നടത്തുകയായിരുന്നു സാക്ഷാൽ സീതാരാമന്മാർ അതിൽ വിജയം നേടി. പാർവതീപരമേശ്വരന്മാർ കൃതാർത്ഥരുമായി. ഒടുവിൽ സീതയും രാമനും പരസ്പരം ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഭാവി ആസൂത്രണം ചെയ്യുകയും ചെയ്തു.
രാവണൻ സ്വർഗത്തിൽ നടത്തിയ യുദ്ധത്തിൽ വിദ്യുജ്ജിഹ്വൻ നിഹതനായതു നിമിത്തം വിധവയായിത്തീർന്ന ശൂർപ്പണഖയോട് ഇഷ്ടമുള്ള കാമുകനെ വരിച്ചു കൊള്ളാൻ സ്വന്തം സഹോദരനായ രാവണൻ പറഞ്ഞു. ലോകം മുഴുവൻ നടന്നവൾ അന്വേഷണം നടത്തിയിട്ടും തനിക്കിഷ്ടപ്പെട്ടവരാരും തന്നെ വരിക്കുന്നില്ല തന്നെ ഇഷ്ടപ്പെട്ടവരെ താനും വരിക്കില്ല എന്ന അവസ്ഥയിൽ ശൂർപ്പണഖ അഭർത്തൃകായി കഴിഞ്ഞു വരുന്നു. ശൂർപ്പണഖയുടെ പുത്രനാണ് ശംഭുകുമാരൻ. ആ അസുരൻ ദണ്ഡകാരണ്യത്തിൽ ലക്ഷ്മണന്റെ കൈയാൽ മരണമടഞ്ഞു പോയി. അങ്ങനെ ശൂർപ്പണഖ അഭർത്തൃകയും അപുത്രകയുമായി കഴിഞ്ഞു കൂടുകയായിരുന്നു. തന്റെ മകനെ വധിച്ച ലക്ഷ്മണനോട് പകരംവീട്ടാൻ സന്ദർഭം കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു.
സീതാരാമന്മാരുടെ ലോകോത്തരസൗന്ദര്യത്തെ കുറിച്ച് അറിഞ്ഞ് ശൂർപ്പണഖ പഞ്ചവടിയിലേക്ക് പുറപ്പെട്ടു. ലളിത വേഷധാരിയായി പർണ്ണശാലയുടെ അടുത്തുവന്ന് ശ്രീരാമദേവനെ കണ്ട ശൂർപ്പണഖ കാമദേവവശഗതയായി . തുടർന്നു ശ്രീരാമനെ സമീപിച്ച് ബ്രഹ്മഗോത്രത്തിൽ ജനിച്ച വിശ്രവസ്സിന്റെ പുത്രിയും വൈശ്രവണസോദരിയുമായ കാമവല്ലിയാണ് താനെന്നും തന്നെ വിവാഹം കഴിക്കണമെന്നും ശൂർപ്പണഖ രാമനോട് ആവശ്യപ്പെട്ടു. താൻ ഏകപത്നീവ്രതത്തിൽ ആണെന്നും അതിനാൽ സാധ്യമല്ല എന്നും രാമൻ ശൂർപ്പണഖയോട് പറഞ്ഞു. വളരെ അഭ്യർത്ഥിച്ചിട്ടും രാമൻ സമ്മതികാത്തപ്പോൾ കോപം വന്ന് ശൂർപ്പണഖ ഇങ്ങനെ പറഞ്ഞു. നീ ഒരു മനുഷ്യനാണ്. അഭിജാതരമണീരത്നമായ എന്നെ നിരസിച്ചത്. എന്തിനാണ്. എന്നെക്കാൾ സുഭഗത ആർക്കാണുളളത് എന്ന് ചോദിച്ചു അവിടെനിന്ന് അപ്രത്യക്ഷയായി. ശേഷം സീതയുടെ മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്. സീതയെ കണ്ട ശൂർപ്പണഖ അമ്പരന്നുപോയി. ഞാൻ ലോകമെല്ലാം ചുറ്റി സഞ്ചരിച്ച് സകല സ്ത്രീപുരുഷന്മാരെയും കണ്ടിട്ടുണ്ട്. ഇത്രയും ഒരു സൗന്ദര്യസാരസർവ്വസ്വസമുച്ചയം ഒരിടത്തുമില്ല. സിതാരാമന്മാർ ചന്തം ചേർന്ന പൊരുത്തം തന്നെ. ഈ ദിവ്യഭാഗ്യം ഇവൾക്കനുവദിച്ചുകൂടാ. ഇവൾ ജീവനോടെ ഇരിക്കെ ഈ ഭാഗ്യോദയം തനിക്ക് ലഭിക്കുകയില്ല. അതിനാൽ ഇവളെ തട്ടികൊണ്ടു പോയി രാവണന് സമർപ്പിക്കാം എന്ന് ചിന്തിച്ചു. എന്നാൽ രാവണന്റെ കളത്രമാകുന്നതും ഭാഗ്യമാണ് അതിനാൽ ഇവളെ നശിപ്പിക്കണം എന്നു കരുതി സീതയെ ആക്രമിക്കാനായി തുടങ്ങി. ശ്രീരാമ നിർദ്ദേശം അനുസരിച്ച് സകലവും സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്ന ലക്ഷ്മണൻ വേഗം അവിടെ എത്തി ആ ഘോരഘാതകിയെ പിടിച്ചു പുറത്താക്കി അവളുടെ പഞ്ചാംഗങ്ങൾ ( കർണ്ണനാസാകുചങ്ങൾ) ഛേദിച്ചു കളഞ്ഞു. അതോടെ വൈരൂപ്യയായ ശൂർപ്പണഖ തന്റെ രാക്ഷസരൂപം പ്രകടമാക്കി. ആ അലർച്ച കേട്ട് അവിടെ വന്നെത്തിയ രാമനോട് താൻ നേരത്തെ കണ്ട കാമവല്ലിയാണ് എന്നും തന്നെ അന്യായമായി ദ്രോഹിച്ചു എന്നും പറഞ്ഞു.
തുടരും .....
No comments:
Post a Comment