ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 February 2018

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു. പൊങ്കാല സമയത്ത്  ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി. മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ഇപ്പോള്‍ ഈ ക്ഷേത്രം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ ന്റെ കീഴിലാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. അമൃതവർഷിണിയായ മാതൃദൈവമാണ് ആറ്റുകാലമ്മ. ഭവജന്മദുരിതം പകരാതെ ഒഴിയുവാൻ തിരുമിഴി ഉഴിയുന്ന സ്നേഹഭാവം. വരദാനം, വാത്സല്യം, അഭയം എന്നിവയുടെ വസന്തകാലം. ഉള്ളുരുകി പ്രാർഥിക്കുന്നവർക്ക് ഇഷ്ടവരദായിനി. സർവംസഹയായ മാതാവിന് തുല്യം മക്കൾക്ക് മാപ്പ്‌ നൽകി സ്നേഹം പകരുന്ന അമ്മ. മന്ത്രവും തന്ത്രവും അറിയാത്ത മനസ്സുകൾക്ക് കണ്ണീരിലും മൗനത്തിലും തെളിയുന്ന മഹാമായ. അമ്മയ്ക്ക്‌ മുന്നിൽ ഭക്തർ വരപ്രസാദത്തിനായി കാത്തുനിൽക്കുന്നു. അത് കൊണ്ടുതന്നെ ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു.

അനന്തപുരിയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി ആറ്റുകാല്‍ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം-കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.

ഐതിഹ്യം

തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരത്തിലെ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ആറ്റുകാൽ  ഭഗവതിക്ഷേത്രത്തിനും പൊങ്കാലയ്ക്കുമുള്ളത്.

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി. കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന്‍ തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന് തീരുമാനിച്ചു. ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്‌നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു. അവസരം മുതലാക്കി തട്ടാന് കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില് കോവലന്‍ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു. പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവിതയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഐതിഹ്യം

ആറ്റുകാല്‍ പ്രദേശത്ത് അതിപുരാതനമായ നായര്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഭഗവതിക്കാവും. ഇവിടെ ചാമുണ്ഡി, നാഗര്‍, മാടന്‍ തന്പുരാന്‍ എന്നിവരെ കുടിയിരുത്തി ആരാധിച്ചിരുന്നു. ഈ പ്രദേശത്തെ പ്രശസ്തമായ ഒരു നായര്‍ തറവാടായിരുന്നു ചെറുകര വലിയ വീട്.

രാജഭക്തിക്കു പേരുകേട്ട ചെറുകര വലിയ വീട് മൂന്നു ശാഖകളായി പിരിഞ്ഞു. ചെറുകര വലിയ കിഴക്കത്, ചെറുകര കൊച്ചു കിഴക്കത്, മുല്ലവീട്. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്നതിന്‍റെ തൊട്ടുപടിഞ്ഞാറു വശത്തായിരുന്നു അറയും നിരയുമുള്ള പഴയ നാലുകെട്ടായ മുല്ലവീട്.

മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ മധുരാനഗരം ഉപേക്ഷിച്ച കണ്ണകി ബാലികാരൂപത്തില്‍ കാരണവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.  "തന്നെ അക്കരെ കടത്തി വിടാമോ'' എന്ന് കുട്ടി ചോദിച്ചു. കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു.

ബാലികയുമായി വീട്ടിലെത്തി,  ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി. ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു.
ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു.
പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത്. ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്‌. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.

ആറ്റുകാല്‍ ക്ഷേത്രം

ആദിശങ്കരന്‌ ശേഷം കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്‌. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി,  രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്‌. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌- മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനേയും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും, മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്‌.

പൊങ്കാല

പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.

ചില സ്ത്രീകള്‍ പൊങ്കാലവ്രതം ഉത്സവം കൊടിആരംഭിക്കുന്നതോടെ ആചരിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ കഴിയുന്നതും പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം.

പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

കുത്തിയോട്ട

ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌.

പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാള്‍ നീണ്ടനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്‌. പൊങ്കാല കഴിയുന്നതോടെ കുതത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നുള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.

21 February 2018

ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞുകൊടുത്ത അത്ഭുതകരമായ രഹസ്യങ്ങൾ

ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞുകൊടുത്ത അത്ഭുതകരമായ രഹസ്യങ്ങൾ

ശിവന്‍ പല അവസരങ്ങളിലായി പാര്‍വ്വതീദേവിക്ക് പല പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ശിവന്‍റെ അനുശാസനങ്ങള്‍ സാധാരണ മനുഷ്യജീവിതത്തിലും കുടുംബത്തിലും വിവാഹജീവിതത്തിലുമെല്ലാം വളരെ വിലയേറിയ ഉപദേശങ്ങളാണ്. ശിവന്‍ പാര്‍വ്വതിയോട് പങ്കുവെച്ച വിലയേറിയ രഹസ്യങ്ങള്‍ ഏതൊരു മനുഷ്യനും ആവശ്യവും, തെറ്റാതെ പിന്‍തുടരേണ്ടതുമായവയാണ്. എന്തൊക്കെയാണ് ആ 5 രഹസ്യങ്ങള്‍? നമുക്ക് നോക്കാം. ആരാണ് ശിവന്‍? ശിവനില്‍ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നത്. എല്ലാം തിരിച്ച് പോകുന്നതും ശിവനിലേക്ക് തന്നെയാണ്. ശിവന് അസ്ഥിത്വമില്ല. ശിവന്‍ വെളിച്ചമല്ല, ഇരുട്ടാണ്‌. ഒരേസമയം രൂപിയും അരൂപിയുമാണ്. സകലചരാചരങ്ങളെയും ആവാഹിച്ച മനുഷ്യരൂപമാണ്‌ ശിവന്‍. ശക്തിയുടെ കരുത്തിന്‍റെ ഉറവിടം.. ശിവന്‍ ഒരേസമയം ശക്തിയുടെ ഒരു ഭാഗവുമാണ് ശക്തിയുമാണ്. ആരാണ് പാര്‍വ്വതി? പാര്‍വ്വതി ശക്തിയാണ്. ജീവദായിനിയാണ്. പാര്‍വ്വതീദേവിയില്ലെങ്കില്‍ ലോകം തന്നെ ഇല്ല. ശിവനിലെ ഇരുട്ടിന് വെളിച്ചവും അനന്തതയ്ക്ക് അതിരും നല്‍കുന്ന, ശിവന്‍റെ കരുത്തിന്‍റെ ഉറവിടം. ശിവന്‍ സത്വമാണെങ്കില്‍ ശക്തി രാജസ്സാണ്. ശിവന്‍റെ ആലസ്യം അകറ്റി ഉത്തേജനം നല്‍കുന്നവള്‍, ശിവന് പൂര്‍ണ്ണതയേകുന്നവള്‍, ശക്തി.. അവള്‍ ഒരേസമയം ശിവന്‍റെ ഒരു ഭാഗവുമാണ് ശിവനുമാണ്! ശിവനും പാര്‍വ്വതിയും ശിവന്‍ പരമപുരുഷനും പാര്‍വ്വതി പരമസ്ത്രീയുമാകുന്നു. ശിവനില്ലെങ്കില്‍ പാര്‍വ്വതിയും പാര്‍വ്വതി ഇല്ലെങ്കില്‍ ശിവനും ജീവനറ്റ വെറും ശവത്തിന് സമമാകുന്നു. ശിവന്‍റെ ആദ്യഭാര്യയായ സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. എന്നാല്‍ സതിക്ക് ഇല്ലാതിരുന്ന ഗുണങ്ങളും കൂടി ചേര്‍ന്ന് ജന്മം കൊണ്ടതാണ് പാര്‍വ്വതി. ശിവന്‍റെ ശക്തിയാണ് പാര്‍വ്വതി. അവര്‍ ഒന്നാണ്. ശിവനാണ് ശക്തി.. ശക്തിയാണ് ശിവന്‍. ശിവപാര്‍വ്വതി വിവാഹം ശിവപുരാണം അനുസരിച്ച് സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. മഹാരാജാവ് ഹിമവാനും റാണി മൈനയ്ക്കും ജനിച്ച പാര്‍വ്വതി കുട്ടിയായിരിക്കുമ്പോള്‍ തന്നെ ശിവന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവളായിരുന്നു. അവളുടെ ജനനസമയത്ത് മഹര്‍ഷി നാരദന്‍ പ്രവചിച്ചത്, എന്തൊക്കെ സംഭവിച്ചാലും ശരി, ഇവള്‍ ശിവനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നാണ്. അവള്‍ വളര്‍ന്നപ്പോള്‍, അവളുടെ ശിവനോടുള്ള പ്രേമം അതിരുകളില്ലാതെ വളര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട തപസ്സും പ്രയാസങ്ങളും കടന്ന് അവസാനം ശിവനും പാര്‍വ്വതിയും തങ്ങളുടെ ദൈവീക വിവാഹത്തിനായി ഒരുമിച്ചു. ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഏതൊക്കെയെന്ന് പാര്‍വ്വതീദേവി ശിവനോട് ചോദിച്ചു. ശിവന്‍ ഒരു സംസ്കൃത ശ്ലോകത്തിലൂടെയാണ് അതിന് ഉത്തരം നല്‍കിയത്. ആദരണീയനും സത്യസന്ധനുമാകുക എന്നതാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ധര്‍മ്മവും ശ്രേഷ്ഠതയും. എന്നാല്‍ ഏറ്റവും വലിയ തെറ്റ് അല്ലെങ്കില്‍ പാപം എന്നത് അസത്യം പറയുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുക എന്നതാണ്. സത്യസന്ധവും ശരിയുമായിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ ഒരു മനുഷ്യന്‍ ഇടപെടാന്‍ പാടുകയുള്ളൂ. അല്ലാതെ, അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒരിക്കലും ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ തന്നെ സാക്ഷിയാകുക ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണങ്ങളില്‍ രണ്ടാമത്തേത് എന്തെന്നാല്‍, ഒരാള്‍ ശ്രദ്ധയോടെ പിന്‍തുടരേണ്ട ഒരു കാര്യമാണ് സ്വയം വിലയിരുത്തുക എന്നത്. സ്വന്തം പ്രവര്‍ത്തികളെ കുറിച്ച് പരിശോധിക്കുകയും അവയുടെ ദൃക്സാക്ഷിയുമാകുക. ഇത് ഹീനവും സദാചാരവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും. ഈ മൂന്ന് കാര്യങ്ങളില്‍ ഒരിക്കലും നിങ്ങള്‍ ഉള്‍പ്പെടരുത് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞത് പ്രകാരം, മനുഷ്യര്‍ ഒരിക്കലും വാക്കുകളിലൂടെയോ, പ്രവര്‍ത്തികളിലൂടെയോ, ചിന്തകളിലൂടെയോ മറ്റുള്ളവരെ നോവിക്കുകയോ പാപം ചെയ്യുകയോ അരുത്. താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന സത്യം മനസ്സിലാക്കണം. അതിനാല്‍, തന്‍റെ ജീവിതത്തെയും ചെയ്യുന്ന കര്‍മ്മങ്ങളെയും കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം. ഒരേയൊരു വിജയമന്ത്രമേയുള്ളൂ ബന്ധങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. അതിരുകവിഞ്ഞ ബന്ധങ്ങളും സ്നേഹപ്രകടനങ്ങളും നിഷ്ക്രിയതയിലേക്ക് നയിക്കുന്നു. അത് വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു. നിങ്ങള്‍ അമിതമായ അടുപ്പങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിത വിജയത്തെ തടുത്ത് നിര്‍ത്തുവാന്‍ ഒന്നിനും സാധിക്കുകയില്ല. ശിവ വചനം അനുസരിച്ച് എല്ലാത്തില്‍ നിന്നും വേര്‍പ്പെട്ടു നില്‍ക്കുവാനായിട്ടുള്ള ഒരേയൊരു വഴി എന്നത് നിങ്ങളുടെ മനസ്സിനെ അതിനായി പ്രാപ്തമാക്കുക എന്നതാണ്. മനുഷ്യജീവിതം എന്നത് നശ്വരമാണെന്ന സത്യം മനസ്സിലാക്കുക. ഒരു അത്ഭുതകരമായ കാര്യം മൃഗതൃഷ്ണ അഥവാ വികാരപ്രലോഭനങ്ങള്‍ ആണ് എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കാരണം എന്നാണ് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞിട്ടുള്ളത്. ഒന്നില്‍ നിന്ന് മറ്റൊന്നിന്‍റെ പുറകെ ആര്‍ത്തിയോടെ ഓടുന്ന മനുഷ്യന്‍ അതിന് പകരം ധ്യാനം ശീലിച്ച് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കുകയാണ് വേണ്ടത്.

19 February 2018

ശിവ മഹിമ കഥകൾ

ശിവ മഹിമ കഥകൾ

ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത്‌ എന്ന് ഭഗവൻ അരുളി ചെയ്താലും ... ?

ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..

ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ്‌ വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,

' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,

നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.

ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,

ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.

കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന്‌ മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക്‌ സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത്‌ ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.

സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.

മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,

മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത്‌ വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു

അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!

മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!

മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...

'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,

ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത്‌ തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ്‌ ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.

ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,

മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ്‌ ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''